ഭഗവദ്ഗീത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Title ഭഗവദ്ഗീത
കര്‍ത്താവ് കൃഷ്ണദ്വൈപായനന്‍
രാജ്യം ഭാരതം
ഭാഷ സംസ്കൃതം
പ്രസാധകര്‍
പ്രസിദ്ധീകരിച്ച വര്‍ഷം
ഐ.എസ്.ബി.എന്‍ ലഭ്യമല്ല


ഇന്ത്യ ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത (സംസ്കൃതത്തില്‍ भगवद्‌ गीता ഇംഗ്ലീഷില്‍ Bhagavad Gītā). എന്നറിയപ്പെടുന്നത് . സംസ്കൃതത്തില്‍ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അര്‍ജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയന്‍ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്. [1] കൃഷ്ണദ്വൈപായനന്‍ അഥവാ വ്യാസമഹര്‍ഷിയാണ്‌ ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭീഷ്മപര്‍വ്വത്തിലെ 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേര്‍ത്തിരിയ്ക്കുന്നു. കര്‍‍മയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ്‌ ഗീതയിലുള്ളത്.


ഉള്ളടക്കം

[തിരുത്തുക] നിരുക്തം

ഭഗവത്ഗീത എന്നതിന് ദൈവത്തിന്റെ ഗീതം എന്നാണ്‌ വാച്യാര്‍ത്ഥം

ഒരു ഭഗവത് ഗീത മലയാളം ഗ്രന്ഥം.

[തിരുത്തുക] ചട്ടക്കൂട്

പതിനെട്ട് ആദ്ധ്യായങ്ങളാണ് ഗീതയില്‍ ആകെ ഉള്ളത്. അനുഷ്ടുഭ വൃത്തത്തിലെഴുതിയ ശ്ലോകങ്ങളാണ് അവയുടെ ഉള്ളടക്കം. ശ്ലോകങ്ങളുടെ മൊത്തം എണ്ണം എഴുനൂറ് എന്നാണ് സാധാരണ പറയായുള്ളത്. എന്നാല്‍ പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങള്‍ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തില്‍ അര്‍ജുനന്‍ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തില്‍ ഉള്‍‍പ്പടുത്തിയിട്ടില്ലാത്തതുമായ ഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അര്‍ജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.[2]

Bhagavad Gita, a 19th century manuscript

[തിരുത്തുക] ചരിത്രം

ഹൈന്ദവഗ്രന്ഥങ്ങള്‍
എന്ന പരമ്പരയുടെ ഭാഗം
ഓം
വേദങ്ങള്‍
ഋഗ്വേദം · യജുര്‍‌വേദം
സാമവേദം · അഥര്‍‌വവേദം
വേദവിഭാഗങ്ങള്‍
സംഹിതകള്‍ · ബ്രാഹ്മണം
ആരണ്യകം  · ഉപനിഷദ്
ഉപനിഷത്തുകള്‍
ഐതരേയം · ബൃഹദാരണ്യകം
ഈശം · തൈത്തിരീയം
കേനം · മുണ്ഡകം
മാണ്ഡൂക്യം · പ്രശ്നം
കഠം · ഛാന്ദോഗ്യം
വേദാംഗങ്ങള്‍
ശിക്ഷ · ഛന്ദസ്സ്
വ്യാകരണം · നിരുക്തം
ജ്യോതിഷം · കല്പം
പുരാണങ്ങള്‍
വിഷ്ണുപുരാണം · ശിവപുരാണം
ബ്രഹ്മപുരാണം · സ്കന്ദപുരാണം
ഇതിഹാസങ്ങള്‍
രാമായണം · മഹാഭാരതം
മറ്റു ഗ്രന്ഥങ്ങള്‍
സ്മൃതി · ശ്രുതി
ഭഗവദ്ഗീത · സ്തോത്രങ്ങള്‍
അഗമം · ദര്‍ശനങ്ങള്‍
മന്ത്രം · തന്ത്രം
സൂത്രം ·ധര്‍മ്മശാസ്ത്രം
ശിക്ഷാപത്രി · വചനാമൃതം
മറ്റു ഗ്രന്ഥങ്ങള്‍

സ്വസ്തിക

[തിരുത്തുക] പശ്ചാത്തലം

മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പ് ബന്ധുക്കള്‍ ഉള്‍പ്പെട്ട കൌരവ സൈന്യത്തോട് ഏറ്റുമുട്ടുവാന്‍ ഖിന്നത കാട്ടിയ അര്‍ജ്ജുനനെ യുദ്ധോത്സുകനാക്കാന്‍ കൃഷ്ണന്‍ പറഞ്ഞു കൊടുക്കുന്ന മട്ടിലാണ് ഇതിന്റെ രചന. യുദ്ധം കാണുവാന്‍ ദിവ്യദൃഷ്ടി ലഭിച്ച സഞ്ജയന്‍ ഈ യുദ്ധം ധൃതരാഷ്ട്രരോട് വിവരിച്ചു കൊടുക്കുന്നതായാണ് ആണ് മഹാഭാരതം‌മഹാഭാരതത്തില്‍ വ്യാസന്‍ വിവരിച്ചിരിക്കുന്നത്.

ഭഗവദ്ഗീതയുടെ സന്ദേശം അര്‍ജ്ജുനന്‌ മാത്രമല്ല ആദ്യമായി ഉപദേശിക്കുന്നത് എന്ന് ശ്രീകൃഷ്ണന്‍ (വ്യാസന്‍) പറയുന്നു.

ഇമം വിവസ്വതേയോഗം
പ്രോക്തവാഹനമവ്യയം
വിവസ്വാന്‍ മനവേ പ്രാഹ
മനുരിക്ഷ്വാകവേ ബ്രവീത്

അതായത് ഈ യോഗം അവ്യയമാണ്‌, വ്യവച്ഛേദിക്കാന്‍ സാധിക്കാത്തതുമാണ്‌, നാശമില്ലാത്തതാണ്‌. ഞാന്‍ വിവസ്വാനും, വിവസ്വാന്‍ മനുവിനും മനു ഇക്ഷ്വാകു വിനും ഇത് മുന്‍പേ ഉപദേശിച്ചിട്ടുണ്ട്. (ഗീത-4-1)

[തിരുത്തുക] രചനാകാലം

ഗീത സാധാരണ കരുതപ്പെടുന്നത്ര പ്രാചീനതയുള്ള കൃതിയല്ല എന്ന് അഭിപ്രായമുള്ള ചരിത്രകാരന്മാരുണ്ട്. അവരില്‍ ഭാരതത്തില്‍ നിന്നുള്ളവരില്‍ ഏറ്റവും പ്രമുഖന്‍ കോസാംബിയാണ്‌. ബുദ്ധമതം ബ്രാഹ്മണരുടെ പ്രാചീനപ്രാമാണ്യത്തെ തകര്‍ത്തു കളഞ്ഞതിനുശേഷം ഒരു തിരിച്ചു വരവിനായി ബ്രാഹ്മണമതത്തെ പുതിയ മുഖം നല്‍കി അതിനെ പുനരുദ്ധരിക്കാന്‍ വൈദികകാലത്തെ അനുഷ്ഠാനാചാരാദികളോട് ചേര്‍ന്നു പോകാത്ത ഒട്ടേറെ ഭാഗങ്ങള്‍ പൗരാണിക രചനകളില്‍ കൂട്ടിച്ചേര്‍ത്തു എന്നും മഹാഭാരത്തില്‍ അങ്ങനെ പ്രക്ഷിപ്തമായ ഭാഗങ്ങളില്‍ ഏറ്റവും പ്രമുഖമായത് ഗീതയാണെന്നുമാന്‌ അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് മറ്റു പല ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, കൃഷ്ണനെന്ന ദൈവം തന്നെ അര്‍‌വ്വാചീനനാണ്. അദ്ദേഹത്തിന്റെ പരമദൈവത്വം പിന്നീട് ഏറെ നൂറ്റാണ്‍റ്റുകളോളം അംഗീകരിക്കപ്പെട്ടില്ല. ഗീതയിലെ സംസ്കൃത ഭാഷ മൂന്നാം നൂറ്റാണ്ടിലേതുമാണ്.[3] മറ്റു ചില ചരിത്രകാരന്മാര്‍ പറയുന്നത് കൃഷ്ണദ്വൈപായനന്‍ എന്ന വേദവ്യാസന്‍ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമാണ്‌ കൃഷ്ണനെന്നും അദ്ദേഹത്തെ പിന്നീട് ആര്യബ്രാഹ്മണര്‍ തങ്ങളുടെ ദൈവങ്ങളുടെ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും അതിനായി പുരാണങ്ങളും മറ്റു കൃതികളും രചിച്ചു എന്നുമാണ്‌. ഗുജറാത്തില്‍ ജീവിച്ചിരുന്ന കൃഷ്ണവസുദേവ് എന്ന പ്രാദേശിക ആള്‍ ദൈവത്തെ ഈ ഗണത്തിലേക്ക് കൊണ്ടുവരികയായിരുന്നു [4]

[തിരുത്തുക] പ്രമേയം

തത്വജ്ഞാനമാണ്‌ ഗീതയുടെ പ്രമേയം. ഹിന്ദുമതത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ദര്‍ശനഗ്രന്ഥങ്ങളില്‍ ഒന്നായി ഭഗവദ്ഗീത പരിഗണിയ്ക്കപ്പെടുന്നു.

[തിരുത്തുക] അദ്ധ്യായം 1:അര്‍ജ്ജുനവിഷാദയോഗം

ഇരുഭാഗത്തെയും സൈന്യങ്ങള്‍ ഒരുങ്ങി നില്‍ക്കേ മഹായോദ്ധാവായ അര്‍ജ്ജുനന്‍ തന്റെ അടുത്ത ബന്ധുക്കളും, ഗുരുജനങ്ങളും, പിതാമഹന്മാരും യുദ്ധസന്നദ്ധരായി നിലകൊള്ളുന്നതുകണ്ട് ദുഃഖത്തിനും അനുകമ്പയ്ക്കും വശം‌വദനായി അധീരനാവുകയും,യുദ്ധം ചെയ്യാനുള്ള നിശ്ചയം ഉപേക്ഷിയ്ക്കുകയും ചെയ്യുന്നതാണ്‌ ഒന്നാമദ്ധ്യായത്തിലെ പ്രതിപാദ്യം.

വ്യാസഭഗവാനില്‍ നിന്ന് ദിവ്യദൃഷ്ടി സ്വായത്തമാക്കിയ സഞ്ജയനോട് യുദ്ധരംഗവര്‍ണന ചെയ്യാന്‍ ആവശ്യപ്പെടുന്ന ധൃതരാഷ്ട്രരാഷ്ട്രര്‍ പറയുന്ന;

ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതോയുയുത്സവഃ

മാമകാ പാണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ?

(പുണ്യക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒന്നിച്ചുകൂടിയ എന്റെ മക്കളും പാണ്ഡവരും എന്തു ചെയ്തു?)എന്ന ശ്ലോകമാണ്‌ ഒന്നാമദ്ധ്യായത്തിലെ ആരംഭശ്ലോകം.

തുടര്‍ന്ന് യുദ്ധക്ഷേത്രത്തിന്റെയും യോദ്ധാക്കളുടെയും വര്‍ണന പുരോമിയ്ക്കേ,യധാക്രമം പാഞ്ചജന്യവും ദേവദത്തവും ഊതിക്കൊണ്ട് ശ്രീകൃഷ്ണനും,അര്‍ജ്ജുനനും രംഗപ്രവേശം ചെയ്യുന്നു.


സേനയോരുഭയോര്‍മദ്ധ്യേ രഥം സ്ഥാപയ മേച്യുത

യാദവേതാന്‍ നിരീക്ഷേഹം യോദ്ധവ്യമസ്മിന്‍ രണസമുദ്യമേ
കൈര്‍മയാ സഹ യോദ്ധവ്യമസ്മിന്‍ രണസമുദ്യമേ.

(ഹേ അച്യുത,ഇരു സൈന്യങ്ങള്‍ക്കും മദ്ധ്യത്തിലായി എന്റെ തേര്‍ കൊണ്ടു നിര്‍ത്തുക.യുദ്ധകാംക്ഷികളായി ഇവിടെ വന്നിരിക്കുന്നവരെ ഞാനൊന്നു കാണട്ടെ.)എന്ന അര്‍ജ്ജുനന്റെ നിര്‍ദ്ദേശപ്രകാരം ശ്രീകൃഷ്ണന്‍ ഇരുസേനാവിഭാഗങ്ങള്‍ക്കും നടുവിലേയ്ക്കു രഥം തെളിയ്ക്കുന്നു.

യുദ്ധത്തിനൊരുങ്ങിവന്ന ബന്ധുമിത്രാദികളെ കണ്ട് അവയവങ്ങള്‍ തളര്‍ന്ന്,മുഖം വരണ്ട്,ഗാണ്ഡീവം കൈയില്‍ന്നിന്നു വഴുതി,

ന ച ശ്രേയോ നുപശ്യാമി ഹത്വാ സ്വജനമാഹവേ

ന കാംക്ഷേ വിജയം കൃഷ്ണ ന രാജ്യം സുഖാനിച

(ബന്‍ധുക്കളെ യുദ്ധത്തില്‍ കൊല്ലുന്നതു കൊണ്ട് എങ്ങനെ എന്തു ഗുണമുണ്ടാകുമെന്ന് എനിക്ക് മനസ്സിലാവുന്നില്ല.കൃഷ്ണാ,എനിക്ക് വിജയം ആവശ്യമില്ല.രാജ്യവും സുഖവും എനിയ്ക്കു വേണ്ട)

എന്നു വിലപിച്ച് തേരില്‍ തളര്‍ന്നിരിയ്ക്കുന്ന അര്‍ജ്ജുനന്റെ ചിത്രത്തോടെ ഒന്നാമദ്ധ്യായം അവസാനിയ്ക്കുന്നു.

