അതികായൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു രാക്ഷസനാണ്‌ അതികായൻ‍. രാവണന് ധാന്യമാലിനി എന്ന രാക്ഷസിയിലുണ്ടായ മകൻ. ശരീരത്തിന്റെ വലിപ്പംകൊണ്ട് അതികായൻ എന്ന പേർ സിദ്ധിച്ചു. മഹാകായൻ, പർവതോപമൻ മുതലായ പദങ്ങൾകൊണ്ട് അതികായന്റെ ദേഹമാഹാത്മ്യം വാല്മീകിരാമായണത്തിൽ വർണിച്ചിട്ടുണ്ട്. അതികായൻ തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, അദ്ദേഹത്തിൽനിന്നും സുരാസുരൻമാർക്ക് തന്നെ വധിക്കാൻ സാധ്യമാകരുതെന്ന വരവും ദിവ്യമായ കവചവും അർക്കഭാസ്വരമായ രഥവും അനേകം ദിവ്യാസ്ത്രങ്ങളും നേടി. യുദ്ധം ചെയ്ത് ഇന്ദ്രന്റെ വജ്രവും വരുണന്റെ പാശവും കരസ്ഥമാക്കി. ആ ബലശാലി രാവണന്റെ ആജ്ഞ അനുസരിച്ച് രാമനോടു പോരിനു ചെന്നു. ഭീമരൂപനായ അതികായനെക്കണ്ട് വാനരസൈന്യങ്ങൾ ഓടിപ്പോയി. വിസ്മയഭരിതനായ ശ്രീരാമൻ വിഭീഷണനോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കി. പോരിൽ അതികായനെ ലക്ഷ്മണൻ നേരിട്ടു. ഇരുപേരും ഘോരസമരം നടത്തി. ഒടുവിൽ വായുഭഗവാന്റെ ഉപദേശമനുസരിച്ച് ലക്ഷ്മണൻ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് അതികായനെ വധിച്ചു. ലങ്കാനഗരിയുടെ രക്ഷാഭാരം സമർഥമായി നിർവഹിച്ചിരുന്ന ആ വീരന്റെ നിര്യാണം രാവണനെ നല്ലപോലെ അലട്ടി.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതികായൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതികായൻ&oldid=2279897" എന്ന താളിൽനിന്ന് ശേഖരിച്ചത്