ബ്രിട്ടീഷ് രാജ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||||||||||||||||||||
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ 1858 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭരണകാലത്തെയും ഭരണത്തെയും ഭരണ പ്രദേശത്തെയുമാണ് ബ്രിട്ടീഷ് രാജ് (രാജ് എന്ന ഹിന്ദി പദത്തിന്റെ അര്‍ത്ഥം "ഭരണം" എന്നാണ്) അല്ലെങ്കില്‍ ബ്രിട്ടീഷ് ഇന്ത്യ എന്നു വിളിക്കുന്നത് (ഔദ്യോഗിക നാമം: ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യം). അക്കാലത്ത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ എന്ന പദം ബ്രിട്ടീഷ് രാജിനെ കുറിച്ചു.
യുണൈറ്റഡ് കിങ്ഡം നേരിട്ടു ഭരിച്ച ഭൂപ്രദേശങ്ങളും [1] (അക്കാലത്ത്, "ബ്രിട്ടീഷ് ഇന്ത്യ") ബ്രിട്ടീഷ് കിരീടത്തിന്റെ പരമാധികാരത്തിനു കീഴില്‍ നാടുവാഴികള്‍ ഭരിച്ച നാട്ടുരാജ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടു. ബ്രിട്ടീഷുകാരുമായി സന്ധി ഉടമ്പടികളില്‍ ഒപ്പുവെച്ച നാട്ടുരാജാക്കന്മാര്‍ക്ക് അന്താരാഷ്ട്ര കാര്യങ്ങളില്‍ പൂര്‍ണ്ണ ബ്രിട്ടീഷ് പ്രാതിനിധ്യം ബ്രിട്ടീഷ് സാമന്ത രാജ്യമാവുന്നതിനുള്ള സമ്മതം എന്നിവയ്ക്കു പകരമായി ഒരു നിശ്ചിത അളവു സ്വയം ഭരണം അനുവദിച്ചിരുന്നു.
ഇന്നത്തെ ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങള്‍ക്കു പുറമേ പല സമയത്തും ഏദന്‍ (1858 മുതല്‍ 1937 വരെ), അധോ ബര്‍മ്മ (1858 മുതല്‍ 1937 വരെ), ഉപരി ബര്‍മ്മ (1886 മുതല്‍ 1937 വരെ) (ബര്‍മ്മ പൂര്‍ണ്ണമായും 1937-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും വിഘടിപ്പിച്ചു)[2]), ബ്രിട്ടീഷ് സൊമാലിലാന്റ് (1884 മുതല്‍ 1898 വരെ), സിങ്കപ്പൂര്‍ (1858 മുതല്‍ 1867 വരെ) എന്നിവയും ബ്രിട്ടീഷ് ഇന്ത്യയുടേ ഭാഗമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് മദ്ധ്യപൂര്‍വ്വദേശങ്ങളിലെ ബ്രിട്ടീഷ് വസ്തുവകകളുമായി ബന്ധമുണ്ടായിരുന്നു; ഈ പ്രദേശങ്ങളില്‍ പലയിടത്തും ഇന്ത്യന്‍ രൂപ നാണയമായി ഉപയോഗിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ ഇന്നത്തെ ഇറാഖ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇന്ത്യ ഓഫീസ് ആണ് ഭരിച്ചത്.
സ്വന്തമായി പാസ്പോര്‍ട്ടുകള്‍ നല്‍കിയിരുന്ന ഇന്ത്യന്‍ സാമ്രാജ്യം തദ്ദേശീയമായും അന്താരാഷ്ട്ര തലത്തിലും ഇന്ത്യ എന്ന് അറിയപ്പെട്ടു. ഇന്ത്യ എന്ന പേരില്‍ത്തന്നെ ലീഗ് ഓഫ് നേഷന്‍സിന്റെ സ്ഥാപക അംഗങ്ങളില്‍ ഒന്നായിരുന്നു. ഒരു അംഗരാഷ്ട്രമായി ഇന്ത്യ 1900, 1928, 1932, 1936 എന്നീ വര്‍ഷങ്ങളിലെ ഒളിമ്പിക്സില്‍ പങ്കെടുത്തു.
ഈ ഭൂപ്രദേശത്തെ രാജ്യങ്ങളില്‍ സിലോണ്‍ (ഇന്നത്തെ ശ്രീ ലങ്ക) ഒരു ബ്രിട്ടീഷ് കോളനി ആയിരുന്നു എങ്കിലും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. (1802-ല്‍ ഒപ്പുവെയ്ച്ച ഏമിയെന്‍സ് ഉടമ്പടി അനുസരിച്ച് ശ്രീ ലങ്ക യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ ഭരണത്തിനു കീഴിലായി). നേപ്പാള്‍, ഭൂട്ടാന്‍ രാജ്യങ്ങള്‍ ബ്രിട്ടനുമായി യുദ്ധം ചെയ്യുകയും ഉടമ്പടികള്‍ ഒപ്പുവെയ്ക്കുകയും ചെയ്തെങ്കിലും സ്വതന്ത്ര രാജ്യങ്ങളായി അവയെ അംഗീകരിച്ചിരുന്നു. നേപ്പാളും ഭൂട്ടാനും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. [3][4]ഫലകം:Failed verification 1861-ല്‍ “ആംഗ്ലോ-സിക്കിമീസ് ഉടമ്പടി” ഒപ്പുവെയ്ച്ചതിനു പിന്നാലെ സിക്കിം ഒരു നാട്ടുരാജ്യം ആയി, എങ്കിലും സിക്കിമിന്റെ പരമാധികാരം നിര്‍വ്വചിക്കാതെ കിടന്നു. [5] മാലിദ്വീപുകള്‍ ബ്രിട്ടീഷ് 1867 മുതല്‍ 1965 വരെ സാമന്ത രാജ്യമായിരുന്നെങ്കിലും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല.
1858-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയ രാജ്ഞിയ്ക്കു കൈമാറിയതു മുതല്‍ (1877-ല്‍ വിക്ടോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിക്കപ്പെട്ടു) 1947-ല്‍ ഇന്ത്യയുടെ വിഭജനം വരെ (ഇന്ത്യ “ഡൊമീനിയന്‍ ഓഫ് ഇന്ത്യ” (പിന്നീട് റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ), “ഡൊമീനിയന്‍ ഓഫ് പാകിസ്താന്‍“ (പിന്നീട് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്താന്‍, പീപിള്‍സ് റിപ്പബ്ലിക്ക് ഓഫ് ബംഗ്ലാദേശ്) എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു) ഈ ഭരണസംവിധാനം തുടര്‍ന്നു. ബര്‍മ്മ ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ ഭരണത്തില്‍ നിന്നും 1937-ല്‍ വിഘടിപ്പിച്ച് ബ്രിട്ടന്‍ നേരിട്ടു ഭരിച്ചു; പിന്നീട് 1948-ല്‍ ബര്‍മ്മയ്ക്ക് “യൂണിയന്‍ ഓഫ് ബര്‍മ്മ” എന്ന പേരില്‍ സ്വാതന്ത്ര്യം ലഭിച്ചു.
ഉള്ളടക്കം |
[തിരുത്തുക] പശ്ചാത്തലം: ഇന്ത്യയിലെ കമ്പനി ഭരണം
1600 ഡിസംബര്‍ 31-നു ഇംഗ്ലണ്ട് രാജ്ഞിയായ എലിസബത്ത് I ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് കിഴക്കുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടാനുള്ള രാജകീയ അനുമതി പത്രം നല്‍കി. ഇന്ത്യയില്‍ ബ്രിട്ടീഷ് കപ്പലുകള്‍ ആദ്യമായി എത്തിയത് ഇന്നത്തെ ഗുജറാത്തിലെ സൂറത്ത് തുറമുഖത്ത് 1608-ല്‍ ആണ്. നാലു വര്‍ഷത്തിനു ശേഷം ബ്രിട്ടീഷ് കച്ചവടക്കാര്‍ സ്വാലി യുദ്ധത്തില്‍ പോര്‍ച്ചുഗീസുകാരുമായി യുദ്ധം ചെയ്തത് മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീറിന്റെ പ്രീതിയ്ക്കു കാരണമായി. 1615-ല്‍ ഇംഗ്ലണ്ടിലെ രാജാവായ ജെയിംസ് I തന്റെ പ്രതിനിധിയായി സര്‍ തോമസ് റോയെ ജഹാംഗീറിന്റെ കൊട്ടാരത്തിലേയ്ക്കയച്ചു. അദ്ദേഹം മുഗളരുമായി സ്ഥാപിച്ച വാണിജ്യ കരാര്‍ യൂറോപ്പില്‍ നിന്നുള്ള ചരക്കുകള്‍ക്കു പകരമായി കമ്പനിയ്ക്ക് ഇന്ത്യയില്‍ വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കി. കമ്പനി പരുത്തി, പട്ട്, വെടിയുപ്പ്, നീലമരി, തെയില തുടങ്ങിയവയില്‍ വ്യാപാരം നടത്തി.
സൂറത്തില്‍ 1612-ല്‍ സ്ഥാപിച്ച ആദ്യത്തെ പണ്ടികശാലയ്ക്കു പുറമേ 1600-കളുടെ മദ്ധ്യത്തോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി പിന്നീട് പ്രധാന ഇന്ത്യന്‍ നഗരങ്ങളായിത്തീര്‍ന്ന ബോംബെ, മദ്രാസ് നഗരങ്ങളിലും പണ്ടികശാലകള്‍ സ്ഥാപിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തൊടെ കമ്പനി ബംഗാളിലെ മൂന്നു ചെറിയ മത്സ്യബന്ധന ഗ്രാമങ്ങളില്‍ പണ്ടികശാലകള്‍ സ്ഥാപിച്ചു. അവയില്‍ ഒന്നിന്റെ പേര് കാളികട്ട എന്നായിരുന്നു - ഇതില്‍ നിന്നാണ് കല്‍ക്കത്ത എന്ന പേര് വന്നതെന്നു കരുതുന്നു. 1670-ല്‍ ഇംഗ്ലണ്ടിലെ രാജാവായ ചാള്‍സ് II കമ്പനിയ്ക്ക് സ്ഥലം ഏറ്റെടുക്കുവാനും ഒരു സൈന്യം രൂപീകരിക്കാനും സ്വന്തം പണം അച്ചടിക്കാനും കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ നിയമനിര്‍വ്വഹണം നടത്താനുമുള്ള അധികാരം നല്‍കി. 18-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്ന് ഇന്ത്യന്‍ പ്രസിഡന്‍സികള്‍ ഭരിക്കുന്ന കമ്പനി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു രാഷ്ട്രം പോലെ പ്രവര്‍ത്തിച്ചു എന്നു പറായാം.
റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള കമ്പനി പടയാളികള്‍ ബംഗാള്‍ നവാബ് ആയിരുന്ന സിറാജ് ഉദ് ദൌളയെ പ്ലാസ്സി യുദ്ധത്തില്‍ 1757-ല്‍ പരാജയപ്പെടുത്തിയതോടെയാണ് കമ്പനിയ്ക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഭൂപ്രദേശങ്ങളുടെമേല്‍ അധികാരം ലഭിച്ചത്. ബംഗാള്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ ഒരു ബ്രിട്ടീഷ് സാമന്തരാജ്യമായി.
ലോഡ് നോര്‍ത്ത് ബ്രിട്ടീഷ് നിയമസഭയില്‍ അവതരിപ്പിച്ച ഇന്ത്യാ ബില്‍ ആയ റെഗുലേറ്റിങ്ങ് ആക്ട് (1773) ബ്രിട്ടീഷ് ഭരണസിരാകേന്ദ്രമായ വൈറ്റ്‌ഹാളിനു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെമേല്‍ മേല്‍നോട്ട (നിയന്ത്രണ) അധികാരങ്ങള്‍ നല്‍കി, എങ്കിലും പാര്‍ലമെന്റ് അധികാരം ഏറ്റെടുത്തില്ല. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭരണത്തിനുള്ള ആദ്യപടിയായിരുന്നു. ഈ നിയമം ഇന്ത്യയുടെ ഗവര്‍ണര്‍-ജനറല്‍ എന്ന പദവി പ്രാബല്യത്തിലാക്കി, ഈ പദവിയിലിരുന്ന ആദ്യ വ്യക്തി വാറന്‍ ഹേസ്റ്റിങ്ങ്സ് ആയിരുനു. 1813-ഇലെ ചാര്‍ട്ടര്‍ ആക്ട്, 1833-ഇലെ ചാര്‍ട്ടര്‍ ആക്ട് തുടങ്ങിയ നിയമങ്ങള്‍ കമ്പനിയും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ നിര്‍വ്വചിച്ചു.
വാറന്‍ ഹേസ്റ്റിങ്ങ്സ് 1784 വരെ ഇന്ത്യയില്‍ തുടര്‍ന്നു. വാറന്‍ ഹേസ്റ്റിങ്ങ്സിനു ശേഷം കോണ്‍വാലിസ് ഗവര്‍ണര്‍ ജനറലായി. കോണ്‍വാലിസ് ജമീന്ദാര്‍മാരുമായി കരം പിരിക്കുന്നതു സ്ഥിരപ്പെടുത്തിയ പെര്‍മനെന്റ് സെറ്റില്‍മെന്റ് (ചിരോസ്ഥായി ബന്ദൊബസ്തോ) എന്ന നിയമം കൊണ്ടുവന്നു. അടുത്ത അന്‍പതു വര്ഷത്തേയ്ക്ക് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതില്‍വ്യാപൃതരായിരുന്നു.
19-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വെല്ലസ്ലി പ്രഭു (ആര്‍ഥര്‍ വെല്ലസ്ലിയുടെ സഹോദരനായ റിച്ചാഡ് വെല്ലസ്ലി) കമ്പനിയുടെ ഭരണപ്രദേശം വന്‍പിച്ച തൊതില്‍ വ്യാപിപ്പിച്ചുതുടങ്ങി. അദ്ദേഹം ടിപ്പു സുല്‍ത്താനെ കീഴ്പ്പെടുത്തി തെക്കേ ഇന്ത്യയിലെ മൈസൂര്‍ രാജ്യം പിടിച്ചടക്കി. വെല്ലസ്ലി ഉപഭൂഖണ്ഡത്തിലെ ഫ്രഞ്ച് നിയന്ത്രണം പൂര്‍ണ്ണമായും ഇല്ലാതാക്കി. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൌസി പ്രഭു കമ്പനിയുടെ ഏറ്റവും ദുഷ്കരം എന്നുപറയാവുന്ന യുദ്ധത്തില്‍ ഏര്‍പ്പെട്ടു, ആംഗ്ലോ-സിഖ് യുദ്ധങ്ങളില്‍ സിക്കുകാരെ കീഴ്പ്പെടുത്തി ഫുല്‍കിയാന്‍ പ്രദേശം ഒഴിച്ചുള്ള പഞ്ജാബ് പിടിച്ചടക്കി. ഡല്‍ഹൌസി രണ്ടാം ബര്‍മ്മ യുദ്ധത്തില്‍ ബര്‍മ്മക്കാരെയും പരാജയപ്പെടുത്തി. പുരുഷ അനന്തരാവകാശി ഇല്ലാതെ മരിക്കുന്ന രാജാക്കന്മാരുടെ രാജ്യം ഏറ്റെടുക്കാന്‍ വ്യവസ്ഥചെയ്യുന്ന ഡൊക്ട്രിന്‍ ഓഫ് ലാപ്സ് നിയമം അനുസരിച്ച് ചെറിയ നാട്ടുരാജ്യങ്ങളായ സത്താര, സമ്പല്പൂര്‍, ഝാന്‍സി, നാഗ്പൂര്‍ തുടങ്ങിയവയുടെ നിയന്ത്രണം ഏറ്റെടുത്തു. 1856-ല്‍ ഔധ് പിടിച്ചടക്കിയതായിരുന്നു കമ്പനിയുടെ അവസാനത്തെ ഭൂമി പിടിച്ചടക്കല്‍.
[തിരുത്തുക] 1857-ലെ ഇന്ത്യന്‍ പ്രക്ഷോഭം
1857 മെയ് 10-നു ഡെല്‍ഹിയ്ക്ക് 65 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മീററ്റിലെ ഒരു കന്റോണ്മെന്റില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിലെ ഹിന്ദുക്കളും മുസ്ലീങ്ങളും ഉള്‍പ്പെടുന്ന ഭടന്മാര്‍ ("ശിപായികള്‍" എന്ന് ഇവര്‍ അറിയപ്പെട്ടു ഉര്‍ദു / പേര്‍ഷ്യന്‍ ഭാഷകളില്‍ ഭടന്‍ എന്ന് അര്‍ത്ഥം വരുന്ന സിപാഹി എന്ന പദത്തില്‍ നിന്നും)ബ്രിട്ടീഷുകാര്‍ക്ക് എതിരായി കലാപം ഉയര്‍ത്തി. ആ സമയത്ത് കമ്പനി സൈന്യത്തിന്റെ ഇന്ത്യയിലെ അംഗസംഘ്യ 238,000 ആയിരുന്നു. ഇതില്‍ 38,000 മാത്രമായിരുന്നു യൂറോപ്യന്മാര്‍. ഇന്ത്യന്‍ സൈനികര്‍ ദില്ലിയിലേയ്ക്ക് മാര്‍ച്ച് ചെയ്ത് തങ്ങളുടെ സേവനങ്ങള്‍ മുഗള്‍ ചക്രവര്‍ത്തിയ്ക്ക് വാഗ്ദാനം ചെയ്തു. തൊട്ടുപിന്നാലെ ഉത്തരേന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും മിക്ക ഭാഗങ്ങളും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരായി ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സായുധ പ്രക്ഷോഭത്തിലേയ്ക്ക് കൂപ്പുകുത്തി. പല ഇന്ത്യന്‍ റെജിമെന്റുകളും ഇന്ത്യന്‍ രാജ്യങ്ങളും ഈ പ്രക്ഷോഭത്തില്‍ ചേര്‍ന്നു. മറ്റു പല ഇന്ത്യന്‍ യൂണിറ്റുകളും ഇന്ത്യന്‍ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് കമാന്‍ഡര്‍മാരെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയെയും പിന്തുണയ്ച്ചു.
ഗവര്‍ണര്‍-ജനറല്‍ ആയിരുന്ന ഡല്‍ഹൌസി പ്രഭു പിന്തുടര്‍ന്ന "ഡോക്ട്രിന്‍ ഓഫ് ലാപ്സ്" ബ്രിട്ടീഷ് സാമന്തരാജ്യമായ ഏതെങ്കിലും നാട്ടുരാജ്യത്തിലെ രാജാവ് നേരിട്ടുള്ള അനന്തരാവകാശി ഇല്ലാതെ മരിച്ചാല്‍ ആ രാജ്യം കമ്പനിയുമായി ലയിപ്പിക്കാന്‍ വ്യവസ്ഥചെയ്തു. മതപരമായും പരമ്പരാഗതമായും ദത്തെടുക്കല്‍ അനന്തരാവകാശികളില്ലാത്ത രാജാക്കന്മാര്‍ പിന്തുടര്‍ന്നിരുന്നു. ദത്തുപുത്രനെ അടുത്ത നാടുവാഴിയാക്കാനുള്ള അവകാശം ഡോക്ട്രിന്‍ ഓഫ് ലാപ്സ് നിഷേധിച്ചു. ഈ നിയമം അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യയില്‍ ചേര്‍ത്ത രാജ്യങ്ങളില്‍ സത്താര, തഞ്ജാവൂര്‍, സംഭാല്‍, ഝാന്‍സി, ജേഥ്പൂര്‍, ഉദയ്പൂര്‍, ബഘത് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതിനു പുറമേ പ്രത്യേകിച്ചു കാരണങ്ങള്‍ ഇല്ലാതെ സിന്ധ് (1843-ല്‍). ഔധ് (1856-ല്‍) എന്നിവയെയും ബ്രിട്ടീഷ് ഇന്ത്യയോടു കൂട്ടിച്ചേര്‍ത്തു. മുഗള്‍ സാമ്രാജ്യത്തിന്റെ തുടര്‍ച്ചയായ ഔധ് ഭീമമായ വരുമാനം ഉത്പാദിപ്പിക്കുന്ന ഒരു സമ്പന്നരാജ്യമായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഇന്ത്യക്കാര്‍ക്കെതിരേ പക്ഷപാതപരമായിരുന്നു. ഈസ്റ്റ് ഇന്ത്യ (റ്റോര്‍ച്ചര്‍) 1855–1857 — എന്ന പേരിലുള്ള ഔദ്യോഗിക നീല പുസ്തകങ്ങള്‍ 1856, 1857 വര്‍ഷങ്ങളില്‍ ബ്രിട്ടീഷ് ഹൌസ് ഓഫ് കോമണ്‍സിനു മുന്‍പില്‍ വിചാരണയുടെ ഭാഗമായി സമപ്പിച്ചു. ഇതു പ്രകാരം കമ്പനി ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാര്‍ക്കെതിരേ മൃഗീയമായി ക്രൂരതകള്‍ക്ക് കുറ്റാരോപിതരായാലോ കുറ്റക്കാരെന്നു കണ്ടാലോ അവര്‍ക്ക് അനവധി തവണ അപ്പീലുകള്‍ക്ക് പോകുവാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഔദ്യോഗിക നയങ്ങളെയും ഇന്ത്യക്കാര്‍ വെറുത്തു. നികുതി എന്ന പേരില്‍ ഇന്ത്യയില്‍ നിന്നും വളരെയധികം സ്വര്‍ണ്ണം, ആഭരണങ്ങള്‍, വെള്ളി, പട്ട് എന്നിവ ബ്രിട്ടനിലേയ്ക്കു കടത്തിക്കൊണ്ടു പോവുകയും പലപ്പൊഴും ലേലത്തില്‍ വില്‍ക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഇന്ത്യയ്ക്ക് ഒരുകാലത്തുണ്ടായിരുന്ന ബൃഹത്തായ സമ്പത്തും അമൂല്യ രത്നങ്ങളും നഷ്ടപ്പെട്ടു. ഭൂമി നികുതി പിരിക്കുന്നതിനുള്ള എളുപ്പത്തിനുവേണ്ടി താരതമ്യേന കഠിനമായ ജമീന്ദാരി സമ്പ്രദായത്തില്‍ പുനര്‍ക്രമീകരിച്ചു. പല ഭാഗങ്ങളിലും കൃഷിക്കാര്‍ ഭക്ഷ്യ കൃഷികളില്‍ നിന്നും അമരി, ചണം, കാപ്പി, തെയില തുടങ്ങിയ വാണിജ്യ കൃഷികളിലേയ്ക്കു തിരിയാന്‍ നിര്‍ബന്ധിക്കപ്പെട്ടു. തത്ഭലമായി കര്‍ഷകരുടെ ജീവിതം ദുസ്സഹമാവുകയും ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധിക്കുകയും ചെയ്തു. പ്രാദേശീയ വ്യവസായങ്ങള്‍, പ്രത്യേകിച്ചും ബംഗാളിലെയും കിഴക്കേ ഇന്ത്യയിലെയും പ്രശസ്തരായ തുന്നല്‍ക്കാര്‍, ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ കഷ്ടപ്പെട്ടു. പരമ്പരാഗത ബ്രിട്ടീഷ് സ്വതന്ത്രവ്യാപാര നയങ്ങള്‍ക്കനുസരിച്ച് ഇറക്കുമതി ചുങ്കങ്ങള്‍ വളരെ കുറച്ചുവെയ്ച്ചത് ഇന്ത്യയിലേയ്ക്ക് ബ്രിട്ടണില്‍ നിന്നുള്ള വിലകുറഞ്ഞ തുണിത്തരങ്ങള്‍ ധാരാളമായി പ്രവഹിക്കുന്നതിനു കാരണമായി. തദ്ദേശീയ വ്യവസായങ്ങള്‍ക്ക് ഇതിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒരുകാലത്ത് ഇംഗ്ലണ്ടിനു ആവശ്യമായ മേല്‍ത്തരം തുണിത്തരങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന ഇന്ത്യ ബ്രിട്ടണിലേയ്ക്ക് പരുത്തി കയറ്റിയയച്ച് അവിടെനിന്നും വസ്ത്രങ്ങള്‍ ഇന്ത്യക്കാര്‍ വാങ്ങുന്നതിനുവേണ്ടി ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമായി മാറി.
[തിരുത്തുക] യുദ്ധത്തിന്റെ പരിണതഫലം: പുതിയ രാജ്
1857-ലെ ലഹള ഇന്ത്യയിലെ ബ്രിട്ടീഷ് മേല്‍ക്കോയ്മയെ ഉലച്ചു എങ്കിലും അതിനെ നിലംപരിശാക്കിയില്ല. 1857 വരെ ബ്രിട്ടീഷുകാര്‍, പ്രത്യേകിച്ചും ഡല്‍ഹൌസി പ്രഭുവിനു കീഴില്‍, ബ്രിട്ടനുമായി സാമൂഹികവും സാമ്പത്തികവുമായി കിടപിടിക്കുന്ന ഒരു ശക്തിയായി ഇന്ത്യയെ ധൃതഗതിയില്‍ നിര്‍മ്മിക്കുകയായിരുന്നു. വിപ്ലവത്തിനു ശേഷം ബ്രിട്ടീഷുകാര്‍ ഈ ശ്രമങ്ങളില്‍ സംശയാലുക്കളായി. 1857-ലെ വിപ്ലവത്തിന്റെ കാരണങ്ങളെക്കുറിച്ച് ഏറെ വിചിന്തനം നടന്നു. ഇതില്‍ നിന്നും മൂന്നു പ്രധാന പാഠങ്ങള്‍ ഉരുത്തിരിഞ്ഞു.
- കൂടുതല്‍ പ്രായോഗികമായ തലത്തില്‍, ബ്രിട്ടീഷുകാരും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ സംഭാഷണവും സാഹോദര്യവും വേണം എന്ന തോന്നല്‍ ഉണ്ടായി; ഇത് സൈനീക തലത്തില്‍ ബ്രിട്ടീഷ് സേനാ ഉദ്യോഗസ്ഥരും ഇന്ത്യന്‍ ഭടന്മാരും തമ്മില്‍ മാത്രമല്ല, പൌരന്മാര്‍ക്കിടയിലും വേണം എന്ന തോന്നല്‍ ഉണ്ടായി. ഇന്ത്യന്‍ സൈന്യത്തെ പൂര്‍ണ്ണമായും ഉടച്ചുവാര്‍ത്തു: ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ശക്തിയായിരുന്ന ആഗ്രാ, അവധ് ഐക്യ പ്രവിശ്യകളിലെ മുസ്ലീങ്ങളും ബ്രാഹ്മണരും അടങ്ങിയ യൂണിറ്റ് പിരിച്ചുവിട്ടു.[6] ബ്രിട്ടീഷ് അഭിപ്രായത്തില്‍ കൂടുതല്‍ വിശ്വസ്തത ഇന്ത്യക്കാരായി കരുതപ്പെട്ട സിക്കുകാരും ബലൂചികളും അടങ്ങിയ പുതിയ റെജിമെന്റുകള്‍ രൂപീകരിച്ചു. ഇതിനു ശേഷം 1947 വരെ ഇന്ത്യന്‍ കരസേനയുടെ സംഘടനാക്രമം മാറ്റമില്ലാതെ തുടര്‍ന്നു.[7]
- ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തതു വഴി, ഇന്ത്യന്‍ രാജാക്കന്മാരും വലിയ ഭൂവുടമകളും, ലോഡ് കാനിങ്ങിന്റെ അഭിപ്രായത്തില്‍ “കൊടുങ്കാറ്റിലെ തടയണകളായി“ പ്രവര്‍ത്തിച്ചു.[6] ഇവര്‍ക്ക് പുതിയ ബ്രിട്ടീഷ് രാജ് ഇതിനു പകരമായി ഓരോ നാട്ടുരാജ്യവുമായി ഔദ്യോഗികമായി അംഗീകരിയ്ക്കപ്പെട്ടതും ബ്രിട്ടീഷ് രാജ്ഞി ഒപ്പുവെയ്ച്ചതുമായ ഉടമ്പടികള്‍ സ്ഥാപിച്ചു. [7] ഇതേ സമയം, ഐക്യ പ്രവിശ്യകളില്‍ കര്‍ഷകര്‍ക്കുവേണ്ടി വന്‍പിച്ച ഭൂപരിഷ്കരണങ്ങള്‍ നടപ്പാക്കിയിട്ടും വിശ്വസ്തതകാണിക്കാതെ കര്‍ഷകര്‍ പലയിടത്തും തങ്ങളുടെ പഴയ ഭൂവുടമകളോടു ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടി എന്നു വിലയിരുത്തപ്പെട്ടു. തത്ഭലമായി അടുത്ത 90 വര്‍ഷത്തേയ്ക്ക് ഒരു പുതിയ ഭൂപരിഷ്കരണവും നടപ്പാക്കിയില്ല: ബംഗാളും ബിഹാറും വലിയ ജമീന്ദാര്‍മാരുടെ പിടിയില്‍ത്തന്നെ തുടര്‍ന്നു. (പഞ്ജാബിലും ഉത്തര്‍ പ്രദേശിലും സ്ഥിതി വ്യത്യസ്ഥമായിരുന്നു).[7]
- അവസാനമായി, സാമൂഹിക പരിവര്‍ത്തനത്തോടുള്ള ഇന്ത്യന്‍ പ്രതികരണത്തില്‍ ബ്രിട്ടീഷുകാര്‍ നിരാശ പൂണ്ടു. ഒന്നാം സ്വാതന്ത്ര്യസമരം വരെ, ബ്രിട്ടീഷുകാര്‍ സാമൂഹിക പരിഷ്കരണത്തെ ശക്തമായി നടപ്പില്‍ വരുത്താന്‍ ശ്രമിച്ചു, ഉദാഹരണത്തിനു സതി ആചാരത്തില്‍ വില്യം ബെന്റിങ്ക് പ്രഭു വരുത്തിയ നിരോധനം.[6] യുദ്ധത്തിന്റെ ഫലമായി ഇന്ത്യയിലെ ആചാരങ്ങളും സമ്പ്രദായങ്ങളും അവയെ എളുപ്പത്തില്‍ മാറ്റാന്‍ കഴിയാത്ത വിധത്തില്‍ വളരെ ശക്തവും ആഴത്തില്‍ വേരുള്ളതുമാണെന്ന് ബ്രിട്ടീഷുകാര്‍ വിലയിരുത്തി; തത്ഭലമായി സാമൂഹിക രംഗത്ത്, പ്രത്യേകിച്ചും മതപരമായ കാര്യങ്ങളില്‍, പിന്നീട് ഒരു ബ്രിട്ടീഷ് ഇടപെടലുകളും ഉണ്ടായില്ല. ബ്രിട്ടീഷുകാര്‍ക്ക് ഹിന്ദു ബാലവിധവകളുടെ പുനര്‍വിവാഹക്കാര്യത്തില്‍ വളരെ ശക്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുപോലും അവര്‍ ഇടപെടുന്നതില്‍ നിന്നും മാറിനിന്നു. [7]
മുന്‍പ് നിലനിന്ന പല സാമ്പത്തിക, വരുമാന നയങ്ങളും 1857-നു ശേഷവും മാറ്റമില്ലാതെ തുടര്‍ന്നു, എങ്കിലും ഭരണപരമായി പല മാറ്റങ്ങളും ബ്രിട്ടീഷുകാര്‍ അവതരിപ്പിച്ചു. ലണ്ടനില്‍ കാബിനറ്റ് പദവിയായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യ എന്ന പദവി സ്ഥാപിച്ചു. ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ (നാമമാത്രമായി സ്വയംഭരണാവകാശമുള്ള ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍ വൈസ്രോയ് എന്ന് അറിയപ്പെട്ടു) കല്‍ക്കത്ത ആസ്ഥാനമാക്കി ഇന്ത്യയുടെ ഭരണം നടത്തി. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് കൌണ്‍സിലുകള്‍ ഇതില്‍ ഗവര്‍ണര്‍ ജനറലിനെ സഹായിച്ചു. ഗവര്‍ണര്‍ ജനറലിനു കീഴില്‍ ഇന്ത്യയിലെ പ്രവിശ്യകള്‍ക്ക് ഗവര്‍ണര്‍മാര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കുകീഴില്‍ ജില്ലാ ഭരണാധികാരികള്‍ ഭരണം നടത്തി. ജില്ലാ ഭരണാധികാരികള്‍ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ താഴേത്തട്ട് ആയിരുന്നു.
നാട്ടുരാജ്യങ്ങളുമായുള്ള മുന്‍കാല ഉടമ്പടികള്‍ മാനിക്കുമെന്നും ഡോക്ട്രിന്‍ ഓഫ് ലാപ്സ് നിറുത്തലാക്കും എന്നും 1858-ല്‍ ഇന്ത്യയുടെ വൈസ്രോയ് പ്രഖ്യാപിച്ചു. ഡോക്ട്രിന്‍ ഓഫ് ലാപ്സ് അനുസരിച്ച് പുരുഷ അനന്തിരാവകാശികള്‍ ഇല്ലാത്ത നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ സാമ്രാജ്യത്തോടു ചേര്‍ത്തിരുന്നു. ഇന്ത്യന്‍ ഭൂവിഭാഗത്തിന്റെ 40 ശതമാനത്തോളവും ജനസംഘ്യയുടെ 20-25 ശതമാനവും ഹിന്ദു, സിഖ്, മുസ്ലീം, തുടങ്ങിയ മതങ്ങളില്‍ പെട്ട രാജാക്കന്മാരുടെ കീഴില്‍ തുടര്‍ന്നു.
[തിരുത്തുക] സമ്പദ്‌വ്യവസ്ഥയില്‍ ഉള്ള പ്രത്യാഘാതങ്ങള്‍
|
ഇന്ത്യന്‍ റെയില്‍വേയുടെ 1909-ലെ ഭൂപടം. അന്ന് ഇന്ത്യന്‍ റെയില്‍വേ വലിപ്പത്തില്‍ ലോകത്തിലെ നാലാമത്തേതായിരുന്നു. ഇന്ത്യയില്‍ റെയില്‍വേ നിര്‍മ്മാണം 1853-ല്‍ ആരംഭിച്ചു. |
"ലോകത്തിലെ ഏറ്റവും ഗംഭീരമായ റെയില്‍വേ സ്റ്റേഷന്." ബോംബെ വിക്ടോറിയാ ടെര്‍മിനസിന്റെ സ്റ്റീരിയോഗ്രാഫിക് ചിത്രം. വിക്ടോറിയാ ടെര്‍മിനസ് 1888-ല്‍ പൂര്‍ത്തിയായി. |
ആഗ്രാ കനാല്‍ (c. 1873)-ല്‍, പൂര്‍ത്തിയാവുന്നതിന് ഒരു വര്‍ഷം മുന്‍പ്. 1904-ല്‍ ക്ഷാമം പ്രതിരോധിക്കുന്നതിനും ജലസേചനത്തെ സഹായിക്കുന്നതിനുമായി കനാല്‍ അടച്ചിട്ടു. |
ഫാമൈന്‍ കോഡ് നിലവില്‍ വരുത്തിയ വൈസ്രോയ് ആയ റിപ്പണ്‍ പ്രഭു |
[തിരുത്തുക] ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകള്‍
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് താഴെപ്പറയുന്ന പ്രവിശ്യകളായിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്:
- അജ്മീര്‍-മേര്വാര-കേക്രി
- ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
- ആസ്സാം
- ബലൂചിസ്ഥാന്‍
- ബംഗാള്‍
- ബീഹാര്‍
- ബോംബെ പ്രവിശ്യ - ബോംബെ
- മദ്ധ്യ പ്രവിശ്യകളും ബീരാറും
- ഡല്‍ഹി പ്രവിശ്യ - ഡല്‍ഹി
- മദ്രാസ് പ്രവിശ്യ - മദ്രാസ്
- ഉത്തര-പശ്ചിമ അതിര്‍ത്തി പ്രവിശ്യ
- പന്ത്-പിപ്ലോദ
- ഒറീസ്സ
- പഞ്ജാബ്
- സിന്ധ്
- ഐക്യ പ്രവിശ്യകള്‍ (ആഗ്ര, ഔധ്)
ഇതില്‍ പതിനൊന്നു പ്രവിശ്യകള്‍ ഗവര്‍ണര്‍മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു (ആസാം, ബംഗാള്‍, ബീഹാര്‍, ബോംബെ, മദ്ധ്യ പ്രവിശ്യകള്‍, മദ്രാസ്, ഉത്തര-പശ്ചിമ അതിര്‍ത്തി പ്രവിശ്യകള്‍, ഒറീസ്സ, പഞ്ജാബ്, സിന്ധ് എന്നിവ) ബാക്കി ആറു പ്രവിശ്യകള്‍ ചീഫ് കമ്മീഷണറുടെ ഭരണത്തിന്‍ കീഴിലായിരുന്നു (ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ബലൂചിസ്ഥാന്‍, കൂര്‍ഗ്, ഡല്‍ഹി, പന്ത്-പിപ്ലോദ എന്നിവ).
ഇവ അല്ലാതെ നൂറുകണക്കിനു ഇന്ത്യന്‍ നാട്ടുരാജ്യങ്ങള്‍ ബ്രിട്ടീഷ് സംരക്ഷണയില്‍ തദ്ദേശീയരായ നാടുവാഴികള്‍ ഭരിച്ചു. ഇവയില്‍ ഏറ്റവും പ്രശസ്തതമായവയായിരുന്നു ജെയ്പൂര്‍, ഗ്വാളിയാര്‍, ഹൈദ്രബാദ്, മൈസൂര്‍, തിരുവിതാംകൂര്‍, ജമ്മു കാശ്മീര്‍ എന്നിവ.
|
മദ്രാസ് പ്രസിഡന്‍സിയുടെ ഭൂപടം, 1909 |
ബറോഡ സംസ്ഥാനത്തിന്റെ ഭൂപടം, 1909 |
ഹൈദ്രബാദ് സംസ്ഥാനത്തിന്റെ ഭൂപടം, 1909 |
ഉത്തര ബോംബെ പ്രസിഡന്‍സിയുടെ മാപ്പ്, 1909 |
[തിരുത്തുക] കുറിപ്പുകള്‍
- ↑ Firstly the