[തിരുത്തുക] അധ്യായം 2:സാംഖ്യയോഗം

ഗീതോപദേശം ചിത്രകാരന്റെ ഭാവനയില്
(കടപ്പാട്:ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ്)

വരാനിരിയ്ക്കുന്ന ജ്ഞാനയോഗത്തിന്റെയും കര്‍മയോഗത്തിന്റെയും മഹിമ വ്യക്തമാക്കുന്നതാണ്‌ സാംഖ്യയോഗം. കരുണാഭരിതനായ അര്‍ജ്ജുനന്‍ ശിഷ്യനെന്ന നിലയില്‍ ശ്രീകൃഷ്ണനെ അഭയം പ്രാപിയ്ക്കുന്നു. നശ്വരമായ ഭൗതികശരീരവും ശാശ്വതമായ ആത്മാവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ വിവരിച്ചുകൊണ്ട് കൃഷ്ണന്‍ തന്റെ ഉപദേശം ആരംഭിയ്ക്കുന്നു.പുനര്‍ജന്മമെന്ന പ്രക്രിയയും, ആത്മസാക്ഷാത്കാരവുമാണ്‌ പ്രതിപാദ്യം.

72 ശ്ലോകങ്ങളാണ്‌ സാംഖ്യയോഗത്തിലുള്ളത്.

കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം

അനാര്യജുഷ്ടമസ്വര്‍ഗ്യമകീര്‍ത്തികരമര്‍ജ്ജുന

(പ്രിയപ്പെട്ട അര്‍ജ്ജുന,നിന്നില്‍ എവിടുന്നാണ്‌ ഈ മാലിന്യം വന്നു പെട്ടത്?ജീവിതമൂല്യമെന്തെന്ന് അറിയുന്ന ഒരാള്‍ക്ക് ഇത് യോജിച്ചതല്ല. ഉപരിലോകങ്ങളിലേക്കല്ല,അകീര്‍ത്തയിലേക്കാണിത് നയിക്കുക.)എന്ന ശ്ലോകത്തോടെയാണ്‌ കൃഷ്ണാര്‍ജ്ജുനസം‌വാദം ആരംഭിയ്ക്കുന്നത്.

നത്വേവാഹം ജാതു നാസം ന ത്വം നേ മേ ജനാധിപഃ

ന ചൈവ ന ഭവിഷ്യാമഃ സര്വേ വയമതഃ പരം

(ഞാന്‍ ഇല്ലാതിരുന്ന ഒരുകാലം ഉണ്ടായിട്ടേയില്ല.അതുപോലെ നീയും ഇക്കാണുന്ന രാജാക്കന്മാരുമെല്ലാം എന്നും ഉണ്ടായിരുന്നു. ഒരിക്കലും നാമാരും ഇല്ലാതാവുകയില്ല.) എന്ന വൈദികസത്യം വ്യക്തമാക്കപ്പെടുകയാണ്‌ തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍.ക്ഷണികങ്ങളായ സുഖദുഃഖങ്ങളുടെ വരവും പോക്കും മഞ്ഞുകാലത്തിന്റെയും വേനല്‍ക്കാലത്തിന്റെയും ഗതിവിഗതികള്‍ പോലെയാണെന്നും ഭൗതികശരീരം ക്ഷണികവും ആത്മാവ് സനാതനവുമാണെന്നും കൃഷ്ണന്‍ വ്യക്തമാക്കുന്നു.അജനും നിത്യനും ശാശ്വതനും പ്രാചീനനുമായ ആത്മാവിനെ ആയുധങ്ങള്‍ക്കു മുറിവേല്പിയ്ക്കുവാനോ അഗ്നിയ്ക്കു ദഹിപ്പിയ്ക്കുവാനോ വെള്ളത്തിനു നനയ്ക്കാനോ കാറ്റിനുശോഷിപ്പിയ്ക്കുവാനോ കഴിയുകയില്ല,അതുകൊണ്ടുതന്നെ ജീവനെക്കുറിച്ച് വ്യസനിയ്ക്കാതെ കര്‍മം ചെയ്യുന്നവന്‍ മാത്രമാണ്‌ മോക്ഷാര്‍ഹന്‍ എന്ന ഹൈന്ദവചിന്താധാരയാണ്‌ സാംഖ്യയോഗം ഉയര്‍ത്തിക്കാട്ടുന്നത്.

യോഗത്തെ നിര്‍വചിയ്ക്കുന്നതും ഈ അധ്യായത്തിലാണ്‌,

യോഗസ്ഥഃ ഗുരു കര്‍മാണി സംഗം ത്യക്ത്വാ ധനംജയ

സിദ്ധ്യസിധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ

(അല്ലയോ അര്‍ജുന, ജയാപചയങ്ങളോടുള്ള മമത വെടിഞ്ഞ് സമചിത്തതയോടെ നിന്റെ കര്‍മം അനുഷ്ഠിയ്ക്കുക.ഈ സമചിത്തതയാണ്‌ യോഗം)എന്നു പറയുന്ന ഭഗവാന്‍ യോഗത്തിനായി യജ്ഞിയ്ക്കുന്നവന്‍ കര്‍മഫലശുദ്ധീകരണത്തിലൂടെ ദിവ്യാവബോധം ലഭിയ്ക്കുമെന്നും അവന്‍ സ്ഥിതപ്രജ്ഞനായി,ഇന്ദ്രിയനിയന്ത്രണം‌പാലിച്ച് സ്ഥിരബുദ്ധിയുള്ളവനായി ഭൗതികതയുടെ കയത്തില്‍ നിന്ന് കരകയറുവാന്‍ പ്രാപ്തനാവുമെന്നും പരമമായ ശാന്തി ലഭിയ്ക്കുമെന്നും പ്രസ്താവിയ്ക്കുന്നു.

ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാര്‍ത്ഥ നൈനാം പ്രാപ്യ വിമുഹൃതി

സ്ഥിത്വാസ്യാമന്തകാലേ പി ബ്രഹ്മനിര്‍വാണമൃച്ഛതി

(ഏതൊന്നിലെത്തിയാല്‍ മനുഷ്യന്‌ വിഭ്രാന്തിയൊഴിയുന്നുവോ ആ ആത്മീയവും ദൈവികവുമായ പഥമാണിത്. ഇവിടെ നിലയുറപ്പിച്ച് മരണവേളയിലും അത്സ്ഥിതി തുടരുന്നവന്‍ ഭഗവദ്ധാമത്തിലെത്തും.) എന്ന ഉപദേശത്തോടെ സാംഖ്യയോഗം അവസാനിയ്ക്കുന്നു.

