ബിപിൻ ചന്ദ്രപാൽ
ഭാരതം കണ്ട പ്രഗത്ഭനായ വാഗ്മി, പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രശസ്തനാണ് ബിപിൻ ചന്ദ്രപാൽ (ബംഗാളി: বিপিন চন্দ্র পাল) ( നവംബർ 7, 1858 - മേയ് 20, 1932).
[തിരുത്തുക] ജീവിതം
1958 ൽ ബംഗാളിൽ ജനനം. യാഥാസ്ഥിതിക ചുറ്റുപാടിൽ ബാല്യകാലം കഴിച്ചുകൂട്ടി. വിദ്യാഭ്യാസാനന്തരം ബ്രഹ്മസമാജത്തിൽ അംഗമായി. ഇതിന്റെ പേരിൽ വീട്ടിലുണ്ടായ കലഹത്തിന്റെ ഫലമായി വീടുവിടുകയും കട്ടക്കിൽ ഒരു വിദ്യാലയത്തിൽ പ്രധാന അധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു. പിന്നീട് പിതാവിന്റെ മരണശേഷം വീട്ടിൽ തിരിച്ചെത്തുകയും സ്വന്തമായി ഒരു വിദ്യാലയം ആരംഭിക്കുകയും ചെയ്‌തു. അതിനു ശേഷം കൽക്കത്തയിൽ ലൈബ്രേറിയനായി.
വലിയ ഒരു പുസ്തകശേഖരത്തിനു നടുവിൽ പഠിച്ചും വായിച്ചുമുള്ള ജീവിതം ബിപിൻ ചന്ദ്രപാലിന്റെ ചിന്തകളെ മാറ്റിമറിച്ചു. വായനയിൽ നിന്നുടലെടുത്ത ചിന്തകൾ ആദ്യം കൂട്ടുകാരോടും പിന്നീട് ചെറു സദസുകളിലും പങ്കുവെച്ചു. പിന്നീട് ഭാരതത്തിലെ മികച്ച പ്രാസംഗികരിൽ ഒരാളായി മാറി.
[തിരുത്തുക] സ്വാതന്ത്ര്യ സമരത്തിൽ
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരത്തിൽ ബാൽ-ലാൽ-പാൽ ത്രയം എന്നറിയപ്പെട്ട ബാലഗംഗാധര തിലകൻ, ലാലാ ലജ്പത്‌റായ്, ബിപിൻ ചന്ദ്രപാൽ എന്നിവർ അണികൾക്ക് ആവേശം പകരുകയും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറുകയും ചെയ്‌തു.
അക്കാലത്ത് വിധവാവിവാഹം സമൂഹത്തിൽ നിഷിദ്ധമായിരുന്നു. എതിർപ്പുകളെ വകവെയ്‌ക്കാതെ ഒരു വിധവയെ ബിപിൻ ചന്ദ്രപാൽ വിവാഹം ചെയ്‌തു. അനാചാരങ്ങൾക്കെതിരായി ജനങ്ങളെ ബോധവാന്മാരാക്കാൻ അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ പോയി പ്രസംഗിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.ഇംഗ്ലണ്ടിൽ അദ്ദേഹം നടത്തിയ സ്വരാജ് പത്രം ഭാരതത്തിൽ നിരോധിച്ചിരുന്നു.
അരവിന്ദഘോഷിനെതിരെ സാക്ഷി പറയില്ല എന്നു പറഞ്ഞതിന് അദ്ദേഹത്തെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിച്ചു.
സ്വരാജിനു വേണ്ടി നിരന്തരം വാദിച്ച ആ സ്വാതന്ത്ര്യ സമര സേനാനി 1932 ൽ മരിച്ചു.
[തിരുത്തുക] അവലംബം
മലയാള മനോരമ ഇയർബുക്ക് 2008
