കുരുമുളക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
കുരുമുളക് ചെടി
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
| പൈപ്പര്‍ നിഗ്രം കാര്‍ലോസ് ലിനസ് |
കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളില്‍ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാര്‍ജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനമാണ്. ഇത് കേരളത്തിലെ ഒരു പ്രധാന നാണ്യവിളയാണ്. തെക്കേ ഇന്ത്യയിലെ വനങ്ങളില്‍ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. [1]കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്. ഇംഗ്ലീഷില്‍ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ പിപ്പലിയില്‍ നിന്നുമാണ്. ഗ്രീക്ക് ഭാഷയില്‍ പെപ്പറിയും, ലാറ്റിന്‍ ഭാഷയില്‍ പിപര്‍ എന്നും, ജെര്‍മന്‍ ഭാഷയില്‍ ഫെഫ്ഫര് എന്ന പേരിലും അറിയപ്പെടുന്നു, തീരെ അപ്രധാനമായ ഒരു ഭൂവിഭാഗമായ കേരളത്തെത്തേടി അതിപ്രാചീനമായ കാലത്ത് തന്നെ യവനരും റോമാക്കാരും തേടി എത്തിയതും പിന്നീട് അവര്‍ വന്ന വഴിതേടി യൂറോപ്പിലെ നിരവധിരാജ്യക്കാരും കേരളത്തിലെത്തിയതും കേരളത്തില്‍ എന്നു തന്നെയല്ല ഇന്ത്യ മൊത്തം അടക്കിഭരിച്ചതും കുരുമുളകിന്റെ യഥാര്‍ത്ഥ ഉറവിടം മലബാര്‍ തീരം ആണെന്നുള്ള അറിവ് പാശ്ചാത്യര്‍ക്ക് മാര്‍ക്കോ പോളോ എന്ന സഞ്ചാരിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും ലഭിച്ചത് മൂലമായിരുന്നു. ഇന്ന് കുരുമുളക് ഉപയോഗിച്ച് സ്പ്രേ വരെ ഉണ്ടാക്കുന്നു. ഭൂമധ്യരേഖക്കടുത്തുള്ള ഉഷ്ണരാജ്യങ്ങളിലാണ് കുരുമുളക് വളരുന്നത്. വള്ളിച്ചെടിപോലെ പടര്‍ന്നു കയറുന്ന ഇനമാണ് ഇതില്‍ പ്രധാനം. പച്ചക്കുരുമുളക് കുലകളിലായി ഉണ്ടാകുകയും അത് ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ് വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു. ഔഷധഗുണമേറെയുള്ള കുരുമുളക് മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ചരിത്രാതീതകാലം മുതല്‍ക്കേ കേരളത്തില്‍ കുരുമുളക്‌ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. റോമക്കാരും യവനരും പേര്‍ഷ്യക്കാരും കുരുമുളക് സുഗന്ധദ്രവ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ക്രിസ്തുവിനു ഏകദേശം മൂവായിരം വര്‍ഷം മുന്നേ ആയിരിക്കണം എന്ന് കരുതുന്നു. ആദ്യകാലങ്ങളില്‍ ഒരു ഔഷധമായി ഉപയോഗിച്ചിരിക്കാമായിരുന്ന ഇത് പിന്നീട് ദൈനംദിന ഭക്ഷണങ്ങളിലും ഉള്‍പ്പെടുത്താന്‍ തുടങ്ങിയിരിക്കണം. ഇന്ന് ഭാരതത്തില്‍ മാത്രമല്ല മലേഷ്യ, തായ്‌ലാന്റ്, ഐവറി കോസ്റ്റ്, ജമൈക്ക, ട്രോപ്പിക്കാനാ, ബ്രസീല്‍, ശ്രീലങ്ക, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളില്‍ കുരുമുളക് കൃഷി ചെയ്യുന്നു. എന്നിരുന്നാല്‍ക്കൂടി ലോകത്തിന്റെ ആവശ്യകതയുടെ 50% നല്‍കപ്പെടുന്നത് ഭാരതം ആണ്. കുരുമുളകിനെക്കുറിച്ച് ഭാരതത്തില്‍ സഞ്ചരിച്ചിരുന്ന സഞ്ചാരികളുടെ ഓര്‍മ്മക്കുറിപ്പുകള്‍
[തിരുത്തുക] കൃഷി
ദീര്‍ഘമായി മഴലഭിക്കുന്നതും, ശരാശരി ഉയര്‍ന്ന താപനിലയും, ഭാഗികമായി തണല്‍ ലഭിക്കുന്നതുമായ സ്ഥലങ്ങളില്‍ കുരുമുളക് നന്നായി വളരും. കേരളത്തിലെ ഞാറ്റുവേല കുരുമുളക് കൃഷിക്ക് വളരെ അനുയോജ്യമാണ്. തണ്ടുകള്‍ മുറിച്ചുനട്ടാണ് കുരുമുളകിന്റെ തൈകള്‍ ഉണ്ടാക്കുന്നത്. പ്രധാനമായും നടുന്നത് ഫെബ്രുവരി - മാച്ച് മാസങ്ങളിലാണ്. കുരുമുളക് വള്ളിയുടെ ചുവട്ടില്‍ നിന്നും വശങ്ങളിലേക്ക് വളര്‍ന്നുപോകുന്ന തണ്ടുകളാണ് നടുന്നതിനായ് തിരഞ്ഞെടുക്കുന്നത്. ഇങ്ങനെയുള്ള തണ്ടുകള്‍ മുറിച്ച് കീഴ്ഭാഗവും മേല്‍ഭാഗവും മുറിച്ചുനീക്കുന്നു. അതിനുശേഷം രണ്ടോ മൂന്നോ മുട്ടുകളോടെ ചെറിയ കഷണങ്ങളായി മുറിച്ച് മണ്ണ് നിറച്ച പോളിത്തീന്‍ കവറുകളില്‍ ഒരു മുട്ട് മണ്ണിനടിയില്‍ നില്‍ക്കത്തക്കവിധം നടുനു. ഇങ്ങനെ നടുന്ന വള്ളികള്‍ക്ക് തണല്‍ അത്യവശ്യമാണ്. കൂടാതെ നല്ലതുപോലെ നനയും ആവശ്യമാണ്. ഇങ്ങനെ നട്ട കമ്പുകള്‍ വേരുപിടിച്ച് കഴിഞ്ഞാല്‍ കാലവര്‍ഷം തുടങ്ങുമ്പോള്‍ നടാവുന്നതാണ്. തിരുവാതിര ഞാറ്റുവേലയാണ് കുരുമുളക് നടുന്നതിന് ഏറ്റവും യോജിച്ച സമയം.
[തിരുത്തുക] നടീല്‍ രീതി
വണ്ണം കുറഞ്ഞതും എന്നാല്‍ കട്ടിയുള്ളതുമായ വള്ളിച്ചെടിയാണ് കുരുമുളക്. ഇവയ്ക്ക് താങ്ങായി തെങ്ങ്,കമുക്, പോലെയുള്ള വൃക്ഷങ്ങളോ ഉണ്ടായിരിക്കണം. താങ്ങുമരങ്ങത്തിന്റെ വടക്ക് ഭാഗത്ത് മരത്തില്‍ നിന്നും 30 സെന്റീ മീറ്റര്‍ അകലത്തിലാണ് തൈകള്‍ നടുന്നത്. വള്ളികള്‍ വളരുന്നതിനനുസരിച്ച് തണ്ടുകള്‍ മരത്തിനോട് ചേര്‍ത്ത് കെട്ടിവയ്ക്കാറുണ്ട്. അത് കുരുമുളക് വള്ളിയുടെ മുട്ടുകള്‍ താങ്ങ് വൃക്ഷത്തില്‍ പടര്‍ന്ന് കയറാന്‍ സഹായിക്കുന്നു. ഈ മുട്ടുകളില്‍ നിന്നും പുതിയ കിളിര്‍പ്പുകള്‍ ഉണ്ടായി ചെടി വളരുന്നു. തൈകളുടെ ചുവട്ടില്‍ ചപ്പുചവറുകള്‍ കൂട്ടിയിടുന്നത് അഴുകി ജൈവവളമാകാനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും മണ്ണിനുമുകളിലൂടെ പടര്‍ന്നുപോകുന്ന വേരുകള്‍ പൊട്ടാതിരിക്കുന്നതിനും സഹായിക്കും. വളപ്രയോഗത്തിലൂടെ നല്ല വിളവ് ലഭിക്കും.
