പത്മനാഭസ്വാമി ക്ഷേത്രം
| പത്മനാഭസ്വാമി ക്ഷേത്രം | |
|---|---|
പത്മതീർത്ഥകുളവും ക്ഷേത്രഗോപുരവും |
|
|
|
|
| നിർദ്ദേശാങ്കങ്ങൾ: | 8°28′58″N 76°56′37″E / 8.48278°N 76.94361°Eസ്ഥാനം: 8°28′58″N 76°56′37″E / 8.48278°N 76.94361°E |
| പേരുകൾ | |
| ശരിയായ പേര് | ശ്രീ പത്മനാഭസ്വാമി ക്ഷേത്രം |
| സ്ഥാനം | |
| രാജ്യം: | ഇന്ത്യ |
| ജില്ല: | തിരുവനന്തപുരം |
| സ്ഥാനം: | തിരുവനന്തപുരം |
| വാസ്തുവിദ്യയും ആചാരങ്ങളും | |
| പ്രധാന ആഘോഷങ്ങൾ: | പൈങ്കുനി അല്പശി മുറജപം |
| ചരിത്രം | |
| സ്രഷ്ടാവ്: | പുനഃനിർമ്മാണം: മാർത്താണ്ഡവർമ്മ |
തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ.[1] ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതിൽ ക്ഷേത്ര പരിസരത്തിന് സംരക്ഷണം നൽകുന്നു. ഈ കോട്ട മതിലിന്റെ കിഴക്കേ കോട്ട വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. പത്മനാഭസ്വാമിയുടെ ഭക്തനായ തിരുവിതാംകൂർ മാർത്താണ്ഡ വർമ്മ മഹാരാജാവ് രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. [2]. ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ എന്നറിയപ്പെട്ടിരുന്നു.[3]
ഉള്ളടക്കം |
ഐതിഹ്യം[തിരുത്തുക]
നാരദ സംവാദം[തിരുത്തുക]
| ഈ ലേഖന വിഭാഗം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദണ്ഡകാരണ്യത്തിൽ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന പുണ്ഡരീകൻ, വ്യാസൻ, ശുകൻ, ശുനകൻ, വസിഷ്ഠൻ, വാത്മീകി തുടങ്ങിയ ഋഷിമാരെ നാരദൻ സന്ദർശിച്ചപ്പോൾ ലോകത്തിലെ ഏറ്റവും പുണ്യ-പുരാതനമായ ക്ഷേത്രം ഏതെന്ന് ആരാഞ്ഞിരുന്നത്രേ. അതിന് നാരദൻ നൽകിയ മറുപടി “അനന്തപുരിയിൽ ശയനം കൊള്ളുന്ന ശ്രീപദ്മനാഭന്റെ ക്ഷേത്രം” ആണെന്നായിരുന്നത്രേ. അനന്തപുരിക്ക് ഭൂലോക വൈകുണ്ഠമെന്ന വിശേഷണത്തിനു പിന്നിലെ ഐതിഹ്യം ഇതാവാം.
ദിവാകരമുനിയും അനന്തദർശനവും[തിരുത്തുക]
മതിലകം രേഖകളിൽ പരാമർശിക്കുന്ന ഐതിഹ്യപ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്. [4] ദിവാകരമുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട് മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിക്ക് നിത്യവും ലഭ്യമാകണമെന്ന് മുനി പ്രാർഥിച്ചു. തന്നോട് അപ്രിയമായി പ്രവർത്തിക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന് ബാലൻ സമ്മതിക്കുകയും ചെയ്തു.
പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത് അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതു കൈ കൊണ്ട് ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട് അപ്രത്യക്ഷനായി എന്നു ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻ കാട് തേടി യാത്ര തുടർന്നു.
വില്വമംഗലവും അനന്തൻകാടും[തിരുത്തുക]
ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്. [5] ഒരിക്കൽ ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാർ ശംഖാഭിഷേകം നടത്തുകയായിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹത്തിന്റെ കണ്ണുകൽ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോൽ ഭഗവാൻ അനന്തൻകാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു.[6] അതിനിടെയിൽ തൃപ്രയാറിലെത്തിയപ്പോൾ ഭഗവാൻ അത് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.
പുലയസ്ത്രീയുടെ സഹായം[തിരുത്തുക]
ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു പുലയസ്ത്രീയുടെ സാന്നിധ്യം രണ്ടു കഥകളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻകാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമ വേളയിൽ ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിക്കുന്നതു കാണാൻ ഇടവന്നു. ഞാൻ നിന്നെ അനന്തൻ കാട്ടിലേക്ക് വലിച്ചെറിയും [7]എന്ന സ്ത്രീയുടെ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. മുനി പുലയസ്ത്രീയേയും കൂട്ടി അനന്തൻകാട്ടിലേക്ക് പോകുകയും, അവിടെ അനന്തശയനത്തിൽ സാക്ഷാൽ പത്മനാഭ സ്വാമി പള്ളി കൊള്ളുന്ന ദൃശ്യം ദർശനം ലഭിക്കുകയും ചെയ്തു.[8]
മുനി പിന്നീട് ഭഗവദ് ദർശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വൻവൃക്ഷം കടപുഴകി വീഴുകയും, മഹാവിഷ്ണു അനന്തശായിയായി മുനിക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ് തിരുവല്ലത്തും, പാദങ്ങൾ തൃപ്പാപ്പൂരും, ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഭഗവത് സ്വരൂപം പൂർണമായും ദർശിക്കുവാൻ കഴിയാത്തവണ്ണം വലുപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദർശിക്കാനാകണമെന്ന് പ്രാർഥിച്ചു. ആ പ്രാർഥന ഫലിച്ചതിനാൽ, ഇന്നുകാണുന്ന രൂപത്തിൽ ദർശനം കിട്ടിയത് എന്നു ഐതിഹ്യം. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും പൂജാദി കർമങ്ങൾ ആരംഭിക്കുകയും ചെയ്തു. [9] [10]
ചരിത്രം[തിരുത്തുക]
ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്.[11] പൗരാണികമായി തന്നെ പുകൾപെറ്റ മഹാക്ഷേത്രം. നൂറ്റെട്ട് വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനവുമുണ്ട്. മാർത്താണ്ഡവർമ മഹാരാജാവാണ് ക്ഷേത്രം ഇന്നു കാണുന്ന വിധം പുനരുദ്ധരിച്ചത്. [12] എന്നാൽ അതിന് ഏതാണ്ട് 600 വർഷങ്ങൾക്കു മുമ്പ് വേണാടു ഭരിച്ചിരുന്ന കോത കേരളവർമ (എ.ഡി.1127-1150) ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പുനരുദ്ധരിച്ചതായും സ്യാനന്ദൂര പുരാണ സമുച്ചയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. [13] അതിനർഥം അതിലും നൂറ്റാണ്ടുകൾക്കു മുമ്പ് ക്ഷേത്രം സ്ഥാപിച്ചിരിക്കണം. [14]
തൃപ്പടിദാനം[തിരുത്തുക]
കൊല്ലവർഷം 925 മകരം അഞ്ച് പൂർവപക്ഷ സപ്തമിയിൽ ബുധവാരേ രേവതി നക്ഷത്രം.
1750 ജനുവരി മാസം അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവ് ശ്രീപദ്മനാഭ ദാസനായി ‘തൃപ്പടിദാനം’ ചെയ്ത മുഹൂർത്തം.[15] [16]അദ്ദേഹം അന്നോളം പിടിച്ചേടുത്ത നാട്ടുരാജ്യങ്ങൾ എല്ലാം ചേർത്ത് (തോവാള മുതൽ കവണാറു (മീനച്ചിലാർ) വരെയുള്ള രാജ്യം) ശ്രീപദ്മനാഭന് സമർപ്പിച്ച ദിവസം. ചങ്ങനാശ്ശേരി തലസ്ഥാനമായുള്ള തെക്കുകൂർ രാജ്യം ആക്രമിച്ച് കീഴടക്കിയതിനുശേഷമായിരുന്നു ഇത്. രാജകുടുംബത്തിലെ സകല സ്ത്രീപുരുഷന്മാരും അടങ്ങിയ പരിവാരങ്ങളോടെ മഹാരാജാവ് ശ്രീപത്മനാഭനു മുന്നിലേക്ക് എഴുന്നെള്ളി. പരമ്പരാഗതമായി തനിക്കും തന്റെ വംശത്തിനും ചേർന്നതും താൻ വെട്ടിപ്പിടിച്ചതുമായ ഭൂപ്രദേശങ്ങളെ മുഴുവൻ ശ്രീപത്മനാഭന് അടിയറ വെച്ചു. തുടർന്ന് ഉടവാൾ പദ്മനാഭ പാദങ്ങളിൽ സമർപ്പിച്ച് തിരിച്ചെടുത്ത് “പദ്മനാഭദാസനായി” രാജ്യം ഭരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. [17]
ഉടവാൾ അടിയറവച്ച് ദാനയാധാരം താളിയോലയിൽ എഴുതി നീരും പൂവും ഉടവാളും കൂടി തൃപ്പടിയിൽ വച്ച് മഹാരാജാവ് നമ്രശിരസ്കനായി. തുടർന്ന് പൂജാരിയിൽ നിന്നും ഉടവാൾ സ്വീകരിച്ച് ശ്രീപദ്മനാഭദാസനായി ഭരണം തുടർന്നു. “ശ്രീപദ്മനാഭദാസ വഞ്ചിപാലക മാർത്താണ്ഡവർമ കുലശേഖരപ്പെരുമാൾ” എന്നായി പിന്നത്തെ തിരുനാമം. തന്റെ പിൻഗാമികളും പദ്മനാഭദാസന്മാരായി തുടർന്നു പോരണമെന്ന് അദ്ദേഹം അനുശാസിക്കുകയും ചെയ്തു. തൃപ്പടിദാനത്തിലൂടെ ഭരണകർത്താക്കളുടെ തികഞ്ഞ ഭക്തിയാദരങ്ങൾക്ക് പാത്രമായ മാർത്താണ്ഡവർമ ആധുനിക തിരുവിതാംകൂറിന്റെ ശിൽപിയാണെന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്.[18] [19] [20] [21]
ക്ഷേത്രത്തിലെ തീപിടുത്തം[തിരുത്തുക]
അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ ഭരണകാലത്തിനു തൊട്ടുമുമ്പും, അതിനു വളരെ മുമ്പും തീപിടുത്തമുണ്ടായിട്ടുള്ളതായി ‘മതിലകം ഗ്രന്ഥ വരി’യിൽ വ്യക്തമാക്കുന്നുണ്ട്. ചരിത്രത്താളുകളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ രണ്ടു തവണ തീപിടുത്തം ഉണ്ടായതായി പറയപ്പെടുന്നു.
ആദ്യതവണ: അതിനെക്കുറിച്ച് അധിക വിവരങ്ങൾ ഒന്നും വെളിച്ചം കണ്ടിട്ടില്ല.
രണ്ടാംതവണ: കൊല്ലവർഷം 860-ൽ ക്ഷേത്രത്തിൽ പൂജമുടങ്ങുകയും അതിന്റെ പിറ്റേവർഷം (861-ൽ) ക്ഷേത്രത്തിൽ അഗ്നിബാധ ഉണ്ടായതായും മതിലകം രേഖകളിൽ കാണുന്നു. എട്ടരയോഗക്കാരും മഹാരാജാവും (രാമവർമ്മ) തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിന്നിരുന്ന കാലഘട്ടത്തിലാണ് തീപിടുത്തമുണ്ടായത്. സർവവും വെന്തു വെണ്ണീറായി. വിഗ്രഹത്തിലേക്ക് പടർന്നു വ്യാപിക്കുന്നതിനു മുമ്പ് തീ കെടുത്തി.[22]
കൊല്ലവർഷം 861 മകരം 16ന് തീപിടിത്തം ഭയാനകമായിരുന്നു. അത്താഴപൂജ കഴിഞ്ഞ് പൂജാരികൾ പതിവിൻപടി മിത്രാനന്ദപുരത്തേക്ക് പോകുകയും, രാത്രി 22 നാഴിക കഴിഞ്ഞ് അഭിശ്രവണ മണ്ഡപത്തിന്റെ വടക്കേ വാതിലിൽ മരം കൊണ്ടു നിർമിതമായിരുന്ന ചിത്രഘണ്ഡത്തിന് തീപിടിക്കുകയും നിമിഷ നേരം കൊണ്ട് അഭിശ്രവണ മണ്ഡപം കത്തിയെരിയുകയും ചെയ്തു. അതോടെ മുഖമണ്ഡപം, ശ്രീവിമാനം, നരസിംഹ ക്ഷേത്രം, തിരുവോലക്ക മണ്ഡപം, കരുവ മണ്ഡപം എന്നിവിടങ്ങളിൽ തീ പടർന്നുയർന്ന് ചുറ്റുമണ്ഡപത്തിലെത്തി ശ്രീകോവിൽ കത്തിത്തീർന്നു. ശ്രീകോവിലിലും മറ്റും ഉണ്ടായിരുന്ന ലോഹസാധനസാമഗ്രികളെല്ലാം ഉരുകിയൊഴുകി. കരിങ്കല്ലുകൾ പൊട്ടിച്ചിതറി. പിറ്റേന്ന് ഉച്ച വരെ തീ കത്തിതുടർന്നു. വിമാനത്തിന്റെ മേൽക്കൂര ശ്രീപദ്മനാഭ ബിംബത്തിൽ വീണ് കത്തിയെരിഞ്ഞു. ജനക്കൂട്ടം ഓടിനടന്ന് തീ കെടുത്താൻ ജീവൻ പോലും പണയം വച്ച് പരിശ്രമിച്ചു. എന്നാൽ ശ്രീപദ്മനാഭ ബിംബത്തിന് പരിക്കുകളൊന്നും പറ്റിയില്ല. ഇടതുകൈയിലെ മൂന്നു വിരലുകളും ഇടതു കാലിലെ എല്ലാ വിരലുകളും മുറിഞ്ഞു. ഉടൻ തന്നെ വിഗ്രഹം പുതുക്കി പണിയുകയും ചെയ്തുവത്രെ.
പുനഃനിർമ്മാണം[തിരുത്തുക]
861-ലെ തീപ്പിടുത്തത്തിനു ശേഷമാണ് മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്ത് ക്ഷേത്രം പുനഃർ നിർമ്മാണ പ്രവർത്തനങ്ങൾ തുടക്കം ക്കുറിച്ചത്. ആകാലത്തു തന്നെയാണ് ക്ഷേത്രഗോപുരത്തിന്റെ അഞ്ചു നിലകളുടെ പണി പൂർത്തിയാക്കിയത്. തുടർന്നുള്ള നിലകളായ ആറ്, ഏഴ് ധർമരാജാവിന്റെ (കൊ.വ.940) കാലത്താണ് പൂർത്തിയാക്കിയത്. ദിവാനായിരുന്ന രാജാകേശവദാസിന്റെ ആജ്ഞാശക്തി ഗോപുര നിർമാണത്തിന് ചൈതന്യവും ശക്തിയും നൽകിയതായി ചരിത്രത്താളുകൾ സാക്ഷ്യം പറയുന്നു. [23] കൊല്ലം 1004-ആമാണ്ടുമുതൽ 1022-ആമാണ്ടുവരെ [24] അനിതരസാധാരണമായ സാമർത്ഥ്യത്തോടും നീതിയോടും കൂടി തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്തും ക്ഷേത്രത്തിൽ ധാരാളം നിർമ്മാണപരിപാടികൾ നടത്തിയിരുന്നു. [25]
ക്ഷേത്ര നിർമ്മിതി[തിരുത്തുക]
108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദർശനമായാണ്. നാലുവശവും തമിഴ് ശൈലിയിൽ തീർത്ത അലങ്കാര ഗോപുരങ്ങളുണ്ട്. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവിൽ ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്. കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങൾ കൊണ്ടും നിർമ്മിച്ച 20 അടി പൊക്കമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി ശ്രീകോവിലിൽ വാഴുന്നു. രണ്ടരികത്തും ഭൂമീദേവിയും ലക്ഷ്മിദേവിയുമുണ്ട്.
ഗോപുരങ്ങൾ[തിരുത്തുക]
തഞ്ചാവൂർ മാതൃകയിൽ നൂറ് അടിയോളം ഉയരത്തിൽ ഏഴു നിലകളിലായി ഏഴ് കിളിവാതിലുകളോടും മുകളിൽ ഏഴ് സ്വർണത്താഴിക കുടങ്ങളോടും കൃഷ്ണശില ഉപയോഗിച്ചാണ് ക്ഷേത്ര ഗോപുരം നിർമിച്ചിട്ടുള്ളത്.
ചുറ്റമ്പലം[തിരുത്തുക]
സപ്തസ്വരമണ്ഡപം[തിരുത്തുക]
ശ്രീകോവിൽ[തിരുത്തുക]
പത്മനാഭ പ്രതിഷ്ഠ[തിരുത്തുക]
അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന പതിനെട്ടടി നീളമുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ. [26]ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ.വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം. അനന്തന്റെ പത്തികൊണ്ട് ദേവന്റെ മൂർധാവ് മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അൽപം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. അനന്തന്റെ മുകളിൽ പള്ളികൊള്ളുന്ന തേവർ കുടികൊള്ളുന്ന ദേശത്തിനു തിരുവനന്തപുരം എന്നപേരും ലഭിച്ചു. [27]. [28]
കടുശർക്കര യോഗപ്രതിഷ്ഠ[തിരുത്തുക]
പന്തീരായിരത്തി എട്ട് സാളഗ്രാമങ്ങൾ അടുക്കി വച്ചുള്ള രൂപകൽപനയ്ക്കു ശേഷം ഏതാണ്ട് അഷ്ടബന്ധത്തിന് തുല്യമായ കടുംശർക്കര കൂട്ടുണ്ടാക്കി അത് പുറമെ പൂശി ശരീര തുല്യമാക്കി തീർത്ത് അതിൽ ജീവാവാഹനം ചെയ്തതാണ് ഇവിടുത്തെ “കടുംശർക്കര യോഗ വിഗ്രഹം”. കടുശർക്കരയോഗമായതിനാൽ മൂലബിംബത്തിൽ അഭിഷേകം പതിവില്ല. ഇതിനുപകരം അലങ്കാര വിഗ്രഹത്തിലാണ് നിത്യേന അഭിഷേകം നടത്താറുള്ളത്.
ശില്പചാരുത[തിരുത്തുക]
ക്ഷേത്രമതിലകം[തിരുത്തുക]
ഏതാണ്ട് മൂന്ന് ഹെക്ടറോളം വരുന്ന അതിവിശാലമായ മതിലകത്താണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രതിഷ്ഠാ മൂർത്തികൾ[തിരുത്തുക]
- ശ്രീപത്മനാഭസ്വാമി
- ശ്രീ നരസിംഹസ്വാമി
- തിരുവമ്പാടി കൃഷ്ണൻ
ഉപദേവ പ്രതിഷ്ഠകൾ[തിരുത്തുക]
ആട്ടവിശേഷങ്ങൾ[തിരുത്തുക]
മീനമാസത്തിൽ രോഹിണി കൊടികയറി അത്തം ആറാട്ടായും തുലാമാസത്തിൽ അത്തം കൊടികയറി തിരുവോണം ആറാട്ടായും രണ്ട് ഉത്സവങ്ങളുണ്ട്. രണ്ടിനും ഭഗവാൻ ശംഖുമുഖം കടപ്പുറത്താണ് ആറാടുന്നത്. തുലാമാസത്തിൽത്തന്നെ തിരുവല്ലം പരശുരാമസ്വാമിയും ഇതേപോലെ ഉത്സവം നടത്തുന്നു.
പൈങ്കുനി ഉത്സവം[തിരുത്തുക]
അൽപ്പശി ഉത്സവം[തിരുത്തുക]
മുറജപം[തിരുത്തുക]
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന “മുറജപം” ഏറെ പ്രത്യേകതയുള്ള ചടങ്ങാണ്. അമ്പത്താറു ദിവസത്തെ മഹാമഹമാണ് മുറജപം. എട്ടു ദിവസം ഓരോ മുറ. ഈ ക്രമത്തിൽ അമ്പത്തിയാറു ദിവസത്തെ ഏഴായി വിഭജിച്ച് ജപകർമങ്ങൾ നടത്തുന്നു. ഉത്തരായന സംക്രമണ ദിവസം (മകര ശീവേലി) കാലം കൂടത്തക്കവണ്ണം വൃശ്ചികമാസം ആദ്യ ആഴ്ചയിൽ മുറജപത്തിന് തുടക്കം കുറിക്കും. കൊല്ല വർഷം 919-ൽ ആദ്യ മുറജപം നടന്നു. അതേ വർഷം ധനുവിൽ ഭദ്രദീപവും തൃപ്പടിദാനത്തിനു ശേഷം തുലാപുരുഷ ദാനവും നടന്നതായി രേഖയുണ്ട്.[29] 1123 വരെ മുറജപം ആർഭാടത്തോടെയാണ് ആഘോഷിച്ചിരുന്നത്. ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവയാണ് പ്രധാനമായും മുറജപത്തിന് ഉരുവിടാറുള്ളത്.
ശ്രീപത്മാനാഭനു മുറജപം ആറുവർഷം കൂടുമ്പോഴായിരുന്നു വെങ്കിൽ വൈക്കത്തപ്പനും, തിരുവാഴപ്പള്ളിലപ്പനും 12 വർഷം കൂടുമ്പോൾ വടക്കുപുറത്തുപാട്ടും, മുടിയെടുപ്പ് എഴുന്നള്ളത്തും നടത്തുന്നു. ഈ മൂന്നു മഹാമഹങ്ങളും തിരുവിതാംകൂർ രാജ്യത്തെ അന്നത്തെ പ്രധാന ഹൈന്ദവാഘോഷങ്ങളായിരുന്നു. മുറജപത്തിന്റെ ഗുരുസ്ഥാനീയർ ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ്.
അഷ്ടമിരോഹിണി[തിരുത്തുക]
നിത്യ പൂജകൾ[തിരുത്തുക]
പൂജാദികൾ നടത്തുന്നതിന് മംഗലാപുരത്തുകാരായ “അക്കരെ ദേശികൾ”ക്കും, നീലേശ്വരത്തുകാരായ “ഇക്കരെ ദേശികൾ”ക്കും പുഷ്പാഞ്ജലി നടത്തുന്നതിന് വില്വമംഗലത്തിന്റെ പരമ്പരയിൽപെട്ടവർക്കും മാത്രമാണ് അവകാശം.[30] കാസർകോട് കുമ്പളയ്ക്കടുത്തുള്ള അനന്തപദ്മനാഭ ക്ഷേത്രവുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമാവുകയാണ്. വില്വമംഗലം സ്വാമിയാണവിടെ പ്രതിഷ്ഠ നടത്തിയത്. ദിവാകര മുനിയും വില്വമംഗല സ്വാമിയാരും രണ്ടല്ല എന്ന് ഇതിൽ നിന്നും ബോധ്യമാവും.
ക്ഷേത്ര തന്ത്രം[തിരുത്തുക]
ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം ഇരിങ്ങാലക്കുടയിലുള്ള നെടുമ്പിള്ളി തരണനെല്ലൂർ കുടുംബത്തിനാണ്.
ക്ഷേത്രത്തിൽ സമാധിയിരിക്കുന്ന സിദ്ധയോഗിയായ ശ്രീ അഗസ്ത്യർ ആണ് ക്ഷേത്രത്തിലെ പൂജാവട്ടങ്ങൾ ചിട്ടപ്പെടുത്തിയതെനും ഉപദേവതാപ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. അഗസ്ത്യരുടെ സമാധി ഹനുമാൻ പ്രതിഷ്ഠയ്ക്കു നേരെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
പുറപ്പെടാശാന്തിമാർ[തിരുത്തുക]
പത്മതീർത്ഥം[തിരുത്തുക]
കിഴക്കേ കോട്ടയ്ക്കകത്തെ പുണ്യതീർത്ഥമാണ് പുണ്യതീർത്ഥകുളം. ശ്രീ പത്മനാഭ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തായി വിസ്തൃത മനോഹരമായ അന്തരീക്ഷത്തിലാണ് പത്മതീർത്ഥം സ്ഥിതി ചെയ്യുന്നത്. [31]
മിത്രാനന്ദപുരം തീർത്ഥം[തിരുത്തുക]
ക്ഷേത്രത്തിലെ പൂജാരിമാരായ പുഷ്പാഞ്ജലി സ്വാമിയാരും പുറപ്പെടാ ശാന്തിക്കാരായ നമ്പിമാരും നിത്യേന ശ്രീ പത്മനാഭന്റെ പൂജക്കു മുമ്പ് കുളിക്കേണ്ടത് ഈ കുളത്തിലാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള 'മണ്ണുനീരുവാരൽ' ചടങ്ങ് നടക്കുന്നതും മിത്രാനന്ദപുരത്തെ ഈ കുളത്തിലാണ്. ക്ഷേത്രാചാരങ്ങൾക്കായി ഉപയോഗിക്കുന്ന ഏക തീർഥക്കുളം മിത്രാനന്ദപുരംതീർത്ഥമാണ്. [32]
ഭരണ സംവിധാനം[തിരുത്തുക]
പഴയ കാലത്തു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവും അതിന്റെ സ്ഥാവരജംഗമവസ്തുക്കളും സൂക്ഷിച്ചിരുന്നതു അന്നത്തെ പ്രബല പ്രമാണിമാരായിരുന്ന എട്ടു വീട്ടിൽ പിളളമാർക്കായിരുന്നു.[33]
എട്ടരയോഗം[തിരുത്തുക]
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയുടെ പേരായിരുന്നു എട്ടരയോഗം. ആകെ ഒമ്പതംഗങ്ങളുള്ള സമിതിയിൽ ഒരംഗത്തിന് പൂർണാവകാശമില്ല. തൃപ്പാപ്പൂർ മൂത്ത തിരുവടി എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവിനാണ് പൂർണാധികാരം ഇല്ലാത്തത് . പൂർണാധികാരമുള്ള മറ്റ് എട്ടുപേരിൽ ഏഴുപേർ പോറ്റിമാരും (ബ്രാഹ്മണർ) ഒരാൾ നായർ പ്രമാണിയുമാണ്. കൂവക്കര, അത്തിയറ, കൊല്ലൂർ , മുട്ടവിള, നെയ്താശ്ശേരി, കറുവ, ശ്രീകാര്യാട്ട് എന്നിവരാണ് പോറ്റിമാർ . പള്ളിയാടി കരണാട്ട് കുറുപ്പാണ് നായർ പ്രമാണി. ഈ എട്ടുപേരേക്കാൾ കുറഞ്ഞ സ്ഥാനം മാത്രമേ വേണാട്ടരചന് ഉണ്ടായിരുന്നുള്ളൂ.[അവലംബം ആവശ്യമാണ്]
തിരുവിതാംകൂർ രാജവംശം[തിരുത്തുക]
കോടതി ഇടപെടലുകൾ[തിരുത്തുക]
2011 ജനുവരി 31 - ന് ക്ഷേത്രം ഏറ്റെടുക്കുവാൻ ഹൈക്കോടതി കേരളാ സർക്കാരിനു നിർദേശം നൽകുകയുണ്ടായി[34][35]. എന്നാൽ ഈ ഹർജിയിൽ സുപ്രീംകോടതി സ്റ്റേ അനുവദിക്കുകയും ക്ഷേത്രത്തിലെ നിലവറകൾ തുറന്നു കണക്കെടുക്കുവാനും ഉത്തരവിട്ടു. ഈ ഉത്തരവിൻ പ്രകാരം കോടതി തന്നെ നിയോഗിച്ച കമ്മീഷൻ 2011 ജൂൺ 27 - ന് ആദ്യ കണക്കെടുപ്പ് നടത്തി. ക്ഷേത്രത്തിലെ ആറുനിലവറകളിൽ ഒന്നു മാത്രം തുറന്നപ്പോൾ 450 കോടി രൂപയോളം വിലമതിക്കുന്ന സ്വർണം, വെള്ളി എന്നിവ ലഭിച്ചു[36].
ആകെയുള്ള ആറ് രഹസ്യഅറകളിൽ നാല് അറകൾ തുറന്നു പരിശോധിച്ചപ്പോൾ പൊൻകിരീടവും മാലകളും രത്‌നങ്ങളും ഉൾപ്പെടെ ഏകദേശം 90,000 കോടി രൂപ വില മതിക്കുന്ന നിധിശേഖരം കണ്ടെത്തി. പൈതൃകമൂല്യം കണക്കാക്കാതെയുള്ള മൂല്യമാണ് വിലയിരുത്തിയിട്ടുള്ളത്[37]. തന്മൂലം ക്ഷേത്രസുരക്ഷ ശക്തമാക്കുവാൻ സർക്കാർ തീരുമാനിച്ചു.
ഇതുംകാണുക[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]
തിരുവനന്തപുരം നഗരത്തിൽ കിഴക്കേകോട്ടയ്ക്കുള്ളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ചിത്രശാല[തിരുത്തുക]
- ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽനിന്നുള്ള വിവിധ ചിത്രങ്ങൾ
അവലംബം[തിരുത്തുക]
- ↑ പത്മനാഭസ്വാമിക്ഷേത്രം - തിരുവനന്തപുരം
- ↑ കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
- ↑ കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
- ↑ മതിലകം ഗ്രന്ഥവരികൾ -- ശങ്കുണ്ണി മേനോൻ -- തിരുവിതാംകൂർ ചരിത്രം
- ↑ വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്
- ↑ വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്
- ↑ വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്
- ↑ വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്
- ↑ മതിലകം രേഖകൾ -- തിരുവിതാകൂർ ചരിത്രം -- ശങ്കുണ്ണിമേനോൻ
- ↑ വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്
- ↑ കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
- ↑ തിരുവിതാംകൂർ ചരിത്രം -- പി.ശങ്കുണ്ണി മേനോൻ
- ↑ സ്യാനന്ദൂര പുരാണ സമുച്ചയം -- തിരുവിതാംകൂർ ചരിത്രം -- പി.ശങ്കുണ്ണി മേനോൻ
- ↑ കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ -- പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം
- ↑ കേരള ചരിത്രം -- എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
- ↑ മതിലകം രേഖകൾ, തിരുവിതാംകൂർ ചരിത്രം -- പി.ശങ്കുണ്ണി മേനോൻ
- ↑ കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ -- പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം
- ↑ തിരുവിതാംകൂർ ചരിത്രം -- പി.ശങ്കുണ്ണി മേനോൻ
- ↑ കേരള ചരിത്രം -- എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
- ↑ കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ -- പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം
- ↑ കേരള ചരിത്രാധാരങ്ങൾ -- നടുവട്ടം ഗോപാലകൃഷ്ണൻ
- ↑ മതിലകം രേഖകൾ -- ശങ്കുണ്ണി മേനോൻ
- ↑ തിരുവനന്തപുരത്തിന്റെ ഇതിഹാസം -- പട്ടം ജി.രാമചന്ദ്രൻ നായർ.
- ↑ ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി -- കറന്റ് ബുക്സ്
- ↑ കേരള ചരിത്രാധാരങ്ങൾ -- നടുവട്ടം ഗോപാലകൃഷ്ണൻ
- ↑ കേരള സംസ്കാരം -- ഭാരതീയ പശ്ചാത്തലത്തിൽ; എ. ശ്രീധര മേനോൻ
- ↑ കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ, കേരള സാഹിത്യ അക്കാദമി - വി.വി.കെ വാലത്ത്
- ↑ സ്ഥലനാമ കൗതുകം -- പി.എ.രാമചന്ദ്രൻ നായർ -- റെയിൻബോ ബുക്ക് പബ്ലിക്കേഷൻസ്
- ↑ മതിലകം രേഖകൾ -- തിരുവിതാംകൂർ ചരിത്രം -- ശങ്കുണ്ണി മേനോൻ
- ↑ വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്
- ↑ http://www.corporationoftrivandrum.in/node/282
- ↑ മാതൃഭൂമി - മിത്രാനന്ദപുരം തീർത്ഥം
- ↑ കേരള ചരിത്രാധാരങ്ങൾ -- നടുവട്ടം ഗോപാലകൃഷ്ണൻ
- ↑ മനോരമ വെബ്‌സൈറ്റ് - 31 ജനുവരി 2011
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 684. 2011 ഏപ്രിൽ 04. ശേഖരിച്ചത് 2013 മാർച്ച് 12.
- ↑ ക്ഷേത്രത്തിലെ കണക്കെടുപ്പ്; മാതൃഭൂമി
- ↑ 20,000 തങ്കത്തിരുമുഖവും വിഷ്ണുവിഗ്രഹവും കിട്ടി; മൂല്യം 90,000 കോടി കവിഞ്ഞു