ജവഹർലാൽ നെഹ്രു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജവഹർലാൽ നെഹ്രു


പദവിയിൽ
ഓഗസ്റ്റ് 15 1947 – മേയ് 27 1964

പദവിയിൽ
ഓഗസ്റ്റ് 15 1947 – മേയ് 27 1964
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി ഗുൽസാറിലാൽ നന്ദ

പദവിയിൽ
ഒക്ടോബർ 8 1958 – നവംബർ 17 1959
മുൻ‌ഗാമി ടി.ടി. കൃഷ്ണമാചാരി
പിൻ‌ഗാമി മൊറാർജി ദേശായ്

ജനനം 1889 നവംബർ 14(1889-11-14)
ജീവിതപങ്കാളി(കൾ) കമല നെഹ്രു
കുട്ടികൾ ഇന്ദിര ഗാന്ധി
വൈദഗ്ദ്ധ്യം ബാരിസ്റ്റർ
മതം ഏകദൈവം[1] / നിരീശ്വരവാദം[2]
ഒപ്പ്

ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി[3][4]. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. . സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.

ലണ്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നുമാണ് നെഹ്രു ബിരുദം കരസ്ഥമാക്കിയത്[5]. സർവ്വകലാശാലയിലെ ഇന്നർ ടെംപിളിൽ നിന്നും ബാരിസ്റ്റർ ആകുവാനുള്ള പരിശീലനവും നെഹ്രു പൂർത്തിയാക്കി. വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിലേക്കു തിരിച്ചു വന്ന നെഹ്രു അലഹബാദ് കോടതിയിൽ അഭിഭാഷകനായി ഉദ്യോഗം ആരംഭിച്ചു. ഇക്കാലയളവിൽ അദ്ദേഹത്തിന് രാഷ്ട്രീയത്തോടും താൽപര്യമുണ്ടായിരുന്നു. പതുക്കെ അഭിഭാഷകജോലി വിട്ട് നെഹ്രു മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ചേക്കേറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിൽക്കാനാണ് നെഹ്രു താൽപര്യപ്പെട്ടത്[6]. തന്റെ മാർഗ്ഗദർശി കൂടിയായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹത്തോടേയും, മൗനസമ്മതത്തോടേയും നെഹ്രു കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറി.ബ്രിട്ടനിൽ നിന്നും ഇന്ത്യക്കു പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ജവഹർലാൽ ഉറക്കെ പ്രഖ്യാപിച്ചു[7].

സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നിൽ നിന്നു നയിച്ചത് കോൺഗ്രസ്സും അതിന്റെ തലവനായിരുന്ന ജവഹർലാൽ നെഹ്രുവുമാണെന്നു പറയാം. മതനിരപേക്ഷമായ ഒരു ഭാരതം കെട്ടിപ്പടുക്കുക എന്നതായിരുന്നു നെഹ്രുവിന്റെ ലക്ഷ്യങ്ങളിലൊന്ന്. അതിലേക്കുള്ള വഴി അദ്ദേഹം തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ 1942ലെ ക്വിറ്റ് ഇന്ത്യാ മുന്നേറ്റം അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ ആകെ തകിടം മറിച്ചു. ഒരു നീണ്ട കാലത്തെ ജയിൽവാസത്തിനുശേഷം തികച്ചും പുതിയ രാഷ്ട്രീയ കാലാവസ്ഥയിലേക്കാണ് നെഹ്രു മടങ്ങി വന്നത്. മുസ്ലീം ലീഗും അതിന്റെ നേതാവ് മുഹമ്മദാലി ജിന്നയും അപ്പോഴേക്കും വളരെ പ്രധാനപ്പെട്ട ഒരു ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. നെഹ്രുവും ജിന്നയും തമ്മിൽ അധികാരം പങ്കുവെക്കുന്നതിനേച്ചൊല്ലിയുള്ള തർക്കങ്ങൾ 1947ൽ ഇന്ത്യയെ രക്തരൂക്ഷിതമായ പിളർപ്പിലേക്കു നയിച്ചു[8].

മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പിൻഗാമിയായി നെഹ്രു കണക്കാക്കപ്പെട്ടു. ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി തീർക്കാനുള്ള ഒരു പദ്ധതി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്ന നിലയിൽ നെഹ്രു ആവിഷ്കരിച്ചു. സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് നവീകരണപദ്ധതികൾ നെഹ്രു നടപ്പിലാക്കുകയുണ്ടായി[6][9]. നെഹ്രുവിന്റെ നേതൃത്വകാലത്ത് കോൺഗ്രസ്സ് ഒരു വൻ രാഷ്ട്രീയപാർട്ടിയായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് വിജയം കൈവരിച്ചു. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ പ്രചാരം എന്നിവയിലെല്ലാം നെഹ്രുവിന്റെ ദീർഘവീക്ഷണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും കാണാവുന്നതാണ്[10][11]. കോളനി വാഴ്ചയിൽ നിന്നും ഇന്ത്യക്കൊപ്പം മോചിതമായ മറ്റു പല രാജ്യങ്ങളും സ്വേഛാധിപത്യത്തിന്റെ പിടിയലമർന്നപ്പോഴും ഇന്ത്യയിൽ ജനാധിപത്യം കരുത്തോടെ തഴച്ചുവളർന്നത് ജവഹർലാൽ നെഹ്രുവിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാവുന്നതാണ്[12].

ആദ്യകാലജീവിതം (1889–1912)[തിരുത്തുക]

അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യം സ്വരുപ്റാണി തുസ്സുവിന്റേയും മകനായാണ് ജവഹർലാൽ ജനിച്ചത്. പിതാവ് മോത്തിലാൽ നെഹ്രു സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നിട്ടുണ്ട്. ജവഹറിന്റെ അമ്മ മോത്തിലാലിന്റെ രണ്ടാം ഭാര്യ ആയിരുന്നു, ആദ്യ ഭാര്യയുടെ മരണശേഷമാണ് മോത്തിലാൽ സ്വരുപ് റാണിയെ വിവാഹം ചെയ്തത്[13]. ഇവർക്കു ജനിച്ച മൂന്നു മക്കളിൽ ഏറ്റും മുതിർന്ന ആളായിരുന്നു ജവഹർ. നെഹ്രുവിന്റെ സഹോദരിമാരിലൊരാൾ വിജയലക്ഷ്മി പണ്ഡിറ്റ് പിന്നീട് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്സംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന ബഹുമതിക്കുടമയായി[14]. രണ്ടാമത്തെ സഹോദരി കൃഷ്ണഹുതിസിങ് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയുമായി മാറി[15]. ജവാഹർ എന്ന അറബി പദമാണ്‌ അദ്ദേഹത്തിന്റെ പേരിനു പിന്നിൽ. അർത്ഥം അമൂല്യരത്നം.[16] ലാൽ എന്നാൽ പ്രിയപ്പെട്ടവൻ എന്നാണർത്ഥം. നെഹ്രു എന്നത് യഥാർത്ഥ കുടുംബപ്പേരല്ല. കാശ്മീരിലെ കൗൾ കുടുംബമാണ് നെഹ്രുവിന്റേത്. എന്നാൽ ഡെൽഹി വാസത്തിനിടയിൽ തലമുറകൾക്കു മുമ്പ് ലഭിച്ചതാണ് നെഹ്രു എന്ന കുടുംബപ്പേര്. നഹർ എന്ന പേർഷ്യൻ ഭാഷയിൽ നിന്നാണ് നെഹ്രു എന്ന നാമം ഉണ്ടായത്. ഔറംഗസീബ് ചക്രവർത്തിയുടെ കാലഘട്ടത്തിൽ കാശ്മീരിൽ നിന്നും ഡെൽഹിയിലേക്കു കുടിയേറിപ്പാർത്ത നെഹ്രുവിന്റെ മുൻതലമുറക്കാരിൽ രാജ് കൗൾ എന്ന വ്യക്തിയാണ് പിന്നീട് പേരിനൊപ്പം നെഹ്രു എന്ന് ഉപയോഗിക്കാൻ തുടങ്ങിയത്[17].

ബാലനായ ജവഹർ മാതാപിതാക്കൾക്കൊപ്പം

സമ്പത്തിന്റെ നടുവിലായിരുന്ന ജവഹറിന്റെ ബാല്യം. സംഭവബഹുലമല്ലാത്ത കുട്ടിക്കാലം എന്നാണ് നെഹ്രു തന്റെ ബാല്യകാലത്തെക്കുറിച്ച് വിശേഷിപ്പിക്കാറുണ്ടായിരുന്നത്. മോത്തിലാൽ തന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധിച്ചിരുന്നു. അദ്ധ്യാപകരെ വീട്ടിൽ വരുത്തിയാണ് തന്റെ മക്കളെ മോത്തിലാൽ വിദ്യ അഭ്യസിച്ചിരുന്നത്[18]. ഫെർഡിനാന്റ്.ടി.ബ്രൂക്ക്സ് എന്ന അദ്ധ്യാപകനോടുള്ള ഇഷ്ടത്താൽ നെഹ്രു കൂടുതൽ സ്നേഹിച്ചത് സാങ്കേതികവിദ്യയും ബ്രഹ്മവിദ്യയും ആയിരുന്നു[19]. പതിമൂന്നാം വയസ്സിൽ കുടുംബസുഹൃത്തായിരുന്ന ആനീബസന്റിന്റെ കൂടെ തിയോസഫിക്കൽ സൊസൈറ്റിയിൽ നെഹ്രു അംഗമായി. തന്നെ ഏറെ സ്വാധീനിച്ച ബ്രൂക്ക്സുമായി വേർപിരിഞ്ഞതോടെ നെഹ്രു തിയോസഫിക്കൽ സൊസൈറ്റിയിൽ നിന്നും വിടുതൽ നേടി[19].

അലഹബാദ് കോടതിയിൽ

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജവഹർലാൽ, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ അയക്കപ്പെട്ടു. ഇംഗ്ലണ്ടിലെ ഹാരോസ്കൂൾ,കേംബ്രിജ്‌ ട്രിനിറ്റി കോളജിൽ എന്നിവിടങ്ങളിലായിരുന്നു നെഹ്രുവിന്റെ സർവ്വകലാശാലാ വിദ്യാഭ്യാസം. ട്രിനിറ്റി കോളേജിൽ നിന്നും നെഹ്രു ജീവശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ലോകപ്രശസ്തരായ എഴുത്തുകാരുടെ കൃതികൾ അദ്ദേഹം വായിക്കാൻ തുടങ്ങി. ബെർണാഡ് ഷാ, എച്ച്.ജി.വെൽസ്, റസ്സൽ തുടങ്ങിയവരുടെ രചനകൾ നെഹ്രുവിൽ രാഷ്ട്രീയത്തെക്കുറിച്ചും, സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമുള്ള ചിന്തകളുടെ വിത്തുകൾ പാകി[20]. പിന്നീട് രണ്ടുകൊല്ലക്കാലം ലണ്ടനിലെ ഇന്നർ ടെംപിളിൽ നിന്നും നിയമ പഠനം പൂർത്തിയാക്കിയ നെഹ്രു 1912-ൽ ബാരിസ്റ്റർ പരീക്ഷ പാസ്സായി ഇന്ത്യയിൽ മടങ്ങിയെത്തി. ഇന്ത്യയിൽ തിരിച്ചെത്തുന്നതിനു മുമ്പ് യൂറോപ്പ്‌ ആകമാനം ചുറ്റിക്കറങ്ങുവാൻ അവസരം ലഭിച്ചു. ഈ യാത്രകൾ അദ്ദേഹത്തെ പാശ്ചാത്യ സംസ്കാരവുമായി ഏറെ അടുപ്പിച്ചു. തികഞ്ഞ പാശ്ചാത്യ ജീവിത രീതികളും ചിന്തകളുമായാണ്‌ ജവഹർലാൽ ഇന്ത്യയിൽ തിരിച്ചെത്തിയത്‌.

1916-ൽ മാതാപിതാക്കളുടെ താൽപര്യപ്രകാരം കമലയെ വിവാഹംകഴിച്ചു. ജീവിതരീതികൾക്കൊണ്ടും ചിന്തകൾക്കൊണ്ടും രണ്ടു ധ്രുവത്തിലായിരുന്നു നെഹ്‌റുവും കമലയും. സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽനിന്നു വന്ന കമല നിശ്ശബ്ദ ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ നെഹ്‌റുവിന്റെ ജിവിതത്തിൽ അവർക്ക്‌ യാതൊരു സ്വാധീനവുമില്ലായിരുന്നു. വിവാഹത്തിന്റെ രണ്ടാം വർഷത്തിൽ അവർക്ക്‌ ഇന്ദിരയെന്ന ഏകമകളുണ്ടായി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1912-1947)[തിരുത്തുക]

അച്ഛൻ മോത്തിലാൽ നെഹ്രു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ പ്രവർത്തിച്ച്‌ സ്വാതന്ത്ര്യ സമരരത്തിന്റെ മുന്നണിയിൽ നിൽക്കുമ്പോഴാണ്‌ ജവഹർലാൽ നെഹ്രുവും സജീവ രാഷ്ട്രീയത്തിലെത്തുന്നത്‌. ബ്രിട്ടനിലെ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ നെഹ്രുവിന് താൽപര്യം തോന്നിത്തുടങ്ങിയിരുന്നു. ബ്രിട്ടനിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി വന്നയുടൻ തന്നെ പാട്നയിൽ വെച്ചു നടന്ന കോൺഗ്രസ്സിന്റെ ഒരു സമ്മേളനത്തിൽ നെഹ്രു പങ്കെടുത്തിരുന്നുവെങ്കിലും, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കൂട്ടം സമ്പന്നർ എന്നുമാത്രമേ അദ്ദേഹത്തിന് ആ സമ്മേളനത്തെക്കുറിച്ചു വിലയിരുത്താൻ കഴിഞ്ഞിരുന്നുള്ളു. അക്കാലഘട്ടത്തിൽ കോൺഗ്രസ്സിന്റെ നേതൃത്വം മുഴുവൻ സമ്പന്നരെകൊണ്ടു നിറഞ്ഞിരിക്കുകയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തെ സമ്മിശ്രവികാരങ്ങളോടെയാണ് നെഹ്രു നോക്കി കണ്ടതെന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു[21]. ഫ്രാൻസിന്റെ സംസ്കാരത്തെ ഏറെ സ്നേഹിച്ചിരുന്ന നെഹ്രുവിന് ആ രാജ്യത്തിന്റെ പതനം വേദനയുണ്ടാക്കിയതായി ജീവചരിത്രകാരനായ മോറിസ് അഭിപ്രായപ്പെടുന്നു[21]. ലോകമഹായുദ്ധകാലത്ത് നെഹ്രു വിവിധ ജീവകാരുണ്യസംഘടനകൾക്കുവേണ്ടി സന്നദ്ധപ്രവർത്തനം ചെയ്തിരുന്നു. ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന സെൻസർഷിപ്പ് നിയമങ്ങൾക്കെതിരേ നെഹ്രു ശക്തിയുക്തം പ്രതിഷേധിച്ചിരുന്നു.

ഉത്പതിഷണമായ രാഷ്ട്രീയചിന്തകളുമായാണ് നെഹ്രുവിന്റെ രാഷ്ട്രീയപ്രവേശം,[അവലംബം ആവശ്യമാണ്] ഏതാണ്ട് ഒന്നാം ലോകമഹായുദ്ധത്തിനുശേഷം. ഗോപാലകൃഷ്ണഗോഖലേയുടെ നേതൃത്വത്തിലായിരുന്നു അന്ന് ഇന്ത്യൻ രാഷ്ട്രീയം. ബ്രിട്ടീഷ് സർക്കാരിനു കീഴിലുള്ള എല്ലാ ഉദ്യോഗങ്ങളും വലിച്ചെറിയാൻ നെഹ്രു ആഹ്വാനം ചെയ്തു. ഇന്ത്യൻ സിവിൽ സർവീസിനെ നിശിതമായ ഭാഷയിൽ വിമർശിച്ചു. മോത്തിലാൽ നെഹ്രു മകനെ ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ സ്വയംഭരണം വിഭാവനം ചെയ്തിരുന്ന ഹോംറൂൾ പ്രസ്ഥാനത്തോടൊപ്പം ചേരാനാണ് നെഹ്രു തീരുമാനിച്ചത്[22]. ഗോഖലേയുടെ മരണത്തോടെ മിതവാദികളുടെ സ്വാധീനം കുറയാൻ തുടങ്ങി. ലോകമാന്യതിലക് , ആനി ബസന്റ് എന്നിവരേപ്പോലുള്ള ഉത്പതിഷ്ണുക്കൾ ഹോംറൂളിനുവേണ്ടിയുള്ള ആവശ്യം ശക്തിയുക്തം ഉന്നയിക്കാൻ തുടങ്ങി. 1916 ൽ ജയിൽവിമോചിതനായ തിലകൻ സ്വന്തമായി ഒരു പ്രസ്ഥാനം രൂപീകരിച്ചു, ലക്ഷ്യം ഹോംറൂളിന്റേതുതന്നെയായിരുന്നു. നെഹ്രു രണ്ടു സംഘടനകളിലും പ്രവർത്തിച്ചിരുന്നു. എന്നിരിക്കിലും അദ്ദേഹത്തിന് ഏറെ അടുപ്പം ബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനത്തോടായിരുന്നു. ബസന്റ് അത്രമേൽ നെഹ്രുവിനെ സ്വാധീനിച്ചിരുന്നു[23].

1916-ലെ ലക്നൗ കോൺഗ്രസ്സ് സമ്മേളനത്തിലാണ്‌ നെഹ്രു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടുന്നത്[24]. ബ്രിട്ടീഷുകാരുമായി ശണ്ഠകൂടാത്ത മോത്തിലാലിന്റെ ശൈലിയേക്കാൾ നെഹ്രുവിനെ ആകർഷിച്ചത്‌ മഹാത്മാ ഗാന്ധിയും അദ്ദേഹത്തിന്റെ നിസഹകരണ പ്രസ്ഥാനവുമാണ്‌. നെഹ്രുവിൽ ഇന്ത്യയുടെ ഭാവി ഒളിഞ്ഞിരിക്കുന്നതായി ഗാന്ധിയും കണ്ടെത്തി. ക്രമേണ നെഹ്രു കുടുംബം മുഴുവൻ ഗാന്ധിജിയുടെ അനുയായികളായി. ജവഹറും അച്ഛനും പാശ്ചാത്യ വേഷവിധാനങ്ങൾ വെടിഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ സജീവമായതോടെ അറസ്റ്റും ജയിൽവാസവും ജീവിതത്തിന്റെ ഭാഗമായി.ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ നെഹ്രു ഗാന്ധിജിയോടൊപ്പം സുപ്രധാന പങ്ക് വഹിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഒരു അന്തർദേശീയ ശ്രദ്ധ ആകർഷിക്കുന്നതിനായിരുന്നു നെഹ്രുവിന്റെ ശ്രമം. ലോകത്തെമ്പാടും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നടക്കുന്ന സമരങ്ങളുമായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ബന്ധിപ്പിക്കാൻ അദ്ദേഹം വിദേശത്തുനിന്നുമുള്ള സമാന ചിന്താഗതിക്കാരെ തേടിത്തുടങ്ങി. ഈ ശ്രമങ്ങളുടെ ഭാഗമായി ബ്രസ്സൽസിൽ നടന്ന ഒരു സമ്മേളനത്തിലേക്കു നെഹ്രുവിന് ക്ഷണം ലഭിക്കുകയുണ്ടായി[25][26]. സാമ്രാജ്യത്വത്തിനെതിരേ സമരം നയിക്കുന്ന സംഘടനകളുടെ ഒരു കൂട്ടായ്മയായിരുന്നു ഇത്. സാമ്രാജ്യത്വത്തിനെതിരേ രൂപം കൊണ്ട സംഘടയിലെ കമ്മറ്റിയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത നെഹ്രു തിരഞ്ഞെടുക്കപ്പെട്ടു[25]. സ്വതന്ത്രരാഷ്ട്രങ്ങളിലെ സർക്കാരുകളുമായി ഒരു നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിനായ് നെഹ്രു സുഭാഷ്ചന്ദ്രബോസുമായി കൂടിച്ചേർന്ന് പ്രവർത്തിച്ചിരുന്നു. പക്ഷേ സ്വാതന്ത്ര്യലബ്ധിക്കായി ഫാസിസ്റ്റുകളുടെ സൗഹൃദം തിരഞ്ഞെടുത്ത സുഭാഷുമായി നെഹ്രു പിന്നീട് വേർപിരിഞ്ഞു. സ്പെയിനിൽ ഫ്രാങ്കോ എന്ന സ്വേഛാധിപതിക്കെതിരേ പോരാടുന്ന ജനതക്ക് പിന്തുണയുമായി നെഹ്രു തന്റെ സഹായിയായിരന്ന വി.കെ.കൃഷ്ണമേനോനോടൊപ്പം സ്പെയിൻ സന്ദർശിച്ചു[27].

പൂർണ്ണ സ്വരാജ്[തിരുത്തുക]

ബ്രിട്ടീഷുകാരിൽ നിന്നും പൂർണ്ണമായ സ്വാതന്ത്ര്യം എന്ന ആവശ്യം ഉയർത്തിയത് നെഹ്രുവാണ്. കോൺഗ്രസ്സ് ബ്രിട്ടനുമായുള്ള എല്ലാ സഖ്യങ്ങളും അവസാനിപ്പിക്കണമെന്ന് നെഹ്രു ആവശ്യപ്പെട്ടു. 1927 ൽ പൂർണ്ണസ്വാതന്ത്ര്യം എന്ന ആശയം നെഹ്രു മുന്നോട്ടുവെച്ചെങ്കിലും, ഗാന്ധിജിയുടെ എതിർപ്പുമൂലം അദ്ദേഹം പിന്നീട് അത് ഉപേക്ഷിക്കുകയാണുണ്ടായത്. എന്നാൽ 1928 ൽ ഗാന്ധി നെഹ്രുവിന്റെ ആവശ്യങ്ങളോട് അനുകൂലമാവുകയും ബ്രിട്ടനോട് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. ഈ അധികാരകൈമാറ്റത്തിനു നൽകിയിരുന്ന രണ്ടുവർഷകാലാവധിയിൽ നെഹ്രു തൃപ്തനായിരുന്നില്ല. ഉടനടിയുള്ള ഒരു മാറ്റം ആണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. നെഹ്രുവിന്റെ സമ്മർദ്ദങ്ങളുടെ ഫലമായി ബ്രിട്ടനുകൊടുത്തിരുന്ന രണ്ടുകൊല്ലക്കാലം എന്ന കാലാവധി, ഒരുകൊല്ലമായി ചുരുക്കാൻ ഗാന്ധി നിർബന്ധിതനായി. ഈ പ്രമേയം ബ്രിട്ടീഷ് സർക്കാർ തള്ളി, പിന്നാലെ ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പാസ്സാക്കി.

1929 ലെ പുതുവത്സരതലേന്ന് നെഹ്രു ലാഹോറിലെ രവി നദിക്കരയിൽ ത്രിവർണ്ണപതാക ഉയർത്തി അവിടെ കൂടിയിരുന്നവരോട് അഭിസംബോധനചെയ്തു സംസാരിച്ചു[28][29]. അവിടെ കൂടിയിരുന്നവരെല്ലാം തന്നെ നെഹ്രുവിന്റെ ആവശ്യത്തോട് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാൻ കോൺഗ്രസ്സ് ആഹ്വാനം ചെയ്തു. കൂടാതെ അന്നേ ദിവസം പൊതു ഇടങ്ങളിലും മറ്റും ത്രിവർണ്ണപതാക ഉയർത്താനും ജനങ്ങളോട് കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടു. നെഹ്രു പതുക്കെ കോൺഗ്രസ്സിന്റെ സുപ്രധാനസ്ഥാനത്തേക്ക് ഉയരുകയായിരുന്നു. ഗാന്ധി താൻ വഹിച്ചിരുന്ന സ്ഥാനമാനങ്ങളിൽ നിന്നൊഴിഞ്ഞ് കൂടുതൽ ആത്മീയതയിലേക്ക് നീങ്ങുകയും ചെയ്തു. ഗാന്ധി നെഹ്രുവിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നില്ലയെങ്കിലും ഭാരതത്തിലെ ജനത നെഹ്രുവായിരിക്കും ഗാന്ധിയുടെ പിൻഗാമി എന്ന് ധരിച്ചിരുന്നു.

നവഭാരതത്തിന്റെ ശിൽപ്പി[തിരുത്തുക]

നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് അതിന്റെ ലക്ഷ്യങ്ങൾക്ക് കൂടുതൽ വിശാലമായ മാനങ്ങൾ നൽകി[30][അവലംബം ആവശ്യമാണ്]. മതസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, നിറം, ജാതി എന്നീ വേർതിരിവുകളില്ലാതെ നിയമം എല്ലാവർക്കും ഒരേ പോലെ നടപ്പാക്കിക്കുക, കർഷകരുടെ താൽപര്യങ്ങളെ സംരക്ഷിക്കുക, തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ എന്നീ ദുരാചാരങ്ങൾ ഉന്മൂലനം ചെയ്യുക, വ്യവസായങ്ങൾ ദേശസാത്കരിക്കുക, എല്ലാറ്റിനുമുപരി മതനിരപേക്ഷയായ ഇന്ത്യ എന്നിവയായിരുന്നു നെഹ്രുവിന്റെ ദർശനത്തിലുള്ള ഭാവി ഇന്ത്യ. അടിസ്ഥാന അവകാശങ്ങളും, സാമ്പത്തിക നയങ്ങളും എന്ന പേരിലുള്ള ഒരു പ്രമേയം നെഹ്രു അവതരിപ്പിക്കുകയുണ്ടായി[31]. ഗാന്ധിജിയുടെ നേതൃത്വത്തിൽ പ്രമേയം നടപ്പിലാക്കിയെങ്കിലും ചില നേതാക്കൾ നെഹ്രുവിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി.

നെഹ്രുവിന്റെ സോഷ്യലിസം എന്ന ആശയം കോൺഗ്രസ്സിലെ വലതുപക്ഷശക്തിയുടെ നേതാക്കളായ സർദാർ പട്ടേൽ, ഡോക്ടർ രാജേന്ദ്രപ്രസാദ്, സി.രാജഗോപാലാചാരി എന്നിവർ എതിർക്കുകയുണ്ടായി[അവലംബം ആവശ്യമാണ്]. അത് നേടിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്നാണ് ഇവർ എതിർപ്പിനുള്ള കാരണങ്ങളായി പറഞ്ഞിരുന്നത്. കോൺഗ്രസ്സിനുള്ളിലെ ഇടതുചിന്താഗതിക്കാരായ മൗലാനാ ആസാദിന്റേയും സുഭാഷ്ചന്ദ്രബോസിന്റേയും പിന്തുണയോടെ നെഹ്രു ഡോക്ടർ.രാജേന്ദ്രപ്രസാദിനെ നേതൃ സ്ഥാനത്തു നിന്നും നീക്കുകയും നെഹ്രു തന്നെ കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയാവുകയും ചെയ്തു. പിന്നീട് സുഭാഷ്ചന്ദ്രബോസും, ആസാദും നെഹ്രുവിനെ പിന്തുടർന്ന് കോൺഗ്രസ്സ് പ്രസിഡന്റുമാരായിത്തീർന്നു. എന്നാൽ സ്വാതന്ത്ര്യസമ്പാദനത്തിന് ഫാസിസ്റ്റ് രീതി തിരഞ്ഞെടുത്ത സുഭാഷ് കോൺഗ്രസ്സിൽ നിന്നും വിട്ടകലുകയും, സർദാർ പട്ടേൽ മരണമടയുകയും ചെയ്തതോടെ നെഹ്രു കോൺഗ്രസ്സിലെ അനിഷേധ്യ നേതാവായി തീർന്നു. തന്റെ ആശയങ്ങൾ യാതൊരു എതിർപ്പും കൂടാതെ നടപ്പിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

നെഹ്രു രണ്ടാംവട്ടം ജനറൽ സെക്രട്ടറി പദത്തിലെത്തിയപ്പോൾ ഭാവി ഭാരതത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രമേയങ്ങളിലാണ് ശ്രദ്ധവെച്ചത്. ഫാസിസത്തിന്റെ ഒരു കാലഘട്ടത്തിൽ ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കൂടെ നിൽക്കാനാണ് ജവഹർലാൽ നെഹ്രു തീരുമാനിച്ചത്. കൂടാതെ ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്താൻ ദേശീയ ആസൂത്രണ കമ്മീഷനെ നിയമിച്ചു. എന്നാൽ 1947 ലെ ഇന്ത്യാ വിഭജനം മൂലം അദ്ദേഹത്തിന്റെ പല നയങ്ങളും നടപ്പാക്കപ്പെടാതെ പോയി. കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്ന കാറൽ മാർക്സിന്റെ ചിന്തകൾ നെഹ്രുവിനെ കുറെയൊക്കെ സ്വാധീനിച്ചിരുന്നു[32]. തന്റെ ജയിൽവാസകാലത്ത് നെഹ്രുവിന്റെ വായനക്കിടയിൽ കാറൽമാർക്സിന്റെ രചനകളും ഉണ്ടായിരുന്നു. കാറൽ മാർക്സിന്റെ പല ആശയങ്ങളോടും വിരോധം ഉണ്ടായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ സാമ്പത്തിക ആശയങ്ങളാണ് ഇന്ത്യക്കു ചേരുന്നതെന്ന് നെഹ്രു കരുതി[32].

രണ്ടാം ലോകമഹായുദ്ധം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടമ്പോൾ ഇന്ത്യ ബ്രിട്ടന്റെ കൂടെ നിൽക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു. ഇന്ത്യയുടെ നേതാക്കളോട് ആലോചിക്കുകപോലും ചെയ്യാതെയാണ് ബ്രിട്ടൻ ഇങ്ങനെയൊരു ആജ്ഞ പുറപ്പെടുവിച്ചത്. ഇത് ഇന്ത്യൻ നേതാക്കൾക്ക് അലോസരമുണ്ടാക്കി[33]. ചൈനാ സന്ദർശനത്തിലായിരുന്ന നെഹ്രു ഉടൻ തന്നെ തിരിച്ചെത്തി. ഫാസിസവും, ജനാധിപത്യവും തമ്മിലുള്ള ഒരു യുദ്ധത്തിൽ ഫാസിസത്തെ ഇല്ലാതാക്കാൻ ഇന്ത്യ അതിന്റെ സർവ്വശക്തിയുമെടുത്തു പോരാടുമെന്ന് നെഹ്രു അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ബ്രിട്ടനിൽ നിന്നും ഇന്ത്യക്ക് പൂർണ്ണസ്വാതന്ത്ര്യം നൽകാമെങ്കിൽ യുദ്ധത്തിൽ ബ്രിട്ടന്റെ കൂടെ നിൽക്കാമെന്ന് കോൺഗ്രസ്സ് സമ്മതിച്ചു. എന്നാൽ വൈസ്രോയ് ഈ നിർദ്ദേശം തള്ളിക്കളഞ്ഞു. വൈസ്രോയിയുടെ ഈ നിഷേധനിലപാടിനോടുള്ള പ്രതിഷേധസൂചകമായി പ്രവിശ്യകളിലെ മന്ത്രിമാരോട് രാജിവെക്കാൻ കോൺഗ്രസ്സ് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ മുസ്ലിം ലീഗിനോടും ഈ സമരത്തിൽ പങ്കുചേരാൻ നെഹ്രു ആവശ്യപ്പെട്ടെങ്കിലും അവർ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു.

1940 മാർച്ചിൽ മുഹമ്മദാലി ജിന്ന പാകിസ്ഥാൻ പ്രമേയം പാസ്സാക്കി. മുസ്ലിങ്ങൾക്ക് സ്വതന്ത്രരാഷ്ട്രം എന്നതായിരുന്നു പ്രമേയത്തിന്റെ കാതൽ. പവിത്രമായ നാട് എന്നർത്ഥം വരുന്ന പാകിസ്ഥാൻ എന്നതായിരിക്കണം ഈ സ്വതന്ത്രരാജ്യത്തിന്റെ നാമം[34]. ലീഗിന്റെ പുതിയ നിലപാട് നെഹ്രുവിനെ അങ്ങേയറ്റം കുപിതനാക്കി. കോൺഗ്രസ്സിനുമാത്രമായി പൂർണ്ണ അധികാരം കൈമാറുന്നതിനും ലീഗ് എതിരായിരുന്നു. 1940 ഒക്ടോബറിൽ യുദ്ധത്തിൽ പങ്കുചേരാനുള്ള ബ്രിട്ടന്റെ ആവശ്യം നെഹ്രുവും ഗാന്ധിയും തള്ളിക്കളഞ്ഞു. സമരമുഖത്തേക്ക് ഇറങ്ങിയെ നെഹ്രുവിന്റെ ബ്രിട്ടീഷ് സർക്കാർ അറസ്റ്റുചെയ്ത് നാലുവർഷത്തേക്ക് ജയിലിലടച്ചെങ്കിലും ഒരു വർഷത്തിനുശേഷം മോചിതനാക്കി.

1942 ൽ ജപ്പാൻ ബർമ്മയിലൂടെ ഇന്ത്യൻ അതിർത്തിയിലേക്ക് ആക്രമണം തുടങ്ങിയപ്പോൾ ബ്രിട്ടീഷ് സർക്കാർ ഭയചകിതരാവുകയും ഇന്ത്യയുമായി എത്രയും പെട്ടെന്ന് ഒരു ഒത്തു തീർപ്പിലെത്താൻ ആഗ്രഹിക്കുകയും ചെയ്തു[35][36]. ഇതിനായി നെഹ്രുവിനോടും, ഗാന്ധിയോടും ഏറെ അടുപ്പമുണ്ടെന്നു കരുതുന്ന സർ.സ്റ്റാഫോർഡ് ക്രിപ്സിനെ വിൻസ്റ്റൺ ചർച്ചിൽ ഒരു മദ്ധ്യസ്ഥ ചർച്ചക്കായി ഇന്ത്യയിലേക്കയക്കുകയും ചെയ്തു[36][37]. പാകിസ്ഥാൻ എന്ന സ്വതന്ത്രരാഷ്ട്രം എന്നതിൽ നിന്നും പിന്നോക്കം പോകാത്ത ലീഗിന്റെ നിലപാട് ഈ ഭരണഘടനാ പ്രതിസന്ധി ഏറെ രൂക്ഷമാക്കി. നെഹ്രു ഒരു വിട്ടുവീഴ്ചക്കു തയ്യാറായെങ്കിലും, ഗാന്ധി ക്രിപ്സ് കമ്മീഷനെ തള്ളിക്കളയുകയായിരുന്നു[38]. 15 ഒക്ടോബർ 1941 ന് ഗാന്ധിജി ഒരു വേളയിൽ നെഹ്രുവിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുകയും തങ്ങൾ തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നു തുറന്നു പറയുകയും ചെയ്തു[39][40].

8 ഓഗസ്റ്റ് 1942 ൽ കോൺഗ്രസ്സ് വർക്കിംഗ് കമ്മറ്റി ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കി. ബ്രിട്ടീഷുകാരോട് യാതൊരു ഉപാധികളോടും കൂടാതെ ഇന്ത്യ വിട്ടുപോകുക എന്നാവശ്യപ്പെടുന്നതായിരുന്നു ഈ പ്രമേയം[36]. നെഹ്രുവിന് ചില്ലറ വിയോജിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും തൽക്കാലം ഈ പ്രമേയത്തോടുകൂടി നിൽക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. നെഹ്രുവും ഗാന്ധിയും ഉൾപ്പടെ എല്ലാ കോൺഗ്രസ്സ് നേതാക്കളും അറസ്റ്റുചെയ്യപ്പെട്ടു. കോൺഗ്രസ്സിന്റെ നേതാക്കളെല്ലാം ജയിലിലായസമയം മുസ്ലീം ലീഗ് കരുത്താർജ്ജിക്കുകയായിരുന്നു. മുസ്ലിംസമുദായത്തിന് സ്വതന്ത്ര രാഷ്ട്രമെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്കടുക്കുകയുമായിരുന്നു. എന്നാൽ ഇത് അധികകാലം തുടർന്നകൊണ്ടുപോകാൻ ജിന്നക്കായില്ല. കാരണം, ജയിലിൽ കിടക്കുന്ന കോൺഗ്രസ്സ് നേതാക്കൾക്കനുകൂലമായി ഒരു സഹതാപതരംഗം മുസ്ലിമുകൾക്കിടയിൽ തന്നെ രൂപപ്പെട്ടുവന്നു. കൂടാതെ ബംഗാളിലെ പട്ടിണിമരണത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക മുസ്ലിം സർക്കാരിന്റെ ചുമലിൽ ചാർത്തപ്പെട്ടതുമെല്ലാം ലീഗിന് തിരിച്ചടിയായി. ജിന്നയുടെ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞു വന്നു. ഇതിനിടെ ആരോഗ്യകാരണങ്ങളാൽ ജയിൽവിമോചിതനാക്കപ്പെട്ട ഗാന്ധി, മുംബൈയിൽ വച്ച് ജിന്നയുമായി കൂടിക്കാഴ്ച നടത്തി. സ്വതന്ത്ര രാഷ്ട്രത്തിന്റെ ആവശ്യകതയെക്കുറിച്ച് മുസ്ലിമുകൾക്കിടയിൽ ഒരു ജനഹിതപരിശോധനനടത്താനുള്ള നിർദ്ദേശം ഗാന്ധി ജിന്നക്കു മുന്നിൽവെച്ചു. ഇത് യഥാർത്ഥത്തിൽ ഗാന്ധിക്കു സംഭവിച്ച തെറ്റും, ജിന്നക്കു കിട്ടിയ ശക്തമായ ആയുധവുമായിരുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി (1947–64)[തിരുത്തുക]

1947 ആഗസ്റ്റ് 15 ന് ജവഹർലാൽ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അധികാരമേറ്റു. മുസ്ലീം ലീഗുമായി ചർച്ചകൾ നടത്തിയെങ്കിലും ഇന്ത്യാവിഭജനം തടയാൻ നെഹ്രുവിനായില്ല. 1948 ജനുവരി 30 ന് ഗാന്ധിജി നാഥുറാം ഗോഡ്സെ എന്നയാളാൽ കൊല്ലപ്പെട്ടു. അങ്ങേയറ്റം വികാരാധീനനായാണ് നെഹ്രു ഗാന്ധിയുടെ വിയോഗം ജനങ്ങളോട് അറിയിച്ചത്. ഗാന്ധിയുടെ മരണം കോൺഗ്രസിനുള്ളിൽ നെഹ്രുവിന്റെ സ്വാധീനശക്തി ഏറെ വളർത്തിയെന്ന് ജീവചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പിന്നീടുള്ള കാലങ്ങളിൽ നെഹ്രുവിന്റെ മകൾ ഇന്ദിരാ ഭരണപരമായ കാര്യങ്ങളിൽ അച്ഛനെ സഹായിക്കാൻ തുടങ്ങി. നെഹ്രുവിന്റെ വിദേശയാത്രകളിലും മറ്റും ഇന്ദിര അദ്ദേഹത്തെ പിന്തുടർന്നിരുന്നു. ഫലത്തിൽ ഇന്ദിര നെഹ്രുവിന്റെ സുപ്രധാന സഹായി ആയി മാറി.

സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ് 1946 സെപ്തംബറിൽ നെഹ്രു ഇടക്കാല മന്ത്രിസഭ രൂപീകരിച്ചു. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയും നെഹ്രു തന്നെ.1952-ൽ ഏഷ്യയിലാദ്യമായി ഇന്ത്യയിൽ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം, ജനസംഖ്യാനിയന്ത്രണത്തിനു രാജ്യത്ത് കുടുംബാസൂത്രണപദ്ധതി തുടങ്ങിയവ നെഹ്രുവാണ്‌ നടപ്പാക്കിയത്[അവലംബം ആവശ്യമാണ്]. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ബൽവന്ത് റായി മേത്ത കമ്മറ്റിയെ നിയോഗിച്ചു. കമ്മറ്റി സമർപ്പിച്ച നിർദേശങ്ങൾ പ്രകാരം പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിച്ചു. 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നഗൗരിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി. 1960 ജനവരി 18-ന് ഏറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തതും നെഹ്രുവാണ്‌.

സാമ്പത്തിക നയങ്ങൾ[തിരുത്തുക]

രാജ്യത്തിന്റെ സാമ്പത്തികസുരക്ഷക്ക് മുൻഗണന നൽകിയ നെഹ്രു 1951 ൽ ആദ്യത്തെ പഞ്ചവത്സരപദ്ധതി അവതരിപ്പിച്ചു[41]. ഇതിനായി ദേശീയ ആസൂത്രണ കമ്മീഷനും രൂപീകരിച്ചു[42]. വ്യവസായമേഖലയിലും കാർഷികമേഖലയിലും രാജ്യത്തിന്റെ നിക്ഷേപം ഈ പദ്ധതിയിലൂടെ ഉറപ്പാക്കി. കൂടാതെ കൂടുതൽ വ്യവസായം തുടങ്ങാനും അതിലൂടെ രാജ്യത്തിന് വരുമാനനികുതി വർദ്ധിപ്പിക്കാനും പഞ്ചവത്സരപദ്ധതിയിലൂടെ ലക്ഷ്യമിട്ടു. വിവിധ മേഖലകൾ തമ്മിലുള്ള ഒരു സംതുലനം ആയിരിക്കണം ആസൂത്രണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നെഹ്രു വിശദീകരിച്ചു. വ്യവസായമേഖലയും കാർഷിക മേഖലയും തമ്മിലുള്ള സംതുലനം, കുടിൽ വ്യവസായവും, സമാനമേഖലയിലുള്ള മറ്റുവ്യവസായങ്ങളും തമ്മിലുള്ള സംതുലനം, ഇവയിൽ ഒന്ന് തുലനം തെറ്റിയാൽ മൊത്തം സമ്പദ് വ്യവസ്ഥ തന്നെ തകരാറിലാവും. സർക്കാരും സ്വകാര്യമേഖലയും കൂടിച്ചേർന്നുള്ള ഒരു സമ്മിശ്രസമ്പദ് വ്യവസ്ഥയാണ് ഒന്നാം പഞ്ചവത്സരപദ്ധതിയിലൂടെ അവതരിപ്പിക്കപ്പെട്ടത്[43]. ജലസേചനത്തിനായി കൂടുതൽ നിക്ഷേപം നടത്തുകവഴി കാർഷികമേഖലയേയും അതോടൊപ്പം വൈദ്യുത ഉൽപ്പാദനത്തേയും ഒരു പോലെ പരിപോഷിപ്പിക്കാൻ പുതിയ ആസൂത്രണങ്ങൾ സഹായിച്ചു[44]. അണക്കെട്ടുകളെ ഇന്ത്യയുടെ പുതിയ ക്ഷേത്രങ്ങൾ എന്നാണ് നെഹ്രു വിശേഷിപ്പിച്ചിരുന്നത്. നെഹ്രുവിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സ്ഥിരതയോടെയാണ് നിലനിന്നിരുന്നത് എന്ന് കണക്കുകൾ പറയുന്നു. രണ്ടാമത്തെ പഞ്ചവത്സരപദ്ധതിയെത്തിയപ്പോഴേക്കും വ്യാവസായിക ഉൽപ്പാദനം രണ്ട് ശതമാനം എന്ന നിരക്കിൽ വർദ്ധിച്ചു. എന്നാൽ കാർഷിക മേഖലയുടെ വളർച്ച രണ്ട് ശതമാനം താഴേക്കാണ് പോയത്. ദേശീയ വരുമാനതോത് രണ്ട് ശതമാനത്തിലധികം ഉയർച്ച കാണിച്ചു[43]. എന്നിരിക്കിലും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും, ജനസംഖ്യാപെരുപ്പത്തെതുടർന്നുള്ള ദാരിദ്ര്യവും എല്ലാം രാജ്യത്ത് ആകമാനം നിലനിന്നിരുന്നു.

സാധാരണ ജനങ്ങളിലേക്കു ചെന്നെത്താത്ത ഈ വികസനങ്ങൾ പരക്കെ വിമർശനം ക്ഷണിച്ചു വരുത്തി. മുതലാളിത്വം നടപ്പിലാക്കാനുള്ള ഒരു കപടതന്ത്രം മാത്രമായിരുന്നു നെഹ്രു കൊട്ടിഘോഷിച്ച ജനാധിപത്യം എന്ന് പ്രശസ്ത മാർക്സിസ്റ്റ് ചിന്തകനായ കോസമ്പി പറയുന്നു[45]. നെഹ്രുവിന്റെ വ്യാവസായിക നയങ്ങളിലൂടെ ഇന്ത്യയെ മറ്റൊരു റഷ്യയാക്കിമാറ്റാനാണ് ശ്രമിച്ചതെന്ന് നെഹ്രുവിന്റെ നയങ്ങളെ വിമർശനബുദ്ധിയോടെ മാത്രം കണ്ടിരുന്ന രാജഗോപാലാചാരി പറയുന്നു. ഗാന്ധി തന്റെ പിന്തുടർച്ചക്കാരനായി സർദാർ പട്ടേലിനെയാണ് തിരഞ്ഞെടുക്കേണ്ടിയിരുന്നത് എന്നും കൂടി രാജഗോപാലാചാരി അഭിപ്രായപ്പെടുന്നു[46].

നെഹ്രുവിന്റെ നേതൃത്വത്തിൽ ഒരു ഭൂപരിഷ്കരണത്തിനുള്ള പദ്ധതിതന്നെ തയ്യാറാക്കി. ആവശ്യത്തിലധികം ഭൂമി കൈവശം വെച്ചിരിക്കുന്ന ജന്മികളിൽ നിന്നും ഭൂമി പിടിച്ചെടുത്ത് വ്യാവസായിക കാർഷിക ആവശ്യത്തിനായി വിനിയോഗിക്കുന്നതിനു വേണ്ടി വിതരണം ചെയ്യുക എന്നതായിരുന്നു ഉദ്ദേശം[9][47]. ഭൂമി ജന്മികളിൽ നിന്നും പിടിച്ചെടുത്തെങ്കിലും യഥാർത്ഥ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സഹകരണാടിസ്ഥാനത്തിലുള്ള കൃഷി എന്ന വിപ്ലവകരമായ ആശയംപോലും ജന്മികളുടെ ഇടപെടൽ മൂലം നെഹ്രുവിന് ഉപേക്ഷിക്കേണ്ടി വന്നു. ജന്മികൾ കോൺഗ്രസ്സിലെ ഒരു വിഭാഗത്തെ സ്വാധീനിച്ച് നെഹ്രുവിന്റെ നീക്കങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു. കാർഷികരംഗത്ത് നവീന ആശയങ്ങൾ നടപ്പിലാക്കാൻ വേണ്ടി കാർഷികസർവ്വകലാശാലകൾ നെഹ്രുവിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇവിടെ ഇന്ത്യയുടെ സാഹചര്യങ്ങൾക്കുതകിയ വിത്തിനങ്ങളും മറ്റു കാർഷികഉൽപ്പന്നങ്ങളും വികസിപ്പിക്കാൻ തുടങ്ങി. എന്നാൽ മോശം കാലാവസ്ഥ ഇത്തരം നീക്കങ്ങൾക്കെല്ലാം വിലങ്ങുതടിയായി മാറി.

വിദ്യാഭ്യാസരംഗത്തെ നവീകരണങ്ങൾ[തിരുത്തുക]

ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്രു[48]. അതുകൊണ്ടു തന്നെ വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റങ്ങൾ നെഹ്രുവിന്റെ കാലഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ടു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. അതുപോലെ തന്നെ പ്രാഥമിവിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാക്കി. ഗ്രാമങ്ങൾതോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമ്മിച്ചു. കുട്ടികൾക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന ഒരു പരിപാടിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു. വയോജനവിദ്യാഭ്യാസത്തിനും, തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിനും പ്രാമുഖ്യം നൽകി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം തുടങ്ങിയത് നെഹ്രു ഇന്ത്യയെ നയിച്ചിരുന്ന കാലത്താണ്.

ദേശീയ സുരക്ഷ, വിദേശനയം[തിരുത്തുക]

1947 മുതൽ 1964 വരെ നെഹ്രുവാണ് ഇന്ത്യയെ നയിച്ചിരുന്നത്. ശീതയുദ്ധകാലത്ത് അമേരിക്കയും റഷ്യയും ഇന്ത്യയെ തങ്ങളുടെ സഖ്യക്ഷിയാക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും നെഹ്രു രണ്ടുരാജ്യങ്ങളോടും നയപരമായ രീതിയിൽ നിലകൊള്ളുകയായിരുന്നു[49]. 1950 ൽ റിപ്പബ്ലിക്കായതിനേതുടർന്ന് കോമൺവെൽത്ത് രാജ്യങ്ങളുടെ സംഘടനയിൽ ഇന്ത്യ അംഗമായി. ചേരിചേരാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നെഹ്രു ഒരു സുപ്രധാന പങ്കു വഹിച്ചു. കാശ്മീരിൽ നിന്നും പാകിസ്ഥാൻ പിൻമാറിയാൽ അവിടെ ജനഹിതപരിശോധന നടത്താമെന്ന് നെഹ്രു ഐക്യരാഷ്ട്രസംഘടന മുമ്പാകെ ഉറപ്പു നൽകിയിരുന്നു. എന്നാൽ പാകിസ്ഥാന്റെ പിന്തിരിപ്പൻ നിലപാടുമൂലം, നെഹ്രു അവിടെ ജനഹിതപരിശോധനക്കു തയ്യാറായില്ല. നെഹ്രുവിന്റെ വലംകൈ എന്നറിയപ്പെട്ടിരുന്ന വി.കെ.കൃഷ്ണമേനോനായിരുന്നു ഇന്ത്യയുടെ കാശ്മീർ സംബന്ധിച്ച നയങ്ങളെ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച് അനൂകൂലമായ പിന്തുണ നേടിയെടുത്തിരുന്നത്. 1957 ൽ നെഹ്രുവിന്റെ നിർദ്ദേശപ്രകാരം കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകളെക്കുറിച്ച് കൃഷ്ണമേനോൻ ഐക്യരാഷ്ട്രസഭയിൽ എട്ടു മണിക്കൂർ നീണ്ടു നിന്ന ഒരു പ്രസംഗം നടത്തി[50]. ഈ പ്രസംഗം കാശ്മീർ വിഷയത്തിൽ ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ വ്യാപക പിന്തുണ നേടിക്കൊടുത്തു[51]. കൃഷ്ണമേനോനെ കാശ്മീരിന്റെ നായകൻ എന്നാണ് പത്രമാധ്യമങ്ങൾ വിശേഷിപ്പിച്ചത്, അതോടൊപ്പം തന്നെ നെഹ്രുവിന്റെ ജനസമ്മതി പല മടങ്ങായി കുതിച്ചുയർന്നു.

1949 ൽ ദേശീയ പ്രതിരോധ അക്കാദമിയുടെ ശിലാസ്ഥാപനം ചെയ്തുകൊണ്ട് നെഹ്രു നടത്തിയ പ്രസംഗം ദേശീയ സുരക്ഷയെക്കുറിച്ച് ഉൽക്കണ്ഠാകുലനായ ഒരു നേതാവിന്റേതായിരുന്നു[52]. നാം നമ്മുടെ രാഷ്ട്രപിതാവിനെ പിന്തുടർന്ന് സമാധാനവും, അഹിംസയേയും നമ്മുടെ ദിനചര്യയായി മാറ്റണം അതോടൊപ്പം തന്നെ മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട് തോറ്റോടുകയോ പരാജയപ്പെടുകയോ ചെയ്യുന്നതിനു മുമ്പ് വാൾ എടുക്കുന്നതായിരിക്കും ഉത്തമം എന്ന്. നമ്മുടെ പ്രതിരോധ സേന എല്ലാത്തരം ആധുനിക സൈനീകോപകരണങ്ങളും കൊണ്ട് സജ്ജമായിരിക്കണം. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ സുപ്രധാന ആണവശക്തിയായി മാറ്റുന്നതിനു വേണ്ടി നെഹ്രു ആറ്റോമിക്ക് എനർജി കമ്മീഷൻ സ്ഥാപിച്ചു[53]. പ്രശസ്തനായ ശാസ്ത്രജ്ഞനായിരുന്ന പ്രൊഫസ്സർ.ഹോമി.ജെ.ഭാഭയെ അതിന്റെ തലവനായും നിയമിച്ചു[54]. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്നതായിരുന്നു ഈ സുപ്രധാന വകുപ്പ്. ഇതിലൂടെ അയൽരാജ്യങ്ങൾ നടത്തിയിരുന്ന ഭീഷണികൾക്ക് തക്കതായ മറുപടി നൽകുകയായിരുന്നു നെഹ്രു.

ഇന്ത്യാ-ചൈന അതിർത്തി ചർച്ചകളുടെ ഫലമായി നെഹ്രുവിന്റെ നേതൃത്വത്തിൽ ഇന്ത്യ പഞ്ചശീലതത്വങ്ങളിൽ ഒപ്പു വെച്ചു[55]. എന്നാൽ ചൈനയുടെ അതിർത്തിയിലെ തുടരെയുള്ള ആക്രമണങ്ങൾ ഇത്തരം തത്വങ്ങളുടെ മാറ്റു കുറച്ചു. 14 ആമത്തെ ദലൈലാമക്ക് ഇന്ത്യ രാഷ്ട്രീയ അഭയം കൊടുത്തത് ചൈനക്ക് ഇന്ത്യയോടുള്ള വിരോധം വർദ്ധിപ്പിച്ചു[56]. ഗോവയെ പോർച്ചുഗീസ് സാമ്രാജ്യത്വത്തിൽ നിന്നും മോചിപ്പിക്കാൻ നെഹ്രു നടത്തിയ സൈനീക നീക്കം ഏറെ ജനസമ്മിതി നേടിയിരുന്നു എങ്കിലും, കമ്മ്യൂണിസ്റ്റ് സംഘടനകൾ ഈ നീക്കത്തെ അപലപിക്കുകയാണുണ്ടായത്[57].

ഇന്ത്യാ-ചൈനാ യുദ്ധം[തിരുത്തുക]

പ്രധാന ലേഖനം: ഇന്ത്യ-ചൈന യുദ്ധം

ഹിമാലയൻ അതിർത്തി തർക്കത്തെത്തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുണ്ടായ യുദ്ധമാണ് ഇന്ത്യാ ചൈനാ യുദ്ധം അഥവാ ഇന്ത്യാ ചൈനാ അതിർത്തി സംഘർഷം[58][59]. ഇന്ത്യ ഹിമാലയൻ അതിർത്തിയിൽ പുതിയ സൈനീക ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കുകയുണ്ടായി. ചൈനീസ് സൈനീകർ ഈ താവളങ്ങൾക്കുനേരെ ആക്രമണങ്ങൾ തുടങ്ങി. ഇത് അതിർത്തിയിലെ സംഘർഷം രൂക്ഷമാക്കി. കൂടാതെ ഇന്ത്യ പതിനാലാമത്തെ ദലൈലാമക്ക് രാഷ്ട്രീയ അഭയം നൽകിയതും ചൈനക്ക് ഇന്ത്യയോടുള്ള വിരോധം വർദ്ധിക്കാൻ കാരണമായി[60][61]. യുദ്ധത്തിന്റെ സമയത്ത് ഇന്ത്യയുടെ സേനയേക്കാൾ പതിന്മടങ്ങ് കൂടുതലായിരുന്നു ചൈന അതിർത്തിയിൽ വിന്യസിച്ച സേന. ഇത് നെഹ്രുവിന്റെ ഉത്തരവാദിത്വമില്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയെ നെഹ്രു വളരെ നിസ്സാരമായാണ് കണ്ടിരുന്നതെന്ന് പരക്കെ ആക്ഷേപം ഉയർന്നു[62]. ഉടൻതന്നെ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോനോട് അമേരിക്കയിൽ നിന്നും സൈനീക സഹായം ആവശ്യപ്പെടാൻ നെഹ്രു നിർദ്ദേശിച്ചു. ഈ യുദ്ധത്തെ കമ്മ്യൂണിസത്തിന്റെ കടന്നാക്രമണമായി കണ്ട പാകിസ്ഥാനും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയോടുള്ള സ്നേഹത്തിലുപരി, ചൈനയോടുള്ള വിരോധമായിരുന്നു ഈ പിന്തുണക്കു കാരണം[63][64].

ഇന്ത്യാ ചൈന യുദ്ധത്തിൽ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയുടെ പ്രധാനമന്ത്രിയായ നെഹ്രുവിന് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇന്ത്യൻ സേനയുടെ മുഴുവൻ ശേഷിയും ഉപയോഗിക്കാൻ കഴിയാതെ വന്നതും, യുദ്ധതന്ത്രങ്ങളിൽ വന്ന പാളിച്ചകളും പരക്കെ ആക്ഷേപത്തിനു കാരണമായി. യുദ്ധസമയത്ത് ചൈനക്ക് വായുസേനയെ ഉപയോഗിച്ച് ആക്രമണം നടത്താൻ കഴിഞ്ഞിരുന്നില്ല. കാരണം അവർക്ക് ആവശ്യത്തിനുള്ള ഇന്ധനമോ, വിമാനങ്ങൾക്ക് പറന്നുയരാനുള്ള റൺവേകളോ ടിബറ്റിലുണ്ടായിരുന്നില്ല. ഇതു കണ്ടെത്തി, ഇന്ത്യയുടെ ഭാഗത്തു നിന്നും വ്യോമാക്രമണം നടത്തുന്നതിൽ ഇന്ത്യൻ സേന പരാജയപ്പെടുകയാണുണ്ടായത്. ഭാവിയിൽ ഇതുപോലുള്ള ആക്രമണങ്ങൾ നേരിടാനായി പ്രതിരോധ സേനയെ സ‍ജ്ജമാക്കാനുള്ള നടപടികൾക്കു തുടക്കം കുറിച്ചു. ചൈനയുടെ ആക്രമണത്തെ മുൻകൂട്ടി അറിഞ്ഞു വേണ്ട പ്രതിരോധ സംവിധാനം ഒരുക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ചൈനയുമായി ഇന്ത്യ നടത്തുന്ന സമാധാനശ്രമങ്ങൾക്ക് ചൈന ചതിയിലൂടെ മറുപടി നൽകുകയായിരുന്നു എന്ന് പറയപ്പെടുന്നു. കൂടാതെ ഇന്ത്യയും ചൈനയും ഏഷ്യയിലെ ഒരു അച്ചുതണ്ട് ശക്തിയായി മാറിയേക്കും എന്ന ചിന്തകൾക്കും ഈ യുദ്ധത്തോടെ ഒരു പരിണാമമായി.

ഈ യുദ്ധത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് പ്രതിരോധ മന്ത്രി വി.കെ.കൃഷ്ണമേനോൻ രാജിവെക്കുകയും ഇന്ത്യൻ സേനയെ ആധുനീകരിക്കാൻ കഴിവുള്ള മറ്റാരെങ്കിലും മുന്നോട്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു[65][66]. പിന്നീട് നെഹ്രുവിന്റെ പിൻഗാമിയായി വന്ന അദ്ദേഹത്തിന്റെ മകൾ ഇന്ദിരാ ഗാന്ധി ഈ ലക്ഷ്യം ഏറ്റെടുത്തു നടപ്പാക്കകുകയും ആജന്മശത്രുവായി കണക്കാക്കപ്പെട്ടിരുന്ന പാകിസ്ഥാനെ 1971 ൽ ഒരു യുദ്ധത്തിലൂടെ തോൽപ്പിക്കുകയും ചെയ്തു.

മരണം[തിരുത്തുക]

1962 നുശേഷം നെഹ്രുവിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. നെഹ്രു ഏറെ വിശ്വാസമർപ്പിച്ചിരുന്ന ചൈനയിൽ നിന്നേറ്റ് ചതിയാണ് നെഹ്രു പെട്ടെന്ന് രോഗബാധിതനാവാനുണ്ടായ കാരണമെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു[67]. 1964 ൽ നെഹ്രുവിന് ഹൃദയാഘാതമുണ്ടായി. കാശ്മീരിൽ നിന്നും തിരിച്ചുവന്ന ഉടനെയായിരുന്നു ഇത്. 27 മെയ് 1964 ന് മദ്ധ്യാഹ്നത്തോടെ നെഹ്രു അന്തരിച്ചു[68][69]. അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് നെഹ്രുവിന്റെ മരണം ലോക സഭയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യമുനാനദിയുടെ കരയിലുള്ള ശാന്തിവനത്തിൽ ഹൈന്ദവാചാരങ്ങളോടെ അദ്ദേഹത്തിന്റെ മരണാനന്തരകർമ്മങ്ങൾ നടത്തി.

രചനകൾ[തിരുത്തുക]

നെഹ്രു ഒരു മികച്ച ഗ്രന്ഥകാരൻ കൂടിയായിരുന്നു. ഇന്ത്യയെ കണ്ടെത്തൽ, ലോകചരിത്രാവലോകനം എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്‌. 1955-ലാണ്‌ ജവഹർലാൽ നെഹ്രുവിന്‌ ഭാരതരത്നം ബഹുമതി സമ്മാനിച്ചത്.

 • ദ ഡിസ്കവറി ഓഫ് ഇന്ത്യ
 • ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി
 • ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ‍ഡോട്ടർ
 • എ ബഞ്ച് ഓഫ് ഓൾഡ് ലെറ്റേഴ്സ്
 • മഹാത്മാ ഗാന്ധി
 • ദ എസ്സൻഷ്യൽ റൈറ്റിംഗ്സ്
 • ആൻ ആന്തോളജി
 • ലെറ്റേഴ്സ് ടു ചീഫ് മിനിസ്റ്റേഴ്സ്

വ്യക്തിജീവിതം[തിരുത്തുക]

1916 ൽ നെഹ്രു കമലാ കൗളിനെ വിവാഹം ചെയ്തു. ഇവർക്ക് ജനിച്ച ഏക മകളായിരുന്നു ഇന്ദിര. ഈ ദമ്പതികൾക്ക് മറ്റൊരു മകൻ കൂടി ജനിച്ചിരുന്നുവെങ്കിലും താമസിയാതെ മരണമടയുകയായിരുന്നു. ഇന്ത്യയുടെ അവസാന വൈസ്രോയ് ആയിരുന്ന മൗണ്ട്ബാറ്റൺ പ്രഭുവിന്റെ ഭാര്യയായിരുന്ന എഡ്വിനയുമായി നെഹ്രുവിന് അതിരുകടന്ന ഒരു ബന്ധം ഉണ്ടായിരുന്നു[70][71].

ബഹുമതികൾ[തിരുത്തുക]

ഒരു കുടുബത്തിലെ മൂന്ന് പേർക്ക് ഭാരതരതനം ലഭിച്ചിട്ടുള്ളത് നെഹ്രുകുടുംബത്തിനാണ്‌.മറ്റൊരു കുടുംബത്തിനും ഒന്നിൽ കൂടുതൽ ഭാരതരത്നം കിട്ടിയിട്ടില്ല.പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‌ 1955-ലും,മകൾ ഇന്ദിരാഗാന്ധിക്ക് 1971-ലും നെഹ്രുവിന്റ ചെറുമകൻ രാജീവ്ഗാന്ധിക്ക് 1991-ലും ഭാരതരത്നം സമ്മാനിക്കപ്പെട്ടു.മൂന്നുപേരും ഇന്ത്യൻപ്രധാനമന്ത്രിമാരായിരുന്നു. നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും പ്രധാനമന്ത്രിമാരായിരിക്കുമ്പോഴാണ്‌ ഭാരതരത്നം ലഭിച്ചത്.രാജീവ്ഗാന്ധിക്ക് മരണാനന്തര ബഹുമതിയായാണ്‌ ഈ പുരസ്കാരം സമ്മാനിച്ചത്.

മരണശേഷം[തിരുത്തുക]

നെഹ്രുവിന്റെ ജന്മദിനം ഭാരതത്തിൽ ശിശുദിനമായി ആചരിക്കുന്നു.. കുട്ടികളോടുള്ള സ്നേഹവും, അവരുടെ ക്ഷേമത്തിനും, വിദ്യാഭ്യാസത്തിനുമായി ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം ഇങ്ങിനെ ആചരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കുട്ടികൾക്ക് നെഹ്രു ചാച്ചാ നെഹ്രു ആയിരുന്നു. നെഹ്രുവിനോടുള്ള സ്നേഹവും ആദരവും അദ്ദേഹത്തിന്റെ മകളായി ഇന്ദിരക്ക് രാഷ്ട്രീയ പ്രവേശനവും ഉയർച്ചയും ത്വരിതപ്പെടുത്തുവാൻ സഹായിച്ചു.

നെഹ്രുവിനോടുള്ള ആദരപൂർവ്വം പൊതുസ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ പേരു നൽകിയിട്ടുണ്ട്. ഇന്ത്യയിലെ മികച്ച സർവ്വകലാശാലകളിലൊന്നായ ഡെൽഹിയിലെ ജവഹർലാൽ നെഹ്രു സർവ്വകലാശാല, മുംബൈയിലെ ആധുനിക തുറമുഖമായ ജവഹർലാൽ നെഹ്രു പോർട്ട് എന്നിവ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ദീർഘവീക്ഷണത്തിനോടുള്ള ആദരവായിട്ട് രാജ്യം നാമകരണം ചെയ്തതാണ്. നെഹ്രു അധികാരത്തിലിരുന്നപ്പോൾ താമസിച്ചിരുന്ന ഡെൽഹിയിലെ തീൻമൂർത്തിഭവൻ എന്ന വീട് ഇപ്പോൾ ഒരു മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • എ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി- ഇന്ത്യൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം രാഷ്ട്രത്തോടായി ചെയ്ത പ്രസംഗം
 • നെഹ്രു - ദ ഇൻവെൻഷൻ ഓഫ് ഇന്ത്യ ശശി തരൂർ (നവംബർ 2003) ആർക്കേഡ് ബുക്സ് ISBN 1-55970-697-X
 • ജവഹർലാൽ നെഹ്രു (എസ്.ഗോപാൽ, ഉമ അയ്യങ്കാർ) (ജൂലൈ 2003) ദ എസ്സൻഷ്യൽ റൈറ്റിംഗ്സ് ഓഫ് ജവഹർലാൽ നെഹ്രു ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്സ് ISBN 0-19-565324-6
 • ആത്മകഥ - ടുവേഡ്സ് ഫ്രീഡം, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്സ്
 • ജവഹർലാൽ നെഹ്രു - ലൈഫ് & വർക്ക് എം.ചലപതി റാവു, നാഷണൽ ബുക് ക്ലബ് (1 ജനുവരി 1966)

അവലംബം[തിരുത്തുക]

 1. ശശി തരൂർ. "ഗാന്ധി & നെഹ്രു". ടൈം മാസിക. യഥാർത്ഥ സൈറ്റിൽ നിന്ന് 2006-12-06-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-25. 
 2. ജവഹർലാൽ നെഹ്രുവിന്റെ ജീവചരിത്രം, ആൻ ഓട്ടോബയോഗ്രഫി (1936), ജവഹർലാൽ നെഹ്രുവിന്റെ വിൽപത്രം, സെലക്ടഡ് വർക്സ് ഓഫ് നെഹ്രു, രണ്ടാം പതിപ്പ്, വോള്യം. 26, പുറം. 612, ഏതെങ്കിലും തരത്തിലുള്ള ഒരു ദൈവത്തിലും ഞാൻ വിശ്വസിക്കുന്നില്ല - നെഹ്രു.
 3. ജവഹർലാൽ നെഹ്രുവിന്റെ ലഘു ജീവചരിത്രം ഫേമസ് പീപ്പിൾ
 4. ജവഹർലാൽ നെഹ്രുവിന്റെ ജീവിതരേഖ ജവഹർലാൽ നെഹ്രു മെമ്മോറിയൽ ഫണ്ട്
 5. ജവഹർലാൽ നെഹ്രു - എ ബയോഗ്രഫി -ഫ്രാങ്ക് മോറിസ്ഹാരോ & കേംബ്രിഡ്ജ് എന്ന അദ്ധ്യായം. പുറം. 32-35
 6. 6.0 6.1 സുരഞ്ജൻ, ദാസ്. "നെഹ്രു ഇയേഴസ് ഇൻ ഇന്ത്യൻ പൊളിറ്റിക്സ്". എഡിൻബറോ സർവ്വകലാശാല. p. 5. 
 7. "പൂർണ്ണസ്വരാജ്". ന്യൂയോർക്ക് സർവ്വകലാശാല. 
 8. ഷിറിൻ, കീൻ. "പാർട്ടിഷൻ ഓഫ് ഇന്ത്യ". എമോറി സർവ്വകലാശാല. 
 9. 9.0 9.1 നെഹ്രുവിന്റെ കാലഘട്ടത്തിലെ വികസനങ്ങൾ ബി.ബി.സി ഹിസ്റ്ററി
 10. എൻ.ബി.ദാസ്, ഗുപ്ത (1993). നെഹ്രു ആന്റ് പ്ലാനിംഗ് ഇൻ ഇന്ത്യ. മിത്തൽ പബ്ലിഷേഴ്സ്. pp. 225–229. ഐ.എസ്.ബി.എൻ. 81-7022-451-9. 
 11. മൈക്കിൾ, ഷീഹൻ. ഇന്റർനാഷണൽ പൊളിറ്റിക്സ് ഓഫ് സ്പേസ്. റൗട്ടലെഡ്ജ്. p. 45. 
 12. വിക്രം, സിങ് (11-5-2009). "ഹൂസ് ബീൻ ഇന്ത്യാസ് ബെസ്റ്റ് & വേഴ്സ്റ്റ് പ്രൈം മിനിസ്റ്റർ". ടൈംസ് ഓഫ് ഇന്ത്യ.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 13. റഫീക്ക്, സഖറിയ (1989). എ സ്റ്റഡി ഓഫ് നെഹ്രു. രൂപ&കമ്പനി. p. 22. 
 14. വിജയലക്ഷ്മി പണ്ഡിറ്റ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ് വിലാസം
 15. കൃഷ്ണഹുതീസിങ് നാഷണൽ ലൈബ്രറി ഓഫ് ഓസ്ട്രേലിയ
 16. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 
 17. ജവഹർലാൽ നെഹ്രു - എ ബയോഗ്രഫി -ഫ്രാങ്ക് മോറിസ്ബോയ്ഹുഡ് എന്ന അദ്ധ്യായം. പുറം. 18
 18. ജവഹർലാൽ നെഹ്രു - എ ബയോഗ്രഫി -ഫ്രാങ്ക് മോറിസ് പുറം. 29
 19. 19.0 19.1 സി.വി., വില്ല്യംസ് (2004). ജിദ്ദു കൃഷ്ണമൂർത്തി - വേൾഡ് ഫിലോസഫർ. ഡെൽഹി: മോട്ടിലാൽ ബനാർസിദാസ്. p. 487. ഐ.എസ്.ബി.എൻ. 81-208-2032-0. 
 20. ശശി, തരൂർ (2003). നെഹ്രു ദ ഇൻവെൻഷൻ ഓഫ് ഇന്ത്യ. ന്യൂയോർക്ക്. p. 13. ഐ.എസ്.ബി.എൻ. 1-55970-697-X. 
 21. 21.0 21.1 ജവഹർലാൽ നെഹ്രു - എ ബയോഗ്രഫി -ഫ്രാങ്ക് മോറിസ് പുറം. 52
 22. ജവഹർലാൽ നെഹ്രു - എ ബയോഗ്രഫി -ഫ്രാങ്ക് മോറിസ് ഗാദറിംഗ് സ്റ്റോം എന്ന അദ്ധ്യായം പുറം. 54
 23. ജവഹർലാൽ നെഹ്രു - എ ബയോഗ്രഫി -ഫ്രാങ്ക് മോറിസ് ഗാദറിംഗ് സ്റ്റോം എന്ന അദ്ധ്യായം പുറം. 56
 24. "നെഹ്രു&ഗാന്ധി ആദ്യ കണ്ടുമുട്ടൽ". ഒറീസ്സ സർക്കാർ ഔദ്യോഗിക വെബ് വിലാസം. 
 25. 25.0 25.1 ലീഗ് എഗെയിൻസ്റ്റ് ഇംപീരിയലിസം സമ്മേളനത്തിൽ നെഹ്രു പങ്കെടുക്കുന്നു ലണ്ടൻ ഓപ്പൺ സർവ്വകലാശാല വെബ് വിലാസം
 26. സാമ്രാജ്യത്വത്തിനെതിരേ സഖ്യകക്ഷികളെ തേടുന്നു ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് - നെഹ്രു ഇയേഴ്സ് റീ വിസിറ്റഡ് എന്ന ഭാഗം
 27. രത്ന, സാഗർ (2005). സോഷ്യൽ സയൻസ് - ഹിസ്റ്ററി 8. സോഷ്യൽ സയൻസ് ഹിസ്റ്ററി അസ്സോസ്സിയേഷൻ. p. 100. 
 28. "കോൺഗ്രസ്സ് & ഫ്രീഡം മൂവ്മെന്റ്". ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി. 
 29. ലിയോൺ, അഗർവാൾ. ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ. ഇഷ ബുക്സ്. p. 128. ഐ.എസ്.ബി.എൻ. 81-8205-470-2. 
 30. ജവഹർലാൽ നെഹ്രു - ഫ്രാങ്ക് മോറിസ് ടൈം ഫോർ ട്രൂസ് എന്ന അദ്ധ്യായം പുറം. 195 , രണ്ടാമത്തെ ഖണ്ഡിക
 31. ജവഹർലാൽ നെഹ്രു - ഫ്രാങ്ക് മോറിസ് പുറം. 522
 32. 32.0 32.1 പി.സി., ജോഷി (22-12-2012). "ദ നെഹ്രു ലെഗസി". മെയിൻസ്ട്രീം.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 33. ഐഷ, ജലാൽ. ദ സോൾ സ്പോക്ക്സ്മെൻ-ജിന്ന ദ മുസ്ലിം ലീഗ് & ദ ഡിമാന്റ് ഫോർ പാകിസ്ഥാൻ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 47. 
 34. പാകിസ്ഥാൻ പ്രമേയം പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ്
 35. ജവഹർലാൽ നെഹ്രു - എ ബയോഗ്രഫി -ഫ്രാങ്ക് മോറിസ്ഇൻ ദ വൈൽഡെർനസ്സ് എന്ന അദ്ധ്യായം. പുറം. 306-307
 36. 36.0 36.1 36.2 ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ഓപ്പൺ യൂണിവേഴ്സിറ്റി ലണ്ടൻ
 37. റോജർ, ലൂയീസ് (2006). എൻഡ് ഓഫ് ബ്രിട്ടീഷ് ഇംപീരിയലിസം. ലൈബ്രറി ഓഫ് കോൺഗ്രസ്സ്. p. 398. ഐ.എസ്.ബി.എൻ. 1-84511-347-0. 
 38. ക്രിപ്സ് കമ്മീഷൻ പരാജയപ്പെടുന്നു ഫ്രണ്ട് ലൈൻ-ശേഖരിച്ചത് ഓഗസ്റ്റ് 2,2002
 39. ഗാന്ധി നെഹ്രുവിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നു റോബിൻസൺ ലൈബ്രറി
 40. നെഹ്രു ഗാന്ധിയുടെ പിൻഗാമി ലണ്ടൻ റിവ്യൂ ബുക്ക്സ്
 41. ഒന്നാം പഞ്ചവത്സരപദ്ധതി ദേശീയ ആസൂത്രണകമ്മീഷൻ വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
 42. വോറ, രൺബീർ (1997). ദ മേക്കിങ് ഓഫ് ഇന്ത്യ എ ഹിസ്റ്റോറിക്കൽ സർവേ. അമേരിക്ക: ഷാർപെ. p. 205. ഐ.എസ്.ബി.എൻ. 0-76-0711-5 |isbn= - ഈ വില പരിശോധിക്കുക (സഹായം). 
 43. 43.0 43.1 ഒ.പി., മിശ്ര (1995). ഇക്കണോമിക് തോട്ട്സ് ഓഫ് ഗാന്ധി ആന്റ് നെഹ്രു എ കംപാരിസൺ. എം.ഡി.പബ്ലിക്കേഷൻസ്. p. 80-82. ഐ.എസ്.ബി.എൻ. 81-85880-71-9. 
 44. ഒന്നാം പഞ്ചവത്സരപദ്ധതി കണക്കുകൾ ദേശീയ ആസൂത്രണകമ്മീഷൻ വെബ് വിലാസം
 45. നെഹ്രുവിന്റെ കപടജനാധിപത്യം മാർക്സിസ്റ്റ് ആർക്കൈവ്
 46. ജവഹർലാൽ നെഹ്രു - എ ബയോഗ്രഫി -ശങ്കർ ഘോഷ് പുറം. 245
 47. "നെഹ്രു കമ്മിറ്റഡ് ടു റീഫോം". ദ ന്യൂസ് ആന്റ് കുറിയർ. 8 ജനുവരി 1959. 
 48. കുട്ടികളെക്കുറിച്ചുള്ള നെഹ്രുവിന്റെ സങ്കൽപം ഇൻഫോർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം - ഇന്ത്യ
 49. റിച്ചാർഡ്, ഇമ്മർമാൻ (2013). ദ ഓക്സ്ഫഡ് ഹാൻഡ് ബുക്ക് ഓഫ് ദ കോൾഡ് വാർ. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 224. ഐ.എസ്.ബി.എൻ. 978-0-19-923696-1. 
 50. ഐക്യരാഷ്ട്രസഭയിൽ വി.കെ.കൃഷ്ണമേനോന്റെ പ്രസംഗത്തെക്കുറിച്ച് ബി.ബി.സിയിൽ വന്ന വാർത്ത- ശേഖരിച്ചത് 24 സെപ്തംബർ 2009
 51. ഐക്യരാഷ്ട്രസഭയിലെ വി.കെ.കൃഷ്ണമേനോന്റെ പ്രസംഗം ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങൾക്കുവേണ്ടിയുള്ള വെബ് ഇടം
 52. ദേശീയ പ്രതിരോധ അക്കാദമി ശിലാസ്ഥാപനം ദേശീയപ്രതിരോധ അക്കാദമിയുടെ വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
 53. ആണവോർജ്ജ വകുപ്പ് ആണവോർജ്ജ വകുപ്പിന്റെ വെബ് വിലാസം
 54. ആറ്റോമിക്ക് എനർജി കമ്മീഷൻ ന്യൂക്ലിയർവെപ്പൺആർക്കൈവ്
 55. പഞ്ചശീലതത്വങ്ങൾ ചൈനാവ്യൂ വെബ് ഇടം
 56. പതിനാലാമത്തെ ദലൈലാമക്ക് ഇന്ത്യയിൽ രാഷ്ട്രീയ അഭയം സേവ് ടിബറ്റ് വെബ് ഇടത്തിൽ നിന്നും ശേഖരിച്ചത്
 57. ഹാർഡിങ്, പോൾ. ലോൺലി പ്ലാനെറ്റ്. സെൻട്രൽ ബുക്ക് ഹൗസ്. p. 224. 
 58. മാക്സ്വെൽ, നെവില്ലെ (1970). ഇന്ത്യാസ് ചൈനാ വാർ. പാന്ഥിയോൺ ബുക്സ്. 
 59. കെ., സുബ്രഹ്മണ്യം. "നെഹ്രു&ഇന്തോ-ചൈനാ വാർ". ന്യൂയോർക്ക് സർവ്വകലാശാല. 
 60. ദിനേഷ്, ലാൽ. ഇൻഡോ-ടിബറ്റ്-ചൈന കോൺഫ്ലിക്ട്. കാൽപാസ് പബ്ലിക്കേഷൻസ്. p. 3. ഐ.എസ്.ബി.എൻ. 81-7835-714-3. 
 61. കേണൽ അനിൽ, അഥാലെ. "വാട്ട് പ്രൊവോക്ക്ഡ് ദ ഇന്ത്യ ചൈനാ വാർ". റിഡിഫ്. 
 62. ഗുഹ, രാമചന്ദ്ര. "ജവഹർലാൽ നെഹ്രു & ചൈന - എ സ്റ്റഡി ഇൻ ഫെയില്യുർ". ഹാർവാർഡ്. p. 21. 
 63. ഇന്ത്യാ ചൈനാ യുദ്ധത്തിൽ ഇന്ത്യക്കു പാകിസ്ഥാന്റെ പിന്തുണ റിഡിഫ് വാർത്ത - ശേഖരിച്ചത് ജൂലൈ 6 - 2012
 64. കുൽദീപ്, നയ്യാർ (2012). ബിയോണ്ട് ദ ലൈൻസ്. റോളി ബുക്സ്. ഐ.എസ്.ബി.എൻ. 978-8174369109. 
 65. നെഹ്രു വി.കെ.കൃഷ്ണമേനോന്റെ രാജി സ്വീകരിക്കുന്നു ദ ഹിന്ദു ദിനപത്രം - ശേഖരിച്ചത് 8 നവംബർ 2012
 66. കൃഷ്ണമേനോന്റെ ലഘു ജീവചരിത്രം ന്യൂയോർക്ക് സർവ്വകലാശാല
 67. ബി.എസ്, രാഘവൻ (27-11-2012). "മിസ്ട്രി ഓഫ് നെഹ്രുസ് ബിഹേവിയർ". ദ ഹിന്ദു (ബിസിനസ്സ് ലൈൻ).  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 68. നെഹ്രുവിന്റെ മരണത്തേതുടർന്ന് ബി.ബി.സിയിൽ വന്ന വാർത്ത ബി.ബി.സി വാർത്ത - ശേഖരിച്ചത് 27 മെയ് 1964
 69. നെഹ്രു അന്തരിച്ചു ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്ത
 70. എഡ്വിന മൗണ്ട് ബാറ്റണുമായി നെഹ്രുവിനുണ്ടായിരുന്ന അവിശുദ്ധ ബന്ധം ഇന്ത്യൻ എക്സ്പ്രസ്സ് - ശേഖരിച്ചത് 15 ജൂലൈ 2007
 71. നെഹ്രുവും എഡ്വിനയുമായുളള ബന്ധം‍‍ ടൈംസ് ഓഫ് ഇന്ത്യ - ശേഖരിച്ചത് 21 ഏപ്രിൽ 2010

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പദവികൾ
New title ഇന്ത്യയുടെ പ്രധാനമന്ത്രി
1947–1964
പിൻഗാമി
ഗുൽസാരിലാൽ നന്ദ
താൽക്കാലികം
വിദേശകാര്യ വകുപ്പ് മന്ത്രി
1947–1964
ആസൂത്രണ കമ്മീഷൻ ചെയർപേഴ്സൺ
1950–1964
മുൻഗാമി
എൻ.ഗോപാലസ്വാമി അയ്യങ്കാർ
പ്രതിരോധ വകുപ്പ് മന്ത്രി
1953–1955
പിൻഗാമി
കൈലാസ് നാഥ് കട്ജു
മുൻഗാമി
സി.ഡി.ദേശ്മുഖ്
സാമ്പത്തികവകുപ്പ് മന്ത്രി
1956
പിൻഗാമി
ടി.ടി.കൃഷ്ണമാചാരി
മുൻഗാമി
കൈലാസ് നാഥ് കട്ജു
പ്രതിരോധ വകുപ്പ് മന്ത്രി
1957
പിൻഗാമി
വി.കെ.കൃഷ്ണമേനോൻ
മുൻഗാമി
ടി.ടി.കൃഷ്ണമാചാരി
സാമ്പത്തികവകുപ്പ് മന്ത്രി
1958
പിൻഗാമി
മൊറാർജി ദേശായ്
മുൻഗാമി
വി.കെ.കൃഷ്ണമേനോൻ
പ്രതിരോധ വകുപ്പ് മന്ത്രി
1962
പിൻഗാമി
യശ്വന്തറാവു ചവാൻ



India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...
"http://ml.wikipedia.org/w/index.php?title=ജവഹർലാൽ_നെഹ്രു&oldid=2091679" എന്ന താളിൽനിന്നു ശേഖരിച്ചത്