വി.ഡി. സാവർക്കർ
| വിനായക് ദാമോദർ സവർക്കർ | |
|---|---|
വിനായക് ദാമോദർ സവർക്കർ |
|
| ജനനം | മെയ്യ് 28, 1883 ഭാഗൂർ,മഹാരാഷ്ട്ര,ഇന്ത്യ |
| മരണം | 1966 ഫെബ്രുവരി 26 (പ്രായം 82) മുംബൈ, ഇന്ത്യ |
| ദേശീയത | ഇന്ത്യൻ |
| മറ്റ് പേരുകൾ | വീർ സവർകർ |
| വിദ്യാഭ്യാസം | ബിരുദം,ഫെർഗുസ്സൻ കോളേജ്, പൂനെ, മഹാരാഷ്ട്ര (ഇന്ത്യ); ബാരിസ്ടർ ഹോനരബിൽ സോസയിറ്റി ഗ്രയ്സ് ഇൻ, ലണ്ടൻ ( ഇംഗ്ലണ്ട്). |
| അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ഹിന്ദുത്വം |
| രാഷ്ട്രീയ പാർട്ടി | അഖിൽ ഭാരത് ഹിന്ദു മഹാസഭ |
| ജീവിത പങ്കാളി | യമുനഭായി |
| മക്കൾ | മകൻ പ്രഭാകർ (ചെറുതിൽ തന്നെ മരണമടഞ്ഞു ),വിശ്വാസ് സവർകർ ,മകൾ പ്രഭ ചിപ്ലുൻകർ |
വീർ വിനായക് ദാമോദർ സാവർക്കർ (വീർ സവർക്കർ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു) വിപ്ലവകാരി, ഹിന്ദുത്വസൈദ്ധാന്തികൻ എന്നീ നിലകളിൽ അറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു പ്രവർത്തിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെടുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. വിപ്ലവകാരിയായ ദേശസ്നേഹി എന്നാണ് മഹാത്മാ ഗാന്ധി അക്കാലത്ത് സാവർക്കറെ വിശേഷിപ്പിച്ചിരുന്നത് [1]. സവർക്കറുടെ പ്രസിദ്ധമായ ‘1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം‘ എന്ന പുസ്തകം ഭഗത് സിംഗും, സുഭാഷ് ചന്ദ്ര ബോസുമടക്കമുള്ള വിപ്ലവകാരികൾ സംഘടനാപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്. ജയിൽ ജീവിതത്തിനു ശേഷം ഹിന്ദുമഹാസഭയിൽ ചേർന്നു പ്രവർത്തിച്ച സാവർക്കർ ആധുനിക ഹിന്ദുത്വ സംഘടനകളുടെ ആരാധ്യപുരുഷനും പ്രചോദകനുമായി കണക്കാക്കപ്പെടുന്നു.
ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി പഠനം നടത്തുമ്പോഴാണ് സാവർക്കർ വിപ്ലവത്തിന്റെ പാത സ്വീകരിക്കുന്നത്. ഇക്കാലഘട്ടത്തിൽ ഇദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ സംഘടനകൾ സ്ഥാപിച്ചു.[2][3] ഇന്ത്യാ ഹൌസ് എന്ന വിപ്ലവപാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ 1920 ൽ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന്റേ പേരിൽ 50 കൊല്ലത്തെ തടവു ശിക്ഷക്കു വിധിക്കുകയും, ശിക്ഷ അനുഭവിക്കാൻ ആന്റമാൻ നിക്കോബാർ ദ്വീപുകളിലുള്ള ജയിലിലടക്കുകയും ചെയ്തു.
ജയിലിൽവെച്ച് ഹിന്ദുത്വത്തെ പിന്തുണക്കുന്ന ലേഖനങ്ങളെഴുതി. 1921 ൽ ജയിൽ വിമോചിതനായി. പിന്നീട് ഹിന്ദുത്വം പ്രചരിപ്പിക്കാൻ രാജ്യമൊട്ടാകെ സഞ്ചരിച്ചു. കോൺഗ്രസ്സിന്റെ നയങ്ങളെ എപ്പോഴും നഖശിഖാന്തം എതിർത്തു. ക്വിറ്റ് ഇന്ത്യാ മൂവ്മെന്റിനെ തന്റേതായ രീതിയിൽ വ്യാഖാനിക്കുകയും നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായെങ്കിലും, തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കപ്പെട്ടു. 1966 ഫെബ്രുവരി 26 തന്റെ 82 ആം വയസ്സിൽ ആ ധീരദേശാഭിമാനി മരണമടഞ്ഞു
ഉള്ളടക്കം |
ജനനം, ബാല്യം [തിരുത്തുക]
1883 ഇൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഭാഗൂരിൽ ജനനം. രാധാഭായിയും ദാമോദർ പാന്തുമായിരുന്നു മാതാപിതാക്കൾ. വിനായകിനെ കൂടാതെ ഗണേഷ്, നാരായൺ എന്നീ ആൺകുട്ടികളും, മൈനാഭായി എന്ന പെൺകുട്ടിയും ഉണ്ടായിരുന്നു ഈ ദമ്പതികൾക്ക്.[4] വിനായക് എന്നും തത്യ ഈ കുട്ടിയെ വിളിച്ചിരുന്നു. വിനായകിന് ഒമ്പതു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു, അദ്ദേഹത്തിന് അതൊരു ആഘാതമായിരുന്നു. പിതാവ് തന്നെയായിരുന്നു പിന്നീട് ഈ കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നത്. 1899ൽ പിതാവും മരണമടഞ്ഞു. പിതാവിന്റ മരണശേഷം മൂത്ത പുത്രനായ ഗണേഷ് ആണ് തന്റെ താഴെയുള്ള സഹോദരങ്ങളേയും, സഹോദരിയേയും സംരക്ഷിച്ചിരുന്നത്.[5]
സമീപത്തുള്ള ഗ്രാമീണവിദ്യാലയത്തിലാണ് വിനായകിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. അഞ്ചാംതരം കഴിഞ്ഞതോടെ തുടർ പഠനത്തിനായി വിനായക് നാസികിലേക്കു പോയി. ഇക്കാലഘട്ടത്തിൽ തന്നെ വിനായക് ദേശസ്നേഹം പ്രകടിപ്പിച്ചിരുന്നു എന്ന സുഹൃത്തുക്കൾ ഓർമ്മിക്കുന്നു. നാസികിലെ പഠനകാലത്ത് എഴുതിയിരുന്ന കവിതകളിലും, മറ്റും അതിയായ രാജ്യസ്നേഹം സ്ഫുരിച്ചിരുന്നു. സുഹൃത്തുക്കളെ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാനാക്കാനും വിനായക് ശ്രമിച്ചിരുന്നു.[6] 1901 ൽ മെട്രിക്കുലേഷൻ പാസ്സായതോടെ, വിനായക് തുടർ പഠനത്തിനായി പൂനെയിലുള്ള ഫെർഗൂസൺ കലാലയത്തിൽ ചേർന്നു. ഫെർഗൂസൺ കലാലയത്തിലെ വിദ്യാഭ്യാസ കാലഘട്ടം വിനായകിന് ദേശസ്നേഹം മറ്റുള്ളവരിലേക്കും പകർന്നുകൊടുക്കാനുള്ള വേദിയായി. ഈ സമയത്താണ് വിനായക് ലോകമാന്യതിലകിനെ പരിചയപ്പെടുന്നത്. ഈ ബന്ധം വിനായകിലെ ദേശസ്നേഹത്തിന്റ തീപ്പൊരി ആളിക്കത്തിച്ചു. രാജ്യസ്നേഹം പ്രചരിപ്പിക്കുന്ന ലഘുലേഖകളും മറ്റും വിനായക് കലാലയത്തിൽ പ്രചരിപ്പിക്കാൻ തുടങ്ങി. ചരിത്രമായിരുന്നു ഇഷ്ടവിഷയം, ഭാരതചരിത്രത്തിലുപരി, ലോകത്തിന്റെ ചരിത്രമത്രയും പഠിക്കുന്നതിൽ വിനായക് വല്ലാത്തൊരു താൽപര്യം പ്രകടിപ്പിച്ചിരുന്നു[7]
ആദ്യകാല പ്രവർത്തനങ്ങൾ [തിരുത്തുക]
ചാഫേക്കർ സഹോദരന്മാരുടെ രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാരോടുള്ള എതിർപ്പുകൾ ഉച്ചസ്ഥായിയിൽ നിൽക്കുന്ന കാലമായിരുന്നു 1890 കളുടെ അവസാനം. ഈ പരിതസ്ഥിതിയിൽ ബ്രിട്ടീഷുകാർക്കെതിരെ സംഘടിക്കണമെന്ന് തീരുമാനിച്ചുറച്ച സാവർക്കർ ചില സുഹൃത്തുക്കളോടൊപ്പം 1900 ഇൽ മിത്രമേള എന്ന സംഘടന രൂപവത്കരിച്ചു. ഈ സംഘടനയാണ് പിൽക്കാലത്ത് അഭിനവ് ഭാരത് സൊസൈറ്റി എന്ന തീവ്രവിപ്ലവ സംഘടനായി മാറിയത്.
സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം [തിരുത്തുക]
അക്കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ ഇടയിൽ നിലന്നിന്നിരുന്ന മിതവാദി-തീവ്രവാദി വിഭാഗങ്ങളിൽ രണ്ടാമത്തേതിനൊപ്പമായിരുന്നു സാവർക്കർ. സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കണമെന്നാണ് സാവർക്കർ ആഗ്രഹിച്ചത്. 1905ൽ ബംഗാൾ വിഭജനത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി വിദേശസാധനങ്ങൾ ബഹിഷ്കരിക്കൽ പ്രക്ഷോഭത്തിൽ സാവർക്കർ ഭാഗഭാക്കായി. അങ്ങനെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ആദ്യമായി, പൂനെയിൽ വച്ച് വിദേശവസ്ത്രങ്ങൾ കത്തിച്ചു കൊണ്ടുള്ള പ്രക്ഷോഭം നടന്നു. അതിന്റെ പേരിൽ സാവർക്കറെ ഫെർഗൂസൻ കോളേജിൽ നിന്നും പുറത്താക്കുകയുണ്ടായി[8]
1906 ജൂൺ 9ന് സ്കോളർഷിപ്പോടുകൂടിയുള്ള നിയമപഠനത്തിന് സാവർക്കർ ലണ്ടനിലെത്തുകയും തുടർന്ന് ഫ്രീ ഇന്ത്യാ സൊസൈറ്റി എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. ദേശെസ്നേഹികളായ നിർവധി യുവാക്കൾ ഫ്രീ ഇന്ത്യാ സൊസൈറ്റിയുടെ പേരിൽ ലണ്ടനിൽ ഒത്തുകൂടി. ഭായി പരമാനന്ദ്, സേനാപതി ബാപ്പട്, ലാലാ ഹർദയാൽ എന്നിവർ അവരിലുൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമര പ്രക്ഷോഭം അന്തർദ്ദേശീയ തലത്തിലെത്തിക്കുന്നതിന്റെ ഭാഗമായി 1907 ഇൽ ജർമ്മനിയിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ്സിൽ പങ്കെടുക്കാൻ മാഡം ബിക്കാജി കാമയെ നിയോഗിച്ചതും സാവർക്കറാണ്. പ്രസിദ്ധമായ 1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന പുസ്തകം അദ്ദെഹം എഴുതുന്നത് ഇക്കാലത്താണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണങ്ങൾക്കിടയിലും പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി ഹോളൻഡിലെത്തിക്കാനും 1909 ഇൽ പ്രസിദ്ധപ്പെടുത്താനും കഴിഞ്ഞു. ഈ പുസ്തകം പിന്നീട് വിപ്ലവകാരികളുടെ ആവേശമായി മാറുകയും ചെയ്തു. 1909 ജൂലൈ 1 നു മദൻ ലാൽ ഢീംഗ്റ ബ്രിട്ടീഷ് ഓഫീസറായ കഴ്സൺ വൈലിയെ വധിച്ചതോടെ സാവർക്കറുടെ ലണ്ടൻ ജീവിതം ബ്രിട്ടീഷ് നിരീക്ഷണത്തിലായി. ഡിസംബർ 21 നു നാസികിലെ അഭിനവ ഭാരത് അംഗങ്ങൾ നാസിക് കളക്റ്റർ ആയിരുന്ന എ എം റ്റി ജാക്സണെക്കൂടീ വധിച്ചതോടെ സവർക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു , തുടർന്ന് , ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഇന്ത്യയിലേക്ക് അയക്കാൻ ലണ്ടൻ കോടതി തീരുമാനിക്കുകയും ചെയ്തു .
ഹിന്ദു മഹാസഭയുടെ നേതാവ് [തിരുത്തുക]
അനുയായികൾക്കിടയിൽ വീര സവർക്കർ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആധുനിക ഹിന്ദു സാമുദായികവാദികക്ഷികളുടെ പ്രചോദകനും ആരാധ്യപുരുഷനുമായി കണക്കാക്കപ്പെടുന്നു. 1937 മുതൽ അഞ്ചു് വർഷം അഖിൽ ഭാരത് ഹിന്ദു മഹാസഭ എന്ന പാർട്ടിയുടെ അദ്ധ്യക്ഷനായിരുന്ന സാവർക്കർ ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ പ്രവൃത്തിയ്ക്കുകയും ഇന്ത്യാവിഭജനത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്തു[അവലംബം ആവശ്യമാണ്]. ഹിന്ദുരാഷ്ട്ര് (ഹിന്ദുദേശം) സ്ഥാപിയ്ക്കുകയെന്ന ലക്ഷ്യവുമായി പ്രചരണത്തിലേർപ്പെട്ടു.
ഗാന്ധിവധത്തിലെ പങ്കാളിത്തം [തിരുത്തുക]
ഗാന്ധിജിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചന സംഘത്തിൽ ഉൾപ്പെട്ടിരുന്നതിന്റെ പേരിൽ 1948-ൽ ഇദ്ദേഹം ഗാന്ധിവധക്കേസിലെ ഒരു പ്രതിയായി. പിന്നീട് കുറ്റ വിമുക്തനാക്കി. എന്നാൽ ഗാന്ധിവധത്തിന് പിന്നിലെ ഗൂഢാലോചനകളെ പറ്റി അന്വേഷിച്ച കപൂർ കമ്മീഷൻ സാവർക്കറുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്നുണ്ട്.
| “ | എല്ലാവസ്തുതകളും ഒരുമിച്ചു പരിശോധിച്ചാൽ സവർക്കരും സംഘവും നടത്തിയ ഗുഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധം എന്ന നിഗമനത്തിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല. | ” |
മഹാത്മാ ഗാന്ധി വധ ഗുഢാലോചന- അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970; വാല്യം ൨;പുറം 303; ഖണ്ഡിക 25,106[9][10][11].
ഗാന്ധിവധ ഗുഢാലോചനയെക്കറിച്ച് അന്വേഷിയ്ക്കാൻ 1965 മാർച്ച് 22നു് നിലവിൽ വന്ന ജീവൻ ലാൽ കപൂർ കമ്മീഷൻ അതിന്റെ റിപ്പോർട്ട് 1965 സെ 30-നാണു് പൂർത്തിയാക്കിയത്.
മരണം [തിരുത്തുക]
സാവർക്കർ 1966-ൽ മരിച്ചു.
അവലംബം [തിരുത്തുക]
- ഭവാൻ സിംഗ്, റാണ (2005). വീർ വിനായക് ദാമോദർ സവർക്കർ. ഡയമണ്ട് പോക്കറ്റ് ബുക്സ്. ISBN 978-8128808838. http://books.google.com.sa/books?id=Uc9lLS2dqbUC&printsec=.
- വൈ.ജി., ഭാവെ (2009). വിനായക് ദാമോദർ സവർക്കർ. നോർത്തേൺ ബുക് സെന്റർ. ISBN 978-81-7211-266-0. http://books.google.com.sa/books?id=oXXCVgmmudsC&printsec=.
- ↑ ദ കളക്ടഡ് വർക്സ് ഓഫ് മഹാത്മാഗാന്ധി - പതിപ്പ്-23 . യങ് ഇന്ത്യ പബ്ലിക്കേഷൻസ് - 18-മെയ്-1921
- ↑ "അഭിനവ് ഭാരത് സൊസൈറ്റി". അഭിനവ് ഭാരത് സൊസൈറ്റി. "1905 ൽ അഭിവന് ഭാരത് സൊസൈറ്റി രൂപം കൊണ്ടു"
- ↑ "വീർ സാവർക്കർ". ഓപ്പൺ സർവ്വകലാശാല (ഇംഗ്ലണ്ട്). ശേഖരിച്ചത് 29-ഏപ്രിൽ-2013. "ഫ്രീ ഇന്ത്യ സൊസൈറ്റി രൂപീകരണം (1906)"
- ↑ വീർ ദാമോദർ സാവർക്കർ- റാണ പുറം 14
- ↑ വീർ ദാമോദർ സാവർക്കർ- റാണ പുറം 14-15
- ↑ വീർ ദാമോദർ സാവർക്കർ- റാണ പുറം 17
- ↑ വീർ ദാമോദർ സാവർക്കർ- റാണ പുറം 17-18
- ↑ ധനഞ്ജയ് കീർ, വീർ സവർക്കർ. ബോംബെ: പോപ്പുലർ പ്രകാശൻ, 1966
- ↑ എ.ജി.നൂറാനി സവർക്കർ ആന്റ് ഗാന്ധി ഫ്രണ്ട്ലൈൻ വോള്യം 20 - പതിപ്പ് 06, മാർച്ച് 15–28, 2003
- ↑ രാജേഷ് രാമചന്ദ്രൻ ദ മാസ്റ്റർമൈന്റ് ? ഔട്ടലുക്ക് മാഗസിൻ സെപ്തംബർ 06, 2004
- ↑ റൈന, ബാദ്രി (2004-08-29). "ആർ.എസ്.എസ് ആന്റ് ദ ഗാന്ധി മർഡർ". പീപ്പീൾസ് ഡെമോക്രസി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)). ശേഖരിച്ചത് 2009-10-01.
|
|||||||||||