മുഹമ്മദ് അബ്ദുർറഹ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുഹമ്മദ് അബ്ദുൾ റഹിമാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mohammed Abdulrahiman Sahib
ജനനം 1898
Kodungallur, Kerala
മരണം നവംബർ 22 1945
Pottashery
മരണ കാരണം Heart Attack
ദേശീയത Indian
മറ്റ് പേരുകൾ Mohammed Abdurahman Sahib
വിദ്യാഭ്യാസം Graduate
ഉദ്യോഗം Editor
തൊഴിൽ ദാതാവ് Al Ameen Malayalam Daily
അറിയപ്പെടുന്നത് Indian independence movement activism and reorganising
പദവി Editor
രാഷ്ട്രീയ പാർട്ടി Indian National CongressINC-flag.svg
മതം Muslim

കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമാണ്‌ മുഹമ്മദ് അബ്ദുർറഹ‌്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.

ഉള്ളടക്കം

[തിരുത്തുക] ജീവിത രേഖ

മുഹമ്മദ് അബ്ദുർറഹ‌്മാൻ 1898-ൽ കൊടുങ്ങല്ലൂരിൽ ജനിച്ചു. കോഴിക്കോട് ബാസൽ മിഷൻ കോളജിൽ നിന്നും ഇന്റർമീഡിയറ്റ് പാസ്സായതിനുശേഷം മദ്രാസ് പ്രസിഡൻസി കോളജിൽ ഉപരിപഠനം നടത്തി. മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ് എന്ന ഗ്രന്ഥം വായിച്ചത് ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം വളരാനിടയാക്കി. 1920-കളിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ ഇദ്ദേഹം പഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് മടങ്ങി. 1921-ൽ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുർറഹ‌്മാൻറെ രാഷ്ട്രീയ രംഗപ്രവേശം.

[തിരുത്തുക] സമരരംഗത്ത്

ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറിൽ ശക്തമായതോടെ കോൺഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികൾ അബ്ദുർറഹ‌്മാൻ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടിഷ് വിരുദ്ധ സമരത്തിൽ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോൾ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൗത്യം ഇദ്ദേഹം ഏറ്റെടുത്തു. കലാപത്തിന് ഒരു വർഗീയ പരിവേഷം നല്കാൻ ചില കോൺഗ്രസ്സുകാർ നടത്തിയ ശ്രമത്തെ അപലപിച്ച അബ്ദുർറഹ‌്മാൻ സാഹിബ് ഇതിനെ ഒരു കർഷക കലാപമായാണ് വിലയിരുത്തിയത്.

കലാപം തുടങ്ങി 2 മാസങ്ങൾക്കുശേഷം 1921, ഒക്ടോബറിൽ പട്ടാളനിയമം ലംഘിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുർറഹ‌്മാൻ സാഹിബിനെ 2 വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. 1923-ലാണ് ഇദ്ദേഹം മോചിതനായത്; തുടർന്ന് വീണ്ടും കോൺഗ്രസ്-ഖിലാഫത്ത് പ്രവർത്തനങ്ങളിൽ സജീവമായി. ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തുവാൻ ഒരു പത്രം ആവശ്യമാണെന്ന് മനസ്സിലാക്കിയ അബ്ദുർറഹ‌്മാൻ സാഹിബ്‍ 1924-ൽ അൽ-അമീൻ എന്ന പത്രം ആരംഭിച്ചു. മുസ്ലിം ജനവിഭാഗങ്ങളിൽ ദേശാഭിമാനവും സ്വാതന്ത്യ്രവാഞ‌്ഛയും ഉളവാക്കുന്നതിൽ ഈ പത്രം വഹിച്ച പങ്ക് സുപ്രധാനമാണ്. മലബാറിൽ നിന്നുള്ള മാപ്പിളമാരെ കൂട്ടത്തോടെ ആൻഡമാൻ ദ്വീപുകളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള മദ്രാസ് സർക്കാരിന്റെ നീക്കത്തെ വിജയകരമായി ചെറുക്കുവാൻ അൽ-അമീനിലൂടെ ഇദ്ദേഹത്തിനു കഴിഞ്ഞു.

1921-ലെ കലാപത്തെ തുടർന്ന് കോൺഗ്രസ്സിൽ വിശ്വാസം നഷ്ടപ്പെട്ട മുസ്ലിം സമുദായം മുഖ്യധാരയിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുകയാണുണ്ടായത്. ഇക്കാരണത്താൽ തന്നെ 1930-ലെ നിയമലംഘനപ്രസ്ഥാനത്തിൽ നിന്ന് മുസ്ലിങ്ങൾ വിട്ടുനിൽക്കുമെന്ന ധാരണ രാഷ്ട്രീയ വൃത്തങ്ങളിൽ നിലനിന്നിരുന്നു. നിയമലംഘനപ്രസ്ഥാനത്തെ ബഹിഷ്കരിക്കുവാനുള്ള ചില മുസ്ലിം നേതാക്കളുടെ ആഹ്വാനവും ഈ വിശ്വാസത്തിനു ആക്കം കൂട്ടി. എന്നാൽ മുസ്ലിങ്ങൾ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കണമെന്ന സാഹിബിന്റെ നിലപാട് അവർക്കിടയിൽ സ്വാധീനം ചെലുത്തുകയും നിരവധി യുവാക്കൾ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ചെയ്തു. നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തിന്‌ 9 മാസം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. 1931-ൽ കെ.പി.സി.സി.യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോൺഗ്രസ്സിലെ വലതുപക്ഷ വിഭാഗവുമായുള്ള അഭിപ്രായഭിന്നത രൂക്ഷമാവുകയും കേന്ദ്ര നിയമനിർമ്മാണസഭയിലേയ്ക്ക് 1934-ൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തതിനെത്തുടർന്ന് അബ്ദുർറഹ‌്മാൻ സാഹിബ്‍ കെ.പി.സി.സി. അംഗത്വം രാജിവച്ചു. 1935-ൽ വീണ്ടും കോൺഗ്രസ്സിൽ സജീവമായ ഇദ്ദേഹം കോൺഗ്രസ്സിലെ ഇടതുപക്ഷത്തോടൊപ്പമാണ് നിലയുറപ്പിച്ചത്. കോൺഗ്രസ്സിനുള്ളിൽ മറ്റൊരു ഗ്രൂപ്പായി പ്രവർത്തിച്ച സാഹിബും അണികളും ദേശീയ മുസ്ലിങ്ങൾ എന്നാണ് അറിയപ്പെട്ടത്.

[തിരുത്തുക] രാഷ്ട്രീയ രംഗത്ത്

1937-ൽ ഏറനാട് വള്ളുവനാട് നിയോജകമണ്ഡലത്തിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ മദ്രാസ് അസംബ്ളിയിലേക്ക് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1938, 39, 40 എന്നീ വർഷങ്ങളിലെ കെ.പി.സി.സി. തെരഞ്ഞെടുപ്പുകളിൽ അബ്ദുർറഹ‌്മാൻ സാഹിബ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കർഷകർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയ വിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് കോൺഗ്രസ്സിനെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റാൻ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്ക് ഇദ്ദേഹത്തിനു സാധിച്ചു. മലബാറിൽ കർഷക പ്രസ്ഥാനം ശക്തിപ്രാപിച്ചത് കോൺഗ്രസ്സിലെ ഇടതുപക്ഷ-മുസ്ലിം കൂട്ടുകെട്ടിന്റെ കാലത്തായിരുന്നു. 1939-ൽ രാജാജി മന്ത്രിസഭ ഭൂബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റിയിലെ അംഗമെന്നനിലയിൽ അബ്ദുർറഹ‌്മാൻ സാഹിബ് ഇ.എം.എസ്., ഇ. കണ്ണൻ എന്നിവരോടൊപ്പം സമർപ്പിച്ച വിയോജന കുറിപ്പാണ് പിന്നീടു കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമങ്ങളുടെ അടിസ്ഥാനമായിത്തീർന്നത്.

രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടന്റെ യുദ്ധ സംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള കമ്യൂണിസ്റ്റുകാരുടെ തീരുമാനത്തോട് വിയോജിച്ച അബ്ദുർറഹ‌്മാൻ സാഹിബ്‍ അവരിൽ നിന്നും അകന്ന് സുഭാഷ് ചന്ദ്രബോസിന്റെ ഫോർവേഡ് ബ്ളോക്കുമായി സഹകരിച്ചു പ്രവർത്തിച്ചു.

നേതാജിയുടെ അറസ്റ്റിനു പിന്നാലെ 1940 ജൂല. 3-ന് രാജ്യരക്ഷാ നിയമം 26-ാം വകുപ്പുപ്രകാരം അബ്ദുർറഹ‌്മാൻ സാഹിബ് അറസ്റ്റ് ചെയ്യപ്പെട്ടു. 5 വർഷത്തെ ജയിൽവാസത്തിനുശേഷം ഇദ്ദേഹത്തിനു അഭിമുഖീകരിക്കേണ്ടിവന്നത് മലബാറിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെയായിരുന്നു. ഇതിനോടകം ശക്തിപ്രാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഇന്ത്യാ വിഭജനവാദത്തെ അനുകൂലിക്കാത്തതിനാൽ ഇദ്ദേഹത്തിന് അവരുടെ ശക്തമായ എതിർപ്പിനെ നേരിടേണ്ടി വന്നു. എങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിന്ന അബ്ദുർറഹ‌്മാൻ സാഹിബിന്‌ കേരളത്തിലെ മുസ്ലിങ്ങളിൽ വലിയൊരു വിഭാഗത്തെ ദേശീയധാരയിൽ നിലനിർത്തുവാൻ കഴിഞ്ഞു

[തിരുത്തുക] ചലചിത്രം

പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം നിർവഹിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വീരപുത്രൻ. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാനെ കുറിച്ച് സാഹിത്യകാരൻ എൻ.പി. മുഹമ്മദ് രചിച്ച "മുഹമ്മദ് അബ്ദുറഹ്മാൻ:ഒരു നോവൽ" എന്ന ഗ്രന്ഥത്തെ ആസ്പദിച്ചുള്ളതാണ് ഈ ചരിത്ര സിനിമ. ബ്രിട്ടീഷ് മേധാവിത്ത്വത്തിനെതിരായി കേരളത്തിൽ നടന്ന വിപ്ലവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

[തിരുത്തുക] മരണം

കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ മുക്കം പഞ്ചായത്തിലെ പൊറ്റശ്ശേരി എന്ന സ്ഥലത്ത് വച്ച് 1945 നവംബർ 23ന് രാത്രിയിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അന്തരിച്ചു. കോഴിക്കോട് കണംപറമ്പ് ഖബർ സ്ഥാനിലാണ് സാഹിബിനെ ഖബറടക്കിയത്.

[തിരുത്തുക] കൂടുതൽ‍ വായനക്ക്

അബ്ദുർറഹ‌്മാൻ‍ സാഹിബിനെ ഓർക്കുമ്പോൾ-ഡോ. എം . ഗംഗാധരൻ(സമകാലിക മലയാളം വാരിക 2005 ജനുവരി 15) 19/09/2009 ന്‌ ശേഖരിച്ചത്.

India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...
"http://ml.wikipedia.org/w/index.php?title=മുഹമ്മദ്_അബ്ദുർറഹ്മാൻ&oldid=1120729" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