രാമായണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Title രാമായണം
First edition title page
രാമ-രാവണ യുദ്ധം ചിത്രകാരന്റെ ഭാവനയില്‍
കര്‍ത്താവ് വാല്‍‍മീകി‍
രാജ്യം ഭാരതം
ഭാഷ സംസ്കൃതം
പ്രസാധകര്‍
പ്രസിദ്ധീകരിച്ച വര്‍ഷം
ഐ.എസ്.ബി.എന്‍ ലഭ്യമല്ല

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവകള്‍
ഹൈന്ദവ വിഭാഗങ്ങള്‍ · ഗ്രന്ഥങ്ങള്‍

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധര്‍മം · അര്‍ത്ഥം · കാമം · മോക്ഷം
കര്‍മം · പൂജാവിധികള്‍ · യോഗ · ഭക്തി
മായ · യുഗങ്ങള്‍ · ക്ഷേത്രങ്ങള്‍

വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങള്‍
ഐതീഹ്യങ്ങള്‍ · മറ്റുള്ളവ

മറ്റ് വിഷയങ്ങള്‍

ഹിന്ദു
ഗുരുക്കന്മാര്‍ · ചാതുര്‍വര്‍ണ്യം
ആയുര്‍വേദം · ഉത്സവങ്ങള്‍ · നവോത്ഥാനം
ജ്യോതിഷം

സ്വസ്തിക

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ്‌ രാമായണം .[1]ഇംഗ്ലീഷ്:Ramayana. രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനര്‍ത്ഥം. വാത്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്‍മീകീ രാമായണത്തില്‍ നിന്ന് ലഭിക്കുന്നത്. വാല്‍മീകീ രാമയാണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ്‌ വാല്‍മീകീ രാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീര്‍ന്നത്. [2]

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂര്‍വേഷ്യയിലെയും സംസ്കാരങ്ങളില്‍ പ്രതിഫലിച്ചുകാണാം. ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങള്‍ ചേര്‍ന്നതാണ്‌. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ പിന്നീട് ചേര്‍ക്കപ്പെട്ടതാണ്‌ എന്ന് തെളിയിക്കപ്പെട്ട‌ കഴിഞ്ഞിരിക്കുന്നു. രാമനെ ഈശ്വരനായി വാഴ്തുന്ന സന്ദര്‍ഭങ്ങള്‍ എല്ലാം തന്നെ പിന്നീട് ചേര്‍ക്കപ്പെട്ടതാണ്‌.[3], [4] [5] രാമാണത്തില്‍ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദര്‍ഭങ്ങള്‍‍ കൂടുതലും കാണുന്നത് ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്‌. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പില്‍ക്കാലത്ത് കൂട്ടിചേര്‍ക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതും തന്ന ഇതിനുള്ള തെളിവാണ്‌. പല ഗ്രന്ഥകര്‍ത്താക്കളും തങ്ങളുടെ കൃതികളില്‍ ഉത്തരകാണ്ഡത്തെ ഉള്‍ക്കൊള്ളിച്ചിട്ടുമില്ല.

രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും; ക്രി.മു. മൂന്നാം ശതകത്തില്‍ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ്‌ (ഇത് വളരെക്കാലം മുന്‍പേ വായ്മൊഴിയാ പ്രചരിച്ചിരുന്നു) രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു. [6] [7]

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

രാമായണം കാവ്യരൂപത്തില്‍ രചിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഐതീഹ്യം അനുസരിച്ച് വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിരുന്ന് വന്ന നാരദമുനിയില്‍ നിന്നാണ്‌ വാല്‍മീകി രാമകഥ കേള്‍ക്കാനിടയായത്. നാരദനോടുള്ള വാല്‍മീകിയുടെ ചോദ്യം

ക്വോ നസ്മിന്‍ സമ്പ്രതേ ലോകേ ഗുണവാന്‍ തത്ര വീര്യവാന്‍

അതായത് ഈ ലോകത്തില്‍ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കില്‍ അങ്ങേക്കറിയാതിരിക്കാന്‍ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദന്‍ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

എല്ലാ ഗുണങ്ങളും ഒരു മനുഷ്യനില്‍ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാല്‍ ഏറെക്കുറെ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന മനുഷ്യന്‍ ദശരഥമഹാരാജാവിന്റെ മൂത്തമകന്‍ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടര്‍ന്ന് നാരദന്‍ രാമകഥ മുഴുവനും വാല്‍മീകിക്ക് വിസ്തരിച്ച് കൊടുത്തു.

പിന്നീടൊരിക്കല്‍‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയില്‍ സ്നാനത്തിനായി പോവുകയായിരുന്ന വാല്‍മീകി ഒരു വേടന്‍ ക്രൗഞ്ചമിഥുനങ്ങളില്‍ ആണ്‍പക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടില്‍ വസിക്കുന്ന മുനിമാര്‍ക്ക് അത്തരം കാഴ്ചകള്‍ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്‍മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാല്‍, ആണ്‍പക്ഷിയുടെ ദാരുണമായ അന്ത്യവും പെണ്‍പക്ഷിയുടെ വിലാപവും ചേര്‍ന്ന് ആ കാഴ്ച മഹര്‍ഷിയുടെ മനസ്സലിയിച്ചു. ഉള്ളില്‍ ഉറഞ്ഞുക്കൂടിയ വികാരം[a]

"മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമഃയല്‍ ക്രൌഞ്ചമിഥുനാദേമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തില്‍ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീര്‍ന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തില്‍ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാന്‍ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തില്‍ അദ്ദേഹം എഴുതിത്തീര്‍ത്തു. അഞ്ഞൂറ് അദ്ധ്യായങ്ങള്‍ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. ഇതില്‍ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേര്‍ക്കപ്പെട്ടതാണെന്നും വാദമുണ്ട്.

[തിരുത്തുക] രചയിതാവ്

ദശരഥപുത്രന്മാരുടെ ജന്മം
അശോകവനത്തിലെ സീത, മരത്തില്‍ ഇരിക്കുന്നത് ഹനുമാന്‍


വാല്‍മീകി മഹര്‍ഷിയാണ്‌ രാമയണത്തിന്റെ രചയിതാവ് എന്നാണ് ലഭിച്ചിട്ടുള്ള രേഖകളില്‍ നിന്ന് അനുമാനിക്കുന്നത്. ഈ കവിയൂടെ ജീവചരിത്രത്തെപ്പറ്റിയുള്ള പ്രാമാണികമായ തെളിവുകളുടെ അഭാവം ഉണ്ട് എന്നത് നിസ്തര്‍ക്കമാണ്‍. പാരമ്പര്യമനുസരിച്ച് അദ്ദേഹം ആദ്യം ഒരു കൊള്ളക്കാരനായിരുന്നു. എന്നാല്‍ സന്യാസം സ്വീകരിച്ചശേഷം ദീര്‍ഘകാലത്തെ തപസ്സിനു ശേഷം അദ്ദേഹം രാമായണം രചിക്കാനുള്ള സാമര്‍ത്ഥ്യം നേടിയെടുത്തു. അദ്ദേഹം ഒരു ശിവഭക്തനായിരുന്നു. ഇത് സംബന്ധിച്ച ആദ്യത്തെ പരാമര്‍ശം സ്കന്ദപുരാണത്തിലാണുള്ളത്. എന്നാല്‍ ഇതിന്റെ പ്രാചീനതയെക്കുറിച്ച് സന്ദേഹമുയര്‍ന്നിട്ടുണ്ട്. കാരണം സ്കന്ദപുരാണത്തിലെ കൂടുതല്‍ വിവരങ്ങളും എട്ടാം നൂറ്റാണ്ടിനുശേഷമുള്ളതാണ്‍ എന്നതും ധാരാളം പ്രക്ഷിപ്തങ്ങള്‍ കലര്‍ന്നതുമാണെന്നതാണ്‌.

പ്രമാണികരാമായണത്തില്‍ യുദ്ധകാണ്ഡത്തിലെ ഫലശ്രുതിയിലല്ലാതെ ഒരിടത്തും വാല്‍മീകിയെക്കുറിച്ച് പ്രസ്താവമില്ല. എന്നാല്‍ പിന്നീടെഴുതപ്പെട്ട രാമായണത്തില്‍ ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും പ്രസ്താവങ്ങള്‍ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്‍മീകിയെപ്പറ്റി സൂചനകള്‍ ലഭിക്കുന്നു. [b] മഹാഭാരതത്തിലെ അനുശാസനപര്‍വ്വത്തില്‍ ഒരു വാദത്തില്‍ വാല്‍മീയെ ബ്രഹ്മഘ്നന്‍ എന്നാക്ഷേപിക്കുന്നുണ്ട്. വാല്‍മീകി കൊള്ളക്കാരനായിരുന്നു എന്ന കഥകള്‍ പ്രചരിപ്പിക്കാന്‍ ഈ അനുമാനമായിരിക്കണം എന്ന് കാമില്‍ ബുല്‍കെ അഭിപ്രായപ്പെടുന്നു.

തൈത്തീര്യപ്രാതിശാഖ്യത്തില്‍ വൈയാകരണനാഅ ഒരു വാല്‍മീകി മഹര്‍ഷിയെപ്പറ്റി പറയുന്നു. ഇദ്ദേഹം ആദികവിയില്‍ നിന്നും വ്യത്യസ്തനാണ്‍ എന്ന് യാക്കോബിയും വെബ്ബറും അഭിപ്രായപ്പെടുന്നു. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തിലെ സുപര്‍ണ്ണ വാല്‍മീകിയെപ്പറ്റി പറയുന്നുണ്ട്. സുപര്‍ണ്ണവംശം ക്ഷത്രിയരായിരുന്നതിനാല്‍ ആദികവിയും സുപര്‍ണ്ണവാല്‍മീകിയും വ്യത്യസ്തരായിരിക്കണ,.

ബാലകാണ്ഡത്തിന്റേയും ഉത്തരകാണ്ഡത്തിന്റേയും രചനയോടെയാണ്‌ ആദികവി വാല്‍മീകിയും മഹര്‍ഷി വാല്‍മീയും ഒന്നാണെന്ന ധാരണ പരക്കെ സ്വീകരിക്കപ്പെട്ടു തുടങ്ങിയത്. ബാലകാണ്‍ഡത്തിന്റെ പ്രാരംഭത്തില്‍ വാല്‍മീകി നാരദനില്‍ നിന്ന് രാമകഥ കേള്‍ക്കുന്നതിനിടയായതിനേയും പിന്നീട് രാമായണം എഴുതിയശേഷം ഗായകരായ തന്റെ രണ്ട് ശിഷ്യന്മാരോട് രാമകഥ പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതിനേയും സൂചിപ്പിച്ചിരിക്കുന്നു. ഉത്തരകാണ്ഡത്തില്‍ സീതാ പരിത്യാഗത്തിനുശേഷം സീതയെ വാല്‍മീകി സം‌രക്ഷിക്കുന്നതിനേയും മറ്റും പറയുന്നു. ഉത്തരകാണ്ഡത്തില്‍ വാല്‍മീകി താന്‍ പ്രചേതസ്സിന്റെ പത്താമത്തെ പുത്രനാണെന്ന് പറയുന്നു. അനേകായിരം വര്‍ഷം അദ്ദേഹം തപസ്സു ചെയ്തിരുന്നുവെന്നും സൂചിപ്പിക്കുന്നു.(ദക്ഷീണാത്യരാമായണത്തില്‍ -ഉത്തരകാണ്ഡം 111, 11) എന്നാല്‍ ഉത്തരകാണ്ഡത്തിന്റെ രചയിതാവിന്‍ വാല്‍മീകി ഒരു കൊള്ളക്കാരനായിരുന്നു എന്ന കഥ സ്വീകാര്യമായിരുന്നില്ല എന്ന അനുമാനമാണ്‌ ഇത് നല്‍കുന്നത്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുമുതല്‍ ആദികവിയും വാല്‍മീകി മഹര്‍ഷിയും ഒന്നാണെന്നത് സര്‍വ്വസമ്മമായിത്തുടങ്ങുകയും വാല്‍മീകിയെ രാമായണത്തിന്റെ സംഭവങ്ങളുടെ സമകാലീനാക്കിത്തീര്‍ക്കുകയും ചെയ്തുതുടങ്ങി. ഉത്തരകാണ്ഡത്തിന്റെ രചനാകാലത് വാല്‍മീകിയും അയോദ്ധ്യയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചു തുടങ്ങി. വാല്‍മീകിയെ ദശരഥന്‍റ്റെ സുഹൃത്തായും ചിത്രീകരിക്കുന്നു.

