തൈത്തിരീയോപനിഷത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിലെ പുരാതന ദാർശനിക രചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് തൈത്തിരീയോപനിഷത്ത്. ദശോപനിഷത്തുകൾ എന്നറിയപ്പെടുന്ന പത്ത് മുഖ്യ ഉപനിഷത്തുകളിൽ ഇതുൾപ്പെടുന്നു. യജുർവേദത്തിന്റെ തൈത്തിരീയശാഖയോടനുബന്ധിച്ചുള്ള തൈത്തിരീയ ആരണയകത്തിന് പ്രപാഠങ്ങൾ എന്നറിയപ്പെടുന്ന പത്തദ്ധ്യായങ്ങളുള്ളതിൽ അവസാനത്തേതിന് മുൻപുള്ള (ഏഴുമുതൽ ഒൻപതു വരെ) മൂന്നദ്ധ്യായങ്ങളാണ് തൈത്തിരീയോപനിഷത്തായി കണക്കാക്കപ്പെടുന്നത്.

പേര്[തിരുത്തുക]

തൈത്തിരീയം എന്ന പേരിനെ വിശദീകരിക്കാറുള്ളത് തിത്തിരിപ്പക്ഷിയുമായി ബന്ധപ്പെടുത്തിയാണ്. പഠിച്ചതെല്ലാം പുറത്തു കളയാൻ കോപിഷ്ഠനായ ഗുരു വൈശമ്പായനൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യൻ യാജ്ഞവൽക്യൻ ഛർദ്ദിച്ചു കളഞ്ഞ വിദ്യയിൽ ഒരു ഭാഗം മറ്റു ശിഷ്യന്മാർ തിത്തിരിപ്പക്ഷികളുടെ രൂപത്തിൽ വന്ന് കൊത്തിയെടുക്കുക വഴി സംരക്ഷിക്കപ്പെട്ടതാണ് യജുർവേദത്തിന്റെ തൈത്തിരീയശാഖ എന്നൊരു കഥയുണ്ട്. ആ വേദശാഖയ്ക്കും അതിന്റെ അനുബന്ധമായ ബ്രാഹ്മണത്തിനും അതിലെ ഉപനിഷത്തിനും ഈ പേരു കിട്ടിയതിനു പിന്നിൽ ആ കഥയാണ്.[1]

ഘടന[തിരുത്തുക]

വല്ലികളെന്നറിയപ്പെടുന്ന മൂന്നദ്ധ്യായങ്ങളാണ് ഈ ഉപനിഷത്തിനുള്ളത്. ഒരോന്നും ഉപാദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തേതായ ശിക്ഷാവല്ലിയിൽ പന്ത്രണ്ടദ്ധ്യായങ്ങളും, മദ്ധ്യത്തിലെ ബ്രഹ്മാനന്ദവല്ലിയിൽ ഒൻപതദ്ധ്യായങ്ങളും, അവസാനം വരുന്ന ഭൃഗുവല്ലിയിൽ പത്തദ്ധ്യായങ്ങളുമാണുള്ളത്.[2]

ഉള്ളടക്കം[തിരുത്തുക]

ശിക്ഷാവല്ലി[തിരുത്തുക]

ഈ വല്ലിയുടെ പല ഭാഗങ്ങളും ഉപാസനാസ്വഭാവമുള്ള പ്രബോധനമാണ്. മിത്ര വരുണാദികളായ ദൈവങ്ങളെ സംബോധന ചെയ്യുന്ന പ്രാർത്ഥനയാണ് ആദ്യാധ്യായം. തുടർന്നു വരുന്ന ചെറിയ അദ്ധ്യായം, പഠനത്തിൽ സ്വരവർണ്ണാദിയായ ഭാഷാ സാമിഗ്രികളുടെ പ്രാധാന്യത്തെപ്പറ്റിയാണ്.


അടുത്ത അദ്ധ്യായം പ്രപഞ്ചം‍, തേജലോകങ്ങൾ, അറിവ്, പരമ്പര, ആത്മവിദ്യ എന്നിവയുടെ ഘടകതത്ത്വങ്ങളെ പറ്റിയാണ്. പ്രപഞ്ചത്തിന്റെ തത്ത്വങ്ങൾ ഭൂമിയും ആകാശവും അന്തരീക്ഷവും അവയെ ബന്ധിപ്പിക്കുന്ന വായുവും ആണ്. തേജ ലോകങ്ങളുടെ തത്ത്വങ്ങളായ അഗ്നി, സൂര്യൻ‍, ജലങ്ങൾ എന്നിവയെ വിദ്യുതി യോജിപ്പിക്കുന്നു. അറിവിന്റെ ഘടകങ്ങൾ ഗുരു, ശിഷ്യൻ, ജ്ഞാനം എന്നിവയും അവയെ ബന്ധിപ്പിക്കുനത് പ്രബോധനവും ആണ്. പരമ്പരയുടെ തത്ത്വങ്ങൾ മാതാവ്, പിതാവ്, മക്കൾ എന്നിവയും അവരെ ബന്ധിപ്പിക്കുന്നത് പ്രജനനവുമാണ്. ആത്മവിദ്യയുടെ തത്ത്വങ്ങൾ മേൽത്താടിയും കീഴ്ത്താടിയും വാക്കും അവയെ ബന്ധിപ്പിക്കുന്നത് ജിഹ്വയും ആണ്. നാലാം അദ്ധ്യായത്തിന്റെ ഒരു ഭാഗം വിദ്യാർത്ഥിയുടെ ഈ പ്രാർത്ഥനയാണ്:

ദൈവമേ, ഞാൻ അമർത്ത്യതയുടെ പാത്രമാകാൻ ഇടയാകട്ടെ. (അമൃതസ്യ ദേവ ധാരണോ ഭൂയാസം) എന്റെ ശരീരം എല്ലാ കർമ്മങ്ങളിലും വേഗവും കുശലതയും പ്രകടിപ്പിക്കട്ടെ. (ശരീരം മേ വിചർഷണം) എന്റെ നാവ് തേൻ കിനിയുന്നതാകട്ടെ.(ജിഹ്വാ മേ മധുമത്തമാ) എന്റെ കാതുകൾ ബൃഹത്തും വിവിധവുമായ ശ്രുതികൾ ശ്രവിക്കാൻ ഇടവരട്ടെ.


ശിക്ഷാവല്ലി പതിനൊന്നാം അദ്ധ്യായം ഏറെ പ്രസിദ്ധമാണ്. ബ്രഹ്മചര്യ നിഷ്ഠയിലുറച്ചു നിന്ന് ശിക്ഷ പൂർത്തിയാക്കി ഗൃഹസ്ഥാശ്രമത്തിലേയ്ക്ക് പ്രവേശിക്കാനായി മടങ്ങി പോകുന്ന വിദ്യാർത്ഥികൾക്കുള്ള ഈ ഉപദേശത്തെ ആധുനിക സർവകലാശാലകളിലെ ബിരുദദാന പ്രഭാഷണങ്ങളോട് (Convocation Address) താരതമ്യപ്പെടുത്താറുണ്ട്.[3][ക] "സത്യം വദ. ധർമ്മം ചര" എന്നു തുടങ്ങുന്ന ആ ഉപദേശത്തിലെ പ്രബോധനങ്ങളിൽ ചിലത് ഇവയാണ്:-

സത്യം പറയുക, ധർമ്മം ചെയ്യുക...സത്യത്തിൽ നിന്നും ധർമ്മത്തിൽ നിന്നും നല്ലതിൽ നിന്നും ക്ഷേമകർമ്മങ്ങളിൽ നിന്നും പിഴച്ചുപോകരുത്. അമ്മയേയും അച്ഛനേയും ആചാര്യനേയും അതിഥിയേയും ദേവനായി കരുതുക. കുറ്റമറ്റ കർമ്മങ്ങളേ ചെയ്യാവൂ. ഞങ്ങളുടെ നല്ല പ്രവൃത്തികൾ മാത്രമേ നിങ്ങൾ അനുസരിക്കാവൂ; അല്ലാത്തവ പാടില്ല.[1]

ബ്രഹ്മാനന്ദവല്ലി[തിരുത്തുക]

മനുഷ്യ ജീവിതത്തെ അതിലെ മണ്ഡലങ്ങളുടെ (കോശങ്ങളുടെ) അപഗ്രഥനത്തിലൂടെ വിശദീകരിക്കുകയാണ് ഈ വല്ലിയിൽ. ഭക്ഷണത്താലാണ് മനുഷ്യൻ ഉരുവാക്കപ്പെട്ടിരിക്കുന്നതെന്നും ഭക്ഷണമാണ് മനുഷ്യനിലെ അടിസ്ഥാന വസ്തുവെന്നും (ആന്നാത്പുരുഷ:...പുരുഷോഽന്നരസമയ:) ആദ്യ അദ്ധ്യായത്തിൽ പറയുന്നു. തുടർന്ന് ഈ വിശകലനം, ഒന്നിനൊന്ന് ഉള്ളിലായി വരുന്ന പ്രാണൻ, മനസ്സ്, വിജ്ഞാനം എന്നിവയെ കടന്ന് ആനന്ദത്തിന്റെ മണ്ഡലത്തിലെത്തുന്നു. ഈ വല്ലിയിലെ എട്ടാം അദ്ധ്യായം, ബ്രഹ്മാനന്ദത്തെ മനുഷ്യനു പരിചയമുള്ള മറ്റാനന്ദങ്ങളുമായി താരതമ്യം ചെയ്ത് വിശദീകരിക്കുവാനുള്ള ശ്രമമാണ്.

ആരോഗ്യവും ശക്തിയും സൗന്ദര്യവും വിജ്ഞാനവും ഗുണശീലങ്ങളും സമ്പത്തും തികഞ്ഞ ഒരു യുവാവിന് പ്രാപ്തമായ ആനന്ദമാണ് മനുഷ്യാനന്ദത്തിന്റെ പരകോടി. സ്വർഗ്ഗത്തിലെ മനുഷ്യഗന്ധവർവന്മാരുടെ ആനന്ദം ഇതിന്റെ ശതാതിശതം മടങ്ങാണ്. ദേവഗന്ധർവന്മാരുടെ ആനന്ദം അതിന്റേയും ശതാതിശതം മടങ്ങാണ്. സ്വർഗലോകം പ്രാപിച്ച പിതൃക്കളുടെ ആനന്ദമാകട്ടെ അതിലും ബഹുശതം മടങ്ങാണ്. ദേവജന്മം ലഭിച്ചവരുടെ ആനന്ദം അതിന്റേയും ബഹുശതം മടങ്ങും കർമ്മദേവന്മാരുടെ ആനന്ദം പിന്നേയും അനേകശതം മടങ്ങുമാണ്. നിത്യദേവന്മാരുടെ ആനന്ദമാകട്ടെ അതിന്റേയും ശതാതിശതം മടങ്ങും ഇന്ദ്രന്റെ ആനന്ദം അതിന്റേയും ശതാതിശതം മടങ്ങും ബൃഹസ്പദിയുടെ ആനന്ദം പിന്നേയും ബഹുശതം മടങ്ങും, പ്രജാപതിയുടെ ആനന്ദം അതിന്റേയും മടങ്ങുകളും ആണ്. ഒരു ബ്രഹ്മാനന്ദമാകട്ടെ പ്രജാപതിയുടെ ഒരാനന്ദത്തിന്റെ ബഹുശതം മടങ്ങാണ്.[2]

ഭൃഗുവല്ലി[തിരുത്തുക]

വരുണന്റെ പുത്രനായ ഭൃഗുവിന്റെ സത്യാന്വേഷണമാണ് ഈ വല്ലിയിലെ ആദ്യത്തെ ആറദ്ധ്യായങ്ങളിൽ. ബ്രഹ്മജ്ഞാനം ഉപദേശിച്ചു തരാൻ അയാൾ പിതാവിനോടാവശ്യപ്പെട്ടു. അന്ന-പ്രാണ-ചക്ഷു-ശ്രോത്ര-മനങ്ങളിൽ എല്ലാത്തിന്റേയും ഉല്പത്തിയും ലക്ഷ്യവുമായ ബ്രഹ്മത്തെ അന്വേഷിക്കാൻ വരുണൻ പുത്രനെ ഉപദേശിച്ചു. എല്ലാത്തിന്റേയും ഉല്പത്തിയും അന്ത്യവുമായി കാണപ്പെട്ട അന്നമാണ് ബ്രഹ്മമെന്നായിരുന്നു ഭൃഗുഗിന്റെ ആദ്യത്തെ കണ്ടെത്തൽ. അതു കേട്ടപ്പോൾ പിന്നെയും തപസ്സിലൂടെ അന്വേഷണം തുടരാൻ പിതാവ് അയാളെ ഉപദേശിച്ചു. അടുത്തതായി പ്രാണനേയും പിന്നെ മനസ്സിനേയും തുടർന്ന് അറിവിനേയും അയാൾ ബ്രഹ്മമായി കണ്ടപ്പോഴും, അന്വേഷണം തുടരാനാണ് പിതാവ് ഉപദേശിച്ചത്. ഒടുവിൽ ആനന്ദമാണ് ബ്രഹ്മമെന്ന ശരിയായ അറിവിൽ ഭൃഗു എത്തിച്ചേർന്നു.


പക്ഷേ ബ്രഹ്മാനന്ദമൊഴികെയുള്ള ജീവിത മണ്ഡലങ്ങളുടെ (കോശങ്ങളുടെ) പ്രാധാന്യം കുറച്ചു കാട്ടുകയല്ല ഈ പ്രബോധനം‍. തുടർന്നുള്ള അദ്ധ്യായങ്ങളുടെ ഒരു പ്രധാന ഭാഗം അന്ന(ഭക്ഷണ)മെന്ന ആദ്യ മണ്ഡലത്തിന്റെ പുകഴ്ചയാണ്: അന്നത്തെ ദുഷിക്കരുത്; അതിനെ നിരസിക്കരുത്; അത് വർദ്ധിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യണം; അതിഥികളെ വീട്ടിൽ സ്വീകരിച്ച് ഭക്ഷണം നൽകണം, എന്നൊക്കെ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ ഘടകങ്ങളായ അന്ന-പ്രാണ-മന- വിജ്ഞാന-ആനന്ദങ്ങളെ ഉൾക്കൊള്ളുന്ന സമഗ്ര ദർശനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞു കൊണ്ടാണ് ഉപനിഷത്ത് സമാപിക്കുന്നത്.

വിലയിരുത്തൽ[തിരുത്തുക]

ഉണ്മയുടെ എല്ലാ മണ്ഡലങ്ങളും സമ്മേളിക്കുന്ന സന്തുലിതമായ ജീവിത വീക്ഷണം അവതരിപ്പിക്കുന്നുവെന്നതാണ് തൈത്തിരീയോപനിഷത്തിന്റെ അതുല്യത. ഉപനിഷത്തുകൾക്കിടയിൽ ഭാരതീയ തത്ത്വചിന്തയുടെ സമഗ്ര സ്വഭാവം ഏറ്റവുമേറെ പ്രകടിപ്പിക്കുന്നത് തൈത്തിരീയമാണെന്ന് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[1] അന്നവും, പ്രാണനും, മനസ്സും, വിജ്ഞാനവും, ആത്മീയാനന്ദവും ചേർന്ന്, പ്രപഞ്ചത്തിന്റെ പ്രതിരൂപമായ ഒരു ലഘു പ്രപഞ്ചമായി ഈ ഉപനിഷത്ത് മനുഷ്യനെ കാണുന്നു.[4]

കുറിപ്പുകൾ[തിരുത്തുക]

ക. ^ ബെനാറസ് ഹിന്ദു സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിൽ ഈ തൈത്തിരീയോപനിഷത്തിലെ ഈ ഭാഗം വായിക്കാറുണ്ടെന്ന് പറയപ്പെടുന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 തത്ത്വമസി, സുകുമാർ അഴീക്കോട്(പ്രസാധനം: കറന്റ് ബുക്ക്സ്, തൃശൂർ
  2. 2.0 2.1 തൈത്തിരീയോപനിഷത്ത്, ഉപനിഷത്തുകൾ, ശ്രീ അരബിന്ദോ(പ്രസാധനം: അരവിന്ദാശ്രമം, പോണ്ടിച്ചേരി)
  3. 3.0 3.1 തൈത്തിരീയോപനിഷത്ത്, ഉപനിഷത്തുകൾ, ഏകനാഥ് ഈശ്വരൻ(പ്രസാധനം: പെൻഗ്വിൻ)
  4. എസ്.രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും, പുറം 211(പ്രസാധകർ: ഓക്സ്ഫോർഡ് സർവകലാശാലാ പ്രസ്സ്
"https://ml.wikipedia.org/w/index.php?title=തൈത്തിരീയോപനിഷത്ത്&oldid=3697352" എന്ന താളിൽനിന്ന് ശേഖരിച്ചത്