തിരുവിതാംകൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
Drapeau-travancore.png
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375-
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
ഇരവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
മാർത്താണ്ഡവർമ്മ 1729-1758
ധർമ്മരാജാവ്) 1758-1798
ബാലരാമ വർമ്മ 1798-1799
ഗൌരി ലക്ഷ്മിഭായി 1811-1815
ഗൌരി പാർവ്വതിഭായി 1815-1829
സ്വാതിതിരുനാൾ 1829-1846
ഉത്രാടം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
മൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ഭായി 1924-1931
ചിത്തിര തിരുനാൾ 1931-1949

‡ Regent Queens

തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
edit

തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ . തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോൾ തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെൽവേലിജില്ലയുടെ ചിലഭാഗങ്ങളും ചേർന്നതായിരുന്നു 1940-കളിലെ തിരുവിതാംകൂറിന്റെ ഭൂപ്രദേശം.

അതുവരെ ചോളന്മാരുടെ കയ്യിലായിരുന്ന നാഞ്ചിനാടും അതിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊല്ലം കേന്ദ്രമായുണ്ടായിരുന്ന വേണാടിൽ ലയിക്കുന്നതോടെയാണ് തിരുവിതാംകൂറിന്റെ ആദിരൂപം പ്രത്യക്ഷമാകുന്നതെന്നു പ്രൊ.ഇളംകുളം കുഞ്ഞൻ പിള്ള പ്രസ്താവിക്കുന്നു. [3]

ചേരതലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരിന്റേയും മുസിരിസ് തുറമുഖത്തിന്റേയും പ്രസക്തി കുറയുന്നതോടെയാണ് കൊല്ലം തുറമുഖം പ്രത്യക്ഷപ്പെടുന്നതെന്നും അവിടത്തെ വ്യാപാരസാദ്ധ്യതകളെ ഉപയോഗപ്പെടുത്തി പിൽക്കാലത്ത് നിലയുറപ്പിച്ച വേണാട്ടുരാജവംശം അവിടെ പനങ്കാവു കൊട്ടാരത്തിലായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നത് എന്നും പറയപ്പെടുന്നു. രണ്ടാം ചേരരാജവംശത്തിന്റെ തുടർച്ചയിലെ ഒരു കണ്ണിയാണ് ഇവർ എന്നു പറയപ്പെടുന്നുണ്ട്[4] .

മാർത്താണ്ഡവർമ്മയുടെ കാലത്താണ്‌ രാജ്യം ഏറ്റവും കൂടുതൽ വിസ്തൃതി പ്രാപിച്ചത്. ഇന്ത്യ സ്വതന്ത്രയായ ശേഷം ഇന്ത്യാ ഗവർമേന്റ്1949 ജുലൈ‌ 1 നുതിരുവിതാംകൂറും കൊച്ചി രാജ്യവും യോജിപ്പിച്ച്‌ തിരു-കൊച്ചി സംസ്ഥാനമാക്കുകയും അതിനെ പിന്നീട് അന്നത്തെമദ്രാസ്‌ സംസ്ഥാനത്തിലെ മലബാർ ജില്ലയോട്‌ ചേർത്ത് 1956 നവംബർ 1 നു കേരള സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു.


ചുവന്ന പശ്ചാത്തലത്തിൽ രജത വർണത്തിൽ ആലേഖനം ചെയ്ത വലംപിരി ശംഖായിരുന്നു തിരുവിതാംകൂറിന്റെ പതാക. ഈ നാട്ടുരാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ (പദ്മനാഭൻ: വിഷ്ണുവിന്റെ പര്യായം) എന്നറിയപ്പെട്ടിരുന്നു.


ഉള്ളടക്കം

പേരിനു പിന്നിൽ [തിരുത്തുക]

ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നതു്. ഈ പേരു് തിരുവാഴുംകോട് എന്നും പിന്നീട് തിരുവാങ്കോട് എന്നും ആയിത്തീർന്നു. ഇംഗ്ലീഷുകാർ ഈ സ്ഥലത്തിനെ ട്രാവൻകൂർ (Travancore) എന്നു വിളിച്ചു. താമസിയാതെ, തിരുവിതാംകോട് എന്നും തിരുവിതാംകൂർ എന്നും അറിയപ്പെടാൻ തുടങ്ങി. [5] [6]

കൊല്ലത്തുനിന്നും പലപ്പോഴായി വേണാട്ടുരാജാക്കന്മാർ ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട്ടും കൽക്കുളത്തും കൊട്ടാരങ്ങൾ പണിത് താമസിച്ചിരുന്നു. ഈ തിരുവിതാംകോട് എന്ന സ്ഥലനാമത്തിൽ നിന്നാകാം പിന്നീട് തിരുവിതാംകോട് എന്ന രാജ്യനാമം തന്നെ ഉണ്ടായത്. പത്മനാഭപുരം എന്നുകൂടി അറിയപ്പെടുന്ന കൽക്കുളത്തായിരുന്നു ആദ്യം തിരുവിതാംകോടിന്റെ തലസ്ഥാനം. പതിനെട്ടാം നൂറ്റാണ്ടിൽ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റി.

