ദത്താപഹാര നയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടിഷ്ഇന്ത്യയുടെ വികസനത്തിനുവേണ്ടി ഗവർണർ ജനറലായിരുന്ന ഡൽഹൌസിപ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് ദത്താപഹാര നയം. യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ്ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്താപഹാര നയത്തിലൂടെ ഡൽഹൗസിപ്രഭുവിനു കഴിഞ്ഞു. ദത്താപഹാര നയം അനുസരിച്ച് ഒരു സാമന്തരാജ്യത്തിലെ (Dependent State) ഭരണാധികാരി മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിൽ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.

[തിരുത്തുക] ദത്താപഹാര നയം

ഒരു രാജാവു മരിക്കുമ്പോൾ അദ്ദേഹത്തിനു സ്വാഭാവിക പിന്തുടർച്ചാവകാശികൾ ഇല്ലെങ്കിൽ മറ്റൊരു കുടുംബത്തിൽനിന്ന് ഒരു വ്യക്തിയെ തന്റെ അനന്തരാവകാശിയായി ദത്തെടുക്കുന്ന സമ്പ്രദായം ഇന്ത്യയിൽ ഹൈന്ദവ രാജാക്കന്മാരുടെയിടയിൽ ഉണ്ടായിരുന്നു. ഈ വിധം ദത്തെടുക്കുന്ന അനന്തരാവകാശികൾക്ക് രാജ്യഭരണം നലൽകുവാൻ പാടില്ലെന്ന് ദത്താപഹാര നയം വ്യക്തമാക്കി. ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഒട്ടേറെ ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് സാമ്രാജ്യത്തിൽ ലയിപ്പിക്കുവാൻ ഡൽഹൌസിപ്രഭുവിനു സാധിച്ചു. 1848-ൽ മഹാരാഷ്ട്രയിലെ സത്താറ എന്ന രാഷ്ട്രത്തെ ബ്രിട്ടിഷ് സാമ്രാജ്യത്തിൽ ലയിപ്പിച്ചു. 1848-ൽ സത്താറയിലെ രാജാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അനന്തരാവകാശി ദത്തുപുത്രനായിരുന്നതിനാലാണ് ഈ രാജ്യം ബ്രിട്ടിഷ്ഇന്ത്യയോടു കൂട്ടിച്ചേർത്തത്. ഇപ്രകാരം ജയ്പൂർ, സാമ്പൽപൂർ, ഉദയപുരം, നാഗ്പൂർ, ഝാൻസി എന്നീ രാജ്യങ്ങൾ ബ്രിട്ടിഷ് അധീനതയിലായി. ഝാൻസിയിലെ രാജാവു മരിച്ചപ്പോൾ അവിടെ പുരുഷന്മാരായ പിന്തുടർച്ചക്കാർ ഇല്ലാതിരുന്നതിനാലാണ് ആ രാജ്യത്തെ ഡൽഹൌസി കൈക്കലാക്കിയത്. സാമ്പൽപൂർ രാജാവായിരുന്ന നാരായണസിങ് മരിച്ചപ്പോൾ പുത്രനായ രാജകുമാരൻ ഇല്ലാതിരുന്നതിനാലാണ് അവിടവും ബ്രിട്ടീഷുകാർ കയ്യടക്കിയത്. ഭഗത്, ഉദയ്പൂർ എന്നീ നാട്ടുരാജ്യങ്ങളെ ഡൽഹൗസി കൈക്കലാക്കിയെങ്കിലും അടുത്ത ഗവർണർ ജനറലായ കാനിങ് പ്രഭു അത് അംഗീകരിച്ചില്ല. ഇക്കാലത്ത് ഭഗത്, ഉദയ്പൂർ എന്നീ രാജ്യങ്ങളെ കൈക്കലാക്കിയതിനെ ഇംഗ്ലണ്ടിലെ ഡയറക്ടർ ബോർഡ് (Court of Directors) അംഗീകരിക്കാത്തതിനാലാണ് കാനിങ് പ്രഭു ഈ രാജ്യങ്ങളെ നാട്ടുരാജാക്കന്മാർക്ക് തിരികെ വിട്ടുകൊടുത്തത്. ഡൽഹൌസിപ്രഭുവിന്റെ ദത്താപഹാര നയം പലരുടെയും വിമർശനങ്ങൾക്കു പാത്രമായി. ഡൽഹൌസി ഈ പദ്ധതി ആവിഷ്കരിച്ചത് അദ്ദേഹത്തിനുണ്ടായിരുന്ന സാമ്രാജ്യവികസന താത്പര്യം കൊണ്ടായിരുന്നുവെന്ന് വിമർശകർ ആക്ഷേപിച്ചു. നാഗ്പൂർ കയ്യടക്കിയതിനുശേഷം ആ രാജ്യത്തിലെ പൊതുഖജനാവിലെ സ്വത്തുക്കൾ ലേലത്തിൽ വിറ്റത് കൊട്ടാരം കൊള്ളയടിച്ചതിനു സമാനമാണെന്ന് വിമർശകർ അഭിപ്രായപ്പെട്ടിരുന്നു.

ദത്താപഹാര നയത്തെ വേറെയും ചില ആവശ്യങ്ങൾക്കായി ഡൽഹൌസിപ്രഭു ഉപയോഗപ്പെടുത്തി. 1853-ൽ കർണാടകത്തിലെ നവാബ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമി ആരാണെന്നു നിശ്ചയിക്കുവാൻ ഡൽഹൗസി വിസമ്മതിച്ചു. 1855-ൽ തഞ്ചാവൂരിലെ രാജാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമികൾ എന്നവകാശപ്പെട്ട പതിനാറു വിധവകളെയും രണ്ട് പുത്രിമാരെയും അംഗീകരിക്കുവാൻ ഗവർണർ ജനറൽ വിസമ്മതിക്കുകയുണ്ടായി. ആ രാജ്യത്തിലെ രാജസ്ഥാനത്തെത്തന്നെ അദ്ദേഹം നിറുത്തൽ ചെയ്തു. 1853-ൽ പേഷ്വാ ബാജിറാവു രണ്ടാമൻ മരിച്ചപ്പോൾ അദ്ദേഹത്തിനു നൽകിവന്ന പെൻഷൻ പിൽക്കാലത്ത് ബാജിറാവുവിന്റെ ദത്തുപുത്രനായ നാനാസാഹിബിന് നൽകേണ്ടതില്ലെന്ന് ബ്രിട്ടിഷ് ഗവണ്മെന്റ് നിശ്ചയിച്ചതും ദത്താപഹാര നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യക്കാരും ബ്രിട്ടീഷുകാരുമായ നിരവധി ആളുകൾ ഈ നയത്തെ രൂക്ഷമായി അപലപിച്ചു. 1857-ൽ നടന്ന ദേശീയ വിപ്ലവത്തിന്റെ ഒരു പ്രധാന കാരണം ഡൽഹൗസി ഏർപ്പെടുത്തിയ ദത്താപഹാര നയം ആയിരുന്നു.

[തിരുത്തുക] പുറംകണ്ണികൾ


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദത്താപഹാര നയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=ദത്താപഹാര_നയം&oldid=1299041" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