1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശിപായിലഹള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം
ഇന്ത്യൻ സ്വാതന്ത്ര്യസമരങ്ങൾ ഭാഗം
ദിവസം മേയ് 10, 1857
യുദ്ധക്കളം ഇന്ത്യ (cf. 1857) [1]
Casus
belli
ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യാകമ്പനിയുടെ നടപടികൾ
ഫലം സമരക്കാരെ അടിച്ചമർത്തി,
ഇന്ത്യയിലെ കമ്പനി ഭരണത്തിന് അന്ത്യം
ബ്രിട്ടൻ നേരിട്ട് ഭരണം തുടങ്ങി
കൈവശഭൂമിലുള്ള
മാറ്റങ്ങൾ
ബ്രിട്ടിഷധീന ഇന്ത്യ
പോരാളികൾ
British East India Company flag.svg ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ വിമത ഇന്ത്യൻ ഭടന്മാർ,
7 നാട്ടുരാജ്യങ്ങൾ,
പൊതുജനങ്ങൾ
യുണൈറ്റഡ് കിങ്ഡം British Army
British East India Company flag.svg East India Company's Sepoys Native Irregulars and British regulars, British civilian volunteers raised in Bengal presidency
20 Princely states aiding the British including the independent states of Nepal, Kashmir as well as smaller states in region
പടനായകർ
Bahadur Shah II
Nana Sahib
Mirza Mughal
Bakht Khan
Rani Lakshmi Bai
Tantya Tope
Begum Hazrat Mahal
Commander-in-Chief, India:
George Anson (to May 1857)
Sir Patrick Grant
Sir Colin Campbell from (August 1857)
Jang Bahadur[1]

1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്നത്[2]. ശിപായിലഹള എന്നാണ് ബ്രിട്ടീഷുകാർ ഈ സമരത്തെ വിളിച്ചിരുന്നത്[3]. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു.

1857 മെയ് 10ന് മീററ്റിൽ തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടന്ന് വ്യാപിച്ച കലാപം, 1858 ജൂൺ 20-ന് ഗ്വാളിയാർ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു. ചരിത്രത്തിൽ വളരെയേറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്. ഈ കലാപത്തിന്റെ കാരണങ്ങൾ, മൗലികസ്വഭാവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യത്യസ്ഥ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സൈനികകലാപം, ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയപ്രക്ഷോഭങ്ങൾക്ക് നാന്ദികുറിച്ചു എന്നതിന്റെ പേരിലും ശ്രദ്ധേയമാണ്.[4]

ചരിത്രപശ്ചാത്തലം [തിരുത്തുക]

യൂറോപ്യൻ കമ്പനികൾ 16-17 നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ എത്തിയത് കച്ചവടത്തിനായിട്ടാണ്. ആദ്യകാലത്ത്, ഇന്ത്യയിൽ കച്ചവടാധിപത്യം നേടുന്നതിനായി യൂറോപ്പുകാർ(പ്രധാനമായി പോർച്ചുഗീസുകാരും, ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും) പരസ്പരം മത്സരിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തു. ഒടുവിൽ മേൽക്കൈ നേടിയത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയാണ്. അക്കാലത്ത് ഇന്ത്യയിൽ പ്രബലമായിരുന്ന മുഗൾസാമ്രാജ്യം തകർച്ചയിലായിരുന്നു. നിരവധി ചെറുകിട നാട്ടുരാജ്യങ്ങളും അന്നു നിലവിൽ ഉണ്ടായിരുന്നു. എങ്കിലും അവർ ധനത്തിനും അധികാരത്തിനുമായി പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷുകാർ ഈ മത്സരങ്ങളിലും യുദ്ധങ്ങളിലും ചേരിചേരുകയും ഭരണകാര്യങ്ങളിൽ ഇടപെടുകയും നാട്ടുരാജ്യങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു.

1757ലെ പ്ലാസി യുദ്ധത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി നാട്ടുരാജാക്കന്മാരെ നിഷ്കാസനം ചെയ്തുകൊണ്ട് നേരിട്ടു ഭരണം നടത്താൻ തുടങ്ങി. കമ്പനി ഭരണം, അന്നു വരെ നിലവിലുണ്ടായിരുന്ന സാമ്പത്തിക ക്രമം തകർക്കുകയും അതിരൂക്ഷമായ ചൂഷണം നടത്തുകയും ചെയ്തു. കർഷകരും കൈത്തൊഴിൽ ചെയ്യുന്നവർക്കും തൊഴിലും വരുമാനവും നഷടപ്പെട്ടു. സമുദായങ്ങൾദരിദ്രരായി. വിദേശികളുടെ ഭരണത്തോട് അങ്ങനെ രൂക്ഷമായ അമർഷം ഉയർന്നുവന്നു.

ആദ്യകാലം മുതൽ തന്നെ കമ്പനി ഭരണത്തിനെതിരായി നിരവധി ജനപ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. പൊതുവെ, സ്ഥാനഭ്രഷ്ടരാക്കപ്പെട്ട ഭരണാധികാരികൾ ഉദ്യോഗസ്ഥപ്രമുഖർതുടങ്ങിയവരാണ് പ്രക്ഷോഭങ്ങൾ നയിച്ചത്. എന്നാൽ കർഷകരും കൈത്തൊഴിലുകാരും അടങ്ങുന്ന ബഹുജനങ്ങളും ഈ സമരങ്ങളിൽ പങ്കെടുത്തിരുന്നു. ആന്ധ്രയിൽ വൈശ്യനഗരൻ രാജാക്കന്മർ (1794) മൈസൂരിൽ ധോണ്ട്ജിവാഗ് എന്ന് ഭരണാധികാരി (1800) മലബാറിൽ പഴശ്ശിരാജാ (1800-05) തിരുവിതാംകൂറിൽ വേലുത്തമ്പി ദളവ (1809) തമിഴ്നാട്ടിൽ പൊളിഗറുകൾ (1801-15) കച്ചിൽ നാടുവാഴികൽ (1818-32) അലിഗഡിൽ തലൂക്ദാർമാർ(1814-17) ഹരിയാനയിൽ ജാട്ടുമുഖ്യന്മാർ (1824) തുടങ്ങിയവ അത്തരം പ്രക്ഷോഭങ്ങളിൽ ചിലതാണ്.

കമ്പനി ഭരണത്തിനെതിരായി ഗോത്രകലാപങ്ങളും കർഷകസമരങ്ങളും നടന്നിട്ടുണ്ട്. പൊതുവെ ലളിതവും സുരക്ഷിതവുമായ ജീവിതം നയിച്ചിരുന്ന ഗോത്രവർഗ്ഗക്കാരെ നികുതിപിരിച്ചും കച്ചവടമാർഗ്ഗങ്ങൾ ഉപയോഗിച്ചും ചൂഷണം ചെയ്തതാണ് ഗോത്രകലപങ്ങൾക്കു കാരണം. ബംഗാളിൽ ചുവാറുകൾ, ബീഹാറിൽ സന്താളുകൾ, പശ്ചിമ ഇന്ത്യയിലെ ഭില്ലകൾ, ഗുജറാത്തിൽ കോലികൾ, അസമിലെ ഖാസികൾ, ഛോട്ടാനാഗ്പൂരിലെ കോളുകൾ, ഒറീസയിലെ ഖോണ്ടുകൾ തുടങ്ങിയ ഗോത്രങ്ങൾ കലാപം നടത്തിയിട്ടുണ്ട്. കമ്പനിച്ചൂഷണത്തിനെതിരെ നടന്ന കർഷകകലാപങ്ങൾ പലതും കവർച്ചകളായോ ക്രമസമാധാനക്കുഴപ്പങ്ങളായോ ആണ് കമ്പനി ഔദ്യോഗിക രേഖകളിൽ ഉള്ളത്. ആ കലപങ്ങളെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം ലഭ്യമല്ല. ചില കലാപങ്ങൾ മതപരവും കൂടിയായിരുന്നു. വഹാബി പ്രസ്ഥാനം, ബംഗാളിലെ പഗല്പാത്തി-ഫറൈസി പ്രസ്ഥാനങ്ങൾ, പഞ്ചാബിലെ കൂകകലാപം തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.

കലാപം [തിരുത്തുക]

1857-ലെ കലാപത്തിന്റെ പ്രധാനകാരണം, ശിപായികൾ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യൻ സൈനികർക്ക് അവരുടെ മതമുപേക്ഷിച്ച് ക്രിസ്തുമതത്തിൽച്ചേരേണ്ടിവരുമോ എന്ന ഭയമായിരുന്നു. മതത്തെക്കുറിച്ചുള്ള തീവ്രമായ പരിഭ്രാന്തി ഇന്ത്യൻ സൈനികർക്കിടയിൽ നിലനിന്നിരുന്നു. തദ്ദേശീയസൈനികർക്ക്, മുമ്പ് വിദേശസേവനം ഐച്ഛികമായിരുന്നത് ഡൽഹൗസി പ്രഭു പുറത്തിറക്കിയ പുതിയ നിയമങ്ങൾ പ്രകാരം നിർബന്ധിതമാക്കി. ഇത് കടൽ കടക്കുന്നത് അശുദ്ധിയായിക്കരുതിയിരുന്ന ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തി. കാട്രിഡ്ജ് പ്രശ്നമാണ് കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാൻ കാരണമായത്. 1857-ന്റെ തുടക്കത്തിൽ പുതിയ എൻഫീൽഡ് റൈഫിളുകളും, അതിന്റെ പവർ കാട്രിഡ്ജുകളും ഇന്ത്യൻ സൈനികർക്ക് നൽകിയിരുന്നു. ഈ കാട്രിഡ്ജിലെ വെടിമരുന്ന്, തോക്കിൽ നിറക്കുന്നതിന്, അതിന്റെ പൊതി സൈനികർ പല്ലുകൊണ്ട് കടിച്ചു കീറേണ്ടിയിരുന്നു. ഈ പൊതിയിലെ ഗ്രീസ് കന്നുകാലികളുടെയും പന്നിയുടെയും നെയ്യുപയോഗിച്ചുള്ളതാണെന്ന് ഇന്ത്യൻ സൈനികർക്കിടയിൽ പ്രചരണം ശക്തമായി. ഇന്ത്യൻ പട്ടാളക്കാരെ അശുദ്ധരാക്കി മതഭ്രഷ്ടരാക്കാനും അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാനും ഇത് ബ്രിട്ടീഷുകാർ കരുതിക്കൂട്ടി ചെയ്യുന്നതാണെന്ന പ്രചാരണവുമുണ്ടായി. ഈ കാർട്രിഡ്ജ് ഉപയോഗിക്കുന്നതിനെതിരെയുള്ള പ്രതിഷേധം 1857 മാർച്ച് അവസാനവും ഏപ്രിലിലുമായി പലയിടങ്ങളിലായി അരങ്ങറി. ഹിന്ദുക്കളെ മതഭ്രഷ്ടരാക്കുന്നതിന് അവർക്ക് നൽകുന്ന ധാന്യങ്ങളിൽ എല്ലുപൊടി കലർത്തുന്നു എന്ന പ്രചാരണവുമുണ്ടായി.

അശുദ്ധിയെയും ഭ്രഷ്ടിനെയുംകുറിച്ചുള്ള ഈ ഭയത്തെ ഗൂഢാലോചന മൂലമുള്ള കിംവദന്തികൾ ശക്തമാക്കി. അതിനുപുറമേ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കലും, രാജാക്കന്മാരെ പുറത്താക്കലും നാടുകടത്തലും, ഉപദ്രവകരമായ നികുതിനിശ്ചയിക്കലും മൂലം ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് അനഭിമതരായി മാറുകയായിരുന്നു. വൈദേശികമതമായ ക്രിസ്തുമതത്തിന്റെ ആഗമനത്തെ പ്രതിരോധിക്കുന്നതിന് ഹിന്ദുക്കളും മുസ്ലീങ്ങളുമായ ഇന്ത്യൻ സൈനികർ ഒന്നുചേർന്നു. എല്ലാ യൂറോപ്യൻമാരെയും ഉന്മൂലനം ചെയ്യുക എന്നതായി അവരുടെ ലക്ഷ്യം.

മേയ് പത്തിന് മീറഠിൽ വൻതോതിലുള്ള കലാപം നടന്നു. ശിപായികൾ കന്റോൺമെന്റ് തകർക്കുകയും കുറഞ്ഞത് 50 യൂറോപ്യന്മാരെ കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ ഡെൽഹിയിലേക്ക് നീങ്ങി, മുഗൾ രാജാവ് ബഹദൂർഷാ സഫറിന് പിന്തുണ പ്രഖ്യാപിച്ചു. ഡെൽഹിയിലും ഒരു കൂട്ടക്കൊല നടക്കുകയും, ചുറ്റുവട്ടത്തുള്ള സേനാത്താവളങ്ങളിൽനിന്നെത്തിയ വിമതഭടന്മാരുടെ കേന്ദ്രമായി ഡെൽഹി മാറുകയും ചെയ്തു. കാൻപൂരും ലക്നോയും കലാപത്തിന്റെ മറ്റു കേന്ദ്രങ്ങളായിരുന്നു.[4]

ഹ്യൂ വീലറുടെ നിയന്ത്രണത്തിലായിരുന്ന കാൻപൂരിലെ ബ്രിട്ടീഷ് നേതൃത്വം, നാനാ സാഹിബിന്റെ നേതൃത്വത്തിലുള്ള ലഹളക്കാർക്കുമുമ്പിൽ ജൂൺ അവസാനത്തോടെ കീഴങ്ങിയിരുന്നു. തുടർന്ന് ലഹളക്കാർ ബ്രിട്ടീഷുകാർക്ക് അലഹബാദിലേക്ക് പിൻവാങ്ങാൻ അനുമതി നൽകി ഈ പിൻമാറ്റത്തിനിടെ ജൂൺ 27-ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി യൂറോപ്യൻമാർ കൂട്ടക്കുരുതി ചെയ്യപ്പെട്ടു. ഈ സംഭവത്തെത്തുടർന്ന് ബ്രിട്ടീഷുകാരുടെ മനസിലും ഭയവും പ്രതികാരചിന്തയും പ്രബലമായി. കാൻപൂർ ഓർക്കുക (Remember Cawnpore) എന്നത് ബ്രിട്ടീഷുകാരുടെ ഒരു യുദ്ധമുദ്രാവാക്യവും, വകതിരിവില്ലാത്ത കൊലപാതകങ്ങൾക്കും കൊള്ളയടിക്കുമുള്ള ന്യായീകരണവുമായി മാറി.[5]

അവലംബം [തിരുത്തുക]

  1. The Gurkhas by W. Brook Northey, John Morris. ISBN 81-206-1577-8. Page 58
  2. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 730. 2012 ഫെബ്രുവരി 20. ശേഖരിച്ചത് 2013 മെയ് 05. 
  3. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. ശേഖരിച്ചത് 2013 ഏപ്രിൽ 07. 
  4. 4.0 4.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "14 - ലാസ്റ്റ് പോസ്റ്റ്, ലക്നോ (Last Post), 1857" (ഇംഗ്ലീഷ് ഭാഷയിൽ). ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്. ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 340-342. ISBN 019579415 X. http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1. ശേഖരിച്ചത് 2012 നവംബർ 17.
  5. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "15 - ‘എ കൈൻഡ് ഓഫ് മാഡ്നെസ്സ്’ - ഡെൽഹി, ഇംപീരിയൽ പഞ്ചാബ് ആൻഡ് ദ റീസ്റ്റോറേഷൻ ഓഫ് ബ്രിട്ടീഷ് റൂൾ ('A Kind of Madness' - Delhi, Imperial Punjab, and the Restoration of British Rule) 1857 - 1858" (ഇംഗ്ലീഷ് ഭാഷയിൽ). ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്. ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 354. ISBN 019579415 X. http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1. ശേഖരിച്ചത് 2012 നവംബർ 17.