പില്ക്കാലത്തെ പലരചനകളിലും വാല്‍മീകിയും ഭാര്‍ഗ്ഗവ ച്യവനമഹര്‍ഷിയും ഒന്നാണെന്ന സങ്കല്പം പ്രചരിച്ചു തുടങ്ങി. ച്യവനമഹര്‍ഷി അനേകായിരം വര്‍ഷം തപസ്സിരുന്ന് ശരീരം മുഴുവന്‍ ചിതല്പുറ്റ് (വാല്‍മീകം) വന്നു മൂടിയെന്ന കഥ വാല്‍മീകിയുമായി ബന്ധപ്പെടുത്തിക്കാണുന്നു.

[തിരുത്തുക] രാമായണത്തിന്റെ രചനാകാലം

രാമലീല ഉത്സവത്തില്‍ രാവണന്റെ വേഷത്തില്‍
Ramayana Fresco, Wat Phra Kaew, Bangkok
Deities Sita (far right), Rama (center), Lakshmana (far left) and Hanuman (below seated) at Bhaktivedanta Manor, Watford, England.

രാമായണത്തിന്റെ രചനാകാലത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ മിക്ക പണ്ഡിതന്മാരും ആദിരാമായണത്തിനും(പ്രാമാണിക ഗ്രന്ഥം) പ്രചാരത്തിലിരിക്കുന്ന വാല്‍മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിര്‍ദ്ദേശിക്കുന്നു. വാല്‍മീകി എഴുതിയ രാമായണത്തിനും പ്രചാരത്തിലിരിക്കുന്ന വാല്‍മീകീരാമായണത്തിനും തമ്മില്‍ വളരെക്കാലത്തെ അന്തരം കാണുന്നുണ്ട്. ചെറുതും വലുതുമായ പ്രക്ഷിപ്തങ്ങള്‍ ഒഴിച്ചുള്ള പ്രചാരത്തിലിരിക്കുന്ന വാല്‍മീകീരാമായണത്തിന്റെ ആധുനികരൂപം കുറഞ്ഞത് ക്രി.വ. രണ്ടാം ശതകത്തിലേതാണെന്നാണ്‌ ഫാദര്‍. കാമില്‍ ബുല്‍കെ അഭിപ്രായപ്പെടുന്നു. കൂടുതല്‍ പേരും ഈ അഭിപ്രായത്തോട് യോജിക്കുന്നു.

ആദിരാമായണത്തിന്റെ രചനാകാലത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ തരുന്ന രേഖകള്‍ കുറവാണ്‌. ഋഗ്വേദത്തിലോ മറ്റ് വേദങ്ങളിലോ രാമകഥയെപ്പറ്റി സൂചനകള്‍ ഇല്ല. രാമായണത്തില്‍ മഹാഭാരത വീരന്മാരെപറ്റിയും പരാമര്‍ശമില്ല. എങ്കിലും മഹാഭാരതത്തില്‍ രാമകഥകള്‍ (പ്രക്ഷിപ്തമാണെങ്കിലും) നിരവധി കാണപ്പെടുന്നുണ്ട്. തന്മൂലം രാമയണത്തിന്റെ രചനാകാലം വേദങ്ങള്‍ക്കു ശേഷവും മഹാഭാരതത്തിനു മുന്‍പുമാണെന്ന ധാരണ പണ്ടേ ഉണ്ടായിരുന്നു. പാണിനിയുടെ അഷ്ടാധ്യായിനിയില്‍ മഹാഭാരതത്തിലെ പ്രമുഖ കാഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ഇല്ലെങ്കിലും താരതമ്യേന അപ്രധാനികളായ ശുര്‍പ്പണഖ, കൈകേയി, കൗസല്യ എന്നിവരെ പരാമര്‍ശിക്കുന്നുണ്ട്. അത് പാണിനിയുടെ കാലത്തും രാമായണം അല്ലെങ്കിലും രാമകഥ പ്രചാരത്തിലിരുന്നതായി കാണിക്കുന്നു.

ഒരു നൂറ്റാണ്ടിനു മുന്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളില്‍ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്‍മീകി) ഗ്രന്ഥത്തിനും ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന വാല്‍മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിര്‍ദ്ദേശിക്കുന്നുണ്ട്.

ആദിരാമായണത്തില്‍ ബൗദ്ധസ്വാധീനങ്ങളോ ബൗദ്ധകഥകളോ ഒന്നും കാണാത്തതിനാല്‍ ഇത് ബുദ്ധനുമുന്‍പേ രചിക്കപ്പെട്ടതാണെന്നാണ്‍ മോര്‍ണിയര്‍ വില്യംസ് അവകാശപ്പെടുന്നത്. എന്നാല്‍ ത്രിപിടകത്തിന്റെ രചനാകാലത്ത് രാമകഥയെപ്പറ്റിയുള്ള വ്യക്തമായ ആഖ്യാനങ്ങള്‍ നിലവിലുള്ളത് ഇതിനെ ഖണ്ഡിക്കാനായി സി.വി. വൈദ്യയും മറ്റും ഉപയോഗിക്കുന്നുമുണ്ട്.

വിവിധ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം രചനാകാലം താഴെക്കൊടുക്കുന്നു.

പണ്ഡിതന്‍ രചനാകാലം പ്രധാനകാരണം
എച്ച്. ശ്ലേഘല്‍ ക്രി.മു. 11 ശതകം -
ജി. ഗൊരേസി ക്രി.മു. 12 ശതകം -
എം. മോണിയര്‍ വില്യംസ് ക്രി.മു. 5-ആം ശതകം പ്രാമാണിക വാല്‍മീകീ രാമായണത്തില്‍ ബുദ്ധമതത്തിന്റെ സ്വാധീനം ഇല്ലാത്തത്
ഡോ യാക്കോബി ക്രി.മു. 6-8 ശതകങ്ങള്‍ ബൗദ്ധ സ്വാധീനം ഇല്ലാത്തത്
എ.എ. മക്‌ഡൊണാള്‍ഡ് ക്രി.മു. നാലാം നൂറ്റാണ്ടിന്റെ മധ്യം പാലി ഗീതങ്ങള്‍, രാമയണ കാവ്യ വ്യാകരണം എന്നിവ് അപഗ്രഥിച്ചതില്‍ നിന്ന്
എ.ബി. കീഥസ് ക്രി.മു. 4-ആം ശതകം യാക്കോബിക്ക് തെറ്റ് പറ്റിയതത്രെ
എം. വിന്റ്രനിസ് ക്രി.മു. 3-ആം ശതകം കീഥ്സിനോട് യോജിക്കുന്നു
സി.വി. വൈദ്യ ക്രി.മു. ത്രിപിടകത്തിലെ രാമകഥയുടെ വികാസം

ചില ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം കോസല ദേശത്തെ നാടോടിപ്പാട്ടുകളാണ്‌ രാമന്റെ കഥ. വാല്‍മീകി അവ ശേഖരിക്കുകയും മെച്ചപ്പെടുത്തുകയും ഒന്നിച്ച്‌ ഒരു കാവ്യമാക്കുകയും ചെയ്തിരിക്കാനാണ്‌ സാധ്യതയെന്ന് അവര്‍ കരുതുന്നു[അവലംബം ആവശ്യമാണ്]

ലേഖനവിദ്യ കണ്ടുപിടിക്കുന്നതിനു മുമ്പാണ്‌ രാമായണം രചിക്കപ്പെട്ടത്‌ എന്നൊരു വാദമുണ്ട്. രാമായണത്തിലെ പല കഥകളും ശ്ലോകങ്ങളും രാമായണ കഥതന്നെയും മഹാഭാരതത്തില്‍ ഉദ്ധരിച്ചിരിക്കുന്നത് ഇതിന് തെളിവായി ഉന്നയിക്കപ്പെടുന്നു. രാമായണത്തില്‍ ദക്ഷിണേന്ത്യ കൊടും വനം ആണെന്നും അവിടെ വാനരന്മാരും ആദിവാസികളും മാത്രമേ താമസിക്കുന്നുള്ളുവെന്നും പറയുമ്പോള്‍ മഹാഭാരതത്തില്‍ ദക്ഷിണഭാരതത്തിലെ പല രാജ്യങ്ങളുടേയും പേരുകള്‍ പരാമര്‍ശിക്കുന്നു. അര്‍ജ്ജുനന്‍ പാണ്ഡ്യരാജാക്കന്മാരെയും മറ്റും പരാജയപ്പെടുത്തിയ കഥ ഏറെ പ്രസിദ്ധമാണല്ലോ.[അവലംബം ആവശ്യമാണ്] അങ്ങിനെ നോക്കുമ്പോള്‍ രാമായണം മഹാഭാരതത്തേക്കാളും ഏതാനം നൂറ്റാണ്ടുകള്‍ മുമ്പെങ്കിലും രചിക്കപ്പെട്ടിരിക്കണം. മഹാഭാരതത്തിന്റെ കാലം ക്രിസ്തുവിനു മുമ്പ്‌ അഞ്ചാം നൂറ്റാണ്ടാണെന്നത്‌ ഏകദേശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [അവലംബം ആവശ്യമാണ്] എന്നാല്‍ വാല്‍മീകിക്ക് അക്കാലത്തെ ഭാരതീയ ഭൂമിശാസ്ത്രവും വ്യാപാരബന്ധങ്ങളെക്കുറിച്ചും കാര്യമായ അറിവ് ഉണ്ടായിരുന്നില്ല എന്നതാണ് മേല്‍ പറഞ്ഞതിനു കാരണം എന്ന് വാല്‍‍മീകി രാമായണത്തിലെ ശ്ലോകങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

ഒരു ബൌദ്ധകൃതിയായ ദശരഥജാതകം മിക്കവാറും രാമായണത്തെ അനുവര്‍ത്തിക്കുന്നു. ക്രിസ്തുവിനു മുമ്പ്‌ 38-ല്‍ ആണ്‌ പാലി ഭാഷയിലെ ഈ കൃതി രചിക്കപ്പെട്ടത്‌. ക്രിസ്തുവിനു മുമ്പ്‌ 480-ല്‍ നിര്‍മ്മിക്കപ്പെട്ട പാടലീപുത്രം എന്ന നഗരം വരെ കഥാകേന്ദ്രത്തിനു സമീപമുള്ള സ്ഥലമായിട്ടു കൂടി രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കഥാ കേന്ദ്രമായ അയോദ്ധ്യയെന്നത് കാല്പനികമായ ഒരു സ്ഥലമായതഅയിരിക്കണം ഇതിനു കാരണം. പിന്നീട് ഗുപ്തകാലത്ത് അയോദ്ധ്യ അന്വേഷിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും പാടലീപുത്രത്തിനടുത്തായിരിക്കണം എന്ന ഊഹത്തിലെത്തുകയായിരുന്നു. ഇനി ബാലകാണ്ഡവും ഉത്തരകാണ്ഡവും പിന്നീട്‌ കൂട്ടിച്ചേര്‍ത്തവയാണെങ്കില്‍ കൂടി ആ കൂട്ടിച്ചേര്‍ക്കല്‍ ക്രിസ്തുവിനു മുമ്പ്‌ രണ്ടാം നൂറ്റാണ്ടിലെങ്കിലും നടന്നിരിക്കണം. കാരണം, ക്രി. മു. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അശ്വഘോഷനും കാളിദാസനും എല്ലാം രാമായണത്തെ അതിന്റെ ഇന്നത്തെ രൂപത്തില്‍ തന്നെയാണ്‌ കണ്ടിരിക്കുന്നത്‌.[അവലംബം ആവശ്യമാണ്] ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്‌ രാമായണത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത്‌, ക്രിസ്തുവിനു മുമ്പ്‌ ആറാം നൂറ്റാണ്ടെങ്കിലും ആകണം എന്നാണ്‌.

[തിരുത്തുക] രാമകഥയുടെ മൂല സ്രോതസ്സ്

സീതയെ അപഹരിച്ച രാവണനെ നേരിടുന്ന ജടായു - രാജരവി വര്‍മ്മയുടെ എണ്ണച്ഛായ ചിത്രം

ആദികവി വാല്‍മീകിക്കു മുന്പേ തന്നെ രാമകഥ സംബന്ധിച്ച ആഖ്യാനകാവ്യം പ്രചരിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാല്‍മീകി രാമായണം രചിച്ചു എന്ന് മിക്കവാറും എല്ലാ പണ്ഡിതരും ഏകാഭിപ്രായക്കാരാണ്‌. എന്നാല്‍ മൂലസ്രോതസ്സിനെക്കുറിച്ച് പണ്ഡിതരുടെ ഇടയി വിഭിന്നമായ അഭിപ്രായങ്ങള്‍ നിനനില്‍ക്കുന്നു.

[തിരുത്തുക] എം.വെബ്ബര്‍

ഡോ. വെബ്ബറുടെ അഭിപ്രായമനുസരിച്ച് രാമകഥയുടെ മൂലരൂപം ബൗദ്ധദശരഥജാതകത്തിലുള്ളതാണ്‌. ആദ്യഭാഗങ്ങള്‍ ഇതില്‍ നിന്നെടുത്തവയാണെങ്കില്‍ സീതഹരണവും രാവണനുമായുള്ള യുദ്ധവും ഹോമറ് വര്‍ണ്ണിച്ചിരിക്കുന്ന പാരീസിനാലുള്ള ഹെലന്റെ അപഹരണവും, ട്റോയ് നഗരാക്രമണവുമാണെന്നാണ്‌ അദ്ദേഹം കരുതുന്നത്. ഇതനുസരിച്ച് ദശരഥകജാതകവും ഹോമറിന്റെ കാവ്യവുമാണ്‌ രാമകഥയുടെ പ്രഭവസ്ഥാനങ്ങള്‍. എന്നാല്‍ ദശരഥജാതകം രാമകഥയുടെ അടിസ്ഥാനമാണെന്നുള്ളതിനോട് മിക്ക പണ്ഡിതരും യോജിക്കുന്നുവെങ്കിലും ഹോമറിന്റെ കാവ്യം അടിസ്ഥാനമാക്കാനാവില്ലെന്ന് എല്ലാവരും തന്നെ ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. [8]

[തിരുത്തുക] എച്ച്. യാക്കോബി

ഡോ. വെബറേ പോലെ തന്നെ രാമകഥക്കു പ്രധാനമായ രണ്ട് അടിസ്ഥാനങ്ങള്‍ ഉണ്ടെന്ന് യാക്കോബിയും കരുതുന്നു. ഒന്നാമത്തെ ഭാഗം അയോദ്ധ്യയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ ദശരഥന്‍ പ്രധാന നായകനാണ്. ഇത് ഏതോ നാടുകടത്തപ്പെട്ട ഇക്ഷ്വാകു വംശത്തിലെ രാജകുമാരന്‍റെ സംഭവവുമായി അദ്ദേഹം ബന്ധപ്പെടുത്തുന്നു. ആ മൂല കഥ പ്രകാരം രാജകുമാരനെ പുറത്താക്കുകയും അയാള്‍ ഇക്ഷുമതീ തീരം വിട്ട് കോസല രാജ്യത്ത് എത്തുകയും താമസിയാതെ അവിടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ പി‍ല്ക്കാലത്ത് അയാള്‍ വസിച്ചിരുന്ന ഇക്ഷുമതിയിലാണെന്ന ഓര്‍മ്മ ഇല്ലാതെ വന്നപ്പോള്‍ അയോദ്ധ്യയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജകുമാരനാണെന്ന് വിശ്വസിച്ചു പോന്നു. രണ്ടാമത്തെ ഭാഗത്തിന്‍റെ അടിസ്ഥാനം യാക്കോബി വൈദിക സാഹിത്യത്തിനാണ് നല്‍കുന്നത്. എന്നാല്‍ കൃഷിയുടെ അധിഷ്ഠാന ദേവതയായി സങ്കല്പിക്കുന്ന സീതയുടെ സ്വഭ്വാവ ചിത്രീകരണം വൈദിക സാഹിത്യത്തിലില്ലെന്ന് അദ്ദേഹവും സമ്മതിക്കുന്നുണ്ടെങ്കിലും വൈദിക സീതയുടെ വ്യക്തിത്വത്തില്‍ നിന്നാണ് രാമയണത്തിലെ സീത വികാസം പ്രാപിച്ചിരിക്കാന്‍ സാധ്യത എന്നാണ് അദ്ദേഹം കരുതുന്നത്. ഇതിനെ രമേശ് ചന്ദ്രദത്ത് പോലുള്ള ചില ചരിത്രകാരന്മാര്‍ പിന്താങ്ങുന്നുമുണ്ട്. [9] [10]

ആര്യന്മാരുടെ ദേവതയായ ഇന്ദ്രന്‍ തന്നെയാന് പിന്നീട് കൂടുതല്‍ സാംസ്കാരികവും നാഗരീകവുമായ വികസനം കൈവന്നപ്പോള്‍ രാമനായിത്തീര്‍ന്നത് എന്നാണ് യാക്കോബി അഭിപ്രായപ്പെടുന്നത്. കൃഷിയുടെ പ്രാധാന്യം വരുന്നതിനു മുന്ന് പ്രധാന ദേവതകള്‍ പ്രകൃതിശക്തികള്‍ മാത്രമായിരുന്നു. അതിലൊരാളാണ് ഇന്ദ്രനും. ഇന്ദ്രന്‍റെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം വെള്ളം തടഞ്ഞു വച്ച വൃതാസുരനെ വധിക്കുകയും വെള്ളം മോചിപ്പിക്കുകയുമാണ്. രാവണന്‍റേയും വൃതന്‍റേയും മുലരൂപം ഒന്നാണെന്ന അദ്ദേഹം കരുതുന്നത് അതുകൊണ്ടാണ്. കൃഷിയുടെ പ്രധാന ആവശ്യം വെള്ളമാണ് അതിന്‍റെ തടഞ്ഞ് വച്ചത് ആദ്യകാലത്ത് വൃതനായിരുന്നു എങ്കിലും പില്ക്കാലത്ത് കൃഷിയുടെ ദേവതയായ സീതയെ അധിനിവേശം ചെയ്ത രാവണനെയാണ് താദാത്മ്യപ്പെടുത്തിയിരിക്കുന്നത് എന്നു മാത്രം.

ഇന്ദ്രന്‍റെ രണ്ടാമത്തെ ജോലി പണിയരാല്‍ മോഷ്ടിക്കപ്പെട്ട പശുക്കളെ വീണ്ടെടുക്കലാണ്. (ഋഗ്വേദം 2-12) വൈദിക കാലത്ത് പശുക്കള്‍ക്കുണ്ടായിരുന്ന അതേ സ്ഥാനമാണ് കൃഷി വികസിച്ചശേഷം കലപ്പക്കും അതിന്‍റെ ചാലിനും ഉണ്ടായിരുന്നത്. തല്‍ഫലമായി പശുക്കളുടെ അധിനിവേശം സീതാഹരണമായിപ്പോയി എന്ന് മാത്രം. സരമ ഇന്ദ്രനെ സഹായിക്കുന്നതു പോലെ ഹനുമാന്‍ രാമനെ സഹായിക്കാനെത്തുന്നു.

[തിരുത്തുക] ദിനേശചന്ദ്രന്‍

വെബ്ബറിനേയും യാക്കോബിയേയും പോലെ ദിനേശചന്ദ്രനും രാമകഥക്ക് രണ്ട് പ്രഭവസ്ഥാനങ്ങള്‍ ഉണ്ടെന്നു കരുതുന്നു. ഒന്ന് ഉത്തരഭാരതത്തില്‍ രാമയണത്തിനു മുന്നേ പ്രചാരമുണ്ടായിരുന്ന ദശരഥജാതകം, രണ്ട് ദക്ഷിണഭാരതത്തില്‍ പ്രചാരത്തിലിരുന്ന രാവണ സംബന്ധിയായ ആഖ്യാനം. മൂന്നാമത്തേത് അപ്രധാനമാണ്. പ്രാചീനകാലത്ത് നില നിന്നിരുന്ന വാനരപൂജയുടെ അവശിഷ്ടങ്ങളാണ് അതില്‍ പ്രധാനം.

രാവണന്‍ എന്ന രാക്ഷസരാജാവ് രാമകഥയേക്കാല്‍ മുന്നേ പ്രശസ്തി നേടിക്കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ധാര്‍മ്മികത്, തപസ്സ്, മഹത്വം എന്നിവയെപ്പറ്റി പ്രത്യേകം ആഖ്യാനം നിലനിന്നിരുന്നു. ദ്രാവിഡരുടെ പ്രതീകമായി രാവണനേയും ആര്യന്മാരുടെ പ്രതീകമായി രാമനേയും ചിത്രീകരിച്ചതാവാം. രാവണന്‍ ധര്‍മ്മകീര്‍ത്തിയും ആദര്‍ശവാനുമായ ബൌദ്ധരാജാവായിരുന്നു എന്നും ദിനേശചന്ദ്രന്‍ തര്‍ക്കമുന്നയിക്കുന്നു.

എന്നാല്‍ രാവണന്‍ ലങ്കാ രാജാവായിരുന്നു എന്നതിന് അവിടത്തെ അതിപ്രാചീനമായ ഗ്രന്ഥങ്ങളില്‍ പോലും തെളിവ് ലഭിക്കുന്നില്ല. ദീപവംശവും (ക്രി.വ. 4) മഹാവംശവും (ക്രി.വ. 5) സിംഹള ദ്വീപിലെ അതി പ്രാചീനമായ ഗ്രന്ഥങ്ങളാണ് ഇതിലെല്ലാം രാമകഥയുടെ സൂചനകള്‍ ഉണ്ടെങ്കിലും രാവണനെപ്പറ്റി എങ്ങും പ്രസ്താവിക്കുന്നില്ല എന്നതും ദിനേശചന്ദ്രന്‍ ആധാരമാക്കിയ ബൗദ്ധലങ്കാവതാരസൂത്രത്തിലെ ആദ്യ അദ്ധ്യയം (രാവണനും ബുദ്ധനും തമ്മില്‍ സംഭാഷണം നടന്നതായി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം) പ്രക്ഷിപ്തമാണെന്നും തെളിവ് ലഭിച്ചതും ദിനേശചന്ദ്രന്റെ വാദങ്ങളെ ഖണ്ഡിക്കുന്നവയാണ്‌. ചീനാ പരിഭാഷയില്‍ ഈ ആദ്ധ്യയമില്ല എന്നതും ശ്രദ്ധേയമാണ്‌.

[തിരുത്തുക] വാല്‍മീകി രാമായണത്തിന്റെ മൂന്നു പാഠങ്ങള്‍

വാല്‍മീകി രാമായണത്തിലെ പാഠങ്ങള്‍ എല്ലാം ഒരുപോലെയല്ല. ഇന്ന് വാല്‍മീകീ രാമായണത്തിന്‌ മൂന്ന് പാഠഭേദങ്ങള്‍ നിലവിലുണ്ട്. അവ താഴെ പറയുന്നവയാണ്‌

  1. ദാക്ഷിണാത്യപാഠം: തെക്കന്‍ പതിപ്പ്; കൂടുതല്‍ പ്രചാരത്തിലുള്ള പതിപ്പാണിത്. ഗുജറാത്തി പ്രിന്റിങ്ങ് പ്രസ് (മുംബൈ) നിര്‍ണ്ണയസാഗര്‍ പ്രിന്റിങ്ങ് പ്രസ് (മുംബൈ)
  2. ഗൗഡീയപാഠം: ഗോരേസിയോ (പാരീസ്) പതിപ്പും കല്‍ക്കട്ട സംസ്കൃത സിരീസിന്റെ പതിപ്പും
  3. പശ്ചിമോത്തരീയ പാഠം: ദയാനന്ദമഹാവിദ്യാലയ (ലാഹോര്‍) ത്തിന്റെ പതിപ്പ്.

ഒരോ പാഠത്തിലും മറ്റു പാഠങ്ങളിലില്ലാത്ത ധാരാളം ശ്ലോകങ്ങള്‍ കാണുന്നുണ്ട്. ദാക്ഷിണാത്യപാഠവും ഗൗഡീയപാഠവും താരതമ്യപ്പെടുത്തുമ്പോള്‍ ശ്ലോകങ്ങളുടെ സംഖ്യയുടെ മൂന്നിലൊന്നും മാത്രമേ ഓരോന്നിലും ഓരോ പാഠത്തിലും കാണപ്പെടുന്നുള്ളൂ. വാല്‍മീകി രാമായണം പ്രാരംഭകാലത്ത് വാമൊഴിയായി പ്രചരിച്ച് വിഭിന്ന തലമുറകളിലൂടെ പ്രചരിച്ച് ലേഖനവിദ്യ നടപ്പിലായ കാലത്ത് വരമൊഴിയിലായിത്തീര്‍ന്നതായതാവണം ഈ പാഠഭേദങ്ങള്‍ക്ക് കാരണം.

[തിരുത്തുക] സംക്ഷിപ്തം

സീതയോടൊപ്പം ഇരിക്കുന്ന രാമന്‍. സമീപത്ത് നില്‍ക്കുന്നത് ലക്ഷ്മണന്‍. ഹനുമാന്‍ അനുഗ്രഹം വാങ്ങിക്കുന്നു.
സാഹീബ്ദീന്റെ ഭാവനയില്‍ ലങ്കായുദ്ധം

മഹാവിജ്ഞനും ബ്രഹ്മര്‍ഷിമാരില്‍ പ്രധാനിയുമായ വാല്‍മീകി യുടെ ആശ്രമത്തില്‍ വിരുന്നു വന്ന നാരദനോട് വാല്‍മീകി മഹര്‍ഷി 'ധൈര്യം, വീര്യം, ശമം, സതയ്വ്രതം, വിജ്ഞാനം, കാരുണ്യം, സൗദന്ദര്യം, പ്രൗഢി, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഏതെങ്കിലും മനുഷ്യന്‍ ഭൂമുഖത്തുണ്ടോ എന്ന ചോദ്യം ചോദിക്കുകയും അതിനുത്തരമായി നാരദന്‍ മഹര്‍ഷിക്ക് രാമകഥ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നിടത്താണ്‌ രാമയണം ആരംഭിക്കുന്നത്. നാരദന്റെ അഭിപ്രായത്തില്‍ ശ്രീരാമന്‌ സദൃശ്യനായി മറ്റൊരാളുണ്ടായിരുന്നില്ല.ഗാംഭീര്യത്തില്‍ സമുദ്രത്തേയും സൗന്ദര്യത്തില്‍ പൂര്‍ണ്ണചന്ദ്രനേയും ക്രോധത്തില്‍ കാലാഗ്നിയേയും ക്ഷമയില്‍ ഭൂമിദേവിയേയും രാമനു സമാനമായി അദ്ദേഹം വിവരിച്ചു. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥമഹാരജാവിന്റെ പട്ടമഹിഷിയായ കൗസല്യയില്‍ ഉണ്ടായ ആദ്യപുത്രനാണ്‌ രാമന്‍. മറ്റുഭാര്യമാരായ സുമിത്രയില്‍ ലക്ഷമണനെന്നും കൈകേയില്‍ ഭരതനെന്നും മറ്റു പുത്രന്മാരും അദ്ദേഹത്തിനുണ്ടായിരുന്നു. ദശരഥന്‍ മൂത്തപുത്രനെന്ന നിലയില്‍ അനന്തരാവകാശിയായി രാമനെയാണ്‌ കണ്ടിരുന്നത്. പ്രജകളുടെ ഹിതത്തിനനുസരിച്ച് രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനൊരുങ്ങിയ വേളയില്‍ ചില നാടകീയ സംഭവങ്ങള്‍ ഉണ്ടായി.


തന്റെ മകന്‍ ഭരതന്‍ രാജാവാകണമെന്ന് അതിയായി ആഗ്രഹിച്ച കൈകേയി പണ്ടെന്നോ രാജാവ് തനിക്ക് നല്‍കിയ വരത്തിന്റെ പിന്‍‌ബലത്താല്‍ ഭരതനെ രാജാവക്കണമെന്നും രാമനെ വാനപ്രസ്ഥത്തിനയക്കണമെന്നും ശഠിച്ചു. സത്യവ്രതനായ ദശരഥപുത്രന്‍ പിതാവിന്റെ മാനം രക്ഷിക്കാനായി സഹോദരനായ ലക്ഷമണനോടും ഭാര്യ സീതയോടും ഒപ്പം യാതൊരു പരിഭവവുമില്ലാതെ വനത്തിലേക്ക് തിരിച്ചു. നിഷാദരാജാവായ ഗുഹന്‍ അവരെ ഗംഗ കടത്തിവിടുകയും കാട്ടില്‍ വച്ച് ഭരദ്വാജമുനിയെ കാണുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ചിത്രകൂടത്തില്‍ താമസിക്കാനാരംഭിക്കുകയും ചെയ്തു. ആ നാളുകളില്‍ ദശരഥന്‍ ചരമമടനഞ്ഞു. യുവരാജാവായി ഭരണം തുടരാന്‍ ഭരതന്‍ വിസമ്മതിച്ചു. രാമനെ അന്വേഷിച്ച് ഭരതന്‍ കാട്ടിലേക്ക് പോകുകയും രാമനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഭരതന്റെ അഭ്യര്‍ത്ഥനപ്രകാരം സിംഹാസനത്തിലേക്ക് തിരിച്ചു ചെല്ലാന്‍ രാമന്‍ വിസമ്മതിച്ചു. സാന്ത്വനങ്ങളോടെ ഭരതനെ അദ്ദേഹം തിരിച്ചയച്ചു. രാമന്റെ പാദുകങ്ങളെ സ്വീകരിച്ച് അത് മുന്‍നിര്‍ത്തി ഭരതന്‍ രാജ്യഭാരം നിര്‍വഹിക്കുന്നു.

വീണ്ടും നഗരത്തില്‍ നിന്ന് ആളുകള്‍ എത്തിയെങ്കിലോ എന്ന ആശങ്കകൊണ്ട് രാമന്‍ കൂടുതല്‍ ദുര്‍ഗ്ഗമമായ ദണ്ഡകാരണ്യത്തിലേക്ക് താമസം മാറ്റി. വിരാധനെന്ന് രാക്ഷസനെ അദേഹം വധിക്കുന്നു. അഗസ്ത്യമഹര്‍ഷിയുടെ ആശ്രമത്തില്‍ നിന്ന് ദേവേന്ദ്രന്റെ വില്ലും ബാണങ്ങളൊഴിയാത്ത ആവനാഴിയും അദ്ദേഹം നേടുന്നു. മുനിമാര്‍ക്ക് രക്ഷക്കായി രാക്ഷസന്മാരെ വധിക്കാന്‍ അദ്ദേഹം സഹായിക്കാമെന്നേല്‍കുന്നു. രാക്ഷസരാജാവായ രാവണന്റെ സഹോദരി ശൂര്‍പ്പണഖയുടെ അംഗഛേദം വരുത്തുന്നത് ഇക്കാലത്താണ്‌. രാവണന്‍ ശൂര്‍പ്പണയുറ്റെ ആഗ്രഹപ്രകാരം പ്രതികാരത്തിനായി പതിനാലായിരം ഘോരരാക്ഷസന്മാരെ അയക്കുന്നു. എന്നാല്‍ ഇവരെയെല്ലാം രാമന്‍ എതിര്‍ത്ത് തോല്പിക്കുന്നു. മാരീചന്‍ എന്ന രാക്ഷസന്റെ മായകൊണ്ട് രാവണന്‍ സീതയെ അപഹരിച്ച് തന്റെ രാജ്യമായ ലങ്കയിലേക്ക് കൊണ്ടുപോകുന്നു. ഇതിനെ തടങ്ങ ജ്ജടായുവിനെ രാവണന്‍ വധിച്ചു.

സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷമണന്മാര്‍ പമ്പാ തീരത്തുവച്ച് ഹനുമാനെ കാണുന്നു. ഹമുമാന്റെ ആഗ്രഹപ്രകാരം സുഗ്രീവനേയും അവര്‍ പരിചയപ്പെടുത്തുന്നു. സുഗ്രീവനെ സ്വന്തം ജ്യേഷ്ഠനായ ബാലിയുടെ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിച്ച് ബാലിവധം നടത്തുന്നു. പകരമായി സീതയെ അന്വേഷിക്കുന്ന ചുമതല സുഗ്രീവന്‍ തന്റെ വാനരസേനയെ ഏല്പിക്കുന്നു.

വാനരപ്പടയീല്‍ പക്ഷിശ്രേസ്ഠനും ജടായുവിന്റെ സഹോദരനുമായ സമ്പാതിയില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ഛനുമാന്‍ നൂറുയോജന വിസ്താരമുള്ള ദക്ഷിണമഹാസമുദ്രം ലംഘിച്ച് ലങ്കയിലെത്തുന്നു. അശോകവനിയില്‍ വച്ച് സീതയെ കാണുകയും രാമന്റെ വിശേഷങ്ങള്‍ അറിയിക്കുകയും ചെയ്ത് രാമന്റെ മുദ്രാമോതിരം കാണിച്ച് വിടവാങ്ങി വരും വഴിക്ക് രാവണനു പിടികൊടുത്ത ഹനുമാന്റെ വാലിനു തീവക്കാന്‍ രാവണന്‍ കല്പിക്കുന്നു. വാലിലെ തീയുമായി ഓടിനടന്ന ഹനുമാന്‍ കൊട്ടാരത്തിനു തീ കൊടുത്ത് നേരമ്പോക്ക് നടത്തുകയും ചെയ്യുന്നു. രാവണന്റെ സേനാപതികളേയും ഇളയമകനായ അക്ഷയകുമാരനേയും ഹനുമാന്‍ കൊന്നൊടുക്കുന്നു. രാവണനെ വെല്ലുവിളിച്ചശേഷം സമുദ്രം വീണ്ടും തിരിച്ച് ചാടിക്കടന്ന് രാമനടുത്തെത്തി വിവരം അറിയിക്കുന്നു.

രാമന്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്ത് സമുദ്രതീരത്തെത്തുന്നു. സേതുബന്ധനം ചെയ്ത് വാനരസേനകളോടൊത്ത് ലങ്കയിലെത്തി യുദ്ധം ചെയ്യുന്നു. യുദ്ധത്തില്‍ രാവണനെ വധിക്കുകയും തുടര്‍ന്ന് സീതയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. വിഭീഷണനെ രാജാവായി വാഴിച്ചശേഷം രാമന്‍ തിരിച്ചു പോരുന്നു. സീതയോട് രാമന്‍ ക്രൂരമായാണ്‌ സംസാരിച്ചത്. എന്നാല്‍ സീത അഗ്നിയില്‍ തന്റെ വിശുദ്ധി തെളിയിച്ച് രാമന്റെ മനസ്സിനെ വിജയിക്കുന്നു.

ശ്രീരാമന്‍ അയോദ്ധ്യയില്‍ വന്‍ വരവേല്പ് നല്‍കുകയും അദ്ദേഹം സിംഹാസനാവരോഹണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രജകള്‍ കൃതയുഗത്തിലെന്ന പോലെ മംഗളകരമഅയി കഴിഞ്ഞൂകൂടി. രോഗങ്ങള്‍, ബാലമരണം, വിധവകള്‍, പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയൊന്നുമില്ലാത്ത രാമരാജ്യം അവര്‍ക്ക് ലഭിച്ചു.


പ്രധാനമായും രണ്ടുഭാഗമായാണ്‌ രാമായണം വികസിച്ചിരിക്കുന്നത്‌ എന്നാണ്‌ പാശ്ചാത്യചരിത്രകാരന്മാരുടെ അഭിപ്രായം. അഞ്ചു കാണ്ഡങ്ങള്‍ മാത്രമുള്ള രാമായണത്തില്‍ ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ പിന്നീട്‌ കൂട്ടിച്ചേര്‍ത്തവയാണ്‌ എന്നാണ്‌.

[തിരുത്തുക] വാനരന്മാരും രാക്ഷസന്മാരും

രാമകഥയിലെ വാനരന്മാരും ഋക്ഷന്മാരും രാക്ഷസന്മാരും വിന്ധ്യപ്രദേശത്തിലേയും മദ്ധ്യഭാരതത്തിലേയും ആദിവാസികളായ അനാര്യ(ദ്രാവിഡരും മറ്റും) ഉപജാതികളായിരുന്നു. ഇത് മിക്കവാറും എല്ലാ ചരിത്രകാരും സമ്മതിക്കുന്നു. വാല്‍മീകി രാമായണത്തില്‍ ഈ ആദിവാസികളെ വാനരന്മാരെന്നും ഋഷന്മാരെന്നും പറഞ്ഞിട്ടുണ്ടെങ്കിലും പ്രാരംഭത്തില്‍ ഇവരെല്ലാം തന്നെ മനുഷ്യരായി കരുതപ്പെട്ടിരുന്നു എന്ന് ആദികാവ്യത്തിലെ അനേകം സ്ഥലങ്ങളില്‍ നിന്നും മനസ്സിലാക്കാം. രാമയണത്തിലെ വാനരന്മാര്‍ മനുഷ്യരെപ്പോലെ ബുദ്ധിസമ്പന്നരാണ്‌, മനുഷ്യരുടെ ഭാഷ, സംസ്കാരം എന്നിവ അവര്‍ക്കുമുണ്ട്.

വാനരന്മാരുടെ പേര്‌, അവരെ കുരങ്ങകളുടെ പോലെ കാണപ്പെട്ടതിനാലാണെന്നൊരു കൂട്ടം ചരിത്രകാരന്മാര്‍ വാദിക്കുമ്പോള്‍ ജൈനരാമായണം അനുസരിച്ച് അവരുടെ കൊടിയുടെ അടയാളം അപ്രകാരമായിരുന്നതിനാല്‍ കവി വാനരന്മാര്‍ എന്ന് വിശേഷിപ്പിച്ചു എന്നാണ്‌ മറ്റൊരു വിഭാഗം കരുതുന്നത്. കരടിയുടെ ചിഹ്നം കൊടിയിരുണ്ടായിരുന്നവരെ ഋഷന്മാരെന്നും വിളിച്ചിരുന്നതിക്കാരണത്തിനാലാണ്‌.

മറ്റൊരനുമാനം ഇക്കാലത്തെ ആദിവാസികളേയും പോലെ തന്നെ ഈ ജാതികള്‍ വിഭിന്നമായ മൃഗങ്ങളേയും സസ്യങ്ങളേയും ആരാധിച്ചിരുന്നുവെന്നും ഏത് മൃഗത്തേയും സസ്യത്തേയും ആരാധിച്ചിരുന്നുവോ അതേ പേരില്‍ തന്നെ വിളിക്കപ്പെടുകയും അതേ രീതിയില്‍ വസ്ത്രധാരണം നടത്തുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു . ഇതിനെ ടോട്ടം എന്ന ഗോത്രവിഭാഗത്തില്‍ പെടുത്തിയാണ്‌ ആധുനിക ചരിത്രകാരന്മാര്‍ കാണുന്നത്. ജടായു, സമ്പ്രാതി,(ഗരുഡന്‍) ജാംബവാന്‍(കരടി) വിഭീഷണന്‍ (വാനരന്‍) രാവണന്‍(രാക്ഷസന്‍) എന്നീ ടോട്ടങ്ങളെ രാമയണത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

വാല്‍മീകിക്ക് ദക്ഷിണഭാരതത്തിലേയും മദ്ധ്യഭാരതത്തിലേയും ഭൂമിശാസ്ത്രവുമായി പരിചയമില്ലായിരുന്നു എന്ന് രാമായണത്തില്‍ നിന്ന് തെളിവുകള്‍ ലഭിക്കുന്നുണ്ട്. അദ്ദേഹം കൂടുതലായും അനുമാനത്തേയും കല്പനയേയുമാണ്‌ ആശ്രയിച്ചത്. അതിനെ പിന്തുടര്‍ന്നു വന്ന വ്യാഖ്യാനങ്ങളും അദ്ദേഹത്തിന്റെ അനുമാനത്തിനു പുറമേ ചിന്തിച്ചുകാണുന്നില്ല എന്ന് പ്രോഫ: കാമില്‍ ബുല്‍കേ അഭിപ്രായപ്പെടുന്നു. രാമായണം എഴുതപ്പെട്ടതിനും വളരെ മുന്‍പേ തന്നെ വിവിധ ദേശങ്ങളുമായി സമുദ്രമാര്‍ഗ്ഗം ഭാരതം ബന്ധപ്പെട്ടിരുന്നെങ്കിലും അതിനെക്കുറിച്ചൊന്നും പരാമര്‍ശമില്ലാത്തതും വാല്‍മീകിക്ക് ഭൂമിശാസ്ത്രത്തിലുണ്ടായിരുന്ന പരിചയക്കുറവ് വ്യക്തമാക്കുന്നു.

ആധുനിക ലേഖകന്മാരില്‍ കൂടുതല്‍ പേരും രാമായണത്തിലെ ലങ്കയും കിഷ്കിന്ധയും മദ്ധ്യഭാരതത്തിലാണെന്ന അഭിപ്രായക്കാരാണ്‌. [11] [12] [13] [14]

[തിരുത്തുക] ചരിത്രവീക്ഷണം

അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീരാമന്റെ ജീവിത കഥയെ അനാവരണം ചെയ്യുന്ന മനോഹരമായ കൃതിയാണ്‌ രാമായണം. ബിംബങ്ങളും പ്രതിബിംബങ്ങളും വര്‍ണ്ണനയും ഇതിനെ മനോഹരമാക്കുന്നു. കഥാപാത്രബിംബങ്ങളെ അടിസ്ഥാനമാക്കി രാമായണത്തെ രണ്ടു ഭാഗമായി തിരിക്കാം. മകന്റെ ഉന്നതി ആഗ്രഹിക്കുകയും അതിനായി എന്തും ചെയ്യുകയും ചെയ്യുന്ന മാനുഷികവികാരങ്ങളുടെ അതിപ്രസരമുള്ള അയോദ്ധ്യാകാണ്ഡം മുതലായവയും, ദൈവീകഭാവങ്ങളും അമാനുഷിക തലങ്ങളും നിറഞ്ഞു നില്‍ക്കുന്ന ആരണ്യകാണ്ഡം എന്നിങ്ങനെ.

പാശ്ചാത്യചിന്തകന്മാരുടെ അഭിപ്രായപ്രകാരം ദക്ഷിണഭാരതത്തില്‍ ജീവിച്ചിരുന്ന ദ്രാവിഡര്‍ക്കു മേല്‍ ആര്യന്മാര്‍ക്കുണ്ടായ വിജയമത്രെ രാമായണം.[അവലംബം ആവശ്യമാണ്] ഈ വാദം പൗരസ്ത്യ ചരിത്രകാരന്മാര്‍ അംഗീകരിക്കുന്നില്ല. രാമന്‍ ഹിന്ദുവാണെന്നതിനും ആര്യവംശസ്ഥാപകന്‍ ആണെന്നുള്ളതിനും യാതൊരു തെളിവും ലഭിച്ചിട്ടില്ല, കൂടാതെ താന്‍ പിടിച്ചടക്കിയ കിഷ്കിന്ധയും ലങ്കയും മറ്റും രാമന്‍ അര്‍ഹരായവര്‍ക്കു തന്നെ തിരിച്ചുനല്‍കുകയും ചെയ്തല്ലോ.

വാല്മീകി എഴുതിയ രാമായണം കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. കാണ്ഡങ്ങളെ വീണ്ടും സര്‍ഗങ്ങളായും തിരിച്ചിരിക്കുന്നു.[അവലംബം ആവശ്യമാണ്] രാമയണത്തെ വാല്‍മീകി സമീപിക്കുന്നത് തികച്ചും മാനുഷിക കഥാപാത്രങ്ങളുമായാണ്‌. എന്നാല്‍ പിന്നീടുണ്ടായ കൈകടത്തലുകള്‍ രാമന്‌ ദൈവീകപരിവേഷം നല്‍കുകയും വിഷ്ണുവിന്റെ അവതാരമാക്കിമാറ്റുകയും ചെയ്തു. ഇത് രാജഭരണത്തിനു പ്രാധാന്യം വന്നു ചേര്‍ന്നകാലത്തായിരിക്കണം. (ആദ്യകാലങ്ങളില്‍ ഇന്ത്യന്‍ ഭൂഭാഗം റിപ്പബ്ലിക്കന്‍ രീതിയായിരുന്നത് ഓര്‍ക്കുക)

  1. രാമായണത്തിന്റെ താത്വികമായ അവസ്ഥ രാമന്റെ കിരീടധാരണത്തില്‍ തീരുന്നു. അതുകൊണ്ട്‌ ഉത്തരകാണ്ഡം എന്ന അതിനുശേഷമുള്ള ഭാഗം പിന്നീട്‌ കൂട്ടിച്ചേര്‍ത്തതാകണം. കൂടാതെ ഭാരതീയ കവികള്‍ തങ്ങളുടെ കൃതികള്‍ എപ്പോഴും ശുഭപര്യവസായി ആയാണ്‌ നിലനിര്‍ത്തുക. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ രാമായണം തികച്ചും ദുഃഖപര്യവസായി ആണ്‌. ശ്രീരാമപട്ടാഭിഷേകം വരെ എടുക്കുകയാണെങ്കില്‍ കഥ തികച്ചും ശുഭപര്യവസായി ആണ്‌. ഇതും മേല്‍പറഞ്ഞ വാദത്തിന്‌ ബലം പകരുന്നു.
  2. ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും രാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്‌. എന്നാല്‍ മറ്റു കാണ്ഡങ്ങളില്‍ രാമന്‍ സാധാരണ മനുഷ്യനാണ്‌.
  3. ബാലകാണ്ഡത്തിന്റെ ഒന്നാം സര്‍ഗത്തില്‍ നാരദമുനി വാല്മീകിക്ക്‌ രാമായണ കഥ ചുരുക്കത്തില്‍ പറഞ്ഞുകൊടുക്കുന്നുണ്ട്‌. അതില്‍ ഉത്തരകാണ്ഡത്തിലേയും ബാലകാണ്ഡത്തിലേയും ഭാഗങ്ങള്‍ ഒന്നും തന്നെ ഇല്ല.

[തിരുത്തുക] രാമായണം വ്യാഖ്യാനങ്ങള്‍/സ്വതന്ത്രകൃതികള്‍‍

പേര്‌ കൃതി വിസ്തൃതി പ്രത്യേകത
മഹാരാമായണം ശങ്കരപാര്‍വതീ സം‌വാദം 3,50,000 ശ്ലോകങ്ങള്‍ രാമന്റെ 99 രാസലീലകളുടെ വര്‍ണ്ണന
സം‌വൃതരാമായണം നാരദകൃതം 24,000 ശ്ലോകങ്ങള്‍ സ്വയംഭുവന്റേയും ശതരൂപയുടേയും തപസ്സ്(ദശരഥന്‍ കൗസല്യ എന്നിവരുടെ മുജ്ജന്മം)
ലോമശരമായണം ലോമശ ഋഷീകൃതം 32,000 ശ്ലോകങ്ങള്‍ ദശരഥനും കൗസല്യയുടേയും മുജ്ജന്മം- കുമുദരാജാവായും വീരമതിയായും
അഗസ്ത്യരാമായണം അഗസ്ത്യകൃതം 16.000 ശ്ലോകങ്ങള്‍ കുന്തളരാജാവും സിന്ധുമതിയും ദശരഥ-കൗസല്യ മുജ്ജന്മങ്ങളായി
മഞ്ജുളരാമായണം സുതീഷ്ണകൃതം 1,20,000 ശ്ലോകങ്ങള്‍ ഭാനുപ്രതാപ അരിമര്‍ദ്ദനന്റെ കഥ, ശബരിയോട്
രാമന്‍ നവധാഭക്തിയെപ്പറ്റി വിവരിക്കുന്നത്.
സൗപദ്മരാമയണം അത്രിഋഷീ 1,20,000 ശ്ലോകങ്ങള്‍ പൂന്തോട്ടത്തിന്റെ സന്ദര്‍ഭം
രാമായണമഹാമാല ശിവ-പാര്‍വ്വതീസം‌വാദം 56,000 ശ്ലോകങ്ങള്‍ ഭുശുണ്ഡിയുടെ ഗരുഡവിമോഹനനിവാരണം
സൗഹാര്‍ദ്ദരാമായണം ശരഭംഗഋഷി 40,000 ശ്ലോകങ്ങള്‍ രാമലക്ഷമണന്മാര്‍ വാനരരുടെ ഭാഷ മനസ്സിലാക്കുന്നതിനെപ്പറ്റിയും സംസാരിക്കുന്നതിനെപ്പറ്റിയുമുള്ള സൂചനകള്‍
രാമായണമണിരത്നം വസിഷ്ഠ-അരുന്ധതീ സം‌വാദം 36,000 ശ്ലോകങ്ങള്‍ മിഥിലയിലും അയോദ്ധ്യയിലും രാമന്‍ വസന്തൊത്സവം ആഘോഷിക്കുന്നത്
സൗര്യരാമായണം ഹനുമാന്‍-സൂര്യസം‌വാദം 62,000 ശ്ലോകങ്ങള്‍ ശുകചരിത്രവും ശുകന്‍ രാജകനായിത്തീരുന്നതുകാരണം സീതാത്യാഗം നടക്കുന്നതു
ചാന്ദ്രരാമായണം ഹനുമാന്റേയും ചന്ദ്രന്റ്റേയും സം‌വാദം 75,000 ശ്ലോകങ്ങള്‍ കേവടന്റെ പൂര്‍വ്വജന്മകഥ
മൈന്ദരാമായണം മൈന്ദ-കൗരവ സം‌വാദം 52,000 ശ്ലോകങ്ങള്‍ പൂന്തോട്ടത്തിന്റെ സന്ദര്‍ഭം
സ്വയംഭൂവരാമായണം ബ്രഹ്മാ നാരദസം‌വാദം 18,000 ശ്ലോകങ്ങള്‍ മണ്ഡോദരീഗര്‍ഭത്തില്‍ നിന്നും സീതയുടെ ജനനം
സുവര്‍ച്ചസരാമായണം സുഗ്രീവ-താരാ സം‌വാദം 15,000 ശ്ലോകങ്ങള്‍ സുലോചനയുടെ കഥ, രാവണന്റെ ചിത്രം കാരണം ശാന്ത സീതയെ പരിഹസിക്കുന്നതും
പകരം സീത ശാന്തയെ ശപിക്കുന്നതും ശാന്തക്ക് പക്ഷിയോനി ലഭിക്കുന്നതും,
മഹാരാവണവദ്ഹം
ശ്രവണരാമായണം ഇന്ദ്ര-ജനക സം‌വാദം 1,25,000 ശ്ലോകങ്ങള്‍ മന്ഥരയുടെ ഉല്‍പത്തി, ചിത്രകൂടത്തിലേക്ക് ഭരതന്റെ യാത്രാ സമയത്ത് ജനകന്റെ വരവ്
ദുരന്തരാമായണം വസിഷ്ഠ-ജനക സം‌വാദം 61.000 ശ്ലോകങ്ങള്‍ ഭരതന്റെ മഹിമാ വര്‍ണ്ണന
രാമായന ചമ്പു ശിവ-നാരദ സം‌വാദം 15,000 ശ്ലോകങ്ങള്‍ സ്വയം വരം

[തിരുത്തുക] രാമായണം ഭാരതീയ ഭാഷകളില്‍

[തിരുത്തുക] തമിഴ് രാമായണം

ദ്രാവിഡ ഭാഷകളിലെ രാമകഥ സംബന്ധിച്ച എറ്റവും പ്രാചീനമായ കൃതി ക്രി.വ. 12-)ം ശതകത്തില്‍ കമ്പര്‍‌‌ രചിച്ച രാമായണമാണ്‌ ഇതില്‍ വാല്‍മീകിയുടെ രാമായണത്തിന്റെ ആദ്യത്തെ ആറു കാണ്ഡങ്ങളിലെ മുഴുവന്‍ കഥയും സ്വതന്ത്രരൂപത്തില്‍ വര്‍ണ്ണിക്കുകയും അനേകം പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.[15] കമ്പര്‍ക്കു മുന്പ് ഓട്ടക്കൂതന്‍ തമിഴില്‍ രാമായണം എഴുതിത്തുടങ്ങിയെന്നും കമ്പരുടെ കാവ്യം വായിച്ചശെഷം അദ്ദേഹം തന്റെ സൃഷ്ടി നശിപ്പിച്ചു കളയാന്‍ തുടങ്ങിയെന്നും എന്നാല്‍ ഇതറിഞ്ഞ കമ്പര്‍ അദ്ദേഹത്തിനടുക്കലെത്തിയെന്നും ഉത്തരകാണ്ഡത്തെ രക്ഷിച്ചെടുക്കാന്‍ സാധിച്ചുവെന്നും ഐതിഹ്യമുണ്ട്. ഇക്കാരണത്താല്‍ തമിഴ്രാമായണത്തിലെ ഉത്തരകാണ്ഡം രചിച്ചത് കമ്പരല്ല എന്ന് ബി.എം. ഗോപാലകൃഷ്ണാചഅര്യര്‍ അവകാശപ്പെടുന്നു. [16]

[തിരുത്തുക] തെലുങ്കുരാമായണം

തെലുങ്കു സാഹിത്യത്തില്‍ രാമകഥയെ സംബന്ധിച്ച ഏറ്റവും മഹത്തരമായ ഗ്രന്ഥം രംഗനാഥന്‍റ്റെ ദ്വിപദരാമായണമാണ്‌ 14-)ം ശതകത്തിലാണ്‌ ഇത് രചിച്ചത്. കവിയായ ഗോനബുദ്ധറെഡ്ഡിയുടെ ആശ്രിതനായ അദ്ദേഹം കഥയുടെ കീര്‍ത്തി റെഡ്ഡിക്ക് നല്‍കിയിരുന്നു എങ്കിലും പില്‍ക്കാലത്ത് രംഗനാരഥരാമായണം എന്ന പേരില്‍ തന്നെ ഇത് പ്രശസ്തി നേടി. ജനപ്രീതി നേടിയ ദ്വിപദം എന്ന പേരിലുള്ള ഛന്ദസ്സും ലളിതഭാഷയും മൂലം ഈ രാമായണം തെലുങ്ക് ജനതക്കിടയില്‍ വളരെയധികം പ്രചാരം നേടി. [17] തെലുങ്കുസാഹിത്യത്തിലെ ആദ്യത്തെ രാമായണാഖ്യാനം തിക്കണ്ണ രചിച്ച നിര്‍‌വചനോത്തരരാമായണമാണ്‌. ഇത് ക്രി.വ. 13-)ം ശതകത്തിലാണ്‌ ഇത് രചിച്ചത്. 14-)ം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഭാസ്കരരാമായണമാണ്‌ ഏറ്റവും കലാത്മകവും സാഹിത്യപരവുമായി കരുതപ്പെടുന്നത്. ഇത് വാല്‍മീകി രാമായണത്തിന്റെ തെലുങ്കു പരിഭാഷയഅണ്‌ എന്ന് പറയെപ്പ്ടുന്നു, 16-)ം നൂറ്റാണ്ടില്‍ രാമഭദ്രന്‍ രചിച്ച രാമാഭ്യുദയം, പിംഗലിസുരനാര്യ രചിച്ച രാഘവപാണ്‍ദവീയം, കദു കൂരിരുദ്രന്‍ രചിച്ച സുഗ്രീവവിജയ്‌മു എന്നിവയും പ്രശസ്തി നേടിയ രാമായണ കഥകളാണ്‌. തെലുങ്കിലെ സാധാരണജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരമായ രാമായണം മൊല്ലരാമായണമാണ്‌. കട്ടവരദരാജു ക്രി.വ. 17-)ം ശതകത്തില്‍ വിസ്തൃതമായ ദ്വിപദരാമായണം രചിച്ചു. അതില്‍ വാല്‍മീകി രാമായണകഥതന്നെയാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്. [18]

[തിരുത്തുക] മലയാളരാമായണം

[തിരുത്തുക] ആദിവാസി രാമകഥകള്‍

ആദിവാസികളുടെ സാഹിത്യം സുരക്ഷിതമായിരുന്നിട്ടില്ലാത്തതിനാല്‍ അതിന്റെ മൂലരൂപം അന്വേഷിക്കുന്നത് ശ്രമകരമായിരിക്കും. രാമായണത്തിലെ വാനരന്മാര്‍, ഋക്ഷന്മാര്‍, രാക്ഷസന്മാര്‍ എന്നിവര്‍ വാസ്തവത്തില്‍ ആദിവാസികളോ ദക്ഷിണേന്ത്യയിലെ ആദ്യകാല വാസികള്‍ തന്നേയോ ആണെന്ന് കാമില്‍ ബുല്‍കേ പറയുന്നു.

