വിഷ്ണു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിഷ്ണു
അനന്തശയിയായ വിഷ്ണു.
അനന്തശയിയായ വിഷ്ണു.
ദൈവം സംരക്ഷണം
ദേവനാഗരി: विष्णु
ബന്ധം: തൃമൂര്‍ത്തികള്‍
വസതി: വൈകുണ്ഡം
ആയുധം: ചക്രവും ഗദയും
പങ്കാളി: ലക്ഷ്മി
വാഹനം: ഗരുഡന്‍
ഗ്രഹം: ബുധന്‍

ഹിന്ദു മതത്തില്‍ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന ദേവതകളില്‍ ഒരാളാണ്‌ വിഷ്ണു. (Vishnu) വിഷ്ണുവിനെ സര്‍‌വ്വചരാചരങ്ങളെയും പരിപാലിക്കുന്ന ദൈവമായി കണക്കാക്കുന്നു. ബ്രഹ്മാവ് സൃഷ്ടിയേയും ശിവന്‍ സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോള്‍ വിഷ്ണു സ്ഥിതി അഥവാ പരിപാലനത്തെയാണ്‌ സൂചിപ്പിക്കുന്നത്. വിഷ്ണുവിന്‌ പുരാണങ്ങളില്‍ നിരവധി അവതാരങ്ങള്‍ ഉണ്ട്. അതില്‍ പത്ത് അവതാരങ്ങള്‍ പ്രധാനപ്പെട്ടവയായി കണക്കാക്കപ്പെടുന്നു. വേദങ്ങളിലും മറ്റും വലിയ പ്രാധാന്യം ഇല്ലെങ്കിലും പില്‍ക്കാലത്ത് രചിക്കപ്പെട്ട പുരാണങ്ങളിലും മറ്റും വിഷ്ണുവിനെ പറ്റി വളരെയധികം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ചുവടു വയ്ക്കുക എന്ന സൂചനയാണ്‌ വിഷ്ണു എന്ന വാക്കിന്‌ നിദാനം. ചുവടു വക്കുക, വ്യാപിക്കുക, സക്രിയമാകുക എന്നെല്ലാം അര്‍ത്ഥം വരുന്ന വിഷ് എന്ന ധാതുവില്‍ നിന്നാണ്‌ വിഷ്ണു എന്ന വാക്കിന്റെ ഉത്ഭവം.

[തിരുത്തുക] ചരിത്രം

[തിരുത്തുക] വേദങ്ങളില്‍

ഋഗ്വേദങ്ങളില്‍ ദേവന്മാരുടെ മുഖ്യ നായകനായ ഇന്ദ്രന്റെ സഹായിയായാണ്‌ പ്രത്യക്ഷപ്പെടുന്നത്. കര്‍മ്മഫലദാതാവായ ഇന്ദ്രന്റെ അനുയോജ്യനായ സഖാവ് എന്നാണ്‌ ഋഗ്വേദത്തില്‍ ഒരിടത്ത് പരാമര്‍ശം.; (1-22:19) ഇന്ദ്രന്റെ ഓജസ്സുമൂലമാണ്‌ വിഷ്ണുവിന് ചുവടുകള്‍ വയ്ക്കാന്‍ കഴിയുന്നതെന്ന് മറ്റൊരിടത്തും പ്രസ്താവിച്ചുകാണുന്നു (8- 12:27). ഭൂവിനേയും ദ്യോവിനേയും എല്ലാ ഭുവനങ്ങളേയും വിഷ്ണു സ്വാത്മാവിങ്കല്‍ ധരിക്കുന്നു എന്നും (1-154:4) തന്നെ സ്തുതിക്കുന്നവരെ വിഷ്ണു ക്ലേശിപ്പിക്കുകയില്ല എന്നും (8-25:12) സമ്പത്തുകൊണ്ടും രോഗമില്ലാത്ത അവസ്ഥയാലും സന്തതികളാലും സന്തോഷം ഭവിക്കാന്‍ കാരണം വിഷ്ണുവാണെന്നും (6-49:13) ഋഗ്വേദത്തില്‍ പ്രസ്താവിക്കുന്നു.

വിഷ്ണു മൂന്ന് കാല്‍‌വെയ്പുകള്‍ കൊണ്ട് മൂന്ന് ലോകവും സൃഷ്ടിച്ചു എന്നും പറയുന്നു. ത്രിവിക്രമന്‍ എന്ന പേര്‌ വന്നത് അങ്ങനെയാണ്‌.

