കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭദ്രകാളി
ഭദ്രകാളി
ഭദ്രകാളി
ദൈവം ശത്രുസംഹാരം
ദേവനാഗരി: काली
ബന്ധം: ദേവി
വസതി: ശ്മശാനം
മന്ത്രം: ഓം ക്രീം കാളിയേ നമ:
ആയുധം: കൊടുവാള്‍
പങ്കാളി: ശിവന്‍
ഗ്രഹം: ചൊവ്വ

ആദിമകാലങ്ങളില്‍ ദ്രാവിഡരുടേയും പിന്നീട് ശാക്തേയരുടേയും കാലക്രമേണ ഹിന്ദുക്കളുടേയും ആരാധനാമൂര്‍ത്തിയായിത്തീര്‍ന്ന ദേവതയാണ്‌ കാളി [അവലംബം ആവശ്യമാണ്] . ഭദ്രകാളി സംഹാരത്തിന്റെ ദേവതയായാണ് അറിയപ്പെടുന്നത്. സൃഷ്ടിയുടെ കാരണം സ്ത്രീയാണ്‌ എന്ന കാഴ്ചപ്പാടില്‍നിന്നാണ്‌ ശാക്തേയര്‍ ശക്തിയുടെ പ്രതീകമായി കാളിയെ സ്വീകരിച്ചതെങ്കിലും പിന്നീട് അത് പാര്‍‌വ്വതിയുടെ പര്യായമായിത്തീരുകയായിരുന്നു.

സംഘകാലത്ത് മറവരുടെ ദൈവമായിരുന്നു കൊറ്റവൈ. ചേരരാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടുന്നതിനു മുന്‍പ് കൊറ്റവൈക്ക് ബലി അര്‍പ്പിക്കുകയും കള്ള് നിവേദിക്കുകയും ചെയ്തിരുന്നു. കൊറ്റവൈ ആണ്‍ പിന്നീട് കാളിയായി രൂപാന്തരപ്പെട്ടത് എന്ന് പറയപ്പെടുന്നു [1]. ജൈനരുടെ ദേവതകളായ മംഗളാ ദേവിയും അംബികയും പലയിടങ്ങളില്‍ കാളിയായും ദുര്‍ഗ്ഗയായും രൂപാന്തരപ്പെട്ടിട്ടുണ്ട്.

[തിരുത്തുക] ഐതിഹ്യം

ദക്ഷന്റെ യാഗത്തില്‍ സതി സ്വയം മരണം വരിച്ചപ്പോള്‍ കോപിഷ്ടനായ പരമശിവന്റെ മൂന്നാം‍ കണ്ണില്‍ നിന്ന് ദേവി പിറന്നു.

[തിരുത്തുക] ചരിത്രം

ഇന്ന് മേര്‍ഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ്‍ ആരാധിച്ചിരുന്നത്. മേര്‍ഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് 6000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന കാര്‍ഷികഗ്രാമങ്ങളില്‍ നിന്നാണ്‍‍ ഇന്ത്യയില്‍ ആദ്യമായി അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകള്‍ ലഭിക്കുന്നത്. [2]

ദ്രാവിഡരുടെ പ്രധാന ആരാധനാ മൂര്‍ത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവര്‍ക്ക് പിതാവിനേക്കാള്‍ മാതാവിനോട് കൂടുതല്‍ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പിതാവ്,(ശിവന്‍‍) മാതാവ്(കാളി) പുത്രന്‍(മുരുകന്‍‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ(ഋഗ്വേദം) ആര്യന്മാക്ക് അമ്മ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവര്‍ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രന്‍ തകര്‍ക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമര്‍ശങ്ങള്‍ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യര്‍ക്കും മുന്‍പ് താമസിച്ചിരുന്ന ജനവിഭാഗങ്ങള്‍ ഉര്‍വരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തില്‍ ആരാധിച്ചിരുന്നു.

ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങള്‍ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോള്‍ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജര്‍ക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങള്‍ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതല്‍ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നല്‍കി വന്ന സര്‍വ്വപ്രധാനമായ സ്ഥാനം അവയില്‍ ഒന്നുമാത്രം.


ഋഗ്വേദത്തില്‍ ദേവിമാര്‍ പൊതുവില്‍ ദേവന്മാരേക്കാള്‍ വളരെ പ്രാധാന്യം കുറഞ്ഞവരാണ്‌.മനുസ്മൃതിയില്‍ മരണമടഞ്ഞ പിതാക്കന്മാര്‍ക്കായി ബലിയര്‍പ്പിക്കേണ്ടതിനെപ്പറ്റി പറയുന്നു. [3]നിത്യേനയുള്ള വൈശ്വദേവ ഭക്ഷണ തര്‍പ്പണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതില്‍ ഒരുരുള പിതൃബലിയായി പ്രത്യേകം നല്‍കണം. അവസനത്തെ ഉരുള മുജ്ജന്മ പാപത്താല്‍ മാറാരോഗം ബാധിച്ചവര്‍ക്കും മതഭ്രഷ്ടരായവര്‍ക്കും പട്ടികള്‍ക്കും വേണ്ടി വെറും തറയിലാണ് വെക്കേണ്ടത്. എന്നാല്‍ ഇതിലെങ്ങും പിതൃക്കള്‍ക്കൊപ്പം സഞ്ചരിക്കേണ്ട അമ്മമാരെപ്പറ്റി പരാമര്‍ശമില്ല. മാതൃദായകക്കാരായിരുന്ന ദ്രാവിഡരില്‍ നിന്ന് പിതൃദായ സമ്പ്രദായത്തിലേക്കുള്ള വ്യത്യാസം ഇവിടെ പ്രതിഫലിക്കുന്നു. അമ്മമാര്‍ വെറും ഭാര്യമാരാവാനായി നുഴഞ്ഞുകയറിയവര്‍ മാത്രമായിത്തീരുന്നു. അഷ്ടകങ്ങള്‍ എന്നറിയപ്പെടുന്ന വാര്‍ഷികമായ ശ്രാദ്ധമൂട്ടിലും അമ്മമാര്‍ക്കവകാശമില്ല. വേദസമ്പ്രദായം അനുവദിക്കുന്നില്ലെങ്കിലും പിന്നീട് ബ്രഹ്മണമതം ദേവിമാരെന്ന നിലയില്‍ അമ്മമാര്‍ക്ക് വേണ്ടിയുള്ള ബലി തര്‍പ്പണങ്ങള്‍ ഇന്ത്യയിലെ അനാര്യന്‍ അംശങ്ങളില്‍ നിന്നും കടം കൊള്ളുന്നു. ഇത്തരത്തില്‍ മുന്‍തലമുറയിലെ അമ്മമാരല്ലാത്ത മറ്റേതോ ദേവിമാര്‍ക്കായി (പൊതുവായ മാതൃത്വം-ത്രയംബക-മൂന്നുപേര്‍) വഴിയരികില്‍ ശ്രാദ്ധമൂട്ടുന്ന രീതി പഴയകാലത്തെ ഇന്ത്യന്‍ സാഹിത്യകൃതികളില്‍ കാണുന്നുണ്ട്. [4]

മഹാഭാരതത്തില്‍ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗംഗ സ്വര്‍ഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപന്‍ എന്ന രാജാവിനെ വിവാഹം കഴിക്കാന്‍ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാല്‍ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയില്‍ ഒഴുക്കിക്കൊല്ലുന്നു. [5]ഇത് അമ്മ ദൈവങ്ങള്‍ക്ക് അര്‍പ്പിക്കേണ്ടിയിരുന്ന ബലിയെയാണ്‍ സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ്‍ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മര്‍ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അര്‍ത്ഥവും). ‍

ബുദ്ധമതത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നല്‍കപ്പെട്ടിരുന്നത് അമ്മദൈവങ്ങള്‍ക്കാണ്. ബുദ്ധബിംബങ്ങള്‍ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങള്‍ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങള്‍ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളില്‍നിന്നോ അവയുടെ സമീപ പ്രദേശങ്ങളില്‍ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.[6]


അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതല്‍ ശക്തിയുള്ള ദൈവങ്ങള്‍. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തന് പോലും നേരിട്ട് ദര്‍ശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാല്‍ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളില്‍ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാന്‍ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം.

[തിരുത്തുക] അവലംബം

  1. പി.കെ.ഗോപാലകൃഷ്ണന്‍ രചിച്ച “കേരളത്തിന്‍റെ സാംസ്കാരികചരിത്രം”
  2. ആര്‍തര്‍ ലേവ്‌ലിന്‍ ബഷാം; ദ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ. സുര്‍ജീത്ത് പബ്ലിക്കേഷന്‍സ്, ഇംഗ്ലീഷ്; ന്യൂഡെല്‍ഹി ഇന്ത്യ
  3. മനുസ്മൃതി 3.81-92
  4. ശൂദ്രകന്‍‍-മൃച്ഛകടികം
  5. മഹാഭാരതം 1.93.44
  6. കെ. ദാമോദരന്‍ രചിച്ച “പ്രാചീന കേരളം”,അദ്ധ്യായം പന്ത്രണ്ട്


ഹിന്ദു ദൈവങ്ങള്‍

ഗണപതി | ശിവന്‍ | ബ്രഹ്മാവ് | വിഷ്ണു | ദുര്‍ഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമന്‍ | ഹനുമാന്‍ | ശ്രീകൃഷ്ണന്‍ | സുബ്രമണ്യന്‍‍ | ഇന്ദ്രന്‍ | ശാസ്താവ്| കാമദേവന്‍ | യമന്‍ | കുബേരന്‍ | സൂര്യദേവന്‍

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം