ബുദ്ധമതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്താകമാനം 23 മുതല്‍ 50 കോടി വരെ അനുയായികളുള്ള ഒരു മതവും ചിന്താധാരയുമാണ് ബുദ്ധമതം. ബുദ്ധമതാനുയായികളില്‍ ഭൂരിഭാഗവും ഏഷ്യയിലാണ് വസിക്കുന്നത്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളിലും ഈ മതത്തിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നുണ്ട്. അതിരുകടന്ന ഭോഗാസക്തിക്കും ആത്മപീഡനമുറകളായ സംന്യാസത്തിനും ഇടക്കുള്ള മദ്ധ്യമപദ്ധതിയാണ് ബുദ്ധമതത്തിലുള്ളത്. ഇതാണ് ബുദ്ധന്റെ ഉപദേശം. സര്‍വ്വം അനിത്യം, സര്‍വ്വം ദുഃഖം, സര്‍വം അനാത്മം എന്നിങ്ങനെയുള്ള അസ്ഥിത്വലക്ഷണങ്ങളിലൂന്നിയാണ് ജീവിക്കേണ്ടത്. ഏതിനു കാര്യകാരണ ബന്ധമുണ്ടെന്ന തത്വം പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. ലളിതമായ നന്മയാണ് ബുദ്ധംതപ്രബോധങ്ങളുടെ ജീവന്‍. അതൊരു ജീവിതരീതിയാണ്. എല്ലാം ദുഃഖം, അതിന്റെ കാരണം തൃഷ്ണ എങ്കില്‍ ദുഃഖഹേതുവായ തൃഷ്ണയെ അകറ്റിയാല്‍ ദുഃഖം മാറും. ഇതിനായി എട്ട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട് (അഷ്ടമാര്‍ഗ്ഗങ്ങള്‍) ഇത് ആര്യസത്യങ്ങള്‍ എന്നറിയപ്പെടുന്നു.
ബുദ്ധമതത്തില്‍ ദൈവത്തെപ്പറ്റി സൂചനകളൊന്നുമില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കലല്ല അത് ചെയ്യുന്നത്. മറിച്ച് മനുഷ്യന്റെ ജ്ഞാനപ്രകാശനമാണ്. അതുവഴി ശാന്തിയും ജീവിതവിജയവും അത് പ്രദാനം ചെയ്യുന്നു.
ബുദ്ധമതവിശ്വാസപ്രകാരം ബുദ്ധന്‍ ഒരു ദൈവമല്ല. മറിച്ച് മനുഷ്യരെ ഭൗതികേച്ഛകളില്‍ നിന്ന് മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ഒരു ആചാര്യനാണ്. ഹിന്ദുക്കളെപ്പോലെ ബുദ്ധമതവിശ്വാസികളും പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നു. അതായത് ഓരോരുത്തരും നിരവധി തവണ ജനിച്ചു മരിക്കുന്നു. തന്റെ അടുത്ത ജന്മത്തിലെ സ്ഥിതി ഈ ജന്മത്തിലെ പ്രവൃത്തികള്‍ക്കനുസരിച്ചായിരിക്കും നിശ്ചയിക്കപ്പെടുക. ക്രിസ്ത്യാനികളുടെ പത്തു കല്‍പ്പനകള്‍ പോലെ ബുദ്ധമതത്തിനും ചില നിയമാവലികളുണ്ട്. ഇതിലെ ഏറ്റവും പ്രധാനമായത് അഹിംസയാണ്[1].
വജ്രയാന, തേര്‍വാദ എന്നീ രണ്ടു പ്രധാനസരണികളാണ് ബുദ്ധമതത്തിനുള്ളത്. മഹായാന തന്നെ പൂര്‍വേഷ്യന്‍, തിബറ്റന്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ബുദ്ധമതം സ്ഥാപിച്ചത് സിദ്ധാര്‍ത്ഥന്‍ എന്ന ഗൗതമബുദ്ധന്‍ ആണ്. അദ്ദേഹം മഗധസാമ്രാജ്യത്തിന്റെ (ക്രി.മു. 546–324) ആരംഭകാലത്ത് ദക്ഷിണ നേപ്പാളിലുള്ള ലുംബിനിയിലെ ശാക്യവംശത്തിലാണ് ജനിച്ചത്. കപിലവസ്തുവിലെ ശുദ്ധോധനരാജാവായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കൊട്ടാരത്തിലെ സുഖസൗകര്യങ്ങളില്‍ ചെലവഴിച്ച ആദ്യനാളുകള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥന്‍ സാമാന്യലോകയാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിച്ചറിയുകയും ലോകജീവിതം ഒഴിച്ചുകൂടാനാവാത്ത ദുരിതദുഃഖങ്ങളുമായി ഇഴപിരിഞ്ഞതാണെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആഡംബരജീവിതം ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു.35 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിനു ജ്ഞാനോദയം ലഭിച്ചു. അതിനുശേഷം ഗൗതമബുദ്ധന്‍ എന്നും ശ്രീബുദ്ധന്‍ എന്നും അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. ജീവിതത്തിലെ ശേഷിച്ച 45 വര്‍ഷക്കാലം മധ്യ ഭാരതത്തിലെ ഗംഗാനദീതടത്തിലുടനീളം സഞ്ചരിച്ച് ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള മനുഷ്യരെ തന്റെ ദര്‍ശനവും അതിന്റെ പ്രയോഗവും അദ്ദേഹം പഠിപ്പിച്ചു. ഈ കാലഘട്ടമാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധമതത്തിന്റെ തുടക്കം ആയി കരുതാവുന്നത്.
ശ്രീബുദ്ധന്റെ മഹാപരിനിര്‍വാണത്തിനുശേഷം രണ്ടു നൂറ്റാണ്ടോളം ബുദ്ധമതം ചെറിയ ഭിക്ഷു-ഭിക്ഷുണി സംഘങ്ങളിലൊതുങ്ങി നിന്നു, അക്കാലത്ത് അവര്‍ക്ക് തുണയായി ധാരാളം ഉപാസകരും ഉണ്ടായിരുന്നെങ്കിലും ഒരു പ്രത്യേക മതസ്ഥാപനമെന്ന നിലക്ക് രൂപം കൊണ്ടിരുന്നില്ല. തനിക്കൊരു പിന്‍ഗാമിയെ നിയമിക്കാനും തന്റെ ദര്‍ശനങ്ങള്‍ നിയതരൂപത്തില്‍ സമാഹരിക്കുവാനും ശ്രീബുദ്ധനുണ്ടായിരുന്ന വൈമുഖ്യം അദ്ദേഹത്തിന്റെ മരണത്തിനു ശേഷമുള്ള നാലു നൂറ്റാണ്ടുകളില്‍ ബുദ്ധദര്‍ശനത്തില്‍ അധിഷ്ഠിതങ്ങളായ വിവിധ സംഘടനകള്‍ രൂപംകൊള്ളുന്നതിന് കാരണമായി. അശോക ചക്രവര്‍ത്തിയുടെ കാലത്താണ് അത് ഒരു ദേശീയമതമായിത്തീര്‍ന്നത്.
[തിരുത്തുക] വൈദ്യശാസ്ത്രം
ബുദ്ധമതവുമായി ബന്ധപ്പെട്ട രണ്ടു പ്രശസ്ത ആയുര്‍വേദഗ്രന്ഥങ്ങളാണ് വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും. ഈ ഗ്രന്ഥങ്ങളിലെ ചികില്‍സാസമ്പ്രദായങ്ങള്‍ എട്ട് ഒന്‍പത് നൂറ്റാണ്ടുകളില്‍ ബുദ്ധമതത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന ശ്രീലങ്കയിലും കേരളത്തിലുമാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്[2].
[തിരുത്തുക] ശ്രീലങ്കയില്‍
ബുദ്ധമതത്തിന് കാര്യമായ വേരോട്ടമുള്ള ഒരു രാജ്യമാണ് ശ്രീലങ്ക. ശ്രീലങ്കയിലെ ഭൂരിപക്ഷം വരുന്ന സിംഹളര്‍ ബുദ്ധമതവിശ്വാസികളാണ്. ശ്രീലങ്കയിലെ ബുദ്ധമതവിശ്വാസികള്‍ ഇത് ഏറ്റവും പുരാതനമായ മതമാണെന്നു കരുതുന്നു. ഗൌതമബുദ്ധന്‍ ഇരുപത്തിയഞ്ചാമത്തെ ബുദ്ധനാണന്നും ഇദ്ദേഹത്തിന്റെ period of veration ബി.സി.ഇ. 7-ആം നൂറ്റാണ്ടിലെ അദ്ദേഹത്തിന്റെ ജനനം മുതല്‍ 44-ആം നൂറ്റാണ്ടിലെ അടുത്ത ബുദ്ധന്റെ ആഗമനം വരെയാണെന്നും ഇവര്‍ കരുതുന്നു.
ഗൌതമബുദ്ധന്‍ തന്റെ ജീവിതകാലത്ത് മൂന്നു വട്ടം ശ്രീലങ്ക സന്ദര്‍ശിച്ചിട്ടുണ്ട്. മൂന്നാം വട്ടം അദ്ദേഹം വായുമാര്‍ഗ്ഗമാണ് ഇന്ത്യയിലേക്ക് തിരിച്ചതെന്നുമാണ് ഐതിഹ്യം. ഇതിനായി അദ്ദേഹം കാലുയര്‍ത്തിയപ്പോഴാണ് ആദം കൊടുമുടിയില്‍ അദ്ദേഹത്തിന്റെ കാല്‍ പതിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു[1].
[തിരുത്തുക] വസ്ത്രധാരണം
ബുദ്ധമതസന്യാസിമാര്‍ കുങ്കുമവര്‍ണ്ണത്തിലുള്ള മേലങ്കി ധരിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്യുന്നു. ഇവരുടെ മേലങ്കിക്ക് ബുദ്ധമതത്തിന്റെ സ്ഥാപനകാലത്തോളം തന്നെ പഴക്കമുള്ള ചരിത്രമുണ്ട്. ഗൌതമബുദ്ധന്റെ ശിഷ്യനായ ആനന്ദന്, ഒരു വിശ്വാസി വളരെ ഭംഗിയുള്ള ഒരു മേലങ്കി സമ്മാനമായി നല്‍കി.ഭൌതികസുഖങ്ങള്‍ തനിക്ക് ഒട്ടും പ്രിയപ്പെട്ടതല്ലെന്നതിന്റെ പ്രതീകമായി ആനന്ദന്‍ ഈ മേലങ്കി, 30 തുണ്ടുകളായി മുറീക്കുകയും അതിനെ കൂട്ടിത്തുന്നി ധരിക്കുകയും ചെയ്തു. ഇന്നും ബുദ്ധമതസന്യാസികള്‍ തങ്ങളുടെ മേലങ്കിയെ ഇങ്ങനെ കൂട്ടിത്തുന്നി ധരിക്കുന്നുണ്ട്[1].
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 262-264.
- ↑ രാമചന്ദ്രന്‍, സി.കെ.. "വാഗ്‌ഭടനെത്തേടി ശ്രീലങ്കയില്‍", മാതൃഭൂമി വാരാന്തപ്പതിപ്പ്, 2008-07-27. ശേഖരിച്ചത് 2008-07-28.