[തിരുത്തുക] ബ്രാഹ്മണങ്ങളില്‍

ഋഗ്വേദത്തിന്റെ രചനയ്ക്ക് ശേഷം ഏതാനും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്‌ ബ്രാഹ്മണങ്ങള്‍ രചിക്കപ്പെട്ടത്. എന്നാല്‍ ബ്രാഹ്മണങ്ങളില്‍ വിഷ്ണുവിനെ മറ്റൊരു വിധത്തിലാണ്‌ പരാമര്‍ശിക്കുന്നത്. ആദിത്യാത്മാവായ വിഷ്ണുവിന്‌ ബ്രാഹ്മണങ്ങളില്‍ അധികം പ്രാധാന്യം നല്കിക്കാണുന്നില്ല. പകരം വിഷ്ണുവും യജ്ഞങ്ങളും തമ്മിലുള്ള ബന്ധത്തെയാണ്‌ അത് ഉയര്‍ത്തിക്കാട്ടുന്നത്. വിഷ്ണു തന്നെയാണ്‌ യജ്ഞം എന്ന് തൈത്തിരീയം പറയുന്നു (തൈ.1.6.1.5) യജ്ഞകര്‍ത്താവ് വിഷ്ണുവിനേപ്പോലെ മൂന്ന് ചുവടുകള്‍ വച്ചിരിക്കണമെന്ന് ശതപഥം കല്പിക്കുന്നു (ശ. 1.9.1.3.10, 15) വിഷ്ണു വാമന രൂപനായിരുന്നു എന്ന് ശതപഥം ആവര്‍ത്തിക്കുന്നു.

[തിരുത്തുക] മറ്റു ദൈവങ്ങളുമായുള്ള സങ്കലനം

വൈദിക കാലത്ത് വിഷ്ണു ഒരു അപ്രധാന ദേവനായിരുന്നു, ഇന്ദ്രനായിരുന്നു അന്നത്തെ പ്രധാന ആരാധനാ മൂര്‍ത്തി. വിഷ്ണുവാകട്ടേ സൂര്യനേയും ഊര്‍‌വരതേയും പ്രതിനിധാനം ചെയ്തു. ക്രി.മു. രണ്ടാം നൂറ്റാണ്ടോടെ അന്നത്തെ ദ്രാവിഡ ദേവതയായ നാരായണനുമായി ചേര്‍ത്ത് വിഷ്ണുവിനെ കാണാന്‍ തുടങ്ങി. ഇവര്‍ നാരായണ-വിഷ്ണു എന്നറിയപ്പെടാന്‍ തുടങ്ങി. അവൈദിക ദേവനായിരുന്ന നാരായണനെ ഭഗവത് എന്നാണ്‌ വിളിച്ചിരുന്നത്, ആരാധനക്കാരെ ഭാഗവതരെന്നും. ഭഗവത്ന്റെ ഭാര്യയായിരുന്നു ഭഗവതി. ഭഗവതിയാകട്ടെ അമ്മ അഥവാ സൃഷ്ടിയെ പ്രതിനിധീകരിച്ചു. ഈ രണ്ടു ദേവതകളും അനാര്യന്മാരുടെ ഗോത്രമുഖ്യന്മാര്‍ക്ക് സമാനമായിരുന്നു. ഗോത്രമുഖ്യന്‍ ബന്ധുജനങ്ങളില്‍ നിന്ന് കാഴ്ചകള്‍ സ്വീകരിക്കുകയും അതിന്റെ പങ്ക് ബന്ധുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നതു പോലെ നാരായണന്‍ തന്റെ ഭക്തരുടെ മേല്‍ നന്മ ചൊരിയുമെന്ന് വിശ്വസിക്കപ്പെട്ടു. വിഷ്ണുവിനേയും നാരായണനേയും ചേര്‍ത്ത് കാണാന്‍ തുടങ്ങിയതോടെ വിഷ്ണുവിന്‌ അന്നുവരെ അപ്രധാനമായ ആരാധനയില്‍ നിന്ന് പ്രാമുഖ്യം കൈവന്നു. വിഷ്ണുവിന്റേയും നാരായാണന്റേയും ഭക്തരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനായതോടെ ആരാധകര്‍ വര്‍ദ്ധിച്ചു. വൈദിക ദേവനായ വിഷ്ണുവും അവൈദികദേവനായ നാരായണനും പരസ്പരം ഒന്നുചേരുകയും മറ്റു ദേവതകളുമായി സങ്കലനത്തിലേര്‍പ്പെടുകയും ചെയ്തു.

പടിഞ്ഞാറന്‍ ഇന്ത്യയിലെ വൃഷ്ണി ഗോത്രത്തിലെ കൃഷ്ണ-വാസുദേവ് എന്ന സാഹസികനും വീരപരിവേഷവുമുള്ള ഗോത്രനായകനുമായുള്ള സങ്കലനമായിരുന്നു അടുത്തത്. മഹത്തായ ഇതിഹാസമായ മഹാഭാരതം പിന്നീട് കൃഷ്ണനും വിഷ്ണുവും ഒന്നാണെന്ന് കാണിക്കാനായി പുനഃക്രമീകരണം നടത്തപ്പെട്ടു. അങ്ങനെ ക്രിസ്തുവിനു മുന്‍പ് 200 ഓടെ മൂന്നുതരക്കാരായ ഭക്തരും അവരുടെ ദേവന്മാരും താദാത്മ്യം പ്രാപിച്ചു. ഇത് ഭാഗവത ആരാധന അഥവാ വൈഷ്ണവ ആരാധനയുടെ തുടക്കം കുറിച്ചു. [1]

[തിരുത്തുക] വൈഷ്ണവമതം

ഭക്തി, അഹിംസ എന്നിവയാണ്‌ വൈഷ്ണവമതത്തിന്റെ ശ്രദ്ദേയമായ അംശങ്ങള്‍. സ്നേഹത്തോടെയുള്ള സമര്‍പ്പണമാണ്‌ ഭക്തി. ഒരു ഗോത്രവര്‍ഗ്ഗക്കാരന്‍ തന്റെ മുഖ്യനോടോ ഒരു പ്രജ തന്റെ രാജാവിനോടോ കാണിക്കുന്ന തരത്തിലുള്ള വിശ്വസ്തതയാണത്. അഹിംസയാകട്ടെ കാര്‍ഷിക സമൂഹത്തിന്‌ യോജിച്ചതായിരുന്നു. മൃഗങ്ങളെ ഹിംസിക്കാതിരിക്കുക എന്നായിരുന്നു അതുപദേശിച്ചത്. ബലിക്കായി ഗോത്രവര്‍ഗ്ഗക്കാരും യജ്ഞങ്ങള്‍ക്കായി ആര്യന്മാരും മൃഗങ്ങളെ ഹിംസിച്ചിരുന്നു. അതിനെ വൈഷ്ണവാരാധന വെറുത്തു. പഴയ ജീവദായക ഊര്‍‌വരതാരാധനക്ക് ചേര്‍ന്നതായിരുന്നു രണ്ടും. ജനങ്ങള്‍ വിഷ്ണുവിന്റെ മൂര്‍ത്തിയെ ആരാധിക്കുകയും അതിന്‌ നെല്ലും എള്ളും നേദിക്കുകയും ചെയ്തു.

[തിരുത്തുക] ദശാവതാരങ്ങള്‍

ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ അവതാരകഥകളാണ് ഭാഗവതത്തിലെ ദശാവതാരകഥകള്‍. വിഷ്ണു ഭഗവാന്‍റെ പത്ത്‌ അവതാരങ്ങള്‍ ഇപ്രകാരമാണ്.

[തിരുത്തുക] പ്രധാന ആഭരണങ്ങള്‍

  • പാഞ്ചജന്യം - വെളുത്ത നിറത്തിലുള്ള ശംഖ്
  • സുദര്‍ശനം - ഇത് ശത്രുക്കളെ സംഹരിക്കുന്നതിന്‍ ഉപയോഗപ്പെടുത്തുന്ന ആയുധം.
  • കൌമോദകി - വിഷ്ണുവിന്‍റെ ഗദയുടെ പേരാണ്‍.
  • കൌസ്തുഭം - ക്ഷീരസാഗരം കടഞ്ഞപ്പോള്‍ കിട്ടിയ ആഭരണം.
  • നന്ദകം - ഇന്ദ്രനില്‍ നിന്ന് ലഭിച്ച വാള്‍.
  • ശാര്‍ങ്ഗം - വിഷ്ണുവിന്‍റെ വില്ലിന്‍റെ പേര്‍.
  • വൈജയന്തി - വിഷ്ണു എപ്പോഴും ധരിക്കുന്ന രത്നമാല.
  • ശ്രീവത്സം - ഇത് നെഞ്ചിലുള്ള അടയാളമാണ്‍.

[തിരുത്തുക] പര്യായങ്ങള്‍

  • ചതുര്‍ഭാഹു

[തിരുത്തുക] മറ്റു ലിങ്കുകള്‍



[തിരുത്തുക] ആധാരസൂചിക

  1. പ്രാചീന ഇന്ത്യ. എസ്.ആര്‍. ശര്‍മ്മ. ഡി.സി. ബുക്സ്. കോട്ടയം


ഹിന്ദു ദൈവങ്ങള്‍

ഗണപതി | ശിവന്‍ | ബ്രഹ്മാവ് | വിഷ്ണു | ദുര്‍ഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമന്‍ | ഹനുമാന്‍ | ശ്രീകൃഷ്ണന്‍ | സുബ്രമണ്യന്‍‍ | ഇന്ദ്രന്‍ | ശാസ്താവ്| കാമദേവന്‍ | യമന്‍ | കുബേരന്‍ | സൂര്യദേവന്‍

"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം