ഹൈദരാബാദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹൈദരാബാദ് | |
| 17.36° N 78.47° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | ആന്ധ്രാപ്രദേശ് |
| ഭരണസ്ഥാപനങ്ങള്‍ | കോര്‍പ്പറേഷന്‍ |
| മെയര്‍ | തേഗാല കൃഷ്ണ റെഡ്ഡി |
| വിസ്തീര്‍ണ്ണം | 625ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ | 3,632,094(6,112,250 മെട്രോ) |
| ജനസാന്ദ്രത | 121,163/ച.കി.മീ |
| കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
500 XXX ++91 40 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകര്‍ഷണങ്ങള്‍ | ചാര്‍മിനാര്‍ ബിര്‍ളാ മന്ദിര്‍ |
ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാന നഗരമാണ് ഹൈദരാബാദ്'. ആന്ധ്രാപ്രദേശിലെ ആന്ധ്രാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഹൈദരബാദ്, 61 ലക്ഷത്തോളം വരുന്ന ജനസംഖ്യയോടെ, ഇന്ത്യയിലെ ആറാമത് വലിയ മെട്രോ നഗരമാണ്. ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താല്‍ വളരെ ശ്രദ്ധേയമായ ഈ നഗരം, ദക്ഷിണേന്ത്യയുടെയും ഉത്തരേന്ത്യയുടെയും ഭൂമിശാസ്ത്രപരവും നാനാവിധ-ഭാഷാ-സംസ്കാരങ്ങളുടെയും സമാഗമബിന്ദുവായും വര്‍ത്തിക്കുന്നു. നൈസാമുകളുടെ നഗരം എന്നും അറിയപ്പെടുന്ന ഹൈദരബാദ് ഇന്ത്യയിലെ തന്നെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണ്. ഈ നഗരം ഇന്ന് വിവര സാങ്കേതിക വ്യവസായത്തിന്റെയും അനുബന്ധിത തൊഴിലുകളുടെയും ഇന്ത്യയിലെ പ്രധാന താല്‍പര്യകേന്ദ്രവുമാണ്.
1562 1562-ല്‍ ഇബ്രാഹിം കുത്തബ് ഷാ-വിനാല്‍ പണി തീര്‍ക്കപ്പെട്ട ഹുസ്സൈന്‍ സാഗര്‍ എന്ന മനുഷ്യനിര്‍മ്മിത തടാകത്താല്‍ വേറിട്ടു നില്‍ക്കുന്ന യുഗ്മ നഗരങ്ങളാണ് ഹൈദരബാദും അതിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സെക്കന്തരാബാദ് എന്ന നഗരവും.
ഉള്ളടക്കം |
[തിരുത്തുക] സ്ഥലനാമപുരാണം
തെലുങ്കില്‍ ഭാഗ്യനഗരം (ഭാഗ്യം-ധനം) എന്നും അറിയപ്പെടുന്ന ഹൈദരബാദിന്റെ പേരിന്റെ ഉദ്ഭവത്തെപ്പറ്റി നിരവധി സിദ്ധാന്തങ്ങളാണ് ഉള്ളത്. ഏറ്റവും ജനപ്രിയമായ കഥ പറയുന്നതെന്തെന്നാല്‍, നഗരം സ്ഥാപിച്ച ശേഷം മുഹമ്മദ് ഖിലി കുത്തബ് ഷാ, ഭാഗ്യമതി എന്നു പേരുള്ള ഒരു ബഞ്ചാര പെണ്‍കുട്ടിയുമായി പ്രേമിച്ച് വിവാഹിതനായി ഭാഗ്യനഗരം എന്നു വിളിച്ചു തുടങ്ങി എന്നാണ്. പിന്നീട് ഇസ്ലാം മതം സ്വീകരിച്ച ഭാഗ്യമതി, സ്വന്തം പേര് ഹൈദര്‍ മഹല്‍ എന്ന് മാറ്റുകയും അതിനനുയോജ്യമായി നഗരം ഹൈദരബാദ് (അക്ഷരാര്‍ത്ഥത്തില്‍ ഹൈദറിന്റെ നഗരം) ആയിത്തീരുകയും ചെയ്തു.[1]
[തിരുത്തുക] ചരിത്രം
ഗോള്‍ക്കൊണ്ട ഭരിച്ചിരുന്നത് സുല്‍ത്താന്‍ ഖിലി കുത്തബ് മുല്‍ക് സ്ഥാപിച്ച കുത്തബ് ഷാഹി രാജവംശം ആയിരുന്നു. മുമ്പേ ബാഹ്മനി സുല്‍ത്താനത്തിന്റെ ആശ്രിതാവസ്ഥയിലായിരുന്ന ഈ വംശം 1512-ല്‍ സ്വാതന്ത്ര്യം പ്രഖ്യപിക്കുകയായിരുന്നു. 1591-ലാണ് കുത്തബ് ഷാഹി രാജവംശത്തിലെ ഭരണകര്‍ത്താവായിരുന്ന മുഹമ്മദ് ഖിലി കുത്തബ് ഷാ, മൂസി നദിത്തടത്തില്‍ ഹൈദരബാദ് നഗരം സ്ഥാപിക്കുന്നത്. [2] ഗോള്‍ക്കൊണ്ടയില്‍ നിന്നിങ്ങോട്ടുള്ള ഈ പുനരധിവാസത്തിന് പിന്നിലുള്ള കാരണം പഴയ ആസ്ഥാനത്തുണ്ടായിരുന്ന ജലക്ഷാമമത്രേ. [3] 1591-ല്‍ തന്നെ അദ്ദേഹം നഗരത്തിന്റെ പ്രതീകമായ ചാര്‍മിനാര്‍ എന്ന സ്മാരകത്തിന്റെ നിര്‍മ്മാണത്തിന് ഉത്തരവിടുകയും ചെയ്തു. അക്കാലത്തുണ്ടായ ഒരു വലിയ പടരുന്ന മഹാമാരി തടഞ്ഞ ജഗദീശ്വരനോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിന്റെ ഈ സ്മാരകനിര്‍മ്മാണത്തേ വിലയിരുത്തപ്പെടുന്നു.[4]
പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ കുത്തബ് ഷാഹി വംശത്തിന്റെ പ്രതാപവും സമ്പല്‍സമൃദ്ധിയും വര്‍ദ്ധിച്ചതോടൊപ്പം ഹൈദരബാദ് ഊര്‍ജ്ജസ്വലമായ വജ്രവ്യാപാരത്തിന്റെ കേന്ദ്രമായി മാറി. ലോക പ്രസിദ്ധ വജ്രങ്ങളായ ദരിയ-യെ നൂര്‍, ഹോപ് വജ്രം, പിന്നെ എലിസബത്ത് രാഞ്ജിയുടെ കിരീടത്തിലെ വജ്രമായ കോഹിനൂര്‍ എന്നിവ ഗോള്‍ക്കൊണ്ടയിലെ വജ്ര ഘനികളില്‍ നിന്നുള്ളവയാണ്. ഈ രാജവംശത്തിന്റ സംഭാവനയിലൂടെയായിരുന്നു ഹൈദരാബാദിലെ ഇന്തോ-പേര്‍ഷ്യനും ഇന്തൊ-ഇസ്ലാമികവുമായ സാഹിത്യവും സംസ്കാരവും പുഷ്ഠിപ്പെടുന്നത്. ചില സുല്‍ത്താന്‍മാര്‍ പ്രാദേശികമായ തെലുങ്ക് സംസ്കാരത്തിന്റെയും രക്ഷാധികാരികളായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഗോള്‍ക്കൊണ്ടയിലെ അധികം വരുന്ന ജനസംഖ്യയെ മുഴുവന്‍ കൊള്ളിക്കുമാറ് വളര്‍ന്ന ഹൈദരാബാദ്, ഒടുവില്‍ കുത്തബ് ഷാഹി ഭരണകര്‍ത്താക്കളുടെ തലസ്ഥാനമായി മാറി. നഗരം അതിലെ പൂന്തോട്ടങ്ങള്‍ക്കും (ബാഘുകള്‍) സുഖപ്രദമായ കാലവസ്ഥയ്ക്കും വളരെ പ്രസിദ്ധവുമായിത്തീര്‍ന്നു.
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് 1687-ല്‍ ഹൈദരാബാദ് കീഴടക്കി. ഹ്രസ്വമായിരുന്ന മുഗള്‍ ഭരണകാലത്തു നഗരത്തിന്റെ സമ്പല്‍സമൃദ്ധി ക്ഷയിക്കുകയായിരുന്നു. ഉടനെ തന്നെ നഗരത്തിലെ മുഗള്‍-നിയുക്ത ഗവര്‍ണ്ണര്‍മാര്‍ കൂടുതല്‍ സ്വയംഭരണാവകാശം നേടി. 1724-ല്‍, മുഗള്‍ ചക്രവര്‍ത്തി നിസാം-ഉല്‍-മുല്‍ക് (ദേശത്തിന്റെ ഗവര്‍ണ്ണര്‍) എന്ന പദവി നല്‍കിയാദരിച്ച അസഫ് ജാ I പ്രതിയോഗിയായ ഒരുദ്ധ്യോഗസ്ഥനെ കീഴ്പ്പെടുത്തി ഹൈദരാബാദിനു മേല്‍ അധികാരം സ്ഥാപിച്ചു. അങ്ങനെ ആരംഭിച്ച അസഫ് ജാഹി വംശത്തിന്റെ ഭരണം, ബ്രിട്ടനില്‍ നിന്നും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷം കഴിയുന്നത് വരെ ഹൈദരാബാദില്‍ തുടര്‍ന്നു. അസഫ് ജായുടെ പിന്‍ഗാമികളാണ് പിന്നീട് ഭരിച്ചിരുന്ന ഹൈദരബാദിലെ നിസാമുമാര്‍. ഏഴ് നിസാമുമാരുടെ ഭരണത്തിന്‍ കീഴില്‍ ഹൈദരാബാദില്‍ സാംസ്കാരികമായും സാമ്പത്തികമായും വളര്‍ച്ച ഉണ്ടായി. രാജ്യത്തിന്റെ തന്നെ യഥാക്രമമായ തലസ്ഥാനമായി ഹൈദരാബാദ് മാറുകയും, പഴയ തലസ്ഥാനമായ ഗോള്‍ക്കൊണ്ട മുഴുവനായും അവഗണിക്കപ്പെടുകയും ഉണ്ടായി.നിസാം സാഗര്‍, തുംഗഭദ്ര, ഒസ്മാന്‍ സാഗര്‍, ഹിമായത്ത് സാഗര്‍ തുടങ്ങിയ വലിയ ജലസംഭരണികള്‍ പണി കഴിക്കപ്പെട്ടു. നാഗാര്‍ജുന സാഗറിനായുള്ള ഭൂമി അളക്കലും മറ്റും ആ കാലഘട്ടത്തില്‍ തന്നെ തുടങ്ങിയിരുന്നെങ്കിലും പണി മുഴുവനാക്കിയത് 1969-ല്‍ ഇന്ത്യന്‍ സര്‍ക്കാരാണ്. നിസാമുമാരുടെ ധനൈശ്വര്യങ്ങളുടെ പ്രത്യക്ഷത്തിലുള്ള തെളിവാണ് നിസാമുമാരുടെ രത്നങ്ങള്‍ (ജ്വുവല്‍സ് ഒഫ് ദി നിസാംസ്).
1947-ല്‍ ബ്രിട്ടീഷുകാരില്‍ നിന്നുമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥകള്‍ക്കുള്ളില്‍, അന്നത്തെ നിസാം ഹൈദരാബാദിന് സ്വാതന്ത്ര്യമോ അല്ലെങ്കില്‍ പുതിയതായി ഉണ്ടാക്കിയ പാകിസഥാനിലേക്കു ചേരാനുള്ള അനുമതിയോ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയാകട്ടെ ഹൈദരാബാദിനു മേലെ സാമ്പത്തിക ഉപരോധം പ്രയോഗത്തില്‍ വരുത്തി, ഇന്ത്യന്‍ യൂണിയനുമായി ഒരു സ്തംഭനാവസ്ഥാ ഉടമ്പടി ഒപ്പ് വയ്ക്കുവാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്തു. അങ്ങനെ 1948 സെപ്റ്റംബര്‍ 17-ന്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞ ശേഷം, ഇന്ത്യന്‍ യൂണിയനുമായി ചേരുന്നതിനുള്ള കരാറില്‍ നിസാം ഒപ്പ് വച്ചു.
1956 നവംബര്‍ 1-നു, ഭാഷാധിഷ്ഠിതമായി ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുഃനസംഘടിപ്പിച്ചപ്പോള്‍, ഹൈദാബാദ് രാജ്യത്തിലെ ഭൂപ്രദേശങ്ങളെ പുതുതായി രൂപവല്‍ക്കരിച്ച സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിലും, ബോംബെ രാജ്യത്തിലേക്കും (ഇന്നത്തെ മഹാരാഷ്ട്ര സംസ്ഥാനം), കര്‍ണാടകത്തിലേക്കുമായി വിഭജനം ചെയ്യപ്പെട്ടു. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെലുങ്ക് സംസാരിക്കുന്ന സമൂഹമായത് കൊണ്ട് ആന്ധ്രാ പ്രദേശിലേക്കാണ് ചേര്‍ക്കപ്പെട്ടത്. അങ്ങനെ ഹൈദരാബാദ്, പുതിയ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായിത്തീര്‍ന്നു.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ International Telugu Institute (തെലുഗ്: Antarjātīya Telugu Saṃstha). "Telugu Vāṇi": 12.
- ↑ Olson, JS and R Shadle (1996). Historical Dictionary of the British Empire. Greenwood. pp. 544. ISBN 0-31329-366-X.
- ↑ Aleem, S (1984). Developments in Administration Under H.E.H. the Nizam VII. Osmania University Press. pp. 243.
- ↑ Bansal, SP (2005). Encyclopaedia of India. Smriti. pp. 61. ISBN 8-18796-771-4.
|
|||||
|
|||||
|
|||||
