നെൽസൺ മണ്ടേല
| നെൽസൺ മണ്ടേല | |
|
ദക്ഷിണാഫ്രിക്കയിലെ 11-ആം പ്രസിഡണ്ട്
|
|
| പദവിയിൽ ഏപ്രിൽ 27 1994 – ജൂൺ 14 1999 |
|
| വൈസ് പ്രസിഡന്റ് | ഫ്രഡറിക് ഡിക്ലർക്ക് കലീമ മൊട് ലാന്ദ |
|---|---|
| മുൻഗാമി | താബോ മ്‌ബേകി |
| പിൻഗാമി | കലീമ മൊട് ലാന്ദ |
|
|
|
| ജനനം | 1918 ജൂലൈ 18 മ്‌വേസോ , ദക്ഷിണാഫ്രിക്ക |
| രാഷ്ട്രീയകക്ഷി | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് |
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവാണ് നെൽസൺ മണ്ടേല(ഇംഗ്ലീഷ്: Nelson Rolihlahla Mandela IPA: [xolíɬaɬa mandéːla] ജനനം 1918 ജൂലൈ 18[1]) . ദക്ഷിണാഫ്രിക്കയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യതിരഞ്ഞെടുപ്പിൽ വിജയിച്ച് 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടായിരുന്ന അദ്ദേഹം, ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം 1993-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു. 1990-ലെ ഭാരതരത്നം പുരസ്കാരം മണ്ടേലക്ക് ലഭിച്ചു, ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയവംശജനല്ലാത്ത ആദ്യത്തെ വ്യക്തിയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി മണ്ടേലയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വി സിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും കമ്യൂണിസ്റ്റ് തീവ്രവാദികളായാണു കരുതിയിരുന്നത്, 2008 ജൂലൈ വരെ അമേരിക്കൻ ഗവൺമെന്റ്, മണ്ടേലയെ തീവ്രവാദിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.[2] വർണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അട്ടിമറിപ്രവർത്തനങ്ങളുടെയും മറ്റും കാരണത്താൽ മണ്ടേലക്ക് 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശത്തിൽപ്പെട്ട മുതിർന്നവരെ ബഹുമാനസൂചകമായി വിളിക്കുന്ന മാഡിബ എന്ന പേരാണ് ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ വിളിക്കുന്നത്. [3] 2009 നവംബറിൽ യു. എൻ. പൊതുസഭ നെൽസൺ മണ്ടേലയുടെ ജന്മദിവസമായജൂലൈ 18, ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി, മണ്ടേല ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. [4]
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാല ജീവിതം
[തിരുത്തുക] ജനനം
മണ്ടേല ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യയിലെ ട്രാൻസ്കെയിൻ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തിൽപ്പെട്ടയാളാണ് [5]- ഉംടാട ജില്ലയിലെ മ്‌വേസോ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. [5]മണ്ടേലയുടെ മാതാവ് ഖൊയിസാൻ(തെക്കൻ ആഫ്രിക്കയിലെ ഭൂരിപക്ഷമായ ബന്തു വിഭാഗത്തിൽപ്പെടാത്ത വംശം) വംശത്തിൽപ്പെട്ടവരായിരുന്നു.[6]മണ്ടേലയുടെ പിതാവ് ഗാഡ്‌ല ഹെൻറി മ്‌ഫാകനൈസ്വ (1880-1928) പാരമ്പര്യനിയമപ്രകാരം പിന്തുടർച്ചാവകാശമില്ലായിരുന്നിട്ടും മ്‌വേസോയുടെ ഭരണാധികാരിയായി.[7] എന്നാൽ കോളനിഭരണത്തിനോടുള്ള എതിർപ്പ് കാരണം ഈ സ്ഥാനം അദ്ദേഹത്തിനു നഷ്ടപ്പെട്ടു, പ്രിവി കൗൺസിൽ അംഗമായിരുന്ന അദ്ദേഹം ഈ സ്ഥാനത്തേക്ക് ജോൺഗിന്റാബ ഡാലിൻഡ്യേബോയെ അവരോധിക്കാൻ സഹായിച്ചു. ഗാഡ്‌ല ഹെൻറി മ്‌ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്. [8]
[തിരുത്തുക] വിദ്യാഭ്യാസം
ഏഴാമത്തെ വയസിൽ മണ്ടേല വിദ്യാഭ്യാസമാരംഭിച്ചു, മണ്ടേലക്കായിരുന്നു തന്റെ കുടുംബത്തിൽ ആദ്യമായി സ്കൂൾ വിദ്യാഭ്യാസം ലഭിച്ചത്, ടീച്ചറായ മിസ് മ്‌ഡിംഗാനെയാണ് നെൽസൺ എന്ന ഇംഗ്ലീഷ് പേര് അദ്ദേഹത്തിൻ നൽകിയത് [9] ഒൻപതാം വയസ്സിൽ അദ്ദേഹത്തിന്റെ പിതാവ് നിര്യാതനായി, തുടർന്ന് റീജന്റ് ജോൺഗിന്റാബ മണ്ടേലയുടെ രക്ഷാകർത്തസ്ഥാനം ഏറ്റെടുത്തു. റീജന്റിന്റെ കൊട്ടാരത്തിനടുത്തുള്ള വെസ്ലിയൻ മിഷൻ സ്കൂളിൽ വിദ്യാഭ്യാസം തുടർന്നു. ക്ലാർക്ക്ബറി ബോർഡിംഗ് ഇൻസ്റ്റിറ്റിയൂട്ടിൽ പതിനാറാമത്തെ വയസ്സിൽ ചേർന്ന അദ്ദേഹം [10] ജൂനിയർ സർട്ടിഫിക്കറ്റ് രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കി. പിതാവിന്റെ പ്രിവി കൗൺസിലർ പദവി ഏറ്റെടുക്കാൻ നിയുക്തനായ അദ്ദേഹം, 1937-ൽ, തെംബു രാജകുടുംബാംഗങ്ങൾ പഠിക്കാറുള്ള ഫോർട്ട് ബ്യൂഫോർട്ടിലെവെസ്‌ലിയക് കോളേജിലെ ഹെൽദ്ടൗൺ കോമ്പ്രഹൻസീവ് സ്കൂളിൽ ചേർന്നു.[11]
മട്രികുലേഷൻ പാസ്സായശേഷം ഫോർട്ട് ഹെയർ യൂണിവേർസിറ്റിയിൽ ചേർന്നു. അവിടെവച്ചാണ് ദീർഘകാലസുഹൃത്തായിത്തീർന്ന ഒളിവർ തംബുവിനെ പരിചയപ്പെട്ടത്. ആദ്യവർഷം തന്നെ സ്റ്റുഡന്റ് റപ്രസന്റേറ്റിവ് കൗൺസിൽ യൂണിവേർസിറ്റി നിയമങ്ങൾക്കെതിരെ നടന്ന സമരത്തിൽ മണ്ടേല പങ്കെടുത്തു, തുടർന്ന് അദ്ദേഹത്തെ യൂണിവേർസിറ്റി പുറത്താക്കി.
[തിരുത്തുക] ജോഹന്നാസ്‌ബർഗിൽ
ഫോർട് ഹെയർ വിട്ടതിനുശേഷം ജോൺഗിന്റാബ, മണ്ടേലയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. വിവാഹത്തിനു താൽപര്യമില്ലത്തതിനാൽ മണ്ടേല ജോഹന്നാസ്ബർഗിലേക്ക് ഓടിപ്പോയി [12]ഒരു ഖനിയിൽ കാവൽക്കാരനായി ജോലിനോക്കാൻ തുടങ്ങി[13], എന്നാൽ റീജന്റിന്റെ ദത്തുപുത്രനാണെന്നറിഞ്ഞപ്പോൾ മണ്ടേലയെ അവിടെനിന്നും പിരിച്ചുവിട്ടു. പിന്നീട് അദ്ദേഹം ഒരു വക്കീലോഫീസിൽ അപ്പ്രന്റീസായി ജോലിചെയ്യാൻ തുടങ്ങുകയും യൂണിവേർസിറ്റി ഒഫ് സൗത്ത് ആഫ്രിക്കയിൽനിന്നും ബി. എ ബിരുദമെടുക്കുകയും യൂണിവേർസിറ്റി ഒഫ് വിറ്റ്‌വാട്ടേർഴ്‌സ്‌രാൻഡിൽ നിയമപഠനം തുടങ്ങുകയും ചെയ്തു.
[തിരുത്തുക] രാഷ്ട്രീയപ്രവർത്തനം
ആഫ്രിക്കാൻസ് ഭാഷ സംസാരിക്കുന്ന യൂറോപ്പിയൻ വംശജരായ ആഫ്രിക്കാനർ ആധിപത്യമുള്ളതും, വർണ്ണവിവേചനത്തിനും വംശീയമായ വേർതിരിവിനും വേണ്ടി നിലകൊണ്ടിരുന്നതുമായ നാഷണൽ പാർട്ടിയുടെ, 1948-ലെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം,[14], മണ്ടേല ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ 1952-ലെ സമരത്തിലും 1955-ലെ പീപ്പിൾസ് കോൺഗ്രസ്സിലും സജീവമായി പങ്കെടുക്കുകയുണ്ടായി. ഈ സമയത്ത് മണ്ടേല ഒളിവർ തംബുവിനോടൊന്നിച്ച്, കറുത്ത വർഗ്ഗക്കാർക്ക് തുച്ചമായ ചിലവിലോ വെറുതെയോ നിയമസഹായം നൽകാനായി, മണ്ടേല ആന്റ് തംബൊ എന്ന സ്ഥാപനം രൂപവത്കരിച്ചു.[15]
മണ്ടേലയെയും തുടർന്നുവന്ന വർണ്ണവിവേചനവിരുദ്ധപ്രവർത്തകരെയും മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ സ്വാധീനിച്ചിരുന്നു. [16][17] മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ സത്യാഗ്രഹം ആരംഭിച്ചതിന്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ച് 2007 ജനവരി 29/30 തീയ്യതികളിൽ ദില്ലിയിൽ നടന്ന സമ്മേളനത്തിൽ മണ്ടേലയും സന്നിഹിതനായിരുന്നു. [18]
അഹിംസാമാർഗ്ഗത്തിൽ സമരം തുടങ്ങിയ മണ്ടേലയെയും 150 പ്രവർത്തകരേയും, 1956 ഡിസംബർ അഞ്ചാം തീയ്യതി അറസ്റ്റ് ചെയ്‌തു, 1961 വരെ നീണ്ടുനിന്ന വിചാരണയുടെ ഒടുവിൽ എല്ലാവരെയും കുറ്റവിമുക്തരാക്കി. [19] 1952 - 1959 കാലത്ത് നാഷനൽ പാർട്ടിക്കെതിരായി കൂടുതൽ കടുത്ത സമരമുറകൾക്കായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലെ പുതിയ തലമുറയിൽപ്പെട്ടവർ ആവശ്യപ്പെടാൻ തുടങ്ങി.[20] ഏ എൻ സിയുടെ നേതാക്കളായ ആൽബർട്ട് ലിതൂലി, ഓളിവർ ടാംബൊ, വാൾട്ടർ സിസുലു എന്നിവർക്ക് കാര്യങ്ങൾ വളരെ വേഗത്തിലാണ് നീങ്ങുന്നതെന്നും അവരുടെ നേതൃസ്ഥാനപദവികൾതന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നും തോന്നാൻ തുടങ്ങി.[20] അതിനാൽ അവർ ഇന്ത്യൻ വംശജർ, വർണ്ണവിവേചനത്തിനെതിരെ നിന്ന വളരെ ചെറിയ വിഭാഗം വെള്ളക്കാർ എന്നിവരുമായി വ്യാപകമായ ഒരു സഖ്യമുണ്ടാക്കി.[20] 1959-ൽ തീവ്രവാദികളായ പല ആളുകളും ഘാന, ട്രാൻസ്‌വാൾ ആസ്ഥാനമായുള്ള ബസോതോ എന്നിവയുടെ സഹായത്താൽ, റോബർട്ട് സൊബൂകെ, പോട്ട്‌ലാക്കോ ലെബാല്ലോ എന്നിവരുടെ നേതൃത്വത്തിൽ, പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ് എന്ന സംഘടന രൂപവത്കരിച്ചു.
[തിരുത്തുക] ഗറില്ല പ്രവർത്തനങ്ങൾ
മണ്ടേല 1961-ൽ എം കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന, എ എൻ സിയുടെ സായുധവിഭാഗമായ, ഉംഖോണ്ടൊ വി സിസ്വെയുടെ തലവനായി സൈന്യത്തിനും ഗവണ്മെന്റിനുമെതിരെ അട്ടിമറിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഭാവിയിൽ ഗറില്ല യുദ്ധം നടത്താൻ വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുകയുംചെയ്തു. 1980കളിൽ എം. കെ നടത്തിയ ഗറില്ലയുദ്ധത്തിൽ സിവിലിയന്മാരടക്കം പലരും കൊല്ലപ്പെട്ടിരുന്നു. മണ്ടേല എം. കെ.യ്ക്കുവേണ്ടി വിദേശരാജ്യങ്ങളിൽനിന്നും ധനസഹായവും പല ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും സൈനികപരിശീലനവും സംഘടിപ്പിച്ചു.
വളരെക്കാലത്തെ അഹിംസാസമരം വിജയിക്കുന്നില്ലെന്നും ഭരണകൂടത്തിന്റെ അടിച്ചമർത്തലും അക്രമവും വർദ്ധിക്കുകയാണെന്നും കണ്ടതിനാലുമാണ്, അവസാനത്തെ പോംവഴിയായി സായുധസമരത്തിലേക്കിറങ്ങിയതെന്നു മണ്ടേല പിന്നീട് പ്രസ്താവിക്കുകയിണ്ടായി. [21][22]വർണ്ണവിവേചനത്തിനെതിരെയുള്ള ഈ സമരത്തിൽ മനുഷ്യാവകാശലംഘനം നടന്നതായി അദ്ദേഹം പിൽക്കാലത്ത് സമ്മതിക്കുകയുണ്ടായി.[23]
[തിരുത്തുക] റിവോണിയ വിചാരണ
1962 ആഗസ്റ്റ് 5-ആം തീയ്യതി, പതിനേഴു മാസത്തോളം ഒളിവിൽ കഴിഞ്ഞ മണ്ടേല അറസ്റ്റ് ചെയ്യപ്പെടുകയും ജോഹന്നാസ്ബർഗ് കോട്ടയിൽ തടവിൽ പാർപ്പിക്കപ്പെടുകയും ചെയ്തു.[24] സി. ഐ. എ ഒറ്റിക്കൊടുത്തതിനാലാണ് മണ്ടേലയെ അറസ്റ്റ് ചെയ്യാൻ ഗവൺമെന്റിനു സാധിച്ചത്. [25][26][27] മൂന്നു ദിവസത്തിനു ശേഷം മണ്ടേലയെ കോടതിയിൽ ഹാജരാക്കി. 1961-ൽ സമരത്തിനു ആഹ്വാനം നൽകിയതും, അനധികൃത്മായി രാജ്യം വിട്ടതുമായിരിന്നു അദ്ദേഹത്തിന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ. 1962 ഒക്ടോബർ 25-നു മണ്ടേലയെ അഞ്ചു വർഷത്തേക്ക് തടവിൽ കഴിയാനായി കോടതി വിധിച്ചു[28].
മണ്ടേല ജയിലിൽ കഴിയുമ്പോൾ, 1963 ജുലൈ 11-ൻ, റിവോണിയയിലെ ലിലിസ്‌ലീഫ് ഫാർമിൽനിന്നും, പ്രധാന എ എൻ സി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. റിവോണിയ വിചാരണയിലെ മണ്ടേലയെ കൂടാതെ അഹമ്മദ് കത്രാഡ, വാൾട്ടർ സിസുലു, ഗോവൻ മ്‌ബേകി, ആൻഡ്രൂ മ്‌ളാങ്ങേനി, റയ്‌മണ്ട് മ്‌ലാബ, എലിയാസ് മൊട്‌സൊഅലേദി, വാൾട്ടർ മ്‌ക്വായി, ആർതർ ഗോൾഡ്‌റൈയ്ച്, ഡെന്നീസ് ഗോൽഡ്ബർഗ്, ലയണൽ ബേൺസ്‌റ്റീൻ എന്നിവർക്കുമെതിരെ അട്ടിമറി തുടങ്ങിയ രാജ്യദ്രോഹക്കുറ്റങ്ങൾ ആരോപിച്ചു. മണ്ടേല ഈ കുറ്റാരോപണം നിഷേധിച്ചില്ലെങ്കിലും ദക്ഷിണാഫ്രിക്കയിലേക്ക് വിദേശാധിപത്യത്തിനു വഴിതെളിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം നിഷേധിച്ചു.
1964 ഏപ്രിൽ 20 ന് പ്രിടോറിയയിലെ സുപ്രീം കോടതിയിൽ നടന്ന വിചാരണയ്ക്കിടയിൽ ഏ എൻ സി അഹിംസാമാർഗ്ഗം വെടിഞ്ഞതിന്റെ കാരണങ്ങൾ മണ്ടേല വിശദമാക്കി. 1960 മാർച്ച് 21-നു ഷാർപ്പ്‌വിൽ കൂട്ടക്കൊല നടന്നതുവരെ, വർണ്ണവിവേചനത്തിനെതിരെ ഏ എൻ സി അവലംബിച്ചുവന്ന അഹിംസയിലൂന്നിയ സമരത്തിനെക്കുറിച്ചു മണ്ടേല വിവരിച്ചു. ഈ കൂട്ടക്കൊലയും, അടിയന്തരാവസ്ഥയുടെ പ്രഖ്യാപനവും എ എൻ സിയുടെ നിരോധനവും എല്ലാം കൂടിയപ്പോൾ അക്രമമാർഗ്ഗങ്ങളിലേക്കു തിരിയുകയല്ലാതെ വേറെ പോംവഴിയില്ലാതായി, അല്ലാതെ ചെയ്യുന്നത് നിരിപാധികമായ കീഴടങ്ങലായിത്തീരുമായിരുന്നു. നാഷനൽ പാർട്ടിയുടെ നയങ്ങളുടെ പരാജയം രാജ്യത്തിൽ വിദേശനിക്ഷേപം നിരുത്സാഹപ്പെടുത്തുമെന്നു തുറന്നുകാണിക്കുന്നതിനു വേണ്ടിയായിരുന്നു 1961 ഡിസംബർ 16-നു എം കെ-യുടെ മാനിഫെസ്‌റ്റോ ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതം ആഫ്രിക്കൻ വംശജരുടെ സമരത്തിനായി ഉഴിഞ്ഞുവച്ചിരിക്കുകയാണെന്നും വെള്ളക്കാരുടെയോ കറുത്തവരുടേയോ ആധിപത്യത്തിനു താൻ എതിരാണെന്നും എല്ലാവരും തുല്യവകാശത്തോടെയും സാഹോദര്യത്തോടെയും സഹവസിക്കുന്ന ജനാധിപത്യത്തിലൂന്നിയ സ്വതന്ത്ര സമൂഹത്തിനുവേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും വേണ്ടിവന്നാൽ ഇതിനുവേണ്ടി ജീവൻ പോലും പരിത്യാഗം ചെയ്യാൻ സന്നദ്ധനാണെന്നും മണ്ടേല പ്രസ്താവിച്ചു. [29]
ബ്രാം ഫിഷർ, വെ ർ നോൺ ബെറാൻജ്, ഹാരി ഷ്വാർട്‌സ് ജോ ജോഫി, ആർതർ ചാസ്‌കൽസൺ, ജോർജ്ജ് ബിസോസ് എന്നിവരായിരുന്നു പ്രതികൾക്കുവേണ്ടി വാദിച്ചിരുന്നത്. റസ്റ്റി ബേൺസ്റ്റീൻ ഒഴികെയുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും, 1964 ജൂൺ 12-ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെടുകയുമുണ്ടായി.
[തിരുത്തുക] ജയിൽവാസം
അടുത്ത പതിനെട്ടു വർഷക്കാലം മണ്ടേല റോബൻ ദ്വീപിലെ ജയിലിലായിരുന്നു ശിക്ഷ അനുഭവിച്ചത്. മറ്റു തടവുകാരോടൊപ്പം മണ്ടേലയെ ഒരു ക്വാറിയിൽ ജോലിയെടുപ്പിച്ചു. തടവുകാരെ അവരുടെ വർണ്ണമനുസരിച്ച് വേർതിരിച്ചിരുന്നു, കറുത്ത വർഗ്ഗക്കാരായിരുന്നു താഴെത്തട്ടിൽ. കൂടാതെ രാഷ്ട്രീയത്തടവുകാർ മറ്റുള്ള തടവുകാരെ അപേക്ഷിച്ച് താഴ്‌ന്ന നിലയിലായിരുന്നു കണക്കാക്കിയിരുന്നത്. ഡി ഗ്രൂപ്പ് തടവകാരനായതിനാൽ ആറു മാസത്തിൽ ഒരു സന്ദർശകനേയും ഒരു കത്തുമായിരുന്നു മണ്ടേലക്ക് നൽകിയിരുന്നത്, കത്തുകൾ പലപ്പോളും വൈകിയും, സെൻസർഷിപ്പ് കാരണം വായിക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു അദ്ദേഹത്തിനു ലഭിച്ചിരുന്നത്.
ഇക്കാലത്ത് യൂണിവേർസിറ്റി ഒഫ് ലണ്ടന്റെ വിദൂരപഠനപരിപാടിയിലൂടെ ബാച്ചിലർ ഒഫ് ലോ ബിരുദം കരസ്ഥമാക്കി. 1981-ൽ മണ്ടേലയെ യൂണിവേർസിറ്റി ഒഫ് ലണ്ടന്റെ ചാൻസിലർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയെങ്കിലും ആൻ രാജകുമാരിയോട് അദ്ദേഹം പരാജയപ്പെടുകയുണ്ടായി
1982 മാർച്ചിൽ, മുതിർന്ന എ എൻ സി നേതാക്കളായ വാൾട്ടർ സിസുലു, ആൻഡ്രൂ മ്‌ളാങ്ങേനി, അഹമ്മദ് കത്രാഡ, റയ്‌മണ്ട് മ്‌ലാബ എന്നിവരോടൊപ്പം മണ്ടേലയെ പോൾസ്‌മൂർ ജയിലിലേക്ക് മാറ്റി. ചെറുപ്പക്കാരായ തടവുകാർക്ക്, മുതിർന്ന നേതാക്കളിൽനിന്നുമുള്ള പ്രചോദനം ലഘിക്കുന്നത് തടായാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് തടവുകാർ കരുതി, എന്നാൽ തടവുകാരും സമ്പർക്കം സ്ഥാപിക്കാനാണ് ഈ മാറ്റമെന്ന് നാഷണൽ പാർട്ടി മന്ത്രിയായ കോബി കോയെറ്റ്‌സി പ്രസ്താവിച്ചു.
1985 ഫെബ്രുവരിയിൽ പ്രസിഡന്റ് പി. ഡബ്ല്യു. ബോത്ത ഉപാധികൾക്കു വിധേയമായി മണ്ടേലക്ക് ജയിൽമോചനം വാഗ്ദാനം ചെയ്തു, കോയെറ്റ്‌സിയടക്കമുള്ള മന്ത്രിമാർ ഇതിനെ എതിർത്തു. എന്നാൽ എ എൻ സിയുടെ നിരോധനം നിലവിലുള്ള കാലത്തോളം തനിക്ക് സ്വാതന്ത്ര്യം വേണ്ടെന്നു പ്രസ്താവിച്ച മണ്ടേല ഈ വാഗ്ദാനം നിരസിക്കുകയാണുണ്ടായത്.
മണ്ടേലയും നാഷനൽ പാർട്ടി ഗവണ്മെന്റും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച 1985 നവംബറിൽ നടന്നു. പ്രോസ്റ്റേറ്റ് ഓപ്പറേഷൻ കഴിഞ്ഞു കേപ് ടൗണിലെ വോക്സ് ഹോസ്പിറ്റലിൽ കിടന്നിരുന്ന മണ്ടേലയെ നാഷണൽ പാർട്ടി മന്ത്രിയായ കോബി കോയെറ്റ്‌സി സന്ദർശിക്കുകയുണ്ടായി, ഇതിനെത്തുടർന്ന് അടുത്ത നാലുവർഷക്കാലത്തോളം ചർച്ചകൾ നടക്കുകയുണ്ടായെങ്കിലും കാര്യമായ പുരോഗതിയൊന്നും കൈവരിക്കാനായില്ല. മണ്ടേല വിട്ടയക്കാൻ, ദക്ഷിണാഫ്രിക്കൻ ഗവണ്മെന്റിൽ, ദേശീയവും അന്തർദേശിയവുമായ സമ്മർദ്ദമുണ്ടായി. 1989-ൽ പ്രസിഡന്റ് ബോത്തയ്ക്ക് പക്ഷാഘാതമുണ്ടായതിനെത്തുടർന്ന് ഫ്രഡറിക് ഡിക്ലർക്ക് സ്ഥാനെമേറ്റെടുത്തത് വലിയ മാറ്റങ്ങൾക്ക് കളമൊരൊക്കുകയും 1990 ഫെബ്രുവരിയിൽ മണ്ടേലയുടേ മോചനം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
[തിരുത്തുക] ജയിൽ മോചനം
1990 ഫെബ്രുവരി 20-ന് പ്രസിഡന്റ് ഡി ക്ലാർക് , എൻ. സിയുടെയും മറ്റു വർണ്ണവിരുദ്ധപ്രസ്ഥാനങ്ങളുടെയും മേലെയുണ്ടായിരുന്ന നിരോധനം എടുത്തുമാറ്റുകയും മണ്ടേലയെ തടവിലിനിന്നും വിട്ടയക്കുമെന്നും പ്രസ്താവിച്ചു. ഫെബ്രുവരി 11-നു മണ്ടേലയെ വിക്റ്റർ വേർസ്റ്റർ ജയിലിൽനിന്നും മോചിതനാക്കി. അന്നു നടത്തിയ പ്രസംഗത്തിൽ, സമാധാനത്തിനു വേണ്ടിയുള്ള തന്റെ പ്രതിബദ്ധതയെറിച്ചും ന്യൂനപക്ഷമായ വെള്ളക്കാരോടുള്ള ഒത്തുതീർപ്പ് ഉണ്ടാക്കുന്നതിനെക്കുറിച്ചും പ്രസ്താവിക്കുകയും, എന്നാൽ എ എൻ സിയുടെ സായുധസമരം അവസാനിച്ചിട്ടില്ലെന്നു ഓർമ്മിപ്പിക്കുകയും ചെയ്തു. തന്റെ പ്രധാന ലക്ഷ്യം കറുത്തവർക്ക് സമധാനം പുനഃസ്ഥാപിക്കുകയും, അവർക്ക് ദേശീയവും പ്രാദേശികവുമായ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം നേടിക്കൊടുക്കലുമാണെന്നും മണ്ടേല പറഞ്ഞു.
[തിരുത്തുക] സമാധാന ചർച്ചകൾ
തടങ്കലിൽ നിന്നും വിട്ടയച്ചതിനെത്തുടർന്ന് മണ്ടേല എ എൻ സിയുടെ നേതൃത്വത്തിലേക്ക് മടങ്ങിവരികയും 1990-നും 1994-നും ഇടയിൽ, ആദ്യത്തെ ബഹുവർഗ്ഗപ്രാതിനിധ്യമുള്ള തിരഞ്ഞെടുപ്പിനു വഴിതെളിച്ച, ബഹുകക്ഷി ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
എ എൻ സിയുടെ നിരോധനം നീക്കിയതിനെതുടർന്നുള്ള ആദ്യത്തെ ദേശീയസമ്മേളനം 1991-ൽ നടത്തുകയും, മണ്ടേലയെ പ്രസിഡന്റായും, അന്നുവരെ പാർട്ടിയെ നയിച്ച ഒളിവർ തംബുവിനെ നാഷനൽ ചെയർപേർസണായും തിരഞ്ഞെടുത്തു. [30]
[തിരുത്തുക] ജീവചരിത്രം
ലോങ് വാക് റ്റു ഫ്രീഡം (Long Walk to Freedom) എന്ന ജീവചരിത്രം 1994-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ജയിലിൽ കിടക്കുന്ന കാലത്തുതന്നെ ഇതിനെവേണ്ടിയുള്ള ജോലികൾ മണ്ടേല തുടങ്ങിയിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും നടന്ന അക്രമങ്ങളിൽ ഡി. ക്ലർക്കിനും വിന്നി മണ്ടേലക്കും ഉണ്ടായിരുന്ന പങ്കിനെക്കുറിച്ച് ഇതിൽ വിവരണമൊന്നും നൽകിയിട്ടില്ല. മണ്ടേല ഇക്കാര്യങ്ങൾ തന്റെ സുഹൃത്തായ ആന്റണി സാംപ്‌സണുമായി ചർച്ചചെയ്യുകയും 'മണ്ടേല: ദ ഓതറൈസ്‌ഡ് ബയോഗ്രാഫി' എന്ന പുസ്തകത്തിൽ സാംപ്‌സൺ ഇക്കാര്യങ്ങൾ പ്രസിധീകരിക്കുകയും ചെയ്തു.
[തിരുത്തുക] ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട്
ദക്ഷിണാഫ്രിക്കയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യതിരഞ്ഞെടുപ്പ് 27 ഏപ്രിൽ 1994നു നടന്നു. എ. എൻ. സി 62% വോട്ടുകൾ നേടുകയും 10 മേയ് 1994-നു മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. നാഷനൽ പാർട്ടിയിലെ ഡി ക്ലാർക്ക് ആദ്യത്തെ ഡെപ്യൂട്ടി പ്രസിഡെന്റായും , താബോ മ്‌ബേകി രണ്ടാമത്തെ ഡെപ്യൂട്ടി പ്രസിഡെന്റായും നാഷണൽ യൂണിറ്റി ഗവൺമന്റ് രൂപികരിക്കപ്പെട്ടു. 1999 ജൂൺ വരെ പ്രസിഡണ്ട് സ്ഥാനത്ത് തുടർന്ന മണ്ടേല, വർണ്ണവിവേചനത്തിൽനിന്നും ന്യൂനപക്ഷഭരണത്തിൽനിന്നും രാജ്യത്തെ ഐക്യത്തിലേക്ക് നയിച്ചത് അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു. 1995-ൽ ദക്ഷിണാഫ്രിക്കയിൽ വച്ചു നടന്ന ലോകകപ്പ് റഗ്ബി മൽസരത്തിൽ, ദക്ഷിണാഫ്രിക്കയിലെ ദേശീയ റഗ്ബി ടീമായ സ്പ്രിങ്ങ്ബോക്സിനെ പ്രോൽസാഹിപ്പിക്കാൻ മണ്ടേല കറുത്തവർഗ്ഗക്കാരെ പ്രേരിപ്പിച്ചു. (2009-ൽ പുറത്തിറങ്ങിയ ഇൻവിക്റ്റസ് എന്ന സിനിമയുടെ പ്രമേയം ഇതായിരുന്നു) വാശിയേറിയ ഫൈനൽ മൽസരത്തിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ടിനെ തോൽപ്പിച്ചു. ആഫ്രിക്കാനർ വംശജനായ ക്യാപ്റ്റൻ ഫ്രാങ്കോയിസ് പിയെന്നർ, സ്പ്രിങ്ങ്ബോക്സിന്റെ ജേഴ്സിയണിഞ്ഞ മണ്ടേലയിൽനിന്നും ട്രോഫി ഏറ്റുവാങ്ങി. ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗ്ഗക്കാരും വെള്ളക്കാരും തമ്മിലുള്ള സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിൽ പങ്കുവഹിച്ച ഒരു പ്രധാന സംഭവമായി ഇത് കണക്കാക്കപ്പെടുന്നു. [31]
[തിരുത്തുക] ലെസോതോയിലെ പട്ടാളനടപടി
1998 സെപ്റ്റംബറിൽ ലെസോത്തോയിലെ പ്രധാനമന്ത്രിയായിരുന്ന പകലിത മോസിസിലിയുടെ ഗവണ്മെന്റിനെ സംരക്ഷിക്കാൻ സൈന്യത്തെ അയച്ചതായിരുന്നു മണ്ടേല സർക്കാർ ചെയ്ത ആദ്യത്തെ സൈനികനീക്കം.
[തിരുത്തുക] എയ്ഡ്‌സിനെതിരേയുള്ള പോരാട്ടത്തിലെ പോരായ്‌മകൾ
എഡ്‌വിൻ കാമറൂൺ തുടങ്ങിയവർ മണ്ടേലയുടെ നേതൃത്വത്തിലുള്ള ഗവൺമന്റ് എയ്ഡ്‌സിനെതിരേ കാര്യക്ഷമമായ നടപടികൾ കൈകൊണ്ടില്ലെന്ന് അഭിപ്രായപ്പ്പ്പെട്ടിരുന്നു. രാഷ്ട്രപതിസ്ഥാനത്തിൽനിന്നും വിരമിച്ചശേഷം ഈ മാരകവിപത്തിനെതിരെ കൂടുതൽ നടപടികൾ എടുക്കാത്തത് തന്റെ തെറ്റാണെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.
[തിരുത്തുക] ലോക്കർബി വിചാരണ
1988 ഡിസംബർ 21-ആം തീയ്യതി സ്കോട്ട്‌ലന്റിലെ ലോക്കർബീ പട്ടണത്തിനു സമീപം തകർക്കപ്പെട്ട പാൻ ആം 103 വിമാനത്തിൽ ബോംബ് വച്ച രണ്ട് ലിബിയാക്കാരുടെ വിചാരണയെക്കുറിച്ച്, കേണൽ ഗദ്ദാഫിയുടെ നേതൃത്വത്തിലുള്ള ലിബിയയും അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ മണ്ടേല ഇടപെട്ടിരുന്നു. 1992-ൽ മണ്ടേല അന്നത്തെ അമേരിക്ക പ്രസിഡണ്ടായിരുന്ന ജോർജ് ബുഷിനെ സമീപിച്ച് ഒരു നിഷ്പക്ഷരാജ്യത്തിൽ ഈ വിചാരണ നടത്താനുള്ള സാധ്യതകളെക്കുറിച്ച് ചർച്ചചെയ്തിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് മിത്തറാംഗ്, സ്പെയിനിലെ രാജാവ് ജുവാൻ കാർലോസ്, ജോർജ് ബുഷ് എന്നിവർ ഈ പദ്ധതിയെ അനുകൂലിച്ചെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ജോൺ മേജർ ഇതിനെ എതിർത്തു. ജൂലൈ 1997-ൽ ലണ്ടൻ സന്ദർശിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറുമായി ഒക്ടോബർ 1997-ൽ എഡിൻബർഗിൽ നടന്ന കോമൺവെൽത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തിലും(ചോഗം) മണ്ടേല ഇക്കാര്യം ചർച്ചചെയ്തു. 1999 ഏപ്രിലിൽ ഗദ്ദാഫിയുമായി മണ്ടേല ചർച്ചകൾ തുടരുകയും നെതർലാൻഡ്‌സിലെ കാമ്പ് സീസ്റ്റിൽ, സ്കോട്ട്‌ലാൻഡ് നിയമങ്ങൾക്കു വിധേയമായ വിചാരണക്കായി കുറ്റമാരോപിക്കപ്പെട്ട മെഗ്രാഹി, ഫീമാ എന്നിവരെ വിട്ടുകൊടുക്കാൻ ധാരണയുണ്ടാക്കുകയും ചെയ്തു. 2001 ജനവരി 31ആം തീയ്യതി ഒൻപത് മാസത്തെ വിചാരണയുടെ അവസാനം, ഫീമായെ വെറുതെ വിടാനും മെഗ്രാഹിയെ 27 വർഷക്കാലത്തേക്ക്, സ്കോട്ട്‌ലാന്റിലെ ജയിലിൽ തടവിലിടാനും വിധിയുണ്ടായി.
[തിരുത്തുക] വിവാഹവും കുടുംബജീവിതവും
മൂന്നു തവണ വിവാഹിതനായ മണ്ടേലക്ക് ആറു കുട്ടികളും 20 ചെറുമക്കളുമുണ്ട്.
[തിരുത്തുക] ആദ്യവിവാഹം
ജോഹന്നാസ്‌ബർഗിൽവച്ച് പരിചയപ്പെട്ട ഈവ്‌ലിൽ ന്‌ടോക്കോ ആയിരുന്നു ആദ്യഭാര്യ. ഇവർക്ക് മഡിബ തെംബേകൈൽ(ജനനം 1946), മാക്ഗാതോ(ജനനം 1950) എന്നീ രണ്ട് പുത്രന്മാരും മകാസിവേ (ജനനം 1947, മരണം 1947), മകാസിവേ (1953) എന്നീ പുത്രിമാരും ജനിച്ചു, ആദ്യത്തെ പുത്രി മകാസിവേ ഒൻപതാം മാസത്തിൽ മരണമടഞ്ഞതിനാൽ രണ്ടാമത്തെ പുത്രിക്കും അതേ പേരാണ് നൽകിയത്. മണ്ടേലക്ക് രാഷ്ട്രീയകാരണങ്ങളാൽ കുടുംബകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ കഴിയാതിരുന്നതിനാലും യഹോവസാക്ഷിയായ ഇവ്‌ലിന്റെ മതവിശ്വാസപ്രകാരം രാഷ്ട്രീയനിഷ്പക്ഷത ആഗ്രഹിച്ചതിനാലും പതിമൂന്നു വർഷത്തെ വിവാഹജീവിതം 1957-ൽ വിവാഹമോചനത്തിൽ കലാശിച്ചു. ഈവ്ലിൻ 2004-ൽ നിര്യാതയായി.
[തിരുത്തുക] രണ്ടാം വിവാഹം
രണ്ടാം ഭാര്യയായ വിന്നി മഡികിസേല മണ്ടേലയും ജോഹന്നാസ്‌ബർഗിൽവച്ചാണ് മണ്ടേലയെ പരിചയപ്പെട്ടത്, ഇവർക്ക് സേനി (ജനനം 1958 ഫെബ്രുവരി 4), സിൻഡ്സിസ്വ( ജനനം 1960) എന്നീ രണ്ട് പുത്രിമാർ ജനിച്ചു. മണ്ടേല ജയിലിൽ കിടക്കുന്ന കാലത്ത് വിന്നിയുടെ പിതാവ് റ്റ്രാൻസ്കേയിലെ കൃഷിവകുപ്പുമന്ത്രിയായി സ്ഥാനമേറ്റെടുക്കുകയും രാഷ്ട്രീയാദർശങ്ങൾ തമ്മിലുള്ള വ്യത്യാസം കുടുംബജീവിതത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ 1992-ൽ ഇവർ വേർപിരിയുകയും 1996 മാർച്ച് ഒന്നിനു വിവാഹമോചിതരാവുകയും ചെയ്തു.
[തിരുത്തുക] മൂന്നാം വിവാഹം
1998-ൽ തന്റെ എൺപതാം ജന്മദിനത്തിൽ ഗ്രാക മാചേൽ നീ സിംബൈനെ വിവാഹം കഴിച്ചു.മൊസാംബിക്കിലെ പ്രസിഡന്റും 1986-ൽ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടതുമായ സമോറ മാകേലിന്റെ വിധവയായിരുന്നു അവർ.
[തിരുത്തുക] അവലംബം
- ↑ "Nelson Mandela - Biography". Nobelprize.org. The Nobel Foundation. 1993. http://nobelprize.org/nobel_prizes/peace/laureates/1993/mandela-bio.html, ശേഖരിച്ചത്: 30 April 2009.
- ↑ http://news.bbc.co.uk/2/hi/americas/7484517.stm
- ↑ Madiba’s Many Names Nelson Mandela Foundation
- ↑ "UN gives backing to 'Mandela Day'". BBC News. 11 November 2009. http://news.bbc.co.uk/1/hi/world/africa/8353853.stm, ശേഖരിച്ചത്: 11 May 2010.
- ↑ 5.0 5.1 "South Africa: Celebrating Mandela At 90". AllAfrica.com. 17 July 2008. http://allafrica.com/stories/200807180124.html, ശേഖരിച്ചത്: 28 October 2008.
- ↑ "So, where do we come from?". beta.mnet.co.za. 19 September 2004. http://beta.mnet.co.za/carteblanche/Article.aspx?Id=2619, ശേഖരിച്ചത്: 11 October 2010.
- ↑ Guiloineau, Jean; Rowe, Joseph (2002). Nelson Mandela: the early life of Rolihlahla Mandiba. North Atlantic Books. താൾ. 13. ISBN 1556434170. http://books.google.com/?id=4iKSlwuya1YC&pg=PA13.
- ↑ http://nobelprize.org/nobel_prizes/peace/laureates/1993/mandela-faq.html
- ↑ Mandela 1996, p. 9. "No one in my family had ever attended school [...] On the first day of school my teacher, Miss Mdingane, gave each of us an English name. This was the custom among Africans in those days and was undoubtedly due to the British bias of our education. That day, Miss Mdingane told me that my new name was Nelson. Why this particular name I have no idea."
- ↑ "Mandela celebrates 90th birthday". BBC. 17 July 2008. http://news.bbc.co.uk/2/hi/in_depth/7500615.stm, ശേഖരിച്ചത്: 28 October 2008.
- ↑ "Healdtown Comprehensive School". Historic Schools Project: South Africa. http://www.historicschools.org.za/view.asp?ItemID=1&tname=tblComponent2&oname=Schools&pg=front&subm=Pilot%20Schools, ശേഖരിച്ചത്: 28 October 2008.
- ↑ Mandela 1996, pp. 10, 20.
- ↑ "Nelson Mandela Biography - Early Years". Nelson Mandela Foundation. http://www.nelsonmandela.org/index.php/memory/views/biography/, ശേഖരിച്ചത്: 28 October 2008.
- ↑ "The 1948 election and the National Party Victory". South African History Online. http://www.sahistory.org.za/pages/governence-projects/SA-1948-1976/1948-election.htm, ശേഖരിച്ചത്: 28 October 2008.
- ↑ Callinicos, Luli (2004). Oliver Tambo: Beyond the Engeli Mountains. New Africa Books. താൾ. 173. ISBN 0864866666.
- ↑ Mandela, Nelson (31 December 1999). "The Sacred Warrior". Time 100: The Most Important People of the Century. http://www.time.com/time/magazine/article/0,9171,993025,00.html, ശേഖരിച്ചത്: 30 December 2010.
- ↑ Bhana, Surendra; Vahed, Goolam (2005). The Making of a Political Reformer: Gandhi in South Africa, 1893–1914. താൾ. 149.
- ↑ Bhalla, Nita (29 January 2007). "Mandela calls for Gandhi's non-violence approach". Reuters (via Mail and Guardian). http://www.mg.co.za/article/2007-01-29-mandela-calls-for-gandhis-nonviolence-approach, ശേഖരിച്ചത്: 30 December 2010.
- ↑ "Nelson Mandela's Testimony at the Treason Trial 1956-60". African National Congress. Archived from the original on 2 August 2008. http://web.archive.org/web/20080802140822/http://www.anc.org.za/ancdocs/history/mandela/1960s/treason.html, ശേഖരിച്ചത്: 28 October 2008.
- ↑ 20.0 20.1 20.2 "ANC - Statement to the Truth and Reconciliation Commission". African National Congress. August 1996. Archived from the original on 22 May 2008. http://web.archive.org/web/20080522154321/http://www.anc.org.za/ancdocs/misc/trcall.html, ശേഖരിച്ചത്: 28 October 2008.
- ↑ Mandela, Nelson (1994). Long Walk to Freedom. Little, Brown and Company.
- ↑ Mandela, Nelson (20 April 1964). ""I am Prepared to Die" — Nelson Mandela's statement from the dock at the opening of the defence case in the Rivonia Trial". African National Congress. Archived from the original on 22 May 2008. http://web.archive.org/web/20080522154428/http://www.anc.org.za/ancdocs/history/mandela/1960s/rivonia.html, ശേഖരിച്ചത്: 26 May 2008.
- ↑ "Mandela admits ANC violated rights, too". Financial Times. 2 November 1998.
- ↑ "5 August - This day in history". The History Channel. http://www.thehistorychannel.co.uk/site/this_day_in_history/this_day_August_5.php, ശേഖരിച്ചത്: 28 October 2008.
- ↑ Blum, William. "How the CIA sent Nelson Mandela to prison for 28 years". Third World Traveller. http://www.thirdworldtraveler.com/Blum/CIAMandela_WBlum.html, ശേഖരിച്ചത്: 26 May 2008.
- ↑ Stein, Jeff (14 November 1996). "Our Man in South Africa". Salon.com. http://www.salon.com/news/news961114.html, ശേഖരിച്ചത്: 26 May 2008.
- ↑ Weiner, Tim (2007). Legacy of Ashes. Penguin Group. താൾ. 362. ISBN 978-1-846-14046-4.
- ↑ Katwala, Sunder (11 February 2001). "The Rivonia Trial". The Guardian (London). http://www.guardian.co.uk/world/2001/feb/11/nelsonmandela.southafrica2, ശേഖരിച്ചത്: 28 October 2008.
- ↑ http://www.anc.org.za/ancdocs/history/mandela/1960s/rivonia.html
- ↑ http://www.anc.org.za/people/mandela.html
- ↑ Carlin, John (19 October 2007). "How Nelson Mandela won the rugby World Cup". The Daily Telegraph (London). http://www.telegraph.co.uk/portal/main.jhtml?view=DETAILS&grid=&xml=/portal/2007/10/19/ftmandela119.xml, ശേഖരിച്ചത്: 11 മേയ് 2010.
- Aikman, David (2003). Great Souls: Six Who Changed a Century. Lexington Books. ISBN 0739104381.
- Mandela, Nelson (1996). The Illustrated Long Walk to Freedom. Paul Duncan (abridgement and picture editing). Boston: Little, Brown and Company. ISBN 0316880205.
[തിരുത്തുക] കൂടുതൽ വായനക്ക്
- A Prisoner in the Garden: Opening Nelson Mandela's Prison Archive. Penguin Books. 2005. ISBN 0-143-02495-7.
- Desmond Tutu ; edited by John Allen. (1996). The Rainbow People of God: The Making of a Peaceful Revolution. Doubleday. ISBN 978-0385-48374-2.
- Benson, Mary. Nelson Mandela: The Man and the Movement.
- Bezdrob, Anne Marie du Preez (2006). The Nelson Mandela Story. Samoja Books. ISBN 0-620-36570-6.
- Denenberg, Barry. Nelson Mandela: No Easy Walk To Freedom.
- Hoobler, Dorothy; Hoobler, Thomas (1992). Mandela: The Man, The Struggle, The Triumph. New York: Franklin Watts. ISBN 978-0531152454.
- Juckes, Tim (1995). Opposition in South Africa: The Leadership of Matthews, Nelson Mandela, and Stephen Biko. Westport: Praeger Publishers.
- Mandela, Nelson (1995). Long Walk to Freedom. Little, Brown and Company. ISBN 0-316-54818-9.
- Meredith, Martin. Nelson Mandela: A Biography.
- Sampson, Anthony (1999). Mandela: The Authorised Biography. New York: Vintage Books. ISBN 0-679-78178-1.
- Smith, Charlene. Mandela: In Celebration of a Great Life.
- Stengel, Richard (2009). Mandela's Way: Fifteen Lessons on Life, Love, and Courage. Crown. ISBN 978-0307460684.
- Villa-Vicencio, Charles (1996). The Spirit of Freedom. Berkeley: University of California Press.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Nelson Mandela – Biography at Nobelprize.org
- Nelson Mandela Foundation
- Nelson Mandela Children's Fund
- Nelson Mandela Children's Fund (Canada)
- Time 100 profile
- Mandela: An Audio History
- Mandela: Son of Africa, Father of a Nation Documentary & Soundtrack
- The Elders
- The Art of Nelson Mandela
- CBC Digital Archives – Nelson Mandela: Prisoner, president, peacemaker
- Nelson Mandela: A Hero's Way - slideshow by Life magazine
- Martin Meredith: Nelson Mandela: A Biography - Interview May 2010
- Nelson Mandela Day
- Nelson Mandela Day - official site
|
|||||||
| പദവികൾ | ||
|---|---|---|
| മുൻഗാമി Frederik Willem de Klerk as State President of South Africa |
President of South Africa 1994–1999 |
പിൻഗാമി Thabo Mbeki |
| Diplomatic posts | ||
| മുൻഗാമി Andrés Pastrana Arango |
Secretary General of Non-Aligned Movement 1998–1999 |
പിൻഗാമി Thabo Mbeki |