ബിപിൻ ചന്ദ്രപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bipin Chandra Pal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബിപിൻ ചന്ദ്ര പാൽ
Bipin-Chandra-Pal.jpg
ജനനംനവംബർ 7, 1858
മരണംമെയ് 20, 1932
സംഘടന(കൾ)ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ബ്രഹ്മസമാജം
പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം
ഒപ്പ്
Bipin Chandra Pal Signature.jpg

ഭാരതം കണ്ട പ്രഗല്ഭനായ വാഗ്മി, പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രശസ്തനാണ്‌ ബിപിൻ ചന്ദ്രപാൽ (ബംഗാളി: বিপিন চন্দ্র পাল) ( നവംബർ 7, 1858 - മേയ് 20, 1932). ലാൽ ബാൽ പാൽ ത്രയത്തിലെ മൂന്നാമനാണ് ബിപിൻ ചന്ദ്ര പാൽ. അമ്പതുകൊല്ലക്കാലം പൊതുപ്രവർത്തനരംഗത്തുണ്ടായിരുന്ന ഒരു നേതാവായിരുന്നു ബിപിൻ ചന്ദ്ര പാൽ. ദേശഭക്തിയുടെ പ്രവാചകൻ എന്നാണ് അരബിന്ദോ ഘോഷ് ബിപിൻ ചന്ദ്ര പാലിനെ വിശേഷിപ്പിച്ചത്. പൂർണ്ണസ്വരാജ് എന്ന ആശയം കോൺഗ്രസ്സിനേക്കാൾ മുമ്പ് സ്വീകരിച്ച ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

ബംഗാൾ വിഭജനകാലത്ത് വിദേശ ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു. തൊട്ടുകൂടായ്മക്കെതിരേയും, സതി എന്ന ആചാരത്തിനെതിരേയും സന്ധിയില്ലാ സമരത്തിലേർപ്പെട്ടു. പാവങ്ങളുടേയും തൊഴിലാളികളുടേയും ക്ഷേമത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം ഉഴിഞ്ഞുവച്ചത്. ഇന്ത്യൻ നവോത്ഥാനത്തിന്റെ നേതാക്കളിലൊരാൾ എന്ന രീതിയിലും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

1858 നവംബർ 7 ന് ബംഗാളിലെ പൊയിൽ എന്ന ഗ്രാമത്തിലാണ് ബിപിൻ ജനിച്ചത്. ഇപ്പോഴത്തെ ബംഗാളിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.[1] പിതാവ് രാമചന്ദ്ര ഒരു ജമീന്ദാർ ആയിരുന്നു. അദ്ദേഹം ഒരു പേർഷ്യൻ പണ്ഡിതൻ കൂടിയായിരുന്നു. മാതാവ് നാരായണീ ദേവി. ബിപിൻ ചന്ദ്ര പാലിന് കൃപ എന്ന പേരിൽ ഒരു സഹോദരി കൂടിയുണ്ടായിരുന്നു.[2] യാഥാസ്ഥിതിക ചുറ്റുപാടിൽ ബാല്യകാലം കഴിച്ചുകൂട്ടി. ഇംഗ്ലീഷ് വിദ്യാഭ്യാസം മതപരമായ വിശ്വാസങ്ങളെ ഹനിക്കുന്നു എന്ന തോന്നലുളവായപ്പോൾ രാമചന്ദ്ര തന്റെ പുത്രന്റെ വിദ്യാഭ്യാസം നിർത്തിവെക്കാൻ നിർബന്ധിതനായി. എന്നാൽ പിന്നീട് സ്കൂൾ വിദ്യാഭ്യാസം തുടരുകയും, അതിനുശേഷം പ്രവേശനപരീക്ഷയിലൂടെ കൽക്കട്ടാ സർവ്വകലാശാലയിൽ ഉപരിപഠനത്തിനായി ചേരുകയും ചെയ്തു. 1875 ൽ തുടർ പഠനത്തിനായി പ്രസിഡൻസി കോളേജിൽ പ്രവേശനം നേടി. സ്കോളർഷിപ്പോടുകൂടിയാണ് ബിപിൻ പ്രസിഡൻസിയിൽ ഉപരിപഠനം നടത്തിയത്.[3]

ബ്രഹ്മസമാജം[തിരുത്തുക]

പ്രസിഡൻസി കോളേജിൽ പഠിക്കുന്ന കാലത്തായിരുന്നു ബിപിൻ ദേശീയ പ്രസ്ഥാനവുമായി അടുക്കുന്നത്. മധുസൂദൻ ദത്തിന്റേയും, ബങ്കിംചന്ദ്ര ചാറ്റർജിയുടേുയും രചനകൾ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. കേശബ് ചന്ദ്രയുടെ നേതൃത്വത്തിൽ ബ്രഹ്മസമാജം രൂപീകരിക്കപ്പെട്ട സമയം കൂടിയായിരുന്നു അത്. ബിപിന്റെ കൂടുതൽ സമയം പ്രവർത്തനവും ബ്രഹ്മസമാജത്തിനുവേണ്ടിയായിരുന്നുവെങ്കിലും രാഷ്ട്രീയത്തിലും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. വിദ്യാഭ്യാസാനന്തരം ബ്രഹ്മസമാജത്തിൽ അംഗമായി. ബ്രഹ്മസമാജത്തിന്റെ പ്രവർത്തകനായ ശിവനാഥ് ശാസ്ത്രിയും കുറേപ്പേരും കൂടി ചേർന്ന് സാധാരൺ ബ്രഹ്മസമാജ് സ്ഥാപിച്ചു. ബിപിനെ കൂടുതൽ ആകർഷിച്ച് ശിവനാഥ് ശാസ്ത്രിയുടെ ആശയങ്ങളായിരുന്നു. പിതാവിന്റെ സമ്മതത്തോടെയല്ല ബിപിൻ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.[4] ഇതറിഞ്ഞ പിതാവ് ബിപിനോട് തിരികെ വീട്ടിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ബിപിൻ അത് നിരസിക്കുകയായിരുന്നു. കുപിതനായ രാമചന്ദ്രർ ബിപിന് പണം നൽകിയിരുന്നത് നിർത്തിവെച്ചു. പിന്നീട് പിതാവിന്റെ മരണശേഷം വീട്ടിൽ തിരിച്ചെത്തുകയും സ്വന്തമായി ഒരു വിദ്യാലയം ആരംഭിക്കുകയും ചെയ്‌തു. അതിനു ശേഷം കൽക്കത്തയിൽ ലൈബ്രേറിയനായി.

ഗാന്ധിജിയുടെ ==രാഷ്ട്രീയം== വലിയ ഒരു പുസ്തകശേഖരത്തിനു നടുവിൽ പഠിച്ചും വായിച്ചുമുള്ള ജീവിതം ബിപിൻ ചന്ദ്രപാലിന്റെ ചിന്തകളെ മാറ്റിമറിച്ചു. വായനയിൽ നിന്നുടലെടുത്ത ചിന്തകൾ ആദ്യം കൂട്ടുകാരോടും പിന്നീട് ചെറു സദസുകളിലും പങ്കുവെച്ചു. 1886 ൽ ആണ് ബിപിൻ കോൺഗ്രസ്സിൽ അംഗമായി ചേരുന്നത്. മദ്രാസിൽ അക്കാലത്ത് നിലവിലിരുന്ന ആയുധ നിയമം പിൻവലിക്കാൻ വേണ്ടി നടന്ന ഒരു പ്രതിഷേധ യോഗത്തിൽ ബിപിൻ പ്രസംഗിക്കുകയുണ്ടായി. പിന്നീട് ഭാരതത്തിലെ മികച്ച പ്രസംഗകരിൽ ഒരാളായി മാറി, അദ്ദേഹത്തിന്റെ പ്രസംഗചാതുരി കണ്ട് ചിലർ അദ്ദേഹത്തെ ഇന്ത്യയിലെ ബ്രൂക്ക് എന്നു വിശേഷിപ്പിക്കുകയുണ്ടായി. 1907 ൽ കോൺഗ്രസ്സിൽ വിഭാഗീയത വന്നപ്പോൾ സമാനചിന്താഗതിക്കാരോടൊപ്പം അദ്ദേഹം കോൺഗ്രസ്സ് വിട്ടു. ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനത്തെ ബിപിൻ എതിർത്തിരുന്നു.

1908 ൽ ദേശീയപ്രസ്ഥാനത്തിന് ലോകോത്തര പിന്തുണ സമ്പാദിക്കാൻ അദ്ദേഹം ഇംഗ്ലണ്ട് പര്യടനം നടത്തുകയുണ്ടായി. എന്നാൽ അവിടെ വെച്ച് വീർ സവർക്കർ പോലുള്ളവരുടെ വിദ്വേഷം നേടേണ്ടി വന്നു അദ്ദേഹത്തിന്. താൻ ഒരു വിപ്ലവകാരിയല്ല എന്ന പ്രഖ്യാപിച്ചതാണ് ഈ വിരോധത്തിനു കാരണം. 1911 ൽ ബോംബെയിൽ തിരിച്ചെത്തിയപ്പോൾ സ്വരാജ് പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

1916 ൽ അദ്ദേഹം കോൺഗ്രസ്സിൽ തിരിച്ചെത്തി. ഇതിനു മുൻപ് ഹോം റൂൾ പ്രസ്ഥാനത്തിൽ അംഗമായി ചേർന്നിരുന്നു.

സ്വാതന്ത്ര്യ സമരത്തിൽ[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരത്തിൽ ബാൽ-ലാൽ-പാൽ ത്രയം എന്നറിയപ്പെട്ട ബാലഗംഗാധര തിലകൻ, ലാലാ ലജ്പത്‌റായ്, ബിപിൻ ചന്ദ്രപാൽ എന്നിവർ അണികൾക്ക് ആവേശം പകരുകയും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറുകയും ചെയ്‌തു. സി.ആർ.ദാസുമായുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അദ്ദേഹം കോൺഗ്രസ്സിൽ നിന്നും വീണ്ടും രാജിവെച്ചു. ബംഗാൾ പ്രൊവിൻഷ്യൽ കോൺഗ്രസ്സ് കമ്മിറ്റിയിൽ നിന്നും, കൂടാതെ, ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയിൽ നിന്നും തന്റെ അംഗത്വം അദ്ദേഹം പിൻവലിച്ചു. 1923 ൽ കൽക്കട്ടയിൽ ഒരു സ്വതന്ത്രനായി മത്സരിച്ചു നിയമസഭയിലെത്തി. ഏതാണ്ട് മൂന്നുവർഷക്കാലം താൻ പ്രതിനിധീകരിക്കുന്നു പ്രദേശത്തെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ അദ്ദേഹം പരിശ്രമിച്ചു. ഇക്കാലമത്രയും പ്രതിപക്ഷത്തായിരുന്നു ബിപിൻ.

അക്കാലത്ത് വിധവാവിവാഹം സമൂഹത്തിൽ നിഷിദ്ധമായിരുന്നു. എതിർപ്പുകളെ വകവെയ്‌ക്കാതെ ഒരു വിധവയെ ബിപിൻ ചന്ദ്രപാൽ വിവാഹം ചെയ്‌തു. അനാചാരങ്ങൾക്കെതിരായി ജനങ്ങളെ ബോധവാന്മാരാക്കാൻ അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ പോയി പ്രസംഗിക്കാനും അദ്ദേഹത്തിന്‌ അവസരം ലഭിച്ചു.ഇംഗ്ലണ്ടിൽ അദ്ദേഹം നടത്തിയ സ്വരാജ് പത്രം ഭാരതത്തിൽ നിരോധിച്ചിരുന്നു.

അരവിന്ദഘോഷിനെതിരെ സാക്ഷി പറയില്ല എന്നു പറഞ്ഞതിന്‌ അദ്ദേഹത്തെ കോടതിയലക്ഷ്യക്കുറ്റത്തിന്‌ ശിക്ഷിച്ചു.

സ്വരാജിനു വേണ്ടി നിരന്തരം വാദിച്ച ആ സ്വാതന്ത്ര്യ സമര സേനാനി 1932 ൽ മരിച്ചു.

പത്രപ്രവർത്തനം[തിരുത്തുക]

1883 ൽ ബംഗാൾ പബ്ലിക്ക് ഒപ്പീനിയൻ എന്ന വാരികയിൽ ബിപിൻ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്തിരുന്നു. 1884 ൽ ആലോചന എന്ന പേരിൽ ഒരു ബംഗാളി മാസിക അദ്ദേഹം ആരംഭിച്ചു. ശിവനാഥ് ശാസ്ത്രി, രബീന്ദ്രനാഥ് ടാഗോർ തുടങ്ങിയ പ്രമുഖർ ഈ മാസികയിൽ ലേഖനങ്ങൾ എഴുതുമായിരുന്നു. 1887 ൽ ട്രൈബ്യൂൺ പത്രത്തിന്റെ സബ്-എഡിറ്ററായി അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. 1892 ൽ ആശ എന്ന പേരിൽ ഒരു ബംഗാളി മാസിക തുടങ്ങുകയുണ്ടായി. 1894 ൽ കൗമുദി എന്ന പേരുള്ള ഒരു ദ്വൈവാരികയും ബിപിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇന്ത്യൻ വിദ്യാഭ്യാസരീതിയെ പരിഷ്കരിക്കുന്നതിനുവേണ്ടി 1901 ൽ അദ്ദേഹം ന്യൂ ഇന്ത്യ എന്ന ഇംഗ്ലീഷ് വാരിക തുടങ്ങി. 1906 ൽ തന്റെ ഒരു സുഹൃത്ത് സംഭാവനയായി നൽകിയ 500 രൂപകൊണ്ട് ബിപിൻ വന്ദേ മാതരം എന്നൊരു പത്രം ആരംഭിച്ചു. രബീന്ദ്രനാഥ ടാഗോറിന്റേയും, അരബിന്ദോ ഘോഷിന്റേയും ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള വീക്ഷണങ്ങളായിരുന്നു വന്ദേ മാതരത്തിലൂടെ പ്രസിദ്ധം ചെയ്തിരുന്നത്.[5]

അവലംബം[തിരുത്തുക]

മലയാള മനോരമ ഇയർബുക്ക് 2008

  1. "ബിപിൻ ചന്ദ്ര പാൽ". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. ശേഖരിച്ചത് 11-സെപ്തംബർ-2013. Check date values in: |accessdate= (help)
  2. അനിത, മഹാജൻ (1998). റിമംബറിംഗ് ഔർ ലീഡേഴ്സ്. സി.ബി.ടി. p. 5. ISBN 81-7011-824-7. ബിപിൻ ചന്ദ്ര പാൽ-ബാല്യം വിദ്യാഭ്യാസം
  3. അനിത, മഹാജൻ (1998). റിമംബറിംഗ് ഔർ ലീഡേഴ്സ്. സി.ബി.ടി. p. 9. ISBN 81-7011-824-7. ബിപിൻ ചന്ദ്ര പാൽ-സർവ്വകലാശാലാ വിദ്യാഭ്യാസം
  4. അനിത, മഹാജൻ (1998). റിമംബറിംഗ് ഔർ ലീഡേഴ്സ്. സി.ബി.ടി. p. 8-10. ISBN 81-7011-824-7. ബിപിൻ ചന്ദ്ര പാൽ-ബ്രഹ്മസമാജം
  5. അനിത, മഹാജൻ (1998). റിമംബറിംഗ് ഔർ ലീഡേഴ്സ്. സി.ബി.ടി. p. 13-15. ISBN 81-7011-824-7. ബിപിൻ ചന്ദ്ര പാൽ-പത്രപ്രവർത്തനം


India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ..."https://ml.wikipedia.org/w/index.php?title=ബിപിൻ_ചന്ദ്രപാൽ&oldid=3089891" എന്ന താളിൽനിന്ന് ശേഖരിച്ചത്