കട്ടപ്പന
| കട്ടപ്പന | |
| 9.7522° N 77.1150° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | ഇടുക്കി |
| ഭരണസ്ഥാപനങ്ങൾ | കട്ടപ്പന ഗ്രാമപഞ്ചായത്ത് |
| ' | ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് |
| വിസ്തീർണ്ണം | 50.6ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 39608(2001ലെ കാനേഷുമാരി പ്രകാരം) |
| ജനസാന്ദ്രത | 783/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
685508 +04868 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | അഞ്ചുരുളി, കല്യാണത്തണ്ട് |
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് കട്ടപ്പന. വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി എന്നിവയ്ക്ക് അടുത്താണ് കട്ടപ്പന.
ഉള്ളടക്കം |
[തിരുത്തുക] സമ്പദ് വ്യവസ്ഥ
കട്ടപ്പനയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും കുരുമുളക് ,ഏലം, കാപ്പി, കൊക്കോ മുതലായ കൃഷിയെ ആശ്രയിച്ചിരിക്കുന്നു. 80-കളുടെ മദ്ധ്യത്തിൽ കുരുമുളക് ,ഏലം വില വളരെ കൂടിയതിനാൽ കട്ടപ്പനയിൽ മുമ്പെങ്ങുമില്ലാത്ത വിധം കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് ഈ നഗരം വളരെ ജനസാന്ദ്രമാണ്.
ആയിരത്തി തൊള്ളായിരത്തി അറുപതുകളിലാണ് കട്ടപ്പന ഗ്രാമപഞ്ചായത്ത് രൂപം കൊള്ളുന്നത്. ഇതുവരെ ഈ പ്രദേശം ഉപ്പുതറ ഗ്രാമ പഞ്ചായത്തിൻറെ അധികാര പരിധിക്കുള്ളിലായിരുന്നു. പുല്ലുമേഞ്ഞ കുടിലുകളും ഏലക്കാ, കുരുമുളക് തുടങ്ങിയവ സൂക്ഷിക്കുന്ന പുരകളും മാത്രമുണ്ടായിരുന്ന പ്രദേശത്തു നിന്നും രൂപം കൊണ്ട് മലഞ്ചരക്കു വ്യാപാരത്തിന്റെ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ വാണിജ്യപരമായി വളർന്ന് 22 വാർഡുകളുള്ള നാഗരിക സ്വഭാവമുള്ള പ്രത്യേക ഗ്രേഡ് ഗ്രാമ പഞ്ചായത്തായി മാറിയിരിക്കുന്നു. സർക്കാരിൻറെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആസൂത്രണ ധനം കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ എണ്ണപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് കട്ടപ്പന.
നാണ്യവിളകളുടെ വിലയെ ആശ്രയിച്ചാണ് ഇന്നും കട്ടപ്പനയുടെ സാമ്പത്തിക നട്ടെല്ല് നിവർന്നു നിൽക്കുന്നത്.[1]. അടുത്തകാലംവരെ കൃഷിയെമാത്രം ഉപജിവനത്തിന് ആശ്രയിക്കുന്നവരായിരുന്നു കൂടുതൽ ജനങ്ങളും ഈ സ്ഥിതിക്ക് മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്. വ്യാപാര, സേവനമേഖലകളിലേക്കുംകൂടി ഒട്ടേറെപ്പേർ ആകൃഷ്ടരായി പോകുന്നു.
[തിരുത്തുക] ചരിത്രം
ആയിരത്തി തൊള്ളായിരത്തി നാല്പ്പതുകൾ വരെ കട്ടപ്പന ആദിവാസി മേഖലയായിരുന്നു. മന്നാൻ, ഊരാളി ഗോത്രങ്ങൾ അധിവസിച്ചിരുന്ന മേഖലയായിരുന്നു കട്ടപ്പന.സമതലങ്ങളിൽ നിന്ന് കുടിയേറ്റം ആരംഭിച്ചതോടെ ആദിവാസികൾ ഈ മേഖലയിൽ നിന്നും ഒഴിഞ്ഞു തുടങ്ങി എന്നു മാത്രമല്ല നിലവിലിരുന്ന ആദിവാസി സംസ്കാരത്തെ ചവിട്ടി മെതിക്കുകയും ചെയ്തു. ഇന്ന് സ്ഥലനാമങ്ങളിലൂടെ മാത്രം പുതിയ തലമുറ ആദിവാസി സംസ്കാരത്തെക്കുറിച്ചറിയുന്നു. 1951ൽ ആണ് വ്യപകമായ കുടിയേറ്റം നടക്കുന്നത്.സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള ആൾക്കാർ ഇവിടെ കുടിയേറി. പ്രതികൂലമായ കാലാവസ്ഥയും, മുഷ്യജീവിതത്തിന് പറ്റാത്ത ചുറ്റുപാടുകളുമാണ് നിലനിൽക്കുന്നതെന്ന് കണ്ട് ആദ്യ കേരളാ സർക്കാർ കുടിയേറ്റക്കാരെ കുടിയിറക്കുവാൻ നടപടികൾ സ്വീകരിച്ചുതുടങ്ങി. ശക്തമായ നടപടികൾ സ്വീകരിച്ചിട്ടും കർഷകർ തങ്ങൾ വെട്ടിപ്പിടിച്ച മണ്ണ് വിട്ടുപോകുവാൻ തയ്യാറായില്ല. ശക്തമായ സമരങ്ങളും, സർക്കാർവിരുദ്ധ സമരങ്ങളും ഇതേതുടർന്ന് നടന്നു. ദുസ്സഹമായ കാലാവസ്ഥയോടും വന്യജീവികളോടും രോഗങ്ങളോടും പൊരുതി അവർ കാർഷിക സംസ് കൃതി രചിച്ചു.
കട്ടപ്പനയിലെ വലിയ ഒരു ഭാഗം ഭൂമിക്കും പട്ടയം ഇല്ല. ഇത് ഔദ്യോഗിക രേഖകൾ പ്രകാരം ഏലം റിസർവ് ആണ്. കർഷകർക്ക് പട്ടയം പതിച്ചുനൽകുന്നതിനെ ചൊല്ലി കേരള സർക്കാർ കക്ഷിയായി പല കേസുകളും ഇന്നും നിലവിലുണ്ട്. 1977ന് ശേഷമുള്ള കൈവശഭൂമികൾക്ക് പട്ടയം നൽകിയത് സാധൂകരിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇവിടെയുള്ള കർഷകർ നേരിടുന്ന പതിറ്റാണ്ടുകളായുള്ള ഭൂപ്രശ്നത്തിന് അറുതിവരുത്തും.
[തിരുത്തുക] രാഷ്ട്രീയം
കട്ടപ്പന എന്നും കുടിയേറ്റ രാഷ്ട്രീയത്തിന്റെ വിളഭൂമിയാണു. കേരളാ കോൺഗ്രസുകളുടെ പരീക്ഷണശാലയായിരുന്ന കട്ടപ്പന ഇന്ന് ഏറെക്കുറെ ആ പേര് മാറ്റി വരുന്നു. അടുത്ത കാലങ്ങളിലുണ്ടായ വലിയ കളം മാറലുകളിലൂടെ കേറളാ കോൺഗ്രസ് ഗ്രൂപ്പുകൾക്ക് ശക്തിക്ഷയിച്ചു. കാലിനടിയിലെ മണ്ണ് ഒലിച്ചു മാറുന്നത് തിരിച്ചറിയാൻ കഴിയാത്ത വൻ വീഴ്ചകൾ ഉണ്ടായി.
കട്ടപ്പന, കാഞ്ചിയാർ, വണ്ടൻമേട്, ചക്കുപള്ളം, ഇരട്ടയാർ, മരിയാപുരം, കാമാക്ഷി എന്നീഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കട്ടപ്പനയും പരിസരപ്രദേശങ്ങളും.
[തിരുത്തുക] എത്തിച്ചേരുവാനുള്ള വഴി
- കോട്ടയത്തുനിന്നും കട്ടപ്പനയ്ക്ക് ബസ്സ് ലഭിക്കും.കോട്ടയത്തുനിന്നും പാലാ തൊടുപുഴ ഇടുക്കി വഴിയും, പാലാ ഈരാറ്റുപേട്ട വാഗമൺ വഴിയും കാഞ്ഞിരപ്പള്ളി മുണ്ടക്കയം കുട്ടിക്കാനം ഏലപ്പാറ വഴിയും ബസ്സ് സർവ്വീസുകൾ ഉണ്ട്.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോട്ടയം, ആലുവ,മധുര,തേനി റെയിൽവേ സ്റ്റേഷനുകൾ.
[തിരുത്തുക] വിനോദസഞ്ചാരം
കട്ടപ്പനയ്ക്ക് അടുത്തായി പ്രകൃതിരമണീയമായ പല വിനോദസഞ്ചാര സ്ഥലങ്ങളും ഉണ്ട്. കല്യാണത്തണ്ട്,അഞ്ചുരുളി, അമ്പലപ്പാറ, മേട്ടുക്കുഴി, നരിയംപാറ മുതലായ പ്രകൃതി രമണീയ ഗ്രാമങ്ങൾ കട്ടപ്പനയിലാണ്.കടമാക്കുഴി മേട്ടുക്കുഴി, വള്ളക്കടവ് മേഖലകൾ ഫാം ടൂറിസത്തിനനുയോജ്യമെങ്കിലും ആരും മുന്നോട്ട് വന്നിട്ടില്ല. കട്ടപ്പനയ്ക്ക് വളരെ വികസിതമായ സാംസ്കാരിക പശ്ചാത്തലം ഉണ്ട്. അതിവേഗം നാഗരികമായിക്കൊണ്ടിരിക്കുന്ന കേരളീയഗ്രാമങ്ങൾക്ക് ഒരപവാദമാണ് കട്ടപ്പന. ഹൈറേഞ്ചിലെ വിവിധ വിനോദ സഞ്ചാര മേഖലകൾക്കിടയ്ക്കുള്ള ഒരു പ്രധാന ഇടത്താവളവും വിശ്രമകേന്ദ്രവും ആണ് കട്ടപ്പന. തേക്കടി-എറണാകുളം(ഇടുക്കി വഴി)റൂട്ടിലെ പ്രധാന പട്ടണം കട്ടപ്പനയാണ്. തേക്കടി-മൂന്നാർ, മൂന്നാർ-വാഗമൺ എന്നീവഴികളിലും സഞ്ചാരികൾക്ക് ഏറ്റവും സേവനം ലഭ്യമാകുന്ന ഇടം കട്ടപ്പനയാണ്.
അഞ്ചുരുളി ജലാശയവും തുരങ്കവും സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. കല്യാണത്തണ്ട് മലനിരകളിൽ നിന്നുമുള്ള കാഴ്ചകൾ കാണുന്നതിനായുള്ള സഞ്ചാരികളുടെ വരവു് ഈ പ്രദേശവും സമീപ ഭാവിയിൽത്തന്നെ വിനോദ സഞ്ചാര മേഖലയാകുമെന്നതിനുള്ള വ്യക്തമായ ദൃഷ്ടാന്തമായി കരുതാം.
[തിരുത്തുക] പലവക
കട്ടപ്പനയിൽ നിന്നുള്ള സെബാസ്റ്റ്യൻ ജോസഫ് എന്ന കൃഷിക്കാരനാണ് ഞള്ളാനി എന്ന മുന്തിയ ഇനം ഏലം തന്റെ കൃഷിസ്ഥലത്ത് സ്വന്തമായി വികസിപ്പിച്ച് എടുത്തത്[2].