ടിപ്പു സുൽത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിപ്പു സുൽത്താൻ
മൈസൂരിന്റെ ഭരണാധികാരി
[[File:Portrait of Tippu Sultan, 1792|frameless|alt=]]
ഭരണകാലം 1782–1799
അടക്കം ചെയ്തത് ശ്രീരംഗപട്ടണം
മുൻ‌ഗാമി ഹൈദർ അലി
പിതാവ് ഹൈദർ അലി
മാതാവ് ഫക്രുന്നിസ

പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ. (യഥാർത്ഥനാമം ഫത്തേ അലിഖാൻ ടിപ്പു. ജനനം: 1750 നവംബർ 20- മരണം:1799 മേയ് 4.) ഹൈദരലിയ്ക്ക് ഫക്രുന്നിസ എന്ന രണ്ടാം ഭാര്യയിലുണ്ടായ ആദ്യത്തെ മകൻ. ഹൈദരലിയുടെ മരണശേഷം (1782) മുതൽ മരണം വരെ മൈസൂരിനെ ഭരിച്ചു. ഒരു സമർത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു. [1] മൈസൂർ കടുവ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

ഇന്നത്തെ കോലാർ ജില്ലയിലുള്ള ദേവനഹള്ളിയിലാണ് ജനിച്ചത്. ജനനത്തിയതിയെപറ്റി തർക്കങ്ങൾ ഉണ്ട് എങ്കിലും 1750 ലാണ് അദ്ദേഹം ജനിച്ചതെന്ന് കരുതുന്നു. പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു.

ഹൈദരലി തന്റെ മകനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. ഇതിനു ഹൈദരുടെ സുഹൃത്തുക്കളായ ഫ്രഞ്ച് ഓഫീസർമാരുടെ സഹായം ഉണ്ടായിരുന്നു. യുവാവായപ്പോൾ തന്നെ ടിപ്പു യുദ്ധങ്ങളിൽ പിതാവിനെ സഹായിച്ചു തുടങ്ങി. ടിപ്പുവിന്‌ 15 വയസ്സുള്ളപ്പോൾ ആദ്യത്തെ ആംഗ്ലോ-മൈസൂർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു (1766). ഇതിൽ ടിപ്പു തന്റെ പിതാവിനൊപ്പം ഇംഗ്ലീഷുകാർക്കെതിരായി യുദ്ധം ചെയ്യുകയുണ്ടായി. 1767-ൽ കർണ്ണാടകത്തിലേക്ക് പടയോട്ടം നയിച്ചതിൽ കാലാൾപ്പടയുടെ ഒരു വൻ വിഭാഗത്തിന്റെ നേതൃത്വം ടിപ്പുവിനായിരുന്നു. പിന്നീട് 1775 ലാരംഭിച്ച ആംഗ്ലോ-മറാത്താ യുദ്ധത്തിലും ടിപ്പു തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. 1780-ൽ ഹൈദരിനൊപ്പം ഫ്രഞ്ചുകാരുടെ സഹായത്തോടെ കടലൂരിലേക്ക് പടയോട്ടം നടത്തി.

1782-ൽ ഹൈദരലി മരണമടഞ്ഞതോടെ മൈസൂരിന്റെ അടുത്ത ഭരണാധികാരിയായി ടിപ്പു. ഹൈദർ മരിച്ച സമയത്ത് ടിപ്പു മലബാറിൽ സൈന്യത്തെ നയിക്കുകയായിരുന്നു. കേരളത്തിൽ ടിപ്പു ഇംഗ്ലീഷ് സൈന്യവുമായാണ്‌ പ്രധാനമായും ഏറ്റുമുട്ടിയത്[അവലംബം ആവശ്യമാണ്].

മരണമടഞ്ഞ ടിപ്പുവിന്റെ ശരീരം കണ്ടെത്തിയത് ഇവിടെയാണ്‌

ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സാമ്രാജ്യത്ത്വ വികസനത്തിൻറെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ടിപ്പു സുൽത്താന്റെ കാലമായപ്പോഴേക്കും യൂറോപ്പിലെ നെപ്പോളിയൻ യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവർ ത്വരിതപ്പെടുത്തി. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയിൽ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന്‌ അവർ അദ്ദേഹത്തിന്റെ മതഭ്രാന്തിനേയും ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു.[അവലംബം ആവശ്യമാണ്]

[തിരുത്തുക] സാമ്രാജ്യ വികസനം

ടിപ്പുവിന്റെ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങൾ

[തിരുത്തുക] കേരളത്തിൽ

കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങൾ ഹൈദരലിയേയും തുടർന്ന് ടിപ്പു സുൽത്താനെയും ഇങ്ങോട്ട് ആകർഷിക്കുകയുണ്ടായി. പ്രധാനമായും ടിപ്പു കേരളത്തിൽ പോരാടിയത് ബ്രിട്ടീഷുകാരോടും പഴശ്ശിരാജായോടുമാണ്. ഫ്രഞ്ച് സാങ്കേതികവിദ്യയുമായി യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിർത്ത് നിൽക്കാൻ പരമ്പരാഗത യുദ്ധമുറകൾ അനുവർത്തിച്ചുവന്ന കേരളത്തിലെ നാട്ടുരാജാക്കന്മാർക്ക് ശേഷിയില്ലായിരുന്നു.

സാമൂതിരിയോടു ടിപ്പു വൻ നികുതി ആവശ്യപ്പെട്ടുവെന്നും അതു കൊടുക്കാനോ ടിപ്പുവുമായി യുദ്ധം ചെയ്യാനോ നിവൃത്തിയില്ലായിരുന്ന സാമൂതിരി ടിപ്പുവിനു മുന്നിൽ കീഴടങ്ങാതെ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] സാമൂതിരിവാഴ്ച ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് അവസാനിച്ചത്. എന്നാൽ അതിനു മുമ്പ് ഹൈദരാലിയുടെ കാലത്തു തന്നെ സാമൂതിരിയുടെ ഭരണം അവസാനിച്ചിരുന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. കേരളത്തിന്റെ പെരിയാറിനു വടക്കോട്ടുള്ള ഭാഗം ഏതാണ്ട് മുഴുവനായും ടിപ്പുവിന്റെ കൈവശമായ അവസരം ഉണ്ടായിട്ടുണ്ട്.

മുമ്പ് പിതാവ് ഹൈദർ അലിയുടെ മുന്നിൽ തന്നെ കീഴടങ്ങിയിരുന്ന കൊച്ചി രാജാവിനെ ടിപ്പു കാര്യമായി ആക്രമിച്ചില്ല എന്നും പറയപ്പെടുന്നു. എന്നാൽ ഏതാനും ചില വടക്കൻ പട്ടണങ്ങളിലൊഴികെ തിരുവിതാംകൂറിൽ പ്രവേശിക്കാൻ ടിപ്പുവിനു കഴിഞ്ഞിരുന്നില്ല. തിരുവിതാംകൂർ ആക്രമിക്കാനുള്ള പദ്ധതിയോടെ പെരിയാറിന്റെ തീരത്തു വന്നു തമ്പടിച്ച സൈന്യത്തിനു അന്നു രാത്രി ഉണ്ടായ വെള്ളപ്പൊക്കത്തിൽ വൻനാശനഷ്ടമുണ്ടാവുകയും തുടർന്ന് ടിപ്പു മടങ്ങിപ്പോവുകയുമാണ് ചെയ്തതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് തിരുവിതാംകൂറിലെ രാജാവായിരുന്ന രാമ വർമ്മ രാജയുടെ മന്ത്രിമുഖ്യൻ പെരിയാറ്റിൽ ഉണ്ടായിരുന്ന തടയണ പൊട്ടിച്ചു വിട്ടുണ്ടാക്കിയ കൃത്രിമ വെള്ളപ്പൊക്കമായിരുന്നു അതെന്നും വിശ്വാസമുണ്ട്. സി.വി. രാമൻപിള്ളയുടെ മൂന്നു ചരിത്രാഖ്യായികകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന രാമരാജബഹദൂർ എന്ന പുസ്തകത്തിൽ ടിപ്പുവിന്റെ ആക്രമണത്തെക്കുറിച്ചുള്ള ആകുലത എമ്പാടും കാണാവുന്നതാണ്.

[തിരുത്തുക] സഞ്ചാരപാതകളുടെ വികാസം

ടിപ്പു സുൽത്താന്റെ ആക്രമണം, കേരളത്തിലേക്കുള്ള പാതകളുടെ വികാസത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട് എന്നു കരുതുന്നു.[2]ഇപ്പോൾ ദേശീയപാത 212 ആക്കി മാറ്റിയ സുൽത്താൻ ബത്തേരി -മൈസൂർ റോഡ് വാഹന ഗതഗതത്തിനു പറ്റിയ രീതിയിൽ പുനർ നിർമ്മിച്ചത് ടിപ്പു സുൽത്താനാണ്.സ്വതന്ത്ര ഇന്ത്യയിൽ ഇന്നു വരെ ഇത്രയും തന്ത്രപ്രധാനമായ ഒരു പാത നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായമുണ്ട്.[3]

[തിരുത്തുക] വിമർശനങ്ങൾ

ടിപ്പുസുൽത്താൻ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തിയിരുന്നു എന്നു വിമർശനങ്ങളുണ്ട്. സംഘപരിവാർ പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത് എന്നു പരാമർശിക്കാറുണ്ട്[4]. ആർ.എസ്.എസ്. അതിന്റെ മുഖപത്രത്തിൽ ടിപ്പു നൂറുകണക്കിനു നായർ കുടുംബങ്ങളെ ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം നടത്തി എന്നു പറയുന്നു [5]. സ്ഥല പേരുകളോട് പോലും ടിപ്പു അസഹിഷ്ണുത കാണിച്ചു, (മാഗ്ലൂരിനെ ജലാലബാദ് എന്നും കണ്ണൂരിനെ കുസനാബാദ് എന്നും ബേപ്പൂരിനെ സുൽത്താൻപട്ടണം എന്നുമാണ് ടിപ്പുവിന്റെ കാലത്ത് വിളിച്ചിരുന്നത്. ടിപ്പുവിന്റെ കാലത്തിന് ശേഷം ജനങ്ങൾ പഴയപേരുകൾ ഉപയോഗിക്കാൻ തുടങ്ങി) കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി, പേർഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി, ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ പേർഷ്യ, അഫ്ഘാനിസ്ഥാൻ, തുർക്കി എന്നീ മുസ്ലീം രാജ്യങ്ങളുടെ സഹായം തേടി, മലബാറിൽ ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും നശിപ്പിച്ചു, ചില ക്ഷേത്രങ്ങളെ മുസ്ലീം പള്ളികളാക്കി, തെക്കെ ഇന്ത്യയിലെ തന്റെ രാജ്യം വലുതാക്കാൻ അയൽ രാജ്യങ്ങളെയെല്ലാം ആക്രമിച്ചപ്പോൾ ഹൈദരാബാദിലെ നൈസാമിനെ ആക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ചു തുടങ്ങിയവ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി പറയപ്പെടാറുണ്ട്[6].

1999 -ൽ ടിപ്പുവിന്റെ മരണത്തിന്റെ ഇരുനൂറാം വാർഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകൾക്കുള്ളിൽ കർണ്ണാടകയിൽ ഇക്കാര്യത്തിൽ വൻവിവാദം തന്നെ പൊട്ടി പുറപ്പെട്ടു. ഹിന്ദുമതത്തിനോട് കടുത്ത അസഹിഷ്ണുത കാട്ടുകയും ദ്രോഹങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ടിപ്പുവിന്റെ മരണം ആചരിക്കാൻ പണം ചിലവഴിക്കുന്നത് ദുർവ്യയമാണെന്നു ബജ്‌‌രംഗ്‌‌ ദൾ, വിശ്വഹിന്ദു പരിഷത് നേതാക്കൾ വാദിച്ചു[7]. അതിനു മുമ്പേ "ടിപ്പുവിന്റെ വാൾ" എന്ന ദൂരദർശൻ പരമ്പരയെ തുടർന്ന് വൻവിവാദങ്ങളുണ്ടായിട്ടുണ്ട്. പരമ്പരയേയും ടിപ്പുവിനേയും മുച്ചൂടും വിമർശിച്ച് ബോംബെ മലയാളി സമാജം ആദ്യം എഴുതുകയും പിന്നീട് വോയിസ് ഓഫ് ഇന്ത്യ പ്രസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത "ടിപ്പു സുൽത്താൻ വില്ലനോ നായകനോ" എന്ന ലേഖന സമാഹാര പുസ്തകത്തിൽ ടിപ്പുവിനുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന മതപരമായ അസഹിഷ്ണുതയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ടിപ്പു നിർബന്ധിത മതം മാറ്റം നടത്തിയതിനു തെളിവായി ടിപ്പു മറ്റുള്ളവർക്കയച്ച കത്തുകൾ ഇതിനുപോത്ബലകമാകത്തക്ക വിധത്തിൽ പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. വില്യം കിർക്ക്പാട്രിക്ക് എന്നൊരാൾ ശേഖരിച്ച് 1811-ൽ പ്രസിദ്ധീകരിച്ചതായി ടിപ്പുസുൽത്താൻ വില്ലനോ നായകനോ എന്ന പുസ്തകത്തിൽ പറയുന്ന "ടിപ്പുസുൽത്താന്റെ തിരഞ്ഞെടുത്ത കത്തുകൾ" എന്ന പുസ്തകത്തിൽ നിന്നുള്ളവയാണ് ഇവയിലേറെയും. ഈ ഗണത്തിൽ പെടുന്ന കുറേ മറ്റു കത്തുകൾ കേരളത്തിലെ ചരിത്രകാരനായിരുന്ന കെ.എൻ. പണിക്കർ ശേഖരിച്ചതായി പുസ്തകത്തിൽ കൊടുത്തിട്ടുണ്ട് [8]. ദക്ഷിണേന്ത്യ മുഴുവൻ പിടിച്ചെടുത്ത ശേഷം എപ്രകാരമോ ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയുടെ സുൽത്താനാകാമെന്നല്ലാതെ ദേശസ്നേഹ വിചാരങ്ങളൊന്നും ടിപ്പുവിനില്ലായിരുന്നുവെന്നും, ടിപ്പു നശിപ്പിച്ച നിരവധി പ്രധാന ക്ഷേത്രങ്ങളുടെ പേരും പുസ്തകത്തിന്റെ ആമുഖത്തിൽ പി.സി.എൻ. രാജ എഴുതിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലുവായിലും അതിനു വടക്കുമുണ്ടായിരുന്ന സിറിയൻ കത്തോലിക്കരുടെ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിഭൂമിയും നശിപ്പിക്കപ്പെട്ടുവെന്നു പറയപ്പെടുന്നു[9]. ഗുരുവായൂരിനും പരിസരപ്രദേശത്തുമുള്ള പള്ളികളും അമ്പലങ്ങളും കൊള്ളയടിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. 1784-ൽ മംഗലാപുരത്തു നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചുവെന്നും, നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കിയെന്നും, വളരെയധികം ആൾക്കാരെ തടവിലാക്കിയെന്നും, അവർ പതിനാറു വർഷങ്ങൾ കഴിഞ്ഞ് ടിപ്പുവിന്റെ മരണത്തിനു ശേഷമാണ് സ്വതന്ത്രരായതെന്നും പറയപ്പെടുന്നുണ്ട്[10].

2006-ൽ കർണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡി.എച്ച്. ശങ്കരമൂർത്തി പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കണമെന്നാവശ്യപ്പെട്ടത് വിവാദമായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ, അമ്പലങ്ങൾ നശിപ്പിച്ച, കന്നടയ്ക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയാക്കിയ ടിപ്പുവിനെ വീരനായകനായി കണക്കാക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാപക എതിർപ്പുകൾക്കിടയിലും ശങ്കരമൂർത്തി വാക്കുകൾ പിൻവലിക്കാൻ തയ്യാറായില്ല, പകരം പേർഷ്യനിൽ നാണയങ്ങൾ ഉണ്ടാക്കിയ, തന്റെ രണ്ടു കരവാളിലൊന്നിൽ പേർഷ്യനിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലാനുള്ള ആഗ്രഹം കൊത്തിവെച്ച ആളാണ് ടിപ്പുവെന്നു പറയുകയാണുണ്ടായത്[11]. വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ കേരളത്തിൽ ടിപ്പുവും സൈന്യവും നശിപ്പിച്ച ക്ഷേത്രങ്ങളുടെ കുറിപ്പ് കൊടുത്തിട്ടുണ്ട്. [12]

എന്നാൽ പടയോട്ടക്കാലത്ത് ക്ഷേത്രങ്ങൾ തകർത്തെങ്കിലും പിന്നീട് ക്ഷേത്രങ്ങൾക്ക് ഉദാരമായ സംഭാവനകൾ ടിപ്പു സുൽത്താൻ നൽ‍കിയിട്ടുണ്ട് എന്ന് ചരിത്രകാരൻ കെ. എൻ പണിക്കർ ചൂണ്ടിക്കാണിക്കുന്നു. മറാത്തക്കാർ ആകമിച്ച് നശിപ്പിച്ച ശൃംഗേരി മഠം പുനർനിർമ്മിക്കാൻ ടിപ്പു സുൽത്താൻ സഹായിച്ചു എന്നും കെ.എൻ പണിക്കർ പറയുന്നുണ്ട്.[13]

[തിരുത്തുക] ടിപ്പുവിന്റെ മിസൈൽ പദ്ധതികൾ

ലോകത്ത് ആദ്യമായി യുദ്ധത്തിൽ റോക്കറ്റ് ഉപയോഗിക്കുന്നത് ടിപ്പുസുൽത്താനാണ്. ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂർ(1780)പൊളില്ലൂർ (1780) സെപ്റ്റംബർ യുദ്ധത്തിലും, (1792)ലെയും (1797) ലെയും ശ്രീരംഗപട്ടണം യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേൽക്കൈ നേടാനായത് അദ്ദേഹത്തിന്റെ മിസ്സൈൽ രെജിമെന്റിന്റെ സഹായം കൊണ്ടാണ്. മുൻ ഇന്ത്യൻ രാഷ്ട്രപതി ശ്രീ എ.പി.ജെ. അബ്ദുൽ കലാം അമേരിക്കാ സന്ദർശനത്തിനിടയിൽ നാസയുടെ വിർജീനിയാ ലാബിൽ ടിപ്പുവിന്റെ മിസൈൽ കണ്ടതായും[14], മൈസൂർ യുദ്ധത്തിനിടെ ബ്രിട്ടീഷുകാർ കടത്തിയ ഈ മിസൈലിന്റെ സാങ്കേതിക വിദ്യ ഇപ്പോഴും അവിടെ ഗവേഷണ വിഷയമാണേന്നും അനുസ്മരിക്കുന്നുണ്ട്.[15] .കൂടാതെ പാക്കിസ്ഥാൻ അവരുടെ 4000 കി മീ റെയ്ഞ്ച് ഉള്ള ബാലിസ്റ്റിക് മിസൈലിന് ടിപ്പു എന്ന് പേരിടാൻ കാരണമായി പറയുന്നത് ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ മികവാണ്.[16]

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] അവലംബം

  1. എ. ശ്രീധരമേനോൻ, കേരളശില്പികൾ.നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.
  2. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റിംഗ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000
  3. ടിപ്പുസുൽത്താൻ ,പി കെ ബാലകൃഷ്ണൻ.
  4. Ashish (05/30/2008). "Hinduism" (ഇംഗ്ലീഷ് ഭാഷയിൽ). സംഘപരിവാർ. http://www.sanghparivar.org/forum/hinduism, ശേഖരിച്ചത്: 17 - സെപ്റ്റംബർ- 2009. 
  5. V.P. Bhatia (MARCH 21, 1999). "Cabbages & Kings Quoting the Prophet to liquidate the likes of Salman Rushdie" (ഇംഗ്ലീഷ് ഭാഷയിൽ). Organiser.org. http://www.organiser.org/march21/cabbage.html, ശേഖരിച്ചത്: 17 - സെപ്റ്റംബർ- 2009. 
  6. LATE P.C.N. RAJA (MARCH 21, 1999). "RELIGIOUS INTOLERANCE OF TIPU SULTAN, Part of Tipu Sultan, Villian Or Hero - An anthology" (ഇംഗ്ലീഷ് ഭാഷയിൽ). http://voi.org/books/tipu/ch02.htm, ശേഖരിച്ചത്: 17 - സെപ്റ്റംബർ- 2009. 
  7. .R. Srikanth (May 24, 1999). "An Icon Besmirched" (ഇംഗ്ലീഷ് ഭാഷയിൽ). ഔട്ട്‌‌ലുക്ക്. http://www.outlookindia.com/article.aspx?207498, ശേഖരിച്ചത്: 17 - സെപ്റ്റംബർ- 2009. 
  8. വ്യത്യസ്ത ലേഖകർ. Sita Ram Goel. ed (ഇംഗ്ലീഷ് ഭാഷയിൽ). Tipu Sultan, Villian Or Hero - An anthology. Voice Of India. ISBN 8185990085. 
  9. Olikara (May 6, 2007). "The Tiger and the Syrian Christians: Tipu Sultan’s ‘Padayottam’" (ഇംഗ്ലീഷ് ഭാഷയിൽ). Nasrani.net. http://nasrani.net/2007/05/06/the-tiger-and-the-syrian-christians-tipu-sultans-padayottam/, ശേഖരിച്ചത്: 17 - സെപ്റ്റംബർ- 2009. 
  10. "A Man with Mission & Vision" (ഇംഗ്ലീഷ് ഭാഷയിൽ). Daijiworld.com. http://www.daijiworld.com/chan/achievers_view.asp?a_id=28, ശേഖരിച്ചത്: 17 - സെപ്റ്റംബർ- 2009. 
  11. IANS (Sep 22, 2006). "Anti-Tipu remark sparks row in K'taka" (ഇംഗ്ലീഷ് ഭാഷയിൽ). ഐ.ബി.എൻ.. http://ibnlive.in.com/news/antitipu-remark-sparks-row-in-ktaka/22170-3.html, ശേഖരിച്ചത്: 17 - സെപ്റ്റംബർ- 2009. 
  12. വർഗീസ് അങ്കമാലി, ഡോ. ജോമോൻ തച്ചിൽ; അങ്കമാലി രേഖകൾ; മെറിറ്റ് ബുക്സ് എറണാകുളം 2002
  13. ഫ്രണ്ട്‌ലൈൻ, Volume 18 - Issue 01, Jan. 06 - 19, 2001
  14. ഫ്രന്റ് ലൈൻ ദ്വൈവാരിക 1998-സെപ്.12-25, വാള്യം 15 നം. 19.(http://www.hinduonnet.com/fline/fl1519/15190880.htm)
  15. http://tarandeep.livejournal.com/612.html
  16. http://www.fas.org/nuke/guide/pakistan/missile/tipu.htm

[തിരുത്തുക] പുറം കണ്ണികൾ

  1. പ്രമുഖ ചരിത്ര പണ്ഡിതൻ പ്രൊഫ.ടി.ബി.വിജയകുമാർ ടിപ്പു സുൽത്താനെ കുറിച്ച്
  2. ടിപ്പു സുൽത്താനെ കുറിച്ചുള്ള ലഘു ചലച്ചിത്രം
  3. ടിപ്പുവിന്റെ സാമൂഹിക പരിഷ്കരണ സംരംഭങ്ങൾ- സി.കെ. കരീം


India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...
"http://ml.wikipedia.org/w/index.php?title=ടിപ്പു_സുൽത്താൻ&oldid=1202160" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