[തിരുത്തുക] അധ്യായം 3:കര്‍മ്മയോഗം

ഒരുവന്‍ കര്‍മം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ്‌ കര്‍മയോഗം.കര്‍മ്മങ്ങള്‍ക്ക് ഒരുവനെ ഈ ലോകവുമായി ബന്ധിപ്പിയ്ക്കുകയോ അതില്‍ നിന്‍ വിമോചിപ്പിയ്ക്കുകയോ ചെയ്യാം.ഭഗവത്പ്രീതിമാത്രം കാംക്ഷിച്ച് സ്വാര്‍ത്ഥമോഹങ്ങളില്ലാതെ കര്‍മം ചെയ്യുന്നതിലൂടെ യധാര്‍ത്ഥജ്ഞാനം നേടാനാവും എന്നതാണ്‌ മൂന്നാമദ്ധ്യായത്തിന്റെ സത്ത.ആദ്ധ്യാത്മികജ്ഞാനത്തിലേയ്ക്കുള്ള പാത നിസ്വാര്‍ത്ഥകര്‍മ്മത്തിലൂടെ മാത്രമേ പ്രാപ്തമാവുകയുള്ളൂ എന്ന ഗീതയുടെ മഹത്തായ സന്ദേശം വ്യക്തമാക്കപ്പെടുന്നത് ഈ അദ്ധ്യായത്തിലാണ്‌.

മഹാഭാരതം ഭീഷ്മപര്‌വ്വത്തിലെ 27-ആം അധ്യായമാണിത്. ആകെ 43 ശ്ലോകങ്ങള്‍.

ജ്യായസീ ചേത് കര്‍മണസ്തേ മതാ ബുദ്ധി ജനാര്‍ദ്ദന
തത് കിം കര്‍മണി ഘോരേ മാം നിയോജയസി കേശവ

(ഹേ ജനാര്‍ദന, അല്ലയോ കേശവ, ഫലകാംക്ഷയൊടെ ചെയ്യുന കര്‍മ്മത്തെക്കാള്‍ ശ്രേഷ്ഠമാണ്‌ ബുദ്ധി എന്നു കരുതുന്നുവെങ്കില്‍ അങ്ങ് എന്തിനാണ്‌ എന്നെ ക്രൂരമായ ഈ യുദ്ധത്തിന്‌ പ്രേരിപ്പിയ്ക്കുന്നത്?) എന്ന ചോദ്യത്തോടെയാണ്‌ മൂന്നാമദ്ധ്യായത്തിലെ സം‌വാദം ആരംഭിയ്ക്കുന്നത്.

ദ്വയാര്‍ത്ഥങ്ങളുള്ള ഉപദേശങ്ങള്‍ നിറഞ്ഞ ഗീത വായിക്കുന്ന ഏതൊരു സാധാരണക്കാരനും ഉണ്ടാകാനിടയുള്ള ഈ ചോദ്യത്തിന്‌,

ന കര്‍മണാമനാരംഭന്നൈഷ്കര്‍മ്യം പുരുഷോശ്നുതേ
ന ച സംന്യസനാദേവ സിദ്ധിം സമതിഗച്ഛതി
ന ഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകര്‍മകൃത്
കാര്യതേ ഹ്യവശഃ കര്‍മ സര്‍വഃ പ്രകൃതിജൈര്‍ഗുണൈ

(കര്‍മ്മം ചെയ്യാതിരുന്നതുകൊണ്ടു മാത്രം ആരും കര്‍മഫലങ്ങളില്‍ നിന്നു മുക്തരാവുന്നില്ല. സന്യാസം കൊണ്ടു മാത്രം ഒരാള്‍ പൂര്‍ണത നേടുന്നില്ല.ഭൗതികപ്രകൃതയുടെ ത്രിഗുണങ്ങളില്‍ നിന്നുളവാകുന്ന വാസനകള്‍ക്കനുസരിച്ച് ഓരോ മനുഷ്യനും കര്‍മം ചെയ്യാന്‍ നിര്‍ബന്ധിതനാണ്‌.ആര്‍ക്കും ഒരൊറ്റനിമിഷം പോലും കര്‍മത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനാവില്ല.) എന്ന് വ്യക്തമായ ഉത്തരവും നല്‍കുന്നുണ്ട് രചയിതാവ്.

ത്രിഗുണങ്ങളില്‍ നിന്നാര്‍ജ്ജിച്ച സ്വഭാവത്തിനനുസരിച്ചാണെങ്കിലും നിഗ്രഹം കൊണ്ട് പ്രയോജനമില്ലെന്നു പറയുന്ന അര്‍ജ്ജുനനോട്,പുകതീയിനേയും,പൊടി കണ്ണാടിയെയുമെന്നപോലെ ജീവാത്മാവിനെ പരമാത്മാവില്‍നിന്നകറ്റുന്ന കാമമാണ്‌ യധാര്‍ത്ഥ ശത്രുവെന്നു പറഞ്ഞ്,

ഏവം ബുധേ പരം ബുദ്ധ്വാ സംസ്തഭ്യാത്മാനാത്മനാ
ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം


(ഭൗതികങ്ങളായ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ബുദ്ധിയ്ക്കും അതീതനാണ്‌ താനെന്നറിഞ്ഞിട്ട് ദൃഢനിശ്ചയത്തോടെയുള്ള ആത്മീയ ബുദ്ധിയും ആത്മീയശക്തിയും കൊണ്ട് മനസ്സിനെ ഉറപ്പിച്ച് അദമ്യനായ കാമമെന്ന ശത്രുവിനെ കീഴടക്കുക)എന്ന ഉപദേശം നല്‍കുന്നതോടെ മൂന്നാമധ്യായം സമാപ്തമാകുന്നു.


കര്‍മം വിഷ്ണുവിനുള്ള യജ്ഞവും പാപങ്ങള്‍ക്കതീവുമാകുമ്പോള്‍, ആത്മാരാമാനായി വര്‍ത്തിയ്ക്കുകയും ആത്മാവില്‍ പൂര്‍ണതൃപ്തനാവുകയും ചെയ്യുന്ന മനുഷ്യന്‍, കര്‍ത്തവ്യങ്ങളില്‍ നിന്ന് മുക്തനായി പരമപദത്തിലെത്തുന്നുവെന്നതാണ്‌ മൂന്നാമദ്ധ്യായത്തിന്റെ സാരം.

[തിരുത്തുക] അധ്യായം 4:ജ്ഞാനകര്‍മ്മവിഭാഗയോഗം

സഗുണബ്രഹ്മത്തിന്റെ ശക്തി വ്യക്തമാക്കുന്ന യോഗമാണിത്. വിവിധ യജ്ഞങ്ങളുടെ മാഹാത്മ്യവും സംസാരമധ്യേ കടന്നു വരുന്നുണ്ട്. ആദ്ധ്യാത്മികജ്ഞാനം ആത്മാവും ദൈവവുമായുള്ള അകലം കുറയ്ക്കുകയും ആത്മശുദ്ധീകരണത്തിലൂടെ മോക്ഷം നല്‍കുകയു ചെയ്യുന്നു. നിസ്വാര്‍ത്ഥകര്‍മ്മത്തിന്റെ ഫലമായി ലഭിയ്ക്കുന്ന ആ അറിവ് ഗുരുവിലൂടെ പൂര്‍ണമാക്കപ്പെടുന്നു.

ഗീതയുടെ ചരിത്രമാണ്‌ നാലാമദ്ധ്യായത്തിന്റെ ആദ്യ ഭാഗത്തെ പ്രതിപാദ്യം.രാജവംശജര്‍ക്കായാണ്‌ ഭഗവദ് ഗീത ഉപദേശിയ്ക്കപ്പെട്ടത്. വിവസ്വാനെന്ന സൂര്യദേവന്‍ സ്വയം ക്ഷത്രിയനായതുകൊണ്ടും സൂര്യകുലത്തിന്റെ ആദിപിതാവായതുകൊണ്ടും ഭഗവദ്ഗീത ഭഗവാനില്‍ നിന്ന് സ്വായത്തമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഭഗവാന്‍ ഉപദേശിച്ചതുകൊണ്ട് ഗീത വേദങ്ങളെപ്പോലെ വിശിഷ്ടവും അപൗരുഷേയവുമാണ്‌(മനുഷ്യകൃതമല്ലാത്തത്). സൂര്യഭഗവാനില്‍ നിന്ന് മനുഷ്യപിതാവായ മനുവിലൂടെ ഇക്‌ഷ്വാകുവിലേയ്ക്കും ആ മഹത്സത്യം വ്യാപിച്ചു.എന്നാല്‍ വ്യാഖ്യാനങ്ങളിലൂടെ മൂല്യച്യുതി സംഭവിച്ച ഗീത കാലപ്രവാഹത്തില്‍ തകര്‍ക്കപ്പെട്ടു. ഈ സന്ദര്‍ഭത്തിലാണ്‌ അര്‍ജുനനില്‍ക്കൂടി ആ പ്രമാണങ്ങള്‍ വീണ്ടും മനുഷ്യരാശിയിലെത്തിയ്ക്കാന്‍ ഗീതോപദേഷ്ടാവായ കൃഷ്ണന്‍ തീരുമാനിച്ചത്.

ഗീതാചരിത്രം കേട്ട അര്‍ജ്ജുനന്‍;

അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ

കഥമേതദ്വിജാനീയാം ത്വമാദൌ പ്രോക്തവാനിതി

(വിവസ്വാന്‍ അങ്ങയെക്കാള്‍ വളരെ മുന്‍പ് ജനിച്ചെന്നിരിയ്ക്കെ അങ്ങ് അദ്ദേഹത്തിന്‍ ഉപദേശം നല്‍കിയെന്നുപറയുന്നത് ഞാനെങ്ങനെ വിശ്വസിയ്ക്കും?)എന്നു ചോദിയ്ക്കുന്നതോടെ സം‌വാദം പരമാത്മാവിന്റെ അതീന്ദ്രിയഭാവങ്ങളിലേയ്ക്ക് വ്യാപിയ്ക്കുന്നു.

ആദ്യനും നിരപേക്ഷനും അച്യുതനും തുടക്കമില്ലാത്തവനും ഏറ്റവും പ്രായം കൂടിയവനും എന്നാല്‍ നവയൗവനയുക്തനും ആണു താനെന്ന് ഗോവിന്ദന്‍ വ്യക്തമാക്കുന്നു.

യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത

അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം

(ഹേ ഭാരത,എവിടെ ധര്‍മ്മാചരണത്തിന്‌ ക്ഷയം നേരിടുന്നുവോ,എപ്പോള്‍ അധര്‍മ്മം തഴച്ചു വളരുന്നുവോ അപ്പോഴെല്ലാം ഞാന്‍ അവതരിയ്ക്കുന്നു.) എന്ന പ്രശസ്തമായ ശ്ലോകം ഈ ഭാഗത്താണ്‌.രാഗം ഭേദം ക്രോധം എന്നിവയില്‍ നിന്ന് മുക്തരായി അദ്ദേഹത്തെ അനുഗമിയ്ക്കുന്നവര്‍, ജ്ഞാനത്താല്‍ ശുദ്ധീകൃതരായി മോക്ഷത്തെ പ്രാപിയ്ക്കുന്നു. കര്‍മങ്ങള്‍ക്കും കര്‍മഫലങ്ങള്‍ക്കും അതീതനാണ്‌ പരമാത്മാവ്. എല്ലാം അദ്ദേഹത്തില്‍നിന്നുത്ഭവിയ്ക്കുകയും അദ്ദേഹത്തില്‍ വിശ്രമിയ്ക്കുകയും ചെയ്യുന്നു.ആത്മസാക്ഷാത്കാരം ലഭിച്ച ഒരു വ്യക്തിയില്‍ നിന്ന് യഥാര്‍ത്ഥജ്ഞാനം ഗ്രഹിച്ച് പാപികളില്‍ വച്ച് മഹാപാപിയായവനു പോലും ഭൗതികജീവിതത്തിലെ ദുഃഖസമുദ്രം തരണം ചെയ്യാന്‍ സാധിയ്ക്കും.അങ്ങനെ കത്തുന്ന തീ വിറകിനെയെന്നപോലെ ജ്ഞാനമാകുന്ന അഗ്നി സര്‍വ്വ കര്‍മഫലങ്ങളെയും ഭസ്മമാക്കി പരമമായ ആദ്ധ്യാത്മികശാന്തി നല്‍കുന്നു. ഇതാണ്‌ നാലാമധ്യായത്തിന്റെ ഭാവാര്‍ത്ഥം.

ജീവസത്തയുടെ സാര്വകാലീനമായ പ്രവര്‍ത്തനം അഥവാ സനാതനയോഗം എന്നതാണ്‌ ഈ അദ്ധ്യായത്തില്‍ പ്രസ്താവിയ്ക്കപ്പെട്ട യോഗപദ്ധതി. ഇതിന്‌ ദ്രവ്യയജ്ഞം എന്നും ആത്മയജ്ഞം എന്നും രണ്ടു ശാഖകളുണ്ട്. ദ്രവ്യയജ്ഞം ഭൗതികതയുടെ പ്രതീകമാണെങ്കില്‍ ആത്മയജ്ഞം ജ്ഞാനത്തിന്റെയും ആത്മസാക്ഷാത്കരണത്തിന്റെയും പാതയാണ്‌.

[തിരുത്തുക] അധ്യായം 5:സന്യാസയോഗം

ഭക്തിയും ജ്ഞാനവും തമ്മിലുള്ള അഭേദ്യമായ ബന്ധം ചര്‍ച്ച ചെയ്യപ്പെടുകയാണ്‌ 29 ശ്ലോകങ്ങളുള്ള ഈ അദ്ധ്യായത്തില്‍.പ്രപഞ്ചത്തിന്റെ മായാശക്തിയാല്‍ ബന്ധിതരായ ജീവാത്മാക്കള്‍,തങ്ങള്‍ ചുറ്റും കാണുന്ന എന്തിന്റെയും അധീശത്വം ആഗ്രഹിയ്ക്കുന്നു. എന്നാല്‍ ഭഗവാന്റെ ഭൗതികശക്തിയ്ക്കധീനരാണവര്‍. ഭഗവാനാണ്‌ പൂര്‍ണാധികാരിയെന്ന അറിവോടെ ചെയ്യപ്പെടുന്ന കര്‍മമാണ്‌ പൂര്‍ണതയിലെത്തുന്നത്. ഭക്തനും കൂടിയായ യോഗിയാണ്‌ യോഗികളില്‍ ശ്രേഷ്ഠന്‍.ജ്ഞാനകര്‍മയോഗങ്ങള്‍ ക്ലേശഭൂവിഷ്ടവും ദീര്‍ഘകാലം കൊണ്ടുമാത്രം ഫലം നല്‍കുന്നവയുമാണ്‌. എന്നാല്‍ കഥാശ്രവണാദികള്‍ കൊണ്ട് ആര്‍ക്കും കൈവരിയ്ക്കാവുന്ന ആദ്യന്തം മധുരതരവും ഫലപ്രദവുമായ മോക്ഷോപാധിയാണ്‌ ഭക്തി.

സന്യാസം കര്‍മത്യാഗവും, കര്‍മയോഗം കര്‍മാനുഷ്ടാനവുമാകമ്മ്പോള്‍ ഇവയില്‍ ഏതാണു ശ്രേഷ്ടമെന്ന സംശയം അര്‍ജ്ജുനനിലുണ്ടാകുന്നു.

യത് സാംഖ്യേ പ്രാപ്യതേ സ്ഥാനം തദ്യോഗൈരപി ഗമ്യതേ
ഏകം സാംഖ്യം ച യോഗം ച യഃ പശ്യതി സ പശ്യതി

(ഏതു സ്ഥാനം സാംഖ്യന്മാര്‍ നെടുന്നുവോ അത് യോഗികളും നേടും.സാംഖ്യവും യോഗവും ഒന്നെന്നു മനസ്സിലാക്കുന്നവനാണ്‌ യഥാര്‍ത്ഥ ജ്ഞാനി) എന്ന് കൃഷ്ണന്‍ വ്യക്തമാക്കുന്നു.

അതായത് കാമ്യകര്‍മങ്ങള്‍ ത്യജിയ്ക്കുന്ന സന്യാസിയോളം ശ്രേഷ്ടനാണ്‌ ഫലേച്ഛയില്ലാതെ കര്‍മമനുഷ്ടിയ്ക്കുന്നവനും. അഗ്നിയില്‍ ഹോമിയ്ക്കുമ്പോള്‍ "ഇദം ന മമ" എന്നു പറയുന്ന സന്യാസിക്കു സമനാണ്‌ സ്വാര്‍ത്ഥമോഹങ്ങളില്ലാതെ ജീവിതോദ്ദേശ്യം നിറവേറ്റുന്ന സാധാരണമനുഷ്യര്‍.വിദ്വാന്മാരും വിനീതരുമായ അത്തരക്കാര്‍ ബ്രാഹ്മണനെയും പശുവിനെയും പട്ടിയേയും ചണ്ഡാലനെയും സമഭാവത്തോടെ ദര്‍ശിക്കുന്നു.സമചിത്തത നേടാതെ കര്‍മം ത്യജിയ്ക്കുന്നവന്‍ സന്യാസിയല്ല,അലസനാണ്‌.കര്‍മമല്ല കര്‍മഫലകാംക്‌ഷയാണ്‌ ത്യജിയ്ക്കേണ്ടത്.ഒറ്റനോട്ടത്തില്‍ കര്‍മയോഗവും സാംഖ്യയോഗവും പരസ്പരവിരുദ്ധങ്ങളാണെന്നു തോന്നുമെങ്കിലും അവരണ്ടും പരസ്പരപൂരകങ്ങളാണെന്നു വ്യക്തമാക്കുകയാണ്‌ ഗ്രന്ഥകര്‍ത്താവ്.



[തിരുത്തുക] അധ്യായം 6:ആത്മസം‌യമയോഗം

ധ്യാന യോഗം എന്നും അഭ്യാസയോഗം എന്നും ഈ യോഗം അറിയപ്പെടുന്നു.അഷ്ടാംഗ യോഗ പദ്ധതിയുടെ മഹിമയാണ്‌ പ്രധാന പ്രതിപാദ്യം.ആകെ 47 ശ്ലോകങ്ങള്‍.മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുവാനും പരമാത്മാവില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനും സഹായിക്കുന്ന അഷ്ടാംഗ യോഗം സമാധിയില്‍(പൂര്‍ണമായ ഈശ്വരാവബോധത്തില്‍) പരിണമിയ്ക്കുന്നു.യോഗസിദ്ധയിലൂടെ ശരീരമല്ല ആത്മാവാണ്‌ താന്‍ എന്ന തിരിച്ചറിവ് ലഭിയ്ക്കുന്നവന്‍ പൂര്‍ണനാവുന്നു. ഇതാണ്‌ ആറാമദ്ധ്യായത്തിന്‍റെ സാരം.

അഞ്ചാമദ്ധ്യായത്തിലെന്ന പോലെ കര്‍മത്തെയും കര്‍മഫലത്തെയും കുറിച്ചുള്ള സം‌വാദത്തോടെയാണ്‌ ആറാമദ്ധ്യായവും ആരംഭിയ്ക്കുന്നത്.ധ്യാനവിധികളും യോഗവിധികളും സംഭാഷണമദ്ധ്യേ കടന്നു വരുന്നുണ്ട്. പരമാത്മാവിലെത്തിച്ചേരാനുള്ള വഴിയായി അഷ്ടാംഗയോഗത്തെ അവതരിപ്പിയ്ക്കയാണ്‌ തുടര്‍ന്നുള്ള വരികളില്‍.

ആരുരുക്ഷോര്‍മുനേര്യോഗം കര്‍മകാരണമുച്യതേ
യോഗാരൂഢസ്യ തസ്യൈവ ശമഃ കാരണമുച്യതേ

(അഷ്ടാംഗയോഗം പരിശീലിയ്ക്കുന്നവന്‌ കര്‍മം മാര്‍ഗമായ് ഭവിയ്ക്കുന്നു. യോഗസിദ്ധി അവനെ ശാന്തിയിലേയ്ക്കു നയിക്കുന്നു.)എന്നു പറയുന്ന കൃഷ്ണന്‍ യോഗമെന്നത് ആത്മസാക്ഷാത്കാരത്തിലേയ്ക്കുള്ള കോണിയാണെന്നു സമര്‍ത്ഥിയ്ക്കുന്നു.ഈ കോണിയുടേ പടികള്‍ ഒരു ജീവന്‌റ്റെ ഏറ്റവും താഴ്ന്ന തലങ്ങളില്‍ നിന്നു തുടങ്ങി ആദ്ധ്യാത്മിക ജീവിതത്തിലെ അത്യുന്നതമായ ആത്മസാക്ഷാത്കാരം വരെയെത്തിനില്‍ക്കുന്നു. ഇതിന്റെ ആദ്യപടി യോഗാരുരുക്ഷുവും ഒടുവിലത്തേത് യോഗാരൂഢവുമാണ്‌.

തുടര്‍ന്ന്

ജിതോത്മന പ്രശാന്തസ്യ പരമാത്മാ സമാഹിതഃ
ശീതോഷ്ണ സുഖദുഃഖേഷു തഥാ മാനാപമാനയോഃ

(തനീ സ്വയം ഉദ്ധരിയ്ക്കുന്നതും ക്ഷയിപ്പിയ്ക്കുന്നതും താന്‍ തന്നെയാണ്‌.) എന്ന അഷ്ടാംഗയോഗതത്വം വ്യക്തമാക്കപ്പെടുന്നു. മനുഷ്യധര്‍മം നിറവേറ്റുന്നതിനായി മനസ്സിനെ നിയന്ത്രിയ്ക്കലാണ്‌ അഷ്ടാംഗയോഗചര്യയുടെ പരമമായ ലക്‌ഷ്യം.മനസ്സിനെ ജയിച്ചവന്‌ മനസ്സു തന്നെയണ്‌ ഉറ്റസുഹൃത്ത്.അതിനു കഴിയാത്തവനാവട്ടെ മനസ്സ് പരമശത്രുവായി വര്‍ത്തിയ്ക്കുന്നു.അതായത്,മനോനിയന്ത്രണമില്ലാത്ത യോഗാഭ്യാസം ബാഹ്യപ്രകടനമായി അവശേഷിയ്ക്കും.മനോവിജയം സാധിച്ചാലാവട്ടെ,പരമാത്മാവിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്ക്കാന്‍ ജീവാത്മാവ് സ്വയം സന്നദ്ധനാവുന്നതു വഴി മോക്ഷം സാധ്യമാകും. ആ മനോവിജയമാണ്‌ അഷ്ടാംഗയോഗം വാഗ്ദാനം ചെയ്യുന്നത്.

യോഗപരിശീലന വിധികളെക്കുറിച്ചും കൃഷ്ണന്‍ വാചാലനാവുന്നു. യോഗി സംഭാഷണം ചുരുക്കണം. വിജനസ്ഥലത്ത് കുശപ്പുല്ലും മാന്തോലും അതിനു മുകളില്‍ വസ്ത്രവും വിരിച്ച്,അത്യുന്നതമോ താഴ്ന്നതോ അല്ലാത്ത ഇരിപ്പിടം തയ്യാറാക്കി ഏകാഗ്രചിത്തനായി ആതമശുദ്ധീകരണത്തിനു വേണ്ടി യോഗം പരിശീലിക്കണം.ശരീരവും കഴുത്തും ഋജുരേഖയില്‍ നിര്‍ത്തിക്കൊണ്ട് പ്രാണായാമം പരിശീലിക്കണം.നോട്ടം പുരികങ്ങളുടെ ഇടയിലോ നാസികാഗ്രത്തിലോ ഉറപ്പിക്കണം. ബ്രഹ്മചര്യനിഷ്ഠയും അനിവാര്യമാണ്‌. ഇത്തരത്തില്‍ ആഹാരം, വിഹാരം ,നിദ്ര,പ്രവൃത്തി തുടങ്ങിയവയില്‍ മിതത്വം പാലിച്ച് സമചിത്തതയോടെ പരമാത്മാവിനെ മാത്രം ധ്യാനിച്ച് യോഗാഭ്യാസം ചെയ്യുന്നവന്‌ മനശ്ശാന്തി ലഭിയ്ക്കുന്നു.അഭ്യാസമുറകളോ, വ്യായാമമോ അല്ല യഥാര്‍ത്ഥ യോഗചര്യ.അത് മനോജയം നേടി പരമപദം പ്രാപിയ്ക്കാനുള്ള മാര്‍ഗ്ഗമാണ്‌.

യോഗാനുഷ്ഠാനത്തിലൂടെ അതീന്ദ്രിയാവസ്ഥ നേടിയ യോഗയുക്തന്റെ സവിശേഷതകളെക്കുറിച്ചും ആറാമദ്ധ്യായത്തില്‍ പരാമര്‍ശമുണ്ട്.

യഥാ ദീപോ നിവാസ്ഥതോ നേങ്ഗതേ സോപമാ സ്മൃതാ
യോഗിനോ യതചിത്തസ്യ യ്ഞ്ജതോ യോഗമാത്മന

(കാറ്റു തട്ടാത്ത ദീപം പോലെ അചഞ്ചലനായവനാണ്‌ യോഗി)എന്നാണു യോഗയുക്തന്റെ വര്‍ണന.സമാധിയെന്ന ഈ പൂര്‍ണാവസ്ഥയില്‍ ശരീരമല്ല ആത്മാവാണ് താന്‍ എന്ന ബോധം അഥവാ ആത്മസാക്ഷാത്കാരം ലഭിയ്ക്കുന്നു. നിഷ്ക്രിയവും നിര്‍മലവും നിര്‍ഗുനവുമായ ആത്മാവാണ്‌ താന്‍ എന്നറിഞ്ഞാല്‍ കര്‍തൃത്വബുദ്ധിയും ഭോക്തൃത്വബുദ്ധിയും നശിക്കും. മറ്റെല്ലാ സുഖങ്ങള്‍ക്കും മീതെയുള്ള ഇന്ദ്രിയാതീതമായ സുഖം ലഭിയ്ക്കാന്‍ അവന്‍ യോഗ്യനാവുന്നു.ഇതാണ്‌ ധ്യാനയോഗം സാമാന്യജനത്തിനു നല്‍കുന്ന ഉപദേശം.

യോഗചര്യയെയും യോഗിയെയും കുറിച്ചുമുള്ള ഭഗവദ്‌വാക്കുകള്‍ കേള്‍ക്കുന്ന അര്‍ജ്ജുനനില്‍ ഏതൊരു സാധാരണക്കാരനിലുമെന്നപോലെ, മനോനിയന്ത്രണം സാദ്ധ്യമാണോ എന്ന സംശയമുളവാകുന്നു. നിരന്തരപരിശ്രമം ഫലസിദ്ധി നല്‍കുമെന്നു പറഞ്ഞ് ഭക്തനും കൂടിയായ യോഗിയാണ്‌ ശ്രേഷ്ടന്‍ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ആറാമദ്ധ്യായം അവസാനിക്കുന്നു.



[തിരുത്തുക] ഉപനിഷദ് സാരം

ഉപനിഷത്തുകളുടെ സംഗ്രഹമാണ് ഗീത എന്ന് ചൂണടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

സര്‍‌വോപനിഷദോ ഗാവോ
ദോഗ്ദ്ധാ ഗോപാലനന്ദന:
പാര്‍ഥോ വത്സ: സുധീര്‍ഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹത്

എന്ന ഗീതാധ്യാനശ്ലോകം പ്രസിദ്ധമാണ്. ഉപനിഷത്തുകളാകുന്ന പശുക്കളില്‍ നിന്ന് അര്‍ജുനനാകുന്ന കിടാവിനെ നിമിത്തമാക്കി കറവക്കാരനായ ഗോപാലനന്ദനന്‍ കറന്നെടുത്ത പാലാണ് ഗീതാമൃതമെന്നാണ് ഇതിന്റെ അര്‍ഥം. [5]ഉപനിഷത്തുകളിലെ പല മന്ത്രങ്ങളും തെല്ലു വ്യത്യാസത്തോടെ ഗീതയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

[തിരുത്തുക] പ്രധാന ശ്ലോകങ്ങള്‍

പ്രഥമ ശ്ലോകങ്ങള്‍
-

അദ്ധ്യായം 1. അര്‍ജ്ജുനവിഷാദയോഗം

ധൃതരാഷ്ട്രന്‍ പറഞ്ഞു :

ധര്‍മക്ഷേത്രം കുരുക്ഷേത്രം പുക്കു പോരിന്നൊരുങ്ങിയോര്‍ എന്‍ കൂട്ടരും പാണ്ഡവരും എന്തേചെയ്തതു സഞ്ജയ!

