രാജീവ് ഗാന്ധി
| രാജീവ് ഗാന്ധി | |
|
|
|
| പദവിയിൽ 31 October 1984 – 2 December 1989 |
|
| പ്രസിഡണ്ട് | Giani Zail Singh Ramaswamy Venkataraman |
|---|---|
| മുൻഗാമി | Indira Gandhi |
| പിൻഗാമി | V. P. Singh |
|
|
|
| ജനനം | 1944 20 ഓഗസ്റ്റ് Bombay, Bombay Presidency, British India |
| മരണം | 1991 മേയ് 21 (പ്രായം 46) Sriperumbudur, Tamil Nadu, India |
| ദേശീയത | Indian |
| ജീവിതപങ്കാളി | സോണിയ ഗാന്ധി |
| മക്കൾ | Priyanka Gandhi Vadra, Rahul Gandhi |
| തൊഴിൽ | Politician, Airline pilot |
| മതം | Hinduism |
| ഒപ്പ് | രാജീവ് ഗാന്ധി's signature |
രാജീവ് രത്ന ഗാന്ധി (ഓഗസ്റ്റ് 20, 1944 - മേയ് 21,1991) ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു.
ഉള്ളടക്കം |
[തിരുത്തുക] ജനനം, ബാല്യം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ 1944 ഓഗസ്റ്റ് 20നു ബോംബെയിൽ രാജീവ് ഗാന്ധി ജനിച്ചു. അമ്മ ഇന്ദിരാഗാന്ധിയും അച്ഛൻ ഫിറോസ് ഗാന്ധിയും വേറിട്ടുജീവിച്ചിരുന്നതുമൂലം അമ്മയുടെ കൂടെ നെഹ്രുവിന്റെ അലഹബാദിലെ വീട്ടിലാണു രാജീവ് വളർന്നുവന്നത്. ഡൂൺ സ്കൂളിലും പിന്നീട് ലണ്ടൻ ട്രിനിറ്റി കോളെജിലും കേംബ്രിഡ്ജിലുമായി രാജീവ് ഗാന്ധി പഠിച്ചു. കേംബ്രിഡ്ജിൽനിന്ന് ബിരുദം പൂർത്തിയാക്കാനായില്ല. ലണ്ടനിൽവെച്ചാണ് സോണിയ മൈനോ എന്ന ഇറ്റലിക്കാരിയായ യുവതിയുമായി പ്രണയത്തിലാവുന്നത്. അവർ 1969-ൽ വിവാഹിതരായി.
സോണിയയുടെ കുടുംബത്തിനും ഇന്ദിരാഗാന്ധിക്കും ഈ വിവാഹത്തിൽ താല്പര്യമില്ലായിരുന്നു. ഒരു പ്രബലമായ രാഷ്ട്രീയ കുടുംബവുമായി, പ്രത്യേകിച്ച് ഇന്ത്യയിലെ പ്രഥമ കുടുംബവുമായി, ഒരു ബന്ധം സോണിയയുടെ കുടുംബം ആഗ്രഹിച്ചില്ല. രാജീവ് ഒരു ഇന്ത്യൻ പെൺകുട്ടിയെ വിവാഹം ചെയ്യണം എന്നായിരുന്നു ഇന്ദിരയുടെ ആഗ്രഹം.
[തിരുത്തുക] രാഷ്ട്രീയത്തിലേക്ക്
ഇന്ത്യയിൽ മടങ്ങിയെത്തിയ രാജീവ് ഗാന്ധി ഇന്ത്യൻ എയർലൈൻസിൽ ഒരു വൈമാനികനായി ജോലിയിൽ പ്രവേശിച്ചു. സോണിയ 1970-ൽ രാഹുൽ ഗാന്ധിക്കും 1972 ഇൽ പ്രിയങ്ക ഗാന്ധിക്കും ജന്മം നൽകി. ശാന്തസ്വഭാവിയായ രാജീവ് രാഷ്ട്രീയത്തിൽ വലിയ താല്പര്യം കാട്ടിയില്ല. എന്നാൽ അനുജൻ സഞ്ജയ് ഗാന്ധി അമ്മയുടെ വലംകയ്യും അധികാരം ആസ്വദിക്കുന്ന പ്രകൃതക്കാരനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരു മന്ത്രിപോലുമല്ലായിരുന്ന സഞ്ജയ് ഗാന്ധിയുടെ വാഹനം കടന്നുപോകുമ്പോൾ ദില്ലിയിലെ റോഡുകൾ മണിക്കൂറുകളോളം ഒഴിച്ചിടുക പതിവായിരുന്നു. അമ്മ ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയെ തന്റെ പിൻഗാമിയായി കരുതിയിരുന്നു. എന്നാൽ 1980-ൽ സ്വയം പറപ്പിച്ച സ്വകാര്യ വിമാനം തകർന്നു സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജീവ് ഗാന്ധിക്ക് വിമുഖമായിട്ടാണെങ്കിലും രാഷ്ട്രീയപ്രവേശനം നടത്തേണ്ടിവന്നു.
