പഴശ്ശിരാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴശ്ശിരാജ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഴശ്ശിരാജ (വിവക്ഷകൾ) എന്ന താൾ കാണുക. പഴശ്ശിരാജ (വിവക്ഷകൾ)
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
Edakkal Stone Age Carving.jpg
Pre-history
Pre-history of Kerala
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
Muziris · Tyndis 
Economy · Religion · Music
ചേരസാമ്രാജ്യം
Early Pandyas
Ezhimalai kingdom
Ay kingdom
Modern age
വാസ്കോ ഡ ഗാമ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · Travancore–Dutch War
 · കുളച്ചൽ യുദ്ധം
Mysore–Eradi War
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · Madras presidency
 · Third Anglo–Mysore War
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
Madras State
കേരളം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
Renaming of cities
ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക
പഴശ്ശിരാജ

കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടു രാജാക്കാന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നില്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.1805 നവംബർ 30ന് ആ വീര സിംഹം മാവിലത്തോട്ടിൻ തീരത്ത് വെടിയേറ്റു മരിച്ചു.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

1753-ൽ കോട്ടയം രാജവംശത്തിലാണ്‌ കേരളവർമ്മ പഴശ്ശിരാജായുടെ ജനനം. ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം. മലയാളസാഹിത്യത്തിന്‌ കോട്ടയം രാജവംശം തന്നിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്‌. പുരളിമലയിൽ കോട്ടകെട്ടി താമസിച്ചതിനാൽ പുരളീശ്വരൻമാർ എന്നും ഈ രാജവംശം അറിയപ്പെട്ടിരിന്നു.

മലഞ്ചരക്കുകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും വയനാടൻ മലനിരകൾ പ്രശസ്തമായിരുന്നതിനാൽ 17‌‌‌-ാം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ കച്ചവടക്കാർ ഇവിടുത്തെ വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു. തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന ചെറുനാടുവാഴികൾ വിദേശ അധിനിവേശം സ്വയം ക്ഷണിച്ചുവരുത്തുകയായിരുന്നു. 1766-ൽ കോട്ടയം രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത മൈസൂറിനെതിരെ നാട്ടുരാജാക്കന്മാരും ദേശവാസികളും നടത്തിയ സമരത്തിനു സ്വയം പിന്തുണ പ്രഖ്യാപിച്ച്‌ തലശ്ശേരി ആസ്ഥാനമാക്കി കച്ചവടം നടത്തിയ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും രംഗത്തെത്തി. അന്ന്‌ കേവലം പതിമൂന്ന്‌ വയസ്സുമാത്രമായിരുന്നു കേരളവർമ്മയുടെ പ്രായം. പിന്നീട്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്വന്തം താത്പര്യം മാത്രം നോക്കി മൈസൂറുമായും നാട്ടുരാജ്യങ്ങളുമായും മാറി മാറി കരാറുണ്ടാക്കി. ഹൈദരാലി മലബാർ ആക്രമിച്ചപ്പോൾ എതിർത്തത്‌ പഴശ്ശിരാജയായിരുന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ (1780-84) ഇദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിയെ സഹായിച്ചിരുന്നു. 1784-ൽ മംഗലാപുരത്ത്‌ വച്ച്‌ കമ്പനി മലബാറിലെ കപ്പം പിരിക്കാനുള്ള അവകാശം മൈസൂറിനു നൽകി. കപ്പം കൊടുക്കാൻ നിവൃത്തിയില്ലായിരുന്ന സാധാരണ ജനങ്ങൾ പഴശ്ശിയുടെ നേതൃത്വത്തിൽ സംഘടിച്ചു. 1792-ലെ ശ്രീരംഗപട്ടണം സന്ധിയോടെ മലബാർ, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പൂർണ്ണ അധീനതയിലായി. എന്നാൽ കമ്പനിയെ ധിക്കരിച്ച്‌ ജനപക്ഷത്ത്‌ നിൽക്കാനായിരുന്നു പഴശ്ശിയുടെ തീരുമാനം.

[തിരുത്തുക] പഴശ്ശി വിപ്ലവം

[തിരുത്തുക] ഒന്നാം പഴശ്ശി വിപ്ലവം

പഴശ്ശികുടീരം
പഴശ്ശി പ്രതിമ

കുതന്ത്രങ്ങൾക്കും വിശ്വാസവഞ്ചനക്കും ദുഷ്ടലാക്ക്‌ വച്ചുള്ള ഭരണപരിഷ്കാരങ്ങൾക്കുമെതിരെ പടപൊരുതാനുള്ള പഴശ്ശിയുടെ ആഹ്വാനത്തിൽ ആത്മാഭിമാനം ഉണർന്ന ജനങ്ങൾ വയനാടൻ കുന്നുകളിലെ ഗൂഢസങ്കേതങ്ങളിൽ ആയുധപരിശീലനം നേടി. യുദ്ധപരിശീലനത്തിൽ പ്രത്യേകിച്ച്‌ ഒളിയുദ്ധത്തിൽ അസാമാന്യ പരിശീലനം നേടിയ അവർ രാജ്യത്തിനു കാവൽ നിന്നു. തലക്കൽ ചന്തുവായിരുന്നു പഴശ്ശിയുടെ സേനാധിപൻ. കണ്ണവത്ത്‌ ശങ്കരൻ നമ്പ്യാർ, പള്ളൂർ ഏമൻ നായർ, എടച്ചേന കുങ്കൻ നായര്‍ എന്നിവരായിരുന്നു പഴശ്ശിയുടെ പ്രധാന മന്ത്രിമാർ. എടച്ചേന കോമപ്പൻ, എടച്ചേന ഒതേനൻ, അത്തൻ കുരുക്കൾ, ഉണ്ണിമൂസ്സ, എളംബിലാർ കുഞ്ഞൻ, കണ്ണു, കരിങ്ങലി കണ്ണൻ, കൈതേരി ചെറിയ അമ്പു, കുഞ്ഞുമൊയ്തീൻ മൂപ്പൻ, കൈതേരി അംബു, കൊട്ടയാടൻ രാമൻ, കൊയലേരി ചേരൻ, പള്ളൂർ എമ്മൻ നായര്, ഗോവിന്ദ പൊതുവാൾ, ചുഴലി നംബ്യാർ, ചെങ്ങോട്ടിരി ചാത്തു, ചെങ്ങോട്ടിരി കേളപ്പൻ, തരുവണ ചാപ്പൻ നായർ, തൊണ്ടറ ചാത്തു, തൊണ്ടൂർ കേളപ്പൻ നായർ, വട്ടത്തോട് ചേരൻ നമ്പ്യാർ, പനിച്ചാടൻ കണ്ണൻ നായർ, പഴയിടത്തു കുഞ്ഞഹമ്മത്, പാലൊറ എമ്മൻ, പുളിയൻ കുമാരൻ, പുളിയൻ ചന്തു, പെരുവയിൽ നമ്പ്യാർ, മല്ലിശേരി കോവിലകത്തു തംബുരാൻ, മാളിയേക്കൽ താഴത്തു തംബുരാൻ, മേലൊടൻ കുഞ്ഞുകുട്ടി, വാഴോത്ത ഉണ്ണിക്കിടവ്, വെളയാട്ടെരി രാമൻ നായർ, ശേഖര വാര്യർ, എടത്തന കുങ്കൻ തുടങ്ങിയവരെല്ലാം പല കാലങ്ങളിൽ പഴശ്ശിയെ പിന്തുണച്ചവരാണ്‌.

1793-ൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ മലബാർ മേൽനോട്ടക്കാരനായി ഉത്തരവാദിത്വം ഏറ്റ ഫാർമർ സായ്പ്‌ നല്ലമനുഷ്യനായിരുന്നതിനാൽ പഴശ്ശിരാജാവിനേയും ജനങ്ങളേയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം പഴശ്ശി, കുറ്റ്യാടി, താമരശ്ശേരി, കതിരൂര്‍ മുതലായ സ്ഥലങ്ങൾ പഴശ്ശിക്കു വിട്ടു കൊടുത്തു. എന്നാൽ അദ്ദേഹത്തിനു ശേഷം വന്നവരെല്ലാം കരാർ ലംഘിക്കുന്നതിനാണ്‌ ശ്രദ്ധ കൊടുത്തത്‌. ശ്രീരംഗപട്ടണം സന്ധി അനുസരിച്ച്‌ മലബാറിന്റെ ഭരണാവകാശം തങ്ങൾക്കാണെന്നും പഴശ്ശിരാജായുമായി സഹകരിക്കുന്നവരെ രാജ്യദ്രോഹത്തിന്‌ ശിക്ഷിക്കുമെന്നും 1795-ൽ കമ്പനി വിളംബരം ചെയ്തു. ഇതു ജനങ്ങളെ രോഷാകുലരാക്കി, അവർ പഴശ്ശിയുടെ സൈന്യത്തിൽ ചേരാൻ ആവേശത്തോടെ മുന്നിട്ടിറങ്ങി. കൈതേരി രൈരു, കണ്ണവത്ത്‌ ശേഖരൻ നമ്പ്യാർ, മുതലായ നാട്ടു പ്രമാണിമാരും, അത്തൻ ഗുരുക്കൾ, ഉണ്ണിമൂത്ത മൂപ്പൻ മുതലായ മാപ്പിള പ്രമുഖരും തമ്പുരാന്റെ സഹായത്തിനെത്തി. ഇതിനിടയിൽ പള്ളൂർ ഏമൻ നായർ കൂറുമാറി കമ്പനിപക്ഷം ചേർന്നു. കൊട്ടാരം കമ്പനി വളഞ്ഞു കൊള്ള ചെയ്തതിനാൽ ഒളിവിൽ പോകേണ്ടി വന്ന പഴശ്ശി ഒളിവിലിരുന്നു തന്നെ യുദ്ധത്തിനുത്തരവ്‌ നൽകി. പൊതുശത്രുവിനെ നേരിടുക എന്ന ലക്ഷ്യത്തോടെ ടിപ്പുസുൽത്താനും തമ്പുരാന്‌ ആറായിരം ഭടന്മാരെ വിട്ടു നൽകി. കൈതേരി അമ്പു നായരുടെ നേതൃത്തത്തിൽ പോരാടിയ പഴശ്ശി സൈന്യം. കമ്പനി പടയെ നിലംപരിശ്ശാക്കി. ലഫ്‌.വാർഡൻ, ക്യാപ്റ്റൻ ബൌമൻ, ക്യാപ്റ്റൻ ഗോർഡൻ, ഫിറ്റ്‌സ്‌ ജറാൾഡ്‌ മുതലായ പ്രമുഖർ പോലും പരാജയം സമ്മതിച്ച്‌ വയനാടൻ ചുരമിറങ്ങി.

ബോംബെ ഗവർണ്ണർ ജൊനാഥൻ ഡങ്കനുമായി നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ കരാർ പ്രകാരം പഴശ്ശി കൊട്ടാരവും സമ്പത്തും പഴശ്ശിരാജാവിനു തിരിച്ചുകിട്ടി. വാർഷിക കപ്പം ആയി എണ്ണായിരം രൂപ പഴശ്ശിക്കു നൽകാനും കരാറിൽ നിബന്ധനയുണ്ടായിരുന്നു.

[തിരുത്തുക] രണ്ടാം പഴശ്ശി വിപ്ലവം

1799-ലെ രണ്ടാം ശ്രീരംഗപട്ടണ ഉടമ്പടി പ്രകാരം വയനാട്‌ കമ്പനിയുടെ വകയായി പ്രഖ്യാപിക്കപെട്ടു, പഴശ്ശിയും ജനങ്ങളും വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. [അവലംബം ആവശ്യമാണ്] കമ്പനിയുടെ സേനാനായകനായി സ്ഥാനമേറ്റ കേണൽ ആർതർ വെല്ലസ്ലി(വെല്ലിംഗ്‌ടൺ പ്രഭു) പഴശ്ശിയുടെ ആത്മവീര്യത്തെ ആദരവോടെ കണ്ടിരുന്ന ആളായിരുന്നു. അവർ തമ്മിൽ പരിചയപ്പെടുക വരെ ചെയ്തു. എങ്കിലും വെല്ലസ്ലി ചാരവൃത്തിയിലൂടെ പഴശ്ശിയെ നിശിതമായി നിരീക്ഷിച്ചിരുന്നു. പഴശ്ശിയുടെ സൈന്യസ്ഥിതിയും, ആയുധസഞ്ചയങ്ങളേയും, യുദ്ധരീതിയും പഠിച്ച വെല്ലസ്ലി കുറിച്യപടക്കെതിരേ ഘോരമായ ആക്രമണം അഴിച്ചുവിട്ടു. അതിനിടയിലും പഴശ്ശി കൂത്തുപറമ്പിലേയും, മണത്തറയിലെയും, തൂവത്തേയും, മറ്റും കമ്പനി പട്ടാളത്തെ മിന്നലാക്രമണത്തിലൂടെ കീഴടക്കുകയും, പടക്കോപ്പുകൾ പിടിച്ചെടുക്കുകയും ചെയ്തു. എങ്കിലും ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വമ്പിച്ച ആൾബലത്തിന്റേയും പ്രഹരശക്തി കൂടുതലുള്ള ആയുധങ്ങളുടെയും മുന്നിൽ പിടിച്ചു നില്ക്കാൻ പഴശ്ശിക്ക്‌ സാധിച്ചില്ല. തലക്കൽ ചന്തു അടക്കമുള്ള ധീരദേശാഭിമാനികളെ ബ്രിട്ടീഷ്‌ സൈന്യം പിടിക്കുകയും, കഴുകേറ്റുകയും ചെയ്തതോടെ പഴശ്ശിയും സംഘവും പുരളിമലയിലെ ഗൂഢസങ്കേതത്തിലേക്ക്‌ പിന്മാറി. പഴശ്ശിയുടെ പടയിലെ ധീരർ 1802-ൽ പനമരം കോട്ട കമ്പനിയിൽനിന്നും പിടിച്ചെടുത്തതും, കമ്പനി സൈനികരെ വധിച്ചതും പഴശ്ശിയുടെ പ്രജകളിൽ ആത്മാഭിമാനത്തിന്റെ കനലൂതിത്തെളിയിച്ചു. എടച്ചേന കുങ്കൻ നായരുടെ ചരിത്രപ്രധാനമായ യുദ്ധാഹ്വാനം കേട്ട്‌ മൂവായിരത്തിലധികം ധീരപ്രജകൾ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധരംഗത്തെത്തി. വയനാടൻ മലനിരകൾ വീണ്ടും യുദ്ധത്താൽ ചുവന്നു. നേരത്തെ കമ്പനിക്കായി പഴശ്ശിയുടെ രഹസ്യങ്ങളുടെ ഒറ്റുകാരനായിരുന്ന പള്ളൂർ ഏമൻ നായരും തെറ്റു തിരിച്ചറിഞ്ഞ്‌ തിരിച്ചെത്തി പഴശ്ശിക്ക്‌ ശക്തി പകർന്നു.

1804-ൽ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ തോമസ്‌ ഹാർവെ ബാബർ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി. മാതൃഭൂമിയെ സംരക്ഷിക്കാൻ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ പൊരുതാൻ ജനങ്ങളേയും സൈന്യത്തേയും ആഹ്വാനം ചെയ്തു. 1805 നവംബർ 29 രാത്രി ഒറ്റുകാരിൽനിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ കമ്പനിസൈന്യം പുൽപ്പള്ളി കാട്ടിൽ വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകരേയും ആക്രമിച്ചു. നവംബർ 30 പ്രഭാതത്തിൽ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വെടിയേറ്റ കേരളസിംഹം 'എന്നെ തൊട്ടശുദ്ധമാക്കരുതെ'ന്ന് ബ്രിട്ടീഷ്‌ സൈന്യത്തോട്‌ പറഞ്ഞുകൊണ്ട് നിലംപതിച്ചു. ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം ബ്രിട്ടീഷുകാർ മാനന്തവാടിയിൽ രാജകീയബഹുമതികളോടെ സംസ്കരിച്ചു. [1]രണ്ടുനൂറ്റാണ്ടിനുശേഷവും കേരളജനതക്ക്‌ അഭിമാനം പകർന്ന് പഴശ്ശിയുടെ ഓർമ്മകൾ ഇന്നും നിലനിൽക്കുന്നു.

[തിരുത്തുക] പഴശ്ശി ഒരു കലാകാരൻ

പഴശ്ശിരാജ ആട്ടക്കഥകളും കവിതകളും എഴുതിയിരുന്നതായി പറയപ്പെടുന്നു. പഴശ്ശി, ഭാര്യക്കു നൽകാനായി എഴുതിയതാണെന്നു കരുതുന്ന ഒരു ശ്ലോകം പ്രസിദ്ധമാണ്‌.

ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാൻ കയ്യുയർത്തും ദശായാം
ഏതാ, നേതാൻ മദീയാനലർശരപരിതാപോദയാ, നാശു നീ താൻ
നീ താൻ, നീ താനുണർത്തീടുക ചടുലകയൽക്കണ്ണി തൻ കർണ്ണമൂലേ!

[തിരുത്തുക] വിമർശനങ്ങൾ

ടിപ്പുവിനെ തോല്പിക്കുന്നതിനു ഇംഗ്ലീഷുകാരുടെ കൂടെ ഒരഗണ്യ നാട്ടുമാടമ്പിയുടെ പദവിയിൽ അദ്ധ്വാനിച്ചു നടന്നയാളാണ്‌ പഴശ്ശി. ടിപ്പുവിന്റെ തോൽ‌വിക്ക് ശേഷം വാക്കുപ്രകാരം കൊടുക്കാമെന്നേറ്റ സ്ഥലങ്ങൾ തനിക്ക് നൽകാതെ തന്റെ അമ്മാവനു കൊടുത്തുവെന്ന കാര്യത്തിനാണ്‌ പഴശ്ശി ദേശീയവിപ്ലവം നടത്തുന്നത്. എന്നാൽ ഇംഗ്ലീഷുകാരെ ആദ്യന്തം എതിർത്ത ടിപ്പുവിനു ലഭിക്കേണ്ടതിലും വലിയ ദേശസ്നേഹിയുടെ പരിവേഷമാണ് ഇന്ന് പഴശ്ശിക്ക് ലഭിച്ചിട്ടുള്ളതെന്ന് പി.കെ. ബാലകൃഷ്ണൻ വിമർശിക്കുന്നു.[അവലംബം ആവശ്യമാണ്]

[തിരുത്തുക] അവലംബം

  1. A survey of Kerala history by A. Sreedhara Menon, page 263

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/w/index.php?title=പഴശ്ശിരാജ&oldid=1205449" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