മലബാർ കലാപം
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗീയ കലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ടു പോന്ന ഒന്നാണ് 'മാപ്പിള കലാപം', മലബാർ ലഹള, മാപ്പിളലഹള എന്നെല്ലാം അറിയപ്പെടുന്ന മലബാർ കലാപം. ഇംഗ്ലീഷ്: Moplah Rebellion. ബ്രിട്ടിഷുകാരുടെ പുതിയ ഭൂനികുതി പരിഷ്കരണത്തിലൂടെ ഭൂരഹിതരും ചൂഷിതരുമായ കുടിയാന്മാരാണ് ബ്രിട്ടീഷുകാർക്കും ജന്മിമേധാവിത്ത്തഥിനുമെതിരെ കലാപം നടത്തിയത്. 1921 ആഗസ്തിൽ തുടങ്ങി 1922 ഫെബ്രുവരിയിൽ അവസാനിച്ച കലാപം പഴയ ബ്രിട്ടീഷ് മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലും പൊന്നാനി, കോഴിക്കോട്, പാലക്കാട് താലൂക്കുകളിലുമായിരുന്നു ഏറെ ശക്തിപ്പെട്ടത്. മലബാറിലെ കുടിയാൻമാർ സംഘടിതരായി ജൻമിമാര്ക്കും ബ്രിട്ടിഷുകാർക്കുമെതിരെ നടത്തിയ പ്രക്ഷോഭമാണ് കലാപമായി മാറിയത്. കലാപം പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്തിയ ബ്രിട്ടീഷുകാർ സമരത്തിനു നേതൃത്വം കൊടുത്ത ആലി മുസലിയാർ അടക്കം നിരവധി പേരെ തൂക്കിക്കൊന്നു. ആയിരക്കണക്കിനാളുകളെ ആന്തമാനിലും ബെല്ലാരിയിലും മറ്റുപല ജെയിലുകളിലുമായി തടവിലാക്കി. പിടിയിലായ കലാപകാരികളെ തിരൂരിൽ നിന്നു ഗുഡ്സ് വാഗണിൽ അടച്ച് കോയമ്പത്തൂരിലെ പോത്തന്നൂർവരെ കൊണ്ടു പോയപ്പോൾ 64 പേർ പ്രാണ വായു കിട്ടാതെ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി എന്ന പേരിൽ അറിയപ്പെടുന്നത്. ദരിദ്ര കർഷകർക്കും തൊഴിലാളികൾക്കുമിടയിൽ ദേശീയ പ്രസ്ഥാനത്തിനും തുടർന്ന് ഖിലാഫത്ത് പ്രസ്ഥാനത്തിനും ഉണ്ടായ സ്വധീനമാണ് മലബാർ കലാപത്തിനു വിത്തു പാകിയത്. 1836 മുതൽ ചെറുതും വലുതുമായ ലഹളകൾ മലബാറിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1921ലെ കലാപം ഇതിനു മുമ്പുണ്ടായ ലഹളകളുടെ തുടർച്ചയാണെങ്കിലും അവയിൽനിന്ന് തീർത്തും വ്യത്യസ്തവുമാണ്. മറ്റു പല കാര്യങ്ങൾക്കും പുറമെ രാഷ്ട്രീയമായ ഒരംശം 1921ലെ കലാപത്തിൽ ഉണ്ടായിരുന്നു എന്നതാണു ഇത്.[1]
ഉള്ളടക്കം |
ചരിത്ര പശ്ചാത്തലം [തിരുത്തുക]
1792-ലാണ് മലബാർ ബ്രിട്ടീഷുകാരുടെ അധീനത്തിലായത്. അപ്പഴേക്കും മിക്ക രാജാക്കന്മാരും അവർടെ ആധിപത്യം അംഗീകരിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടിഷ് ഭരണം കേരളത്തിൻറെ സാമ്പത്തികവ്യവസ്ഥയെ ആകെ മാറ്റിമറിച്ചു. ബ്രിട്ടീഷ് വ്യവസായങ്ങൾടെ ചരക്കുകൾ കേരളത്തിൽ പ്രചരിച്ചു. ബ്രിട്ടീഷുകാർ വരുന്നതുവരെ കേരളത്തിൽ പറയത്തക്ക ഭൂനികുതി ഉണ്ടായിരുന്നില്ല. കച്ചവട ചരക്കുകൾടെ ചുങ്കങ്ങളിൽ നിന്ന് ലഭിച്ചിരുന്ന ആദായമായിരുന്നു മുഖ്യ വരവിനം. ഹൈദരലിയുടെ ആക്രമണത്തിനു ശേഷമാണ് സ്ഥിരമായ ഭൂനികുതി ഏർപ്പെടുത്തിത്തുടങ്ങിയത്. ബ്രിട്ടീഷുകാരാകട്ടേ ഈ നികുതി ദുസ്സഹമാം വിധം വർദ്ധിപ്പിച്ചു. ഈ നികുതി വർദ്ധനവ് നിരവധി കുടുംബങ്ങളെ ഭൂരഹിതരും വഴിയാധാരം മാത്രമുള്ളവരുമാക്കി. യഥാർത്ത കൃഷിക്കാർക്ക് ഭൂമിയിൽ അവകാശമില്ലാതാകുകയും ഭൂമിയെല്ലാം ജന്മിമാരുടെ സ്വകാര്യസ്വത്താവുകയും ചെയ്തു. ചൂഷിതരായ കുടിയാന്മാരുടെ അസംതൃപ്തി ക്രമത്തില് ലഹളകളുടെ രൂപം കൈക്കൊണ്ടു. ചിലപ്പോൾ കൂട്ട കവർച്ചകളുടെ രൂപത്തിൽ മറ്റു ചിലപ്പോൾ ജന്മികളുടേയും ഉദ്യോഗസ്ഥന്മാരുടേയും എതിരായ കലാപങ്ങളുടെ രൂപത്തില്. മലബാറിൽ നല്ലൊരു പങ്കു കൃഷിക്കാരും മാപ്പിളമാരായിരുന്നു ജന്മികളൂം കാണക്കുടിയാന്മാരുമാകട്ടെ നമ്പൂതിരി, നായർ എന്നീ സമുദായക്കാരും.ഇതിനാൽ ലഹളകളെ മാപ്പിള ലഹള എന്ന് ചിത്രീകരിക്കാനും പേരുവരാനും കാരണമായി[അവലംബം ആവശ്യമാണ്].
ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ദരിദ്ര കർഷകർക്കും തൊഴിലാളികൾക്കുമിടയിൽ ദേശീയ പ്രസ്ഥാനത്തിനും തുടർന്ന് ഖിലാഫത്ത് പ്രസ്ഥാനത്തിനും ഉണ്ടായ സ്വധീനമാണ് മലബാർ കലാപത്തിനു വിത്തു പാകിയത്. 1836 മുതൽ ചെറുതും വലുതുമായ ലഹളകൾ മലബാറിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1921ലെ കലാപം ഇതിനു മുമ്പുണ്ടായ ലഹളകളുടെ തുടർച്ചയാണെങ്കിലും അവയിൽനിന്ന് തീർത്തും വ്യത്യസ്തവുമാണ്. മറ്റു പല കാര്യങ്ങൾക്കും പുറമെ രാഷ്ട്രീയമായ ഒരംശം 1921ലെ കലാപത്തിൽ ഉണ്ടായിരുന്നു എന്നതാണു ഇത്.[2]
1792 മുതല് 1799 വരെ മലബാർ ബോംബെ സംസ്താനത്തിന്റെ ഭാഗമയിരുന്നു. വര്ധിച്ച ലഹളകള് നടന്ന കാലമായിരുന്നു അത്. 1800 നും 1805 നും ഇടയില് വീണ്ടും വലിയ ലഹളകൾ നടന്നു. 1832നുശേഷം കാർഷിക വിളവുകളൂടെ വില വർധിച്ചതിനുശേഷം കൃഷിക്കാരിൽ നിന്ന് ഭൂമി ഒഴിപ്പിക്കാനുള്ള ജന്മികളുടെ ശ്രമം പതിന്മടങ്ങ് വർദ്ധിച്ചു. അതോടേ കലാപങ്ങൾ കൂടുതലായിട്ടുണ്ടായി.
ലഹളകളോ കലാപങ്ങളോ ഉണ്ടാകുമ്പോൾ ജന്മിമാരുടെ സഹായത്തിന് ബ്രിട്ടിഷ് പട്ടാളം രംഗത്തിറങിയിരുന്നു. അതിനാൽ ജന്മികളെ മാത്രമല്ല ബ്രീട്ടീഷ് മേധാവിത്തത്തിനെതിരെയും അവർ കലാപം നയിച്ചു. നിരവധി ജന്മിമാരേയും ബ്രിട്ടീഷ് ഉദ്യോഗസതരേയും അവർ കൊന്നു, ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടപ്പോഴൊക്കെ അവർ ജനങ്ങളുടെ ക്രൂരമായി ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്തു.
1880 കളിൽ തന്നെ ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള മുറവിളികൾ മലബാറിൽ മുഴങ്ങിയീരുന്നു. തികച്ചും ഭരണഘടനാപരമായ നടപടികളാണ് ഇതിന് സ്വീകരിച്ചിരുന്നത്. 1916 ന് ശേഷം വർഷം തോറുമുള്ള രാഷ്ട്രീയ സമ്മേളനങ്ങളിൽ കുടിയാൻ പ്രസ്ഥാന നേതാക്കളും ജന്മിമാരായ പ്രതിനിധികളും ഏട്ടുമുട്ടി. ഇത്തരം സമ്മേളനങ്ങളുടെ സംഘാടകരായിരുന്ന ജൻമിമാർ ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള പ്രമേയങ്ങൾ അംഗീകരിച്ചില്ല. 1920 ൽ കുടിയാൻമാരുടെ സംഘടനയായ കുടിയാൻ സംഘം രൂപീകൃതമായി. ഒഴിപ്പിക്കൽ, മേൽച്ചാർത്ത്,പൊളിച്ചെഴുത്ത്,അന്യായ മിച്ചവാര വർദ്ധന എന്നിവയെ എതിർത്തുകൊണ്ടാണ് കുടിയാൻ പ്രസ്ഥാനം വളർന്നത്. വിവിധ തലൂക്കുകളിലെ പൊതുയോഗങ്ങളിൽ മുസ്ലിം കുടിയാന്മാർ ധാരാളമായി പങ്കെടുത്തിരുന്നു. എം പി നാരായണ മേനോൻ, കട്ടിലശ്ശേരി മൂഹമ്മദ്മുസലീയാർ എന്നിവർ ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുവാനും കുടിയാൻ പ്രസ്ഥാനം ശക്തിപ്പെടുത്താനും ശ്രമിച്ചു.
1920 ഓഗസ്റ്റ് മാസത്തിൽ ഗാന്ധിജിയും രാജഗോപാലാചാരിയും ഷൌക്കത്തലിയും മറ്റും കോഴിക്കോട് സന്ദർശിച്ചു. 1921 ജനുവരി 30ന് കോഴിക്കോട് കോൺഗ്രസ് കമ്മിറ്റി യോഗം വിളിചു കൂട്ടുകയും തെക്കേ മലബാറിൽ കോൺഗ്രസ്-ഖിലാഫത് കമ്മിറ്റികൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതേത്തുടർന്ന് കളക്ടർ തോമസ് ഖിലാഫത് സമ്മേളനങ്ങൾ നിരോധിച്ചു.നിരോധനത്തെയും കടുത്ത മർദനങ്ങളെയും അതിജീവിച്ച് ഖിലാഫത് വ്യാപകമായി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പങ്ക് [തിരുത്തുക]
1885 ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനിച്ചത്. 1905-ൽ ബംഗാൾ വിഭജനത്തെത്തുടർന്ന് ഉത്തര ഇന്ത്യയിലൊട്ടുക്കും ഉണ്ടായ പ്രക്ഷോഭണങ്ങൾ കേരളീയരുടെ ജീവിതത്തിലും ചലനങ്ങൾ ഉണ്ടാക്കി. അതിനുശേഷമാണ് കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനമാരംഭിച്ചത്. 1910ല് മലാബാറിൽ ഡിസ്ട്രിക്റ്റ് കോൺഗ്രസ് ആരംഭിച്ചു. എന്നാലും നാട്ടുകാര്ക്കിടയില് സജീവമാജാന് അതിനു കഴിഞ്ഞില്ല. 1914-ലെ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം മാറ്റങ്ങൾ വന്നു തുടങ്ങി. യുദ്ധം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പാപ്പരത്തം തുറന്നു കാണിക്കയുണ്ടായി. യുദ്ധത്തിന്റെ ആവശ്യങ്ങൾ ഇന്ത്യൻ വ്യവസായത്തെ പ്രോത്സാഹഇപ്പിച്ചു എന്നു പറയാം. 1916 -ൽ ഹോം റൂള് പ്രസ്ഥാനം ആരംഭിച്ചഠോടെ നാട്ടുകാർ തന്നെ ഇന്ത്യ ഭരിക്കണമെന്ന ആശയം മുന്നോട്ടുവന്നു. മലബാറിലും ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു. ഡിസ്ട്രിക് കമ്മിറ്റി കൂടുതൽ ശക്തി പ്രാപിച്ചു. കേശവമേനോനായിരുന്നു രണ്ടിന്റെയും മുഖ്യ സചിവൻ. നിരവധി ദേശീയ നേതാക്കൾ കേരളത്തിലേക്കെത്താൻ തുടങ്ങി. യോഗങ്ങളും ചർച്ചകളും ജാഥകളും സംഘടിപ്പിക്കപ്പെട്ടു. ആദ്യകാല സമ്മേളനങ്ങളില് ജന്മിമാരും മറ്റു ധനാഡ്യരും പങ്കെടുക്കുകയുണ്ടായി.
1918-; ഇന്ത്യാ സെക്രട്ടറി മൊണ്ടേഗോ പ്രഭുവും വൈസ്രേയി ചെംസ്ഫോർഡ് പ്രഭുവും ചേർന്ന് തയ്യാറാക്കിയ ഭരണപരിഷ്കരണ പദ്ധതി പ്രകാരം പ്രമുഖ ഡിപാർട്ടുമെന്റുകളൊക്കെ ഇന്ത്യാക്കാരായ മന്ത്രിമാർക്കായി വ്യവസ്ഥ ചെയ്തു.1919-ൽ അത് നിയമമായി. ഇത് എതിർത്തവരുടേയും സ്വീകരിച്ചവരുടേയും നേതൃത്വത്തിൽ പുതിയ രാഷ്‌ട്രീയാന്തരീക്ഷം ശ്രിഷ്ടിക്കപ്പെട്ടു. ഇന്ത്യയിലെങ്ങും പ്രക്ഷുബ്ദമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടു. ഈ സന്ദർഭത്തിലാണ് മഞ്ചേരിയിൽ അഞ്ചാമത്തെ അഖില മലബാർ സമ്മേളനം കൂടിയത്. 1300 പേര് പങ്കെടുത്ത ആ സമ്മേളനത്തില് പുതിയ ഭരണപരിഷകഅരം ചർച്ച ചെയ്യപ്പെട്ടു, എതിർക്കുന്നവരും പിൻതാങ്ങുന്നവരും രണ്ടുവിഭാഗം ഉടലെടൂത്തു. ഈ സമ്മേളനത്തിൽ വച്ചാണ് ആദ്യമായി കുടിയാന്മാരും ജന്മിമാരും തമ്മിൽ സംഘട്ടനമുണ്ടായത്.
കലാപം [തിരുത്തുക]
1920-ൽ മഹാത്മാഗാന്ധി കോൺഗ്രസിന്റെ നേതൃത്വമേറ്റെടുത്തതോടെ രാജ്യത്തെങ്ങും പുത്തനുണർവുണ്ടായി. അക്രമരഹിതമായ നിസ്സഹകരണ പ്രസ്ഥാനം അദ്ദേഹം നാഗ്പൂരിൽ വച്ച് ജനങ്ങളോട് ആഹ്വാനം ചെയ്തു. നാഗപ്പൂർ സമ്മേളനത്തിൽ വച്ച് കോൺഗ്രസ് ഭാഷാ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു, കേരളത്തിൽ മലബാറിൽ മാത്രമായിരുന്നു അന്ന് കോൺഗ്രസ്സിന് കാര്യമായ പ്രവർത്തനം. അങ്ങനെ മലബാർ ഒരു സംസ്ഥാനമായി കോൺഗ്രസ് അംഗീകരിച്ചു. പ്രസ്ഥാനത്തിനെ കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും വ്യാപിപ്പിക്കാൻ ശ്രമം തൂടങ്ങി. രണ്ടിടത്തും ഒരോ ജില്ലാ കമ്മറ്റികൾ സ്ഥാപിക്കപ്പെട്ടു. മലബാറിലാകട്ടെ മിക്ക താലൂക്കുകളിലും താലൂക്ക് സമിതിയും ഖിലാഫത്ത് സമിതികളും രൂപവത്കരിക്കപ്പെട്ടു. വക്കാലത്ത് നിർത്തിയ വക്കീലംന്മാരും വിദ്യാലയം ബഹിഷ്കരിച്ച വിദ്യാർത്ഥികളും പ്രവർത്തനം സജീവമാക്കി.
അനുദിനം വളർന്നു വരുന്ന ജനകീയ ശക്തിയെ തകർക്കാൻ 1921 ഫെബ്രുവരി 16ന് യക്കൂബ് ഹസൻ, മാധവൻ നായർ, ഗോപാല മേനോൻ, മൊയ്തീൻ കോയ എന്നീ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളുവനാട്, ഏറനാട് താലൂക്കുകളിൽ നിരോധനജ്ഞയും പ്രഖ്യാപിച്ചു. ആഗസ്റ്റ് അവസാനത്തോടെ സംഗതികളുടെ സ്വഭാവം മാറി. ജയിൽ മോചിതരായ ഗോപാല മേനോനും മാധവൻ നായർക്കും ഓഗസ്റ്റ് 17ന് കോഴിക്കോട് കടപ്പുറത്ത് സ്വീകരണം നൽകി. മൽബാറിന്റെ നാനാഭാഗത്തുനിന്നുള്ള നിരവധി പേർ അതിൽ പങ്കെടുത്തു. ഇതോടേ നിലപാട് കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് 19ന് കളക്ടർ തോമസിന്റെ നേതൃത്വത്തിൽ പാട്ടളക്കാരുടെ ഒരു തീവണ്ടി തെക്കോട്ട് തിരിച്ചു. പൂക്കോട്ടൂർ വഴി മറ്റൊരു സംഘം റോഡ് വഴിക്കും തിരിച്ചു. തീവണ്ടിയിൽ പോയ അഞ്ഞൂറോളം വരുന്ന വെള്ളപ്പട്ടാളക്ക്രുടെ ഈ സംഘം പരപ്പനങ്ങാടിയിൽ ഇറങ്ങി തിരൂരങ്ങാടിക്ക് മാർച്ച് ചെയ്തു. 20ന് പുലർച്ചെയോടെ കിഴക്കേ പള്ളിയും ചില ഖിലാഫത് പ്രവർത്തകരുടെ വീടുകളും പൊലീസ് വളഞ്ഞു. രാവിലെ കളക്ടർ തോമസിന്റെയും ഡി വൈ എസ് പി ഹിച്കോക്കിന്റെയും നേതൃത്വത്തിൽ പള്ളിയും ഖിലാഫത് കമ്മിറ്റി ഓഫീസും റെയ്ഡ് ചെയ്ത് മൂന്നു പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്കു മടങ്ങി.
അതിനിടെ വെള്ളപ്പട്ടാളം മമ്പുറം പള്ളി വളഞ്ഞെന്നും വെടിവെച്ചു തകർത്തുവെന്നുമുല്ല പ്രചാരണം പടർന്നു. നിമിഷ നേരം കൊണ്ട് കലാപം പൊട്ടിപ്പുറപ്പെട്ടു. പട്ടാളം ജനക്കൂട്ടത്തിനു നേർക്ക് വെടിവെച്ചു. നിരവധി പേർ കൊല്ലപ്പെട്ടു. കുറെ പേരെ അറസ്റ്റ് ചെയ്ത് തിരൂരങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ തടങ്കലിൽ വെച്ചു. വിവരമറിഞ്ഞ ജനക്കൊട്ടം അങ്ങോട്ടു കുതിച്ചു. വഴിക്കു വെച്ച് പട്ടാളം ഇവരെ തടഞ്ഞു. തുടർന്നുണ്ടായ സംഘട്ടനത്തിൽ സെക്കൻഡ് ലെഫ്റ്റനന്റ് ജോൺസൺ, ദി വൈ എസ് പി റൌലി എന്നീ വെള്ളക്കാരും കുറച്ചു കോൺസ്റ്റബിൾമാരും കൊല്ലപ്പെട്ടു. പട്ടാളം വീണ്ടും നടത്തിയ വെടിവെപ്പിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഫറോക്ക് വരെ വഴിനീളെ വെടിയുതിർത്തുകൊണ്ടാണ് പട്ടാളം മടങ്ങിപ്പോയത്. അടുത്ത ദിവസം തിരൂരിൽ കച്ചേരി കയ്യേറിയ ലഹളക്കാർ പൊലീസുകാരുടെ റൈഫിളുകൾ പിടിച്ചെടുത്തു.
സർക്കാരിനും ജന്മികൾക്കും എതിരെ നടത്തിയിരുന്ന കലാപം മുഴവൻ ഹിന്ദുക്കൾക്കും എതിരെയായി പലയിടത്തും വഴി തെറ്റി. സർക്കാർ ആപ്പീസുകൾക്കു പുറമെ ഹിന്ദു വീടുകളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ഓഗസ്റ്റ് 21ന് നിലംബൂർ കോവിലകം കയ്യേറി ലഹളക്കാർ കൊള്ളയടിച്ചു. അവിടെ നിന്നു മടങ്ങും വഴി മഞ്ചേരിയിലെ ഖജനാവും നമ്പൂതിരി ബാങ്കും കൊള്ളയടിച്ചു. നമ്പൂതിരിബാങ്ക് കൊള്ളയടിച്ചതറിഞ്ഞ കുഞ്ഞമ്മത് ഹാജി അതു തിരിച്ചു കൊടുപ്പിച്ചു. പിന്നീട് ഹിന്ദുക്കളും മുസ്ലിങ്ങളും ഉൾപ്പെടുന്ന അഡ് ഹോക് കമ്മിറ്റി രൂപവത്കരിച്ചു.[3]
ഗറില്ലാ യുദ്ധം [തിരുത്തുക]
കോഴിക്കോട് മലപ്പുറം റോഡിലെ പാലവും വെള്ളൂർ പാലവും പൊളിച്ച് സമരക്കാർ പൂക്കോട്ടൂരിൽ പട്ടാളത്തെ നേരിടാൻ തയ്യാറായി തമ്പടിച്ചു. കുന്നുകളും വിശാലമായ പാടവും കിടങ്ങായി ഉപയോഗിക്കാവുന്ന തോടും ഉൾപ്പെടെ ഗറില്ലാ യുദ്ധത്തിനു പറ്റിയ എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള പ്രദേശമായതിനാലാണ് കലാപകാരികൾ ഈ സ്ഥലം തിരഞ്ഞെടുത്തത്. പട്ടാളത്തെ നേരിടാനൊരുങ്ങി മൂവായിരത്തോളം പേരാണ് എത്തിയിരുന്നത്. പാലങ്ങളും റോഡും നന്നാക്കി ഓഗസ്റ്റ് 26ന് രാവിലെ പട്ടാളം പൂക്കോട്ടൂരെത്തി. ക്യാപ്റ്റൻ മെക്കൻ റി പരീക്ഷണാർത്ഥം ഒരു വെടി ഉതിർത്തപ്പൊഴേക്ക് നാനാ ഭാഗത്തുനിന്നും പട്ടാളക്കാർക്കു നേരെ ആക്രമണമുണ്ടായി. പട്ടാളക്കാരുടെ മെഷീൻ ഗണിനും കൈ ബോമ്പിനും എതിരെ കലാപകാരികൾ വാളും കുന്തവുമായി കുതിച്ചു. അഞ്ചു മണിക്കൂർ നീണ്ട പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ പട്ടാളം കലാപകാരികളെ കീഴടക്കി. പട്ടാള ഓഫീസറും സൂപ്രണ്ടുമുൾപ്പെടെ നാല് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പട്ടാളക്കാരിൽ എത്രപേർ മരിച്ചുവെന്നു വ്യക്തമല്ല. ലഹളക്കാരുടെ ഭാഗത്തു നിന്ന് 250ലേറെപ്പേർ മരിച്ചു. ലഹളക്കാരുടെ നേതാവ് വടക്കെ വീട്ടിൽ മുഹമ്മദും കൊല്ലപ്പെട്ടു.
ബാംഗ്ലൂരിൽ നിന്നും മറ്റും കൂടുതൽ പട്ടാളം എത്തി വൻ സേനയായി ഓഗസ്റ്റ് 30ന് തിരൂരങ്ങാടിയിലേക്കു നീങ്ങി. പള്ളി വളഞ്ഞ് ആലി മുസലിയാരെ പിടിക്കുകയായിരുന്നു ഉദ്ദേശം. പട്ടാളം ജമാ അത് പള്ളി വളഞ്ഞ് വെടിയുതിർത്തു. കലാപകാരികൾ തിരിച്ചും. പള്ളിയിൽ 114 പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 8 മണിക്ക് ആരംഭിച്ച വെടിവെപ്പ് 12 മണിവരെ നീണ്ടു. ഒടുവിൽ ആലി മുസലിയാരെയും ശേഷിച്ച 37 പേരെയും പട്ടാളം പിടികൂടി. ഇവരെ വിചാരണ ചെയ്ത പട്ടാളക്കോടതി ആലിമുസലിയാർ അടക്കം 13 പേർക്ക് വധശിക്ഷ വിധിച്ചു. ബക്കിയുള്ളവരെ നാടുകടത്തി. ആലി മുസലിയാരെ 1922 ഫെബ്രുവരി 17ന് കോയമ്പത്തൂർ ജയിലിൽ തൂക്കിക്കൊന്നു. ലഹളത്തലവൻമാരായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശേരി തങ്ങൾ എന്നിവർ പിന്നീട് കീഴടങ്ങി. ഇവരെ പട്ടാള കോടതി വിധിയനുസരിച്ച് വെടിവെച്ച് കൊന്നു. ലഹളയിൽ ആയിർത്തിലധികം മാപ്പിളമാർ കൊല്ലപ്പെട്ടു. 14,000ത്തിൽ പരം പേർ അറസ്റ്റ് ചെയ്യപ്പെട്ടു.
വാഗൺ ട്രാജഡി [തിരുത്തുക]
ബ്രിട്ടിഷ് സർക്കാരിന്റെ ഭീകരതക്കു മകുടം ചാർത്തുന്ന സംഭവമാണ് ‘വാഗൺ ട്രാജഡി’ എന്ന പേരിൽ അറിയപ്പെടുന്ന ദുരന്തം. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ജാലിയൻ വാലാബാഗ് ഒഴിവാക്കിയാൽ ഇത്രയേറെ മനുഷ്യത്വ രഹിതമായ മറ്റൊരു സംഭവമുണ്ടാകില്ലെന്നാണ് ചരിത്രകാരൻമാരുടെ അഭിപ്രായം. മലബാർ കലാപത്തെ തുടർന്ന് അറസ്റ്റ് ചെയ്ത കലാപകാരികളെ കാറ്റുപോലും കടക്കാത്ത ഗുഡ്സ് വാഗണിൽ അടച്ചിട്ടാണ് ജയിലുകളിലേക്കു കൊണ്ടുപോയിരുന്നത്. പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവർ കലാപകാരികളെ കാണുന്നതു തടയാൻ ഈ ആശയം നടപ്പാക്കിയത്. 1921 നവംബർ 17ന് ഇരുനൂറോളം തടവുകാരെ ഒരു വാഗണിൽ കുത്തിനിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്കു പുറപ്പെട്ടു. വണ്ടി പുറപ്പെടും മുമ്പുതന്നെ ശ്വാസം കിട്ടാതെ നിലവിളി തുടങ്ങിയിരുന്നു. വണ്ടി കടന്നുപോയ വഴിനീളെ തടവുകാരുടെ നിലവിളി കേൾക്കാമായിരുന്നു. കോയമ്പത്തൂരിനടുത്തുള്ള പോതന്നൂരിൽ വണ്ടിയെത്തിയപ്പൊൾ വാഗണിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതിനെത്തുടർന്ന് പട്ടാളക്കാർ വാഗൺ തുറന്നു. ശ്വാസം കിട്ടാതെ പരസ്പരം കടിച്ചും മാന്തിക്കീറിയും 64 തടവുകാർ മരിച്ചിരുന്നു. ബാകിയുള്ളവരിൽ പലരും ബോധരഹിതരായിരുന്നു. പുറത്തിറക്കിയ ശേഷവും കുറെപ്പേർ മരിച്ചു.
സമര രംഗത്തെ പണ്ഡിതനേതൃത്വം [തിരുത്തുക]
- ജിഫ്രി തങ്ങന്മാർ
- മമ്പുറം സെയതലവി തങ്ങൾ
- വെളിയങ്കോട് ഉമർ ഖാളി
- പാണക്കാട് ഹുസയ്ൻ തങ്ങൾ
- സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ
- ആലി മുസ്ലിയാർ
- പരീകുട്ടി മുസ്ലിയാർ
ഇതുംകൂടികാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ കെ ഗോപാലൻ കുട്ടി: മലബാർ കലാപവും ദേശീയ പ്രസ്ഥാനവും (മലബാർ കലാപം ചരിത്രവും പ്രത്യയ ശാസ്ത്രവും: ചിന്ത വാരിക പ്രസിദ്ധീകരണം-1991)
- ↑ References കെ ഗോപാലൻ കുട്ടി: മലബാർ കലാപവും ദേശീയ പ്രസ്ഥാനവും (മലബാർ കലാപം ചരിത്രവും പ്രത്യയ ശാസ്ത്രവും: ചിന്ത വാരിക പ്രസിദ്ധീകരണം-1991)
- ↑ References കെ ഇ കെ നമ്പൂതിരി: ഗതിവിഗതികളും വിപര്യയവും(മേൽ സൂചിപ്പിച്ച പുസ്തകം)
വിവരങ്ങൾക്ക് കടപ്പാട്:
1.സൗമ്യേന്ദ്ര ടാഗോർ: മലബാറിലെ കാർഷിക കലാപം-1921 (വിവ: കെ കെ എൻ കുറുപ്പ്)സന്ധ്യ പബ്ലിഷേഴ്സ്- കോഴിക്കോട്
2.കെ എൻ പണിക്കർ:Against lord and state,Religion and peasant uprisings in Malabar- Oxford University press, Bombay.
ഇ എം എസ് ന്നമ്പൂതിരിപ്പാട്: Kerala- yesterday, today and tomorrow, National Book Agency-Kolkotta