ചരിത്രം [തിരുത്തുക]

ചരിത്രസാമഗ്രികൾ [തിരുത്തുക]

കേരളത്തിന്റെ പൊതുവായ ചരിത്രം പോലെത്തന്നെ ക്രി. വ. 1500നുമുമ്പുള്ള തിരുവിതാംകൂറിന്റെ ചരിത്രവും അവ്യക്തമായ ചരിത്രസാമഗ്രികളിൽ നിന്നും അനുമാനിച്ചെടുക്കേണ്ട അവസ്ഥയിലാണു്. പുരാതനസാഹിത്യകൃതികൾ, സഞ്ചാരക്കുറിപ്പുകൾ, മറ്റു ദേശങ്ങളിലെ ചരിത്രാധാരങ്ങൾ, അപൂർവ്വം ശാസനങ്ങളും ചെപ്പേടുകളും ശിലാരേഖകളും, വാസ്തുശിൽപ്പാവശിഷ്ടങ്ങൾ തുടങ്ങിയവയാണു് ഇത്തരം അനുമാനങ്ങൾക്കു് അവലംബമാക്കാനുള്ളതു്. കേരളോൽപ്പത്തി പോലുള്ള ചില രചനകളും വാമൊഴിയായി പകർന്നുപോന്ന ഐതിഹ്യങ്ങളും നാടൻപാട്ടുകളും ഉണ്ടെങ്കിലും അവയൊന്നും പൂർണ്ണമായും വിശ്വസിക്കാവുന്നവയല്ല. പലപ്പോഴും ഇത്തരം ആഖ്യാനങ്ങളിൽ ധാരാളം പൊടിപ്പും തൊങ്ങലും കടന്നുകൂടിയിട്ടുണ്ടാവാം. രാജഭക്തിയുടെ ആധിക്യം മൂലം സാമാന്യത്തിൽ കവിഞ്ഞ അതിശയോക്തികളും ഇവയിൽ കാണാം. ഇത്തരം സാമഗ്രികളിൽനിന്നും സാമ്പത്തികമായും സാമൂഹ്യമായും ഉയർന്ന തട്ടുകളിൽ പെടുന്ന സമുദായങ്ങളുടേയും ഭരണവർഗ്ഗത്തിന്റേയും ജീവിതരീതികളും സംഭവങ്ങളും കുറേയൊക്കെ അളന്നെടുക്കാമെങ്കിൽപ്പോലും ദരിദ്രരും അധഃകൃതരും ഉൾപ്പെടെയുള്ള സാധാരണക്കാരെക്കുറിച്ചുള്ള വിശദാംശങ്ങൾ അപൂർവ്വമായി മാത്രമാണു ലഭ്യമാവുന്നതു്.

ചരിത്രപുസ്തകങ്ങൾ [തിരുത്തുക]

തിരുവിതാംകൂറിന്റെ ലഭ്യമായ ആദ്യകാലചരിത്രത്തിനു് പുരാണങ്ങളോ ഐതിഹ്യങ്ങളോ പോലെ വായിക്കാവുന്ന ഗൗരവമേ കൊടുക്കാനാവൂ. ഏതാനും നൂറ്റാണ്ടുകളായി ചരിത്രരചനാശ്രമത്തിലേർപ്പെട്ട പല ഗ്രന്ഥകാരന്മാരുടേയും കൃതികൾ ആദിമകാലഘട്ടത്തിനെങ്കിലും ഇത്തരമൊരു ശൈലിയാണു് അവലംബിച്ചിട്ടുള്ളതു്. താഴെപ്പറയുന്ന ഗ്രന്ഥങ്ങൾ 19-ആം നൂറ്റാണ്ടുവരെയുള്ള ചരിത്രരചനകളിൽ ഉൾപ്പെടുന്നു. ഇവയിൽ മൗലികഗവേഷണം ചെയ്തു കണ്ടെത്തി എഴുതിയവയും പരസ്പരം അവലംബങ്ങളായി സഹകരിച്ചിട്ടുള്ളവയും കാണാം.

  1. Epigraphica Indica
  2. The history of Ceylon by Grant
  3. Mill's history of India
  4. Smith's history of ancient India
  5. Malabar Manual
  6. Malabar Gazetteer
  7. Imperial Gazetteer of India
  8. Memoirs of Travancore
  9. Native life in Malabar
  10. Canter Visscher's Letters from Malabar
  11. Indian antiquary
  12. Church history by Agur
  13. The regulations and proclamations of Travancore
  14. The land of charity by Metier
  15. History of Travancore by Pachu Moothathu
  16. Administrative reports of Travancore
  17. Kerala Society papers
  18. The state manual
  19. Archaeological Publications of Travancore and Madras
  20. കേരളചരിത്രം - ദിവാൻ പി. ശങ്കുണ്ണി മേനോൻ
  21. കൊച്ചീരാജ്യചരിത്രം - പത്മനാഭമേനോൻ
  22. കേരളചരിതം - എ.കെ. പിഷാരടി
  23. കേരളചരിത്രം - എം. ആർ. ബാലകൃഷ്ണ വാര്യർ
  24. തിരുവിതാംകൂർ ചരിത്രം - ആർ. നാരായണ പണിക്കർ


പുരാതനകാലം [തിരുത്തുക]

ഏകദേശം 4600 വർഷങ്ങൾക്കുമുമ്പുമുതൽക്കെങ്കിലും കേരളത്തിലെ ജനങ്ങൾക്കു് വിദേശസമൂഹങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്നതിനു സൂചനകളുണ്ടു്. സുമേറിയൻ രാജധാനിയായ ഉർ നഗരത്തിലെ മുഗൈര കൊട്ടാരം അവശിഷ്ടങ്ങളിൽനിന്നു് മലബാറിൽ നിന്നുമാത്രം ലഭ്യമായിരുന്ന തേക്ക് തടികൾ കണ്ടെടുത്തിട്ടുണ്ടു്. ക്രി.മു. 722ൽ ജീവിച്ചിരുന്ന ഷാൽമനേസർ നാലാമൻ ഇന്ത്യയിൽനിന്നും കടൽവഴി കൊണ്ടുവന്നിരുന്ന സമ്മാനങ്ങൾ സ്വീകരിച്ചിരുന്നതായും സൂചനകളുണ്ട്.


ഈ മേഖല സംഘകാലത്ത്‌ (300 BC – 400 AD) ആയ്‌ രാജവംശതിന്റെ ഭരണത്തിൻ കീഴിലായിരുന്നു. തുടർന്ന് രണ്ടാം ചേരസാമ്രാജ്യകാലത്ത്‌ (850–1400 AD) കുലശേഖരൻമാരും ചോളൻമാരും തമ്മിൽ നടന്ന യുദ്ധത്തിനു വേദിയാകുകയും, പ്രധാനപട്ടണമായിരുന്ന വിഴിഞ്ഞം ചോളൻമാർ കൈയടക്കുകയും ചെയ്തു[7] . പിന്നീട്‌ കുരക്കേണിക്കൊല്ലം (ഇന്നത്തെ കൊല്ലം)ഭാഗത്തുനിന്നുള്ളവേണാട്‌ എന്നറിയപ്പെട്ട രാജവംശം ഈ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചു. ഇവരുടെ പിൻഗാമികളാണ് തിരുവിതാംകൂർ രാജാക്കന്മാർ. പിൽകാലങ്ങളിൽ ഈ രാജാക്കന്മാരിൽ പലരും ദുർബലരായിരുന്നതിനാൽ അവർക്ക് പുറമേ നിന്നുള്ള മധുരൈ നായ്ക്കന്‍മാരുടെ ഭീഷണികളൊടൊപ്പം രാജ്യത്തിനകത്തു തന്നെയുള്ള എട്ടുവീട്ടിൽ പിള്ളമാർ, യോഗക്കാർ തുടങ്ങിയ പ്രബലവിഭാഗങ്ങളിൽ നിന്നുള്ള ചെറുത്തു നിൽപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ട് [തിരുത്തുക]

മാർത്താണ്ഡ വർമ്മ [തിരുത്തുക]

പ്രധാന ലേഖനം: മാർത്താണ്ഡ വർമ്മ

തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ പാരമ്പര്യമായി വേണാട്‌ രാജസ്ഥാനം ലഭിച്ച മാർത്താണ്ഡ വർമ്മയിൽ നിന്നാണ്‌. അദ്ദേഹം തന്റെ ഭരണകാലത്ത്‌ (17291758) രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ഉന്മൂലനം ചെയ്തുകൊണ്ട് അദ്ദേഹം തമ്പിമാരുടെ എതിർപ്പുകളേയും രാജ്യത്തിനകത്തുനിന്നുള്ള മാടമ്പിമാരുടെ ചെറുത്തുനിൽപ്പുകളേയും ഇല്ലാതാക്കി. എട്ടുവീട്ടിൽ പിള്ളമാരാണ്‌ രാജാവിനെ എതിർക്കാൻ തമ്പിമാരെ സഹായിച്ചിരുന്നത്‌.) തുടർന്നുള്ള യുദ്ധങ്ങളിൽ അദ്ദേഹം ആറ്റിങ്ങൽ, കൊല്ലം, കായംകുളം, കൊട്ടാരക്കര തുടങ്ങി കൊച്ചി വരെയുള്ള എല്ലാ നാട്ടുരാജ്യങ്ങളും പിടിച്ചടക്കി.

തിരുവിതാംകൂറും ഡച്ചുകാരുമായി നടന്ന യുദ്ധത്തിൽ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ അദ്ദേഹം പരാജയപ്പെടുത്തി. ഈ യുദ്ധത്തിന്റെ ഗതി നിർണയിച്ചത്‌ ഡച്ച്‌ അഡ്മിറലായിരുന്ന ഡെ ലെന്നൊയിയെ 1741 ഓഗസ്റ്റ് 10 നു (കുളച്ചൽ യുദ്ധം) കീഴ്പ്പെടുത്തിയതായിരുന്നു. 1750 ജനുവരി 3 (മകരം 5, 725 കൊല്ലവർഷം)- ന്‌ അദ്ദേഹം തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക്‌ സമർപ്പിച്ചു. ഇത്‌ തൃപ്പടി ദാനം എന്ന പേരിൽ അറിയപ്പെട്ടു. ഇതിനു ശേഷമാണ്‌ തിരുവിതാംകൂരിലെ രാജാക്കൻമാർ പത്മനാഭദാസൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്‌. 1753-ൽ ഡച്ചുകാർ മഹാരാജാവുമായി ഒരു സമാധാന കരാർ ഒപ്പു വെച്ചു.

1754 ജനുവരി 3നു നടന്ന അമ്പലപ്പുഴ യുദ്ധത്തിൽ സ്ഥാനഭ്രഷ്ടരായ നാടുവാഴികളും കൊച്ചിയിലെ രാജാവും പരാജയം സമ്മതിച്ചതോടെ മാർത്താണ്ഡവർമ്മ തന്റെ ഭരണത്തിനു നേർക്കുള്ള എല്ലാ എതിർപ്പുകളും ഇല്ലാതാക്കി. 1757-ൽ തിരുവിതാംകൂറും കൊച്ചിയും തമ്മിൽ വടക്കൻ മേഖലയിൽ സമാധാനവും ഭരണസ്ഥിരതയും ഉറപ്പാക്കാനായി ഒരു ഉടമ്പടിയുണ്ടാക്കി.

മാർത്താണ്ഡവർമ്മ നികുതി സമ്പ്രദായം ഏകീകരിക്കുന്നതിലും ജലസേചന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. കുളച്ചൽ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ട അഡ്മിറൽ [അവലംബം ആവശ്യമാണ്] ഡെ ലെന്നൊയിയെ അദ്ദേഹം വലിയ കപ്പിത്താനായി നിയമിച്ചു. പീരങ്കികളും മറ്റ് വെടിക്കോപ്പുകളും നൽകി അദ്ദേഹം തിരുവിതാംകൂറ്‍ സേനയെ ആധുനികവൽക്കരിച്ചു. മറവൻ പട എന്ന പേരിൽ ഒരു അംഗരക്ഷക സേനയും കുളച്ചൽ കേന്ദ്രമാക്കി ഒരു സംരക്ഷക സേനയും മാർത്താണ്ഡ വർമ്മ രൂപവത്കരിച്ചു.

തിരുവിതാംകൂർ രാജമുദ്രയുടെ ശില്പം

ധർമ്മരാജ [തിരുത്തുക]

മാർത്താണ്ഡവർമ്മയുടെ പിൻഗാമിയും ധർമ്മരാജയെന്ന പേരിൽ പ്രശസ്തനുമായ കാർത്തിക തിരുനാൾ രാമ വർമ്മ 1795 ൽ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റി. രാമവർമ്മയുടെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ സുവർണകാലമായി കണക്കാക്കപ്പെടുന്നു. മാർത്താണ്ഡവർമ്മ കീഴടക്കിയ മേഖലകളിലെ മേൽക്കോയ്മ നിലനിർത്തുന്നതിനോടൊപ്പം അദ്ദേഹം സാമൂഹ്യപരിഷ്കരണശ്രമങ്ങളിൽ ദത്തശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മറ്റു പ്രധാനനേട്ടങ്ങളിൽ ഒന്ന് രാജ്യത്തെ വാണിജ്യമേഖലയുടെ ശാക്തീകരണമായിരുന്നു. അക്കാലത്ത്‌ തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ്‌ എന്ന പ്രഗല്ഭനായ ഉദ്യോഗസ്ഥന്റെ അളവറ്റ സഹായങ്ങൾ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിനു ലഭിച്ചിരുന്നു.

ധർമ്മരാജയുടെ ഭരണകാലത്ത്‌ 1791 ൽ തിരുവിതാംകൂറിന്‌ മൈസൂർ രാജാവായ ടിപ്പു സുൽത്താന്റെ ആക്രമണം നേരിടേണ്ടി വന്നു. തിരുവിതാംകൂർ സൈന്യം 6 മാസത്തോളം സുൽത്താനെതിരെ ചെറുത്തു നിന്നു. അതിനു ശേഷം രാജാവ്‌ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ സഹായം തേടുകയും ടിപ്പുവിനെ തുരത്തിയശേഷം കമ്പനി രാജ്യഭരണത്തിൽ പിടിമുറുക്കുകയും ചെയ്തു. തുടർന്നാണ് രാജ്യത്ത്‌ ഒരു ബ്രിട്ടീഷ്‌ റെസിഡെന്റിനെ കമ്പനി നിയമിക്കുന്നത്. ആദ്യ റെസിഡെന്റായിരുന്ന കേണൽ മെക്കാളെ രാജാവിനെ അനേകം ഉടമ്പടികളിൽ ഒപ്പു വെയ്പിച്ചുകൊണ്ട്[അവലംബം ആവശ്യമാണ്]തിരുവിതാംകൂറിനെ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ പരിപൂർണ്ണനിയന്ത്രണതിൻ കീഴിലാക്കി രാജ്യത്തിന്റെ സ്വയംഭരണം അവസാനിപ്പിച്ചു.

ബാലരാമ വർമ്മ [തിരുത്തുക]

ധർമരാജയുടെ മരണശേഷം 1798ബാലരാമ വർമ്മ തന്റെ പതിനാറാം വയസ്സിൽ ഭരണം ഏറ്റെടുത്തു. ഇക്കാലത്തെ പ്രഗല്ഭനായ ദിവാനായിരുന്നു വേലുത്തമ്പി. തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിൽ കേണൽ മെക്കാളെ ഇടപെടുന്നതിനെ വേലുത്തമ്പി ദളവ ശക്തമായി എതിർത്തു. 1809ലെ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അദ്ദേഹം ജനങ്ങളോട്‌ ആഹ്വാനം ചെയ്തു. കൊച്ചിയിലെ മന്ത്രിയായ പാലിയത്തച്ചനും വേലുത്തമ്പിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. നാഗർകോവിലിലും കൊല്ലത്തും നടന്ന യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തി. അതു വരെയും യുദ്ധത്തിൽ സജീവമായി പങ്കെടുക്കാതിരുന്ന മഹാരാജാവും വേലുത്തമ്പിക്കെതിരെ തിരിഞ്ഞു. ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാതിരിക്കാൻ വേലുത്തമ്പി ആത്മഹത്യ ചെയ്തു. കീഴടങ്ങിയ പാലിയത്തച്ചൻ മദ്രാസിലേക്കു നാടുകടത്തപ്പെട്ടു.

പത്തൊമ്പതാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭവും [തിരുത്തുക]

ബാലരാമ വർമ്മയ്ക്ക്‌ ശേഷം ബ്രിട്ടീഷുകാരുടെ പിന്തുണയോടെ 1810 മുതൽ 1815 വരെ റാണി ഗൌരി ലക്ഷ്മീഭായി രാജ്യം ഭരിച്ചു. 1813ൽ അവർക്ക്‌ ഒരു ആൺകുഞ്ഞ്‌ പിറന്നപ്പോൾ ആ ശിശുവിനെ രാജാവായി പ്രഖ്യാപിച്ചു. 1815ൽ തന്റെ മരണം വരെ അവർ റീജൻറായി രാജ്യം ഭരിച്ചു. ഇക്കാലത്ത്‌ സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെ പുരോഗതിയുണ്ടായി. ഗർഭശ്രീമാൻ എന്നറിയപ്പെട്ട സ്വാതിതിരുനാൾ ബാലരാമവർമ്മ 1829ൽ രാജാവായി അഭിഷിക്തനായി. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. അനാവശ്യമായ നികുതികൾ എടുത്തു മാറ്റിയ അദ്ദേഹം തിരുവനന്തപുരത്ത്‌ 1834ൽ ഒരു ഇംഗ്ളീഷ്‌ സ്കൂളും ധർമ്മാശുപത്രിയും സ്ഥാപിച്ചു.

1847 മുതൽ 1860 വരെ രാജ്യം ഭരിച്ചിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ 1853 ൽ അടിമത്തം നിർത്തലാക്കി. വസ്ത്രധാരണതിന് പരിപൂർണാ‍വകാശമില്ലാതിരുന്ന ചില ജാതിക്കാർക്ക് അദ്ദേഹം 1859 ൽ അതിനുള്ള അവകാശം നൽകി. 1857ൽ തപാൽ സം‌വിധാനവും 1859 ൽ പെൺകുട്ടികൾക്കായുള്ള പള്ളീക്കൂടവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തെ തുടർന്ന് 1860 മുതൽ 1880 വരെ രാജ്യം ഭരിച്ചത് ആയില്യം തിരുനാൾ മഹാരാജാവായിരുന്നു. ഇക്കാലത്ത് കാർഷിക-ജലസേചന മേഖലകളും ഗതാഗത രംഗവും അഭിവൃദ്ധി നേടി. 1866 ൽ ഒരു കലാലയം സ്ഥാപിക്കപ്പെട്ടു. അദ്ദേഹം ഒരു മാനസിക രോഗാശുപത്രി ഉൾപ്പെടെ അനേകം ധർമ്മാശുപത്രികൾ ആരംഭിച്ചു. 1880 മുതൽ 1885 വരെ വിശാഖം തിരുനാൾ രാമ വർമ്മ ഭരണം നടത്തി.

1885 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണെന്ന് 1920ൽ തിരുവിതാംകൂർ സന്ദർശിച്ച ജവഹർലാൽ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു നിയമ നിർമ്മാണ സഭ രൂപവത്കരിക്കപ്പെട്ടു.തെരഞ്ഞെടുപ്പു സമ്പ്രദായം നിലവിൽ വരികയും സ്ത്രീകൾക്കും സമ്മതിദാനാവകാശം നൽകപ്പെടുകയും ചെയ്തു.

1924 മുതൽ 1931 വരെ സേതു ലക്ഷ്മീഭായി റീജന്റായി രാജ്യം ഭരിച്ചു. അവർ മൃഗബലി നിരോധിക്കുകയും നായർ സമുദായത്തിൽ മരുമക്കത്തായത്തിനു പകരം മക്കത്തായം നിയമവിധേയമാക്കുകകയും ചെയ്തു.

1931 മുതൽ 1949 വരെ ഭരിച്ചിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമ്മയായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി. 1936 നവംബർ 12 ലെ ക്ഷേത്ര പ്രവേശന വിളംബരത്തോടെ അന്നു വരെ ഉന്നതജാതിക്കാർക്കു മാത്രം പ്രവേശനം നൽകിയിരുന്ന തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ അദ്ദേഹം എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചു. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ഇന്ത്യയിലെമ്പാടു നിന്നും പ്രത്യേകിച്ചും മഹാത്മാഗാന്ധിയിൽ നിന്നും അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി.

തിരുവിതാംകൂറിന്റെ അന്ത്യം [തിരുത്തുക]

തിരുവിതാംകൂറിന്റെ ഭൂപടം - ഇരുപതാം നൂറ്റാണ്ടിൽ

ചിത്തിരതിരുനാൾ മഹാരാജാവിന്റെ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർക്ക് തിരുവിതാംകൂറിലെ ജനങ്ങൾക്കിടയിൽ സ്വീകാര്യത കുറവായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ തിരുവിതാംകൂർ ഒരു സ്വതന്ത്രരാജ്യമായി നില കൊള്ളുമെന്ന് സർ സി.പി പ്രഖ്യാപിച്ചതുകൂടിയായപ്പോൾ ദിവാനും ജനങ്ങളും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭങ്ങൾക്ക് ഇടയാക്കി. ഇത്തരത്തിൽ 1946ൽ നടന്ന പുന്നപ്ര-വയലാർ സമരത്തിൽ കമ്യുണിസ്റ്റുകാർ ആ മേഖലയെ ഒരു രാജ്യമായി പ്രഖ്യാപിച്ചു. തിരുവിതാംകൂർ സൈന്യം ഈ നീക്കത്തെ അടിച്ചമർത്തുകയും അത് നൂറ് കണക്കിനു പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇതോടെ പ്രക്ഷോഭം കൂടുതൽ തീവ്രമാകുകയും സർ സി പി രാമസ്വാമി അയ്യരുടെ ജീവനുതന്നെ ഭീഷണി നേരിടേണ്ടിവന്നതിനെ തുടർന്ന് അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തു. ഇതിനൊക്കെ സമാന്തരമായി സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ സ്വതന്ത്രമായി നിന്നിരുന്ന നാട്ടുരാജ്യങ്ങളെ മുഴുവൻ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള സമ്മർദ്ദങ്ങളും ശ്രമവും നടന്നിരുന്നു. അതിന്റേയൊക്കെ പശ്ചാത്തലത്തിൽ മഹാരാജാവ് തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനുമായി ലയിപ്പിക്കാൻ സമ്മതം നൽകുകയും ചെയ്തു.

1928 ഏപ്രിലിൽ എറണാകുളത്തു നടന്ന ഒരു സംസ്ഥാനതല രാഷ്ട്രീയ സമ്മേളനത്തിൽ[8] മലയാളം മാതൃഭാഷയായി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിപ്പിച്ച് ഐക്യകേരളം രൂപവത്കരിക്കാനുള്ള ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. അതിന്നടുത്തമാസം പയ്യന്നൂരിൽ വച്ചു നടന്ന സമാനമായ മറ്റൊരു സമ്മേളനത്തിൽ ഐക്യകേരള രൂപീകരണത്തിന് മുൻകൈയെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ഭരമേല്പിക്കുന്ന ഒരു തീരുമാനവും ഉണ്ടായി. ഇവയുടെ തുടർനീക്കങ്ങളുടെകൂടി ഫലമായി സ്വാതന്ത്ര്യാനന്തരം 1949 ജുലൈ 1 ന് തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖ് ആയി തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി. അതേ സമയം 1954 ൽ തെക്കൻ തിരുവിതാംകൂറിൽ തമിഴ് സംസാരഭാഷയായ പ്രദേശങ്ങളെ മദ്രാസ് സംസ്ഥാനത്തോട് ചേർക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ തിരുവിതാംകൂർ-തമിഴ്‌നാട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. തുടർന്ന് മാർത്താണ്ഡം, പുതുക്കട എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ചില പോലീസുകാരും ഏതാനും സാധാരണക്കാരും കൊല്ലപ്പെട്ടു. ഈ പ്രദേശത്തെ ആളുകളിൽ പുതിയ മദ്രാസ് സംസ്ഥാനത്തിനോടുള്ള അനുഭാവം തീവ്രമായിരുന്നു. തുടർന്ന് 1956ൽ സംസ്ഥാന പുന:സംഘടനാനിയമപ്രകാരം തെക്കൻ തിരുവിതാംകൂറിലെ തോവാള, അഗസ്തീസ്വരം, കൽക്കുളം, വിളവങ്കോട്, എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനതിന്റെ ഭാഗമായി. 1956 നവംബർ 1ന് തിരുകൊച്ചി സംസ്ഥാനത്തെ പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുമായി ചേർത്ത് രാജപ്രമുഖിനു പകരം ഇന്ത്യൻ പ്രസിഡൻറ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്നു.

1971 ജൂലൈ 31ലെ ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തിയാറാം ഭേദഗതി പ്രകാരം ഇന്ത്യയിലെ മറ്റു നാട്ടുരാജാക്കന്മാരോടൊപ്പം തിരുവിതാംകൂർ രാജാവിനും അതുവരെ അനുവദിച്ചിരുന്ന എല്ലാ പദവികളും അവകാശങ്ങളും നഷ്ടമായി.

1991 ജൂലൈ 19ന് തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മ നാടുനീങ്ങി.

ആധുനിക തിരുവിതാം‌കൂറിന്റെ ശില്പികൾ [തിരുത്തുക]

  1. അനിഴംതിരുനാൾ മാർത്താണ്ഡവർമ്മ (1729-58)
  2. കാർത്തികതിരുനാൾ രാമവർമ്മ (ധർമ്മരാജ) (1758-1798)
  3. അവിട്ടംതിരുനാൾ ബാലരാമവർമ്മ (1798-1810)
  4. ആയില്യംതിരുനാൾ റാണി ലക്ഷ്മീഭായി (181-1829)
  5. സ്വാതിതിരുനാൾ രാമവർമ്മ (1829-1847)
  6. ഉത്രാടംതിരുനാൾ മാർത്താണ്ഡവർമ്മ (1847-1860)
  7. ആയില്യംതിരുനാൾ രാമവർമ്മ (1860-1880)
  8. വിശാഖംതിരുനാൾ രാമവർമ്മ (1880-1885)
  9. മൂലംതിരുനാൾ രാമവർമ്മ (1885-1924)
  10. പൂരാടംതിരുനാൾ റാണി സേതുലക്ഷ്മീഭായി (1924-1931) റിജെന്റ്റ് മഹാറാണി എന്ന് സ്ഥാനപ്പേര്
  11. ശ്രീചിത്തിരതിരുനാൾ രാമവർമ്മ (1931-1949)

ഭൂമിശാസ്ത്രം [തിരുത്തുക]

വടക്കു ഭാഗത്ത് കൊച്ചി രാജ്യവും പടിഞ്ഞാറും തെക്കും അറബിക്കടലും, കിഴക്ക് 9000 അടി വരെ പൊക്കം വരുന്ന പശ്ചിമഘട്ടമലനിരകളുമായിരുന്നു രാജ്യത്തിന്റെ അതിരുകൾ.

നികുതിപിരിവും മറ്റും [തിരുത്തുക]

ഗതാഗതസംവിധാനങ്ങൾ [തിരുത്തുക]

രാജ്യത്തിലെ നദികളും കായലുകളും അവയെ ബന്ധപ്പെടുത്തി തോടുകളും മറ്റും വികസിപ്പിച്ച് അതുവഴിയുള്ള ജലമാർഗങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ തിരുവിതാംകൂറിലെ പ്രധാന ഗതാഗതസംവിധാനങ്ങൾ. വർക്കല കുന്നുകൾക്കടിയിലൂടെ തുരങ്കം നിർമ്മിച്ച് തിരുവനന്തപുരത്തുനിന്നും എറണാകുളം വരെ ഇടമുറിയാതെ തോണിയിൽ യാത്രചെയ്യാനുള്ള സൗകര്യം അങ്ങിനെ നിലനിന്നിരുന്നു. 1940 കളിലാണ് കൊല്ലത്തിനേയും തിരുവനന്തപുരത്തേയും ബന്ധിപ്പിച്ച് നിരത്തുകൾ വരുന്നതും ബസ്സുകൾ ഓടുന്നതും. ഏതാണ്ട് അതേ കാലത്താണ് ചെങ്കോട്ടയിൽ നിന്നും പുനലൂർ വഴി കൊല്ലത്തേക്കും തുടർന്ന് തിരുവനന്തപുരത്തേക്കുമുള്ള മീറ്റർ ഗേജ് റെയിൽപ്പാതയും പൂർത്തിയായത്.

ആചാരങ്ങൾ [തിരുത്തുക]

ദേശീയഗാനം [തിരുത്തുക]

വഞ്ചിഭൂമി പതേ ചിരം എന്നു തുടങ്ങുന്ന വഞ്ചീശ മംഗളം എന്ന ഗാനമാണ് തിരുവിതാംകൂറിലെ ദേശീയഗാനമായിരുന്നത്.

അചാരപരമായ വന്ദനം [തിരുത്തുക]

(Royal Salute) 19 തോക്ക് വെടി

കൊടി [തിരുത്തുക]

ചുവന്ന പശ്ചാത്തലത്തിൽ രജത വർണത്തിൽ ആലേഖനം ചെയ്ത വലം പിരി ശംഖായിരുന്നു തിരുവിതാംകൂറിന്റെ പതാക

സ്ഥാനപ്പേരുകൾ [തിരുത്തുക]

  • രാജാവ്- മഹാരാജ രാജ രാമരാജ ശ്രീ പത്മനാഭ ദാസ വഞ്ചിപാല (******) വർമ കുലശേഖര കിരീടപതി മന്നൈ സുൽത്താൻ ബഹാദുർ, ഷംഷേർ ജങ്. തിരുവിതാംകൂർ മഹാരാജ തിരുമനസ്സ്.
  • രാജ്ഞി (ചിലപ്പോൾ മൂത്ത പെൺ പ്രജ) - ശ്രീ പത്മനാഭ ദാസ വഞ്ചിപാല സേവിനി, ധർമ്മ വർദ്ധിനി രാജ രാജേശ്വരി മഹാറാണി (*****)ഭായി, അതായത് തിരുവിതാംക്കുറിലെ മൂത്ത മഹാറാണി തിരുമനസ്സ് എന്നും ഉപയോഗിക്കും
  • രാജകുമാരൻ (അനന്തരാവകാശി-മരുമകൻ) - മഹാരാജ കുമാരൻ (*****) വർമ, തിരുവിതാംകൂർ‌ ഇളയരാജ.
  • രാജാവിന്റെ ഭാര്യ -(റാണി ആകുകയില്ല) ശ്രീമതി (******) പിള്ള
  • രാജാവിന്റെ ആൺമക്കൾ - ശ്രീ (******) തമ്പി[അവലംബം ആവശ്യമാണ്]
  • രാജാവിന്റെ പെണ്മക്കൾ - (ശ്രീമതി (*****) തങ്കച്ചി[അവലംബം ആവശ്യമാണ്].
    • രാജാക്കന്മാർക്കും രാജകുടുംബത്തിലെ പ്രധാനികൾക്കും നായർ സംബന്ധങ്ങളിൽ ഉണ്ടാകുന്ന ആൺ മക്കൾ തമ്പി എന്നും പെൻ മക്കൾ തങ്കച്ചി എന്നും അറിയപ്പെടുന്നു, എന്നാൽ രാജകുടുംബത്തിൽ (രാജാവിനും രാജ്ഞിക്കും) നേരിട്ട് ജനിക്കുന്ന മക്കളുടെ പേരല്ല തമ്പിയും തങ്കച്ചിയും[അവലംബം ആവശ്യമാണ്]

(*****) എന്ന സ്ഥാനത്ത് അവരുടെ ശരിയായ പേർ ചേർക്കണം ഉദാ: രാമൻ, വീരകേരള, മാർത്താണ്ഡൻ, ആദിത്യൻ എന്നിവ.

എല്ലാ രാജകുടുംബാംഗങ്ങൾക്കു രണ്ടു പേർ ലഭിക്കും ഒന്ന് അവരുടെ സ്വകാര്യമായ പേരും മറ്റൊന്ന് അവരുടെ ജന്മ നക്ഷത്രത്തെ ആസ്പദമാക്കിയുള്ളതും ഉദാ: രോഹിണി തിരുനാൾ രാമവർമ്മ.

