അറബ് - ഇസ്രയേൽ സംഘർഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്രയേലും മധ്യപൂർവ ദേശത്തെ അറബ് രാജ്യങ്ങളും തമ്മിലുള്ള വിവിധ സംഘർഷങ്ങളെ പൊതുവായി പരാമർശിക്കുന്ന ലേഖനമാണിത്. മധ്യപൂർവ ദേശത്തെ യഹൂദ രാഷ്ടമായ ഇസ്രയേലും അതിനു ചുറ്റുമുള്ള അറബ് രാജ്യങ്ങളുമാണ് ഈ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുക്കൾ. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്കങ്ങൾ യഹൂദർക്കുമാത്രമായി ഇസ്രയേൽ എന്ന രാജ്യം രൂപവത്കരിച്ചതോടെ ശക്തിപ്പെടുകയായിരുന്നു. ഇതിനുശേഷം ഒന്നിലേറെ അറബ് രാജ്യങ്ങളും ഇസ്രയേലുമായി ചെറുതും വലുതുമായ ഏറ്റുമുട്ടലുകൾ അരങ്ങേറി.

ഏറ്റുമുട്ടലുകളുടെ ശക്തി എത്രത്തോളമാണെങ്കിലും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സംഘർഷ മേഖലയാണിത്. ഇതിൽ ഭാഗഭാക്കുകളായ രാജ്യങ്ങളും അവിടത്തെ ജനങ്ങൾക്കും പുറമേ ഭൂഗോളത്തിലെ എല്ലാ കേന്ദ്രങ്ങളിൽ നിന്നുമുള്ള ജനസഹസ്രങ്ങൾ ഈ തർക്കത്തിൽ പങ്കാളികളാകുന്നു. അതു ചിലപ്പോൾ മതപരമായ കാരണങ്ങൾക്കൊണ്ടോ, സംഘർഷം അയവു വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായോ, യുദ്ധക്കെടുതിയിൽ വലയുന്ന സാധാരണക്കാരെ സഹായിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായോ ആകാമെന്നു മാത്രം.

ഇസ്ലാമിക സംസ്ക്കാരവും പാശ്ചാത്യ സംസ്ക്കാരവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് അറബ് - ഇസ്രയേൽ സംഘർഷങ്ങളുടെ കാതൽ എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ സംസ്ക്കാരങ്ങളുടെ പൊരുത്തമില്ലായ്മകളേക്കാൾ മതാടിസ്ഥാനത്തിലുള്ള ഭൂമിശാസ്ത്ര വിഭജനങ്ങളാണ് യഥാർത്ഥ കാരണമെന്നു വിശ്വസിക്കുന്നവരാണധികവും.

[തിരുത്തുക] ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് അറബ് - ഇസ്രയേൽ സംഘർഷങ്ങൾക്കു തുടക്കം കുറിക്കുന്നത്. 1917-ൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയോടെ ഈ തർക്കങ്ങൾ രാജ്യാന്തര ശ്രദ്ധയാകർഷിച്ചു തുടങ്ങി. 1880കൾക്കു ശേഷം യൂറൊപ്പിന്റെ വിവിധ ഭാഗങ്ങളിലുള്ള യഹൂദരിൽ ഒരു ഭാഗം അവരുടെ പൂർവിക ദേശമായി കണക്കാക്കപ്പെടുന്ന മധ്യപൂർവ്വ ദേശത്തേക്കു തിരികെ വന്നുകൊണ്ടിരുന്നു. ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നും അറബി ഭൂവുടമകളിൽ നിന്നും ഭൂമി വാങ്ങിയാണ് യഹൂദർ തിരിച്ചുവരവ് തുടങ്ങിയത്. കൈവശമാക്കിയ ഭൂമിയിൽ കൃഷിയിറക്കിയും മറ്റും യഹൂദർ മേഖലയിൽ വാസമുറപ്പിച്ചു. ചുരുങ്ങിയ കാലംകൊണ്ട് പ്രത്യേക യഹൂദ രാഷ്ടമെന്ന വാദവും ഉടലെടുത്തു. 1919ലെ ഫൈസൽ - വീസ്മാൻ ഉടമ്പടിയോടെ ഈ വാദം കൂടുതൽ ബലപ്പെട്ടു. പലസ്തീൻ ഭൂപരിധിക്കുള്ളിൽ യഹൂദജനതയ്ക്കായി ഒരു പ്രത്യേക മേഖല രൂപവത്കരിക്കുക, ഇക്കാര്യത്തിൽ അറബ് - യഹൂദ പരസ്പരണ ധാരണ വളർത്തുക എന്നിവയായിരുന്നു ഫൈസൽ - വീസ്മാൻ ഉടമ്പടിയുടെ കാതൽ.

1919-ൽ പലസ്തീൻ ബ്രീട്ടീഷ് നിയന്ത്രണത്തിലായതോടെ ജൂത അഭയാർത്ഥികൾ അങ്ങോട്ട് ഒഴുകി. ആയിരത്തിലേറെ വർഷങ്ങളായി പലസ്തീൻ മണ്ണിൽ വാസമുറപ്പിച്ചിരുന്ന അറബ് ജനത ഇതിനെ ശക്തമായി എതിർത്തു. 1937 ആയപ്പോഴേക്കും പലസ്തീനിലെ പകുതിയിലധികം ജനസംഖ്യ ജൂതന്മാരുടേതായി. പലസ്തീനെ വിഭജിച്ച് ജൂതന്മാർക്കും അറബികൾക്കുമായി നൽകാനുള്ള ശ്രമം അറബികൾ അംഗീകരിച്ചില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ പീഡനങ്ങളിൽ നിന്നു രക്ഷപ്പെട്ട ജൂതന്മാർകൂടി ഇവിടെയെത്തി. അതോടെ മേഖലയിൽ ജൂതന്മാരുടെ തീവ്രവാദ പ്രവർത്തനങ്ങളും ശക്തമായി.

[തിരുത്തുക] ഒന്നാം അറബ് -ഇസ്രയേൽ യുദ്ധം (1948)

1947-ൽ അറബികൾക്കും ജൂതന്മാർക്കും പ്രത്യേക മേഖലകൾ സൃഷ്ടിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി. അറബികൾ ഒന്നടങ്കം ഈ നീക്കത്തെ എതിർത്തു. പ്രമേയത്തെ തുടർന്ന് 1948 മെയ് 14നു ബ്രിട്ടീഷുകാർ തങ്ങളുടെ സൈന്യത്തെ പലസ്തീനിൽനിന്നും പിൻ‌വലിച്ചു. അറബികൾക്കോ യഹൂദർക്കോ അധികാരം കൈമാറാതെ മേഖലയിൽ സംഘർഷത്തിനു വഴിമരുന്നിട്ടാണ് ബ്രിട്ടൺ പിന്മാറ്റം നടത്തിയത്. പലസ്തീനിൽ ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടങ്ങൾക്ക് ഇതോടെ തുടക്കമായി.

ബ്രിട്ടീഷുകാർ പലസ്തീൻ വിട്ട അന്നുതന്നെ സിയോണിസ്റ്റ് പ്രസ്ഥാനക്കാർ ടെൽ അവീവിൽ സമ്മേളിച്ച് ഇസ്രയേൽ എന്ന രാജ്യത്തിന്റെ രൂപവത്കരണം പ്രഖ്യാപിച്ചു. ജോർദാൻ, ഈജിപ്ത്, സിറിയ, ലെബനാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങളുടെ സൈന്യം പലസ്തീനിൽ കടന്നു. അമേരിക്ക, സോവ്യറ്റ് യൂണിയൻ എന്നീ രാജ്യങ്ങളും അന്നത്തെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ട്രിഗ്വി ലീയും അറബ് രാജ്യങ്ങളുടെ നീക്കത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാൽ ചൈന അറബ് അവകാശവാദത്തെയാണു പിന്തുണച്ചത്. ഏതായാലും യുദ്ധത്തിൽ അറബികളുടെ സംയുക്ത സേനയെ ഇസ്രയേൽ പരാജയപ്പെടുത്തി. ലക്ഷക്കണക്കിനു പലസ്തീൻ അറബികൾ യുദ്ധപരാജയത്തെത്തുടർന്ന് അഭയാർത്ഥികളായി. പത്സ്തീനിലെ അറബ് ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം ഇസ്രയേൽ അധീന പ്രദേശങ്ങളിൽനിന്ന് ഓടിപ്പോവുകയോ തുരത്തെപ്പെടുകയോ ചെയ്തു. ശേഷിച്ചവർ ഇസ്രയേലിലെ പൗരന്മാരായി തുടർന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഏഴുലക്ഷത്തിലധികം അറബികൾ യുദ്ധത്തിനു ശേഷം അഭയാർത്ഥികളായി. അറബികൾക്ക് ആധിപത്യം സ്ഥാപിക്കാനായ നാമമാത്ര പ്രദേശങ്ങളിൽ യഹൂദരും അഭയാർത്ഥികളാക്കപ്പെട്ടു.

നിയന്ത്രണരേഖകൾ സ്ഥാപിക്കാനുള്ള സമ്മതത്തോടെ 1949ലാണ് അറബ്-ഇസ്രയേൽ യുദ്ധം അവസാനിച്ചത്. ഇതനുസരിച്ച് ഐക്യരാഷ്ട്ര സഭാ നിർദ്ദേശമനുസരിച്ചുള്ള പ്രദേശങ്ങളും ഈ നിർദ്ദേശത്തിൽതന്നെ അറബികൾക്കായി നീക്കിവച്ച പ്രദേശങ്ങളുടെ പകുതിയോളവും ഇസ്രയേലിന്റെ നിയന്ത്രണത്തിലായി. ഗാസാ മുനമ്പ് ഈജിപ്തും വെസ്റ്റ് ബാങ്ക് ജോർദാനും കൈക്കലാക്കി.

ഒന്നാം അറബ്-ഇസ്രയേൽ യുദ്ധത്തെ തങ്ങളുടെ സ്വാതന്ത്ര്യ പോരാട്ടമായാണ് ഇസ്രയേൽ വിശേഷിപ്പിക്കുന്നത്. രൂപവത്കരിച്ചു നാളുകളാകും മുൻപേ അറബ് രാജ്യങ്ങൾക്കെതിരെ ഇസ്രയേൽ ഒറ്റയ്ക്കു നേടിയ വിജയം ലോകത്തെ അമ്പരിപ്പിച്ചു. യഹൂദരോടു കീഴടങ്ങേണ്ടിവന്നത് അറബ് ലോകത്തെയാകെ അസ്വസ്ഥമാക്കുകയും ചെയ്തു.[[]]

"http://ml.wikipedia.org/w/index.php?title=അറബ്_-_ഇസ്രയേൽ_സംഘർഷം&oldid=1198160" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