മുംബൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മുംബൈ
അപരനാമം: ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം
India-locator-map-blank.svg
Red pog.svg
മുംബൈ
18.96° N 72.82° E
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം മഹാരാഷ്ട്ര
ഭരണസ്ഥാപനങ്ങള്‍
മേയര്‍
കമ്മീഷണര്‍
ദത്ത ദേവി
ജോണി ജോസഫ്
വിസ്തീര്‍ണ്ണം 437.71ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 11,914,398
ജനസാന്ദ്രത 27,220/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
400 xxx
+022
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍
സര്‍ക്കാര്‍ വെബ് സൈറ്റ്

മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് മുംബൈ, മുന്‍പ് ബോംബെ എന്ന പേരിലറിയപ്പെട്ടിരുന്നു. 1 കോടി 30 ലക്ഷം ആളുകള്‍ വസിക്കുന്ന മുംബൈ ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണ്. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു. ഒരിക്കലും ഉറങ്ങാത്ത ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്‌. നഗരപ്രാന്തം കൂടി ഉള്‍പ്പെടുന്ന മുംബൈ മെട്രോപൊളിറ്റന്‍ പ്രദേശം 25 ദശലക്ഷം ജനസംഖ്യയോടുകൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമാണ്‌. മുംബൈയിലെ ആഴക്കടല്‍ തുറമുഖത്തിലൂടെയാണ്‌ ഭാരതത്തിലെ 50 ശതമാനത്തോളം ചരക്കുഗതാഗതവും നടക്കുന്നത്‌. മുംബൈ ഇന്ത്യയുടെ വ്യപാര വിനോദ തലസ്ഥാനം കൂടിയാണ്‌. റിസര്‍വ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ , ബോംബേ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ എന്നിവയും, പലരാജ്യങ്ങളുടെ എംബസി മന്ദിരങ്ങളും, പല ഇന്ത്യന്‍ കമ്പനികളുടെയും കോര്‍പ്പറേറ്റ്‌ ആസ്ഥാന മന്ദിരങ്ങളും മുംബൈയിലാണുള്ളത്‌. മുംബൈയിലെ അദമ്യമായ തൊഴില്‍-വ്യവസായ സാധ്യതകള്‍ കാരണം ഇന്ത്യയുടെ എല്ല ഭാഗങ്ങളില്‍ നിന്നും അനേകം പ്രവാസികളെ ആകര്‍ഷിക്കാന്‍ മുംബൈക്കു കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന നഗരങ്ങളില്‍ ഒന്നാണ്‌. നഗരത്തിലെ സംസ്കാരം ഇന്ത്യയിലെ വിവിധ മതങ്ങളുടെയും പ്രദേശങ്ങളുടെയും സംസ്കാരങ്ങള്‍ കൂടിച്ചേര്‍ന്നു രൂപപ്പെട്ട ഒരു സങ്കര സംസ്കാരമത്രെ. ഹിന്ദി ടെലിവിഷന്‍- ചലച്ചിത്ര വ്യവസായം മുംബൈയില്‍ അടിസ്ഥാനമിട്ടിരിക്കുന്നു. നഗരത്തിനുള്ളില്‍ തന്നെയുള്ള സഞ്ചയ്‌ ഗാന്ധി നാഷണല്‍ പാര്‍ക്ക്‌, മുംബൈക്ക്‌, നഗരത്തിനുള്ളില്‍ തന്നെ ഒരു ദേശീയ ഉദ്യാനമുള്ള ചുരുക്കം ചില നഗരങ്ങളുടെ പട്ടികയില്‍ ഇടം നല്‍കുന്നു.

ഉള്ളടക്കം

[തിരുത്തുക] സ്ഥലനാമവിശേഷം

മുബൈ ഗേറ്റ്-ഒരു രാത്രികാഴ്ച്

മുംബൈ എന്ന പേര്‌ ഹിന്ദു ദേവതയായ മുംബാദേവിയുടെ പേരില്‍ നിന്നും , ആയി എന്നറിയപ്പെറ്റുന്ന മറാത്തികളുടെ ദേവതയുടെ പേരില്‍ നിന്നും ആവിര്‍ഭവിച്ചതാണെന്നാണ്‌ വിശ്വാസം. 16-ആം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ മുംബൈ കൈവശപ്പെടുത്തിയപ്പോള്‍ അവര്‍ മുംബൈയെ പല പേരുകളിലും വിളിച്ചെങ്കിലും 'ബോംബൈം' എന്ന പേരാണ്‌ അവര്‍ രേഖകളില്‍ ഉപയോഗിച്ചിരുന്നത്‌. 17-ആം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ അവര്‍ ആംഗ്ലേയവത്കരിച്ച്‌ ബോംബൈം -നെ ബോംബെ എന്നു വിളിച്ചു. എന്നിരുന്നാലും മറാത്തികള്‍ മുംബൈ എന്നും ഗുജറാത്തികള്‍ മംബൈ എന്നും ഹിന്ദിയില്‍ ബംബൈ എന്നുമാണ്‌ ഈ നഗരം അറിയപ്പെട്ടിരുന്നത്‌. 1995-ഇല്‍ ഔദ്യോഗിഗമായി നഗരത്തിന്റെ പേര്‌ വീണ്ടും മുംബൈ എന്നാക്കിത്തീര്‍ത്തു. എന്നിരുന്നാലും പല നഗരവാസികളും നഗരത്തിലെ പല പ്രസിദ്ധ സ്ഥാപനങ്ങളും നഗരത്തെ ഇന്നും ബോംബെ എന്നു തന്നെ വിളിച്ചു വരുന്നു. ബൊംബ എന്ന വാക്കിന്റെ പോര്‍ച്ചുഗീസ്‌ ഭാഷയിലെ അര്‍ഥം നല്ല ഉള്‍ക്കടല്‍ (ബോം ബാഹിയ[1]) എന്നാണ്‌.

[തിരുത്തുക] ചരിത്രം

കാന്ധിവല്ലിക്കു സമീപം കണ്ടെത്തിയ ശിലാഫലകങ്ങള്‍ സൂചിപ്പിക്കുന്നത്‌, മുംബൈ ജനനിബിഡമായിരുന്നു എന്നാണ്‌. ബി.സി.250-ഇല്‍ തന്നെ ഇവിടെ മനുഷ്യര്‍ ജീവിച്ചിരുന്നു എന്നതിനേ രേഖാമൂലമായ തെളിവുണ്ട്‌. അന്ന് ഹെപ്തനേഷ്യ (പുരാതന ഗ്രീക്ക്‌ ഭാഷയില്‍ ഏഴു ദ്വീപുകളുടെ സമുച്ചയം എന്നര്‍ത്ഥം) എന്നാണ്‍ ഈ പ്രദേശം അറിയപ്പെട്ടിരുന്നത്‌. ബി.സി മൂന്നാം നൂറ്റാണ്ടില്‍ ബുദ്ധ ചക്രവര്‍ത്തിയായ അശോകന്റെ കീഴിലുള്ള മൗര്യ സാമ്പ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. ആദ്യ നൂറ്റാണ്ടുകളില്‍ മുംബൈയുടെ നിയന്ത്രണം ഭാരതീയരുടെയും, ഇറാനിയരുടെയും, സാതവാഹനരുടെയും കൈകളില്‍ മാറിമരിഞ്ഞുകൊണ്ടിരുന്നു. പില്‍ക്കാലത്ത്‌ ഹിന്ദു ചക്രവര്‍ത്തിയായ സിാര ഡയനസ്റ്റി 1343 വരെ മുംബൈ ഭരിച്ചു. അന്ന് മുംബൈ ഗുജറാത്തിന്റെ ഭാഗമായിര്‍ജുന്നു. എലിബ്ഫന്റാ കേവ്‌സ്‌, വാക്കേഷ്വര്‍ ക്ഷേത്രം എന്നിവ ഈ കാലഘട്ടത്തില്‍ രൂപീകൃതമായതാണ്‌.

പതിനാറാം നൂറ്റാണ്ടില്‍ ഈ തീരദേശപ്രദേശത്തിന്റെ പ്രാധാന്യവും പ്രത്യേകതയും മനസിലാക്കിയ പോര്‍ച്ചുഗീസുകാര്‍ 1534-ഇല്‍ ഗുജറാത്തിന്റെ ബഹദൂര്‍ ഷായില്‍ നിന്നും മുംബൈ കൈപ്പറ്റി ഇവിടെ ഒരു നഗരം പണിതുയര്‍ത്തി. നല്ല ഉള്‍ക്കടല്‍ എന്നര്‍ത്ഥത്തില്‍ ബോം ബാഹിയ എന്ന പോര്‍ച്ചുഗീസ് നാമ ഈ നഗരത്തിനു നല്‍കുകയും ചെയ്തു. പോര്‍ച്ചുഗീസ് രാജാവിന്റെ പുത്രി ബ്രാഗന്‍സായിലെ കാതറീനിനെ ബ്രിട്ടണിലെ ചാള്‍സ് രണ്ടാമന്‍ രാജാവ് വിവാഹം ചെയ്തപ്പോള്‍ സ്ത്രീധനമായി ബോംബെ നഗരം 1661-ല്‍ പോര്‍ച്ചുഗീസുകാര്‍ ബ്രിട്ടനു കൈമാറി. കിഴക്കുള്ള ഈ പ്രദേശത്തിന്റെ നിയന്ത്രണം ഒരു ബാധ്യതയാകുമെന്നു തോന്നിയ ചാള്‍സ് രണ്ടാമന്‍ രാജാവ് 1668-ല്‍ ഈ നഗരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പാട്ടത്തിനു നല്‍കി (ഇതിനു പുറമേ 50,000 പൗണ്ട് വായ്പയായും വാങ്ങി)[1].

അവര്‍ ദ്വീപുകളുടെ പടിഞ്ഞാറന്‍ തീരത്ത്‌, ഇന്ത്യയിലെ കമ്പനിയുടെ ആദ്യത്തെ തുറമുഖം സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി. ഇവിടുത്തെ ജനസംഖ്യ 1661-ഇല്‍ 10000 ആയിരുന്നത്‌ 1675-ഇല്‍ 60000 ആയി പെട്ടെന്ന് ഉയര്‍ന്നു. 1687-ഇല്‍ ബ്രിട്ടീഷ്‌ ഈസ്റ്റിന്‍ഡ്യാ കമ്പനിയുടെ ആസ്ഥാനം സൂറത്തില്‍ നിന്നും ബൊംബേയിലേക്ക്‌ മാറ്റി. ബൊംബേ പ്രസിഡന്‍സിയുടെ ആസ്ഥാനം എന്ന സ്ഥാനവും ഈ നഗരത്തിനു ലഭിച്ചു. 1817 മുതല്‍ ഏഴു ദ്വീപുകളെയും കൂട്ടിയൊജിപ്പിക്കുന്ന വന്‍ പ്രൊജക്ടുകള്‍ക്ക്‌ നഗരം സാക്ഷിയായി. ഹോര്‍ന്‍ബി വെല്ലാര്‍ഡ്‌ എന്നറിയപ്പെട്ടിരുന്ന ഈ പ്രോജക്ട്‌ 1845-ഇ പൂര്‍ത്തിയായതോടെ നഗരത്തിന്റെ വിസ്തീര്‍ണ്ണം 438 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നു. 1853-ഇല്‍ യാത്രക്കാര്‍ക്കുള്ള ഭാരതത്തിലെ പ്രഥമ റെയില്‍വേ ലൈന്‍ ബൊംബെയില്‍ നിന്നും താനെയിലേക്ക്‌ സ്ഥാപിച്ചു.

