മലാല യൂസഫ്‌സായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലാല യൂസഫ്സായ്
ملاله یوسفزۍ
Malala Yousafzai Oval Office 11 Oct 2013 crop.jpg
മലാല യൂസഫ്‌സായ്
ജനനം 1997 ജൂലൈ 12 (2012-ൽ 15 വയസ്സ്)
മിങ്കോര, ഖൈബർ പക്തൂൺക്വ, പാക്കിസ്ഥാൻ
ദേശീയത പാക്കിസ്താൻ
മറ്റ് പേരുകൾ ഗുൽ മക്കായ്
തൊഴിൽ വിദ്യാർത്ഥിനി, ബ്ലോഗർ
പ്രശസ്തി സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനം, വിദ്യാഭ്യാസമേഖല
രാഷ്ട്രീയപ്പാർട്ടി ഇല്ല
മതം സുന്നി ഇസ്ലാം
മാതാപിതാക്കൾ സിയാവുദ്ദീൻ യൂസഫ്സായ്
പുരസ്കാരങ്ങൾ കുട്ടികൾക്കുള്ള അന്താരാഷ്ട്രാ ശാന്തിസമാനം (രണ്ടാം സ്ഥാനം, 2011-ൽ)
പാക്കിസ്താനിലെ ദേശീയ ശാന്തിസമ്മാനം (2011)

പാക്കിസ്താനിൽ സ്വാത്ത് ജില്ലയിൽപെട്ട മിങ്കോരയിലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയാണ് മലാല യൂസഫ്സായ്. പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിക്ഷേധത്തിന്റേയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിലാണ് മലാല അറിയപ്പെടുന്നത്[1]. സ്വാത്ത് താഴ്വരയിൽ താലിബാൻ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009-ൽ പതിനൊന്നു വയസ്സുള്ളപ്പോൾ ബി.ബി.സിക്കു വേണ്ടി എഴുതാൻ തുടങ്ങിയ ബ്ലോഗാണ് അവളെ ആദ്യം ശ്രദ്ധയിൽ കൊണ്ടുവന്നത്.[2] [3] പിന്നീട് പല പുരസ്കാരങ്ങൾക്കും നാമനിർദ്ദേശം ചെയ്യപ്പെട്ട മലാല പാക്കിസ്ഥാന്റെ ആദ്യത്തെ ദേശീയസമാധാന പുരസ്കാരം നേടി. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു.[4] 2015-ഓടെ ലോകത്തെ എല്ലാ പെൺകുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം ഇതാണ്: 'ഞാനും മലാല'.[5]

2012 ഒക്ടോബർ 9-നു നടന്ന ഒരു വധശ്രമത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു.[6] [7] [8] സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലാലയുടെ സ്ഥിതി ക്രമേണ ഭേദപ്പെട്ടു.[9] വധശ്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാൻ വക്താവ്, മലാലയെ "അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരദ്ധ്യായം" (a new chapter in obscenity) എന്നു വിശേഷിപ്പിച്ചു.[10] പാകിസ്താനിലെ 50 ഇസ്ലാമിക പുരോഹിതന്മാർ മാലാലയെ വധിക്കാൻ ശ്രമിച്ചവർക്കെതിരെ ഒരു ഫത്വാ ഇറക്കി [11].

ജീവിതരേഖ[തിരുത്തുക]

പാക്കിസ്താൻ താലിബാന്റെ ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയാണ് മലാലയുടെ ജന്മദേശം. വിദ്യാഭ്യാസ, യുവജന, വനിതാവകാശപ്രവർത്തകനും സ്കൂൾ ഉടമയും കവിയുമായ സിയവുദ്ദീൻ യൂസഫാണ് പിതാവ്. പഷ്‌തൂൺ കവിയും പോരാളിയുമായ മലാലായി ഓഫ് മായിവന്ദിനോടുള്ള ഇഷ്ടമാണ് മലാലയ്ക്ക് പിതാവ് ആ പേരിടാൻ കാരണം. ഖുഷാൽ പബ്ലിക് സ്കൂൾ എന്ന പേരിൽ ഒരുനിര സ്കൂളുകൾ നടത്തുന്നുണ്ട് അദ്ദേഹം[12]. വിദ്യാഭ്യാസ അവകാശപ്രവർത്തകയായി അവളെ മാറ്റിയതും അദ്ദേഹമായിരുന്നു. 2008 സെപ്തംബറിലാണ് വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് മലാല പൊതുവേദിയിൽ സംസാരിച്ചുതുടങ്ങിയത്. പെൺകുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്ന താലിബാനെതിരെ സംസാരിക്കാൻ പെഷവാറിലെ പ്രസ്സ് ക്ലബ്ബിൽ അവളെ കൊണ്ടുപോയത് പിതാവാണ്[12].

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. താലിബാൻ തീവ്രവാദികളും പട്ടാളഹെലികോപ്റ്ററുകളുമായിരുന്നു സ്വപ്നത്തിൽ സ്വാത്തിൽ പട്ടാളനടപടി ആരംഭിച്ചതുമുതൽ ഇത്തരം സ്വപ്നങ്ങൾ പതിവാണ്. സ്കൂളിൽ പോകാൻ എനിക്കു പേടിയുണ്ട്. പെൺകുട്ടികൾ സ്കൂളിൽ പോകരുതെന്ന് താലിബാൻ വിലക്കിയിട്ടുണ്ട്... ക്ലാസ്സിലെ 27 കുട്ടികളിൽ 11 പേരേ എത്തിയിട്ടുള്ളൂ.. താലിബാൻ പേടി തന്നെ കാരണം.
സ്കൂളിൽ നിന്നും വരുംവഴി ഒരു മനുഷ്യൻ 'നിന്നെ ഞാൻ കൊല്ലും' എന്ന് ആക്രോശിക്കുന്നത് കേട്ട് ഞാൻ പേടിച്ചുപോയി. ഞാൻ നടത്തത്തിന് വേഗം കൂട്ടി. തിരിഞ്ഞുനോക്കിയപ്പോൾ അയാൾ മൊബൈലിൽ സംസാരിക്കുകയായിരുന്നു. ആരെയോ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് തീർച്ച....
മലാല യൂസുഫ്‌സായി, 3 ജനുവരി 2009 ബി.ബി.സി.ബ്ലോഗിൽ നിന്നും..

2007 ഒടുവിലാണ് സ്വാത് ജില്ലയുടെ നിയന്ത്രണത്തിനു വേണ്ടി പാക്കിസ്താനും താലിബാനും യുദ്ധം തുടങ്ങിയത്. ഒന്നാം സ്വാത് യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വാത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ താലിബാൻ സ്വാത് വാലിയിൽ ടെലിവിഷനും സംഗീതവും പെൺകുട്ടികളുടെ വിദ്യാഭ്യാസവും നിരോധിച്ചു. സ്ത്രീകൾ സാധനങ്ങൾ വാങ്ങാൻ പോകുന്നത് വിലക്കി.

ബി.ബി.സി ബ്ലോഗർ[തിരുത്തുക]

സ്വാത്തിലെ സ്ഥിതി ഇതായിരിക്കുമ്പോൾ 2009-ന്റെ തുടക്കത്തിൽ ബി.ബി.സി. യുടെ ഉറുദു വിഭാഗം മലാലയുടെ പിതാവ് സിയാവുദ്ദീനെ സമീപിച്ചു. അദ്ദേഹത്തിന്റെ സ്കൂളിലെ ഏതെങ്കിലും കുട്ടിയെക്കൊണ്ട് താലിബാൻ നിയന്ത്രണത്തിലെ സ്വാത്തിനെപ്പറ്റി എഴുതിക്കാമോ എന്ന് ചോദിച്ചു. അയിഷ എന്ന കുട്ടി ഡയറി എഴുതാൻ സമ്മതിച്ചു. എന്നാൽ താലിബാൻ തിരിച്ചടി ഭയന്ന അയിഷയുടെ മാതാപിതാക്കൾ അത് നിർത്തിച്ചു. പിന്നെ സിയാവുദ്ദീന് മുന്നിൽ സ്വന്തം മകളാണ് ഉണ്ടായിരുന്നത്. അങ്ങനെ മലാല ഡയറി എഴുതിത്തുടങ്ങി.

2009 ജനുവരി 3-ന് ബി.ബി.സി.ഉറുദു ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട മലാലയുടെ ആദ്യ ബ്ലോഗ് അവളെ പ്രശസ്തയാക്കി. നോട്ട് കൈകൊണ്ടെഴുതി ഒരു റിപ്പോർട്ടർക്ക് കൈമാറുകയാണ് മലാല ചെയ്തിരുന്നത്. അദ്ദേഹം അത് സ്കാൻ ചെയ്ത് മെയിൽ ചെയ്യുകയായിരുന്നു.[13]

'ഞാൻ മലാല'[തിരുത്തുക]

മലാലയും ബ്രിട്ടീഷ് പത്രപ്രവർത്തക ക്രിസ്റ്റീന ലാംബും ചേർന്നെഴുതിയ മലാലയുടെ ജീവചരിത്ര കൃതിയാണ് 'ഞാൻ മലാല'. ഈ പുസ്തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയോ സ്‌കൂൾപുസ്തകശാലയിലേക്ക് വാങ്ങുകയോ ഇല്ലെന്ന് ഓൾ പാകിസ്താൻ പ്രൈവറ്റ് സ്‌കൂൾസ് ഫെഡറേഷൻ തീരുമാനിച്ചിരുന്നു. പുസ്തകം വിൽക്കുന്ന കടകൾ ആക്രമിക്കുമെന്ന് താലിബാൻ ഭീഷണിപ്പെടുത്തിയിരുന്നു. [14]

വധശ്രമം[തിരുത്തുക]

"നിങ്ങളിലാരാണ് മലാല? പറയൂ.. ഇല്ലെങ്കിൽ നിങ്ങളെല്ലാവരേയും ഞാൻ വെടിവെച്ചുകൊല്ലും.." തലക്കെട്ടുള്ള ഒരു താടിക്കാരൻ ആക്രോശിച്ചു. മലാലയെ വധിക്കാനുള്ള പദ്ധതിയുമായെത്തിയ താലിബാൻകാരന്റെ വാക്കുകൾ മലാല ഓർത്തുവെയ്ക്കുന്നത് അങ്ങനെയാണ്.[15] സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബസിനുള്ളിലെ മുഴുവൻ കുട്ടികളോടുമയാൾ ചോദിച്ചു. അവസാനമയാൾ മലാലയെ കണ്ടെത്തി. കൈയ്യെത്തും ദൂരത്ത് നിന്നും അയാൾ നിറയൊഴിച്ചു. ഒരു വെടിയുണ്ട അവളുടെ തല തുളച്ച് കയറി കഴുത്തിലൂടെ കടന്ന് തോളെല്ലിനടുത്തെത്തി.[16] മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം കിടന്ന മലാലയുടെ തോളിൽ നിന്നും ഇംഗ്ലണ്ടിലെ ബർമിങ്ഹാം ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിലെ ഡോക്ടർമാർ വെടിയുണ്ട പുറത്തെടുത്തു.[16] ക്രമേണ അവൾ സുഖം പ്രാപിച്ചു.

പ്രതികരണം[തിരുത്തുക]

മലാലയ്ക്കു വെടിയേറ്റതോടെ അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചു. പാക്കിസ്താനിലെ കുട്ടികൾ ഉണർന്നു. ഒക്ടോബർ 12-ന് പാക്കിസ്താനിലെ 50 ഇസ്ലാമിക പുരോഹിതർ ചേർന്ന് മലാലയെ ആക്രമിച്ച താലിബാൻ കൊലയാളികൾക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ആക്രമികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാക്ക് അധികൃതർ ഒരു കോടി പാക്കിസ്താൻ രൂപ സമ്മാനമായി പ്രഖ്യാപിച്ചു.

മലാലയ്ക്ക് വെടിയേറ്റ ദിവസം ലോസ് ആഞ്ചെലെസിൽനടന്ന സംഗീത പരിപാടിയിൽ പാടിയ 'ഹ്യൂമൻ നാച്വർ' എന്ന പാട്ട് അവൾക്ക് സമർപ്പിച്ചാണ് പോപ്പ് ഗായിക മഡോണ പ്രതികരിച്ചത്. ഹോളിവുഡ് താരം ആഞ്ജലീന ജോളി മലാല സംഭവത്തെക്കുറിച്ച് ലേഖനമെഴുതി. പാക്കിസ്താനിലേയും അഫ്ഗാനിസ്താനിലേയും പെൺ‌കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജോളിയും മാധ്യമ പ്രവർത്തകയായ ടിന ബ്രൗണും "വിമൻ ഇൻ ദി വേൾഡ് ഫൗണ്ടേഷൻ" എന്ന സംഘടനയിലൂടെ ധനസമാഹരണം തുടങ്ങി. യു.എസ് മുൻ പ്രഥമ വനിത ലോറ ബുഷ് "വാഷിങ്ടൺ പോസ്റ്റ്" പത്രത്തിൽ മലാലയെ ആൻ ഫ്രാങ്കുമായി താരതമ്യപ്പെടുത്തി ലേഖനങ്ങളെഴുതി.

യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമ, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ, യു.എൻ. സെക്രട്ടറി ബാൻ കി മൂൺ എന്നിവരെല്ലാം മലാലയ്ക്കു നേരെയുണ്ടായ അക്രമണത്തെ അപലപിച്ചു.

മലാലയ്ക്കു സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്നാണ് ഏറ്റവും ഒടുവിൽ ഉയർന്ന ആവശ്യം[17].

മലാല മലയാളത്തിൽ[തിരുത്തുക]

മലാലയ്ക്ക് വെടിയേറ്റ് ദിവസങ്ങൾക്കകം അവളുടെ ഡയറിക്കുറിപ്പുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചു. "മലാല യൂസുഫ്‌സായി: ഒരു പാക്കിസ്താൻ സ്കൂൾ വിദ്യാർത്ഥിനിയുടെ ജീവിതക്കുറിപ്പുകൾ" എന്നാണ് പുസ്തകത്തിന്റെ പേര്. മലാലയുടെ ഡയറിക്കുറിപ്പുകൾ, ലഘുജീവചരിത്രം, പെഷവാറിലെ പത്രപ്രവർത്തകൻ സാഹിദ് ബുനേരി നടത്തിയ അഭിമുഖം, അനുഭവക്കുറിപ്പുകൾ എന്നിവയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോഴിക്കോട് ഇൻസൈറ്റ് പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ[17].

വിവാദങ്ങൾ[തിരുത്തുക]

മലാല സംഭവം അമേരിക്കൻ ചാര സംഘടന സി.ഐ.എ. ഇടപെട്ട് നടത്തിയ ഒരു നാടകമാണ് എന്ന ഒരു വാദവും നിലവിൽ ഉണ്ട്. [18] [19]

മലാല ദിനം[തിരുത്തുക]

മലാലയുടെ ജന്മദിനം ഐക്യരാഷ്ട്രസഭ 'മലാല ദിന'മായി ആചരിക്കുന്നു. 2013 ജൂലൈ 12 ന് മലാല ദിനം ആചരിക്കുന്നതിന്റെ ഭാഗമായി യു.എൻ. വിളിച്ചുചേർത്ത യുവജന സമ്മേളനത്തിൽ മലാല പ്രസംഗിച്ചിരുന്നു.[20]

ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പേനയ്ക്കും ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാനാവും..
ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ നടന്ന യുവജനസമ്മേളനത്തിലെ പ്രസംഗത്തിൽ നിന്ന്...[21]

അവലംബം[തിരുത്തുക]

 1. "പാകിസ്താനെ മാറ്റിയ പെൺകുട്ടി?" മാതൃഭൂമി ദിനപ്പത്രത്തിലെ വാർത്ത
 2. "ഒരു പാകിസ്ഥാനി സ്കൂൾ വിദ്യാർത്ഥിനിയുടെ ഡയറിക്കുറിപ്പുകൾ". ബി.ബി.സി. 19 ജനുവരി 2009. 
 3. "പാകിസ്ഥാനി ഗേൾ, 13, പ്രെയ്സ്ഡ് ഫോർ ബ്ലോഗ് അണ്ടർ താലിബാൻ". ബി.ബി.സി. വാർത്ത. 24 നവംബർ 2011. 
 4. ലോകം 'മലാല ദിനം' ആചരിച്ചു മാതൃഭൂമി ഓൺലൈൻ പതിപ്പ്
 5. "മലാല ഉദിച്ചു ഒബാമ ജയിച്ചു" 2012 ഡിസംബർ 28, മാതൃഭൂമി ദിനപ്പത്രത്തിലെ വാർത്ത
 6. സ്കൂൾ വിദ്യാർത്ഥിനിക്കു നേരെ വധശ്രമം ഗാർഡിയൻ പത്രത്തിൽ വന്ന വാർത്ത
 7. "താലിബാൻ സേയ്സ് ഇറ്റ് ഷോട്ട് പാകിസ്ഥാനി ടീൻ". ദ വാഷിംഗടൺ പോസ്റ്റ്. ഒക്ടോബർ 9, 2012. ശേഖരിച്ചത് ഒക്ടോബർ 10, 2012. 
 8. ഷൂട്ടിംഗ് ഓൺ ടീൻ പീസ് ആക്ടിവിസ്റ്റ് 2012 ഒക്ടോബർ 9-ലെ ഹിന്ദു ദിനപ്പത്രത്തിലെ വാർത്ത
 9. സി.ബി.എസ്. ഈവനിങ്ങ് ന്യൂസ്, ഇൻഡിക്കേഷൻ ഫോർ ഹോപ്പ്. ഷോട്ട് പാക്കിസ്ഥാനി ഗേൾ
 10. 2012, ഒക്ടോബർ 11-ലെ ഫിലിപ്പീൻ സ്റ്റാർ പത്രവാർത്ത "താലിബാൻ ഷോട്ട്സ് പാക്കിസ്ഥാനി ടീൻ ആക്ടിവിസ്റ്റ്"
 11. ജോൺ ബൂണി, "മലാല യൂസഫ്സായി: 'ഫത്വ' ഇഷ്യൂഡ് എഗെൻസ്റ്റ് ഗൺമാൻ" 2012 ഒക്ടോബർ 12-ലെ ഗാർഡിയൻ ദിനപ്പത്രത്തിലെ വാർത്ത
 12. 12.0 12.1 മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ഐ.എസ്.ബി.എൻ. 978-81-8265-259-0. 
 13. പിയർ, ബഷാറ (10 ഒക്ടോബർ 2012). "സ്കൂളിൽ പോകാൻ ആഗ്രഹിച്ച പെൺകുട്ടി". ദ ന്യൂയോർക്കർ. ശേഖരിച്ചത് 15 ഒക്ടോബർ 2012. 
 14. "'ഞാൻ മലാല'യ്ക്ക് പാക് സ്‌കൂളുകളിൽ വിലക്ക്‌". മാതൃഭൂമി. 2013 നവംബർ 11. ശേഖരിച്ചത് 2013 നവംബർ 11. 
 15. "മലാല യൂസഫ്‌സായിയുമായുള്ള എന്റെ സംഭാഷണങ്ങൾ". ക്രിസ്റ്റ്യൻ സയൻസ് മോണിറ്റർ. ശേഖരിച്ചത് 2013 ജൂലൈ 15. 
 16. 16.0 16.1 "Malala will soon undergo reconstructive surgery". ഖലീജ് ടൈംസ്. ശേഖരിച്ചത് 2013 ജൂലൈ 15. 
 17. 17.0 17.1 മാതൃഭൂമി തൊഴിൽവാർത്ത ഇയർ എൻഡർ 2012. മാതൃഭൂമി. 2012. 
 18. "‘Project Malala’: The CIA’s Socio-Psychological Intelligence Operation". 
 19. "മലാല: നാടകത്തിന് പിന്നിലാര്?". 
 20. "'വെടിയുണ്ടകൾ എന്നെ നിശബ്ദയാക്കില്ല'-മലാല". മാതൃഭൂമി. 2013 ജൂലൈ 13. ശേഖരിച്ചത് 2013 ജൂലൈ 13. 
 21. മാതൃഭൂമി, ദിനപ്പത്രം (2013 ജൂലൈ 14). മലാല നൽകുന്ന സന്ദേശം. p. 4. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

യു.എൻ. യുവജന സമ്മേളനത്തിൽ മലാല നടത്തിയ പ്രസംഗം

"http://ml.wikipedia.org/w/index.php?title=മലാല_യൂസഫ്‌സായ്&oldid=1870972" എന്ന താളിൽനിന്നു ശേഖരിച്ചത്