മഹാഭാരതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകള്‍
ഹൈന്ദവ വിഭാഗങ്ങള്‍ · ഗ്രന്ഥങ്ങള്‍

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധര്‍മം · അര്‍ത്ഥം · കാമം · മോക്ഷം
കര്‍മം · പൂജാവിധികള്‍ · യോഗ · ഭക്തി
മായ · യുഗങ്ങള്‍ · ക്ഷേത്രങ്ങള്‍

വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങള്‍
ഐതീഹ്യങ്ങള്‍ · മറ്റുള്ളവ

മറ്റ് വിഷയങ്ങള്‍

ഹിന്ദു
ഗുരുക്കന്മാര്‍ · ചാതുര്‍വര്‍ണ്യം
ആയുര്‍വേദം · ഉത്സവങ്ങള്‍ · നവോത്ഥാനം
ജ്യോതിഷം

സ്വസ്തിക

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളില്‍ ഒന്നാണ് മഹാഭാരതം. ( ഇംഗ്ലീഷില്‍: The Mahābhārata ദേവനാഗിരിയില്‍:महाभारतं). മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളില്‍ ഒന്നാണ്‌ ഇത്. മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേര്‍തിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങള്‍ നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങള്‍ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടര്‍ന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദ വ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഇന്ന് കാണുന്ന രീതിയില്‍ ഇത് എത്തിച്ചേര്‍ന്നത് വളരെകാലങ്ങളായുള്ള കൂട്ടിച്ചേര്‍ക്കലുകളിലൂടെയാണ്. മഹാഭാരതം ആദിപര്വ്വത്തില് പറയുന്നത് 8800 പദ്യങ്ങള് മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ്‌ എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാല് ലക്ഷം ശ്ലോകങ്ങളും ഉള്ള ഗ്രന്ഥമായി വളര്ന്നു എന്നു കാണാം. ഗുപ്തകാലത്താണ് ഒരു പക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലുപ്പത്തില്‍ എത്തിയത്.

ഉള്ളടക്കം

[തിരുത്തുക] കര്‍ത്തൃത്തവും കാലവും

മഹാഭാരതത്തിന്റെ കാലത്തെ ഭാരതത്തിന്റെ ഭൂപടം

വേദ വ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ 3800 വര്‍ഷം മുന്‍പാണ്‌ വ്യാസന്‍ ജീവിച്ചിരുന്നത്. പക്ഷേ വേദകാലത്തിനുശേഷം ഏതാണ്ട് ക്രി.വ. 950 ലാണ്‌ വ്യാസന്റെ ജനനം എന്ന് ഹസ്തിനാപുരത്തില്‍ നടത്തിയ ഉല്‍ഖനനങ്ങള്‍ സൂചിപ്പിക്കുന്നു.[1]

തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയില്‍ കവി മനുഷ്യകഥ കാണുകയും വ്യാസന്‍ പറഞ്ഞുകൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. അദ്ദേഹം ഒരേ സമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായി.

ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം മഹാഭാരതത്തിന്റെ കര്‍ത്താവ്‌ ഒരാളാകാന്‍ വഴിയില്ല. പല നൂറ്റാണ്ടുകളില്‍ പലരുടേയും പ്രതിഭാ പ്രവര്‍ത്തനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ്‌ വന്ന ഒരു അസാധാരണ ഗ്രന്ഥമാണ്‌ മഹാഭാരതം എന്നാണ്‌ അവരുടെ അഭിപ്രായം. കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌ എന്ന് ആദിപര്‍വ്വത്തില്‍ തന്നെ പറഞ്ഞിരിക്കുന്നു. അത്‌ 8000 ഗ്രന്ഥങ്ങള്‍(ശ്ലോകങ്ങള്‍) ഉള്ളതായിരുന്നത്രെ. പിന്നീടത്‌ 24000 ഗ്രന്ഥങ്ങളുള്ള ഭാരതസംഹിത എന്ന രൂപം പ്രാപിച്ചു. അതില്‍ നിന്നാണ്‌ ഇന്നുള്ള മഹാഭാരതം വളര്‍ന്നതും ഈ രൂപം പ്രാപിച്ചതും. എന്തായാലും ഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് മിക്കചരിത്രകാരന്മാരും സമ്മതിക്കുന്നു. ആദിപര്‍വ്വത്തില്‍ കുരുപാണ്ഡവ സേനകള്‍ കലിദ്വാപര യുഗങ്ങളുടെ ഇടയില്‍ സ്യമന്തപചകത്തില്‍ വച്ച്‌ യുദ്ധം ചെയ്തു എന്നാണ്‌ പറയുന്നത്‌. ക്രിസ്തുവിനു മുമ്പ്‌ 3102 ആണ്‌ അതെന്നാണ്‌ ചരിത്രകാരന്മാരുടെ പക്ഷം.

ഭാരതകഥയുടെ ആദ്യരൂപം എന്നാണ്‌ ഉണ്ടായതെന്ന് വ്യക്തമല്ല. അശ്വലായന്റെ ഗൃഹസൂത്രത്തിലും, ശംഖായന്റെ ശ്രൌതസൂത്രത്തിലും മഹാഭാരതം ഭാരതം മുതലായ വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നു. പാണിനീയത്തിലാകട്ടെ വസുദേവന്‍, അര്‍ജ്ജുനന്‍ മുതലായവരെ പരാമര്‍ശിച്ചിരിക്കുന്നു. ബുദ്ധമതത്തിന്റെ ഉദയകാലം തൊട്ട്‌ മഹാഭാരതം നിലനില്‍ക്കുന്നു. ക്രിസ്തുവിനു മുമ്പ്‌ അഞ്ഞൂറുമുതല്‍ ഇന്നു വരെ അതിന്‌ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ്‌ ചരിത്രകാരന്മാര്‍ പറയുന്നത്‌. പരാശരപുത്രനായ വ്യാസനാമം തൈത്തിരീയാരണ്യകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.ബുദ്ധന്‌ പൂര്‍വ്വജന്മത്തില്‍ 'കല്‍ഹദ്വൈപായന' എന്ന പേരുണ്ടായിരുന്നു എന്ന വിശ്വാസം സ്മരണീയം ആണ്‌. വ്യാസന്റെ മറ്റൊരു നാമം 'കൃഷ്ണദ്വൈപായനന്‍' എന്നായിരുന്നല്ലോ.

പലതെളിവുകളേയും അവലംബിക്കുമ്പോള്‍ മഹാഭാരതം ബുദ്ധനു മുന്‍പ്‌ തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം. അക്കാലത്ത്‌ അത്‌ ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല. ഏറ്റവും കുറഞ്ഞത്‌ ക്രിസ്തുവിനു മുമ്പ്‌ നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നു മാത്രം മനസ്സിലാക്കാം.

വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബഅംഗമായ വസിഷ്ഠമഹര്‍ഷിയുടെ പുത്രനായ പരാശരന്‌ ഒരു മുക്കുവ സ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസന്‍ എന്ന ദ്വൈപായനന്‍. അമ്മയെപോലെ തന്നെ കറുത്ത നിറമായതിനാല്‍ കൃഷ്ണ ദ്വൈപായനന്‍ എന്ന പേരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകന്‍ എന്ന മകന്‌ ജന്മവും നല്‍കിയിട്ടുണ്ട്. ദ്വൈപായനന്‍ യൗവ്വനകാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങള്‍ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആരീതിയിലാണ്‌ അവ ഇന്നും അറിയപ്പെടുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന്‌ ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നല്‍കി. ജനങ്ങള്‍ അദ്ദേഹത്തെ ആദരപൂര്വ്വം വേദവ്യാസന്‍ എന്ന് വിളിച്ചു തുടങ്ങി.

വ്യാസന്‍ നൈമിശാരണ്യത്തിലോ കുരുക്ഷേത്രത്തിനടുത്തോ വലിയ ഒരു ആരണ്യ സര്‍‌വ്വകലാശാല തന്നെ നടത്തയിരുന്നു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായാ ശുകമഹര്‍ഷിയുടെ പ്രഗത്ഭനായ ശിഷ്യനാണ്‌ ശുക്ലയജുര്‍‌വേദകര്‍ത്താവായ യാജ്ഞവല്‍ക്യന്‍. .[1]

ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ മൂന്ന് ഘട്ടങ്ങളിലൂടേയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത്.അതിലെ ആദ്യഘട്ടം മൂലകൃതിയുടെ രചനയില്‍ നിന്നുതുടങ്ങുന്നു.രണ്ട് കുലങ്ങള്‍ - കുരുവംശജരും പാണ്ഡവരും - തമ്മിലുള്ള കലഹമാണ് ഇതിവൃത്തം.വളരേക്കാലം ഇവർ തമ്മില്‍ വഴക്കിടുകയും അവസാനം ഒരു ജനതയായി മാറുകയും ചെയ്തു.ഈ ഐക്യത്തെ പറ്റി യജുര്‍‌വേദത്തില്‍ വിവരണമുള്ളതിനാല്‍ ബി.സി 10ആം നൂറ്റാണ്ടിനുമുന്‍‌പാണ് എന്ന് ചരിത്രം പറയുന്നു.ആദ്യകാലങ്ങളില്‍ ഗാനരൂപത്തിലാണ് ഈ കഥ പ്രചരിക്കപ്പെട്ടത്.ശേഷം വന്നവര്‍ കഥയെ ഗ്രന്ഥരൂപത്തിലാക്കി.ഇതാണ് മഹാഭാരതത്തിന്റെ ജയം എന്ന ആദ്യരൂപം.പാണ്ഡവരുടെ ജയം എന്നതാവാം ഈ ഗ്രന്ഥത്തിനു ഇത്തരമൊരു പേരുവരാന്‍ കാരണം. ബി.സി 5ആം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഗ്രന്ഥമായ അശ്വലായനഗൃഹ്യസൂത്രത്തില്‍ ഭാരതം എന്നൊരു കൃതിയെ പരാമർശിച്ചുകാണുന്നു.മൂലകൃതിയിൽ ബ്രഹ്മാവിനാണ് ഈശ്വരസങ്കല്പം. യുദ്ധഗാനങ്ങളെല്ലാം പില്‍ക്കാലത്ത് ക്രോഡീകരിച്ച് വ്യാസന്‍ ഗ്രന്ഥം രചിച്ചു എന്നതിനാല്‍ തന്നെ എഴുത്തുസമ്പ്രദായം കണ്ടുപിടിക്കപ്പെട്ടതിനുശേഷമാവണം ഇത് എന്ന് അനുമാനിക്കാം.

[തിരുത്തുക] ഉള്ളടക്കത്തിന്റെ പ്രത്യേകതകള്‍

മഹാഭാരതത്തിലെ ശ്ലോകങ്ങള്‍ പാശ്ചാത്യ ഇതിഹാസങ്ങളായ ഹോമറിന്റെ ഇലിയഡിലേയുംഒഡീസിയിലേയും ആകെ ശ്ലോകങ്ങളുടെ എട്ടിരട്ടി വരും. മഹാഭാരതത്തില്‍ ലക്ഷം ശ്ലോകങ്ങളുണ്ടെന്നാണ്‌ പ്രസിദ്ധിയെങ്കിലും, ഉത്തരാഹ പാഠത്തില്‍ 82136 ഉം ദക്ഷിണാഹ പാഠത്തില്‍ 95586 ഉം ശ്ലോകം വീതമേ കാണുന്നുള്ളൂ. എങ്കില്‍ തന്നെയും അതിന്റെ വലിപ്പം ഏവരേയും അതിശയിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ്‌ മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത്‌.

പതിനെട്ടു പര്‍വ്വങ്ങളായാണ്‌ മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്‌. ആദിപര്‍വ്വം, സഭാപര്‍വ്വം, വനപര്‍വ്വം, വിരാടപര്‍വ്വം, ഉദ്യോഗപര്‍വ്വം, ഭീഷ്മപര്‍വ്വം, ദ്രോണപര്‍വ്വം, കര്‍ണ്ണപര്‍വ്വം, ശല്യപര്‍വ്വം, സൗപ്തികപര്‍വ്വം, സ്ത്രീപര്‍വ്വം, ശാന്തിപര്‍വ്വം, അനുശാസനപര്‍വ്വം, അശ്വമേധപര്‍വ്വം, ആശ്രമവാസികപര്‍വ്വം, മൗസലപര്‍വ്വം, മഹാപ്രാസ്ഥാനിക പര്‍വ്വം, സ്വര്‍ഗ്ഗാരോഹണപര്‍വ്വം എന്നിവയാണവ. ഹരിവംശം എന്ന ഖിലപര്‍വ്വം കൂടി ചേര്‍ത്താല്‍ ലക്ഷം ശ്ലോകം എന്ന കണക്ക്‌ തികയുകയും ചെയ്യും[2][3]. ഓരോ പര്‍വ്വത്തിനും ഉപവിഭാഗങ്ങളുണ്ട്‌ അവക്കും പര്‍വ്വം എന്നു തന്നെ ആണ്‌ പറയുന്നത്‌, ഉപപര്‍വ്വത്തെ വീണ്ടും അദ്ധ്യായം ആയി തിരിച്ചിരിക്കുന്നു. വിഭജിക്കപ്പെടാത്ത പര്‍വ്വങ്ങളും കാണാം, പര്‍വ്വസംഗ്രഹത്തില്‍ ഓരോ പര്‍വ്വത്തിലേയും ഭാഗവിഭാഗങ്ങളുടെ പേരും, അതിലേ കഥാസൂചനയും, പദസംഖ്യയും കൊടുത്തിരിക്കുന്നു. ഇന്ത്യയില്‍ ഓരോ സ്ഥലത്തുനിന്നും ലഭിച്ച പുസ്തകങ്ങള്‍ അനുസരിച്ച്‌ ശ്ലോകങ്ങളുടെ എണ്ണത്തിലും മറ്റും ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കണ്ടു വരുന്നു.

[തിരുത്തുക] പ്രധാന കഥ

കുരുക്ഷേത്രയുദ്ധത്തിലെ ഒരു രംഗം ചിത്രകാരന്റെ ഭാവനയില്‍

മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപരവത്തില്‍ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സര്‍വദമനന്‍ പിന്നീടു ഭരതന്‍ എന്നറിയപ്പെടുന്നു. ഭരതന്‍ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവര്‍ഷം എന്നറിയപ്പെടുന്നു. ഭരതചക്രവര്‍ത്തിയുടെ വംശത്തില്‍ പിറന്നവര്‍ ഭാരതര്‍ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവര്‍ഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം.

മഹാഭാരത കഥയുടെ നട്ടെല്ല് കൌരവപാണ്ഡവ വൈരം ആണ്‌. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തില്‍ തുടങ്ങുന്നു. ഭീമന്‍ ദുര്യോധനനെ വധിക്കുന്നിടത്താണ്‌ പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉള്‍ക്കൊള്ളുന്നു. മുഴുവന്‍ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കില്‍ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൌരവപാണ്ഡവരുടെ പ്രപിതാമഹനായ വ്യാസന്‍ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്‌.

[തിരുത്തുക] കഥാഗാത്രം

ആഖ്യാനോപാഖ്യാനങ്ങളുടേയും തത്വവിചാരങ്ങളുടേയും, വൈദികവും, പൗരാണികവും ആയ കഥകളുടേയും നാടോടികഥകളുടേയും ഒരു മഹാസഞ്ചയം ആണ്‌ മഹാഭാരതം. പ്രസക്തങ്ങളായ പ്രസംഗങ്ങളും, മറ്റെങ്ങും കാണാത്ത വര്‍ണ്ണനകളും മഹാഭാരതത്തില്‍ അങ്ങോളമിങ്ങോളം കാണാം.

[തിരുത്തുക] വൈദിക കഥകള്‍

ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ്‌. വേദപാരമ്പര്യത്തില്‍ നിന്നും, ബ്രാഹ്മണ സംസ്കാരത്തില്‍ നിന്നും ഉയിര്‍ക്കൊണ്ടതാവണം അവ. പാതിവ്രത്യമാഹത്മ്യത്തെ വാഴ്ത്തുന്ന സത്യവതിയുടെ കഥയും, സത്യമാഹാത്മ്യത്തെ അടിസ്ഥാനമാക്കിയിരിക്കുന്ന ഹരിശ്ചന്ദ്രന്റെ കഥയും അക്കൂട്ടത്തില്‍ പെടുന്നു.

[തിരുത്തുക] ജന്തുസാരോപദേശകഥകള്‍

ആകര്‍ഷണീയമായ മറ്റൊരു ഘടകമാണ്‌ ജന്തുസാരോപദേശകഥകള്‍, വിവിധ ജന്തുക്കള്‍ കഥാപാത്രങ്ങള്‍ ആകുന്ന ഈ കഥകള്‍ നീതി, ധര്‍മ്മം മുതലായവയുടെ ഗഹനതയെ സാധാരണക്കാരനു മനസ്സിലാകത്തക്ക വിധത്തില്‍ ലളിതമായി ചിത്രീകരിക്കുന്നു. ഇവയിലധികവും സംവാദരൂപത്തിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌.

[തിരുത്തുക] ശാസനകള്‍

ഏതൊരു തലത്തിലുള്ള വ്യക്തികളും സമൂഹത്തിനായി ചിലതു ചെയ്യേണ്ടതുണ്ടെന്ന് ഊന്നിയുറപ്പിക്കുന്ന നിയമങ്ങളാണ്‌ ശാസനകള്‍ എന്നറിയപ്പെടുന്നത്‌. മോക്ഷപ്രാപ്തിക്കുള്ള വഴിയും ശാസനകളില്‍ കാണാം. ശാന്തിപര്‍വ്വത്തിന്റെ തുടക്കം തന്നെ രാജനീതിയെ സംബന്ധിക്കുന്ന രാജധര്‍മ്മാനുശാസനത്തിലാണ്‌. മോക്ഷധര്‍മ്മാനുശാസനം, ആപര്‍ദ്ധമാനശാസനം തുടങ്ങിയ ശാസനകളും ശാന്തിപര്‍വ്വത്തില്‍ കാണാം. ശാന്തിപര്‍വ്വത്തിനു പുറമേ അനുശാസനപര്‍വ്വത്തിലും ശാസനകളെ കാണാന്‍ കഴിയും.

[തിരുത്തുക] ധര്‍മ്മശാസ്ത്രതത്വങ്ങള്‍

മഹാഭാരതത്തിലെ താത്വിക ചര്‍ച്ചകള്‍ എത്രയെന്നു പറയാനാവില്ല, അനുശാസനപര്‍വ്വത്തില്‍ വിശദീകരിക്കുന്നത്‌ പ്രധാനമായും ധര്‍മ്മശാസ്ത്രങ്ങളിലടങ്ങിയ തത്വങ്ങള്‍ മാത്രമാണ്‌ മഹാഭാരതത്തില്‍ പ്രധാനമായും നാല്‌ തത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്‌

  1. വിദുരനീതി
  2. സനത്‌സുജാതീയം
  3. ഭഗവദ്ഗീത
  4. അനുഗീത

എന്നിവയാണവ. മറ്റു തത്വചിന്തകളധികവും ഭീഷ്മോപദേശരൂപത്തിലോ വിദുരോപദേശരൂപത്തിലോ ആണു കാണുക. ഭഗവദ്ഗീത മഹാഭാരതത്തില് ആദ്യകാലത്ത് ഇല്ലായിരുന്നു. പിന്നീടാണത് എഴുതിച്ചേര്ക്കപ്പെട്ടത്. [1]

[തിരുത്തുക] ചിന്താപരതയും കലാപരതയും

ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി വേദതുല്യമായി നിലനില്‍ക്കുന്ന മഹാഭാരതത്തെ ഭാരതീയര്‍ക്ക്‌ ബഹുമാനത്തോടെ അല്ലാതെ കാണാന്‍ കഴിയില്ല. ഭാരതീയസംസ്കാരം ചെറിയചെറിയ മാറ്റങ്ങളോടു കൂടിയാണെങ്കിലും പുരാതനകാലം മുതല്‍ക്കേ പ്രചാരത്തിലിരിക്കുന്ന ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും അങ്ങിനെ തന്നെ. പാശ്ചാത്യ നിരൂപകര്‍ക്ക്‌ ഒരിക്കലും തന്നെ മഹാഭാരതത്തിന്റെ ഗഹനത മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ്‌ ഇവിടങ്ങളിലെ ചരിത്രകാരന്മാരുടെ അഭിപ്രായം.[അവലംബം ആവശ്യമാണ്] പൊതുവേ പൗരസ്ത്യകൃതികളെ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പ്രശസ്ത പാശ്ചാത്യനിരൂപകനായ വിന്റര്‍നിറ്റ്‌സ്‌ മഹാഭാരതത്തെ സാഹിത്യരക്ഷസ്‌ എന്നാണ്‌ വിളിച്ചത്‌. എങ്കിലും "ഈ കാനനത്തിന്റെ അടിത്തട്ടില്‍ നിന്ന് സത്യവും യഥാര്‍ത്ഥവുമായ ഒരു കവിത വളര്‍ന്നു വരുന്നുണ്ട്‌" എന്നും അദ്ദേഹം പറഞ്ഞിരുന്നു.[അവലംബം ആവശ്യമാണ്]

അനശ്വരങ്ങളായ കവിതാഭാഗങ്ങളുടേയും, അഗാധമായ ജ്ഞാനത്തിന്റേയും സംഭാരം മഹാഭാരതത്തെ ഏറ്റവും മനോഹരമായ കൃതിയാക്കുന്നത്രെ. രചയിതാവ്‌ തന്നെ സ്വന്തം കൃതിയെ അത്ഭുതകരം എന്നാണ്‌ വിശേഷിപ്പിച്ചത്‌. സൂക്ഷ്മാര്‍ത്ഥത്തത്തില്‍ രചിക്കപ്പെട്ടതും, നാനാശാസ്ത്രതത്വപൂര്‍ണ്ണവും, സംസ്കാരസാന്ദ്രവും ആയ കൃതി വേദോപനിഷത്‌ സമാനമാണെന്ന് കവി അഭിമാനിക്കുന്നു.

മഹാഭാരതത്തില്‍ നിന്ന് ആറ്റിക്കുറുക്കി എടുക്കുവാന്‍ കഴിയുന്ന രസം ശാന്തമാണ്‌. തന്റെ കുട്ടിക്കാലത്തു തുടങ്ങിയ വൈരത്തിന്റെ അശാന്തിയില്‍ നിന്നും കവി ആഗ്രഹിക്കുന്നത്‌ മോചനമാണ്‌. മോചനത്തിന്റെ സ്ഥായി ആയ ഭാവമാണ്‌ ശാന്തം. മഹാഭാരതത്തെപോലുള്ള ഒരു സാഹിത്യസമുച്ചയം അതിന്റെ സംസ്കാരവൈജാത്യത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഭഗവത്ഗീത പോലുള്ള ഭാഗങ്ങളാകട്ടെ കഥാഘടനയോടൊത്തും ഒറ്റക്കും അതിമനോഹരങ്ങളാണ്‌. ഉപനിഷത്തുകളിലും ബൌദ്ധജാതക കഥകളിലും പിന്നീട്‌ ബൈബിളിലും കാണുന്ന ഗഹനതയെ ലാളിത്യത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന രീതിയാണ്‌ മഹാഭാരതത്തിലും കാണാവുന്നത്‌. അവയില്‍ ഉള്ളതുപോലെ തന്നെ മഹാഭാരതത്തിലേയും ഏറ്റവും ഉജ്ജ്വലമായ ചിന്ത "തനിക്ക്‌ പ്രതികൂലമായത്‌ മറ്റുള്ളവരോട്‌ ചെയ്യരുത്‌"എന്നാണത്രെ.

[തിരുത്തുക] മഹാഭാരതം എന്ന നാമം

മഹത്തും ഭാരവത്തും ആയതുകൊണ്ടാണ്‌ മഹാഭാരതം എന്ന നാമം ലഭിച്ചതെന്ന വാദം ലളിതമെങ്കിലും യുക്തിസഹമല്ല. ഭരതവംശത്തില്‍ പിറന്നവരെകുറിച്ചുള്ള ഗ്രന്ഥമായതിനാല്‍ ഭാരതം എന്നും മഹത്തായ ഭാരതഗ്രന്ഥം മഹാഭാരതം എന്നും ആയെന്നാണ്‌ ഒരു കൂട്ടര്‍ പറയുന്നത്‌. ഭരതന്മാരുടെ ജീവിതകഥയാണിതെന്ന് ഭാരതത്തില്‍ തന്നെ പറയുകയും ചെയ്യുന്നു. മഹത്തായ ഭാരതയുദ്ധത്തെക്കുറിച്ചുള്ള കൃതിയാകാം മഹാഭാരതം. മഹാഭാരതാഖ്യാനം എന്നും മഹാഭാരതത്തില്‍ തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. മഹാഭാരതാഖ്യാനം എന്നതു ചുരുങ്ങിയും മഹാഭാരതം എന്നു വരാം. ഭരതന്മാരുടെ ജീവിതകഥ മഹാഭാരതം എന്ന വാദത്തോടാണ്‌ ഏറിയപങ്ക്‌ പണ്ഡിതരും കൂറുപുലര്‍ത്തുന്നത്‌. "ഭരതാനാം മഹജ്ജന്മ മഹാഭാരതമുച്യതേ" എന്നു മഹാഭാരതത്തില്‍ തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ.

[തിരുത്തുക] അഞ്ചാം വേദം

മഹാഭാരതത്തെ അഞ്ചാം വേദമായി വ്യവഹരിക്കാറുണ്ട്. (ഭാരതം പഞ്ചമൊവേദഃ). ഭാരതമാകുമഞ്ചാം വെദത്തെ പഠിപ്പിച്ച്എന്ന് തുഞ്ചത്ത് എഴുത്തച്ഛനും പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തില്‍ ധര്‍മാധര്‍മളെ കുറിച്ചുള്ള വിശിഷ്ടൊപദേശങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാം വേദമായി കരുതുന്നതിനു കാരണവും അതാവാം. ഭാരതം മാത്രമാണ് അഞ്ചാം വേദം എന്നും, അതല്ല പുരാണേതിഹാസങ്ങള്‍ മുഴുവനുമാണ് അഞ്ചാം വേദമെന്നും, ഇതിഹാസങ്ങള്‍ മാത്രമേ അഞ്ചാം വേദമാകൂ എന്നും വിവിധാഭിപ്രായങ്ങള്‍ നിലവിലുണ്ട്. [4]

[തിരുത്തുക] പുനരാഖ്യാനങ്ങളും വിവര്‍ത്തനങ്ങളും

മൂലകൃതിയായ വ്യാസമഹാഭാരതത്തിന് പിന്നീട് പല പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. കന്നടയിലെ പമ്പഭാരതം ആദ്യത്തെ വിവർത്തനമായി കണക്കാക്കുന്നു. മലയാളത്തില്‍ കണ്ണശ്ശഭാരതം, ഭാരതമാല, ഭാരതം പാട്ട്, ഭാരതഗാഥ, ഭാഷാഭാരതം ചമ്പു തുടങ്ങിയവയും പിന്നീട് തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടും പ്രത്യക്ഷപ്പെട്ടു. ഓരോ ആഖ്യാനത്തിലും വ്യത്യസ്തതലങ്ങളില്‍ തിളങ്ങാൻ കഴിവുള്ള മഹാഭാരതത്തിന്റെ അകക്കാമ്പ് അതിനു ശേഷവും പാട്ടുകൾ, ചമ്പു, തുള്ളല്‍, ആട്ടക്കഥ, മഹാകാവ്യം, ഖണ്ഡകാവ്യം, കവിത, നോവല്‍, നാടകം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും മുഴുവനായോ ഭാഗികമായോ രൂപം കൊണ്ടിട്ടുണ്ട്.

[തിരുത്തുക] കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാഭാരതം

വ്യാസവിരചിതമായ മഹാഭാരതത്തിന്റെ പദാനുപദ വിവര്‍ത്തനം.

[തിരുത്തുക] തുഞ്ചന്റെ മഹാഭാരതം കിളിപ്പാട്ട്

പ്രധാനമായും വ്യാസഭാരതത്തെയും ഉപോത്ബലകമായി കണ്ണശ്ശഭാരതം, ഭാരതമാല, കൃഷ്ണഗാഥ തുടങ്ങിയ മറ്റു കാവ്യങ്ങളേയും ഉപജീവിച്ച് തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍ രചിച്ച മഹാഭാരതം കിളിപ്പാട്ട് ആണ് മലയാളത്തിലെ ഏറ്റവും പ്രചാരത്തിലുള്ള ഭാരതാഖ്യാനം. കിളിപ്പാട്ടുകളില്‍ പ്രചാരവും പനയോലപ്പകര്‍പ്പുകളും അച്ചടിപ്രതികളും കൂടുതല്‍ കണ്ടിട്ടുള്ളത് രാമായണത്തിനാണെങ്കിലും ആദ്യമായി മുദ്രണം ചെയ്തത് മഹാഭാരതം കിളിപ്പാട്ടാണ്. ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ മകന്‍ അരുണാചലമുതലിയാര്‍ വിദ്യാവിലാസം അച്ചുകൂടത്തില്‍ നിന്നും 1862-ല്‍ 'ശ്രീമഹാഭാരതം പാട്ട്' ആദ്യമായി സമ്പൂര്‍ണ്ണമായി പ്രകാശനം ചെയ്തു. ഏഴുവര്‍ഷം കൂടി കഴിഞ്ഞ് 1869-ലാണ് രാമായണം കിളിപ്പാട്ട് ആദ്യമായി അച്ചടിക്കപ്പെടുന്നത്.

(ഇതിനുമുര്‍പു തന്നെ 1851-ലും ('പാഠാരംഭം - പാഠം 41' - തലശ്ശേരി - കര്‍ണ്ണപര്‍വ്വം 13 ഈരടികള്‍) 1860-ലും (ഹെര്‍മന്‍ ഗുണ്ടര്‍ട്ട് - പാഠമാല)) ഭാരതം കിളിപ്പാട്ടിന്റെ വളരെ ചെറിയ ഖണ്ഡങ്ങള്‍ അച്ചടിക്കപ്പെട്ടിട്ടുണ്ട്.)

പില്‍ക്കാലത്ത് അച്ചടി അഭൂതപൂര്‍വമായി പ്രചാരം നേടിയപ്പോള്‍ കിളിപ്പാട്ടു ഭാരതത്തിനും എണ്ണമറ്റ പ്രതികളുണ്ടായി. സാമാന്യജനത്തിന് സുലഭമായി എന്ന മെച്ചത്തോടൊപ്പം പക്ഷേ ഈ അച്ചടിപ്പെരുപ്പം മൂലം ധാരാളം പാഠഭേദങ്ങളും ഉണ്ടായി.

തിരൂരുള്ള തുഞ്ചന്‍ സ്മാരകഗവേഷണകേന്ദ്രത്തിനുവേണ്ടി കോഴിക്കോട് സര്‍വകലാശാലാ മലയാളം വിഭാഗത്തിലെ പ്രൊഫ. (ഡോ.) പി.എം.വിജയപ്പന്‍ സംശോധിതസംസ്കരണം ചെയ്ത് തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ശുദ്ധപാഠമാണ് മഹാഭാരതം കിളിപ്പാട്ടിന്റെ ഏറ്റവും ഒടുവിലത്തെ തലമുറയില്‍ പെട്ട അച്ചടിപ്രതി. വളരെയധികം അദ്ധ്വാനം ചെയ്ത് ഭാഷയ്ക്കുവേണ്ടി ഈ മഹദ്‌കൃതി കിളിപ്പാട്ടിന്റെ യഥാമൂലം തന്നെയായി ശാസ്ത്രീയമായി തയ്യാറാക്കുന്നതിന് 22 താളിയോലഗ്രന്ധങ്ങളേയും ഒട്ടനവധി ഇതരഭാരതപാഠങ്ങളേയും അവലംബിച്ചിട്ടുണ്ട്.

[തിരുത്തുക] ഉപസംഹാരം

വചനമഹിമയിലും, ആശയ സമ്പുഷ്ടതയിലും, വര്‍ണ്ണനയിലും ഇത്രയേറേ മുന്നേറിയ മറ്റൊരു കൃതിയില്ല. "ദ്രോണര്‍ സേനാപതിയാകുമ്പോള്‍ നടന്ന രാത്രിയുദ്ധത്തിന്റെ വര്‍ണ്ണനപോലെ യഥാര്‍ഥവും , ഭയാനകവും, മനസ്സിനെ ഇളക്കിമറിക്കുന്നതുമായ എന്തെങ്കിലുമുണ്ടെങ്കില്‍ അത്‌ ഗാന്ധാരീ വിലാപം മാത്രമാണ്‌" എന്നാണ്‌ കുട്ടികൃഷ്ണമാരാര്‍ ഭാരതപര്യടനത്തില്‍ അഭിപ്രായപ്പെട്ടത്‌. ഇത്രപഴക്കമുള്ള ഒരു കൃതി ഹൃദയാധിപത്യം പുലര്‍ത്തുന്നതിന്‌ മറ്റുദാഹരണങ്ങളില്ല, ആദ്യത്തെ വംശചരിത്രവും, കുടുംബകഥയും, ആത്മകഥയും ഇതത്രേ. ഒരേ സമയം അത്‌ കാവ്യവും, ഇതിഹാസവും, നാടോടികഥയും, വംശപുരാണവും, വേദവും എല്ല്ലാമാണ്‌. ധര്‍മ്മശാസ്ത്രവും, മോക്ഷശാസ്ത്രവും, സ്മൃതിയും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണത്രെ വ്യാസന്‍ തന്നെ "മഹാഭാരതത്തിലില്ലാത്തത്‌ ഒന്നിലും ഇല്ല, മഹാഭാരതം അല്ലാത്തതും ഒന്നുമല്ല" എന്നു പറഞ്ഞിരിക്കുന്നത്‌.

[തിരുത്തുക] അവലംബം

1. തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം (സംശോധിതസംസ്കരണം: പ്രൊഫ.(ഡോ.) പി.എം.വിജയപ്പൻ (Thunchan Memorial Research Centre, Tirur); കറന്റു ബുക്സ്, തൃശൂർ

  1. 1.0 1.1 സുഗതകുമാരി, എന്‍.വി കൃഷ്ണവാരിയര്‍, കെ. വേലായുധന്‍ നായര്‍, ed (1993) [1974] (in മലയാളം). ഭാരതീയ പൈതൃകം (പുതിയ പതിപ്പ് ed.). തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 
  2. http://www.theosophy-nw.org/theosnw/world/asia/as-nhild.htm
  3. Materia Indica, കര്ത്താവ്:Whitelaw Ainslie,1826,ഓക്സ്ഫെഡ് }}
  4. 1. സര്‍വവിജ്ഞാനകോശം വാല്യം 1, പേജ്-236 (1969-75); സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ് തിരുവനന്തപുരം.

[തിരുത്തുക] കുറിപ്പുകള്‍

  • ^  കുരുപാണ്ഡവയുദ്ധകഥയില് തത്ത്വചിന്തക്ക് എവിടെ സ്ഥാനം, പില്ക്കാലത്ത് ഉണ്ടായതാണെങ്കിലും ഗീത വിലപ്പെട്ട കൃതി തന്നെ, ഗീത തന്നെ മുഴുവന് ഒരാളിന്റെ കൃതിയല്ല എന്നു തോന്നും : പ്രൊഫസാര് വാസുദേവ ഭട്ടതിരി.- യാജ്ഞവല്ക്യസ്മൃതിയുടെ വ്യാഖ്യാനത്തിലെ ആമുഖത്തില്.
മഹാഭാരതം
കഥാപാത്രങ്ങള്‍
കുരുവംശം മറ്റുള്ളവര്‍
ശാന്തനു | ഗംഗ | ഭീഷ്മര്‍ | സത്യവതി | ചിത്രാംഗദന്‍ | വിചിത്രവീര്യന്‍ | അംബിക | അംബാലിക | വിദുരര്‍ | ധൃതരാഷ്ട്രര്‍ | ഗാന്ധാരി | ശകുനി | സുഭദ്ര | പാണ്ഡു | കുന്തി | മാദ്രി | യുധിഷ്ഠിരന്‍ | ഭീമന്‍ | അര്‍ജ്ജുനന്‍ | നകുലന്‍ | സഹദേവന്‍ | ദുര്യോധനന്‍ | ദുശ്ശാസനന്‍ | യുയുത്സു | ദുശ്ശള | ദ്രൗപദി | ഹിഡിംബി | ഘടോല്‍കചന്‍ | അഹിലാവതി | ഉത്തര | ഉലുപി | ചിത്രാംഗദ അംബ | ബാര്‍ബാറികന്‍ | ബബ്രുവാഹനന്‍ |ഇരവാന്‍ | അഭിമന്യു | പരീക്ഷിത് | വിരാടന്‍ | കീചകന്‍ | കൃപര്‍ | ദ്രോണര്‍ | അശ്വത്ഥാമാവ് | ഏകലവ്യന്‍ | കൃതവര്‍മ്മാവ് | ജരാസന്ധന്‍ | സാത്യകി | മായാസുരന്‍ | ദുര്‍‌വാസാവ് | സഞ്ജയന്‍ | ജനമേജയന്‍ | വ്യാസന്‍ | കര്‍ണ്ണന്‍ | ജയദ്രദന്‍ | കൃഷ്ണന്‍ | ബലരാമന്‍ | ദ്രുപദന്‍ | ഹിഡിംബന്‍ | ദൃഷ്ടദ്യുമ്നന്‍‍ | ശല്യര്‍ | അധിരഥന്‍ | ശിഖണ്ഡി
ബന്ധപ്പെട്ട വിഷയങ്ങള്‍
പാണ്ഡവര്‍ | കൗരവര്‍ | ഹസ്തിനപുരം | ഇന്ദ്രപ്രസ്ഥം | സാമ്രാജ്യങ്ങള്‍ | കുരുക്ഷേത്രയുദ്ധം | ഭഗവദ്ഗീത


"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം