തീവണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തീവണ്ടി-മീറ്റര്‍ ഗേജ്, ഡീസല്‍ എഞ്ചിന്‍

റെയില്‍ പാളത്തിലൂടെ ഓടിക്കാവുന്ന ഒന്നില്‍ക്കൂടുതല്‍ പെട്ടികളും അവയെ വലിച്ചുകൊണ്ടൂപോകാന്‍ വേണ്ടത്ര ശക്തിയുള്ള എഞ്ചിനും ചേര്‍ന്ന യാത്രാസംവിധാനത്തെയാണ്‌ തീവണ്ടി എന്ന്‌ പറയുന്നത്‌. ട്രെയിന്‍(Train) എന്ന് ഇംഗ്ലീഷ്. മനുഷ്യര്‍ തങ്ങളുടെ യാത്രക്കും ഏതു ജംഗമവസ്തുക്കളും ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടൂപോകുന്നതിന്നും ഉപയോഗിക്കുന്ന വാഹനമാണ് ഇത്. ആദ്യകാലങ്ങളില്‍ കല്ക്കരി് ഇന്ധനമായി ഉപയോഗിച്ച് ആവിയന്ത്രം കൊണ്ടാണ് ഇതോടിച്ചിരുന്നത്. വെള്ളം ചൂടാക്കി ആവിയാക്കാന്‍ ഇതിന്റെ ബോയിലറില്‍ കല്‍ക്കരിയിട്ട് നേരിട്ട് തീ കത്തിച്ചിരുന്നതുകൊണ്ടാണ്‌ തീവണ്ടി എന്ന പേരു കിട്ടിയത്. പില്‍ക്കാല്‍ത്ത് ഡീസലും വൈദ്യുതിയും ഇന്ധനമായി ഉപയോഗിക്കാന്‍ തുടങ്ങി. കരയില്‍ പാതകളില്‍ക്കൂടിയോടുന്ന മറ്റേതു വാഹനങ്ങളേക്കാളും കൂടുതല്‍ ഭാരം ഒറ്റയാത്രയില്‍ തന്നെ വളരെ വേഗത്തില്‍ കൊണ്ടുപോകാമെന്നതാണ്‌ ഇതിന്റെ മെച്ചം.

അടിസ്ഥാനപരമായ കാര്യങ്ങളില്‍ തുടക്കം മുതലിന്നോളം യാതൊരു സാങ്കേതികമാറ്റങ്ങളൊന്നും വന്നിട്ടില്ലാത്ത മറ്റൊരു മേഖല തീവണ്ടീഗതാഗതരംഗം പോലെയൊന്ന് കണ്ടെത്താനാവില്ല. തുടക്കം മുതലിന്നോളം അത്‌ ഇരുമ്പു പാളങ്ങളിലൂടെ ഇരുമ്പു ചക്രങ്ങളില്‍ ഓടുന്നു. വൈവിധ്യമേറിയ ആവശ്യങ്ങള്‍ക്കായി ഇതിനെ ഉപയോഗപ്പെടുത്തേണ്ടിവന്നപ്പോള്‍ മനുഷ്യര്‍ ഈ രംഗത്ത്‌ പരീക്ഷിച്ചു നോക്കിയിട്ടുള്ള ആശയങ്ങളും അതുപോലെത്തന്നെ അനിതരസാധാരണങ്ങളായിരുന്നു. അതാതു കാലത്ത്‌ സാങ്കേതികശസ്ത്രത്തിന്റെ എല്ലാ മേഖലകളിലുമുണ്ടാകുന്ന മുന്നേറ്റങ്ങളെ താമസം വിനാ സ്വാംശീകരിച്ച്‌ പ്രയോജനപ്പെടുത്തുന്ന കാര്യത്തിലും തീവണ്ടിശൃംഖലകള്‍ വളരെ ശ്രദ്ധിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ഇരുമ്പുപാളങ്ങളിലൂടെ ചക്രം പിടിപ്പിച്ച ചെറിയ പെട്ടികള്‍ ഉന്തിയും തള്ളിയും വലിച്ചും നീക്കി ഖനികളിലും മറ്റും സാധനങ്ങള്‍ കോണ്ടുപോകുന്ന നേരത്തെതന്നെ നിലവിലുണ്ടായിരുന്ന സംവിധാനങ്ങളോട് പില്‍ക്കാലത്ത് കണ്ടുപിടിക്കപ്പെട്ട ആവിയന്ത്രം (steam engine) കൂട്ടിച്ചേര്‍ത്താണ്‌ ഇന്നു കാണുന്ന തീവണ്ടികള്‍ രൂപം കൊള്ളുന്നത്. അക്കാലത്ത് കല്‍ക്കരിയാണ്‌ തീവണ്ടി എഞ്ചിനുകളില്‍ ഇന്ധനമായി ഉപയോഗിച്ചിരുന്നത്. ഭൂതലത്തില്‍ ദീര്‍ഘദൂരത്തേക്ക് കൂടുതല്‍ ഭാരം വേഗത്തില്‍ എത്തിക്കാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗമായി ഇത് പെട്ടെന്നു തന്നെ പ്രചാരം നേടി. പത്തൊന്‍പതാം നൂറ്റാണ്ടിലെ വ്യാവസായികവിപ്ലവത്തിന്ന് ആക്കം കൂട്ടാന്‍ ഇത് ഏറെ സഹായിക്കുകയുണ്ടായി. പില്‍ക്കാലത്ത് ആളുകള്‍ക്കും യാത്രചെയ്യാന്‍ പാകത്തില്‍ ഇതിന്റെ ബോഗികള്‍ വികസിപ്പിച്ചെടുത്ത് യാത്രാത്തീവണ്ടികളും പ്രചാരത്തില്‍ വന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ ജയപരാജയങ്ങള്‍ നിര്‍ണയിച്ചുകൊണ്ട് യുദ്ധസാമഗ്രികളെയും പട്ടാളക്കാരേയും സമരമുഖങ്ങളിലെത്തിക്കുന്നതില്‍ ഇതിന്ന് കാര്യമായ പങ്കുണ്ടായിരുന്നു. അക്കാലത്ത് തീവണ്ടികള്‍ക്ക് ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാന്‍ പ്രകൃതിപരിസര‍ങ്ങളോട് ഇണങ്ങിച്ചേരുന്ന കാമോഫ്ലാഷ് നിറങ്ങളാണ് അടിച്ചിരുന്നത്. പോര്‍ വിമാനങ്ങള്‍ ലക്ഷ്യനിര്‍ണ്ണയത്തിനായി ആധുനിക സംവിധാനങ്ങള്‍ സ്വീകരിച്ചുതുടങ്ങിയ കാലം വരെ ഈ രീതി തുടര്‍ന്നു പോന്നിരുന്നു.

[തിരുത്തുക] റെയില്‍ പാതകള്‍‍

കരി‍ങ്കല്‍ച്ചീളുകള്‍ നിരത്തി അതിന്‍മുകളില്‍ നിരയായി വിന്യസിക്കുന്ന സ്ലീപ്പറുകളും അവക്കു മുകളിലൂടെ ‍ ഉറപ്പിച്ചുപോകുന്ന സമാന്തരങ്ങളായ രണ്ട് ഇരുമ്പുപാളങ്ങളും ചേര്‍ന്നതാണ്‌ റെയില്‍പ്പാത. തീവണ്ടിക്ക് ഉപയോഗിക്കുന്നത് ഇരുമ്പുചക്രങ്ങളാണ്‌. താരതമ്യേന കുറഞ്ഞ ഘര്‍ഷണത്തോടെയും വളരെ കുറഞ്ഞ തേയ്മാനത്തോടെയും തികഞ്ഞ ബലത്തോടെയും അതിവേഗത്തില്‍ ഓടാന്‍ ഇരുമ്പുചക്രങ്ങള്‍ സഹായിക്കുന്നു. സാധാരണഗതിയില്‍ പാളങ്ങളില്‍നിന്ന് പുറത്തേക്ക് തെന്നി മാറാന്‍ പറ്റാത്ത രീതിയിലാണ്‌ ചക്രങ്ങളുടെ രൂപം. റെയില്‍പ്പാതയുടെ വളവുകള്‍ക്ക് കൂടിയ വ്യാസാര്‍ദ്ധങ്ങള്‍ വേണ്ടതുണ്ട്. തീവണ്ടികളുടെ കൂടിയ വേഗതയും ബോഗികളുടെ എണ്ണക്കൂടുതലും അവയുടെ ഘടനയും ആണ്‌‍ ഇതിന്നു കാരണം. കൂടിയ ചരിവുള്ള കയറ്റങ്ങളില്‍ നേരേ കയറിപ്പോകാന്‍ റെയില്‍പ്പാതകള്‍ നിര്‍മ്മിക്കുന്നത്‌ പ്രായോഗികമല്ല. വിവിധതരം റെയില്‍ഗേജുകള്‍ക്കനുസരിച്ച് പാളങ്ങളുടെ പരിഛേദത്തില്‍ വ്യത്യാസമുണ്ടാകും. നിശ്ചിതനീളത്തില്‍ ഫാക്ടറികളില്‍ നിര്‍മ്മിക്കപ്പെടുന്ന റെയില്‍പ്പാളങ്ങള്‍ പാതയിടുന്നയിടത്തു എത്തിച്ച് ഒന്നിനോടൊന്ന് ആണികളിട്ടോ അല്ലെങ്കില്‍ ഉരുക്കിച്ചേര്‍ത്തോ ആണ്‌ റെയില്‍പ്പാതകള്‍ നിര്‍മിക്കുന്നത്. ആദ്യകാലത്ത്‌ സ്ളീപ്പറുകള്‍ നിര്‍മ്മിച്ചിരുന്നത്‌ മരത്തടികള്‍ കൊണ്ടായിരുന്നു. തേക്കും യൂക്കാലിപ്റ്റസ്‌ മരവും ഇതിനായി ഉപയോഗിച്ചുവന്നു. മരങ്ങള്‍ക്ക്‌ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ കോണ്‍ക്രീറ്റ്‌ ഉപയോഗിച്ച്‌ ബലമുള്ളതും ഈടുനില്ക്കുന്നതുമായ സ്ളീപ്പറുകള്‍ നിര്‍മ്മിച്ചുവരുന്നു.

[തിരുത്തുക] എഞ്ചിനുകള്‍

ആവിയന്ത്രം ഉപയോഗിച്ചുള്ള എഞ്ചിനുകളാണ്‌ ആദ്യകാലത്തുണ്ടായിരുന്ന്ത്‌. ഇവക്ക്‌ നല്ല വലിപ്പം അത്യാവശ്യമായിരുന്നു. ഇവക്ക്‌ വലിക്കാന്‍ കഴിയുമായിരുന്ന പെട്ടികളുടെ എണ്ണം പരിമിതവുമായിരുന്നു. ഇതിന്ന്‌ വേണ്ട കല്‍ക്കരിയും വെള്ളവും പ്രധാന സ്റ്റേഷനുകളിലെല്ലാം കരുതിവക്കുക ശ്രമകരമായ ജോലിയായിരുന്നു. കല്‍ക്കരി സൂക്ഷിക്കുകയെന്നത്‌ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഉണ്ടാക്കി. അക്കാലത്ത്‌ കുറഞ്ഞ ദൂരം യാത്രചെയ്യുമ്പോള്‍ പോലും വസ്ത്രങ്ങളിലും ദേഹത്തും കല്‍ക്കരിപ്പൊടി പുരളാതെ യാത്ര തരമാകില്ലായിരുന്നു.

മറ്റു സാങ്കേതികശാസ്ത്രങ്ങളുടെ വളര്‍ച്ചയോടെ അവയും ഉപയോഗപ്പെടുത്തി മേല്‍പ്പറഞ്ഞ അസൗകര്യങ്ങളില്ലാത്ത ഇന്ധനങ്ങളെന്ന നിലക്ക്‌ വൈദ്യുതിയാണ്‌ ആദ്യം പരീക്ഷിക്കപ്പെട്ടത്‌. 1920 -കളോടെത്തന്നെ വൈദ്യുതി എഞ്ചിനുകള്‍ നിലവില്‍ വന്നിരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത കൂടിയതിനനുസരിച്ച്‌ ഡീസല്‍ എഞ്ചിനുകളും പ്രചാരത്തിലായി. കുറഞ്ഞ വലിപ്പമുള്ള ഇത്തരം എഞ്ചിനുകളില്‍ നിന്ന്‌ കൂടുതല്‍ ശക്തി കിട്ടുമെന്നായതോടെ വിവിധമാര്‍ഗങ്ങളിലൂടെ ധാരാളം വൈദ്യുതി നിര്‍മ്മിക്കാന്‍ കഴിയുന്ന ഇക്കാലത്ത്‌ റെയില്‍വേകളില്‍നിന്ന്‌ ആവിയന്ത്രങ്ങള്‍ അപ്രത്യക്ഷമായി.

തുടക്കങ്ങളില്‍ വിവിധ പണിശാലകളില്‍ നിന്നിറങ്ങിയിരുന്ന ആവി എഞ്ചിനുകള്‍ ഓരോന്നും ഓരോ രീതിയില്‍ രൂപകല്പന ചെയ്തവയായിരുന്നു. കൂടാതെ മലമ്പ്രദേശങ്ങളിലും അതുപോലെ ദുര്‍ഘടമായ സ്ഥലങ്ങളിലും ഉപയോഗിക്കാന്‍ പ്രത്യേകം എഞ്ചിനുകളും ഉണ്ടാക്കിയിരുന്നു. എഞ്ചിന്‍ ഡ്രൈവര്‍മാര്‍ക്ക് എപ്പോഴും ബോയിലറിനു നേരേ തിരിഞ്ഞു നില്‍ക്കേണ്ടിയിരുന്നതുകൊണ്ട് ഈ എഞ്ചിനുകള്‍ കൂടുതകല്‍ സമയം പുറകോട്ടോടിക്കാന്‍ പ്രയാസമായിരുന്നു. അതുകൊണ്ട് ആവി എഞ്ചിനുകള്‍ പുറകോട്ടു തിരിച്ചുനിര്‍ത്താന്‍ പ്രത്യേകം സംവിധാനങ്ങളും പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ ഉണ്ടാക്കിയിരുന്നു. വട്ടത്തില്‍ കറക്കിയെടുക്കാന്‍ കഴിയുന്ന ഒരു തട്ടിന്മേല്‍ ഉറപ്പിച്ച റെയിലിനു മുകളില്‍ എഞ്ചിനുകള്‍ കയറ്റിനിര്‍ത്തി അതു മൊത്തം മനുഷ്യപ്രയത്നം കൊണ്ട് കറക്കി 180 ഡിഗ്രി തിരിച്ചു നിര്‍ത്തി എഞ്ചിന്‍ തിരികെയിറക്കിക്കൊണ്ടു വരികയായിരുന്നു പതിവ്. സ്റ്റാന്‍ഡേര്‍ഡുകള്‍ ഒന്നും നിലവില്‍ വന്നിട്ടില്ലാത്ത അക്കാലത്ത്‌ മുന്നിലും പിന്നിലും ഓരോ ബോയിലറുകളുള്ള പടുകൂറ്റന്‍ എഞ്ചിനുകള്‍പോലും നിര്‍മിക്കപ്പെട്ടിരുന്നു. സ്വകാര്യ വ്യക്തികളുടെ ആവശ്യത്തിന്നുള്ള ചെറിയ തീവണ്ടികളില്‍ ഉപയോഗിക്കാനും മറ്റുമായി ചന്തമുള്ള ചെറിയ എഞ്ചിനുകളും ഉണ്ടാക്കി വന്നു. മറ്റൊരു ബോയിലറില്‍ നിന്ന് അതിമര്‍ദ്ദത്തിലുള്ള നീരാവി എടുത്ത് കരുതിവച്ച് അതുകൊണ്ട് ഓടിക്കാന്‍ കഴിയുമായിരുന്ന കുഞ്ഞന്‍ എഞ്ചിനുകളും ഉണ്ടായിരുന്നു. സ്റ്റേഷനുകളില്‍ ബോഗികള്‍ ഷണ്ട്‌ ചെയ്യാന്‍ ചെറിയ തരം എഞ്ചിനുകള്‍ ഉണ്ടാക്കൂന്ന രീതി ഇന്നും നിലവിലുണ്ട്‌.

വൈദ്യുതി എഞ്ചിനുകള്‍ സാര്‍വത്രികമാകാന്‍ വളരെക്കാലം വേണ്ടിവന്നു. പാളങ്ങളുടെ വൈദ്യുതീകരണത്തിന്നു വേണ്ട കൂടിയ മുതല്‍മുടക്കും വൈദ്യുതിയുടെ കുറഞ്ഞ ലഭ്യതയുമായിരുന്നു കാരണം. പെട്രോളിയത്തിന്റെ ലഭ്യത കൂടിവന്നതോടെ ഡീസല്‍ എഞ്ചിനുകളും പ്രചാരത്തില്‍ വന്നു. എന്നാല്‍ ഇക്കാലത്ത്‌ റെയില്‍ വേകളില്‍ കൂടുതലും വൈദ്യുത എഞ്ചിനുകളാണ്‌ പ്രചാരത്തിലുള്ളത്‌. ഇന്ധനമെന്ന നിലയില്‍ വൈദ്യുതി കൈകാര്യം ചെയ്യാനുള്ള എളുപ്പമാണ്‌ ഇതിന്നു പ്രധാന കാരണം. ഇന്നു 3000 മുത 4500 വരെ എച്‌.പി. (കുതിരശ്ശക്തി) തരുന്ന എഞ്ചിനുകള്‍ നിലവിലുണ്ട്‌.

[തിരുത്തുക] അതിവേഗതീവണ്ടികള്‍

സാധാരണതീവണ്ടികളുടെ വേഗത മണിക്കൂറില്‍ നൂറ് - നൂറ്റി ഇരുപത് കിലോമീറ്ററാണ്‌. എന്നാല്‍ മണിക്കൂറില്‍ 300 മുതല്‍ 400 വരെ കി.മീ. വേഗതയുള്ള തീവണ്ടികളും നിലവില്‍ വന്നിട്ടുണ്ട്. അവക്കു മാത്രമായുള്ള പാള‍ങ്ങളില്‍ പ്രത്യേകതരം എഞ്ചിനുകളും ബോഗികളും ഉപയോഗിച്ച് കമ്പ്യൂട്ടര്‍ നിയന്ത്രിതങ്ങളായാണ്‌ ഇത്തരം വണ്ടികള്‍ ഓടിക്കപ്പെടുന്നത്. ചൈന, ജാപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ അവ ഓടുന്നുണ്ട്.

[തിരുത്തുക] സിഗ്നല്‍ സംവിധാനങ്ങള്‍

തീവണ്ടിയാത്രയുടെ സുരക്ഷക്ക് കുറ്റമറ്റ സിഗ്നല്‍ സംവിധാങ്ങള്‍ അത്യന്താപേക്ഷിതമാണ്‌ ‍. അടുത്തടുത്ത സ്റ്റേഷനുകള്‍ തമ്മില്‍ അവക്കിടയില്‍ ഓടുന്ന വണ്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുക, സ്റ്റേഷനുകളിലേക്കു കടന്നുവരാനും സ്റ്റേഷന്‍ വിട്ടുപോകാനും എഞ്ചിന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുക തുടങ്ങി പല ആവശ്യങ്ങള്‍ക്കും ഇത് വേണ്ടതുണ്ട്. ആദ്യകാലത്ത് പലപ്പോഴും സ്റ്റേഷന്മാസ്റ്റര്‍മാര്‍ സ്റ്റേഷന്റെ അറ്റത്തു ചെന്നു നോക്കിത്തന്നെ വണ്ടികള്‍ കടത്തിവിടേണ്ടിയിരുന്നു. പിന്നീട് സ്റ്റേഷനില്‍നിന്നും തുടര്‍ന്ന് പ്രത്യേകം സിഗ്നല്‍ ക്യാബിനുകളില്‍ നിന്നും നിയന്ത്രിക്കാവുന്ന യന്ത്രക്കയ്യുകള്‍ നിലവില്‍ വന്നു. അതോടൊപ്പം പച്ചയും ചുവപ്പും നിറങ്ങളിലുള്ള കൊടികളും വിളക്കുകളും, ഡ്രൈവര്‍മാര്‍ സ്റ്റേഷനുകള്‍ തോറും കൈമാറേണ്ടിയിരുന്ന താക്കോലുകള്‍ എന്നിവയും അതിന്റെ ഭാഗങ്ങളായി വന്നു. സ്റ്റേഷനുകള്‍ തമ്മില്‍ വിവരങ്ങളരിയിക്കാന്‍ റെയില്പ്പാതകള്‍ക്കു സമാന്തരങ്ങളായി കാലുകള്‍ നാട്ടി ടെലിഫോണ്‍ / ടെലിഗ്രാഫ് ലൈനുകള്‍ ഇട്ടുപോന്നു. ഈ ലൈനുകളിലൂടെ അക്കാലത്ത് സീറ്റ് റിസര്‍വേഷന്‍ തുടങ്ങിയ സംവിധാനങ്ങളും പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ഇക്കാലത്ത് ആധുനിക വാര്‍ത്താവിനിമയോപാധികള്‍ സിഗ്നല്‍ സംവിധാധാനങ്ങളെ തീര്‍ത്തും സുരക്ഷിതവും ദ്രുതതരവുമാക്കിയിരിക്കുന്നു. ഇന്ന് മൈക്രോവേവ് ശൃംഖലകളും ഉപഗ്രഹ സംവിധാനങ്ങളും കമ്പ്യൂട്ടറുകളുമെല്ലാം ചേര്‍ന്ന്‌ അസംഖ്യം റെയില്‍വേ സ്റ്റേഷനുകളിലൂടെയുള്ള തീവണ്ടികളുടെ വിയന്ത്രണം ഒരു കേന്ദ്രസ്ഥാനത്തുനിന്നു ചെയ്യാവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

[തിരുത്തുക] റെയില്‍പ്പാലങ്ങള്‍

കേരളത്തിലെ ഒരു റയില്‍പാലം

റെയില്‍പ്പാലങ്ങളുടെ നിര്‍മാണത്തിന്ന്‌ അടുത്തകാലം വരെ കൂടുതലും ഉപയോഗിച്ചിരുന്നത്‌ ഇരുമ്പായിരുന്നു. ദൂരസ്ഥലങ്ങളില്‍ വച്ചു നേരത്തെ തന്നെ രൂപകല്‍പന ചെയ്ത്‌ തയ്യാറാക്കുന്ന ഇരുമ്പു ഗിര്‍ഡറുകള്‍ പുഴയില്‍ നാട്ടുന്ന കരിങ്കല്ലോ ഇരുമ്പുതന്നേയോ ഉപയോഗിച്ചുള്ള തൂണുകളില്‍ ഉറപ്പിക്കുന്നതായിരുന്നു ഇതിന്റെ നിര്‍മാണരീതി. തുടര്‍ച്ചയായുള്ള യാന്ത്രിക കമ്പനങ്ങള്‍ താങ്ങാനുള്ള ഇരുമ്പിന്റെ ശേഷിയും കൃത്യമായി ചായം പൂശിയും മറ്റും കേടുകൂടാതെ ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയുമെന്നതും പെട്ടെന്നു തന്നെ അറ്റകുറ്റപ്പണികള്‍ നടത്താമെന്നതും ആയിരുന്നു ഇതിന്നു കാരണം. ഈ രീതി ഏതാണ്ട്‌ ഒരുനൂറ്റാണ്ടോളം നിലനിന്നു. കൂടുതല്‍ നീളത്തിലുള്ള പാലങ്ങളെ ബലപ്പിക്കാന്‍ ഇരുമ്പുകൊണ്ടുതന്നെ പാലത്തിന്നു മുകളില്‍ കൂടുകള്‍ പോലെ പണിതുപോകുകയാണ്‌ ചെയ്തിരുന്നത്‌. എന്നാല്‍ അടുത്തകാലത്ത്‌ കൂടുതല്‍ മെച്ചപ്പെട്ട, കമ്പനത്തെ താങ്ങാന്‍ കഴിയുന്ന, ഈടും ബലവും വളരെക്കാലം നിലനില്‍ക്കുന്ന കോണ്‍ക്രീറ്റ്‌ സങ്കലനങ്ങള്‍ യാഥര്‍ഥ്യമായതോടെ കോണ്‍ക്രീറ്റും റെയില്‍ വേ പാലങ്ങള്‍ പണിയാന്‍ ഉപയോഗിക്കുന്നുണ്ട്‌. ഇരുമ്പുപാലങ്ങള്‍ക്കുമുകളിലൂടേയുള്ള തീവണ്ടികളുടെ പ്രയാണത്തിനിടെ ഉണ്ടാകാറുള്ള ശബ്ദബാഹുല്യം ഇല്ലാതാക്കാനും കോണ്‍ക്രീറ്റ്പാലങ്ങള്‍ക്ക്‌ കഴിയുന്നുണ്ട്‌

[തിരുത്തുക] ബോഗികള്‍

എഞ്ചിനു പുറകില്‍ കെട്ടി വലിച്ചുകൊണ്ടുപോകുന്ന പെട്ടികളെ ബോഗികള്‍ എന്നു പറയുന്നു.തീവണ്ടികളില്‍ വൈവിദ്ധ്യമാര്‍ന്ന തരം പെട്ടികള്‍ ഉപയൊഗിക്കുന്നു. ബോഗികള്‍ നിര്‍മ്മിക്കുന്നത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഇരുമ്പു തന്നെയാണ്‌. അതിവേഗത്തിലുള്ള ഓട്ടത്തിന്ന് പ്രാപ്തമാക്കുന്ന വിധത്തില്‍ ബലവും സുരക്ഷയും ഉറപ്പാകാനാണ്‌ ഇത്. അതുകൊണ്ട് റെയില്‍ വേ ബോഗികള്‍ക്ക് നാം സാധാരണ പ്രതീക്ഷിക്കാത്ത വിധം ഭാരമുണ്ടായിരിക്കും. ഒരു ബോഗിക്കു ശരാശരി നാല്പ്പതു ടണ്ണോളാം ഭാരം കാണും. ഇത്രയും കൂടിയ ഭാരം അതിന്റെ അതിവേഗഗമനത്തിനിടയില്‍ പാളങ്ങളില്‍ നിന്നു ചാടിപ്പോകാതിരിക്കാനും ബോഗികളെ പ്രാപ്തരാക്കുന്നു. യാത്രാബോഗികളുടെ നിര്‍മാണത്തില്‍ ഇരുമ്പിനുപുറമേ മറ്റെല്ലാ നിര്‍മ്മാണവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.

[തിരുത്തുക] യാത്രാത്തീവണ്ടികള്‍

മനുഷ്യരുടെ യാത്രക്കുള്ള ബോഗികള്‍ക്കു താരതമ്യേന നീളം കൂടുതലാണ്‌. ഇവയില്‍ കിടന്നുറങ്ങിയും ഇരുന്നും യാത്ര ചെയ്യനുള്ള സംവിധാങ്ങളുണ്ടാകാം. തികഞ്ഞ ആഡംബരത്തോടെ യാത്ര ചെയ്യാനാകുന്ന ബോഗികളും നിര്‍മ്മിക്കപ്പെടുന്നു. ബോഗികള്‍ ശീതീകരിച്ചു നിര്‍ത്താനുള്ള സംവിധാനങ്ങളും പില്‍ക്കാലത്ത്‌ ഉണ്ടായിവന്നു. ആദ്യകാലത്ത്‌ ബോഗികളില്‍നിന്നു ബോഗികളിലേക്ക്‌ തീവണ്ടി ഓടുമ്പോള്‍ കടക്കനാവില്ലായിരുന്നു. എന്നാല്‍ ഇന്ന്‌ ഏറ്റവും സുരക്ഷിതമായ മട്ടില്‍ അങ്ങിനെ കടന്നുപോകാന്‍ കഴിയുന്ന മട്ടിലാണ്‌ ബോഗികള്‍ ഉണ്ടാക്കുന്നത്‌. തീവണ്ടികള്‍ അപകടത്തില്പ്പെടുമ്പോള്‍ ഒരു ബോഗി തൊട്ടു പിറകിലേതുമായി കൂട്ടിയിടിച്ച് ഒന്ന് മറ്റൊന്നിലേക്കു ഇടിച്ചുകയറുന്നതൊഴിവാക്കാനുള്ള ആന്റി ടെലിസ്കോപിക് സുരക്ഷാസംവിധാനങ്ങള്‍ ഇന്ന് ബോഗികളിലുണ്ട്.

[തിരുത്തുക] ചരക്കുതീവണ്ടികള്‍

ചരക്കുഗതാഗതത്തിന്നുള്ള പെട്ടികള്‍ക്കാണ്‌ വൈവിധ്യങ്ങള്‍ കൂടുതല്‍. കല്‍ക്കരി, അയിരുകള്‍, പെട്രോള്‍, ഡീസല്‍, അമോണിയ പോലുള്ള വാതകങ്ങള്‍ , അരി, സിമന്‍റ്റ്‌, റെയില്‍പ്പാളങ്ങള്‍, മറ്റു വാഹനങ്ങള്‍, കപ്പലില്‍ നിന്നെത്തുന്ന കണ്ടെയിനറുകള്‍, കരിങ്കല്‍ച്ചല്ലി, റെയില്‍ വേ സ്ളീപ്പറുകള്‍ തുടങ്ങി സാധങ്ങള്‍ ഏതായാലും അവക്കെല്ലാം തരാതരം പോലെ അനുയോജ്യമായ മട്ടില്‍ സാമാന ബോഗികള്‍ ഉണ്ടാക്കിവരുന്നു. കൂടുതല്‍ ബോഗികള്‍ ഘടിപ്പിച്ച് ഇവയോടിക്കാന്‍ പലപ്പോഴും രണ്ട് എഞ്ചിനുകള്‍ ചേര്‍ത്ത് ഉപയോഗിക്കാറുണ്ട്. അതുപോലെ ഭാരം കയറ്റിയ ട്രക്കുകളും ട്രെയിലറുകളും മറ്റും നേരെ ഓടിച്ചു കയറ്റി വലിച്ചു കൊണ്ടുപോകാവുന്ന ബോഗികളും ഉണ്ട്. ഇവ ഉപയോഗിക്കുന്ന സാമാനവണ്ടികളെ ""റോള്‍ ഓണ്‍ റോള്‍ ഓഫ് വണ്ടികള്‍"" എന്നു പറയുന്നു.‍


"http://ml.wikipedia.org/wiki/%E0%B4%A4%E0%B5%80%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം