വി.കെ. കൃഷ്ണമേനോൻ
ഇന്ത്യയുടെ നയതന്ത്രരംഗത്തെ മഹാസ്തഭം എന്നു വിശേഷിക്കവുന്ന വ്യക്തിയാണ് വി.കെ. കൃഷ്ണമേനോൻ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകൾ പ്രധാനമായും കൃഷ്ണമേനോനെ മുൻനിർത്തിയായിരുന്നു. നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം. ചേരി ചേരാ പ്രസ്ഥാനത്തിന് രുപം കൊടുക്കുന്നതിൻ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ പ്രസംഗവൈഭവം പ്രസിദ്ധമാണ്, കശ്മീർ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചത്. ഈ റെക്കോർഡ് ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയിലെ വെങ്ങലിൽ കുടുബത്തിലാണ് മേനോൻ ജനിച്ചത്. അക്കാലത്ത് കേരളത്തിലെ ഒരു സമ്പന്നകുടുംബമായിരുന്നു വെങ്ങലിൽ കുടുംബം. അച്ഛൻ കോമത്ത് കൃഷ്ണക്കുറുപ്പ് കോഴിക്കോട് കോടതിയിലെ വക്കീലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയിലയിരുന്നു പിന്നീട് അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. കോളേജിൽ വച്ച് അദ്ദേഹം ദേശിയപ്രസ്ഥനത്തിൽ ആകൃഷ്ട്നാകുകയും ആനിബസന്റ് ആരംഭച്ച ഹോംറൂൾ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. ആനിബസന്റ് അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് വിദ്യാഭ്യാസം ചെയ്യാൻ പറഞ്ഞയച്ചു.
ലണ്ടനിൽ [തിരുത്തുക]
ബ്രിട്ടണിലെത്തിയ മേനോൻ ലണ്ടൻ സ്കൂൾ ഓഫ് എക്കൊണോമിക്സിലും ലണ്ടൻ യൂണിവേഴ്സിറ്റി കോളെജിലും ഉപരിപഠനം നടത്തി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നൽകുവാനുള്ള പ്രധാന വക്താവുമായി അദ്ദേഹം. പത്രപ്രവർത്തകനായും ഇന്ത്യാ ലീഗിന്റെ സെക്രട്ടറിയായും (1929-1947) പ്രവർത്തിച്ചു. ഈ കാലഘട്ടത്തിലാണു ജവഹർലാൽ നെഹ്രുവുമായി പരിചയപ്പെടുന്നത്. 1934-ൽ മേനോൻ ലണ്ടൻ ബാറിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ലേബർ പാർട്ടിയിൽ ചേർന്നു സെന്റ് പാൻക്രിയാസിലെ ബറോ കൌൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ലണ്ടൻ ബാർ കൌൺസിൽ അംഗമായെങ്കിലും അധികം പണം സമ്പാദിച്ചില്ല. തന്റെ വരുമാനമെല്ലാം ഇന്ത്യാ ലീഗിന്റെ പ്രവർത്തനങ്ങൾക്കു ചെലവാക്കുകയായിരുന്നു അദ്ദേഹം. ലണ്ടൻലെ കാംഡൻ പ്രദേശത്തെ ചെലവുകുറഞ്ഞ തൊഴിലാളി പാർപ്പിടങ്ങളിലായിരുന്നു താമസം.പത്തുവർഷത്തോളം 57 കാംഡൻ സ്ക്വയർ എന്ന വിലാസത്തിൽ താമസിച്ചു.
സെന്റ് പാൻക്രിയാസ് (ലണ്ടൻ) അദ്ദേഹത്തിന് ‘Freedom of the Borough' എന്ന ബഹുമതി സമ്മാനിച്ചു. ബർണാർഡ് ഷായ്ക്കു ശേഷം ഈ ബഹുമതി ലഭിക്കുന്നത് കൃഷ്ണമേനോനാണ്. 1932-ൽ അദ്ദേഹം ഇന്ത്യയിലെ സ്ഥിതിഗതികൾ പഠിക്കുവാൻ ഒരു പഠനസംഘത്തെ അയക്കുവാൻ പ്രേരിപ്പിക്കുകയും ലേബർ പ്രഭുസഭാംഗമായ എല്ലെൻ വിൽകിൻസൺ നയിച്ച ഈ സംഘത്തിൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. ഈ സംഘത്തിന്റെ ‘ഇന്ത്യയിലെ സ്ഥിതിഗതികൾ’ എന്ന റിപ്പോർട്ട് തയാറാക്കിയത് മേനോനാണ്. 1930കളിൽ അല്ലെൻ ലേനുമായി ചേർന്ന് അദ്ദേഹം ‘പെൻഗ്വിൻ’, ‘പെലിക്കൺ’ എന്നീ പ്രശസ്തമായ പുസ്തക പ്രസാധക കമ്പനികൾ സ്ഥാപിച്ചു. ‘ബോൾഡ്ലി ഹെഡ്‘, ‘പെൻഗ്വിൻ ബുക്സ്’, ‘പെലിക്കൺ ബുക്സ്’, ‘റ്റ്വെൽത് സെഞ്ചുറി ലൈബ്രറി’ എന്നിവയിൽ ലേഖകനായി പ്രവർത്തിച്ചു.
1930കളിൽ നെഹ്രുവുമൊത്ത് ജനറൽ ഫ്രാങ്കോയുടെ യുദ്ധം കാണുവാനായി സ്പെയിനിലേക്കു പോയി. അപകടകരമായ ഈ യാത്ര ഇരുവരെയും തമ്മിൽ അടുപ്പിച്ചു. നെഹ്രുവിന്റെ മരണംവരെ ഇരുവരും അന്യോന്യം തികഞ്ഞ വിശ്വസ്തതയും സൗഹൃദവും പുലർത്തി.
1979-ൽ ലണ്ടനിലെ ഫിറ്റ്സ്രോയ് സ്ക്വയർ ഉദ്യാനത്തിൽ അദ്ദേഹത്തിന്റെ ഒരു അർദ്ധകായ വെങ്കലപ്രതിമ സ്ഥാപിക്കപ്പെട്ടു. ഈ പ്രതിമ രണ്ടുതവണ മോഷണം പോയി. ഇന്ന് കാംഡൻ സെന്ററിൽ മേനോന്റെ പ്രതിമ സൂക്ഷിച്ചിരിക്കുന്നു.
ഇന്ത്യാ ഹൈക്കമ്മീഷനിൽ [തിരുത്തുക]
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയുടെ ബ്രിട്ടനിലെ സ്ഥാനപതിയായി 1947 മുതൽ 1952 വരെ കൃഷ്ണമേനോൻ നിയമിക്കപ്പെട്ടു. 1952 മുതൽ 1962 വരെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു. ഐക്യരാഷ്ട്രസഭയിൽ കൃഷ്ണമേനോൻ ചേരിചേരാ നയത്തിന്റെ വക്താവാകുകയും, അമേരിക്കൻ നയങ്ങളെ എതിർക്കുകയും ചൈനയെ പല അവസരങ്ങളിലും പിന്താങ്ങുകയും ചെയ്തു. 1957 ജനുവരി 23നു ഇന്ത്യയുടെ കശ്മീർ പ്രശ്നത്തിലെ നിലപാടിനെക്കുറിച്ച് 8 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രസംഗം നടത്തി. ദൈർഘ്യത്തിന്റെ കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇന്നുവരെയുള്ള ചരിത്രത്തിലെ തന്നെ റെക്കോർഡാണ് ഈ പ്രസംഗം.
ഇന്ത്യൻ പാർലമെന്റിൽ [തിരുത്തുക]
1953-ൽ കൃഷ്ണമേനോൻ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1956-ൽ കേന്ദ്രമന്ത്രിസഭയിൽ വകുപ്പില്ലാമന്ത്രിയായി നിയമിതനായി. 1957-ൽ ബോംബെയിൽ നിന്നു അദ്ദേഹം ലോക്സഭയിലേക്കുതിരഞ്ഞെടുക്കപ്പെടുകയും 1957 ഏപ്രിലിൽ ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്തു.
1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പില്ലായ്മയെയും മുന്നിർത്തി അദ്ദേഹത്തിനു രാജിവെയ്ക്കേണ്ടിവന്നു. 1967ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1969-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
മരണം [തിരുത്തുക]
കൃഷ്ണമേനോൻ 1974 ഒക്ടോബർ 6നു ദില്ലിയിൽ വെച്ചു മരണമടഞ്ഞു.
