ഇന്ദിരാ ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദിരാ ഗാന്ധി
ഇന്ദിരാ ഗാന്ധി

ഇന്ത്യയുടെ നാലാമത് പ്രധാനമന്ത്രി
പദവിയിൽ
15 ജനുവരി 1980 – 31 ഒക്ടോബർ 1984
പ്രസിഡണ്ട് നീലം സഞ്ജീവ റെഡ്ഡി
ഗ്യാനി സെയിൽ സിങ്
മുൻഗാമി ചരൺ സിംഗ്
പിൻഗാമി രാജീവ് ഗാന്ധി
പദവിയിൽ
19 ജനുവരി 1966 – 24 മാർച്ച് 1977
പ്രസിഡണ്ട് എസ്.രാധാകൃഷ്ണൻ, സക്കീർ ഹുസൈൻ, വി.വി. ഗിരി, മുഹമ്മദ് ഹിദായത്തുള്ള, വി.വി. ഗിരി, ഫക്രുദ്ദീൻ അലി അഹമ്മദ്‌
മുൻ‌ഗാമി ഗുൽസാരിലാൽ നന്ദ
പിൻ‌ഗാമി മൊറാർജി ദേശായി

പദവിയിൽ
9 മാർച്ച് 1984 – 31 ഒക്ടോബർ 1984
മുൻ‌ഗാമി പി വി നരസിംഹ റാവു
പിൻ‌ഗാമി രാജീവ് ഗാന്ധി
പദവിയിൽ
21 ഓഗസ്റ്റ് 1967 – 14 മാർച്ച് 1969
മുൻ‌ഗാമി Mahommedali Currim Chagla
പിൻ‌ഗാമി ദിനേശ് സിങ്

പദവിയിൽ
26 ജൂൺ 1970 – 29 ഏപ്രിൽ 1971
മുൻ‌ഗാമി മൊറാർജി ദേശായി
പിൻ‌ഗാമി വൈ. ചവാൻ

ജനനം 1917 19 നവംബർ(1917-11-19)
അലഹബാദ്, United Provinces, British India
മരണം 1984 ഒക്ടോബർ 31 (പ്രായം 66)
ന്യൂഡെൽഹി, ഇന്ത്യ
രാഷ്ട്രീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ജീവിതപങ്കാളി ഫിറോസ് ഗാന്ധി
മക്കൾ രാജീവ് ഗാന്ധി , സഞ്ജയ് ഗാന്ധി
മതം ഹിന്ദു


ഇന്ദിരാ ഗാന്ധി (1917 നവംബർ 19 - 1984 ഒക്ടോബർ 31) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി ഇവർ കരുതപ്പെടുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മകളാണ്‌.

ഉള്ളടക്കം

[തിരുത്തുക] ജീവിത രേഖ

[തിരുത്തുക] ബാല്യവും യൗവനവും

ഇന്ത്യയിലെ സ്വാതന്ത്ര്യ സമര രംഗം ശക്തിപ്രാപിച്ച നാളുകളിലായിരുന്നു ഇന്ദിരയുടെ ജനനം. സ്വാതന്ത്ര്യ സമരരംഗത്ത്‌ മുൻപന്തിയിലായിരുന്ന ജവഹർലാൽ നെഹ്റുവിന്റെയും കമലാനെഹ്‌റുവിന്റെയും മകളായി 1917 നവംബർ 19നാണ്‌ ഇന്ദിര ജനിച്ചത്‌. സ്വാതന്ത്ര്യ സമരവുമായി ഇഴുകിച്ചേർന്ന കുടുംബമായിരുന്നതിനാൽ അച്ഛൻ ജവഹറിന്റെയോ മുത്തച്ഛൻ മോത്തിലാൽ നെഹ്‌റുവിന്റെയോ സാമീപ്യം ബാല്യകാലത്ത്‌ ഇന്ദിര അനുഭവിച്ചിട്ടില്ല. ഒട്ടേറെ രോഗങ്ങൾ അലട്ടിയിരുന്ന അമ്മ കമലയോടൊപ്പം തികച്ചും ഏകാന്തവാസമായിരുന്നു അവളുടേത്‌ എന്നുപറയാം. എന്നാൽ കുടുംബ പാരമ്പര്യം പിന്തുടർന്ന ഇന്ദിരയും സ്വാതന്ത്ര്യ സമര രംഗത്തെത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാലവിഭാഗമായി 'വാനരസേന' രൂപവത്കരിച്ചുകൊണ്ടാണ്‌ ഇന്ദിര പൊതുരംഗത്തേക്കു വന്നത്‌. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‌ ചെറുസഹായങ്ങൾ ചെയ്യുകയായിരുന്നു സേനയുടെ ലക്ഷ്യം. ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച്‌ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള രഹസ്യ സന്ദേശങ്ങളെത്തിച്ചിരുന്നതും ഈ സേനയായിരുന്നു.

1930കളുടെ തുടക്കത്തിൽ കമലാ നെഹ്‌റുവിന്റെ രോഗാവസ്ഥ ഗുരുതരമായി. രക്ഷിക്കാൻ ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും 1936-ൽ അവർ മരണത്തിനു കീഴടങ്ങി. അമ്മയുടെ മരണം ഇന്ദിരയെ ഒന്നുകൂടി തനിച്ചാക്കി. അവരുടെ സ്വഭാവരൂപവത്കരണത്തിൽപ്പോലും ഈ കാലയളവിലെ അരക്ഷിതാവസ്ഥ വലിയ പങ്കുവഹിച്ചു.

