ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈസ്റ്റ് ഇന്ത്യാ കമ്പനി | |
|---|---|
| സ്ഥിതി | പിരിച്ചുവിട്ടു, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷ് കിരീടം ഏറ്റെടുത്തു |
| സ്ഥാപിതം | 1600 |
| നിന്നുപോയത് | 1858 |
| സ്ഥലം | ലണ്ടന്‍ |
പൊതുവേ ഈസ്റ്റ് ഇന്ത്യാ ട്രേഡിങ്ങ് കമ്പനി എന്നും, തദ്ദേശീയമായി പലപ്പോഴും "ജോണ്‍ കമ്പനി" എന്നും[1], ഇന്ത്യയില്‍ "കമ്പനി ബഹദൂര്‍" എന്നും അറിയപ്പെട്ട ഓണറബിള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി (എച്.ഐ.ഇ.സി), ഒരു ആദ്യകാല ജോയിന്റ് സ്റ്റോക്ക് കമ്പനി ആയിരുന്നു. (ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആയിരുന്നു പൊതു സ്റ്റോക്ക് ഇറക്കിയ ആദ്യത്തെ കമ്പനി). കമ്പനിയുടെ പ്രധാന കച്ചവടം പരുത്തി, പട്ട്, നീലമരി, വെടിയുപ്പ്, തെയില, കഞ്ചാവ് എന്നിവയായിരുന്നു.
ഇന്ത്യയില്‍ കച്ചവട അവകാശങ്ങള്‍ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബര്‍ 31-നു എലിസബത്ത് I രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നല്‍കി. ഈ അനുമതി പത്രത്തിന്റെ ഭലമായി പുതുതായി രൂപീകരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കന്‍ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളില്‍ 21 വര്‍ഷത്തെ കുത്തുക ലഭിച്ചു[2]
മേഖലയില്‍ ശക്തരായിരുന്ന വിവിധ യുറോപ്യന്‍ കമ്പനികള്‍ തമ്മിലുള്ള മല്‍സരം മൂലം സാധനങ്ങളുടെ വാങ്ങല്‍ വിലയില്‍ കാര്യമായ വര്‍ദ്ധനവ് വരുകയും കമ്പനികള്‍ക്കുള്ള ലാഭത്തില്‍ കാര്യമായ കുറവ് സംഭവിക്കാനും തുടങ്ങി. ഇതോടെ കമ്പനികള്‍ തമ്മില്‍ സ്പര്‍ദ്ധ ഉടലെടുക്കുകയും പരസ്പരം പോരാട്ടം തുടങ്ങുകയും ചെയ്തു. എതിരാളികളുടെ കപ്പലുകള്‍ മുക്കുക, വഴി തടയുക തുടങ്ങിയവ പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളീല്‍ സാധാരണമായി. അങ്ങനെ കച്ചവടം ആയുധസമേതമായി മാറുകയും, പണ്ടീകശാലകള്‍ കോട്ടകളായി പരിണമിക്കുകയും ചെയ്തു. ഈ കിടമത്സരത്തില്‍ വിജയം വരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മേഖലയിലെ വന്‍ശക്തിയായി മാറി[2].
കാലക്രമേണ കമ്പനി ഭരണപരവും സൈനീകവുമായ ശക്തിയും സ്വാംശീകരിച്ചതോടെ ഒരു വാണിജ്യ വ്യാപാര സ്ഥാപനത്തില്‍ നിന്നും കമ്പനി ഇന്ത്യയെയും ഏഷ്യയിലെ മറ്റ് കോളണികളെയും ഭരിക്കുന്ന ഒരു സംവിധാനമായി പരിണമിച്ചു. ഇത് ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം 1858-ല്‍ ബ്രിട്ടീഷ് കിരീടം ഭരണം ഏറ്റെടുക്കുന്നതുവരെ തുടര്‍ന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ബ്രിട്ടീഷ് രാജകീയഅനുമതിപത്രം ലഭിച്ചതിനെത്തുറ്റര്‍ന്ന് കിഴക്കന്‍ പ്രദേശത്തേക്കുള്ള കമ്പനിയുടെ കച്ചവടത്തിന് ഇംഗ്ലണ്ടില്‍ നിന്ന് എതിരാളികള്‍ ആരുമുണ്ടായിരുന്നില്ലെങ്കിലും 1498-ല്‍ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി പുതിയ കടല്‍പ്പാത തെളിച്ച വാസ്കോ ഡ ഗാമയുടെ പിന്‍ഗാമികളായ പോര്‍ച്ചുഗീസുകാര്‍ ഗോവ കേന്ദ്രമാക്കി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു. ഇതിനു പുറമേ ഡച്ചുകാരും, ഫ്രഞ്ചുകാരും ഇവിടെ പ്രബലരായിരുന്നു. എല്ലാ കമ്പനികള്‍ക്കും ആവശ്യമുള്ള സാധങ്ങള്‍ ഏതാണ്ട് ഒന്നുതന്നെ ആയിരുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ച മികച്ച നിലവാരമുള്ള പരുത്തി, പട്ട് തുണികള്‍, കുരുമുളക് പോലെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയായിരുന്നു ഇതില്‍ മുഖ്യം[2].
1600-ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപീകരണത്തിനു ശേഷം നിരവധി കച്ചവടക്കപ്പലുകള്‍ കമ്പനി ഇന്ത്യയിലേക്കയച്ചു. തിരിച്ചെത്തിയ ഓരോ കപ്പലിന്റേയും ലാഭം 234% ആയിരുന്നു. 1608 ഓഗസ്റ്റ് 24-ന് സൂറത്ത് തുറമുഖത്ത് നങ്കൂരമിട്ട കമ്പനിയുടെ ഹെക്റ്റര്‍ എന്ന കപ്പലിലാണ് ഇന്ത്യന്‍ തീരത്ത് ഇംഗ്ലീഷ് പതാക ആദ്യമായി പാറിയത്. ഈ കപ്പലില്‍ ഇന്ത്യയിലെത്തിയ വില്ല്യം ഹോക്കിന്‍സ് 1609-ല്‍ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിനെ സന്ദര്‍ശിക്കുന്നതിനായി സൂറത്തില്‍ നിന്നും ആഗ്രക്ക് യാത്ര തിരിച്ചു. അക്കാലത്ത് പ്രബലരായിരുന്ന പോര്‍ച്ചുഗീസുകാരുമായുള്ള വ്യാപാരത്തില്‍ മടുത്ത് മുഗള്‍ ചക്രവര്‍ത്തി ഇംഗ്ലീഷുകാരെസ്വാഗതം ചെയ്യുകയും സൂറത്തില്‍ കമ്പനിക്ക് ഒരു പണ്ടികശാല പണിയാനുള്ള അനുവാദം നല്‍കുകയും ചെയ്തു[3].
ഇതോടെ പോര്‍ത്തുഗീസുകാര്‍ ഇംഗ്ലീഷ് കപ്പലുകളെ ആക്രമിക്കാന്‍ ആരംഭിച്ചു. ഈ ആക്രമണങ്ങളെ അതിജീവിച്ച് ക്യാപ്റ്റന്‍ ബെസ്റ്റ് പോര്‍ച്ചുഗീസുകാരെ തോല്പ്പിച്ചു. ഈ വിജയം സൂറത്തിനെ വാണിജ്യകേന്ദ്രമായി വികസിപ്പിക്കാന്‍ ഇംഗ്ലീഷുകാരെ സഹായിച്ചു. 1615-ല്‍ പോര്‍ത്തുഗീസുകാര്‍ വീണ്ടും സൂറത്തില്‍ വച്ച് ഇംഗ്ലീഷ് കപ്പലുകളെ ആക്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 1615 മുതല്‍ 1618 വരെ ഇംഗ്ലണ്ടിലെ ജെയിംസ് രാജാവിന്റെ ആദ്യ സ്ഥാനപതിയായി സര്‍ തോമസ് റോവിനെ, മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ അനുവദിച്ചു. 1635-ല്‍ ഇന്ത്യയുടേ പടിഞ്ഞാറന്‍ തീരങ്ങളില്‍ മുഴുവന്‍ വാണിജ്യം നടത്താനുള്ള അനുമതി കമ്പനി നേടിയെടുത്തു. കമ്പനി ഉദ്യോഗസ്ഥനായിരുന്ന ഫ്രാന്‍സിസ് ഡേ മദ്രാസില്‍ സ്ഥലമെടുത്ത് സെയിന്റ് ജോര്‍ജ്ജ് കോട്ട പണിത് കമ്പനിയുടെ വികാസം കിഴക്കന്‍ തീരത്തേക്കു കൂടി വ്യാപിച്ചു. ഇതിനുപുറമേ ബംഗാളിലെ നവാബും ഹൂഗ്ലീ നദിക്കരയില്‍ ഒരു പാണ്ടികശാല പണിയുന്നതിനുള്ള അനുമതി ബംഗാള്‍ നവാബ് നല്‍കിയെങ്കിലും അവിടെ കോട്ട കെട്ടുന്നതിനെ അദ്ദേഹം എതിര്‍ത്തു[3].
1674-ല്‍ത്തന്നെ പോണ്ടിച്ചേരിയില്‍ ഒരു പാണ്ടികശാലയും കോട്ടയും പണിത് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ കരുത്താര്‍ജ്ജിച്ചിരുന്നു. പോണ്ടിച്ചേരിക്കു പുറമേ മറ്റു പലയിടങ്ങളീലും ഫ്രഞ്ചുകാര്‍ക്ക് കേന്ദ്രങ്ങളുണ്ടായിരുന്നു. 1707-ലെ ഔറംഗസേബിന്റെ മരണത്തിനു ശെഷം മുഗള്‍ സാമ്രാജ്യം ശിഥിലമാകുകയും ഉപഭൂഖണ്ഡത്തിലാകമാനം ഒരു രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കുകയും ചെയ്തു. ഈ അസ്ഥിരത മുതലെടുത്ത് ഇന്ത്യയുടെ ഭരണനിയന്ത്രണം കൈക്കലാക്കാന്‍ 1741-ല്‍ ഇന്ത്യയിലെ ഫ്രഞ്ച് കേന്ദ്രങ്ങളുടെ ഗവര്‍ണറായി ചുമതലയേറ്റ ഡ്യൂപ്ലെയിക്സ് പദ്ധതിയിട്ടു. ഭരണാധികഅരികളുമായി സഖ്യമുണ്ടാക്കിയും പാവഭരണഅധികാരികളെ ഭരണത്തില്‍ പ്രതിഷ്ഠിച്ചും കര്ണാടകവും ഹൈദരബാദും അടക്കമുള്ള ദക്ഷിണേന്ത്യയുടെ നിയന്ത്രണം ഏതാണ്ട് ഫ്രഞ്ചുകാരുടെ കൈക്കലായി. 1746-ല്‍ ഫ്രഞ്ചുകാര്‍ മദ്രാസ് പിടിച്ചടക്കുകയും ചെയ്തു. 1751-ല്‍ റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള കമ്പനി സൈന്യം ഫ്രഞ്ചുകാരെ പരാജയപ്പെടുത്തുകയും ഡെക്കാന്റെ ഭരണകേന്ദ്രമായിരുന്ന ആര്‍ക്കോട്ട് പിടിക്കുകയും ഫ്രാന്‍സിന്തേയും ഡ്യൂപ്ലെക്സിന്തേയും ആഗ്രഹങ്ങള്‍ വിഫലമാക്കുകയും ചെയ്തു. ദക്ഷീണേന്ത്യയില്‍ ഫ്രഞ്ചുകാര്‍ക്കെതിരെയുള്ള ബ്രിട്ടീഷ് വിജയം പൂര്‍ത്തിയാക്കിയത് സര്‍ ഐര്‍ കൂട്ടാണ്. പോണ്ടിച്ചേരിയിലെ കോട്ടയില്‍ കുടുങ്ങിയ ഫ്രഞ്ചുകാര്‍ അദ്ദേഹത്തിനു മുന്നില്‍ കീഴടങ്ങി[3].
കോട്ട വിപുലപ്പെടുത്തുന്നതിനെയും മറ്റും ചൊല്ലി ബംഗാള്‍ നവാബും കമ്പനിയുമായുള്ള തര്‍ക്കം രൂക്ഷമാകുകയും, ഇതിനെത്തുടര്‍ന്ന് നവാബുമായുണ്ടായ ഏറ്റുമുട്ടലില്‍ കമ്പനിക്ക് കല്‍ക്കത്തയിലേക്ക് പിന്‍വാങ്ങേണ്ടീ വന്നു. കല്‍ക്കത്തയില്‍ നിന്നും രണ്ടു വട്ടം നവാബ് ഇംഗ്ലീഷുകാരെ തുരത്തിയെങ്കിലും 1690-ല്‍ കമ്പനി കല്‍ക്കത്തയില്‍ തിരിച്ചെത്തുകയും 1698-ല്‍ ഇവിടെ സെയിന്റ് വില്ല്യം കോട്ട പണിതീര്‍ക്കുകയും ചെയ്തു.
ഫ്രഞ്ചുകാരെ തോല്പ്പിച്ച് റോബര്‍ട്ട് ക്ലൈവ് മദ്രാസില്‍ നിന്ന് കല്‍ക്കട്ടയിലെത്തുകയും കല്‍ക്കട്ട നവാബില്‍ നിന്നും തിരിച്ചു പിടിക്കുകയും ചെയ്തു. അതോടൊപ്പം ചന്ദര്‍ നഗറിലെ ഫ്രഞ്ച് കേന്ദ്രവും ക്ലൈവ് പിടിച്ചെടുത്തു. തൊട്ടടുത്ത വര്‍ഷം (1757-ല്‍) പ്ലാസി യുദ്ധത്തില്‍ നവാബിനെ തോല്പ്പിച്ച് ബംഗാളില്‍ അധികാരമുറപ്പിക്കുകയും മിര്‍ ജാഫര്‍ എന്ന പാവ ഭരണാധികാരിയെ നവാബായി പ്രതിഷ്ഠിക്കുകയും ചെയ്തു[3]..
[തിരുത്തുക] പ്ലാസി യുദ്ധം
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലായി കണക്കാക്കുന്ന യുദ്ധമാണ് പ്ലാസി യുദ്ധം. 1651-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിലെ ഹൂഗ്ലീ നദിക്കരയില്‍ ഒരു ഫാക്റ്ററി ആരംഭിച്ചു. ഫാക്റ്റേര്‍സ് (factors) എന്ന് അറിയപ്പെട്ടിരുന്ന കമ്പനിക്കച്ചവടക്കാര്‍ ഇവിടം കേന്ദ്രമാക്കിയായിരുന്നു കച്ചവടം നടത്തിപ്പോന്നത്. കയറ്റി അയക്കാനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഒരു സംഭരണശാലയും ജീവനക്കാര്‍ക്ക് ഇരിക്കുന്നതിനുള്ള കാര്യാലയങ്ങളുമാണ് ഇവിടെ ഉണ്ടായിരുന്നത്. കച്ചവടം പുരോഗമിച്ചതോടെ മറ്റു കച്ചവടക്കാരോടും ഈ ഫാക്റ്ററിക്ക് സമീപം വാസമുറപ്പിക്കുന്നതിന് കമ്പനി ആവശ്യപ്പെട്ടു. 1696-ല്‍ ഈ ആവാസമേഖലക്കു ചുറ്റുമായി ഒരു കോട്ട പണികഴിപ്പിക്കുവാനാരംഭിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മുഗള്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കി പ്രദേശത്തെ മൂന്നു ഗ്രാമങ്ങളുടെ ജമീന്ദാര്‍ അധികാരം കമ്പനി കരസ്ഥമാക്കി. ഇതിലൊന്നായിരുന്നു കാളികട്ട. ഇവിടം പില്‍ക്കാലത്ത് കല്‍ക്കത്ത എന്ന പേരില്‍ വികാസം പ്രാപ്ച്ചു. പില്‍ക്കാലത്ത് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ്, നികുതിരഹിതവഅണിജ്യത്തിനും കമ്പനിക്ക് അനുമതി നല്‍കി.
എന്നാല്‍ ഔറംഗസേബിന്റെ ഈ അനുമതിയിലൂടെ കമ്പനിക്ക് മാത്രമേ നികുതിയിളവ് നല്‍കിയിരുന്നുള്ളൂ. കമ്പനി ഉദ്യോഗസ്ഥര്‍ സ്വകാര്യമായി നടത്തിയിരുന്ന കച്ചവടത്തിന് നികുതി നല്‍കേണ്ടിയിരുന്നു. എന്നാല്‍ കമ്പനി ഉദ്യോഗസ്ഥര്‍ ഇതിന് വിസമ്മതിക്കാനാരംഭിച്ചു. ഔറംഗസേബിന്റെ മരണത്തോടെ ബംഗാള്‍ നവാബിന് ഏറെക്കുറേ സ്വയംഭരണാവകാശം സിദ്ധിക്കുകയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താനാരംഭിക്കുകയും ചെയ്തു. ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെതന്നെ ബംഗാള്‍ നവാബും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി[2].
ഇക്കാലത്ത് ബംഗാള്‍ നവാബായിരുന്ന മുര്‍ഷിദ് ഖിലി ഖാനും, തുടര്‍ന്നുവന്ന അലിവര്‍ദി ഖാനും സിറാജ് ഉദ്ദ് ദൗളയും വളരെ ശക്തരായ ഭരണാധികാരികളായിരുന്നു. ഇവര്‍ കമ്പനിക്ക് ഇളവുകള്‍ നല്‍കാന്‍ വിസമ്മതിക്കുകയും കച്ചവടത്തിന് വന്‍തോതിലുള്ള കപ്പം ഈടാക്കുകയും ചെയ്തു. ഇതിനു പുറമേ കമ്പനിക്ക് നാണയങ്ങള്‍ പുറത്തിറക്കുന്നതിനും കോട്ടകള്‍ വിപുലപ്പെടുത്തുന്നതിലും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
ഇതിനിടെ സിറാജ് ഉദ് ദൗളക്ക് പകരം കമ്പനിയുടെ ചൊല്പ്പടിക്ക് നില്‍ക്കുന്ന മറ്റാരെയെങ്കിലും ബംഗാളിലെ നവാബാക്കാനായും കമ്പനി ശ്രമം നടത്തി. ഇതില്‍ കുപിതനായ ദൗള കാസ്സിംബസാറിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫാക്റ്ററി ആക്രമിച്ചു. അദ്ദേഹം കമ്പനി ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയും, സംഭരണശാല അടച്ചുപൂട്ടുകയും, എല്ലാ ഇംഗ്ലീഷുകാരേയും നിരായുധരാക്കുകയും, കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 146- ഇംഗ്ലീഷുകരെ സിറാജുദ്ദൗള ഒരു ചെറിയ മുറിക്കുള്ളില്‍ പൂട്ടിയിടുകയും ഇതില്‍ 123 പേര്‍ പിറ്റേന്ന് രാവിലെയായപ്പോഴേക്കും മരണമടയുകയും ചെയ്തു. "ബ്ലാക്ക് ഹോള്‍" എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്[3].
കല്‍ക്കത്തയിലെ പരാജയത്തിന്റെ വിവരമറിഞ്ഞ മദ്രാസിലെ കമ്പനി അധികാരികള്‍ റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തില്‍ സൈന്യത്തെ കല്‍ക്കത്തയിലേക്കയച്ചു. നവാബുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിനെത്തുടര്‍ന്ന് 1757-ല്‍ റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള കമ്പനി സൈന്യം പ്ലാസിയില്‍ വച്ച് നവാബിന്റെ സൈന്യവുമായി ഏറ്റുമുട്ടി. ഈ യുദ്ധത്തില്‍ സിറാജ് ഉദ്ദ് ദൗള പരാജയപ്പെട്ടു.
ഈ യുദ്ധത്തില്‍ നവാബിന്റെ ഒരു സേനാനായകനായിരുന്ന മിര്‍ ജാഫറിനെ യുദ്ധാനന്തരം നവാബ് സ്ഥാനം നല്‍കാമെന്ന വ്യവസ്ഥയില്‍ റോബര്‍ട്ട് ക്ലൈവ് വശത്താക്കി. അതുകൊണ്ട് മിര്‍ ജാഫറിന്റെ കീഴിലുണ്ടായിരുന്ന സൈനികവിഭാഗം യുദ്ധത്തില്‍ നിന്നു വിട്ടുനിന്നു. ഇതാണ് സിറാജ് ഉദ്ദ് ദൗള യുദ്ധത്തില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം.
ഇന്ത്യയില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ച ആദ്യത്തെ പ്രധാനപ്പെട്ട യുദ്ധമാണ് പ്ലാസി യുദ്ധം. അതുകൊണ്ട് ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിന്റെ ആദ്യത്തെ നാഴികക്കല്ലായി പ്ലാസി യുദ്ധം കണക്കാക്കപ്പെടുന്നു.
പ്ലാസി യുദ്ധത്തിനു ശേഷം സിറാജുദ്ദൌള കൊല്ലപ്പെടുകയും ഉടമ്പടിപ്രകാരം മിര്‍ ജാഫര്‍ നവാബായി അധികാരമേല്‍ക്കുകയും ചെയ്തു. ഇക്കാലയളവിലും കച്ചവടം പുരോഗമിപ്പിക്കുക എന്നല്ലാതെ ഭരണം നേരിട്ട് നടത്തുന്നതില്‍ കമ്പനി വിമുഖരായിരുന്നു[2].
മിര്‍ ജാഫര്‍ കമ്പനിയുമായി തെറ്റിപ്പിരിഞ്ഞപ്പോള്‍, കമ്പനി മിര്‍ കാസിമിനെ നവാബാക്കി. പിന്നീട് മിര്‍ കാസിമും കമ്പനിയുമായി തെറ്റിപ്പിരിയുകയും 1764-ലെ ബക്സര്‍ യുദ്ധത്തില്‍ കമ്പനി മിര്‍ കാസിമിനെ പരാജയപ്പെടുത്തി ബംഗാളില്‍ നിന്നും നാടുകടത്തുകയും മിര്‍ ജാഫറിനെത്തന്നെ വീണ്ടും നവാബാക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നുള്ള കരാറനുസരിച്ച് പ്രതിമാസം 5 ലക്ഷം രൂപ വീതം നവാബ് കമ്പനിക്ക് നല്‍കേണ്ടീയിരുന്നു. 1765-ല്‍ മിര്‍ ജാഫര്‍ മരിക്കുകയും, ബംഗാളിലെ ഭരണം കമ്പനി നേരിട്ട് ഏറ്റെടുത്തതായി റോബര്‍ട്ട് ക്ലൈവ് പ്രഖ്യാപിച്ചു. ഇതോടെ മുഗള്‍ ചക്രവര്‍ത്തിയും ബംഗാള്‍ പ്രവിശ്യയുടെ ദിവാന്‍ ആയി കമ്പനിയെ ചുമതലയേല്പ്പിച്ചു. ഇതോടെ ബംഗാള്‍ പ്രവിശ്യയില്‍ നിന്ന് ലഭിക്കുന്ന നികുതിവരുമാനം ഉപയോഗിച്ചു തന്നെ ഇന്ത്യയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ബ്രിട്ടണിലെത്തിക്കാന്‍ കമ്പനിക്കു കഴിഞ്ഞു. പ്ലാസി യുദ്ധത്തിനു മുന്‍പ് ബ്രിട്ടണില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ചാണ് കമ്പനി ഇന്ത്യയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിച്ചത്. ബ്രിട്ടണില്‍ നിന്നുള്ള സ്വര്‍ണ്ണത്തിന്റെ വരവ് യുദ്ധത്തിനു ശേഷം വളരെയധികം കുറഞ്ഞു[2]..
[തിരുത്തുക] റെസിഡന്റുമാരുടെ നിയമനം
ഇന്ത്യന്‍ നാട്ടുരാജ്യങ്ങള്‍ കമ്പനിഭരണത്തിന്‍ കീഴിലാക്കുന്നതിന് നേരിട്ടുള്ള യുദ്ധങ്ങള്‍ കമ്പനി വളരെ അപൂര്‍വമായേ നടത്തിയിരുന്നുള്ളൂ. മറീച്ച് രാഷ്ട്രീയവും, ധനപരവും, നയതന്ത്രപരവുമായ രീതികളാണ് ഇതിനായി കമ്പനി കൂടുതലും അവലംബിച്ചത്. 1764-ലെ ബക്സര്‍ യുദ്ധത്തിനു ശേഷം ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ റെസിഡന്റുമാരെ നിയമിച്ചു. കമ്പനിയുടെ താല്പര്യങ്ങള്‍ ഈ രാജ്യങ്ങളില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള രാഷ്ട്രീയ-വാണിജ്യ പ്രതിനിധിയായിരുന്നു റെസിഡന്റ്. കിരീടവകാശിയെ നിശ്ചയിക്കല്‍, പ്രധാനപ്പെട്ട ഭരണതസ്തികകളിലെ നിയമനം തുടങ്ങിയ നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ റെസിഡന്റുമാരിലൂടെ, കമ്പനി, ഇടപെടാനാരംഭിച്ചു. ഇതിനു പുറമേ കമ്പനിയുടെ മേല്‍ക്കോയ്മയിലുള്ള സഖ്യരാജ്യങ്ങളാക്കാനും കമ്പനി ശ്രമം നടത്തി. ഇത്തരം സഖ്യത്തിന്റെ ഉടമ്പടിപ്രകാരം നാട്ടുരാജ്യങ്ങള്‍ക്ക് സ്വതന്ത്രമായ സായുധസൈന്യം പാടില്ലായിരുന്നു. രാജ്യത്ത്തില്‍ നിന്നും കപ്പം സ്വീകരിച്ച് രാജ്യത്തിനുള്ള സൈനികസഹായം കമ്പനി നല്‍കിപ്പോന്നു. കപ്പം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ച രാജാക്കന്മാരില്‍ നിന്ന് കമ്പനി ഭൂമി പിടിച്ചെടുത്തിരുന്നു. റിച്ചാര്‍ഡ് വെല്ലസ്ലി ഗവര്‍ണര്‍ ജനറല്‍ ആയിരിക്കുന്ന കാലത്ത് അവധിലെ നവാബ് 1801-ല്‍ ഇത്തരത്തില്‍ തന്റെ അധീനപ്രദേശത്തിന്റെ പകുതി ഭാഗം കമ്പനിക്ക് നല്‍കിയിരുന്നു. ഹൈദരാബാദിനും ഇത്തരത്തില്‍ കമ്പനിക്ക് ഭൂമി നല്‍കേണ്ടതായി വന്നു[2].
[തിരുത്തുക] മറ്റുള്ള പ്രധാന യുദ്ധങ്ങള്‍
ഫ്രഞ്ചുകാരേയും ബംഗാള്‍ നവാബിനേയും തോല്പ്പിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ സ്വതന്ത്രഭരണം ആരംഭിച്ചു. ആക്രമണങ്ങളിലൂടെയും സന്ധികളിലൂടെയു അധികാരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിരവധി ഇന്ത്യന്‍ ഭരണാധികഅരികള്‍ കമ്പനിയുടെ സംരക്ഷണവും രക്ഷകര്‍ത്‌ത്വവും ആവശ്യപ്പെട്ട് സാമന്തരായി. എതിര്‍ത്തു നിന്ന പലരേയും കമ്പനി ആക്രമിച്ചു കീഴടക്കി.
1761 മുതല്‍ 1782 വരെ ഭരിച്ച ഹൈദര്‍ അലിയുടേയും 1782 മുതല്‍ 1799 വരെ ഭരിച്ച ഹൈദര്‍ അലിയുടെ പുത്രന്‍ ടിപ്പു സുല്‍ത്താന്റേയും നേതൃത്വത്തില്‍ മൈസൂര്‍ ശക്തിയാര്‍ജ്ജിച്ചു. കമ്പനി കുരുമുളകും ഏലവും വാങ്ങിയിരുന്ന മലബാര്‍ തീരം മൈസൂരിന്റെ നിയന്ത്രണത്തിലായിരുന്നു. 1785-ല്‍ തന്റെ സാമ്രാജ്യതിര്‍ത്തിയിലുള്ള തുറമുഖങ്ങളിലൂടെയുള്ള ചന്ദനം, കുരുമുളക്, ഏലം എന്നിവയുടെ കയറ്റുമതി ടിപ്പു സുല്‍ത്താന്‍ നിരോധിക്കുകയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള എല്ലാ വ്യാപാരളില്‍ നിന്നും തദ്ദേശവ്യാപാരികളെ വിലക്കി. മറുവശത്ത് ഫ്രഞ്ചുകാരുമായി ശക്തമായ ബന്ധവും ടിപ്പു സുല്‍ത്താന്‍ സ്ഥാപിക്കുകയും അവരുടെ സഹായത്തോടെ തന്റെ സൈന്യത്തെ ടീപ്പു നവീകരിക്കുകയും ചെയ്തു.
മൈസൂരിന്റെ ശക്തി ഭീഷണിയാകുമെന്ന് കരുതിയ കമ്പനി മൈസൂരിനെ ആക്രമിക്കാനാരംഭിച്ചു. 1767-69, 1780-84, 1790-92, 1799 എന്നീ കാലയളവുകളില്‍ നാല് പ്രധാനപ്പെട്ട യുദ്ധങ്ങള്‍ കമ്പനി മൈസൂരിനെതിരെ നടത്തി. ആദ്യമൊക്കെ ഹൈദര്‍ അലിക്കും ടിപ്പുവിനും മുന്‍പില്‍ പരാജയപ്പെടുത്തിയ കമ്പനി, മറാഠകളുടേയും, ഹൈദരാബാദ് നിസാമിന്റേയും സഹായത്തോടെ സംയുക്തസൈന്യം രൂപീകരിച്ച് 1792-ല്‍ മൈസൂരിനെ ആക്രമിക്കുകയും, ടിപ്പുവിന്റെ രണ്ടു മക്കളെ ബന്ധികളായി കമ്പനി പിടിക്കുകയും, ഒരു സന്ധി ഉടമ്പടീയില്‍ ഒപ്പു വക്കാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്തു.
1999-ല്‍ അവസാനത്തെ യുദ്ധമായ ശ്രീരംഗപട്ടണം യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ മൈസൂര്‍ പിടീക്കുകയും ടിപ്പു ഈ യുദ്ധത്തില്‍ മരിക്കുകയും ചെയ്തു. പകരം മൈസൂരിലെ പഴയ ഭരണാധികഅരികളായ വൊഡെയാര്‍ വംശത്തെ ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മ അംഗീകരിച്ച് ഭരണത്തില്‍ പ്രതിഷ്ടിക്കുകയും ചെയ്തു.
1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തിലെ പരാജയത്തിനു ശേഷം ദില്ലി പിടീച്ചെടുക്കാനുള്ള മറാഠകളുടെ സ്വപ്നം വിഫലമായി. സിന്ധ്യ, ഹോള്‍ക്കര്‍, ഗൈക്ക്‌വാദ്, ഭോണ്‍സ്ലേ എന്നിങ്ങനെ വിവിധ വംശങ്ങളിലെ നേതാക്കന്മാരുടെ (സര്‍ദ്ദാര്‍) കീഴില്‍ വിവിധ രാജ്യങ്ങളായി അവര്‍ പിരിഞ്ഞു. പേഷ്വയുടെ കീഴില്‍ പൂണെ ആസ്ഥാനമാക്കി ഈ മറാഠ നേതാക്കള്‍ ഒരു സഖ്യമുണ്ടാക്കി അനവധി യുദ്ധങ്ങള്‍ ഇവര്‍ കമ്പനിക്കെതിരെ നടത്തി. 1782-ലെ ആദ്യ ആംഗ്ലോ-മറാഠ യുദ്ധം സല്‍ബായ് സന്ധിയില്‍ അവസാനിച്ചു. 1803-05 കാലഘട്ടത്തിലെ രണ്ടാം ആംഗ്ലോ-മറാഠ യുദ്ധത്തിനു ശേഷം ഒറീസ, ഡെല്‍ഹിയും ആഗ്രയുമടക്കം യമുനാനദിക്കു വടക്കുള്ള പ്രദേശങ്ങള്‍ കമ്പനിക്കു കീഴിലായി. 1817-19 കാലത്ത് നടന്ന മൂന്നാം മറാഠ യുദ്ധത്തില്‍ മറാഠകള്‍ പൂര്‍ണമായും തോല്പ്പിക്കപ്പെടുകയും പേഷ്വയെ കാണ്‍പൂരിനടുത്തുള്ള ബിതുറിലേക്ക് നാടുകടത്തുകയും ചെയ്തു. ഇതോടെ വിന്ധ്യനു തെക്കുള്ള എല്ലാ പ്രദേശങ്ങളുടേയും നിയന്ത്രണം കമ്പനിക്ക് വന്നു ചേര്‍ന്നു<ncert8-2/>.
സിഖുകാരുടെ ശക്തമായ ചെറുത്തുനില്പ്പിനു ശേഷം 1849-ലെ രണ്ടാം സിഖ് യുദ്ധത്തില്‍ പഞ്ചാബ് കമ്പനിയുടെ കീഴിലായി[3].
[തിരുത്തുക] ശിപായി ലഹള
1857-ല്‍ മീററ്റില്‍ കമ്പനിയിലെ തദ്ദേശീയരായ സൈനികര്‍ (ശിപായികള്‍) നിസ്സഹകരണം ആരംഭിക്കുകയും അവരുടെ മേലുദ്യോഗസ്ഥരെ വധിക്കുകയും ചെയ്തു. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നും ശിപായി ലഹള എന്നും അറിയപ്പെട്ട ഈ ലഹള ഉത്തരേന്ത്യയിലാകെ പടര്‍ന്നു പിടിച്ചു. ലഹളക്ക് പല കാരണങ്ങളുണ്ടായിരുന്നെങ്കിലും അതില്‍ പ്രധാനം മതപരമായ കാരണങ്ങളായിരുന്നു.
ശിപായിമാര്‍ക്ക് തോക്കില്‍ നിറക്കാന്‍ കൊടുക്കുന്ന വെടിയുണ്ടകളുടെ കടലാസ് കവചം കടിച്ചുകീറിയാണ് അത് തോക്കില്‍ നിറച്ചിരുന്നത്. വെടിയുണ്ടകള്‍ക്കു മുകളില്‍ തേച്ചിരിക്കുന്ന ഗ്രീസ് പശുവിന്റെ കൊഴുപ്പില്‍ നിന്ന് ഉല്പാദിപ്പിക്കുന്നതാണെന്ന് ഹിന്ദുക്കള്‍ക്കിടയിലും, പന്നിയുടെ കൊഴുപ്പില്‍ നിന്നും ഉണ്ടാക്കുന്നതാണെന്ന് മുസ്ലീങ്ങള്‍ക്കിടയിലും പ്രചരിച്ചിരുന്നു. പശുവിനെ ദൈവീകമായി കണക്കാക്കുന്ന ഹിന്ദുക്കള്‍ക്കിടയിലും, പന്നിയെ തൊട്ടുകൂടാന്‍ പാടില്ലാത്ത മൃഗമായി കണക്കാക്കുന മുസ്ലീങ്ങള്‍ക്കിടയിലും ലഹള പടരുന്നതിന് ഈ പ്രചരണം ആക്കം കൂട്ടി.
ഈ ലഹളയെ കമ്പനി അടിച്ചമര്‍ത്തിയെങ്കിലും ഇന്ത്യയിലെ കമ്പനിഭരണത്തിന്റെ അന്ത്യത്തിനും ഈ ലഹള കാരണമായി 1876-ല്‍ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും വിക്റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയാകുകയും ചെയ്തു[3]..
[തിരുത്തുക] അവലംബം
- ↑ The East India Company
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 "CHAPTER 2 - FROM TRADE TO TERRITORY". Social Science - Class VIII - Our Pasts-III. New Delhi: NCERT. pp. 10-16. http://www.ncert.nic.in/book_publishing/class8/our_pasts/2.pdf.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 9-17.