[തിരുത്തുക] സവിശേഷതകള്‍
ഇതിന്റെ ഇലകള്‍ കടും പച്ച നിറമുള്ളതും, കട്ടിയുള്ളതും അറ്റം കൂര്‍ത്തതുമാണ്. സാധാരണ മഴക്കാലത്തിനു മുന്‍പായി ചെടികള്‍ പൂക്കാന്‍ തുടങ്ങുന്നു. കുരുമുളകിന്റെ പൂക്കള്‍ കുലകളായ് കാണപ്പെടുന്നു. ഈ പൂക്കുലകള്‍ക്ക് തിരികള്‍ എന്നാണ് പറയുന്നത്. ഒരു തിരിയില്‍ ഏകദേശം അന്‍പതോളം ചെറിയ വെളുത്ത പൂക്കള്‍ കാണപ്പെടുന്നു. ജലത്തിലൂടെ പരാഗണം നടക്കുന്ന സസ്യമാണ് കുരുമുളക്. മഴവെള്ളത്തിലൂടെ പരാഗണം നടന്ന ശേഷം തിരികളില്‍ ചെറിയ പച്ച മുത്തുപോലെ കായകള്‍ ഉണ്ടാകുന്നു. പാകമാകുമ്പോള്‍ മഞ്ഞ കലര്‍ന്ന ചുവപ്പു നിറത്തിലും, പഴുത്തത് കടും ചുവപ്പു നിറത്തിലും കാണാം.
[തിരുത്തുക] വിളവെടുപ്പ്
നല്ലതുപോലെ പരിചരണം ലഭിക്കുന്ന കുരുമുളക് കൊടിയില്‍ നിന്നും നട്ട് മൂന്നാം വര്‍ഷം മുതല്‍ വിളവ് ലഭിക്കുന്നു. ശരാശരി 25 വര്‍ഷം വരെ നല്ലരീതിയില്‍ വിളവ് നല്‍കാറുണ്ട്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സാധാരണ വിളവെടുപ്പ് കാലം. തിരികളൊട്കൂടി പറിച്ചെടുക്കുന്ന കുരുമുളക് കുലകള്‍ കൂട്ടിയിട്ട് ഒരു ദിവസം ചാക്ക് കൊണ്ട് മൂടിയിടുന്നു. പിന്നീട് നെല്ല് മെതിക്കുന്നത്പോലെ മെതിച്ച് മുളക് മണികള്‍ വേര്‍തിരിക്കുന്നു. ഇങ്ങനെ വേര്‍തിരിക്കുന്ന കുരുമുളക് വൃത്തിയുള്ള സ്ഥലത്ത് നിരത്തി വെയിലില്‍ ഉണക്കിയെടുക്കുന്നു. രണ്ട് ദിവസം വെയിലത്ത് ഇടുന്നു. നല്ലതുപോലെ ഉണങ്ങിയ കുരുമുളകിന് നല്ല കറുത്ത നിറമായിരിക്കും. ഉണക്കിയ മുളക് ഈര്‍പ്പം തട്ടാതെ സൂക്ഷിച്ചുവയ്ക്കുന്നു. ഇങ്ങനെയുള്ള കുരുമുളകിന്റെ പുറത്തെ കറുത്തതൊലി നീക്കം ചെയ്താണ് വെളുത്ത കുരുമുളക് ആക്കുന്നത്.