ശാന്തിനികേതൻ, ഓക്സ്‌ഫഡ്‌ തുടങ്ങിയ മുന്തിയ സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസമെങ്കിലും ഇന്ദിര പഠനത്തിൽ പിറകിലായിരുന്നു. അതുകൊണ്ടുതന്നെ ഒരു ബിരുദം സ്വപ്നമായി അവശേഷിച്ചു. യൂറോപ്പിലെ പഠന നാളുകളിലാണ്‌ ഇന്ദിര ഫിറോസ്‌ ഗാന്ധിയെന്ന പാഴ്‌സി യുവാവിനെ കണ്ടുമുട്ടുന്നത്‌. യുവ കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന ഫിറോസിനെ 1942-ൽ ക്വിറ്റ്‌ ഇന്ത്യാ സമരത്തിനു തൊട്ടുമുൻപായി ഇന്ദിര വിവാഹം ചെയ്തു. ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഫിറോസും ഇന്ദിരയും താമസിയാതെ തടവിലായി. 1944-ൽ രാജീവ്‌ ഗാന്ധിക്കും 1946-ൽ സഞ്ജയ്‌ ഗാന്ധിക്കും ജന്മംനൽകി.

[തിരുത്തുക] ദാമ്പത്യത്തിൽ വിള്ളലുകൾ

സ്വാതന്ത്ര്യ ശേഷം ഫിറോസും ഇന്ദിരയും അലഹബാദിൽത്തന്നെ വാസമുറപ്പിച്ചു. ദാമ്പത്യത്തിന്റെ തുടക്കത്തിൽ ഇരുവരും തികഞ്ഞ യോജിപ്പിലായിരുന്നെങ്കിലും നെഹ്‌റുവിനെ സഹായിക്കുവാൻ ഇന്ദിര ഡൽഹിയിലേക്കു പോയതോടെ അവരുടെ ബന്ധത്തിൽ വിള്ളൽ വീണു. ഡൽഹിയിലെത്തിയ ഇന്ദിര അച്ഛന്റെ വലംകയ്യായി പ്രവർത്തിച്ചു. മക്കളായ രാജീവും സഞ്ജയും ഇന്ദിരയോടൊപ്പം തങ്ങി. 1952-ൽ ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് ഫിറോസ്‌ ഗാന്ധി മത്സരിച്ചു. തന്റെ സ്ഥാനാർഥിത്തെപ്പറ്റി ഫിറോസ്‌ നെഹ്‌റുവിനോടോ ഇന്ദിരയോടോ സംസാരിച്ചിരുന്നില്ല. പാർലമെൻറിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഫിറോസ്‌ ഡൽഹിയിലെത്തി ഒറ്റയ്ക്കു ജീവിച്ചു. അഴിമതിക്കെതിരേയുള്ള നിലപാടുകളിലൂടെ ഫിറോസ്‌ ഇതിനകം ശ്രദ്ധനേടിയിരുന്നു. ജീവൻരക്ഷാ മേഖലയിലുള്ള അഴിമതി അദ്ദേഹം തുറന്നു കാട്ടിയതിനെത്തുടർന്ന് നെഹ്‌റുവിന്റെ അടുത്ത ആളായിരുന്ന ധനകാര്യ മന്ത്രിക്ക്‌ രാജിവയ്ക്കേണ്ടി വന്നു. ഇന്ദിര-ഫിറോസ്‌ ദാമ്പത്യം ഏതാണ്ട്‌ അവസാനിച്ച മട്ടിലായി. എന്നാൽ, 1957ലെ പൊതുതിരഞ്ഞെടുപ്പു വിജയശേഷം ഫിറോസ്‌ ഹൃദ്രോഗബാധിതനായതോടെ മക്കൾക്കൊപ്പം ഭർത്താവിനെ ശുശ്രൂഷിക്കാൻ അവർ കാശ്മീരിലെത്തി. എന്നാൽ അധികം താമസിയാതെ 1960 സെപ്റ്റംബർ 8ന്‌ ഫിറോസ്‌ മരണത്തിനുകീഴടങ്ങി. മരണ സമയത്ത്‌ ഇന്ദിര നെഹ്‌റുവിനൊപ്പം വിദേശ പര്യടനത്തിലായിരുന്നു.

[തിരുത്തുക] അധികാര രാഷ്ട്രീയത്തിലേക്ക്‌

1959-60-ൽ നെഹ്‌റുവിന്റെ പരോക്ഷ പിന്തുണയോടെ ഇന്ദിര ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഇന്ദിരയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് പലരും ധരിച്ചു. എന്നാൽ ബന്ധുത്വരാഷ്ട്രീയത്തിന്‌ എതിരായിരുന്ന നെഹ്‌റു ഇന്ദിരയെ തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ നെഹ്‌റുവിന്റെ ഏറ്റവുമടുത്ത സഹായിയായി നിന്ന് ഭരണത്തിന്റെ സർവമേഖലകളും ഇന്ദിര ഹൃദ്യസ്ഥമാക്കി.

1964-ൽ നെഹ്‌റു അന്തരിച്ചു. തുടർന്ന് പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രി ഇന്ദിരയെ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രിയായി നിയമിച്ചു. ഭരണരംഗത്ത്‌ ഇന്ദിര തികഞ്ഞ പാടവം പ്രകടിപ്പിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദിവിരുദ്ധ കലാപം ശക്തിപ്രാപിച്ചപ്പോൾ അനുരഞ്ജന ദൌത്യവുമായി ഇന്ദിരയെത്തി. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ പ്രധാനമന്ത്രിയേക്കാൾ കാര്യപ്രാപ്തി ഇന്ദിര പ്രകടിപ്പിച്ചിരുന്നു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധപിടിച്ചു പറ്റുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് ഇന്ദിരയ്ക്കു കൃത്യമായി അറിയാമായിരുന്നു.

1965-ൽ ഇന്ത്യ-പാകിസ്താൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ദിര ശ്രീനഗറിൽ അവധിക്കാലം ചെലവഴിക്കുകയായിരുന്നു. സുരക്ഷാ സേനയുടെ മുന്നറിയിപ്പുകൾ അവഗണിച്ചും അവർ അവിടെത്തന്നെ തങ്ങി. ഈ സംഭവത്തെത്തുടർന്ന് ഇന്ദിരയൊഴികെ മറ്റുള്ള മന്ത്രിസഭാംഗങ്ങളെല്ലാം പെണ്ണാണെന്ന് തമാശരൂപേണ പറയപ്പെട്ടിരുന്നു. ഇത്തരം ചെറുസംഭവങ്ങളിലൂടെ താൻ രാജ്യത്തെ നയിക്കാൻ പ്രാപ്തയാണെന്ന സന്ദേശം നൽകുകയായിരുന്നു അവർ. ഇന്ത്യാ-പാക്‌ സമാധാന ശ്രമങ്ങൾക്കിടയിൽ ലാൽ ബഹാദൂർ ശാസ്ത്രി സോവ്യറ്റ്‌ യൂണിയനിലെ താഷ്ക്കൻറിൽ വച്ച്‌ മരണമടഞ്ഞു. ഇന്ദിരയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യത്തിന്‌ അതോടെ ശക്തിയേറി.

കോൺഗ്രസിനുള്ളിലെ ഇടതു-വലതു ചേരികളുടെ സമവായ സ്ഥാനാർഥി എന്ന നിലയിലാണ്‌ ശാസ്ത്രി പ്രധാനമന്ത്രിയായത്‌. അദ്ദേഹത്തിന്റെ മരണത്തോടെ ഈ ചേരിതിരിവ്‌ രൂക്ഷമായിരുന്നു. നെഹ്‌റുവിന്റെ ഇടതുപക്ഷാനുകൂല നിലപാടുകളെ പിന്തുണച്ചിരുന്ന ഒരു വലിയ വിഭാഗമാണ്‌ ഇന്ദിരയെ പിന്തുണച്ചത്‌. അങ്ങനെ മൊറാർജി ദേശായിയെന്ന യാഥാസ്ഥിതികനെ ഒതുക്കി കോൺഗ്രസ്‌ നേതൃത്വം ഇന്ദിരയെ ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.

[തിരുത്തുക] പ്രധാനമന്ത്രിപദത്തിൽ

പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ നെഹ്‌റുകുടുംബത്തെ ശരണം പ്രാപിക്കുകയെന്ന കോൺഗ്രസ്‌ നേതാക്കന്മാരുടെ കീഴ്‌വഴക്കമാണ്‌ ഇന്ദിരയെ പ്രധാനമന്ത്രിപദത്തിലെത്തിച്ചത്‌. മുതിർന്ന നേതാക്കളിൽ പലർക്കും ഇന്ദിര മികച്ച പ്രധാനമന്ത്രിയാകുമെന്ന വിശ്വാസമില്ലായിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം മറ്റുള്ളവരെ അമ്പരിപ്പിച്ച ഒട്ടേറെ നടപടികൾ അവർ സ്വീകരിച്ചു. ദേശവ്യാപകമായ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവുമായിരുന്നു ഭരണത്തിൽ ഇന്ദിരയെക്കാത്തിരുന്ന ആദ്യ വെല്ലുവിളി. അമേരിക്കയിൽ നിന്നും ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാനും സാമ്പത്തിക സഹായം നേടുവാനും ലിൻഡൻ ബി ജോൺസണുമായി ഇന്ദിര ധാരണയിലെത്തി. എന്നാൽ ഈ ധാരണ പ്രാവർത്തികമാകും മുൻപേ പൊളിഞ്ഞു. വിയറ്റ്‌നാം യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ ഇന്ദിര തയാറാകാതിരുന്നതാണ്‌ പ്രശ്നമായത്‌. അനേകകോടി ജനങ്ങളെ പട്ടിണിയിലേക്ക്‌ തള്ളിവിട്ടുവെന്ന പഴി ഇന്ദിരയ്ക്കു കേൾക്കേണ്ടിവന്നു. ഇതേത്തുടർന്ന് അധികാരത്തിന്റെ കാര്യത്തിലും അവർക്ക്‌ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. പാർട്ടിയുടെ നിർദ്ദേശത്തിനു വഴങ്ങി മൊറാർജി ദേശായിയെ ഉപപ്രധാനമന്ത്രിയായി നിയമിക്കാൻ അവർ നിർബന്ധിതയായി. എന്നാൽ സുപ്രധാനമായ ആഭ്യന്തര വകുപ്പ്‌ മൊറാർജിക്കു നൽകാതിരിക്കാൻ അവർ ശ്രദ്ധിച്ചു.

[തിരുത്തുക] രൂപയുടെ മൂല്യശോഷണം

1960കളുടെ അവസാനത്തില് യു.എസ് ഡോളറുമായുള്ള വിനിമയത്തില് ഏതാണ്ട് 40% ശതമാനം ശോഷണം വരുത്തി. ഇത് വ്യാപാരത്തെ ഉത്തേജിപ്പിക്കാനായിരുന്നു.

[തിരുത്തുക] ബാങ്കുകളുടെ ദേശസാൽക്കരണം

നെഹ്‌റുവിന്റെ സാമ്പത്തിക വീക്ഷണങ്ങളാണ്‌ ഇന്ദിരയും പിന്തുടർന്നത്‌. അതുകൊണ്ടുതന്നെ അവരുടെ സാമ്പത്തിക പരിഷ്കരണങ്ങൾക്ക്‌ സോഷ്യലിസ്റ്റ്‌ ചായ്‌വുണ്ടായിരുന്നു. ഈ കാഴ്ച്ചപ്പാടിന്റെ ഭാഗമായാണ്‌ അവർ ബാങ്കുകളുടെ ദേശസാൽക്കരണം നടപ്പിലാക്കിയത്‌. സ്വകാര്യ ബാങ്കുകളുടെ പിടിയിലമർന്നിരുന്ന സാധാരണ ജനങ്ങൾ ഈ നടപടി സ്വാഗതം ചെയ്തു. എന്നാൽ ധനകാര്യ മന്ത്രി മൊറാർജിയുൾപ്പടെയുള്ള നേതാക്കൾ ഇക്കാര്യത്തിൽ ഇന്ദിരയുമായി ഇടഞ്ഞു. എന്തായാലും ബാങ്കുകളുടെ ദേശസാൽക്കരണം പൊതുജനങ്ങൾക്ക്‌ ഗുണകരമായി എന്നതിൽ സംശയമൊന്നുമില്ല.

[തിരുത്തുക] പാർട്ടി പിളരുന്നു

ഇന്ദിരയുടെ പല നടപടികളും പാർട്ടി നേതൃത്വത്തിന്റെ അനിഷ്ടം വിളിച്ചുവരുത്തി. 1969-ൽ രാഷ്ട്രപതി സാക്കിർ ഹുസൈന്റെ മരണത്തോടെ ഈ വിയോജിപ്പ്‌ മൂർധന്യത്തിലെത്തി. കോൺഗ്രസ്‌ നേതൃത്വം നീലം സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയപ്പോൾ ഇന്ദിര ഉപരാഷ്ട്രപതിയും ഇടതു ചിന്താഗതിക്കാരനുമായ വി വി ഗിരിയെ മത്സരിപ്പിച്ചു. ഇന്ദിരയെ അധികാരത്തിൽ നിന്നും പുറന്തള്ളാൻ ഔദ്യോഗിക നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏതായാലും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ മനസ്സാക്ഷിവോട്ട്‌ ആഹ്വാനം ലക്ഷ്യംകണ്ടു. വി വി ഗിരി രാഷ്ട്രപതിയായി. ഇതോടെ കോൺഗ്രസ്‌ ഔദ്യോഗികമായി പിളർന്നു. പാർട്ടിയിലെ പ്രതിസന്ധി മറികടക്കാൻ ഇന്ദിര ഗരീബി ഹഠാവോ(ദാരിദ്ര്യത്തെ ചെറുക്കുക) എന്ന പ്രസിദ്ധമായ മുദ്രാവാക്യം പുറത്തിറക്കി. ഈ മുദ്രാവാക്യവുമായി 1971ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട അവർ വൻഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി.

[തിരുത്തുക] ബംഗ്ലാദേശ്‌ വിമോചന യുദ്ധം

1971ലെ ബംഗ്ലാദേശ്‌ വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ കീർത്തിയുയർത്തിയ മറ്റൊരു സംഭവം. കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക്‌ പറഞ്ഞുവിട്ട പാക്‌ സൈന്യമാണ്‌ സംഘർഷത്തിനു തുടക്കം കുറിച്ചത്‌. പാകിസ്താന്റെ നടപടിയെ രാജ്യാന്തര വേദികളിൽ ചോദ്യം ചെയ്ത ശേഷം ഇന്ത്യ, ബംഗ്ലാദേശ്‌ വിമോചന യുദ്ധം ആരംഭിച്ചു. ഒരുലക്ഷത്തോളം പാക്‌ സൈനികരെ തടവിലാക്കിയ ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനിൽ ‍നിന്നും വേർപെടുത്തി. ബംഗ്ലാദേശ്‌ വിമോചന യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയം പൊതുജനങ്ങൾക്കിടയിൽ ഇന്ദിരയുടെ സ്വാധീനം അരക്കിട്ടുറപ്പിച്ചു. ഇന്ദിരയുടെ കൈകളിൽ ഇന്ത്യ സുരക്ഷിതയാണെന്നു സാധാരണക്കാരെക്കൊണ്ടു ചിന്തിപ്പിക്കുന്നതിൽ അവർ വിജയിച്ചു.

[തിരുത്തുക] ഷിംലാ കരാർ

യുദ്ധത്തിൽ പരാജയപ്പെട്ട പാകിസ്താന്റെ ഒരുലക്ഷത്തോളം ഭടന്മാരെ മോചിപ്പിക്കുന്നതിനു പകരമായി പാക് അധീന കാശ്മീർ തിരിച്ചു ചോദിക്കാത്തതെന്ത് എന്നു രാജ്യമൊട്ടാകെ വിമർശനമുയർന്നു. എങ്കിലും ഇന്ദിര അത്തരം ഒരു ആവശ്യത്തിൽനിന്നു മാറി നിന്നത് പാകിസ്താനുമായുള്ള ആജീവനാന്ത ശത്രുതയും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളും അന്താരാഷ്ട്ര പ്രതിഷേധവും ഒഴിവാക്കി. പാക് പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയെ ഇന്ദിര ഷിം‌ലയിലേക്ക് ഒരു ആഴ്ച നീണ്ട ചർച്ചയ്ക്കു ക്ഷണിച്ചു. ഏകദേശം പരാജയപ്പെടുമെന്ന് ഉറപ്പായ ഈ ചർച്ചയുടെ ഒടുവിൽ ഇന്ദിരയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവെച്ചു. കാശ്മീർ പ്രശ്നം ഉഭയകക്ഷി ചർച്ചകളിൽ കൂടെ മാത്രമേ പരിഹരിക്കാൻ പറ്റൂ എന്ന് ഷിം‌ലാ കരാർ നിഷ്കർഷിച്ചു.

[തിരുത്തുക] പൊക്രാനിലെ അണുബോംബ് പരീക്ഷണം

1971-ലെ യുദ്ധത്തിനിടെ തങ്ങളുടെ ഏഴാം കപ്പൽപ്പടയെ ബംഗാൾ ഉൾക്കടലിലേക്ക് അമേരിക്ക അയച്ചിരുന്നു. ഇത് ഇന്ത്യക്കു യുദ്ധത്തിൽ ഏർപ്പെടാതിരിക്കാനുള്ള ഒരു താക്കീതായിരുന്നു. എങ്കിലും അമേരിക്കയ്ക്ക് ഇടപെടാൻ അവസരം കിട്ടുന്നതിനു മുൻപ് യുദ്ധം തീർന്നു. ഇന്ത്യയെ പാശ്ചാത്യലോകത്തു നിന്ന് കൂടുതൽ അകറ്റാനേ അമേരിക്കയുടെ നടപടി സഹായിച്ചുള്ളൂ. അതിനു ശേഷം ഇന്ദിര ഇന്ത്യയുടെ ദേശീയ സുരക്ഷാ പദ്ധതിക്കും അന്താരാഷ്ട്രപദ്ധതിക്കും കൂടുതൽ വേഗവും പ്രാധാന്യവും കൊടുത്തു. ഇതിനിടെ റഷ്യയുമായി ഉണ്ടാക്കിയ പരസ്പര സഹകരണ കരാറുകൾ ഇന്ത്യയെ ബംഗ്ലാദേശ് യുദ്ധത്തിൽ വളരെ സഹായിച്ചിരുന്നു.

ആണവ ചൈനയും അമേരിക്കയുടെയും റഷ്യയുടെയും താല്പര്യങ്ങളും ഇന്ത്യയുടെ രാജ്യസുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നു കണ്ട ഇന്ദിര ഇന്ത്യയുടെ ആണവ പദ്ധതിക്ക് ത്വരണവും പ്രോത്സാഹനങ്ങളും നൽകി. 1974-ൽ രാജസ്ഥാനിലെ പൊക്രാനിൽ ഇന്ത്യ വിജയകരമായ ആണവ പരീക്ഷണം നടത്തി. ‘ബുദ്ധൻ ചിരിക്കുന്നു’ എന്നു രഹസ്യ പേരിട്ട ഈ പരീക്ഷണം സമാധാ‍ന ലക്ഷ്യങ്ങൾ‍ക്കുള്ള ആണവ പരീക്ഷണം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.

[തിരുത്തുക] ഹരിതവിപ്ലവവും ധവള വിപ്ലവവും

1960-ൽ തുടക്കം കുറിച്ച കാർഷിക മേഖലയിലെ പ്രത്യേക പരിഷ്കാരങ്ങളും ഗവേഷണങ്ങളും ഇന്ത്യയിലെ കടുത്ത ഭക്ഷ്യ ദുർലഭതയെ മാറ്റി ഇന്ത്യയെ മിച്ചധാന്യം ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമാക്കി മാറ്റി. രാജ്യത്തിന്റെ ആവശ്യങ്ങൾ കഴിഞ്ഞു വരുന്ന അധിക ധാന്യങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തുതുടങ്ങി. ഹരിതവിപ്ലവം എന്നറിയപ്പെട്ട ഈ നീക്കങ്ങളുടെ ഫലമായി കാർഷിക വിളകളുടെ വൈവിധ്യവൽകരണവും ഈ കാലയളവിൽ നടന്നു.

ഇതേ സമയം നടന്ന ധവളവിപ്ലവം രാജ്യത്തിന്റെ പാലുൽപാദനം ഗണ്യമായി വർദ്ധിപ്പിച്ചു. രാജ്യത്തെ കുട്ടികളിലെ പോഷകാഹാരക്കുറവ് ഒരു വലിയ അളവു വരെ കുറക്കുന്നതിന് ധവളവിപ്ലവം കൊണ്ടു സാധിച്ചു.

[തിരുത്തുക] അടിയന്തരാവസ്ഥ

പ്രധാന ലേഖനം: അടിയന്തരാവസ്ഥ

1971-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയോട് പരാജയപ്പെട്ട രാജ നാരായണൻ തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ഇന്ദിരയ്ക്കെതിരായി അലഹബാദ് ഹൈക്കോടതിയിൽ കേസുകൊടുത്തു. അലഹബാദ് ഹൈക്കോടതി വിധിയിൽ ജസ്റ്റിസ് ജഗ്‌മോഹൻലാൽ സിൻ‌ഹ ഇന്ദിരയെ കുറ്റക്കാരിയായി വിധിക്കുകയും ലോകസഭാ സീറ്റ് റദ്ദുചെയ്യുകയും 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കുകയും ചെയ്തു. രാജ്യമൊട്ടാകെ ഇന്ദിര രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമായി. ജയപ്രകാശ് നാരായണിന്റെയും മൊറാർജി ദേശായിയുടെയും നേതൃത്വത്തിൽ ജനങ്ങൾ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞു.

രാജ്യത്ത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് കാണിച്ച് ഇന്ദിര രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് വഴി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 24 മണിക്കൂറുകൾ കൊണ്ട് ജയപ്രകാശ് നാരായണും മൊറാർജി ദേശായിയുമടക്കം രാജ്യത്തെ മിക്കവാറും എല്ലാ പ്രധാന പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ചു. ലാൽ കൃഷ്ണ അദ്വാനി, അടൽ ബിഹാരി വാജ്‌പേയി, പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവർ അന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖരിൽ ഉൾപ്പെടും.

രാജ്യത്തെ പ്രധാന പൗരാവകാശങ്ങളെല്ലാം അടിയന്തരാവസ്ഥക്കാലത്ത് നിരോധിച്ചു. കുറ്റവാളികളെ അമർച്ച ചെയ്യാൻ പോലീസിന് വ്യാപകമായ അധികാ‍രങ്ങൾ കൊടുത്ത ഇന്ദിര പത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിച്ചു. ജനങ്ങൾക്ക് പണിമുടക്കാനും സമരം ചെയ്യുവാനുമുള്ള അവകാശം നിഷേധിച്ചു. കസ്റ്റഡി മരണങ്ങളും വ്യക്തികളുടെ തിരോധാനങ്ങളും സാധാരണ സംഭവങ്ങളായി. ആദ്യമാദ്യം പുതിയ നിയമങ്ങൾ ലോകസഭയിൽ കോൺഗ്രസ് ഭൂരിപക്ഷമുപയോഗിച്ച് പാസാക്കിയിരുന്നെങ്കിലും ഇതിനു വേഗത പോരാ എന്ന് ആരോപിച്ച് പാർലമെന്റിനെ കവച്ചുവെച്ച് ഇന്ദിര പ്രസിഡന്റിന്റെ ഒപ്പോടുകൂടി നേരിട്ട് നിയമങ്ങൾ പാസാക്കിത്തുടങ്ങി. ഇന്ദിരയുടെ ഇളയമകൻ സഞ്ജയ് ഗാന്ധി നിർബന്ധിത വന്ധ്യവൽക്കരണവും ചേരികൾ ഒഴിപ്പിക്കലും നടപ്പിലാക്കി. ഇക്കാലത്ത് അബു എബ്രഹാം വരച്ച, ഫക്രുദീൻ അലി അഹമ്മദ് തന്റെ കുളിത്തൊട്ടിയിൽ കിടന്ന് ഒരുകെട്ടു നിയമങ്ങളിൽ ഒപ്പിടുന്ന കാർട്ടൂൺ പ്രശസ്തമാണ്.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര രാജ്യത്തിന്റെ വികസനത്തിനായി 20 ഇന പരിപാടികൾ കൊണ്ടുവന്ന് നടപ്പിലാക്കി. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയും സമ്പദ് വ്യവസ്ഥയും ജനങ്ങളുടെ ഉല്പാദനക്ഷമതയും അടിയന്തരാവസ്ഥക്കാലത്ത് വൻ‌തോതിൽ വർദ്ധിച്ചു.[അവലംബം ആവശ്യമാണ്] 1971-ലെ യുദ്ധത്തിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുകയും സമ്പദ്‌വ്യവസ്ഥ വൻപിച്ച പുരോഗതി കൈവരിക്കുകയും ചെയ്തു. ട്രെയിനുകൾ സമയം തെറ്റാതെ ഓടിയ കാലമായിരുന്നു അത്.

അടിയന്തരാവസ്ഥയെക്കുറിച്ച് ഒ.വി. വിജയൻ എഴുതിയ ചെങ്ങന്നൂർ വണ്ടി എന്ന കഥ പ്രശസ്തമാണ്. ധർമ്മപുരാണം എന്ന ഒ.വി.വിജയന്റെ നോവലും അടിയന്തരാവസ്ഥയുടെ കഥ പറയുന്നു.

19 മാസത്തിനുശേഷം 1977-ൽ ഇന്ദിര അടിയന്തരാവസ്ഥ പിൻ‌വലിച്ച് രാജ്യത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. കരസേനാ മേധാവി ജനറൽ സാം മനേൿഷാ ഇന്ദിരയെ പുറത്താക്കി പട്ടാളം വഴി അധികാരം കൈയേറിയേക്കാം എന്ന സംശയവും[അവലംബം ആവശ്യമാണ്] തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കോൺഗ്രസ് വൻ ‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും എന്ന, ഇന്ദിരയുടെ ഉപദേശകരിൽ ‍നിന്ന് കിട്ടിയ ഉപദേശവുമാണ് ഇന്ദിരയെ രാജിവെയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

[തിരുത്തുക] അധികാരത്തിൽ നിന്ന് പുറത്താവൽ, അറസ്റ്റ്, തിരിച്ചു വരവ്

1977-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെയും കോൺഗ്രസിന്റെയും പരാജയത്തിനു ശേഷം മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നീലം സഞ്ജീവറെഡ്ഡി രാഷ്ട്രപതി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിരാഗാന്ധിക്ക് ജോലിയോ വരുമാനമോ ഭവനമോ ഇല്ലാത്ത അവസ്ഥയായി. കോൺഗ്രസ് പാർട്ടി പിളരുകയും ജഗ്ജീവൻ റാമിനെപ്പോലെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ ജനതാ പാർട്ടിയിലേക്ക് ചേക്കേറുകയും ചെയ്തു. പാർലമെന്റ് അംഗങ്ങളുടെ എണ്ണത്തിൽ വളരെ കുറവു വന്നെങ്കിലും കോൺഗ്രസ് പ്രധാന പ്രതിപക്ഷ കക്ഷിയായി തുടർന്നു.

ജനതാ പാർട്ടിയിലെ പടലപ്പിണക്കങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനായി അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചൌധരി ചരൺസിംഗ് ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയേയും പല കുറ്റങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. ജനങ്ങളുടെ ഇടയിൽ ഇന്ദിരയുടെ അറസ്റ്റും കയ്യാമം വെച്ച് കോടതിയിലേക്ക് കൊണ്ടുപോകുന്ന ഇന്ദിരയുടെ ചിത്രവും അബലയും നിരാലംബയുമായ ഒരു വനിതയുടെയും വേട്ടയാടുന്ന ഭരണകൂടത്തിന്റെയും ചിത്രങ്ങളാണ് ഉണ്ടാക്കിയത്. ഇത് ഇന്ദിരയുടെ രാഷ്ട്രീയ പുനർജ്ജനനത്തിന് വഴിതെളിച്ചു.

ജനതാ കൂട്ടുകക്ഷി ഭരണം ഇന്ദിരയോടുള്ള എതിർപ്പിൽനിന്നും ഉടലെടുത്തതായിരുന്നു. അടിയന്തരാവസ്ഥയിൽനിന്ന് സ്വാതന്ത്ര്യം തിരിച്ചുവന്നെങ്കിലും കക്ഷികൾ തമ്മിലുള്ള പടലപിണക്കങ്ങൾ കാരണം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ ജനതാ ഗവർണ്മെന്റിനു കഴിഞ്ഞില്ല. ഈ സ്ഥിതിവിശേഷം രാഷ്ട്രീയമായി മുതലെടുത്ത ഇന്ദിര വീണ്ടും ജനങ്ങളുടെ ഇടയിലേക്കിറങ്ങി. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾക്കു മാപ്പുപറഞ്ഞ ഇന്ദിര ആചാര്യ വിനോബാഭാവെ തുടങ്ങിയ രാഷ്ട്രീയ ഭീഷ്മാചാര്യന്മാരുടെ സമ്മതി നേടിയെടുത്തു. ജൂൺ 1979 ഇൽ മൊറാർജി ദേശായി രാജിവയ്ക്കുകയും ചരൺസിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറുകയും ചെയ്തു.

ലോകസഭയിൽ ഭൂരിപക്ഷമില്ലാതിരുന്ന ചരൺസിംഗ് മന്ത്രിസഭ കോൺഗ്രസ് പിന്തുണയ്ക്കായി ഇന്ദിരയുമായി ധാരണയുണ്ടാക്കി. തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയുമായി അധികാരത്തിനുവേണ്ടി ഉണ്ടാക്കിയ ഈ കൂട്ടുകെട്ട് രാജ്യമൊട്ടാ‍കെ രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ചു. ഒരു ചെറിയ ഇടവേളക്കുശേഷം ഇന്ദിര ചരൺസിംഗ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻ‌വലിക്കുകയും രാഷ്ട്രപതി നീലം സഞ്ജീവറെഡ്ഡി മന്ത്രിസഭ പിരിച്ചുവിട്ട് 1980-ൽ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ വൻപിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു.

1983-84 ലെ ലെനിൻ സമാധാന സമ്മാനം ഇന്ദിരാഗാന്ധിക്കു ലഭിച്ചു.

[തിരുത്തുക] ഓപ്പറേഷൻ ബ്ലൂസ്റ്റാർ

പഞ്ജാബിലെ ഖാലിസ്ഥാൻ പ്രക്ഷോഭവും അതിന്റെ അടിച്ചമർത്തലുകളും ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ഭരണത്തിന്റെ പ്രധാന നാഴികക്കല്ലുകളായിരുന്നു. അകാലിദളിനു ബദലായി കോൺഗ്രസ് വളർത്തിക്കൊണ്ടു വന്ന ജർണൈൽ സിംഗ് ബിന്ദ്രൻ‌വാല എന്ന യുവാവ് അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുകയും പാർട്ടിയിൽ നിന്നു പുറത്താവുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട ബിന്ദ്രൻവാല 25 ദിവസത്തിനുശേഷം തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കപ്പെട്ടു. ബിന്ദ്രൻ‌വാല തന്റെ പ്രവർത്തന കേന്ദ്രം മെഹ്കാ ചൌക്കിൽ നിന്ന് സുവർണക്ഷേത്ര സമുച്ചയത്തിനുള്ളിലെ ഗുരുനാനാക്ക് നിവാസിലേക്ക് മാറ്റി.

പഞ്ചാബിലെ കലാപങ്ങളെ അടിച്ചമർത്താൻ ഇന്ദിര സൈന്യത്തോട് സുവർണക്ഷേത്രത്തിനുള്ളിൽ കടന്ന് കലാപകാരികളെ അമർച്ചചെയ്യാൻ ഉത്തരവിട്ടു. സിഖ് മതവിശ്വാസികൾ പരിപാവനമായി കരുതുന്ന സുവർണക്ഷേത്രത്തിൽ സൈന്യം കടക്കുകയും ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾ തകർക്കുകയും ചെയ്തു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന് അറിയപ്പെട്ട ഈ സൈനിക നീക്കത്തിലും അതിന്റെ പരിണതഫലമായി ഉണ്ടായ സിഖ് പ്രക്ഷോഭങ്ങളിലും 20,000 ത്തോളം നിരപരാധികളായ സിഖ് പൗരന്മാർ കൊല്ലപ്പെട്ടു.

[തിരുത്തുക] ഇന്ദിരയുടെ കൊലപാതകം

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും ബാഗും
പ്രധാന ലേഖനം: ഇന്ദിരാഗാന്ധി വധം

ഒക്ടോബർ 31 1984ന് ഇന്ദിര സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് പ്രധാനമന്ത്രിയുടെ വസതിയിലെ (1, സഫ്ദർജംഗ് റോഡ്) ഉദ്യാ‍നത്തിൽ മരിച്ചു. ബ്രിട്ടീഷ് നടനായ പീറ്റർ ഉസ്റ്റിനോവിന് ഒരു ഡോക്യുമെന്ററിക്കു വേണ്ടി അഭിമുഖം നൽകാൻ തന്റെ തോട്ടത്തിൽ കൂടി നടക്കുകയായിരുന്ന ഇന്ദിരയ്ക്ക് വസതി വളപ്പിലെ ഒരു ചെറിയ ഗേറ്റിൽ കാവൽ നിന്നിരുന്ന അംഗരക്ഷകരിൽനിന്നാണ് വെടിയേറ്റത്. അംഗരക്ഷകരെ അഭിവാദനം ചെയ്യാൻ കുനിഞ്ഞ ഇന്ദിരയെ ആട്ടോമാറ്റിക് യന്ത്രത്തോക്കുകൾ കൊണ്ട് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇന്ദിര ആശുപത്രിയിലേക്കുള്ള മാർഗ്ഗമദ്ധ്യേ മരണമടഞ്ഞു.

[തിരുത്തുക] സിഖ് വിരുദ്ധ കലാപം

ഇന്ദിരയുടെ മരണം രാജ്യമൊട്ടാകെ സിഖ് വിരുദ്ധ വികാരം ആളിക്കത്തിച്ചു. ഇന്ദിരയുടെ മരണത്തെത്തുടർന്നുണ്ടായ കലാപങ്ങളിൽ ആയിരക്കണക്കിന് ശിഖന്മാർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ ഭവനരഹിതരാവുകയും ചെയ്തു. കേരളത്തിലെ കൊച്ചിയിലും സിഖ് വിരുദ്ധ ആക്രമണങ്ങളുണ്ടായി. ദില്ലിയിൽ ചില കോണ്ഗ്രസ് നേതാക്കൾ തന്നെ കലാപങ്ങൾക്കും കൊലപാതങ്ങൾക്കും നേതൃത്വവും പ്രോത്സാഹനവും കൊടുത്തു. എങ്കിലും ഇവർക്കെതിരെയുള്ള കേസുകൾ നീണ്ടു നീണ്ടു പോവുകയും പല പ്രതികളും ഇതിനിടയിൽ സ്വാഭാവിക മരണം അടയുകയും ചെയ്തു. മിക്കവാറും പ്രതികളെല്ലാം തന്നെ തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കപ്പെട്ടു. ഗവർണ്മെന്റ് ഈ കലാപങ്ങളെപ്പറ്റി പഠിക്കുവാൻ നിയമിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്റെ റിപ്പോർട്ട് 21 വർഷങ്ങൾക്ക് ശേഷം 2005ൽ ആണ് രാജ്യത്തിനു സമർപ്പിക്കപ്പെട്ടത്.



"http://ml.wikipedia.org/w/index.php?title=ഇന്ദിരാ_ഗാന്ധി&oldid=1117433" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