1981 ഫെബ്രുവരിയിൽ രാജീവ് ഗാന്ധി ഉത്തർപ്രദേശിലെ അമേഥിയിൽ നിന്ന് ലോൿസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഥി. തൊട്ടുപിന്നാലെ തന്നെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ സോണിയയ്ക്കും രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ താല്പര്യം ഇല്ലായിരുന്നു. പത്രങ്ങൾക്കു നൽകിയ അഭിമുഖത്തിൽവരെ രാഷ്ട്രീയത്തിൽ മത്സരിക്കയില്ല എന്നു രാജീവ് പറഞ്ഞു. എങ്കിലും ഒടുവിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി മത്സരിച്ച രാജീവിന്റെ പ്രവൃത്തിയെ നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയാധിപത്യമായി കണ്ടു പത്രങ്ങളും പ്രതിപക്ഷവും രൂക്ഷമായി വിമർശിച്ചു.
ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റുമരിച്ചപ്പോൾ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലേക്ക് നിർബന്ധിച്ചാനയിച്ചു. ഇന്ദിരയുടെ മരണത്തിനും സിഖ് കൂട്ടക്കൊലകൾക്കും പിന്നാലെ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ (540 അംഗ സഭയിൽ 405 സീറ്റുകൾ) രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നു. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട ഞെട്ടലിലും രാജീവ് തരംഗത്തിലും നടന്ന ആ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് രണ്ടു സീറ്റുകൾ മാത്രമേ ലഭിച്ചുളളൂ. അത്ര ശക്തമായിരുന്നു നെഹ്രു കുടുംബത്തിനുവേണ്ടിയുള്ള ജനഹിതം.
[തിരുത്തുക] പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറീസ്സയിലായിരുന്ന രാജീവിനെ കോൺഗ്രസ് നേതാക്കളും അന്നു രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽസിംഗും പ്രധാനമന്ത്രി പദത്തിലേറാൻ നിർബന്ധിച്ചു. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട സിഖ് വിരുദ്ധ കലാപം നിയന്ത്രിക്കാൻ രാജീവ് വേണ്ടതു ചെയ്തില്ല എന്ന് അപഖ്യാതിയുണ്ടായി. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് “വന്മരങ്ങൾ വീഴുമ്പോൾ ഭൂമി അല്പം കുലുങ്ങുന്നു” എന്ന് രാജീവ് ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി പദം സ്വീകരിച്ച രാജീവ് കോൺഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയായ അദ്ദേഹം പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പു നടത്താൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
ഇന്ദിരയുടെ മരണം ഉണർത്തിവിട്ട തരംഗത്തിൽ നടന്ന ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇന്ത്യൻ പാർലമെന്റിലെ എക്കാലത്തെയും വലിയ ഭൂരിപക്ഷം ലഭിച്ചു. രാജീവിന്റെ യുവത്വവും അഴിമതിക്കറ പുരളാത്ത പ്രതിച്ഛായയും കോൺഗ്രസ് ജയത്തിന് മാറ്റുകൂട്ടി. ഇന്ത്യൻ ജനത കോൺഗ്രസിനെ വീണ്ടും ഹൃദയത്തിലേറ്റിത്തുടങ്ങി.
ഭരണരംഗത്ത് രാജീവ് ഗാന്ധിയുടെ പല നടപടികളും ഇന്ദിര തിരഞ്ഞെടുത്ത പാതയിൽനിന്നു വേറെയായിരുന്നു. രാജീവ് അമേരിക്കയുമായുള്ള ബന്ധം ഊഷ്മളമാക്കി. ഇന്ദിരയുടെ കാലത്ത് റഷ്യയുമായുള്ള അടുത്ത സൌഹൃദത്തിന്റെ പേരിലും സോഷ്യലിസ്റ്റ് ഭരണരീതികളുടെ പേരിലും ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം ഒട്ടുംതന്നെ സൌഹാർദ്ദപരമായിരുന്നില്ല. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വികസനത്തെ രാജീവ് അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. കമ്പ്യൂട്ടറുകൾ, വിമാനങ്ങൾ, പ്രതിരോധ-വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവയ്ക്ക് ഉൾപ്പെടെ സാങ്കേതിക വ്യവസായങ്ങൾക്കുള്ള ഇറക്കുമതി ചുങ്കം രാജീവ് ഗണ്യമായി കുറച്ചു. രാജ്യത്തിന്റെ ലൈസൻസ് രാജ് - പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള ചുവപ്പുനാട ഗണ്യമായി കുറക്കുവാനുള്ള നടപടികൾ രാജീവ് ഗാന്ധി സ്വീകരിച്ചു. 1986-ൽ രാജീവ് ഗാന്ധി ഇന്ത്യയിൽ ഒട്ടാകെ ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു.
ഇന്ത്യയിൽ നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചത് 1986 ഇൽ രാജീവ് ഗാന്ധിയാണ്. നെഹറുവിനു ശേഷം ചൈന സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി ഇന്ത്യാ-ചൈന ബന്ധത്തിലെ സംശയങ്ങളും വിശ്വാസമില്ലായ്മയും ഒരളവുവരെ പരിഹരിച്ചു. രാജ്യത്തിന്റെ ദീർഖകാലമായി നിലനിൽക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കുവാൻ രാജീവ് ശ്രമിച്ചു. മീസ്സോ കരാർ, ആസ്സാം കരാർ, പഞ്ചാബ് കരാർ എന്നിവ രാജീവ് ഗാന്ധി ഒപ്പുവെച്ചു.
പഞ്ചാബിലെ തീവ്രവാദത്തെ അടിച്ചമർത്തുന്നതിനായി രാജീവ് സൈന്യത്തിനും പൊലീസിനും വിശാലമായ അധികാരങ്ങൾ നൽകി. പഞ്ചാബിൽ മിക്കസമയത്തും കർഫ്യൂ നിലനിൽക്കുകയും പൌരാവകാശങ്ങളും വാണിജ്യ, വിനോദസഞ്ചാര വ്യവസായങ്ങൾ തകരാറിലാവുകയും ചെയ്തു. ഈ കാലയളവിൽ പഞ്ചാബ് നിയന്ത്രിച്ച കെ.പി.എസ്. ഗില്ലിന്റെ കീഴിലുള്ള പൊലീസിനെതിരെ ഒരുപാട് മനുഷ്യാവകാശ ലംഘന പരാതികൾ ആരോപിക്കപ്പെട്ടു. കസ്റ്റഡി മരണങ്ങളും ‘ഏറ്റുമുട്ടൽ മരണങ്ങളും’ യുവാക്കളെ കാണാതാവുന്നതും സാധാരണമായിരുന്നു.എങ്കിലും തീവ്രവാദം നിയന്ത്രണത്തിലാവുകയും ഒടുവിൽ പതിയെ കെട്ടടങ്ങുകയും ചെയ്തു.
[തിരുത്തുക] ശ്രീലങ്കയിലെ സൈനിക ഇടപെടൽ
ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിപ്പാർത്ത തമിഴ് വംശജരോടും അവരുടെ ആവശ്ശ്യങ്ങളോടും ഇന്ത്യ ചരിത്രപരമായും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദം മൂലവും സഹതാപവും ഐക്യദാർഢ്യവും പുലർത്തിയിരുന്നു. തമിഴ് പുലികൾക്ക് ഇന്ത്യ ആയുധവും പരിശീലനവും നൽകുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്നു. ശ്രീലങ്കയിലെ സിംഹള ജനതയ്ക്കിടയിൽ ഇത് ഇന്ത്യയോടുള്ള രോഷത്തിനു കാരണമായി. കൊളംബോയിൽ വെച്ച് രാജീവ് ഗാന്ധിയും ശ്രീലങ്കൻ രാഷ്ട്രപതിയായ ജെ.ആർ.ജയവർദ്ധനെയും തമ്മിൽ ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ 1987 ജൂലൈ 30-ന് ഒപ്പുവെച്ചു. തൊട്ടടുത്ത ദിവസം ശ്രീലങ്കൻ സൈന്യത്തിന്റെ ‘ഗാർഡ് ഓഫ് ഓണർ’ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ നിരയായി നിന്ന ശ്രീലങ്കൻ സൈനികരിൽ ഒരാൾ തന്റെ തോക്കിന്റെ പാത്തികൊണ്ട് തലക്കടിച്ച് കൊല്ലുവാൻ ശ്രമിച്ചു. രാജീവ് ഈ വധശ്രമത്തിൽ നിന്ന് ചെറിയ പരുക്കുകളോടെ കഷ്ടിച്ച് രക്ഷപെട്ടു.
ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ അനുസരിച്ച് എൽ.ടി.ടി.ഇ. രാജീവ് അയച്ച ഇന്ത്യൻ സമാധാന സൈന്യത്തിനു മുൻപിൽ സമാധാനപരമായി ആയുധങ്ങൾ അടിയറവെയ്ക്കുമായിരുന്നു. എന്നാൽ ഈ നീക്കം തിരിച്ചടിക്കുകയും ഇത് ഒടുവിൽ ഇന്ത്യൻ സൈന്യവും എൽ.ടി.ടി.ഇ. യും തമ്മിൽ ഒരു തുറന്ന യുദ്ധത്തിന് വഴി തെളിക്കുകയും ചെയ്തു. ആയിരത്തോളം ഇന്ത്യൻ ഭടന്മാർക്ക് ഈ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഒട്ടേറെ തമിഴ് വംശജർ കൊല്ലപ്പെടുകയും സ്ത്രീകൾ മാനഭംഗപ്പെടുകയും ചെയ്തു. ഇന്ത്യൻ സമാധാന സേന എൽ.ടി.ടി.ഇ. യിൽ നിന്ന് പല പ്രദേശങ്ങളും തിരിച്ചുപിടിക്കുകയും എൽ.ടി.ടി.ഇ.യുടെ നിയന്ത്രണത്തിലുള്ള പ്രദേശം ജാഫ്നയിലെ വളരെ ചുരുക്കം ഭാഗങ്ങളായി ചുരുങ്ങുകയും ചെയ്തു. എന്നാൽ ഈ സമയത്ത് ഇന്ത്യൻ സൈനിക നടപടിയോടുള്ള എതിർപ്പ് ശ്രീലങ്കയിൽ ശക്തമാവുകയും ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വവും സർക്കാരും ഇന്ത്യയോട് വെടിനിർത്താൻ ആവശ്യപ്പെടുകയും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഇന്ത്യയെ വിലക്കുകയും ചെയ്തു. ഇന്ത്യൻ രാജ്യതന്ത്രജ്ഞതയുടെയും സൈനിക തന്ത്രജ്ഞതയുടെയും പരാജയമായി കണക്കാക്കപ്പെട്ട ഈ ‘ശ്രീലങ്കൻ സാഹസ’ത്തിൽ നിന്ന് രാജീവ് ഗാന്ധി ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചു.
[തിരുത്തുക] ബോഫോഴ്സ് കോഴ ഇടപാട്
സ്വിറ്റ്സർലാന്റിലെ ബോഫോഴ്സ് കമ്പനിയിൽ നിന്നും കോഴ വാങ്ങി ആയുധ കരാർ ഒപ്പുവെച്ചു എന്നതായിരുന്നു ബോഫോഴ്സ് കേസിന്റെ കാതൽ. രാജീവ് ഗാന്ധി മന്ത്രിസഭയിൽ അല്പകാലം പ്രതിരോധമന്ത്രിയും ധനമന്ത്രിയുമായിരുന്ന വി.പി.സിംഗ് ആണ് കോടിക്കണക്കിനു ഡോളറുകൾ കൈമറിഞ്ഞ ബോഫോഴ്സ് അഴിമതി പുറത്തുകൊണ്ടുവന്നത്. ഗാന്ധി കുടുംബത്തിന്റെ സുഹൃത്തായ ഒട്ടാവിയോ ക്വത്റോച്ചി എന്ന ഇടനിലക്കാരനിൽ നിന്ന് ഇന്ത്യൻ ആയുധക്കരാറുകൾക്കു പകരമായി പണം കൈപ്പറ്റി എന്നതായിരുന്നു പ്രധാന ആരോപണം. ഈ വെളിപ്പെടുത്തലുകൾക്കുപിന്നാലെ വി.പി.സിംഗിനെ മന്ത്രിസഭയിൽ നിന്നും പിന്നാലെ കോൺഗ്രസ് അംഗത്വത്തിൽനിന്നും പുറത്താക്കി. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചായിരുന്നു പുറത്താക്കിയതെങ്കിലും വി.പി.സിംഗിനെതിരായ രേഖകൾ കെട്ടിച്ചമച്ചതാണെന്ന് പിന്നീടു കണ്ടെത്തി. രാജീവ് ഗാന്ധിയെ ഈ കേസിൽ പ്രതി ചേർത്തെങ്കിലും പിന്നീട് 17 വർഷങ്ങൾക്കു ശേഷം ദില്ലി ഹൈക്കോടതി രാജീവിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. ഹിന്ദു ദിനപ്പത്രത്തിന്റെ പ്രധാന ലേഖകരായ നരസിംഹൻ റാമും ചിത്ര സുബ്രമണ്യവും നടത്തിയ അന്വേഷണാത്മക പത്രപ്രവർത്തനം രാജീവിനെ കുറ്റക്കാരനായി കണ്ടെത്തുകയും അഴിമതിരഹിതൻ എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കളങ്കം ഉണ്ടാവുകയും ചെയ്തു.
വി.പി. സിംഗിന്റെ ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നയാൾ എന്ന പ്രതിച്ഛായ അദ്ദേഹത്തെ ജനങ്ങൾക്കു പ്രിയങ്കരനാക്കി. 1989 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 197 സീറ്റുകൽ മാത്രമേ ലഭിച്ചുളളൂ. വി.പി. സിംഗിന്റെ നേതൃത്വത്തിൽ ജനതാദൾ-കൂട്ടുകക്ഷി മന്ത്രിസഭ നിലവിൽവന്നു. ബി.ജെ.പി. ഈ മന്ത്രിസഭയെ പുറമേനിന്നു പിന്താങ്ങി. കോൺഗ്രസ് ജനതാദൾ അംഗമായ ചന്ദ്രശേഖറിന് പിന്തുണ വാഗ്ദാനം ചെയ്ത് പാർട്ടി പിളർത്തിയത് വി.പി. സിംഗ് മന്ത്രിസഭയുടെ പതനത്തിനു കാരണമായി.
[തിരുത്തുക] പ്രതിപക്ഷ നേതാവ്
1989 മുതൽ 1991 വരെ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായി തുടർന്നു. ഈ കാലയളവിൽ വി.പി.സിംഗിന്റെ നേതൃത്വത്തിലും ചന്ദ്രശേഖറിന്റെ നേതൃത്വത്തിലും രണ്ടു സർക്കാരുകൾ ഇന്ത്യ ഭരിച്ചു.വി.പി.സിംഗിന്റെ മണ്ഡൽ കമ്മീഷൻ പരിഷ്കാരങ്ങൾക്ക് തിരുത്തലുകൾ നിർദ്ദേശിച്ച് രാജീവ് ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം ഏറെ പ്രശംസ പിടിച്ചുപറ്റി. ചന്ദ്രശേഖർ മന്ത്രിസഭയ്ക്ക് അല്പകാലം നൽകിയ പിന്തുണ രാജീവ് ഗാന്ധി പിൻവലിച്ചത് വീണ്ടും തിരഞ്ഞെടുപ്പിന് കാരണമായി.
[തിരുത്തുക] കൊല്ലപ്പെടുന്നു
രാജീവിന്റെ അവസാനത്തെ പൊതുസമ്മേളനം തമിഴ്‌നാട്ടിലെ തിരുത്തണിയിലായിരുന്നു. രാജീവ് ഗാന്ധി മെയ് 21 1991-ഇൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി രാജരത്നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശൻ എന്ന എൽ.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. 2006 വരെ എൽ.ടി.ടി.ഇ. രാജീവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. 2006 ഇൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലസിംഹം എൽ.ടി.ടി.ഇ.യുടെ പങ്ക് പരോക്ഷമായി സമ്മതിച്ചു.
രാജീവിന്റെ മരണത്തിന് ഉത്തരവാദിയായി ശ്രീലങ്കൻ വംശജരായ എൽ.ടി.ടി.ഇ. അംഗങ്ങളും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേരെ ഒരു ഇന്ത്യൻ കോടതി കുറ്റക്കാരായി വിധിച്ചു. രാജീവ് ഗാന്ധിക്ക് മരണത്തിനുശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ചു. വീർഭൂമി എന്ന സ്മാരകം ഡെൽഹിയില് രാജീവിന്റെ സമാധി സ്ഥലത്ത് നിർമിച്ചിട്ടുണ്ട്. രാജീവിന്റെ മരണം ഉയർത്തിയ സഹതാപതരംഗത്തിൽ കോൺഗ്രസ് വീണ്ടും 1991 തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ അധികാരത്തിൽ വന്നു.
[തിരുത്തുക] അനുബന്ധം
|
|||||