മറയൂർ
|
|
ഈ ലേഖനം ഒരു യാത്രാവിവരണം പോലെ എഴുതിയിരിക്കുന്നു. വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്.. ദയവായി മെച്ചപ്പെടുത്തിയെടുക്കാൻ സഹായിക്കൂ. . |
| മറയൂർ | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | Kerala | ||
| ജില്ല(കൾ) | ഇടുക്കി | ||
| ജനസംഖ്യ • ജനസാന്ദ്രത |
20,575 (2001) • 91 /km² (236 /sq mi) |
||
| സമയമേഖല | IST (UTC+5:30) | ||
| വിസ്തീർണ്ണം | 224.99 km² (87 sq mi) | ||
|
കോഡുകൾ
|
|||
അക്ഷാംശവും രേഖാംശവും: 10°09′N 77°07′E / 10.15°N 77.11°E
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രസ്ഥലമാണ് മറയൂർ. 1991 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ 9,590 ആണ്.[1]
ഉള്ളടക്കം |
[തിരുത്തുക] എത്തിച്ചേരാൻ
മൂന്നാറിൽ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ മറയൂരിലെത്താം. ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെയും കണ്ണൻദേവൻ തേയിലത്തോട്ടങ്ങളുടേയുമിടയിൽ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നാലുവശവും മലകളാൽ ചുറ്റപ്പെട്ടതാണ് മറയൂർ. മഴനിഴലുകളും താഴ്വരകളും സ്വാഭാവിക ചന്ദനമരങ്ങളും, കരിമ്പുകാടുകളും മറയൂരിന്റെ പ്രകൃതി ഭംഗിയിൽ കാണാം.
[തിരുത്തുക] സ്ഥലനാമ ചരിത്രം
മറയൂർ എന്നാൽ മറഞ്ഞിരിക്കുന്ന ഊർ എന്നർത്ഥം. ഇത് പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്. വനവാസക്കാലത്ത് ഇവിടെയും വന്നിരുന്നു എന്നു പറയുപ്പെടുന്നു. 10000 BC ക്കുമുമ്പുള്ള മഹാശിലായുഗകാലത്ത് ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നതിനു തെളിവാണ് മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും . മുതുവാന്മാർ മലയുടെ ചെരുവുകളിലും മറ്റും പാർക്കുന്നുണ്ടെങ്കിലും അഞ്ചുനാട്ടുകാരായ ഗ്രാമക്കാരാണ് മുമ്പെയുള്ള താമസക്കാർ. അഞ്ചുനാടിന്റെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന് കൊടൈക്കാടുകൾ കയറി. അവർ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. ഒടുവിൽ അവർ താഴ്‌വരയിലെത്തി. പല ജാതികളിൽപ്പെട്ട അവരുടെ കൂട്ടത്തിൽ തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന അവർ പാലിൽതൊട്ട് സത്യം ചെയ്‌ത് ഒറ്റ ജാതിയായി. അവർ അഞ്ച് ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. അവർക്ക് അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളുമുണ്ട്.
[തിരുത്തുക] ഭൂമിശാസ്ത്രം
നാലുവശവും മലകൾ ഉയർന്നു നിൽക്കുന്ന മറയൂർതടം . അങ്ങു ദൂരെ കാന്തല്ലൂർ മലയുടെ താഴ്‌വാരം വരെ നീണ്ടു പോകുന്ന വയലുകൾ. കാന്തല്ലൂർ മലയുടെ നെറുകയിൽ അഞ്ചുനാടിന്റെ കാന്തല്ലൂർ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ് കീഴാന്തൂർ ഗ്രാമവും കാരയൂർ ഗ്രാമവും. കൊട്ടകുടി ഗ്രാമം കാന്തല്ലൂർ മലയ്‌ക്കപ്പുറമാണ്. അവർക്ക് അവരുടേതായ ദൈവങ്ങളും ആഘോഷങ്ങളുമുണ്ട്. തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും അടക്കം ധാരാളം അമ്പലങ്ങൾ ഇവിടെ കാണപ്പെടുന്നു.
[തിരുത്തുക] സമകാലിക ചരിത്രം
പക്ഷേ ഇപ്പോൾ സ്‌ഥിതി ആകെ മാറി. വയലുള്ള ഊരുകാർ കുറവാണ്. ഉള്ള വയലുകളെല്ലാം കുടിയേറിവന്ന മലയാളികൾ സ്വന്തമാക്കി. ഊരുകാരുടെ എസ്.എസ്. എൽ.സി ബുക്കിലെ ജാതിക്കോളം ഒഴിഞ്ഞു കിടക്കുന്നു. ആദിവാസികളാണോ മലവേടനാണോ പിള്ളമാരാണോ എന്ന് തീരുമാനമാവാതെ ബിരുദമെടുത്തവർപോലും കരിമ്പുകാട്ടിൽ പണിക്കുപോയി ജീവിക്കുന്നു.
[തിരുത്തുക] സാംസ്കാരികം
[തിരുത്തുക] മുനിയറകൾ
മഹാശിലായുഗസംസ്‌ക്കാരത്തിന്റെ ബാക്കിപത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുനിയറകളാണ് മറയൂരിന്റെ മറ്റൊരു പ്രത്യേകത. ഇത് അക്കാലത്തുള്ളവരെ മറവുചെയ്‌ത ശവക്കല്ലറകളാണെന്നും മുനിമാർ തപസ്സുചെയ്‌തിരുന്നിടമാണെന്നും പറയപ്പെടുന്നു. ഒരാൾക്ക് നില്‌ക്കുകയും കിടക്കുകയും ചെയ്യാവുന്ന ഉയരവും നീളവുമുണ്ട് ഓരോ മുനിയറക്കും. പലതും പൊട്ടിയും അടർന്നും വീണു തുടങ്ങി. മറയൂർ കോളനി കഴിഞ്ഞ് ഹൈസ്‌കൂളിനരുകിലെ പാറയിൽ ധാരാളം മുനിയറകളുണ്ട്.
ഇവിടുത്തെ ഹൈസ്‌ക്കൂളിനു പുറകിലെ പാറയുടെ നെറുകയിൽനിന്നും മലയുടെ ചെരിവുകളിൽനിന്നും നോക്കിയാൽ പാമ്പാറൊഴുകുന്നതു കാണാം. കൂടാതെ കോവിൽ കടവും തെങ്കാശിനാഥൻ കോവിലും കാണാം. നാച്ചിവയലിലെ കരിമ്പുകാടുകളും, ചന്ദനമരങ്ങളും, പൈസ്‌നഗർ സെമിനാരിയും ഇവിടുത്തെ ആകർഷണങ്ങളാണ്. പണ്ട് പാണ്‌ഡവരുടെ തേരുരുണ്ട് ഇവിടുത്തെ ഒരു ഒരു മുനിയറയുടെ മുകളിലെ കല്‌പാളികളിൽ രണ്ടു വരകളുണ്ടായി എന്ന് പറയപ്പെടുന്നു.
[തിരുത്തുക] തെങ്കാശിനാഥൻ ക്ഷേത്രം
മുനിയറ കണ്ട് താഴോട്ടിറങ്ങിയാൽ കോവിൽക്കടവായി. പാമ്പാറിലേക്കിറങ്ങാൻ തോന്നുന്നെങ്കിൽ ആ മോഹം ഉപേക്ഷിക്കുന്നതാണ് നല്ലത്. ചില്ലുപാറയാണ്..പെട്ടെന്ന് വഴുക്കും...അപകടം ഒപ്പമുണ്ട്. മുപ്പതുമക്കോടി ദൈവങ്ങളും അവർക്കൊക്കെ അമ്പലങ്ങളുമുണ്ടെങ്കിലും തെങ്കാശിനാഥൻ ക്ഷേത്രമാണ് ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നത്. പാണ്ഡവർ വനവാസക്കാലത്ത് മറയൂരിൽ എത്തിയിരുന്നു എന്നും അവർ ഒറ്റക്കല്ലിൽ പണിതതാണ് ഈ ക്ഷേത്രം എന്നും പറയുന്നു. കോവിൽക്കടവിൽ പാമ്പാറിന്റെ തീരത്താണ് ക്ഷേത്രം. അവിടെ ഒരു ഗുഹാമുഖമുണ്ട്. പ്രാചീനലിപികളിൽ എന്തൊക്കെയോ കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്. അതുവായിക്കാനായാൽ ഗുഹാമുഖം തുറക്കുമത്രേ. ഗൂഹ അവസാനിക്കുന്നത് മുരുകന്റെ പഴനിമലയിലാണുപോലും. ഏതായാലും അടുത്തകാലത്തൊന്നും ആ ശിലാലിഖിതങ്ങൾ ആർക്കും വായിക്കാനായിട്ടില്ല. അളളുകളിലേക്ക് ആർത്തുവീഴുന്ന പാമ്പാർ. അളളുകളുടെ താഴ്‌ച പാതാളം വരെ......അവിടെ ജലകന്യകമാർ വാഴുന്നു. മുമ്പെന്നോ തെങ്കാശിനാഥൻ കോവിലിനരികിലെ പ്ലാവിൽ തൂങ്ങിചാവാൻ കൊതിച്ച തമിഴത്തി. കഴുത്തിൽ കുരുക്കിയ കയർ മുറുകിയില്ല. പുല്ലരിവാൾ കൊണ്ടവൾ കയററുത്തു. അവളുടെ ശരീരം പാമ്പാറിന്റെ ചുഴികളിൽ വട്ടം കറങ്ങി, ചുവപ്പ് പടർന്ന് കൂത്തിലേക്ക് പതിച്ചു. പിന്നീടോരോ വർഷവും തെങ്കാശിനാഥൻ കോവിലിനു മുന്നിലെ കുത്തിൽ വർഷത്തിൽ ഒന്നോ രണ്ടോ പേർ വീണു മരിക്കുന്നു. ചില്ലുപാറയുടെ കാന്തികശക്തി വലിച്ചടുപ്പിക്കുകയാണ്. പുത്തൻ ചെരിപ്പ് കാൽകഴുകിയിടാൻ അച്ഛന്റെ കൈവിടുവിച്ച് മ്പാറിലേക്കിറങ്ങിയോടിയകുട്ടി.....ഊരുവിലക്കിയതിന്റെ പേരിൽ നിറവയറുമായി പാമ്പാറിലേക്കെടുത്തുചാടിയ ഊരുകാരിപ്പെണ്ണ്......പാമ്പാറിന്റെ ചുഴികളിൽ, ഗർത്തങ്ങളിൽ ജലകന്യകമാർ നീരാടി. അളളുകളിലേക്കു വീഴുന്നവരെ ജലകന്യകമാർ വിഴുങ്ങി. പിന്നെയും എത്രയോപേർ.............തെങ്കാശിനാഥൻ കോവിലിലെ കാളിയുടെ നട തുറന്നിരുന്നകാലത്ത് പത്തും പ്‌ന്ത്രണ്ടുമൊക്കെയായിരുന്നു മരണം. നട അടച്ചതിൽ പിന്നെ ഒന്നു രണ്ടുമൊക്കെയായി കുറഞ്ഞിട്ടുണ്ട് എന്ന് ഇവിടത്തുകാർ പറയുന്നു.
[തിരുത്തുക] അക്കാതങ്കച്ചി മല
നാലുവശവും മലകളാണെങ്കിലും അക്കാതങ്കച്ചി മലയ്‌ക്കാണ് കഥ പറയാനുള്ളത്‌്. മുമ്പ് കൂട്ടുകാരികൾ വിറകുപെറുക്കാൻ കാട്ടിൽ പോയി. അവർ വിറകുപെറുക്കിക്കഴിഞ്ഞ് ക്ഷീണമകറ്റാൻ ഒരു ഗുഹയക്കുള്ളിൽ കയറി ഇരുന്ന് പേൻ പെറുക്കിക്കൊണ്ടിരുന്നു. പേൻപെറുക്കിയിരുന്നു അക്കൂട്ടത്തിലെ അനിയത്തിയും ജ്യേഷ്‌ഠത്തിയും ഉറങ്ങിപ്പോയി. കൂട്ടുകാരൊക്കെ വിറകുമായി നടന്നു. അനിയത്തിയേയും ജ്യേഷ്‌ഠത്തിയേയും കാണാതെ അന്വേഷിച്ചു വന്നവർ കണ്ടത് ഗുഹാമുഖം അടഞ്ഞിരിക്കുന്നതാണ്.അന്നുമുതൽ ആ മലക്ക് അക്കാതങ്കച്ചി മലയെന്നു പേരു വന്നു.
[തിരുത്തുക] കാലാവസ്ഥ
മൂന്നാറിന് സമാനമായ തണുപ്പ് മറയൂരുമുണ്ട്. എന്നാൽ മഴ വളരെ കുറവാണ്. അത് പുതച്ചിക്കനാൽ വഴി തടത്തെ നനക്കുന്നു. പെയ്യുന്നത് അധികവും നൂർമഴയാണ്. വർഷത്തിൽ 50 സെമി താഴെയാണ് മഴ ലഭിക്കുന്നത്. കേരളത്തിൽ ഇടവപ്പാതി തകർത്തുപെയ്യുമ്പോൾ മറയൂരിൽ കാറ്റാണ്. ആളെപ്പോലും പറത്തിക്കളയുന്നകാറ്റ്. മലമുകളിൽ മഴപെയ്യും. തുലാമഴയാണ് കൂടുതൽ. നാലു വശവുമുള്ള മലകൾ മഴയെ തടഞ്ഞു നിർത്തും. അതുകൊണ്ട് എപ്പോഴും താഴ്വര മഴ നിഴലിലാഴ്‌ന്നു കിടക്കും. പിന്നെ മഞ്ഞാണ്. വർഷത്തിൽ അധികവും ഈ കാലാവസ്ഥയായതുകൊണ്ട് ശീതകാല പച്ചക്കറിക്കളായ കാരറ്റ്, ബീറ്റ് റൂട്ട്, കാബേജ്, കോളിഫ്‌ളവർ, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയവ നന്നായി വളരും. കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക സഥലമാണ് അഞ്ചുനാടുകളിലൊന്നായ കാന്തല്ലൂർ. ഈ സവിശേഷ കാലാവസ്ഥകൊണ്ടാവാം ചന്ദനം വളരാനും കാരണം.
[തിരുത്തുക] ജനവിഭാഗങ്ങൾ
തമിഴരും മലയാളികളും ഇടകലർന്നു ജീവിക്കുന്നു. തമിഴരിൽ അധികവും കണ്ണൻ ദേവൻ തോട്ടത്തിൽ നി്‌ന്ന് പിരിഞ്ഞശേഷം മറയൂരിൽ താമസമാക്കിയവരാണ്. കച്ചവടവും കാലിനോട്ടവുമൊക്കെയായി പലതരത്തിൽ വന്നവരുമുണ്ട്. മലയാളികളിൽ അധികവും കോളനി കിട്ടിവന്നവരാണ്. ജോലികിട്ടി വന്നവരും കുടിയേറി വന്നവരുമുണ്ട്. പട്ടം താണുപിള്ള ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിൽ കോളനി അനുവദിച്ചപ്പോൾ അതിലൊന്ന് മറയൂരായിരുന്നു. അന്നു അഞ്ചേക്കർ കോളനികിട്ടിയ പലരും അതുപേക്ഷിച്ചുപോയി. കാലാവസ്ഥയുമായി മല്ലിടാൻ വയ്യാതെയും ഉള്ളിയും ഉരുളക്കിഴങ്ങും മാത്രമേ വിളയൂ എന്ന ധാരണയിലുമായിരുന്നു. ഇന്ന് തെങ്ങ് വ്യാപകമായിക്കഴിഞ്ഞു.ഗുണനിലവാരത്തിന് പേരുകേട്ടതാണ് മറയൂർ ശർക്കര. ഒരിക്കൽ കരിമ്പുനട്ടാൽ നാലഞ്ചുവർഷത്തേക്ക് വേറെ ചെടി നടേണ്ട. കരിമ്പുവെട്ടിക്കഴിഞ്ഞാൽ വയലിൽ തീയിടുകയാണ് ചെയ്യുന്നത്. പിന്നെ ഒരാഴ്‌ചയോളം വെള്ളം കെട്ടിനിർത്തും. കത്തിയ കരിമ്പിൻ കുറ്റികൾ തളിർക്കാൻ തുടങ്ങും.
[തിരുത്തുക] കൃഷിരീതി
അഞ്ചുനാടുകളിൽ മാത്രമുള്ള കൃഷിരീതിയാണ് പൊടിവിത. പണ്ട് പണ്ട് രണ്ടയൽക്കാർ തമ്മിൽ പിണക്കമായിരുന്നു. ഒന്നാമൻ തന്റെ വയലിൽ വിത്തുവിതച്ചു. വിത്തുമുളച്ചുവരുന്നതു കണ്ടപ്പോൾ അയൽക്കാരന് സഹിച്ചില്ല. അയാൾ തന്റെ കാളയെ വെച്ച് മുളച്ചുവന്ന നെല്ലുമുഴുവൻ ഉഴുതുമറിച്ചിട്ടു. ഒന്നാമൻ പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ചു. നാട്ടുകൂട്ടം സത്യമറിയാൻ വന്നപ്പോൾ കണ്ടത് ഉഴുതുമറിച്ചിട്ട വയലിൽ നെല്ല് തഴച്ചു വളരുന്നതാണ്. അന്നുതുടങ്ങിയതാണിവിടെ പൊടിവിത.
[തിരുത്തുക] വിനോദ സഞ്ചാരകേന്ദ്രങ്ങൾ
- അഞ്ച് നാട് എന്ന ചരിത്ര പരമായി പ്രാധാന്യമുള്ള ഒരു സ്ഥ്ലലം ഇവിടെ സ്ഥിതി ചെയ്യുന്നു. വളരെ പുരാതന രീതിയിലെ ആഘോഷങ്ങളും ആചാരങ്ങളും ഇവിടെ കാണാം. ഇവിടെക്ക് റോഡുമാർഗ്ഗം എത്തിച്ചേരാവുന്നതാണ്.
- മൂന്നാറിലെത്തുന്ന സഞ്ചാരികൾ ഇരവികുളം വരയാട് സങ്കേതവും മാട്ടുപ്പെട്ടിയിലും കൂടാതെ മറയൂരിലേക്കും എത്തിച്ചേരാവുന്നതാണ്.
- തൂവാനം വെള്ളച്ചാട്ടം - മറയൂരിലെ ഒരു പ്രധാന ആകർഷണമാണ്
- രാജീവ്ഗാന്ധി ദേശീയപാർക്ക് - മറയൂരിന് സമീപത്തുള്ള ഈ പാർക്ക് ഇവിടുത്ത് പ്രധാന ആകർഷണമാണ്.