[തിരുത്തുക] വ്യാപാരം
വിയറ്റ്നാം(85000 ടണ്‍), ഇന്തോനേഷ്യ(67000 ടണ്‍), ഇന്ത്യ(65000 ടണ്‍), ബ്രസീല്‍(35000 ടണ്‍), മലേഷ്യ(22000 ടണ്‍), ശ്രീലങ്ക (12750 ടണ്‍) എന്നിവയാണ് കുരുമുളക് ഉല്പ്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങള്‍[2]. കുരുമുളകിന്റെ അന്താരാഷ്ട്രവ്യാപാരം നടത്തുന്ന ഇന്റര്‍ നാഷനല്‍ പെപ്പര്‍ എക്സ്ചേഞ്ച് കൊച്ചി ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. [3]
[തിരുത്തുക] കീട/രോഗബാധ
കുരുമുളകിനെ ആക്രമിക്കുന്ന ഏറ്റവും പ്രധാന കീടമാണ് പൊള്ളുവണ്ട്. കൂടാതെ തണ്ടുതുരപ്പന്‍ പുഴു, മിലിമൂട്ട,മണ്ണിനടിയ്ലെ സൂഷ്മജീവികള്‍ എന്നിവയും കുരുമുളക് ചെടിയെ നശിപ്പിക്കാറുണ്ട്. ജൂണ്‍ മാസത്തില്‍ കുരുമുളകില്‍ തിരിയിടുമ്പോഴും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ തിരിയില്‍ മണികള്‍ ഉണ്ടാകമ്പോഴുമാണ് പൊള്ളുവണ്ടുകള്‍ ആക്രമിക്കുന്നത്.ഇത്തരം വണ്ടുകള്‍ കുരുമുളക് തിരികളേയും മണികളേയുമാണ് ബാധിക്കുന്നത്. ഈ വണ്ടുകള്‍ മുളക് മണികളെ ആക്രമിച്ച് മണികള്‍ പൊള്ളയായി ഉണങ്ങിക്കരിഞ്ഞ് നശിക്കുന്നു. കൂടുതലായി ഇവയുടെ ശല്യം ഉണ്ടാകുന്നത് തണല്‍ അധികം ലഭിക്കുന്ന തോട്ടങ്ങളിലാണ്. ഇതുമൂലം കുരുമുളകിന്റെ ഉത്പാദനം കുറയുകയും ചെയ്യും. ഈ പൊള്ളുവണ്ടുകള്‍ക്കെതിരേയുള്ള ജൈവകീടനാശിനിയാണ് വേപ്പെണ്ണ എമല്‍ഷന്‍. തണ്ടുതുരപ്പന്‍ പുഴുക്കള്‍ കുരുമുളകിന്റെ ഇളം തണ്ടുകള്‍ കാര്‍ന്നുതിന്നുന്നു. അതിന്റെ ഫലമായി ചെടി ഉണങ്ങി കരിഞ്ഞു നശിക്കുന്നു. തണ്ട്, ഇല, മുളക് മണികള്‍ എന്നിവയില്‍ പറ്റിയിരുന്ന് നീര് ഊറ്റിക്കുടിച്ച് വളരുന്ന ജീവികളാണ് മിലിമൂട്ടകള്‍. ചിലപ്പോള്‍ വേരുകളേയും ഇവ ആക്രമിക്കാറുണ്ട്[4]. ഇവയെക്കൂടാതെ കുരുമുളകിനെ ബാധിക്കുന്ന ചില രോഗങ്ങളാണ് ദ്രുതവാട്ടം, പൊള്ളുരോഗം, അഴുകല്‍ തുടങ്ങിയവ
[തിരുത്തുക] ദ്രുതവാട്ടം
മഴക്കാലത്ത് കുരുമുളകില്‍ കുമിള്‍ വരുത്തുന്ന ഒരു രോഗമാണ് ദ്രുതവാട്ടം. രോഗം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വള്ളികള്‍ നശിക്കും. ഇലകളില്‍ നനവുള്ള പാടുകള്‍ ആയി ആരംഭിക്കുന്ന ഈ രോഗം, ഇരുണ്ട തവിട്ടുനിറത്തില്‍ ഇലമുഴുവന്‍ ബാധിക്കുന്നു. ഇങ്ങനെ രോഗത്തിന്റെ പ്രാരംഭത്തില്‍ രോഗബാധയേല്‍ക്കുന്ന ഇലകള്‍ നശിക്കുകയും ചെടി മുഴുവനും നശിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. രോഗം ബാധിച്ച ചെടിയുടെ തണ്ടുകളുടെ പുറം തൊലി ഇളകി പശപോലെയുള്ള ദ്രാവകം ഒലിച്ചു വരുന്നതാണ് രോഗം മൂര്‍ച്ഛിക്കുന്നതിന്റെ ലക്ഷണം. ക്രമേണ ഈ രോഗം വേരിലേക്കും പടരുകയും ചെടി പൂര്‍ണ്ണമായും രണ്ടാഴ്ചയ്ക്കുള്ളില്‍ നശിക്കുന്നു.[5].
[തിരുത്തുക] നിയന്ത്രണം
മഴക്കാലത്തിന് മുന്‍പായി ചെടികുചുറ്റും 50സെ. മീ അകലത്തില്‍ തടമെടുത്ത് ബോര്‍ഡോ മിശ്രിതം 1% വീര്യത്തില്‍ തയാറാക്കിയതോ; ഫൈറ്റൊലാന്‍ എന്ന കുമിള്‍ നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയാറാക്കിയ ലായനിയോ ഒഴിച്ചു നന്നായി കുതിര്‍ക്കുക. ഒരു മൂടിന് ഏകദേശം 10ലിറ്റര്‍ വരെ ലായനി വേണ്ടിവരും. കൂടാതെ ചെടിയുടെ ചുവട്ടില്‍ നിന്നും ഇലകള്‍ വരെയുള്ള ഭാഗത്ത് ബോര്‍ഡോ മിശ്രിതം പുരട്ടുകയും ; ബാക്കി ഭാഗത്ത് ബോര്‍ഡോ മിശ്രിതം 1% വീര്യത്തില്‍ തയാറാക്കിയത് തളിച്ചുകൊടുക്കുകയും വേണം.[5]. ഇങ്ങനെ തുലാവര്‍ഷത്തിന്റെ ആരംഭത്തില്‍ ഒന്നുകൂടി ചെയ്യേണ്ടതുമാണ്. രോഗം ഭാധിച്ചിട്ടുള്ള വള്ളികള്‍ ചുവടുവച്ച് പിഴുതുമാറ്റി ചുട്ട് നശിപ്പിക്കണം. കൂടാതെ ചെടിയുടെ ചുവട്ടിലോ തോട്ടത്തിലോ യാതൊരു കാരണാവശാലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കുകയുമരുത്. മഴക്കാലം തുടങ്ങുമ്പോള്‍ ഒരു കൊടിക്ക് 2 കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, ഒരു കിലോ കുമ്മായം എന്നിവ ചേര്‍ക്കുക. രോഗം ബാധിച്ച സ്ഥലത്ത് വീണ്ടും രണ്ടുവര്‍ഷം കഴിഞ്ഞ് മാത്രമേ പുതിയ കൃഷി ഇറക്കാവൂ. കൂടാതെ ട്രൈക്കോഡര്‍മ കള്‍ച്ചര്‍ 1 കിലോഗ്രാം നേരിയ നനവുള്ള 100കിലോഗ്രാം ചാണകപ്പൊടിയില്‍ കൂട്ടിയിളക്കി; ഈര്‍പ്പം നഷ്ടപ്പെടുത്താതെ കൂനകൂട്ടി നനവുള്ള ചാക്കുകൊണ്ട് മൂടി തണലത്ത് സൂക്ഷിക്കുക. ഒരാഴ്ചക്ക് ശേഷം ഈ മിശ്രിതം 5 കിലോഗ്രാം വീതം ഓരോ കൊടിയുടെ ചുവട്ടിലും ജൂണ്‍- ജൂലൈ മാസങ്ങളില്‍ തടമെടുത്ത് ചേര്‍ത്താലും മതി. ദ്രുതവാട്ടം നിയന്ത്രിക്കുന്നതിന് ഈ മിശ്രിതം സഹായിക്കും.[5].
[തിരുത്തുക] പൊള്ളുരോഗം
ഇല, തണ്ട്, മുളക് മണികള്‍ എന്നിവയില്‍ പൊള്ളുവണ്ട് ഉണ്ടാക്കുന്ന രോഗം. രോഗം ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇലകളിലാണ്. ഇലകളില്‍ ആദ്യം ഇളം തവിട്ട് നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന പൊട്ടുകള്‍ ക്രമേണ വലുതാകുന്നു. രോഗം തണ്ടുകളേയും ബാധിക്കുന്നതോടെ മുളക് കൊടി നശിക്കുന്നു. ഇതിനു പ്രതിവിധിയായി കൊടിക്കുചുറ്റും 50 സെ.മീ ചുറ്റളവില്‍ ബോര്‍ഡൊ മിശ്രിതം 1% അല്ലെങ്കില്‍ ഫൈറ്റൊലാന്‍ രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയത് ഒഴിച്ച് കുതിര്‍ക്കുകയും കൊടി നന്നായി നയത്തക്ക വിധത്തില്‍ തളിക്കുകയും വേണം. കൂടാതെ ദ്രുതവാട്ടത്തിന്റെ നിയന്ത്രണ രീതികളും അവലംബിക്കാം.
[തിരുത്തുക] അഴുകല്‍
ഇതും ഒരു കുമിള്‍ രോഗമാണ്. നഴ്സറിയില്‍ നട്ടിട്ടുള്ള വള്ളിക്കഷണങ്ങള്‍ മുളച്ച് നാമ്പ് വന്നതിനുശേഷം അത് പഴുത്ത് വാടി നശിക്കുന്നതാണ് രോഗ ലക്ഷണം..[5].
[തിരുത്തുക] ഇനങ്ങള്‍
- മലബാര്‍ ഇനങ്ങള്‍ : കൊട്ടവള്ളി, ബാലന്‍ കൊട്ട, കല്ലുവള്ളി, കരിങ്കൊട്ട, മലബാര്‍ എക്സല്‍, പേരാമ്പ്രാ, ഉതിരന്‍ കോട്ട,
- തിരുവിതാംകൂര്‍ ഇനങ്ങള്‍ : നാരായക്കൊടി, കരിമുണ്ടി, കൊറ്റനാടന്‍, പെരുംകൊടി, വലിയ കാണിയക്കാടന്‍, ചെറിയ കണിയക്കാടന്‍ കുതിര വാലി, നിലമുണ്ടി, കുതിരവെള്ള.
[തിരുത്തുക] സങ്കര ഇനങ്ങള്‍
രോഗപ്രതിരോധശേഷി കൂടിയതും കൂടുതല്‍ വിളവ് നല്‍കുന്നവയുമായ 9 കുരുമുളക് ഇനങ്ങള്‍ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശുഭകര, ശ്രീകര, പഞ്ചമി, പൗര്‍ണമി, പി.എല്‍.സി.2, ഐ.ഐ.എസ്.ആര്‍. തേവം,ഐ.ഐ.എസ്.ആര്‍. മലബാര്‍ എന്നിവയാണവ. കൂടാതെ, കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെകീഴില്‍ പ്രവര്‍ത്തിക്കുന്ന പന്നിയൂരില്‍ സ്ഥിതിചെയ്യുന്ന ഗവേഷണ കേന്ദ്രം അത്യുത്പാദനശേഷിയുള്ള 7 ഇനങ്ങളുംവികസിപ്പിച്ചെടുത്തിട്ടുണ്ട്. പന്നിയൂര്‍.1, പന്നിയൂര്‍.2, പന്നിയൂര്‍.3, പന്നിയൂര്‍.4, പന്നിയൂര്‍.5, പന്നിയൂര്‍.6, പന്നിയൂര്‍.7 എനിവ പന്നിയൂരില്‍ വികസിപ്പിച്ചെടുത്തവയാണ്. 1967-ല്‍ വികസിപ്പിച്ചെടുത്ത പന്നിയൂര്‍ 1 എന്ന കുരുമുളകാണ് ലോകത്തില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത സങ്കരയിനം കുരുമുളക്. ഇവയില്‍ കേരളത്തിന് യോജിച്ച കുരുമുളക് ഇനങ്ങളാണ്; പന്നിയൂര്‍.1, പന്നിയൂര്‍.2, പന്നിയൂര്‍.3, പന്നിയൂര്‍.4, പന്നിയൂര്‍.5, പന്നിയൂര്‍.6, പന്നിയൂര്‍.7, ശുഭകര, ശ്രീകര, പഞ്ചമി, പൗര്‍ണ്ണമി എന്നിവ.
[തിരുത്തുക] ആധാരസൂചിക
- ↑ http://books.google.com/books?id=VaGCgSLrdr4C&printsec=frontcover&dq=black+pepper&sig=e42nZDGhFPBNxiGJZqUPhXPMGuk
- ↑ http://www.mcxindia.com/products_Pepper.html
- ↑ http://www.bbc.co.uk/food/tv_and_radio/planetfood_index.shtml
- ↑ ബാലരമ ഡൈജസ്റ്റ് സപ്ലിമെന്റ്. വേലായുധന്‍ പണിക്കശ്ശേരി തയാറാക്കിയ, കുരുമുളക്; ചരിത്രം മാറ്റിമറിച്ച കുരുമുളകിന്റെ കഥ. 2008 ജൂണ്‍ 14.
- ↑ 5.0 5.1 5.2 5.3 . കര്‍ഷകശ്രീ മാസിക. ജൂണ്‍ 2008. ജി. വിശ്വനാഥന്‍ നായര്‍ എഴുതിയ ലേഖനം. താള്‍ 32-33.
[തിരുത്തുക] കുറിപ്പുകള്‍
- കേരളത്തിലെ അത്യുത്പാദനശേഷിയുള്ള രണ്ട് കുരുമുളക് ഇനങ്ങളാണ് മലബാര്‍ ഗാര്‍ബിള്‍ഡ്, തലശ്ശേരി എക്സ്ട്രാ ബോള്‍ഡ് എന്നിവ.
[തിരുത്തുക] ചിത്രങ്ങള്‍