സഞ്ജയന്‍ പരഞ്ഞു:

പാണ്ഡുസൈന്യം വ്യൂഹമാണ്ടു കണ്ടു ദുര്യോധനന്‍ നൃപന്‍ ആചാര്യന്റെ സമീപത്തു ചെന്നിട്ടിങ്ങനെ ചൊല്ലിനാന്‍: "കണ്‍ടാലും പാണ്ഡവരുടെയാചാര്യ, പെരുതാം പട ധീമാന്‍ ദ്രുപദജന്‍ നിന്റെ ശിഷ്യന്‍ വ്യൂഹം ചമച്ചിതാ

മറ്റ് പ്രധാന ശ്ലോകങ്ങള്‍
-

അദ്ധ്യായം 4. ജ്ഞാനകര്‍മവിഭാഗയോഗം

ശ്ലോകം 7

ധര്‍മത്തിനെപ്പോഴൊക്കേയും ഗ്ലാനി ഭവിപ്പൂ ഭാരത! അധര്‍മാഭ്യുത്ഥാനവുമന്നാത്മസൃഷ്ടി കഴിപ്പു ഞാന്‍.

ശ്ലോകം 8

സാധുസംരക്ഷണത്തിനും ദുഷ്ടസംശിക്ഷണത്തിനും ധര്‍മത്തിന്‍ നിലനില്പിനും ജനിക്കുന്നൂ യുഗായുഗം

[തിരുത്തുക] അവലംബം

  1. ഡി.ഡി. കോസാംബി; മിത്ത് ആന്‍ഡ് റിയാലിറ്റി -ചരിത്രം
  2. ശ്രീമദ് ഭഗവദ്ഗീത - എം. എസ്. ചന്ദ്രശേഖരവാരിയരുടെ പരിഭാഷ(പതിമൂന്നാം അദ്ധ്യായം) - ഡി.സി. ബുക്സ് പ്രസിദ്ധീകരണം
  3. ഡി.ഡി. കൊസാംബി - പ്രാചീന ഭാരതത്തിന്റെ സംസ്കാരവും നാഗരികതയും : ചരിത്രപരമായ രൂപരേഖ - ഡി.സി. ബുക്ക്‌സ് പ്രസിദ്ധീകരണം(ഡോക്ടര്‍ എം ലീലാലവതിയുടെ വിവര്‍‍ത്തനം)- മഹാഭാരതം വിപുലീകരിക്കുന്ന പ്രക്രിയ പത്തൊന്‍പതാം നൂറ്റാണ്ട് വരെ തുടര്‍ന്നു എന്നും കൊസാംബി പറയുന്നുണ്ട്.
  4. ആര്‍. എസ്. ശര്‍മ്മ. പ്രാചീന ഇന്ത്യ. (Ancient India by RS Sharma DC books; ISBN 978-81-264-1754-4
  5. എം.എസ്. ചന്ദ്രശേഖരവാരിയര്‍, മേലുദ്ധരിച്ച ഭഗവദ്‌ഗീതാ പരിഭാഷയുടെ ആമുഖത്തില്‍

[തിരുത്തുക] കുറിപ്പുകള്‍

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ‍ താഴെക്കാണിച്ചിരിക്കുന്ന താളില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകള്‍ ലഭ്യമാണ്‌:
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന ഒരു കൃതി വിക്കിഗ്രന്ഥശാലയില്‍ ഉണ്ട്:

[തിരുത്തുക] പരിഭാഷകള്‍

[തിരുത്തുക] പൂര്‍ണ്ണതയില്‍ ഉള്ളത്

[തിരുത്തുക] തിരഞ്ഞെടുത്തവ

[തിരുത്തുക] അഭിപ്രായ പ്രകടനങ്ങള്‍

[തിരുത്തുക] ശബ്ദ ലേഖനങ്ങള്‍

മഹാഭാരതം
കഥാപാത്രങ്ങള്‍
കുരുവംശം മറ്റുള്ളവര്‍
ശാന്തനു | ഗംഗ | ഭീഷ്മര്‍ | സത്യവതി | ചിത്രാംഗദന്‍ | വിചിത്രവീര്യന്‍ | അംബിക | അംബാലിക | വിദുരര്‍ | ധൃതരാഷ്ട്രര്‍ | ഗാന്ധാരി | ശകുനി | സുഭദ്ര | പാണ്ഡു | കുന്തി | മാദ്രി | യുധിഷ്ഠിരന്‍ | ഭീമന്‍ | അര്‍ജ്ജുനന്‍ | നകുലന്‍ | സഹദേവന്‍ | ദുര്യോധനന്‍ | ദുശ്ശാസനന്‍ | യുയുത്സു | ദുശ്ശള | ദ്രൗപദി | ഹിഡിംബി | ഘടോല്‍കചന്‍ | അഹിലാവതി | ഉത്തര | ഉലുപി | ചിത്രാംഗദ അംബ | ബാര്‍ബാറികന്‍ | ബബ്രുവാഹനന്‍ |ഇരവാന്‍ | അഭിമന്യു | പരീക്ഷിത് | വിരാടന്‍ | കീചകന്‍ | കൃപര്‍ | ദ്രോണര്‍ | അശ്വത്ഥാമാവ് | ഏകലവ്യന്‍ | കൃതവര്‍മ്മാവ് | ജരാസന്ധന്‍ | സാത്യകി | മായാസുരന്‍ | ദുര്‍‌വാസാവ് | സഞ്ജയന്‍ | ജനമേജയന്‍ | വ്യാസന്‍ | കര്‍ണ്ണന്‍ | ജയദ്രദന്‍ | കൃഷ്ണന്‍ | ബലരാമന്‍ | ദ്രുപദന്‍ | ഹിഡിംബന്‍ | ദൃഷ്ടദ്യുമ്നന്‍‍ | ശല്യര്‍ | അധിരഥന്‍ | ശിഖണ്ഡി
ബന്ധപ്പെട്ട വിഷയങ്ങള്‍
പാണ്ഡവര്‍ | കൗരവര്‍ | ഹസ്തിനപുരം | ഇന്ദ്രപ്രസ്ഥം | സാമ്രാജ്യങ്ങള്‍ | കുരുക്ഷേത്രയുദ്ധം | ഭഗവദ്ഗീത



"http://ml.wikipedia.org/wiki/%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A6%E0%B5%8D%E0%B4%97%E0%B5%80%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം