ഇന്ത്യൻ നാവിക സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോംബേയിലുള്ള ഇന്ത്യൻ നാവിക സമര സ്മാരകം

ബ്രിടീഷ്‌ ഇന്ത്യൻ നാവികസേനയിലെ സൈനികർ 65 വർഷം മുൻപ്‌ നടത്തിയ സമരമാണ് ഇന്ത്യൻ നാവിക സമരം

തുടക്കം[തിരുത്തുക]

സ്വാതന്ത്ര്യവാഞ്ചയുടെ തിരയിളക്കമായി മാറിയ സമരം 1946 ഫെബ്രുവരി 18-ന്‌ ബോംബെയിൽ നങ്കൂരമിട്ടിരുന്ന എച്ച്‌. എം.ഐ.എസ്‌ തൽവാർ എന്ന പടക്കപ്പലിലെ സൈനികരാണ്‌ ആരംഭിച്ചത്‌. ഇന്ത്യക്കാരായ സൈനികർക്കും വെള്ളക്കാർക്കു തുല്യമായ വേതനം നൽകുക, തരംതാണ ആഹാരം വിതരണം ചെയ്യുന്നതു നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആരംഭിച്ച പ്രതിഷേധം ദ്രുതഗതിയിൽ ആളിപ്പടർന്നു. ഇന്ത്യോനേഷ്യയിലേക്കയച്ച ഇന്ത്യൻ പട്ടാളക്കാരെ തിരികെ വിളിക്കുക, തടവിലാക്കപ്പെട്ട ഐ.എൻ.എക്കാരെ മോചിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി സമരം മറ്റു കപ്പലുകളിലേക്കും പടർന്നു. യൂണിയൻ ജാക്ക്‌ പതാകകൾ കപ്പലുകളിലെ കൊടിമരിങ്ങളിൽ നിന്നും താഴെയിറക്കി. ത്രിവർണപതാക, ചന്ദ്രക്കല ചിഹ്നമാക്കിയ പച്ച പതാക, അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചുവപ്പുകൊടി എന്നിവ ഒരുമിച്ച്‌ കൊടിമരങ്ങളിലുയർത്തി. ബോംബെ നഗരത്തിൽ ഒരു ദിവസത്തെ ബന്ദാചരിക്കപ്പെട്ടു.. ഭാരതത്തിന്റെ നാനാഭാഗങ്ങളിലുള്ള നഗരങ്ങളിലേക്കും പ്രക്ഷോഭം പടർന്നു. ബോംബെയിലെ മറൈൻ ഡ്രൈവ്‌, അന്ധേരി എന്നിവിടങ്ങളിലെ വ്യോമസേനാ ക്യാമ്പുകളിലെ സൈനികരും സമരത്തിൽ ചേർന്നു. ജനങ്ങൾ സമരത്തിന്‌ പൂർണപിന്തുണ നൽകി.

കക്ഷിഭേദമില്ലാത്ത സമരം[തിരുത്തുക]

രാഷ്ട്രീയകക്ഷിയും, മതവും നോക്കാതെ ഒന്നിച്ച സമരം ഇന്ത്യൻ ജനതയ്ക്ക്‌ പുതിയൊരനുഭവമായിരുന്നു. പക്ഷേ, ദേശീയ നേതാക്കളുടെ പിന്തുണ ലഭിക്കാഞ്ഞത്‌ പ്രക്ഷോഭത്തെ പ്രതികൂലമായി ബാധിച്ചു. ഗാന്ധിജി സമരത്തെ അതിനിശിതമായി വിമർശിച്ചു. കോൺഗ്രസും മുസ്ലീം ലീഗും സമരത്തിൽ നിന്നു പിൻവാങ്ങാൻ സൈനികരോടാവശ്യപ്പെട്ടു. അതേസമയം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ നാവികർക്ക്‌ പൂർണപിന്തുണ നൽകുകയും തങ്ങളുടെ അംഗങ്ങളെ സഹായവുമായി ഒരുക്കി രംഗത്തിറക്കുകയും ചെയ്തു. കോൺഗ്രസിലെ അരുണ ആസിഫ്‌ അലി, ഇതര നേതാക്കളുടെ സമീപനത്തിൽ നിന്നും വ്യത്യസ്തമായി പ്രക്ഷോഭകാരികളോടൊപ്പം നിന്നു.

പിൻതുണ[തിരുത്തുക]

സമരനേതാവായിരുന്ന എം.എസ്‌. ഖാനും സർദാർ വല്ലഭായി പട്ടേലും തമ്മിൽ ചർച്ച നടന്നു. ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താമെന്ന കോൺഗ്രസിന്റെ ഉറപ്പിനെത്തുടർന്ന്‌ സൈനികർ സമരം പിൻവലിച്ചു. പക്ഷേ പിന്നീട്‌ വ്യാപകമായി അറസ്റ്റുകൾ നടന്നു. പ്രക്ഷോഭത്തിൽ പങ്കാളികളായ സൈനികരെയെല്ലാം കോർട്ട്മാർഷലിനു വിധേയരാക്കി. അനേകം പേർ പിരിച്ചുവിടപ്പട്ടു. അതിലും ദുഖകരമായ വസ്തുത, പിരിച്ചുവിടപ്പെട്ട ഒരൊറ്റ സൈനികനെപ്പോലും സ്വാതന്ത്യപ്രാപ്തിക്കുശേഷം ഭാരതത്തിന്റെയോ പാക്കിസ്ഥാന്റെയോ സേനകളിലേക്ക്‌ തിരിച്ചെടുത്തില്ല എന്നതാണ്‌. സമരത്തിൽ പങ്കെടുത്തവർ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിക്കപ്പെടാൻ 1973 വരെ കാത്തിരിക്കേണ്ടിവന്നു.

അവലംബം[തിരുത്തുക]

  • Naval Mutinies of the Twentieth Century: An International Perspective By Christopher M. Bell. pp212–232.ISBN 0-7146-8468-6
  • A Concise History of Modern India. Barbara Daly Metcalf, Thomas R. Metcalf.pp 212.ISBN 0-521-86362-7

പുറംകണ്ണികൾ[തിരുത്തുക]


Commons:Category
വിക്കിമീഡിയ കോമൺസിലെ Bombay Mutiny എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഇന്ത്യൻ_നാവിക_സമരം&oldid=1689990" എന്ന താളിൽനിന്നു ശേഖരിച്ചത്