വി.കെ. കൃഷ്ണമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V. K. Krishna Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വി.കെ. കൃഷ്ണമേനോൻ

വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണ മേനോൻ

പ്രതിരോധ മന്ത്രി
പദവിയിൽ
17 ഏപ്രിൽ 1957 – 31 ഒക്ടോബർ 1962
മുൻ‌ഗാമി കൈലാസ് നാഥ് കട്ജു
പിൻ‌ഗാമി വൈ. ചവാൻ

പദവിയിൽ
1971–1974

പദവിയിൽ
1969–1971

ലോക്സഭാംഗം - വടക്കൻ ബോംബെ
പദവിയിൽ
1957–1967

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി
പദവിയിൽ
1952–1962

പദവിയിൽ
1953–1957

ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈകമ്മീഷണർ
പദവിയിൽ
1947–1952
ജനനം 1896 മേയ് 3(1896-05-03)
കോഴിക്കോട്, മലബാർ,
മദ്രാസ് പ്രവിശ്യ,
ബ്രിട്ടീഷ് ഇന്ത്യ
മരണം 1974 ഒക്ടോബർ 6(1974-10-06) (പ്രായം 78)
ഡൽഹി, ഇന്ത്യ
ദേശീയത ഭാരതീയൻ
പഠിച്ച സ്ഥാപനങ്ങൾ പ്രസിഡൻസി കോളേജ് ചെന്നൈ
മദ്രാസ് ലോ കോളേജ്
ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ്
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ജീവിത പങ്കാളി(കൾ) അവിവാഹിതൻ

ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വെങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകൾ പ്രധാനമായും കൃഷ്ണമേനോനെ മുൻ‌നിർത്തിയായിരുന്നു. നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം, ഈ അടുപ്പം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ ദ്വിതീയൻ എന്ന് അദ്ദേഹത്തെ ടൈം മാസിക വിശേഷിപ്പിച്ചിട്ടുണ്ട്. ചേരി ചേരാ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

അദ്ദേഹത്തിന്റെ പ്രസംഗവൈഭവം പ്രസിദ്ധമാണ്, കശ്മീർ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചത്.[1] ഇതുവരെ തിരുത്തപ്പെടാത്ത ഒരു ഗിന്നസ് റെക്കോഡാണ് ഈ സുദീർഘ പ്രസംഗം.[2] നയതന്ത്രപ്രതിനിധി, രാഷ്ട്രീയപ്രവർത്തകൻ എന്നതിലുപരി ഒരു എഴുത്തുകാരൻ കൂടിയായിരുന്നു കൃഷ്ണമേനോൻ. പെൻഗ്വിൻ ബുക്സിന്റെ ആദ്യകാല എഡിറ്റർമാരിലൊരാൾ കൂടിയാണ് കൃഷ്ണമേനോൻ.[3]

ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് വിദേശരാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നതിനു കൃഷ്ണമേനോൻ വഹിച്ച പങ്ക് വലുതാണ്. ഇംഗ്ലണ്ടിൽ ഇന്ത്യൻ ലീഗ് ആരംഭിക്കുകയും, ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പരമാവധി പിന്തുണ അവിടെ നിന്നും നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം, ഇന്ത്യൻ വിദേശനയങ്ങളുടെ ജിഹ്വയായി കൃഷ്ണമേനോൻ മാറി. ഐക്യരാഷ്ട്രസഭയിലേക്കും, അമേരിക്കയിലേക്കുമുള്ള ഇന്ത്യൻ നയതന്ത്രസംഘത്തെ നയിച്ചത് കൃഷ്ണമേനോനായിരുന്നു. തിരികെ ഇന്ത്യയിൽ വന്ന കൃഷ്ണമേനോൻ സജീവരാഷ്ട്രീയത്തിലേക്കിറങ്ങുകയും, ലോകസഭയിലേക്കും, രാജ്യസഭയിലേക്കും നിരവധിതവണ വിവിധ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ പന്നിയങ്കര ഗ്രാമത്തിലെ വെങ്ങാലിൽ കുടുബത്തിലാണ് മേനോൻ ജനിച്ചത്. അക്കാലത്ത് കേരളത്തിലെ ഒരു സമ്പന്നകുടുംബമായിരുന്നു വെങ്ങാലിൽ കുടുംബം. അച്ഛൻ കോമത്ത് കൃഷ്ണക്കുറുപ്പ് കോഴിക്കോട് കോടതിയിലെ വക്കീലായിരുന്നു. 1815 മുതൽ 1817 വരെ തിരുവിതാംകൂർ ദിവാനായിരുന്ന രാമൻമേനോന്റെ പൗത്രി ആയിരുന്നു മാതാവ്. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയിലയിരുന്നു . കോഴിക്കോട് സാമൂതിരി കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നു. പിന്നീട് അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. കോളേജിൽ വച്ച് അദ്ദേഹം ദേശിയപ്രസ്ഥാനത്തിൽ ആകൃഷ്ടനാവുകയും ആനി ബസന്റ് ആരംഭിച്ച ഹോംറൂൾ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു. ആനീബസന്റ് തുടക്കം കുറിച്ച ബ്രദേഴ്സ് ഓഫ് സർവ്വീസ് എന്ന സംഘടനയുടെ നേതൃത്വം കൃഷ്ണമേനോനായിരുന്നു. ആനിബസന്റ് അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് വിദ്യാഭ്യാസം ചെയ്യാൻ പറഞ്ഞയച്ചു.‍[4]

ലണ്ടനിൽ[തിരുത്തുക]

വിദ്യാഭ്യാസം[തിരുത്തുക]

ബ്രിട്ടണിലെത്തിയ മേനോൻ ലണ്ടൻ സ്കൂൾ ഓഫ് എക്കൊണോമിക്സിലും ലണ്ടൻ യൂണിവേഴ്സിറ്റി കോളെജിലും ഉപരിപഠനം നടത്തി. തങ്ങൾക്കു കിട്ടിയ ഏറ്റവും മികച്ച വിദ്യാർത്ഥി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രൊഫസറായിരുന്ന ഹാരോൾഡ് ലാസ്കി കൃഷ്ണമേനോനെക്കുറിച്ച് പറഞ്ഞത്.[5] 1930 ൽ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഉയർന്ന മാർക്കോടെ മനശാസ്ത്രത്തിൽ ബി.എ ബിരുദം കൃഷ്ണമേനോൻ കരസ്ഥമാക്കി. 1934 ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ എം.എസ്സിയും നേടുകയുണ്ടായി. ഇതിനുശേഷം, പ്രശസ്തമായ മിഡിൽ ടെംപിളിൽ നിന്നും നിയമപഠനത്തിനായി ചേരുകയുണ്ടായി.

രാഷ്ട്രീയം[തിരുത്തുക]

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നൽകുവാനുള്ള പ്രധാന വക്താവുമായി അദ്ദേഹം. പത്രപ്രവർത്തകനായും ഇന്ത്യാ ലീഗിന്റെ സെക്രട്ടറിയായും (1929-1947) പ്രവർത്തിച്ചു. 1934-ൽ മേനോൻ ലണ്ടൻ ബാറിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ലേബർ പാർട്ടിയിൽ ചേർന്നു സെന്റ് പാൻ‌ക്രിയാസിലെ ബറോ കൌൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1939 ൽ ഡുണ്ടി പാർലമെണ്ട് മണ്ഡലത്തിലേക്ക് കൃഷ്ണമേനോനെ മത്സരിപ്പിക്കാൻ ലേബർ പാർട്ടി തയ്യാറെടുത്തുവെങ്കിലും, ആ ശ്രമം വിജയകരമായില്ല. കൃഷ്ണമേനോൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം കൊണ്ടായിരുന്നു ഈ ശ്രമം നടക്കാതെ പോയത്.[6] കൃഷ്ണമേനോൻ ലേബർ പാർട്ടിയിൽ നിന്നും രാജിവെക്കുകയും, 1944 വീണ്ടും തിരിച്ചെത്തുകയും ചെയ്തു.

ഇന്ത്യാ ലീഗ്[തിരുത്തുക]

1929 മുതൽ 1947 വരെ ഇന്ത്യാലീഗിൽ സെക്രട്ടറിയായും പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഈ കാലഘട്ടത്തിലാണു രാഷ്ട്രീയപ്രവർത്തകനും, ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്രുവുമായി പരിചയപ്പെടുന്നത്. ഇന്ത്യാ ലീഗിൽ പ്രവർത്തിക്കുന്ന സമയത്ത് തന്നെ, വിശ്വപ്രസിദ്ധരായ ബെർട്രാൻഡ് റസ്സൽ, ഇ.എം. ഫോസ്റ്റർ തുടങ്ങിയവരുമായി കൃഷ്ണമേനോന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇ.എം.ഫോസ്റ്ററുടെ അവസാന നോവലായ എ പാസേജ് ടു ഇന്ത്യ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഫോസ്റ്ററെ കൃഷ്ണമേനോൻ വളരെധികം സഹായിച്ചിരുന്നു.[7]

ലണ്ടൻ ബാർ കൌൺസിൽ അംഗമായെങ്കിലും അധികം പണം സമ്പാദിച്ചില്ല. തന്റെ വരുമാനമെല്ലാം ഇന്ത്യാ ലീഗിന്റെ പ്രവർത്തനങ്ങൾക്കു ചെലവാക്കുകയായിരുന്നു അദ്ദേഹം. ലണ്ടൻലെ കാംഡൻ പ്രദേശത്തെ ചെലവുകുറഞ്ഞ തൊഴിലാളി പാർപ്പിടങ്ങളിലായിരുന്നു താമസം.പത്തുവർഷത്തോളം 57 കാംഡൻ സ്ക്വയർ എന്ന വിലാസത്തിൽ താമസിച്ചു. ഇന്ത്യാ ലീഗ് കെട്ടിപ്പടുക്കുകയും, ബ്രിട്ടനിലെ ജനവികാരത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു അനുകൂലമാക്കുകയും ചെയ്തതിൽ കൃഷ്ണമേനോൻ വഹിച്ച പങ്ക് വളരെ വലിയതാണ്.[8]

പത്രപ്രവർത്തനം[തിരുത്തുക]

1930കളിൽ അല്ലെൻ ലേനുമായി ചേർന്ന് അദ്ദേഹം ‘പെൻ‌ഗ്വിൻ’, ‘പെലിക്കൺ’ എന്നീ പ്രശസ്തമായ പുസ്തക പ്രസാധക കമ്പനികൾ സ്ഥാപിച്ചു. ‘ബോൾഡ്ലി ഹെഡ്‘, ‘പെൻ‌ഗ്വിൻ ബുക്സ്’, ‘പെലിക്കൺ ബുക്സ്’, ‘റ്റ്വെൽത് സെഞ്ചുറി ലൈബ്രറി’ എന്നിവയിൽ ലേഖകനായി പ്രവർത്തിച്ചു.

1930കളിൽ നെഹ്രുവുമൊത്ത് ജനറൽ ഫ്രാങ്കോയുടെ യുദ്ധം കാണുവാനായി സ്പെയിനിലേക്കു പോയി. അപകടകരമായ ഈ യാത്ര ഇരുവരെയും തമ്മിൽ അടുപ്പിച്ചു. നെഹ്രുവിന്റെ മരണംവരെ ഇരുവരും അന്യോന്യം തികഞ്ഞ വിശ്വസ്തതയും സൗഹൃദവും പുലർത്തി.

1979-ൽ ലണ്ടനിലെ ഫിറ്റ്സ്രോയ് സ്ക്വയർ ഉദ്യാനത്തിൽ അദ്ദേഹത്തിന്റെ ഒരു അർദ്ധകായ വെങ്കലപ്രതിമ സ്ഥാപിക്കപ്പെട്ടു. ഈ പ്രതിമ രണ്ടുതവണ മോഷണം പോയി. ഇന്ന് കാംഡൻ സെന്ററിൽ മേനോന്റെ പ്രതിമ സൂക്ഷിച്ചിരിക്കുന്നു.

കൃഷ്ണമേനോൻ മ്യൂസിയം, കോഴിക്കോട്-ഇവിടെ കൃഷ്ണമേനോൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ, കത്തുകൾ മുതലായവ പൊതുദർശനത്തിനു വച്ചിരിക്കുന്നു.

ഔദ്യോഗിക പദവികൾ[തിരുത്തുക]

ഇന്ത്യാ ഹൈക്കമ്മീഷനിൽ[തിരുത്തുക]

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയുടെ ബ്രിട്ടനിലെ സ്ഥാനപതിയായി 1947 മുതൽ 1952 വരെ കൃഷ്ണമേനോൻ നിയമിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള അദ്ദേഹത്തിന്റെ തുടർച്ചയായുള്ള വിമർശനങ്ങളെ കൃഷ്ണമേനോനെ ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജൻസിയായ എം15 ന്റെ നോട്ടപ്പുള്ളിയാക്കി. സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്ന വ്യക്തി എന്നാണ് ഇവർ കൃഷ്ണമേനോനെക്കുറിച്ച് റിപ്പോർട്ട് നൽകിയത്. കൃഷ്ണമേനോനെതിരേ തുടർച്ചയായി ഇവർ ചാരപ്രവർത്തനങ്ങൾ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഫോൺ സംഭാഷണങ്ങൾ വരെ രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തിയിരുന്നു. കൃഷ്ണമേനോന് ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നു വരെ ഇവർ ആരോപിച്ചിരുന്നു.[9]

ഐക്യരാഷ്ട്ര സഭയിൽ[തിരുത്തുക]

1952 മുതൽ 1962 വരെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു. ഐക്യരാഷ്ട്രസഭയിൽ കൃഷ്ണമേനോൻ ചേരിചേരാ നയത്തിന്റെ വക്താവാകുകയും, അമേരിക്കൻ നയങ്ങളെ എതിർക്കുകയും ചൈനയെ പല അവസരങ്ങളിലും പിന്താങ്ങുകയും ചെയ്തു. 1957 ജനുവരി 23നു ഇന്ത്യയുടെ കശ്മീർ പ്രശ്നത്തിലെ നിലപാടിനെക്കുറിച്ച് 8 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രസംഗം നടത്തി. ദൈർഘ്യത്തിന്റെ കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇന്നുവരെയുള്ള ചരിത്രത്തിലെ തന്നെ റെക്കോർഡാണ് ഈ പ്രസംഗം.

ഇന്ത്യൻ പാർലമെന്റിൽ[തിരുത്തുക]

വി.കെ. കൃഷ്ണമേനോന്റെ പ്രതിമ കോഴിക്കോട് മാനാഞ്ചിറയിൽ

1953-ൽ കൃഷ്ണമേനോൻ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1956-ൽ കേന്ദ്രമന്ത്രിസഭയിൽ വകുപ്പില്ലാമന്ത്രിയായി നിയമിതനായി. 1957-ൽ ബോംബെയിൽ നിന്നു അദ്ദേഹം ലോക്സഭയിലേക്കുതിരഞ്ഞെടുക്കപ്പെടുകയും 1957 ഏപ്രിലിൽ ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്തു.

1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പില്ലായ്മയെയും മുന്നിർത്തി അദ്ദേഹത്തിനു രാജിവെയ്ക്കേണ്ടിവന്നു. 1967ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1969-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

മരണം[തിരുത്തുക]

ആജീവനാന്തം അവിവാഹിതനായിരുന്ന കൃഷ്ണമേനോൻ 78ആം വയസ്സിൽ 1974 ഒക്ടോബർ 6നു ദില്ലിയിൽ വെച്ചു മരണമടഞ്ഞു.

ബഹുമതികൾ[തിരുത്തുക]

സെന്റ് പാൻ‌ക്രിയാസ് (ലണ്ടൻ) അദ്ദേഹത്തിന് ‘Freedom of the Borough' എന്ന ബഹുമതി സമ്മാനിച്ചു. ബർണാർഡ് ഷായ്ക്കു ശേഷം ഈ ബഹുമതി ലഭിക്കുന്നത് കൃഷ്ണമേനോനാണ്. 1932-ൽ അദ്ദേഹം ഇന്ത്യയിലെ സ്ഥിതിഗതികൾ പഠിക്കുവാൻ ഒരു പഠനസംഘത്തെ അയക്കുവാൻ പ്രേരിപ്പിക്കുകയും ലേബർ പ്രഭുസഭാംഗമായ എല്ലെൻ വിൽകിൻസൺ നയിച്ച ഈ സംഘത്തിൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. ഈ സംഘത്തിന്റെ ‘ഇന്ത്യയിലെ സ്ഥിതിഗതികൾ’ എന്ന റിപ്പോർട്ട് തയാറാക്കിയത് മേനോനാണ്.

അവലംബം[തിരുത്തുക]

  1. "വി.കെ.കൃഷ്ണമേനോൻ ഐക്യരാഷ്ട്രസഭയിൽ ചെയ്ത പ്രസംഗം". ഐക്യരാഷ്ട്രസഭ, ആർക്കൈവ്. ശേഖരിച്ചത് 26-ഫെബ്രുവരി-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. "ഏറ്റവും ദീർഘമായ പ്രസംഗം". ഗിന്നസ്വേൾഡ്റെക്കോഡ്സ്.കോം. ശേഖരിച്ചത് 26-ഫെബ്രുവരി-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  3. പെൻഗ്വിൻ ബുക്സ്. ഓപ്പൺ യൂണിവേഴ്സിറ്റി ലണ്ടൻ. ശേഖരിച്ചത് 26-ഫെബ്രുവരി-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  4. "വി.കെ.കൃഷ്ണമേനോൻ". ഓപ്പൺ യൂണിവേഴ്സിറ്റി ലണ്ടൻ. ശേഖരിച്ചത് 26-ഫെബ്രുവരി-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  5. "വാസ് കൃഷ്മമേനോൻ എ സിക് മാൻ". ഏഷ്യൻ ട്രൈബ്യൂൺ. 17-നവംബർ-2009. ശേഖരിച്ചത് 28-ഫെബ്രുവരി-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
  6. "കമ്മ്യൂണിസ്റ്റ്സ് ആന്റ് സസ്പെക്ടഡ് കമ്മ്യൂണിസ്റ്റ്സ്". നാഷണൽ ആർക്കൈവ്. ശേഖരിച്ചത് 28-ഫെബ്രുവരി-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  7. "കൃഷ്ണമേനോൻസ് 50 കപ് ഓഫ് ടി എ ഡേ". ദ ടെലഗ്രാഫ്. 14-ഒക്ടോബർ-2007. ശേഖരിച്ചത് 28-ഫെബ്രുവരി-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
  8. "100പീപ്പിൾ ഹു ഷേപ്ഡ് ഇന്ത്യ - വി.കെ.കൃഷ്ണമേനോൻ". ഇന്ത്യാ ടുഡേ. ശേഖരിച്ചത് 28-ഫെബ്രുവരി-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  9. രശ്മി, റോഷൻ ലാൽ (07-മാർച്ച്-2007). "കൃഷ്ണമേനോൻ എ സിക് മാൻ സേയ്സ് M15 ഡോക്യുമെന്റ്സ്". ടൈംസ് ഓഫ് ഇന്ത്യ. ശേഖരിച്ചത് 28-ഫെബ്രുവരി-2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=വി.കെ._കൃഷ്ണമേനോൻ&oldid=2678148" എന്ന താളിൽനിന്നു ശേഖരിച്ചത്