നിസ്സഹകരണ പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാർഗ്ഗമായിരുന്നു നിസ്സകരണ പ്രസ്ഥാനം.[1] 1920 ൽ തുടങ്ങി 1922 വരെ നീണ്ടു നിന്ന ഈ പ്രസ്ഥാനം നയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിന്തുണയോടെ മഹാത്മാ ഗാന്ധിയാണ്. അഹിംസ മാർഗ്ഗത്തിൽ ബ്രിട്ടീഷ് നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സമരക്കാർ ബ്രിട്ടീഷ് ഉല്പന്നങ്ങൾ ഉപേക്ഷിച്ചു, സ്വദേശി കൈത്തറി വസ്ത്രങ്ങളും, ഉല്പന്നങ്ങളും ഉപയോഗിച്ചു, മദ്യ വില്പന ശാലകളും മറ്റും ഉപരോധിച്ചു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അന്നുവരെ നടന്നിട്ടില്ലാത്തത്ര വലിയ റാലിയും സമ്മേളനങ്ങളും സംഘടിപ്പിച്ചു.

ഇന്ത്യൻ പരമ്പരാഗത ഉൽപ്പനങ്ങളെ നശിപ്പിച്ച്, പകരം ബ്രിട്ടീഷ് നിർമ്മിത ഉൽപന്നങ്ങൾ വാങ്ങാൻ ഇന്ത്യക്കാരെ നിർബന്ധിക്കുന്നതിനെതിരേ കൂടിയായിരുന്നു ഈ സമരം. കൊളോണിയൽ സാമ്പത്തിക, അധികാര ഘടനയെതന്നെ വെല്ലുവിളിക്കുകയായിരുന്നു നിസ്സഹകരണപ്രസ്ഥാനം കൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചിരുന്നത്. അതുവരെ ഇന്ത്യൻ സമരങ്ങളെ നിസ്സാരമായി അവഗണിച്ചിരുന്ന ബ്രിട്ടീഷ് നേതൃത്വത്തിന് നിസ്സഹകരണപ്രസ്ഥാനത്തെ കണ്ടില്ല എന്നു നടിക്കാനാവുമായിരുന്നില്ല.

ബ്രിട്ടീഷുകാരെക്കൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുവാനായി സമാനരീതിയിലുള്ള സമരമുറകൾ ഗാന്ധിജി, ദക്ഷിണാഫ്രിക്കയിലും, ഇന്ത്യയിൽ തന്നെയും നടത്തിയിട്ടുണ്ട്. 1917-18 ൽ ദക്ഷിണാഫ്രിക്കയിലും, ബീഹാറിലെ ചമ്പാരനിലുമാണ് ഗാന്ധിജി ഇത്തരം പ്രതിഷേധപരിപാടികൾ നടത്തിയത്. രാജേന്ദ്ര പ്രസാദ്‌, ജവഹർലാൽ നെഹ്രു എന്നീ പുതു തലമുറ നേതാക്കൾക്കൊപ്പം ഗാന്ധിജിയുടെ അടുത്ത അനുയായിയായിരുന്ന സർദ്ദാർ വല്ലഭായ് പട്ടേലാണ് നിസ്സഹകരണപ്രക്ഷോഭം മുന്നിൽ നിന്നു നയിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളോടാണ് ഗാന്ധിജി ആദ്യം നിസ്സഹകരണപ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞത്, എന്നാൽ ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെട്ടതോടെ, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേയുള്ള സമരം ജയിക്കാൻ ഏക മാർഗ്ഗം നിസ്സഹകരണ സമരമാണെന്നു മനസ്സിലാക്കിയ കോൺഗ്രസ്സ് ഈ സമരം ഏറ്റെടുക്കുകയായിരുന്നു.

ചൗരിചൗരാ സംഭവത്തെത്തുടർന്ന് നിരാശനായ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു. അഞ്ചു ദിവസത്തെ നിരാഹാരത്തെത്തുടർന്ന് ഏതാണ്ട് വിജയത്തിന്റെ അരികിലായിരുന്ന നിസ്സഹകരണ സമരം പിൻവലിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു..[2]

കാരണം[തിരുത്തുക]

റൗലക്റ്റ് നിയമത്തിനും ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയത്.


അവലംബം[തിരുത്തുക]

  1. "നിസ്സഹകരണ പ്രസ്ഥാനം". ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ. ശേഖരിച്ചത് 2014-09-01. 
  2. മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ഐ.എസ്.ബി.എൻ. 978-81-8265-259-0. 
"http://ml.wikipedia.org/w/index.php?title=നിസ്സഹകരണ_പ്രസ്ഥാനം&oldid=1992707" എന്ന താളിൽനിന്നു ശേഖരിച്ചത്