നോബൽ സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
float

ലോകത്തെ ഏറ്റവും അഭിമാനാർഹമായ പുരസ്‌കാരമാണ്‌ 10 മില്ല്യൺ സ്വീഡൻ ക്രോണ അഥവാ 6 കോടി 26 ലക്ഷം ഇന്ത്യൻ രൂപ (2006-ലെ നോബൽ തുകയുടെ കണക്ക്‌. ഇത്‌ ഓരോ വർഷവും മാറിവരുന്നു) തുക വരുന്ന നോബൽ സമ്മാനം. ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന പുരസ്‌കാരമാണ്‌ നോബൽ സമ്മാനം.

ഉള്ളടക്കം

[തിരുത്തുക] ആൽഫ്രഡ്‌ ബെർൺഹാർഡ്‌ നോബൽ

പ്രധാന ലേഖനം: ആൽഫ്രഡ് നോബൽ
ആൽഫ്രഡ്‌ ബെർൺഹാർഡ്‌ നോബൽ

1866-ൽ നൈട്രോഗ്ലിസറിൻ കണ്ടുപിടിക്കുകയും ഡൈനാമിറ്റ്‌ നിർമ്മിക്കാൻ നൈട്രോഗ്ലിസറിന്റെ ഉപയോഗം ലോകത്തിന്‌ സമർപ്പിക്കുകയും ചെയ്‌ത സ്വീഡിഷ്‌ ശാസ്‌ത്രജ്ഞനാണ്‌ ആൽഫ്രഡ് നോബൽ. 1895 നവംബർ 27-ന്‌ അദ്ദേഹം അദ്ദേഹത്തിന്റെ വിൽപത്രം എഴുതിവെച്ചു. അതിൽ അദ്ദേഹത്തിന്റെ സ്വത്തിന്റെ ഭാഗങ്ങൾ അദ്ദേഹത്തിന്‌ വേണ്ടപ്പെട്ടവർക്ക്‌ എഴുതിവെച്ചതിനു ശേഷം, സ്വത്തിന്റെ ഒരു ഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ എന്നീ വിഭാഗങ്ങളിൽ ലോകത്ത്‌ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള പുരസ്‌കാരത്തിനു വേണ്ടി മാറ്റി വെക്കുന്നതിനെ കുറിച്ച്‌ ഒരു വലിയ ഖണ്ഡിക എഴുതിച്ചേർക്കുകയും ചെയ്‌തു. ഖണ്ഡികയുടെ അവസാനഭാഗത്തിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു

'എന്റെ ആഗ്രഹം ഞാൻ പ്രകടിപ്പിക്കുന്നതെന്തെന്നാൽ, പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതിൽ സമ്മാനാർത്ഥി ഏത്‌ രാജ്യക്കാരനാണ്‌ എന്ന കാര്യത്തിൽ യാതൊരു വിധ പരിഗണനയും നൽകരുത്‌; പക്ഷെ ഏറ്റവും അർഹതപ്പെട്ടവർക്ക്‌ തന്നെ പുരസ്‌കാരം ലഭിക്കണം. അത്‌ സ്‌കാൻഡിനേവിയനായാലും ശരി, അല്ലെങ്കിലും ശരി..'

സമ്മാനത്തുക സ്വീഡിഷ്‌ ജനതക്ക്‌ മാത്രം പരിമിതപ്പെടുത്താത്ത ഈ വരികൾ വലിയ വിമർശനങ്ങൾക്ക്‌ ഇട വരുത്തി. അദ്ദേഹത്തെ രാജ്യസ്‌നേഹമില്ലാത്തവൻ എന്ന് വരെ വിമർശിക്കാനാളുകളുണ്ടായി. 1896-ൽ അദ്ദേഹത്തിന്റെ മരണശേഷമാണ്‌ ഈ സമ്മാനത്തുകയെക്കുറിച്ച്‌ പുറംലോകം അറിയുന്നത്‌. പക്ഷെ, വൻസമ്പത്തിനുടമയായിരുന്ന അവിവാഹിതനായ നോബലിന്റെ സ്വത്തുവകകളുടെ വലിയൊരു ഭാഗം ഇത്തരമൊരു സമ്മാനത്തുകയ്‌ക്ക്‌ വേണ്ടി ഉപയോഗിക്കുന്നതിനെ അദ്ദേഹത്തിനെ കുടുംബക്കാർ ശക്തമായി എതിർത്തു. ഈ എതിർപ്പും പ്രശ്‌നങ്ങളും നോബൽ സമ്മാനം ആരംഭിക്കുന്നത്‌ 1901 വരെ വൈകിക്കാൻ കാരണമായി.

[തിരുത്തുക] നോബൽ ഫൌണ്ടേഷൻ

നോബൽ, അദ്ദേഹത്തിന്റെ വിൽപത്രത്തിൽ എഴുതിയ ആഗ്രഹങ്ങളുടെ ഭരണകർത്താക്കളായി, നോബലിന്റെ ലബോറട്ടറിയിൽ ജോലി ചെയ്‌തിരുന്ന റഗ്‌നാർ സോൾമനേയും, റുഡോൾഫ്‌ ലില്ജെഖ്വിസ്‌റ്റിനെയും നിയമിച്ചതായി വിൽപത്രത്തിൽ എഴുതിയിരുന്നു. അവർ ആദ്യമായി ചെയ്‌തത്‌, നോബലിന്റെ സ്വീഡനു പുറത്തുള്ള മുഴുവൻ സ്വത്തുക്കളും സ്വീഡനിലേക്ക്‌ മാറ്റുക എന്നതായിരുന്നു. നോബലിന്റെ മരണശേഷം അവ നഷ്‌ടപ്പെടരുത്‌ എന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നിൽ. പിന്നീട്‌, നോബലിന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ റഗ്‌നർ സോൾമൻ വളരെ പ്രധാനപ്പെട്ട ഒരു പങ്ക്‌ നിർവഹിച്ചു. നോബൽ സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്നതിനു അദ്ദേഹം നോബൽ ഫൌണ്ടേഷൻ എന്ന പേരിൽ 1900 ജൂൺ 29 ന് ഒരു ട്രസ്‌റ്റ്‌ രൂപവത്കരിച്ചു. നോബൽ അദ്ദേഹത്തിന്റെ വിൽപത്രത്തിൽ സൂചിപ്പിച്ച പ്രകാരമുള്ള അഞ്ച്‌ അവാർഡിംഗ്‌ സ്‌ഥാപനങ്ങളെയും, ഈ ഫൌണ്ടേഷനുമായി സഹകരിപ്പിക്കുന്നതിൽ റഗ്‌നാർ വിജയിച്ചു.

[തിരുത്തുക] അവാർഡിംഗ്‌ കമ്മിറ്റികൾ

നോബൽ ഡിപ്ലോമ

നോബൽ തന്റെ വിൽപത്രത്തിൽ അഞ്ച്‌ വിഭാഗങ്ങളിലായി സമ്മാനങ്ങൾ പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ, ആ സമ്മാനങ്ങൾ തീരുമാനിക്കുന്നതിനുള്ള അധികാരം സ്വീഡനിലെ ചില സ്ഥാപനങ്ങളെ ഏല്പ്പിക്കണമെന്ന് കൂടി ആഗ്രഹം എഴുതിവെച്ചിരുന്നു. അതിപ്രകാരമാണ്‌.

    • ഭൗതികശാസ്‌ത്രം, രസതന്ത്രം - റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസ്‌
    • ശരീരശാസ്‌ത്രം / വൈദ്യശാസ്‌ത്രം - സ്റ്റോച്ചോമിലെ കരോലിൻസ്ക ഇൻസ്‌റ്റിറ്റ്യൂട്ടിലെ നോബൽ അസംബ്ലി [1]
    • സാഹിത്യം - സ്വീഡിഷ്‌ അക്കാദമി
    • സമാധാനശ്രമങ്ങൾക്കുള്ളത്‌ - നോർവീജിയൻ പാർലമെന്റിൽ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ചംഗകമ്മിറ്റി.


മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾ തന്നെയാണ്‌ ഇന്നും അതാത്‌ കാറ്റഗറിയിലുള്ള സമ്മാനങ്ങൾക്കർഹരായവരെ തെരഞ്ഞെടുക്കുന്നതും പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതും. നോബൽ തന്റെ വിൽപത്രത്തിൽ സമ്മാനത്തിനായി മാറ്റി വെച്ചിട്ടുള്ള സ്വത്തുവകകളുടെ വാർഷികവരുമാനത്തുകയാണ്‌ നോബൽ സമ്മാനത്തുകയായി വീതിക്കുന്നത്‌. അത്‌ കൊണ്ട്‌ തന്നെ, ഓരോ വർഷവും നോബൽ സമ്മാനത്തുകയിൽ മാറ്റങ്ങൾ വരുന്നു.

സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം, നോബലിന്റെ വിൽപത്രത്തിൽ പറഞ്ഞിട്ടില്ലായിരുന്നു. 1968-ൽ സ്വീഡിഷ്‌ ബാങ്കായ സ്വെറിഗ്‌സ്‌ റിൿസ്ബാങ്ക്‌, അവരുടെ 300-ആം വാർഷികത്തിൽ നോബലിനോടുള്ള ആദരസൂചകമായി നോബലിന്റെ പേരിൽ സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം കൂടി ചേർക്കുന്നു. സാമ്പത്തികശാസ്‌ത്രത്തിലെ നോബൽ സമ്മാനജേതാവിനെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം കൂടി റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസിൽ നിക്ഷിപ്‌തമാണ്‌.

നോബൽ സമ്മാനത്തിനു വേണ്ടി സ്വയം നോമിനേഷനുകൾ നൽകുന്നത്‌ അനുവദനീയമല്ല.

[തിരുത്തുക] സമ്മാനദാനച്ചടങ്ങ്‌

ആൽഫ്രഡ്‌ നോബലിന്റെ ചരമദിനമായ ഡിസംബർ 10-നാണ്‌ എല്ലാ വർഷവും നോബൽ സമ്മാനദാനച്ചടങ്ങ്‌ നടക്കുന്നത്‌. സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ൿഹോമിലെ പ്രധാനവേദിയിൽ വെച്ച്‌ സമ്മാനജേതാക്കൾ, സമ്മാന മെഡലും, നോബൽ സമ്മാന ഡിപ്ലോമയും, നോബൽ സമ്മാനത്തുകയുടെ പത്രവും ഏറ്റുവാങ്ങുന്നു. സ്വീഡന്റെ കാർൾ ഗസ്‌റ്റാവ്‌ രാജാവ്‌ സമ്മാനത്തുക പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനം മാത്രം, നോർവയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ വെച്ച്‌ നോർവീജിയൻ നോബൽ സമ്മാന കമ്മിറ്റി പ്രസിഡന്റിൽ നിന്നും നോർവേയുടെ ഹറാൾഡ്‌ രാജാവിന്റെ സാന്നിദ്ധ്യത്തിൽ സമ്മാനജേതാക്കൾ ഏറ്റു വാങ്ങുന്നു. ചടങ്ങിലെ പ്രധാനപ്പെട്ട ഒരു കാര്യപരിപാടിയാണ്‌ സമ്മാനജേതാക്കളുടെ, വിഷയത്തിൻ മേലുള്ള പ്രബന്ധാവതരണം. ഓസ്‌ലോയിലെ ചടങ്ങിൽ, അവാർഡ്‌ദാന ദിവസമാണ്‌ പ്രബന്ധാവതരണം നടക്കുന്നതെങ്കിൽ, സ്‌റ്റോക്‌ൿഹോമിലെ ചടങ്ങിൽ, സമ്മാനദാനച്ചടങ്ങിനു ദിവസങ്ങൾക്ക്‌ മുന്നേ തന്നെ ഇത്‌ നടക്കുന്നു.

[തിരുത്തുക] നോബൽ സമ്മാനം - ജേതാക്കൾ

[തിരുത്തുക] നോബൽ സമ്മാനം നേടിയ ഭാരതീയർ

[തിരുത്തുക] നോബൽ സമ്മാനം - നാഴികക്കല്ലുകൾ

[തിരുത്തുക] ക്യൂറി കുടുംബം

അഞ്ച് നോബൽ സമ്മാനങ്ങൾ നേടിയ കുടുംബമാണ് പ്രശസ്ത ഭൗതികശാസ്ത്രജ്ഞരായിരുന്ന പിയറി ക്യൂറിയുടേയും, മേരി ക്യൂറിയുടേയും കുടുംബം.

ഇതിൽ മേരി ക്യൂറിക്ക് രണ്ടും, പിയറി ക്യൂറിക്ക് ഭൗതികശാസ്ത്രത്തിൽ ഒന്നും വീതം നോബൽ സമ്മാനങ്ങൾ ലഭിച്ചു. അവരുടെ പുത്രിയായ ഐറിനും മരുമകനായ ഫ്രെഡെറിക് ജോലിയറ്റ് ക്യൂറിക്കും രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഒന്നു വീതം ലഭിച്ചു.

ഇതു കൂടാതെ 1965-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം യുനിസെഫിനു ലഭിച്ചപ്പോൾ ക്യൂറി ദമ്പതികളുടെ രണ്ടാമത്തെ പുത്രി ഈവിന്റെ ഭർത്താവായ ഹെന്രി ലാബോയ്സ് ആയിരുന്നു യൂനിസെഫിന്റെ ഡയറക്റ്റർ.

[തിരുത്തുക] പുറമേക്കുള്ള കണ്ണികൾ

[തിരുത്തുക] ഇതും കാണുക


[തിരുത്തുക] അവലംബം

  1. http://www.nobelprize.org/nobel_organizations/

"http://ml.wikipedia.org/w/index.php?title=നോബൽ_സമ്മാനം&oldid=1314081" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