ഹിരണ്യഗർഭം [തിരുത്തുക]

തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കിരീടധാരണ സമയം നടത്തപ്പെടുന്ന അധികാരപരമായ ചടങ്ങുകളാണ്‌ ഹിരണ്യഗർഭവും, തുലാപുരുഷ ദാനവും. ചൊവ്വര-പന്നിയൂർ കൂറുകളിലുള്ള എല്ലാ നമ്പൂതിരിമാരുടേയും മുൻപിൽ വച്ച്‌ കുടുംബപുരോഹിതനായ തരണനല്ലൂർ നമ്പൂതിരിപ്പാടാണ്‌ കിരീടം അണിയിക്കുക. താമരയുടെ ആകൃതിയിൽ പത്തടി പൊക്കവും എട്ടടി ചുറ്റളവും ഉള്ള സ്വർണ്ണപ്പാത്രത്തിൽ പഞ്ചഗവ്യം പകുതി നിറയ്ക്കുന്നു. മലബാർ,തിരുനെൽവേലി,മധുര എന്നിവിടങ്ങളിൽ നിന്നെത്തുന്ന ബ്രാഹ്മണർ ചുറ്റും നിന്നു വേദോച്ചാരണം നടത്തവെ പാത്രത്തോടു ചേർത്തു വച്ച അലങ്കാരപ്പണി ചെയ്ത ഗോവണിയിലൂടെ രാജാവ്‌ അകത്തു കയറി പാത്രത്തിലെ തീർത്ഥത്തിൽ അഞ്ചു തവണ മുങ്ങുന്നു. വീണ്ടൂം ചില ആചാരാനുഷ്ഠാനങ്ങൾ കഴിഞ്ഞ്‌ പത്മാനാഭ സ്വാമിയെ സാഷ്ടാംഗം നമസ്കരിക്കുന്നു. തുടർന്ന് മുഖ്യപുരോഹിതൻ കിരീടം ചാർത്തി കുലശേഖരപ്പെരുമാൾ എന്നുരുവിടും. ഹിരണ്യം എന്നു പറയുന്നത് സ്വർണ്ണംത്തിനെയാണ്. ഹിരണ്യഗർഭത്തിൽനിന്ന് പുനർജനിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് തിരുവിതാംകൂറിലെ രാജാക്കന്മാരെ പൊന്നുതമ്പുരാക്കൾ എന്നു വിളിക്കുന്നത്‌. [9] ചടങ്ങുകൾ അവസാനിച്ചശേഷം രാജാവ് മുങ്ങിനിവർന്ന സ്വർണപാത്രം അവിടെ കൂടിയിരിക്കുന്ന ബ്രാഹ്മണർക്ക് പങ്കിട്ട് ദാനം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു.

ഭരണസ്ഥാപനങ്ങൾ [തിരുത്തുക]

ചിത്രശാല [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

അവലംബം [തിരുത്തുക]

  1. histrory of travancore -p sankunni manon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. ഒരു പ്രാചീന ചരിത്രരേഖ, ഇളംകുളം കുഞ്ഞൻ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ, എഡിറ്റർ: ഡോ. എൻ. സാം.
  4. ഇളംകുളം കുഞ്ഞൻ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ, എഡിറ്റർ: ഡോ. എൻ. സാം.
  5. ആർ. നാരായണ പണിക്കർ (മേടം 6, കൊല്ലവർഷം 1108) (മലയാളം ഭാഷയിൽ). തിരുവിതാംകൂർ ചരിത്രം. നാഗർകോവിൽ.
  6. ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  7. ഒരു പ്രാചീന ചരിത്രരേഖ, ഇളംകുളം കുഞ്ഞൻ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ, എഡിറ്റർ: ഡോ. എൻ. സാം.
  8. ഡി., ദയാനന്ദൻ. "കേരള യൂണിഫൈഡ്". കേരള സർക്കാർ. ശേഖരിച്ചത് 2013 ഫെബ്രുവരി 19. 
  9. പി.ഭാസ്കരനുണ്ണി, പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം,സാഹിത്യ അക്കാഡമി (1988) പേജ്‌ 604

കുറിപ്പുകൾ [തിരുത്തുക]


കേരളത്തിലെ നാട്ടുരാജ്യങ്ങൾ

തിരുവിതാംകൂർപെരുമ്പടപ്പു സ്വരൂപംഎളയടത്തു സ്വരൂപംദേശിങ്ങനാട് സ്വരൂപംആറ്റിങ്ങൽ സ്വരൂപംകരുനാഗപ്പള്ളി സ്വരൂപംകാർത്തികപ്പള്ളി സ്വരൂപംകായംകുളം രാജവംശംപുറക്കാട് രാജവംശംപന്തളം രാജവംശംതെക്കുംകൂർ രാജവംശംവടക്കുംകൂർ ദേശംപൂഞ്ഞാർ ദേശംകരപ്പുറം രാജ്യംഅഞ്ചിക്കൈമൾ രാജ്യംഇടപ്പള്ളി സ്വരൂപംപറവൂർ സ്വരൂപംആലങ്ങാട് ദേശംകൊടുങ്ങല്ലൂർ രാജവംശംതലപ്പിള്ളിവള്ളുവനാട്തരൂർ സ്വരൂപംകൊല്ലങ്കോട് രാജ്യംകവളപ്പാറ സ്വരൂപംവെട്ടത്തുനാട്പരപ്പനാട്കുറുമ്പ്രനാട്കടത്തനാട്കോട്ടയം രാജവംശംകുറങ്ങോത്ത് രാജ്യംരണ്ടുതറഅറയ്ക്കൽ രാജവംശംനീലേശ്വരം രാജവംശംകുമ്പള ദേശം

"http://ml.wikipedia.org/w/index.php?title=തിരുവിതാംകൂർ&oldid=1737883" എന്ന താളിൽനിന്നു ശേഖരിച്ചത്