പട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പട്ടുവസ്ത്രം

പ്രകൃതിദത്തമായ ഒരുതരം മാംസ്യനാരാണ്‌ സില്‍ക്ക് അഥവാ പട്ട്. പൊതുവേ അറിയപ്പെടുന്ന തരം പട്ട് പട്ടുനൂല്‍പ്പുഴുവിന്റെ കൊക്കൂണില്‍ നിന്നുമാണ്‌ നിര്‍മ്മിക്കുന്നത്. തുണി നെയ്യുന്നതിനാണ്‌ പട്ട് പൊതുവേ ഉപയോഗിക്കുന്നത്. മിക്ക സമൂഹങ്ങളിലും വളരെ വിലമതിക്കുന്ന തുണിയാണ് പട്ട്. പട്ടുനൂല്‍പ്പുഴുവിന്റെ കൊക്കൂണില്‍ നിന്നുമെടുക്കുന്ന അസംസ്കൃത പട്ടിനെ നൂറ്റ് നൂലാക്കി ഈ നൂലുകൊണ്ടാണ് പട്ടുതുണി നെയ്യുന്നത്[1].

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ബി.സി.ഇ. 5000 ആണ്ടിനടുത്ത് ചൈനയിലാണ് പട്ട് നിര്‍മ്മാണം ആദ്യമായി തുടങ്ങിയത്. ആയിരക്കണക്കിന് വര്‍ഷങ്ങളോളം പട്ട് നിര്‍മ്മാണത്തിനുള്ള ഈ വിദ്യ ചൈനക്കാര്‍ അതീവരഹസ്യമായി സൂക്ഷിച്ചുപോന്നു[1]‌.

[തിരുത്തുക] പട്ടുപാത (സില്‍ക്ക് റൂട്ട്)

ചൈനയില്‍ നിന്നുമുള്ള ചില സഞ്ചാരികള്‍ അവരുടെ യാത്രയില്‍ പട്ട് കൈയില്‍ കരുതിയിരുന്നു. ചൈനീസ് സഞ്ചാരികളുടെ ഈ പാതകള്‍ കാലക്രമേണ പട്ടുപാത (സില്‍ക്ക് റൂട്ട്) എന്ന് അറിയപ്പെട്ടു[1].

പട്ടുപാതകള്‍ - കരമാര്‍ഗ്ഗവും ജലമാര്‍ഗ്ഗവും യഥാക്രമം ചുവപ്പ്, നീല എന്നീ നിറങ്ങളില്‍ കാണിച്ചിരിക്കുന്നു

ചൈനയിലെ ഭരണാധികാരികള്‍, ഇറാനിലേയും പശ്ചിമേഷ്യയിലേയും രാജാക്കന്മാര്‍ക്ക് പട്ട് സമ്മാനമായി കൊടുത്തയച്ചിരുന്നു. അവിടെ നിന്നും പട്ടിന്റെ പ്രസിദ്ധി യുറോപ്പിലേക്കും വ്യാപിച്ചു. ക്രിസ്തുവര്‍ഷാരംഭമായപ്പോഴേക്കും റോമിലെ ഭരണാധികാരികളുടേയും ധനികരുടേയും ഇടയില്‍ പട്ടുവസ്ത്രം ആഢ്യതയുടെ പ്രതീകമായി. ചൈനയില്‍ നിന്നും റോം വരെ ദുര്‍ഘടമായ പാതയിലൂടെ എത്തിക്കേണ്ടിയിരുന്നതിനാല്‍ ഇവിടെ പട്ട് വളരെ വിലപിടിച്ച ഒന്നായിരുന്നു. ഇതിനു പുറമേ പട്ടുപാതയിലുടനീളം കച്ചവടക്കാര്‍ കടന്നുപോകുന്നതിന് തദ്ദേശീയര്‍ പ്രതിഫലം വാങ്ങുകയും ചെയ്തിരുന്നു[1].

ചില രാജാക്കന്മാര്‍ ഈ പാതയുടെ വലിയ ഭാഗങ്ങളുടെ നിയന്ത്രണം കൈയടക്കുകയും കച്ചവടക്കാരില്‍ നിന്നും നികുതിപിരിക്കുകയും ചെയ്തിരുന്നു. പകരം അവരുടെ അതിര്‍ത്തി കടക്കുന്നതു വരെ കച്ചവടക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തു[1].

പട്ടുപാത നിയന്ത്രണം കൈയാളിയിരുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ക്രിസ്ത്വാബ്ദത്തിന്റെ തുടക്കത്തില്‍ മദ്ധ്യേഷ്യയും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയും ഭരിച്ചിരുന്ന കുശാനരായിരുന്നു. പട്ടുപാതയുടെ പ്രധാനമാർഗം, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പ്രദേശങ്ങളായ പുരാതന സോഗ്ദിയയിലൂടെയായിരുന്നെങ്കിലും (ഇന്നത്തെ നഗരങ്ങളായ സമർഖണ്ഡ്, ബുഖാറ തുടങ്ങിയവ ഈ പ്രധാന പാതയിൽ നിലകൊള്ളുന്നു)[2]‌ കുശാനരുടെ ഭരണകാലത്ത് പട്ടുപാതയുടെ ഒരു ശാഖ മദ്ധ്യേഷ്യയില്‍ നിന്നും തെക്കോട്ട് അതായത് സിന്ധൂനദിയുടെ അഴിമുഖത്തുള്ള തുറമുഖങ്ങളിലേക്ക് നീണ്ടു. ഈ തുറമുഖങ്ങളില്‍ നിന്നും ഈജിപ്ഷ്യൻ ചെങ്കടലിലൂടെ റോമാസാമ്രാജ്യത്തിലേക്ക് പട്ടും മറ്റു ചരക്കുകളും കപ്പല്‍ വഴി കയറ്റി അയച്ചിരുന്നു[1]. റോമൻ സാമ്രാജ്യവും പാർത്തിയയുമായുള്ള യുദ്ധകാലത്ത് കടൽ‌മാർഗമുള്ള ഈ പാതയുടെ പ്രാധാന്യം ഗണ്യമായി വർദ്ധിച്ചു[2].

ഉപഭൂഖണ്ഡത്തില്‍ത്തന്നെ സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കിയ ആദ്യരാജവംശങ്ങളിലൊന്നാണ് കുശാനര്‍. കുശാനരുടെ സ്വര്‍ണ്ണനാണയങ്ങള്‍ പട്ടുപാതയിലുടനീളം, വ്യാപാരികള്‍ ക്രയവിക്രയത്തിനായി ഉപയോഗിച്ചിരുന്നു[1].

[തിരുത്തുക] പട്ടുനിര്‍മ്മാണം ഇന്ത്യയില്‍

ഇന്ത്യയില്‍ ബനാറസ്, കാഞ്ചീപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പണ്ടുതന്നെ പട്ടുതുണി നിര്‍മ്മാണം വേരോടി വളര്‍ന്നുകഴിഞ്ഞിരുന്നു. ബ്രിട്ടിഷുകാര്‍ ഇന്ത്യയിലെ പട്ടുതുണി നിര്‍മ്മാണത്തെ തളര്‍ത്താനായി ഇവിടത്തെ പട്ടുനെയ്ത്തുകാരുടെ വിരലുകള്‍ മുറിച്ചുകളയുകവരെ ചെയ്തിട്ടുണ്ട്[അവലംബം ആവശ്യമാണ്].

[തിരുത്തുക] പട്ടുതുണി നിര്‍മ്മാണം

പട്ടുതുണികളുടെ ഏറ്റവും വലിയ ഗുണം അവയുടെ നേര്‍മ്മയാണ്‌. തീരെ ഭാരം കുറഞ്ഞതുമാണ്‌ അത്. പട്ട്തുണികള്‍ക്ക് സ്വാഭാവികമായിത്തന്നെ നല്ല പകിട്ടും തിളക്കവും ഉണ്ട്. നിറങ്ങള്‍ ചേര്‍ക്കുമ്പോഴും ഈ ഗുണങ്ങള്‍ നഷ്ടപ്പെടുകയുമില്ല.

[തിരുത്തുക] പട്ടുനൂല്‍പുഴു വളര്‍ത്തല്‍‍

[തിരുത്തുക] നെയ്ത്തുരീതികള്‍

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "CHAPTER 10 - TRADERS, KINGS AND PILGRIMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 101-102. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 
  2. 2.0 2.1 Voglesang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 151. ISBN 978-1-4051-8243-0. 
"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം