വീരപുത്രൻ
| വീരപുത്രൻ | |
|---|---|
| സംവിധാനം | പി.ടി. കുഞ്ഞുമുഹമ്മദ് |
| നിർമ്മാണം | സിദ്ധീഖ് മങ്കര |
| കഥ | എൻ.പി. മുഹമ്മദ് |
| തിരക്കഥ | പി.ടി. കുഞ്ഞുമുഹമ്മദ് |
| അഭിനേതാക്കൾ | നരേൻ റൈമ സെൻ |
| സംഗീതം | രമേഷ് നാരായൺ |
| ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
| സ്റ്റുഡിയോ | ഐ.ടി.എൽ. പ്രൊഡക്ഷൻസ് |
| റിലീസിങ് തീയതി | 2011 ഒക്ടോബർ 14[1] |
| രാജ്യം | |
| ഭാഷ | മലയാളം |
പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം നിർവഹിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വീരപുത്രൻ. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാനെ കുറിച്ച് സാഹിത്യകാരൻ എൻ.പി. മുഹമ്മദ് രചിച്ച "മുഹമ്മദ് അബ്ദുറഹ്മാൻ:ഒരു നോവൽ" എന്ന ഗ്രന്ഥത്തെ ആസ്പദിച്ചുള്ളതാണ് ഈ ചരിത്ര സിനിമ. ബ്രിട്ടീഷ് മേധാവിത്ത്വത്തിനെതിരായി കേരളത്തിൽ നടന്ന വിപ്ലവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ മുഹമ്മദ് അബുറഹ്മാൻ സാഹിബിനെ നരേനും റൈമ സെൻ, സാഹിബിന്റെ ഭാര്യ ബീവാത്തു ആയും വേഷമിടുന്നു.[2] ലക്ഷ്മി ഗോപാലസ്വാമി, സിദ്ദീഖ്, കലാഭവൻ മണി സായി കുമാർ, ദേവൻ വത്സലമേനോൻ, സജിത മഠത്തിൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഉള്ളടക്കം |
കഥ [തിരുത്തുക]
ഇന്ത്യൻ സ്വാതന്ത്ര്യസമര വേളയിൽ മലബാർ മേഖലയിൽ നടന്ന സംഭവപരമ്പരകളെയാണ് ചിത്രം പരാമർശവിധേയമാക്കുന്നത്. മതനിരപേക്ഷ നിലപാടിലൂടെ അറിയപ്പെടുന്ന മലബാറിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവും സ്വാതന്ത്ര്യസമര നേതാവുമായ മുഹമ്മദ് അബ്ദുൽ റഹ്മാന്റെ ജീവിതത്തെയാണ് ചിത്രം അനാവരണം ചെയ്യുന്നത്. അലീഗഡ് പഠനം പാതിവഴിയിൽ നിറുത്തി സ്വാതന്ത്ര്യസമര രംഗത്തേക്ക് വന്ന അബ്ദുറഹ്മാന്റെ 23-ആം വയസ്സിലുള്ള മലബാറിലേക്കുള്ള വരവു മുതൽ 1945 ൽ അദ്ദേഹം മരണമടയുന്നത് വരെയുള്ള ഭാഗങ്ങളാണ് ചിത്രം ഉൾകൊള്ളുന്നത്. മലബാറിലെ സ്വതന്ത്ര്യസമര രംഗത്തെ അതികായരായ കെ. കേളപ്പൻ , കെ.പി. കേശവമേനോൻ എന്നിവരേയും ചിത്രത്തിൽ അവതരിപ്പിക്കുന്നു.
കഥാപാത്രങ്ങൾ [തിരുത്തുക]
- നരേൻ -മുഹമ്മദ് അബ്ദുറഹ്മാൻ
- ശരത്കുമാർ - വിമൽ മേനോൻ[3]
- റെയ്മ സെൻ- കുഞ്ഞി ബീവാത്തു
- ലക്ഷ്മി ഗോപാലസ്വാമി
- സിദ്ദീഖ്- ഇ. മൊയ്തു മൗലവി
- കലാഭവൻ മണി-ഉണ്ടക്കാക്ക
- സായി കുമാർ- ഹസ്സൻ കൊയ മൊല്ല
- ദേവൻ
- ശ്രീരാമൻ- ആലി മുസ്ലിയാർ
- വത്സല മേനോൻ
- സജിത മഠത്തിൽ
- ശ്രീകുമാർ (ഏഷ്യാനെറ്റ്)- കെ. കേളപ്പൻ
- വിനയ്- കെ.എ. കൊടുങ്ങല്ലൂർ
- ബിജു ജനാർദനൻ- എ.കെ. ഗോപാലൻ
- മൻരാജ്-കെ. ദാമോദരൻ
- രമേഷ് പിഷാരടി- എം. റഷീദ്
- അനീസ് ബഷീർ- വൈക്കം മുഹമ്മദ് ബഷീർ
ഗാനങ്ങൾ [തിരുത്തുക]
- രചന:റഫീഖ് അഹമ്മദ്,ഇടശ്ശേരി ഗോവിന്ദൻ നായർ,മോയിൻകുട്ടി വൈദ്യർ,അംശി നാരായണ പിള്ള
- സംഗീതം:രമേഷ് നാരായൺ
- ആലാപനം:യേശുദാസ്,ശങ്കർ മഹാദേവൻ,ശ്രേയ ഘോഷാൽ,എം.ജി. ശ്രീകുമാർ
വിവാദം [തിരുത്തുക]
വീരപുത്രൻ എന്ന ചിത്രം ചില വിവാദങ്ങളും ഉയർത്തുകയുണ്ടായി. മുഹമ്മദ് അബ്ദുറഹ്മാന്റെ അന്ത്യരംഗം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാന വിമർശനം ഉണ്ടായത്. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് പൊറ്റാശ്ശേരിയിലെ അബ്ദുസ്സലാം അധികാരിയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ അബ്ദുറഹ്മാൻ സാഹിബ് കുഴഞ്ഞുവീണു മരിക്കുന്നത് വിഷം അകത്തുചെന്നാണെന്ന ധ്വനിനൽകുന്നു എന്നും ഇതു തന്റെ മുൻഗാമികളെ അവഹേളിക്കലാണെന്നും അതിനാൽ ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കണമെന്നുമാണ് എഴുത്തുകാരനും അബ്ദുസ്സലാം അധികാരിയുടെ മകനുമായ ഹമീദ് ചേന്നംഗലൂർ വിമർശനം ഉന്നയിച്ചത്.[4] എന്നാൽ ചിത്രത്തിനു അടിസ്ഥാനം എൻ.പി.മുഹമ്മദിന്റെ നോവലാണെന്നും കലാസൃഷ്ടി യാഥാർഥ്യവും കാല്പനികതയും ചേർന്നതാണെന്നും തന്റെ ചിത്രം ആരെയും അവഹേളിച്ചിട്ടില്ലാന്നുമായിരുന്നു പി.ടി കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം. ഏഴുവർഷങ്ങൾക്കു മുമ്പ് പ്രസിദ്ധപ്പെടുത്തിയ എൻ.പി യുടെ നോവലിനെതിരെ പ്രതികരിക്കാത്തവർ ഇപ്പോഴിറങ്ങിയ ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നത് എന്തുകൊണ്ട് എന്നും[5] അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്യത്തിനായി വാദിക്കുന്നവർ സ്വന്തം കുടുംബത്തിനു മാനഹാനിവരുന്നതെന്ന കാരണത്താൽ ചിത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ചിത്രത്തിനെതിരെ വിമർശനമുന്നയിച്ച ഹമീദ് ചേന്നംഗലൂരിനെതിരെ മറുവിമർശനം ഉയരുകയുണ്ടായി[6][7] . അതോടൊപ്പം വീരപുത്രൻ എന്ന ചിത്രം പിൻ വലിക്കണെമെന്ന് താൻ ആവശ്യപ്പെട്ടത് തന്റെ അവധാനതക്കുറവാണെന്നും അതിൽ താൻ നിർവ്യാജ്യം ഖേദപ്രകടിപ്പിക്കുന്നുവെന്നും ഹമീദ് ചേന്നംഗലൂർ എഴുതുകയുണ്ടായി.[8]
അവലംബം [തിരുത്തുക]
- ↑ http://popcorn.oneindia.in/title/9169/veera-puthran.html
- ↑ Aabha Anoop. (13 May 2011). "Sen and sensibility". The Hindu. Retrieved 20 May 2011.
- ↑ http://www.indiaglitz.com/channels/malayalam/article/71620.html
- ↑ Veeraputhran' runs into controversy- The Hindu,18 October 2011
- ↑ അബ്ദുറഹിമാന്റെ മരണം -എം.എൻ. കാരശ്ശേരി- മാതൃഭൂമി ദിനപ്പത്രം 26 ഒക്ടോബർ,2011
- ↑ "വീരപുത്രൻ:അനാവശ്യവിവാദങ്ങൾ"- ഡോ. ബി. ഇക്ബാൽ-മാധ്യമം ദിനപ്പത്രം 1 നവംബർ 2011
- ↑ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വീരപുത്രന്മാർ-സി ദാവൂദ്-മാധ്യമം 23 ഒക്ടോബർ 2011
- ↑ ഹമീദ് ചേന്നംഗലൂർ, മാതൃഭൂമി ദിനപ്പത്രം 29 ഒക്ടോബർ 2011