പരുത്തിയും പരുത്തിവസ്ത്രങ്ങളുടേയും കയറ്റുമതിയായിരുന്നു ബോംബേയെ വാണീജ്യകേന്ദ്രമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഘടകം.പത്തൊമ്പതാം നൂറ്റാണ്ടില്‍ ബോംബേയില്‍ നിന്നുള്ള മറ്റൊരു പ്രധാനപ്പെട്ട കയറ്റുമതിയായിരുന്നു കറുപ്പ്. 1861 മുതല്‍ 1865 കാലത്തെ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബ്രിട്ടണിലേക്ക്കുള്ള പരുത്തിയുടെ വരവ് തടയപ്പെട്ടതിനെത്തുടര്‍ന്ന് ബോംബേയുടെ വാണിജ്യമേഖലയില്‍ കാര്യമായ ഉണര്‍വുണ്ടായി. ഇതിനു മുമ്പ് ബോംബേയില്‍ നിന്നും അസംസ്കൃത പരുത്തിയായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ഇക്കാലയളവില്‍ പരുത്തിയെ തുണിയാക്കിയും കയറ്റുമതി ചെയ്യാനാരംഭിച്ചു. 1854-ല്‍ ഒരേ ഒരു പരുത്തിനെയ്ത്തുശാല മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് 30 വര്‍ഷത്തിനു ശേഷം അമ്പത് നെയ്ത്തുശാലകളും അവയില്‍ 30,000-ഓളം ജോലിക്കാരുമായി.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും (അതായത് ഇന്ത്യയിലെ പരുത്തിമേഖലയായ ഡെക്കാനോട് തൊട്ടുകിടക്കുക, യുറോപ്പിനെ അഭിമുഖീകരിക്കുന്ന തുറമുഖം) മേഖലയില്‍ വളരേ നേരത്തേ തന്നെ ആവിര്‍ഭവിച്ച സാമ്പത്തികസ്ഥാപനങ്ങളും, വായ്പാവ്യവസ്ഥിതികളും ബോംബേയെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമാക്കുന്നതില്‍ നല്ല പങ്കുവഹിച്ചു[1].


1869-ഇല്‍ സൂയസ്‌ കനാല്‍ തുറന്നതോടു കൂടെ, ബോംബേ അറബിക്കടലിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നായി മാറി. തുടര്‍ന്നുള്ള്‌ 30 വര്‍ഷങ്ങളില്‍ നഗരം ഒരു പ്രധാന നഗര കേന്ദ്രമായി വളര്‍ന്നു. നഗരത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കാലഘട്ടത്തിലാണ്‌ സ്ഥാപിതമായത്‌. 1906-ഇല്‍ തന്നെ നഗരത്തിന്റെ ജനസംഖ്യ 10 ലക്ഷം കടന്ന് കല്‍ക്കട്ട കഴിഞ്ഞ്‌ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായി ബോംബെ മാറി. ബോംബേ പ്രസിഡന്‍സിയുടെ ആസ്ഥാനം എന്ന നിലയില്‍ 1942-ഇല്‍ മഹാത്മാ ഗാന്ധി നയിച്ച ക്വിറ്റ്‌-ഇന്ത്യാ പ്രസ്ഥാനത്തിന്‌ സാക്ഷിയാകാന്‍ നഗരത്തിന്‌ കഴിഞ്ഞു..

[തിരുത്തുക] ഫോര്‍ട്ട്

പഴയ കോട്ടമതിലില്‍

ബോംബേയുടെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രം ഫോര്‍ട്ട് മേഖലയാണ്‌. പോര്‍ച്ചുഗീസുകാരുടെ കോട്ടയെ ചുറ്റിപ്പറ്റി രൂപമെടുത്ത മേഖലയാണിത്. താജ് മഹല്‍ ഹോട്ടല്‍ പോലെയുള്ള വന്‍കിട ഹോട്ടലുകളും റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിങ്ങനെയുള്ള വന്‍ സാമ്പത്തികസ്ഥാപനങ്ങളും നിലനില്‍ക്കുന്ന ഇവിടം ബോംബെയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വാണിജ്യകേന്ദ്രമാണ്‌[1]‌.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 100-103. 

"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%82%E0%B4%AC%E0%B5%88" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