ആദിവാസികള്‍ക്കിടയില്‍ പൂര്‍ണ്ണരൂപത്തില്‍ രാമായണം പ്രചാരമില്ലെങ്കിലും നിരവധ് ഉപകഥകള്‍ അവര്‍ ഇന്നും വായ്മൊഴിയായി പകര്‍ന്നു പോരുന്നു. പലജാതികളും ശബരിയുടെ ഐതിഹ്യങ്ങള്‍ വിശ്വസിക്കുന്നുണ്ട്. ബോഡോ ജാതിയില്‍ സീതാത്യാഗത്തിന്റെ കാര്യത്തില്‍ രജകന്റെ കഥയുടെ വികൃതരൂപം ലഭിക്കുന്നു. ഉംറാവ് ജാതിയില്‍ ലങ്കാ ദഹനത്തിന്റെ കഥക്ക് ഒരു പുതിയ രൂപം പ്രചാരത്തിലുണ്ട്.

ബീഹാറിലെ സാന്ധാള്‍ വംശത്തില്‍ പെട്ടവരുടെ (ഹരപ്പന്‍ നിവാസികളുടെ പിന്‍ഗാമികള്‍ എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു) ഇടയില്‍ പ്രചാരമുള്ള രാമകഥക്ക് രാമയണവുമായി അടുത്ത സാമ്യമുണ്ട്. അതിപ്രകാരമാണ്‌

  1. ഗുരുവിന്റെ ആജ്ഞാനുസരണം മാമ്പഴം തിന്ന ദശരഥപത്നിമാര്‍ ഗര്‍ഭിണികളായിത്തീരുന്നത്.
  2. കൈകേയിയുടെ ഗര്‍ഭത്തില്‍ നിന്ന് ഭരതശത്രുഘ്നന്മാര്‍ ജനിക്കുന്നു
  3. രാവണവധത്തിനു ശേഷം മടങ്ങി വന്ന രാമന്‍ സന്ധാളരുടെ സ്ഥലത്ത് താമസിക്കുകയും ശിവക്ഷേത്രം സ്ഥാപിക്കുകയും അവിടെ ദിവസവും സീതയോടൊത്ത് പൂജ ചെയ്യുകയും ചെയ്ത്ജിരുന്നു.
  4. സീതാന്വേഷണം നടത്തുന്ന സമയത്ത് അണ്ണാന്‍ കുഞ്ഞിനും ഇലന്തമരത്തിനും രാമന്‍ വരങ്ങള്‍ നല്‍കുന്നത്, കൊക്കിനു ശിക്ഷ നല്‍കുന്നത്, ലക്ഷമണനും ഹനുമാനും ആദ്യം കണ്ടുമുട്ടുമ്പോള്‍ ദ്വന്ദയുദ്ധം നടത്തുന്നത്, ഹനുമാന്‍ രാമബാണത്തിന്റെ സഹായത്തോടെ സമുദ്രം താണ്ടുന്നത് തുടങ്ങിയ കഥകള്‍ ആദിവാസികള്‍ക്കിടയില്‍ പ്രചരിച്ചിട്ടുണ്ട്. [19]

ശരശ്ചന്ദ്രറായി രചിച്ച ദി ബീര്‍ഹോര്‍സ് എന്ന ഗ്രന്ഥത്തില്‍ ബീര്‍ഹോര്‍സ് എന്ന ആദിവാസി ജാതിയില്‍ പ്രചാരത്തിലുള്ള രാമകഥയെപ്പറ്റി പ്രസ്താവം ഉണ്ട്. അതിന്‍ പ്രകാരം ദശരഥന്‌ 7 ഭാര്യമാരാണുള്ളത്. സീതം മുറ്റം മെഴുകുന്നതിനായി ശിവന്റെ വില്ല് ഉയര്‍ത്തുന്നതും സീതാന്വേഷണത്തിലെ അണ്ണാന്‍ കുഞ്ഞ്, ഇലന്ത മരം, കൊക്ക് എന്നിവയെ പറ്റിയും പ്രസ്താവമുണ്ട്. എന്നാല്‍ ഈ കഥയില്‍ രാവണനെ വധിക്കുന്നത് ലക്ഷമണനാണ്‌.

മുണ്ഡാ ജാതിയില്‍ പ്രചരിച്ചിട്ടുള്ള കഥയിലും കൊക്കിന്റെ കഴുത്ത് രാമന്‍ വലിച്ചു നീട്ടി അതിനെ ശിക്ഷിക്കുന്നതിന്റേയും ഇലന്തമരം സീതയുടെ സാരിയുടെ കഷണങ്ങള്‍ രാമനു നല്‍കി അനശ്വരതയുടെ വരം നേടുന്നതും മറ്റും ഉണ്ട്. അണ്ണാന്‍ കുഞ്ഞ് സീതയുടെ മാര്‍ഗ്ഗം പറഞ്ഞു കൊടുക്കുന്നതിനാല്‍ രാമന്‍ തലോടുന്നതായാണ്‌ അവരുടെ കഥകളില്‍ ഉള്ളത്. [20]

മദ്ധ്യപ്രദേശിലെ ബൈഗാ-ഭൂമിയ എന്ന ജാതികളില്‍ പ്രചാരത്തിലുള്ള ഐതിഹ്യം സീതയെ കൃഷിയുടെ അധിഷ്ഠാനദേവതയുമഅയി ബന്ധപ്പെടുത്തുന്നു. അതനുസരിച്ച് മാതാവായ ജാനകിയുടെ കൈവിരലില്‍ ആറു വിരലുകള്‍ ഉണ്ടായിരുന്നു എന്നും അതിലൊന്ന് മുറിച്ച് ഭൂമിയില്‍ നട്ടതില്‍ നിന്നാണ്‌ ലോകത്തിലെ എല്ലാ ഇനങ്ങളിലുമുള്ള വിത്തുകള്‍ മുളച്ച് വന്നതെന്നും കാണുന്നു. [21]

[തിരുത്തുക] രാമായണം വിദേശഭാഷകളില്‍

അറബിയിലുള്ള വാല്മീകി രാമായണം. മഷിയും ഛായങ്ങളും ഉപയോഗിച്ച് 16-‍ാം നൂറ്റാണ്ടിന്റെ അവസാനം രചിച്ചത്.

[തിരുത്തുക] സിംഹളരാമകഥ

സിംഹളരാമകഥയില്‍ രാമന്‍ ഒറ്റക്കാണ്‌ വനവാസം നടത്തുന്നത്.അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ സീത അപഹരിക്കപ്പെടുന്നു. ഹനുമാന്റെ സ്ഥാനത്ത് ബാലിയാണ്‌. ബാലി ലങ്കാദഹനം തടത്തി സീതയെ രാമന്റെ അടുക്കലെത്തിക്കുന്നു. രാവണന്റെ ചിത്രം കാരണം രാമന്‍ സീതയെ ത്യാഗം ചെയുന്നു. സീതക്ക് ഒരു പുത്രന്‍ ജനിക്കുന്നു. വാല്‍മീകി മറ്റു രണ്ടുപേരെക്കൂടി സൃഷ്ടിക്കുന്നു. ഈ മൂന്നു പേരും പിന്നീട് രാമസേനയുമായി യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും പ്രസ്താവനമുണ്ട്. സിംഹള ദ്വീപിലെ കൊഹോബോയക്കം എന്ന ആചാരവേളകളില്‍ കാവ്യാത്മകങ്ങളായ കഥകള്‍ പാരായണം ചെയ്യപ്പെടുന്നു. ഈ അവസരത്തില്‍ പ്രധാനപ്പെട്ട കഥകളില്‍ പ്രധാനം സീതാത്യാഗത്തിന്റെയും സിംഹളത്തിന്റെ ആദ്യരാജാവായ വിജയന്റെയും മറ്റും കഥകളുമാണ്.

[തിരുത്തുക] ടിബറ്റ് രാമായാണം

രാമകഥ പ്രാചീനകാലം മുതല്‍ക്കേ വടക്കോട്ട് പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ടിബറ്റ് ഭാഷയില്‍ അത് 8-9 ശതകങ്ങളിലെത്തിച്ചേര്‍ന്നിരിക്കാം എന്ന് അനുമാനിക്കുന്നു. രാവണചരിതം മുതല്‍ സീതാത്യാഗവും രാമസീതാസം‌യോഗവും വരെയുള്ള മുഴുവന്‍ രാമകഥയുടേയും കൈയെഴുത്തു പ്രതികള്‍ തിബറ്റില്‍ ലഭിച്ചിട്ടുണ്ട്. ദശരഥനിതില്‍ രണ്ട് പത്നിമാര്‍ മാത്രമാണുള്ളത്. ഇളയ ഭാര്യയില്‍ നിന്ന് ആദ്യം രാമന്‍ ജനിക്കുന്നു. വിഷ്ണു തന്നെ വീണ്ടും ജ്യേഷ്ഠത്തിയില്‍ ലക്ഷമണനായി ജനിക്കുന്നുണ്ട്. സീത മുന്‍ജന്മത്തില്‍ രാവണപുത്രിയായി കരുതുന്നു. പിതാവിനെ നശിപ്പിക്കുമെന്ന് ജാതകത്തിലുള്ളതിനാല്‍ അവളെ നദിയില്‍ എറിയുന്നു. എന്നാല്‍ സീതയെ ഭാരതത്തിലെ മുക്കുവര്‍ രക്ഷിക്കുകയും അവരിലാരോ ഒരാള്‍ വളര്‍ത്തുകയും ചെയ്യുന്നു. ലീലാവതി എന്നാണതില്‍ സീതയുടെ പേര്. ലക്ഷ്മണനെ രാജാവാക്കാനായി രാമന്‍ സ്വമേധയാ രാജ്യം വിട്ട് കാട്ടില്‍ പോകുകയും രാജ്യം ചുറ്റുകയും അവിടെ വച്ച് സീതയെ കണ്ടുമുട്ടി വിവാഹം കഴിക്കുകയും ചെയ്യുന്നു. കര്‍ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം തിരികെ ചെന്ന് രാജ്യം ഭരിക്കുകയും ചെയ്യുന്നു. അനന്തരം സീതാപഹരണം. ഇത് നടക്കുന്നത് രാജധാനിക്കടുത്തുള്‍ല അശോകവനത്തില്‍ നിന്നാണ്‌. പിന്നീട് സീതാന്വേഷണം, വാനരന്മാരോട് സൗഹൃദം, ഹനുമാന്റെ ലങ്കാദഹനം മുതല്‍ രാവണ വധം വരെ കാണാം.

[തിരുത്തുക] വാല്‍മീകി രാമയാണത്തിലെ പ്രധാന പ്രക്ഷേപങ്ങള്‍(കൂട്ടിച്ചേര്‍ക്കലുകള്‍

സംഭവങ്ങളോട് രാമന്‍ മനുഷ്യനായി പ്രതികരിക്കുന്ന സന്ദര്‍ഭങ്ങളാണ്‍ യഥാര്‍ത്ഥ രാമായണത്തിലുള്ളത്. വിരാധരാക്ഷസന് രാമലക്ഷണന്മാരുടെ മധ്യത്തില്‍ നിന്ന് സീതയെ വാരിയെടുത്ത് കൊണ്ടു പോകുന്ന സന്ദര്‍ഭങ്ങളും രാവണനിഗ്രഹത്തിനുശേഷം സീതയെ രാമന്റെ മുന്നിലേക്കാനയിച്ച സന്ദര്‍ഭയും രാമനിലെ പച്ചയായ മനുഷ്യനെ പുറത്ത് കൊണ്ടുവരുന്നു. എന്നാല്‍ രാമനെ ഈശ്വരാവതാരമഅയി കാണിക്കുന്നതെല്ലാം പിന്നീട് ചേര്‍ത്ത പ്രക്ഷിപ്തങ്ങളാണ്‌. ഇങ്ങനെ ഈശ്വരാവതാരമഅകുമ്പോള്‍ രാമായണത്തില്‍ പ്രതിവിധിയില്ലാത്ത അപഭ്രംശമുണ്ടാകുന്നു. രാമനെ ഈശ്വരനായി വാഴ്തുന്ന പ്രധാന പ്രക്ഷിപ്തങ്ങള്‍ ബാലകാണ്ഡത്തിലും ഉത്തര കാണ്ഡത്തിലുമാണ്‌. ഈ കാണ്ഡങ്ങള്‍ തന്നെ മൊത്തമായിം പ്രക്ഷിപ്തങ്ങളാണ്‌. സി. രാജഗോപാലാചഅരി അടക്കമുള്ള പല രാമയാണ കര്‍ത്താക്കളും തങ്ങളുടെ രാമായണങ്ങളില്‍ ഉത്തര കാണ്ഡത്തെ ഉള്‍ക്കൊള്ളിച്ചിട്ടേ ഇല്ല.

അവതാരപ്രസ്താവങ്ങള്‍ കാണാവുന്ന മറ്റൊരു സന്ദര്‍ഭം അയോദ്ധ്യാകാന്‍ഡത്തിന്റെ ആരംഭത്തിലാണ്‌. രാമന്‍ അവതാരപുരുഷനാണെന്ന പ്രസ്താവനകളുള്ള അയോദ്ധ്യാകാണ്ഡം ഒന്നാം സര്‍ഗ്ഗത്തിലുള്ള മുപ്പത്തിയഞ്ചു ശ്ലോകങ്ങള്‍ പ്രക്ഷിപ്തമാണെന്ന് രാമയണത്തെക്കുറിച്ച് വിദഗ്ധ പഠനഗവേഷണങ്ങള്‍ നടത്തിയ ഫാദര്‍ കാമില്‍ ബുല്‍കെ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രാമായണ രചനക്കുശേഷം വാല്‍മീകിയുടെ സിദ്ധികളുടെ ചെറിയ ഒരു അംശം പോലുമില്ലാത്ത ഏതോ ചില പിന്തലമുറക്കാര്‍ കാവ്യത്തിനുമേല്‍ കെട്ടിയേല്പിച്ച ഭക്തിഭാരങ്ങളാണ്‌ അവതാരപരഅമര്‍ശങ്ങളത്രെ

[തിരുത്തുക] ഉപസംഹാരം

വാത്മീകി പദപ്രയോഗങ്ങളില്‍ അദ്വിതീയനായിരുന്നു. കരുണാരസത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട രാമായണമാകട്ടെ കാവ്യങ്ങളില്‍ വച്ച്‌ ഉന്നതസ്ഥാനം വഹിക്കുന്നു. കാളിദാസന്‍, ഭവഭൂതി മുതലായവര്‍ തുടങ്ങി അനേകര്‍ക്ക്‌ പ്രചോദനമാകാന്‍ കവിക്ക്‌ കഴിഞ്ഞു. അതുകൊണ്ടാണ്‌ കവിയെ ആദികവിയെന്നും, കാവ്യത്തെ ആദികാവ്യം എന്നും വിളിച്ച്‌ നിരൂപകര്‍ ആദരിക്കുന്നതും[22][23][24].

[തിരുത്തുക] കുറിപ്പുകള്‍

a.^  ലീലാലോലരായ ക്രൗഞ്ചപ്പക്ഷികളെ കണ്ട് മഹര്‍ഷിയുടെ മനുഷ്യഹൃദയത്തില്‍ പൂര്‍വാശ്രമത്തിലെ മിഥുനജീവിതസ്മൃതി ഉണര്‍ന്നിരിക്കേ ആയിരിക്കാം വേടന്റെ അമ്പ് അവയിലൊന്നിനെ കൊന്നതെന്ന് മലയാളത്തിലെ സാഹിത്യചിന്തകന്‍ കൊടുപ്പുന്ന അഭിപ്രായപ്പെട്ടിട്ടുണ്ട്. വാല്‍മീകിയുടെ തീവ്രപ്രതികരണത്തിന്റെ പ്രേരകവികാരമായി കരുണാ-ശോകങ്ങള്‍ക്കൊപ്പം രതിയും ഉണ്ടായിരുന്നിരിക്കാമെന്ന് അദ്ദേഹം വാദിക്കുന്നു.[25]


b.^  മഹാഭാരതത്തിലെ ദ്രോണപര്‍വ്വത്തിലും ശാന്തിപര്‍വ്വത്തിലും മാത്രമാണ്‌ വാല്‍മീകി കവിയാണെന്ന വ്യക്തമായ സൂചനകള്‍ ലഭിക്കുന്നത്. ശാന്തിപര്‍വ്വത്തില്‍ ഒരു ഭാര്‍ഗ്ഗവകവിയെപ്പറ്റിയും അനുശാസനപര്‍വ്വത്തില്‍ യശോധനനായ ഒരു വാല്‍മീകിയെപ്പറ്റിയും രേഖപ്പെടുത്തിയിരിക്കുന്നു. മഹാഭാരതത്തിലെ മറ്റു പര്‍വ്വങ്ങളില്‍ വാല്‍മീയെപ്പറ്റിയുള്ള പരമാര്‍ശങ്ങള്‍ ഉണ്ടെങ്കിലും കവിയാണെന്ന സൂചന ഇല്ല.

[തിരുത്തുക] അവലംബം

  1. http://www.knowledgecommission.org/classical-indian-epics.html
  2. കാമില്‍ ബുല്‍ക്കെ രാമകഥ വിവ:അഭയദേവ്. കേരള സാഹിത്യ അക്കാദമി. തൃശൂര്‍ പേജ് 48
  3. കൊളാടി ഗോവിന്ദന്‍കുട്ടി വാല്‍മീകി രാമായണം
  4. ജെ.കെ. ത്രിഖ; രാമന്റെ കഥ
  5. കാമില്‍ ബുല്‍ക്കെ രാമകഥ വിവ:അഭയദേവ്. കേരള സാഹിത്യ അക്കാദമി. തൃശൂര്‍ പേജ് 48
  6. ഡോ.വെബ്ബര്‍, ഓണ്‍ ദി രാമായണ (Ueber das Ramayana Abhabdlungen der koenigl. Akademie der Wissensch, ZuRich, Berlin 1870 page 1-80 English Translation by D.C. Boyd. Bombay 1873
  7. ദിനേശചന്ദ്ര; ദി ബംഗാളി രാമായണാസ്.
  8. യാക്കോബി എച്ച്; രാമായണം - ദാസ് രാമായണ, (വിവര്‍ത്തനം) ബോണ്‍ 1893)
  9. രമേശ് ചന്ദ്രദത്ത് എ ഹിസ്റ്ററി ഓഫ് സിവിലൈസേഷന്‍ ഇന്‍ ആന്‍ഷ്യന്‍റ് ഇന്ത്യ. പേജ് 211 ബോംബെ
  10. എസ്.കെ ബേല്‍വല്‍ക്കര്‍; ഉത്തമ രാമചരിത്രം ഭൂമിക പേജ് 59
  11. എം.ബി കീബേ. ഇ.ഹി,ക്വാ പേജ് 693-702
  12. ഹീരാലാല്‍ ത്ധാ; കോമെമ്മറേഷന്‍ വാല്യം പേജ് 151-161 കേശവോസ്തവ സ്മാരക ഗ്രന്ഥം
  13. റായ് കൃഷ്ണദാസ്; രാമവനത്തിന്റെ ഭൂമിശാസ്ത്രം
  14. എപപ്പിക് ആന്‍ഡ് പുരാണിക് സ്റ്റഡീസ്. ഭണ്ഡാര്‍ക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
  15. എസ്. വയ്യ്യാപുരി. ഹിസ്റ്ററി ഓഫ് തമിഴ് ലാങ്വേജ് ആന്‍ഡ് കള്‍ച്ചര്‍. 1956. മദ്രാസ്. പേജ് 103
  16. ബി.എം. ഗോപാലകൃഷ്ണാചഅര്യര്‍ കമ്പരാമായണ; ബാലകാണ്ഡം
  17. ഡോ. കാമില്‍ ബുല്‍കേ. രാമകഥ
  18. കട്ടവരദരാജു; ശ്രീരാമായണമു ഓഫ് കട്ടവരദരാജു; മദ്രാസ് യൂണിവേര്‍സിറ്റി; മദ്രാസ് 1950 ഭൂമിക.
  19. ഗോപാലലാല്‍ വര്‍മ്മ, സന്ധാളീ നാടോടിപ്പാട്ടുകളില്‍ ശ്രീരാമന്‍; സാരംഗം പബ്ലിക്കേഷന്‍സ്; ഡല്‍ഹി. 1960
  20. എം.സി. മിത്ര: ജേര്‍ണല്‍ ഓഫ് ഡിപാര്‍ട്ട്മെന്റ് ഓഫ് ലെറ്റേര്‍സ്. കല്‍ക്കത്ത ഭാഗം 4 303-304 പ്രസ്താവിച്ചിരിക്കുന്നത് -കാമില്‍ ബുല്‍കേ രാമകഥ
  21. എസ്. ഫുക്സ്. ദി ഗോണ്ഡേ ആന്‍ഡ് ഭൂമിയ ഓഫ് ഈസ്റ്റേര്‍ണ്‍ മണ്ഡല: ബോംബെ 1960
  22. http://www.eng.vedanta.ru/library/vedanta_kesari/ramayana.php
  23. http://www.sociology.ed.ac.uk/sas/papers/panel49_mbrockington.rtf
  24. http://www.archaeologynews.org/link.asp?ID=248828&Title=Why%20modern%20India%20misses%20Sankalia
  25. കൊടുപ്പുന്ന : ആദികവിയുടെ ശില്പശാല - രതി, പിന്നെ ശോകം എന്ന ലേഖനം.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന ഒരു കൃതി വിക്കിഗ്രന്ഥശാലയില്‍ ഉണ്ട്:
(Sanskrit)സംസ്കൃതത്തില്‍
(English) വിവര്‍ത്തനങ്ങള്‍
ഗവേഷണ ലേഖനങ്ങള്‍


"http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം