ക്ഷേത്രപ്രവേശന വിളംബരം
തിരുവതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്. തിരുവതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിക്കപ്പെടുന്നു[1]. 1829-ൽ സതി നിരോധിച്ചശേഷം സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ നിലവിൽവന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടുന്നുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] പശ്ചാത്തലം
ഹിന്ദുമതത്തിൽ നിലനിന്നിരുന്ന സാമൂഹിക ദുരാചാരങ്ങളിലൊന്നായിരുന്നു അയിത്തം. ജാതീയമായി താഴേക്കിടയിലുള്ളവർക്ക് പൊതുസ്ഥലങ്ങളിലും മറ്റും പ്രവേശനം നിഷേധിച്ചിരുന്നതും ഈ അയിത്താചരണത്തിന്റെ ഭാഗമായാണ്. മതാചാരത്തിന്റെ ഭാഗമായിക്കണ്ടിരുന്നതിനാൽ ഇതിനെതിരെ അവർണ്ണരിൽ നിന്നും കാര്യമായ പ്രതിഷേധമുയർന്നിരുന്നില്ല. എന്നാൽ സതി നിരോധനത്തിനുശേഷം ഇന്ത്യയിലെമ്പാടും ജാതീയമായ വിവേചനങ്ങൾക്കെതിരെ നിശ്ശബ്ദ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങി.
കീഴ്ജാതിക്കാരുടെ അവശതകൾക്കു പരിഹാരം കാണാനുള്ള ശ്രമം തിരുവതാംകൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ തുടങ്ങിയിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയിൽ വൈകുണ്ഠസ്വാമി തുടക്കം കുറിച്ച സമത്വസമാജം ഈ ലക്ഷ്യം വച്ചുള്ളതായിരുന്നു. പിന്നീടു തിരുവതാംകൂറിന്റെ മണ്ണിൽ ഒട്ടേറെ നവോത്ഥാന നായകർ കടന്നുവന്നു. ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, ഡോ. പല്പു, മഹാകവി എൻ. കുമാരനാശാൻ, സി.വി. കുഞ്ഞുരാമൻ, ടി.കെ. മാധവൻ, അയ്യൻകാളി തുടങ്ങിയവർ തങ്ങളുടെ പ്രബോധനങ്ങളിലൂടെ ജാതിചിന്തയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കി. ഇവയ്ക്കുപുറമേ അയ്യൻകാളിയെയും ടി.കെ. മാധവനെയും പോലുള്ളവർ നിയമസഭയിലും അവർണ്ണർക്കുവേണ്ടി ശബ്ദമുയർത്തി.
[തിരുത്തുക] വൈക്കം സത്യാഗ്രഹം
ക്ഷേത്രപ്രവേശന വിളംബരത്തിനു വഴിതെളിച്ച മറ്റൊരു സംഭവമായിരുന്നു 1925ലെ വൈക്കം സത്യാഗ്രഹം. ക്ഷേത്രങ്ങളിലേക്കുള്ള പൊതുവഴിയിൽ അവർണ്ണർക്കു സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാനായിരുന്നു ഈ സമരം. അമ്പലപ്പുഴയിലും തിരുവാർപ്പിലും സമാനമായ സമരങ്ങൾ അരങ്ങേറി. മഹാത്മാ ഗാന്ധിയുടെ സാന്നിധ്യംകൊണ്ട് വൈക്കം സത്യാഗ്രഹം ദേശീയ ശ്രദ്ധനേടുകയും ചെയ്തു. സമരത്തിന്റെ ഫലമായി വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴി അവർണ്ണർക്കു തുറന്നുകൊടുത്തു. തിരുവതാംകൂറിലെ ജനങ്ങൾക്കിടയിൽ ക്ഷേത്രപ്രവേശനത്തിനനുകൂലമായ മനോഭാവം സൃഷ്ടിക്കുന്നതിൽ വൈക്കം സത്യാഗ്രഹം വഹിച്ച പങ്കു നിസാരമല്ല.
[തിരുത്തുക] സർ സി.പിയുടെ പങ്ക്
ക്ഷേത്രപ്രവേശനത്തിനായുള്ള ചെറുസമരങ്ങൾ അവിടവിടെ അരങ്ങേറിയെങ്കിലും വിളംബരം പുറത്തിറങ്ങാൻ പ്രബലമായൊരു കാരണം ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ മഹാരാജാവിൽ ചെലുത്തിയ പ്രേരണയാണ്. കൊച്ചി രാജ്യത്തെ ദിവാനായിരുന്ന ഷൺമുഖം ചെട്ടി നടപ്പാക്കിയ ദ്വിഭരണ സമ്പ്രദായത്തിന്റെ കീർത്തിയിൽ നിന്നും പൊതുജനശ്രദ്ധ തിരുവതാംകൂറിലേക്കു തിരിക്കുന്നതിനാണ് സി.പി. ഇത്തരമൊരു നിലപാടെടുത്തതെന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ വാദിക്കുന്നു. എന്നാൽ ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തിൽ സർ സി.പിയുടേതു പുരോഗമന മനസായിരുന്നുവെന്ന് ആധുനിക ചരിത്രകാരന്മാരിലധികവും സമർത്ഥിക്കുന്നുണ്ട്.
[തിരുത്തുക] ക്ഷേത്രപ്രവേശന സമിതി
1932-ൽ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കുന്നതിന് അന്നത്തെ ദിവാനായ വി.എസ്. സുബ്രഹ്മണ്യയ്യർ അധ്യക്ഷനായുള്ള എട്ടംഗ സമിതിയെ മഹാരാജാവു നിയോഗിച്ചിരുന്നു. സമിതി രണ്ടുവർഷത്തിനുശേഷം സമർപ്പിച്ച റിപ്പോർട്ടിൽ പക്ഷേ ക്ഷേത്രപ്രവേശനത്തിനനുകൂലമായ പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. അവർണ്ണരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കാൻ സവർണ്ണർക്ക് പരമ്പരാഗതമായുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന കോടതിയുത്തരവുകളായിരുന്നു സമിതി പ്രധാനമായും ആശ്രയിച്ചത്. ക്ഷേത്രപ്രവേശനം എന്ന കാതലായ വിഷയം മാറ്റിവച്ച് തീണ്ടൽ അവസാനിപ്പിക്കാനുള്ള ചില നടപടികൾ സമിതി ശുപാർശചെയ്തു. സർക്കാർ ഖജനാവിൽ നിന്നു പണം ചെലവഴിച്ചു നിർമ്മിച്ച റോഡുകളും പൊതുകുളങ്ങളും എല്ലാവിഭാഗം ജനങ്ങൾക്കുമായി തുറന്നുകൊടുക്കണമെന്നായിരുന്നു സമിതിയുടെ ശുപാർശ. ഇതു 1936 മേയ് മാസത്തിൽ നടപ്പിലാക്കി.
[തിരുത്തുക] മതപരിവർത്തന ഭീഷണി
ജാതീയമായ ഉച്ചനീചത്വങ്ങളിൽ മനംമടുത്ത അവർണ്ണ ഹിന്ദുക്കൾ വ്യാപകമായി മതപരിവർത്തനത്തിനു തയാറായതാണ് ക്ഷേത്രപ്രവേശനത്തിനനുകൂലമായ തീരുമാനമെടുക്കാനുണ്ടായ മറ്റൊരു കാരണം. ഹിന്ദുമതം ഉപേക്ഷിച്ചുപോരാൻ ദളിതരോട് അക്കാലത്ത് അംബേദ്കർ ആഹ്വാനം ചെയ്തിരുന്നു. അവർണ്ണർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നൽകി ക്രൈസ്തവ മിഷണറിമാരും മതപരിവർത്തനത്തെ പ്രോത്സാഹിപ്പിച്ചു. ഹിന്ദുമതത്തിൽ നിന്നും വൻതോതിലുള്ള കൊഴിഞ്ഞുപോക്ക് മുന്നിൽക്കണ്ട ഹൈന്ദവനേതാക്കൾ അവർണ്ണരോടുള്ള അവഗണന അവസാനിപ്പിക്കാൻ കുറഞ്ഞതല്ലാത്ത പ്രേരണ ചെലുത്തിയെന്നുവേണം കരുതുവാൻ.
[തിരുത്തുക] സവർണ്ണരുടെ പിന്തുണ
തിരുവതാംകൂറിലെ ജാതിവിരുദ്ധ സമരങ്ങൾക്ക് മിക്കപ്പോഴും പുരോഗമന ചിന്താഗതിക്കാരായ സവർണ്ണ ഹിന്ദുക്കളിൽനിന്നും പിന്തുണകിട്ടിയിരുന്നു. ടി.കെ. മാധവൻ അയിത്തത്തിനെതിരായ സമരത്തിൽ മന്നത്ത് പത്മനാഭൻ, ചങ്ങനാശേരി പരമേശ്വരൻ പിള്ള തുടങ്ങിയ സവർണ്ണ നേതാക്കളുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു. ശ്രീനാരായണഗുരുവിന്റെ അനുയായികൾ രൂപവത്കരിച്ച എസ്.എൻ.ഡി.പി. യോഗവും അയ്യൻകാളി സ്ഥാപിച്ച സാധുജന പരിപാലന സംഘവുമായിരുന്നു തിരുവതാംകൂറിൽ അയിത്തോച്ചാടനത്തിനുവേണ്ടി മുറവിളികൂട്ടിയ സംഘടനകൾ. ഇവരുടെ നിലപാടുകൾക്ക് നമ്പൂതിരിമാരുടെ യോഗക്ഷേമസഭ, നായർ സർവീസ് സൊസൈറ്റി എന്നീ സവർണ്ണ ഹൈന്ദവ സംഘടനകളും പിന്തുണ നൽകിയതു ഗുണപരമായിത്തീർന്നു.
[തിരുത്തുക] വിളംബരം
അശോകശാസനത്തിലെ ഭാഷയെയും ശൈലിയെയും അനുസ്മരിപ്പിക്കുന്നതായിരുന്നു വിളംബരത്തിന്റെ ഉള്ളടക്കം. മഹാരാജാവിനുവേണ്ടി സർ സി.പിയാണ് വിളംബരത്തിന്റെ ഉള്ളടക്കം തയാറാക്കിയതെന്നു കരുതപ്പെടുന്നു. 1936 നവംബർ 12നു പുറത്തിറങ്ങിയ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പൂർണ്ണരൂപം താഴെച്ചേർക്കുന്നു.
“ശ്രീപദ്മനാഭദാസ വഞ്ചിപാലസർ രാമവർമകുലശേഖര കിരീടപതിമന്നേ സുൽത്താൻ മഹാരാജ രാമരാജ ബഹദൂർ ഷംഷെർ ജംഗ്,നൈറ്റ് ഗ്രാൻഡ് കമാൻഡർ ഓഫ് ദ് ഇന്ത്യൻ എംപയർ, തിരുവതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് 1936-നു 12-നുക്കു ശരിയായ 1112 തുലാം 12-ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം: “നമ്മുടെ മതത്തിന്റെ പരമാർത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും ആയതു ദൈവികമായ അനുശാസനത്തിലും സർവവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവർത്തനത്തിൽ അതു ശതവർഷങ്ങളായി കാലപരിവർത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളിൽ ആർക്കുംതന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാൻ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാൽ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാൽ, സമുചിതമായ പരിതസ്ഥിതികൾ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചിയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും ഗവൺമെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ലെന്നാകുന്നു”
[തിരുത്തുക] മറ്റു വിളംബരങ്ങൾ
കൊച്ചിയിൽ 1947 ഡിസംബർ 20നാണ് ഇത്തരം ഒരു ഉത്തരവ് വന്നത്.
മദിരാശി സർക്കാർ മലബാറിലെ പൊതുക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചുള്ള ഉത്തരവ് 1947 ജൂൺ 12 പുറപ്പെടുവിച്ചു.
[തിരുത്തുക] അവലംബം
- ↑ "വാക്കിന്റെ ചതുപ്പുനിലങ്ങൾ" (in മലയാളം). മലയാളം വാരിക. 2013 ഫെബ്രുവരി 22. ശേഖരിച്ചത് 2013 ഫെബ്രുവരി 19.
- സർ സി.പി. തിരുവതാംകൂർ ചരിത്രത്തിൽ - എ. ശ്രീധരമേനോൻ, കറന്റ് ബുക്സ്
- കേരള ചരിത്രം - ഡോ. രാജൻ ഗുരുക്കൾ
- ക്ഷേത്രപ്രവേശന വിളംബരം - മലയാള മനോരമ ലേഖനം, നവംബർ 8, 2002