പെട്രോളിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പ്രകൃത്യാ കണ്ടുവരുന്നതും കത്താന്‍ കഴിവുള്ളതുമായ ദ്രാവകമാണ് പെട്രോളിയം(ഇംഗ്ലീഷ്: Petroleum, ലാറ്റിന്‍: petroleum, < ഗ്രീക്ക്: πετρέλαιον). വിവിധ തരത്തിലുള്ള ഹൈഡ്രോകാര്‍ബണുകളുടെ സങ്കീര്‍ണ്ണമായ മിശ്രിതമാണ് ഇവ, കൂടെ മറ്റുള്ള ജൈവസംയുകതങ്ങളും കാണപ്പെടുന്നു. പെട്രോളിയത്തെ 'സ്വാഭാവിക എണ്ണ' (crude oil) എന്നും പറയാറുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ചേരുവ
പെട്രോളിയം കൂടുതല്‍ ക്ലിപ്തമായ രീതിയില്‍ പറഞ്ഞാല്‍ സ്വാഭാവിക എണ്ണ മാത്രമാണ് പെട്രോളിത്തിലടങ്ങിയിരിക്കുക, എന്നാല്‍ സാധാരണഗതിയില്‍ പെട്രോളിയത്തില്‍ സ്വാഭാവിക എണ്ണയും പ്രകൃതിവാതകവും അടങ്ങിയിരിക്കുന്ന രീതിയിലായിരിക്കും. സ്വാഭാവിക എണ്ണയും (ക്രൂഡ് ഒയില്‍) പ്രകൃതിവാതകവും ഹൈഡ്രോകാര്‍ബണ്‍ മിശ്രിതങ്ങളാണ്. ലളിത ഹൈഡ്രോകാര്‍ബണുകളായ മീഥെയ്ന്‍, ഈഥെയ്ന്‍, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ ഭൗമോപരിതല മര്‍ദ്ദത്തിലും താപനിലയിലും വാതകരൂപത്തിലാണെങ്കില്‍, പെന്റെയ്ന്‍ മുതലങ്ങോട് ഭാരം കൂടിയ ഹൈഡ്രോകാര്‍ബണുകള്‍ ദ്രാവകരൂപത്തിലും ഖരരൂപത്തിലുമായിരിക്കും. എന്നാല്‍ ഭൂമിക്കടിയില്‍ അവയുടെ സ്ഥാനത്തിന്റെ ചുറ്റുപാടനുസരിച്ച് അവയുടെ പാദാര്‍ത്ഥനിലയില്‍ മാറ്റം വരുന്നതാണ്.[1]
ഒരു എണ്ണ കിണറിന്റെ ഉല്പാദനത്തിന്റെ ഗണ്യഭാഗവും സ്വാഭാവിക എണ്ണയായിരിക്കും, ഇതില്‍ അല്പം പ്രകൃതിവാതകം ലയിച്ചു ചേര്‍ന്നിരിക്കും. ഭൗമോപരിതലത്തിലെ മര്‍ദ്ദം ഭൂമിക്കടിയിലേതിനേക്കാള്‍ കുറഞ്ഞ രീതിയിലായതിനാല്‍ ലയിച്ചു ചേര്‍ന്നിരിക്കുന്ന ഹൈഡ്രോകാര്‍ബണ്‍ വാതകങ്ങള്‍ മിശ്രിതത്തില്‍ നിന്ന് പുറത്തു കടന്ന് വാതകരൂപം പ്രാപിക്കും. എണ്ണകിണിറില്‍ നിന്നും ലഭിക്കുന്ന വാതകങ്ങളില്‍ കൂടുതലും പ്രകൃതിവാതകമായിരിക്കുമെങ്കിലും ഉപരിതലത്തേക്കാള്‍ താപനിലയും മര്‍ദ്ദവും ഭൗമാന്തര്‍ഭാഗത്ത് കൂടുതലായതിനാല്‍ പെന്റെയ്ന്‍, ഹെക്സെയ്ന്‍, ഹെപ്റ്റെയ്ന്‍ എന്നിവ വാതകരൂപത്തില്‍ ലഭിക്കുന്ന വാതകങ്ങളില്‍ അടങ്ങിയിരിക്കും. ഭൗമോപരിതല സാഹചര്യത്തില്‍ ഇവ ഘനീഭവിഭവിക്കും, ഇവയെ കണ്ഡന്‍സേറ്റ് (condensate) എന്നു വിളിക്കുന്നു. ഇത് കാഴ്ചയില്‍ ഗാസോലീനെ (പെട്രോളിനെ) പോലെയായിരിക്കും കാണപ്പെടുക.
അടങ്ങിയിരിക്കുന്ന ഹൈഡ്രോകാര്‍ബണുകളുടെ അളവില്‍ വലിയ മാറ്റമുണ്ടാകാറുണ്ട്, നേര്‍മയായ എണ്ണയില്‍ ഭാരത്തിന്റെ 97% വും ഘന എണ്ണയിലും ബിറ്റുമിനിലും ഭാരത്തിന്റെ 50% വരെ ഹൈഡ്രോകാര്‍ബണുകള്‍ കാണപ്പെടുന്നു.
പെട്രോളിയത്തില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രോകാര്‍ബണുകള്‍ കൂടുതലായും ആല്‍ക്കെയ്നുകള്‍, സൈക്ലോആല്‍ക്കെയ്നുകള്‍, ആരോമാറ്റിക്ക് ഹൈഡ്രോകര്‍ബണുകള്‍ എന്നിവയാണ്, മറ്റുള്ള ജൈവസംയുക്തങ്ങളില്‍ കൂടുതലായും നൈട്രജന്‍, ഓക്സിജന്‍, സള്‍ഫര്‍ എന്നിവയും നേരിയതോതില്‍ ഇരുമ്പ്, നിക്കല്‍, ചെമ്പ്, വനേഡിയം തുടങ്ങിയ ലോഹങ്ങളും കാണപ്പെടുന്നു. തന്മാത്രകളുടെ കൃത്യമായ അനുപാതം വളരെ വ്യത്യാസപ്പെടാറുണ്ട്, അടങ്ങിയിരിക്കുന്ന രാസമൂലകങ്ങളുടെ ഏകദേശ അനുപാതം.
| കാര്‍ബണ്‍ | 83-87% |
| ഹൈഡ്രജന്‍ | 10-14% |
| നൈഡ്രജന്‍ | 0.1-2% |
| ഓക്സിജന്‍ | 0.1-1.5% |
| സള്‍ഫര്‍ | 0.5-6% |
| ലോഹങ്ങള്‍ | <1000 ppm |
നാല് വ്യത്യസ്ത തരത്തില്‍പ്പെട്ട ഹൈഡ്രോകാര്‍ബണ്‍ തന്‍മാത്രകളാണ് സ്വാഭാവിക എണ്ണയില്‍ കാണപ്പെടുന്നു. ഒരോ മേഖലയില്‍ നിന്നും ലഭിക്കുന്ന എണ്ണയില്‍ ഇവയുടെ അനുപാതത്തില്‍ മാറ്റമുണ്ടാകും ഇത് എണ്ണയുടെ ഗുണങ്ങളെ നിശ്ചയിക്കുന്നു.[1]
| ഹൈഡ്രോകാര്‍ബണ്‍ | ശരാശരി | കാണപ്പെടാവുന്ന പരിധി |
|---|---|---|
| Paraffins | 30% | 15 to 60% |
| Naphthenes | 49% | 30 to 60% |
| Aromatics | 15% | 3 to 30% |
| Asphaltics | 6% | remainder |
അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്കനുസരിച്ച് സ്വാഭാവിക എണ്ണയ്ക്ക് കാഴ്ചയില്‍ വ്യത്യാസമുണ്ടാകാറുണ്ട്. സാധാരണയായി കറുപ്പ് അല്ലെങ്കില്‍ കടും തവിട്ട് നിറമാണിവയ്ക്ക് (മഞ്ഞ കലര്‍ന്ന അല്ലെങ്കില്‍ പച്ച കലര്‍ന്ന നിറവും ഉണ്ടാകും). പ്രകൃതിവാതകവും ഇവയുടെ നിക്ഷേങ്ങളില്‍ കാണപ്പെടുന്നു, മുകള്‍ഭാഗം വാതകത്തിന്റെ നേരിയ പാളിയുണ്ടാകും, കൂടുതല്‍ ഘനത്വമുള്ള ഒരായ ജലം പെട്രോളിയത്തിന് താഴെയായി കാണപ്പെടാരുണ്ട്. മണലുമായി കൂടിചേര്‍ന്ന് അര്‍ദ്ധഘരരൂപത്തിലും ഇവ കണ്ടുവരാറുണ്ട്, കാനഡയിലെ അതബാസ്ക എണ്ണ മണലുകള്‍ ഇതിന് ഉദാഹരണമാണ്, ഇത്തരത്തിലുള്ളവയെ സ്വാഭാവിക ബിറ്റുമിന്‍ (crude bitumin) എന്ന് പറയുന്നു.
പെട്രോളിയം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് പ്രധാന ഊര്‍ജ സ്രോതസ്സായ ഗാസോലീന്‍ (പെട്രോള്‍) ഉല്പാദിപ്പിക്കുവാനാണ്.[2] പെട്രോളിയത്തിലടങ്ങിയിരിക്കുന്ന ഹൈഡ്രോകാര്‍ബണുകളുടെ 84% വും ഉപയോഗിക്കപ്പെടുന്നത് പെട്രോള്‍, ഡീസല്‍, ദ്രവീകരിച്ച പെട്രോളിയം വാതകം തുടങ്ങിയ ഊര്‍ജ സമ്പുഷ്ട ഇന്ധനങ്ങള്‍ ഉല്പാദിപ്പിക്കുവാനാണ്.[3] ലഘുവിഭാഗത്തില്‍പ്പെട്ട എണ്ണയില്‍ നിന്നാണ് ഈ ഇന്ധനങ്ങള്‍ എളുപ്പത്തില്‍ ഉല്പാദിപ്പിക്കുവാനാകുക. പക്ഷെ ലോകത്തുള്ള ലഘു എണ്ണ നിക്ഷേപങ്ങള്‍ ഉപയോഗിച്ചു തീര്‍ന്നുക്കൊണ്ടിരിക്കുന്നതിനാല്‍, ഇനി ലഭിക്കുന്ന ഘന എണ്ണയേയും ബിറ്റുമിനേയും ഒയില്‍ റിഫൈനറികള്‍വെച്ച് കൂടുതല്‍ സംസ്കരണ പ്രവര്‍ത്തങ്ങള്‍ക്ക് വിധേയമാക്കേണ്ടി വരുകയും, ആവശ്യമുള്ള ഉല്പന്നങ്ങളുടെ ഉല്പാദനത്തിന് കൂടുതല്‍ ചിലവുള്ളതും സങ്കീര്‍ണ്ണവുമായ പ്രക്രിയകള്‍ നടത്തേണ്ടിയും വരുന്നു. ഘന എണ്ണയില്‍ കാര്‍ബണ്‍ കൂടുതലും ഹൈഡ്രജന്‍ കുറഞ്ഞ അളവിലുമായതിനാല്‍, ഇത്തരം പ്രക്രിയകളില്‍ കൂടുതലും എണ്ണയിലെ തന്മാത്രകളില്‍നിന്ന് ഒന്നുകില്‍ അധികമുള്ള കാര്‍ബണ്‍ നീക്കം ചെയ്യുകയോ ആവശ്യത്തിന് ഹൈഡ്രജന്‍ ചേര്‍ക്കുകയോ ചെയ്യുകയും. പിന്നീട് നീളം കൂടിയ ഹൈഡ്രോകാര്‍ബണ്‍ തന്മാത്രകളെ ഇന്ധനങ്ങളില്‍ കാണപ്പെടുന്ന ലഘുവും നീളം കുറഞ്ഞതുമായ തന്മാത്രകളാക്കുന്നതിന് വേണ്ടി ദ്രവ്യോല്പ്രേരിത വിഘടനത്തിന് (fluid catalytic cracking) വിധേയമാക്കുകയും ചെയ്യുന്നു.
ഉയര്‍ന്ന ഊര്‍ജദായക ശേഷി, കൈമാറ്റം ചെയ്യപ്പെടാനുള്ള കഴിവ്, സമൃതമായ ലഭ്യത തുടങ്ങിയവ പെട്രോളിയത്തെ ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ സ്രോതസ്സാക്കി മാറ്റി. 1950 കളിലാണ് ഇവ വ്യാപകമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയത്. ഔഷധങ്ങള്‍, ലായകങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, പലതരം പ്ലാസ്റ്റിക്കുകള്‍ തുടങ്ങി പല രാസ ഉല്പന്നങ്ങളുടെയും അസംസ്കൃതവസ്തുവാണ് പെട്രോളിയം; ഊര്‍ജ്ജപയോഗത്തിനുപയോഗിക്കപ്പെടാത്ത 16% മേല്‍ വിവരിച്ച് മറ്റുപല വസ്തുക്കളും നിര്‍മ്മിക്കുവാനാണുപയോഗിക്കുന്നത്.
ഭൂമിയുടെ പുറംപാളിയില്‍ രൂപപ്പെടുന്ന ശിലകള്‍ക്കിടയിലായണ് പെട്രോളിയം കൂടുതലും കാണപ്പെടുന്നത്. എണ്ണ മണലുകളിലും (tar sands) ഇവ കാണാപ്പെടാറുണ്ട്. എണ്ണ മണലുകള്‍ കൂടാതെ ഇപ്പോഴുള്ള പെട്രോളിയം നിക്ഷേപം 190 ക്യുബിക് കി.മീ (1.2 ട്രില്യണ്‍ (ചെറിയ അളവിലുള്ള) വീപ്പകള്‍) എന്നും,[4] എണ്ണമണലുകള്‍ ഉള്‍പ്പെടെ ഇത് 595 ക്യുബിക് കി.മീ (3.7 ട്രില്യണ്‍ വീപ്പകള്‍)[5] എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ ഉപഭോഗം ഒരു ദിവസം 84 മില്യണ്‍ വീപ്പകള്‍ ( 13.4x106 ക്യുബിക് മീറ്റര്‍) അഥവാ വര്‍ഷത്തില്‍ 4.9 ക്യുബിക് കി.മീ ആണ്. പെട്രോളിയം നിക്ഷേപങ്ങളില്‍ നിന്നെടുക്കാവുന്ന പെട്രോളിന്റെ അളവ് കാലക്രമേണ കുറഞ്ഞ് വരുന്നുണ്ട് , ഉപഭോഗത്തില്‍ ഗണ്യമായ വര്‍ദ്ധനവ് സംഭവിച്ചിട്ടുമുണ്ട് ഇപ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്നത് ശേഖരിച്ച് വച്ചിട്ടുള്ള എണ്ണയാണ്, പെട്രോളിന്റെ ശേഖരം 2039 ആവുന്നതോടെ ഉപയോഗിച്ച് തീരുമെന്നും കണക്കാക്കുന്നു, ഇതെല്ലാം ലോകത്തെ വന്‍ ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നയിക്കും എന്ന് കണക്കാക്കുന്നു. എന്നാലും പല ഘടകങ്ങളും ഈ അനുമാനത്തെ മുന്നോട്ടോ പിന്നോട്ടോ മാറ്റാന്‍ സാധ്യതയുണ്ട്. ഇന്ത്യ, ചൈന, തുടങ്ങി മറ്റുള്ള വികസിച്ചു കൊണ്ടിച്ചിരിക്കുന്ന രാജ്യങ്ങളുടെ വര്‍ദ്ധിച്ച ഉപഭോഗം; പുതിയ കണ്ടുപിടിത്തങ്ങള്‍; മറ്റു ഊര്‍ജ്ജ സ്രോതസ്സുകളിളുടെ ഉപയോഗം; പാരമ്പരാഗതമല്ലാത്ത എണ്ണ സ്രോതസ്സുകളുടെ കണ്ടുപിടിത്തം എന്നിവയെല്ലാം ഇതിനെ ബാധിക്കാവുന്ന കാര്യങ്ങളാണ്.
[തിരുത്തുക] രസതന്ത്രം
വിവിധങ്ങളായ ഹൈഡ്രോകാര്‍ബണുകളുടെ മിശ്രിതമാണ് പെട്രോളിയം; ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സംയുതങ്ങള്‍ ആല്‍ക്കെയ്നുകള്‍, സൈക്ലോആല്‍ക്കെയ്നുകള്‍, ആരോമാറ്റിക്ക് ഹൈഡ്രോകാര്‍ബണുകള്‍ തുടങ്ങി കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായ അസ്ഫാള്‍ടിനുകള്‍ വരെ അടങ്ങിയിരിക്കും. ഒരോതരത്തിലുള്ള പെട്രോളിയത്തിനും അതിന്റേതായ പ്രതേകം തന്മാത്ര ചേരുവകളായിരിക്കും ഉണ്ടാവുക, അവ ആ പെട്രോളിയത്തിന്റെ നിറം വിസ്കോസിറ്റി തുടങ്ങി ഭൗതീകവും രാസപരവുമായ ഗുണങ്ങളെ നിര്‍ണ്ണയിക്കുന്നു
പാരഫിനുകള്‍ എന്നും അറിയപ്പെടുന്ന ആല്‍ക്കെയ്നുകള്‍ പൂരിത ഹൈഡ്രോകാര്‍ബണുകളാണ്, ഒറ്റ വരിയുള്ളതോ ശാഖകളോടു കൂടിയ നിലയിലോ കാണപ്പെടുന്ന ഇവയുടെ പൊതുവായ രാസവാക്യം CnH2n+2 ആണ്. സാധാരണയായി 5 മുതല്‍ 40 വരെ കാര്‍ബണ്‍ ആറ്റങ്ങള്‍ ഒരു തന്മാത്രയിലുണ്ടാകും. നേരിയ അളവില്‍ മറ്റ് ആല്‍ക്കെയ്നുകളും പെട്രോളിയത്തില്‍ കാണപ്പെടുന്നു.
പെന്റെയ്ന്‍ (C5H12) മുതല്‍ ഒക്ടെയ്ന്‍ (C8H18) വരെയുള്ള ആല്‍ക്കെയ്നുകള്‍ സംസ്ക്കരണത്തിലൂടെ പെട്രോളായും, നോനയ്ന്‍ (C9H20) മുതല്‍ ഹെക്സാഡെക്കെയ്ന്‍ (C16H34) വരെയുള്ളവ ഡീസലും മണ്ണെണ്ണയായും (ജെറ്റ് ഇന്ധത്തിന്റെ പ്രാഥമിക ഘടകാമാണ് ഇത്). ഹെക്സാഡെക്കെയ്നിന് മുകളിലുള്ളവ ലൂബ്രിക്കെറ്റുകളായും മാറുന്നു. കൂടുതല്‍ ഭാരമുള്ളവയില്‍ 25 കാര്‍ബണുകളുള്ള പാരഫിന്‍ വാക്സ്, 35 ഉം അതിന് മുകളിലോ കാര്‍ബണുകളുള്ളവ അസ്ഫാള്‍ടും ആണ്, ഇവയെല്ലാം തന്നെ ആധുനീക സംസ്കരണകേന്ദ്രങ്ങളില്‍ കൂടുതല്‍ മൂല്യമുള്ള ഉല്പന്നങ്ങളായി മാറ്റുന്നു. കുറഞ്ഞ അളവില്‍ കാര്‍ബണുകളുള്ളവ പ്രകൃതിവാതകമായും കണക്കാക്കുന്നു.
നാഫ്തീനുകള്‍ എന്നറിയപ്പെടുന്ന സൈക്ലോആല്‍ക്കെയ്നുകള്‍ പൂരിത ഹൈഡ്രോകാര്‍ബണുകളാണ് ഇവയ്ക്ക് ഒന്നോ അതിലധികമോ കാര്‍ബണ്‍ വളയങ്ങളുണ്ടാകും. ഇവയില്‍ കാര്‍ബണ്‍ ആറ്റങ്ങള്‍ CnH2n എന്ന രാസവാക്യം വഴി ഹൈഡ്രജന്‍ ആറ്റങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ആല്‍ക്കെയ്നുകള്‍ക്ക് സമാനമായ ഗുണങ്ങളാണ് സൈക്ലോആല്‍ക്കെയ്നുകളുടേതും പക്ഷെ ഇവയ്ക്ക് കൂടുതല്‍ ഉയര്‍ന്ന തിളനിലയാണുള്ളത്.
അപൂരിത ഹൈഡ്രോകാര്‍ബണുകളാണ് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ ഇവയ്ക്ക് സമപ്രതലങ്ങളായ ആറ് കാര്‍ബണുകളടങ്ങിയ ബെന്‍സീന്‍ വളയങ്ങളുണ്ടാകും. ഇവയുടെ രാസവാക്യം CnHn. ഇവ കറുത്ത പുകയോടുകൂടി കത്തുന്നവയും, നല്ല സുഗന്ധമുള്ളവയുമാണ്. ഇവയില്‍ ചിലത് അര്‍ബുദത്തിന് കാരണമാകുന്നവയാണ്.
പെട്രോളിയത്തിന്റെ ഭാഗികമായ സ്വേദനം വഴിയാണ് ഇത്തരത്തിലുള്ള വിവിധങ്ങളായ തന്മാത്രകള്‍ വേര്‍തിരിച്ചെടുക്കുന്നത്, അത്‌വഴി ഗാസോലീന്‍ (പെട്രോള്‍), മണ്ണെണ്ണ, ജെറ്റ് ഇന്ധനം തുടങ്ങിയവ വേര്‍തിരിച്ചെടുക്കുന്നു. ഉദാഹരണത്തിന് പെട്രോളില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന 2,2,4-ട്രൈമീഥെയ്ല്‍പെന്റെയ്ന്‍ (ഐസോഒക്ടെയ്ന്‍) എന്ന C8H18 രാസവാക്യത്തോടുകൂടിയ ആല്‍ക്കെയ്ന്‍ ഓക്സിജനുമായി ചേര്‍ന്ന് താപോല്പാദന രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു.[6]
എണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒരോ തന്മാത്രകളുടെയും അളവ പരീക്ഷണശാലകളില്‍ നിര്‍ണ്ണയിക്കാവുന്നതാണ്.
പെട്രോളിയത്തിന്റെയോ ഗാസോലീന്റെയോ അപൂര്‍ണ്ണ ജ്വലനം വിഷമയമായ വസ്തുക്കളെ അവശേഷിപ്പിക്കുന്നു. കുറഞ്ഞ അളവിലുള്ള ഓക്സിജന്റെ സാന്നിധ്യത്തിലുള്ള ജ്വലനം കാര്‍ബണ്‍മോണോക്സൈഡ് പുറത്തുവിടുന്നു. വാഹനയന്ത്രങ്ങളിലും മറ്റും ഉയര്‍ന്ന മര്‍ദ്ദത്തിലും താപനിലയിലുമുള്ള ഇവയുടെ ജ്വലനം നൈട്രജന്‍ ഓക്സൈഡ് പോലെയുള്ള വാതകങ്ങള്‍ക്ക് കാരണമാകുന്നു.
[തിരുത്തുക] രൂപീകരണം
പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്ന സിദ്ധാന്തമനുസരിച്ച് അതിപുരാതന ജൈവാവശിഷ്ടങ്ങളില്‍ നിന്ന് രൂപപ്പെടുന്നതാണ് പെട്രോളിയം.[7] പെട്രോളിയത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത തന്മാത്രകള്‍ അറിയപ്പെടുന്ന ജൈവതന്മാത്രകളുടെ ഘടനയുമായുള്ള സാമ്യത നിരീക്ഷിക്കപ്പെട്ടതില്‍ നിന്നാണ് ആദ്യമായി ഈ സിദ്ധാന്തം രൂപപ്പെടാന്‍ കാരണമായത് (ചിത്രം).
ഭൂമിശാസ്ത്രകാരന്മാരുടെ നിഗമനപ്രകാരം അതിപുരാതന ജൈവാവശിഷ്ടങ്ങള്‍ ഉന്നത മര്‍ദ്ദത്തിനും താപീകരണത്തിനും വിധേയമായി രൂപപ്പെടുന്നതാണ് പെട്രോളിയവും പ്രകൃതിവാതകവും. ചരിത്രാതീതകാലത്തെ സമുദ്രജീവികളുടെയും ആല്‍ഗകളുടെയും അവശിഷ്ടങ്ങള്‍ വലിയ അളവില്‍ സമുദ്രത്തിന്റെ അടിതട്ടില്‍ അടിഞ്ഞുകൂടി ചെളിയുമായി കൂടികലര്‍ന്ന്കിടക്കുകയും ചെയ്യുന്നു (ചരിത്രാതീത സസ്യാവശിഷ്ടങ്ങള്‍ കല്‍ക്കരിയായി രൂപപ്പെടുകയാണ് ചെയ്യുന്നത്). കാലക്രമേണ ചെളികൊണ്ടുള്ള ആവരണം അവയ്ക്ക് മീതെ രൂപപ്പെടുന്നു. ഇങ്ങനെ അവ ഓക്സിജന്റെ അസാന്നിധ്യത്തില്‍ ഉന്നത മര്‍ദ്ദത്തിനും താപത്തിനും വിധേയമാകുകയും ചെയ്യുന്നു. ഇത് ആ ജൈവാവശിഷ്ടങ്ങളെ രാസപരമായ മാറ്റത്തിന് കാരണമാകുന്നു, ആദ്യം ഇത് മെഴുകിന് സമാനമായ കെറോജീന്‍ എന്ന വസ്തുവായി മാറുന്നു, ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്, കൂടുതല്‍ താപീകരണത്തിലൂടെ ഇവ കാറ്റജെനിസിസ് എന്ന പ്രവര്‍ത്തനത്തിലൂടെ ദ്രവകത്തിന്റെയും വാതകത്തിന്റെയും രൂപത്തിലുള്ള ഹൈഡ്രോകാര്‍ബണുകളായി മാറുന്നു.
പെട്രോളിയം രൂപപ്പെടാന്‍ ആവശ്യമായ താപനിലയിലും കുറഞ്ഞ താപനിലയാണ് ഉള്ളതെങ്കില്‍ കെറോജീന്‍ ആയിതന്നെ നിലനില്‍ക്കുന്നു. ആവശ്യമായതിലും കൂടുതല്‍ താപനിലയാണെങ്കില്‍ താപവിഘടനം വഴി പ്രകൃതിവാതകം രൂപം കൊള്ളുന്നു. ഇത്തരം താപനില മേഘല ഭൂമിയുടെ പല ഭാഗങ്ങളിലും വിവിധ ആഴങ്ങളില്‍ കാണപ്പെടുന്നു, താരതമ്യേനയുള്ള ആഴം 4 മുതല്‍ 6 കി.മീറ്റര്‍ വരെയാണ്. ചില അവസരങ്ങളില്‍ വളരെ ആഴത്തില്‍ രൂപം കൊണ്ട പെട്രോളിയം ഉയര്‍ന്നവന്ന് മുകള്‍തട്ടിലുള്ള പാറക്കടിയില്‍ തങ്ങി നില്‍ക്കാറുണ്ട്. അതബാസ്ക എണ്ണ മണലുകള്‍ ഇതിനൊരുദാഹരണമാണ്.
[തിരുത്തുക] സ്വാഭാവിക എണ്ണ നിക്ഷേപങ്ങള്‍
എണ്ണ നിക്ഷേപം രൂപം കൊളളാന്‍ മൂന്ന് സാഹചര്യങ്ങള്‍ ആവശ്യമാണ്: ആഴത്തില്‍ ഹൈഡ്രോകാര്‍ബണുകള്‍ നിക്ഷേപിക്കപ്പെട്ട ശിലകള്‍ കൂടെ പെട്രോളിയം രൂപപ്പെടലിനു സഹായിക്കുന്ന താപനില; ഇതിനെ സംഭരിക്കാന്‍ കഴിവുള്ള അകം പൊള്ളയായ ശില; എണ്ണയെ ഭൂമിയുടെ ഉപരിതലത്തിലേക്ക് കടത്തിവിടാതെ തടഞ്ഞ് നിര്‍ത്തുന്ന അടപ്പ് ശില. ഇങ്ങനെയുള്ള നിക്ഷേപങ്ങളില്‍ സാധാരണയായി ഇവ മൂന്ന് പാളികളുള്ള അവസ്ഥയിലാണ് കാണപ്പെടുന്നത് മുകളില്‍ പ്രകൃതിവാതകത്തിന്റെയും ഏറ്റവും താഴെ ജലത്തിന്റെ ഒരുപാളിയും. ഒരോപാളിയുടെയും വലിപ്പം ഒരോ നിക്ഷേപത്തിലും വ്യത്യാസപ്പെട്ടിരിക്കാറുണ്ട്.
ഭൂരിഭാഗം ഹൈഡ്രോകാര്‍ബണുകളും പാറയെക്കാളും ജലത്തെക്കാളും സാന്ദ്രത കുറഞ്ഞവയായതിനാല്‍ ഏതെങ്കിലും പൊള്ളയായ പാറയി തടഞ്ഞ് നിര്‍ത്തപ്പെടുന്നത് വരെ ഇവ മുകള്‍തട്ടിലേക്ക് സഞ്ചരിച്ച്കൊണ്ടിരിക്കും, ചിലപ്പോള്‍ ഭൗമാന്തര്‍ജലപ്രവാഹങ്ങള്‍ ഇവയുടെ സ്ഥാനചലനത്തിന് കാരണമാകുന്നു. ജലപ്രവാഹം ഇവയേയുംകൊണ്ട് നൂറ്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കുകയോ ചെറിയൊരു ആഴത്തിലേക്ക് മാറ്റുകയോ ചെയ്യാം. ഏതെങ്കിലു വിധത്തില്‍ അവ പാറയുടെ കെണിയില്‍ പെട്ടാല്‍ അവിടെ ഒരു എണ്ണ നിക്ഷേപം രൂപം കൊള്ളുന്നു. ഇങ്ങനെയുള്ള നിക്ഷേപങ്ങളില്‍ നിന്ന് തുരക്കുകയും ശേഷം പമ്പ് ചെയ്തെടുക്കുകയും ചെയ്യുന്നു.
[തിരുത്തുക] പാരമ്പര്യേതര എണ്ണ നിക്ഷേപങ്ങള്‍
ഉപരിതലത്തിലേക്ക് രക്ഷപ്പെടുന്ന എണ്ണയെ എണ്ണ ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ ജൈവീകവിഘടനത്തിന് വിധേയമാക്കുന്നു. എണ്ണ മണലുകളിലെ എണ്ണ നിക്ഷേപം ഭാഗികമായി ഇങ്ങനെ ജൈവീകവിഘടനം നടന്നവയായിരിക്കും. ഇങ്ങനെ തുടര്‍ച്ചയായി പുറതള്ളപ്പെട്ട എണ്ണയില്‍ കുറേ ഭാഗം നശിപ്പിക്കപ്പെടുന്നുവെങ്കിലും വലിയൊരുഭാഗം ഇപ്പോഴും നിലവിലുണ്ട്- ഇത് പാരമ്പര്യ എണ്ണ നിക്ഷേപങ്ങളിലുള്ളതിനേക്കാള്‍ കൂടുതലായിരിക്കും. ആദ്യം ചെറിയൊരു ഭാഗം നശിപ്പിക്കപ്പെട്ട് വളരെ വലിയ അളവിലുള്ള എണ്ണ നിക്ഷേപങ്ങളാണ് കാനഡയിലുള്ള സ്വാഭാവിക ബിറ്റുമിന്‍, വെനുന്‍സ്വെലയിലെ കൂടുതല്‍ ഘനത്വമുള്ള സ്വാഭാവിക എണ്ണ. ഈ രണ്ട് രാജ്യങ്ങളിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ മണല്‍ നിക്ഷേപങ്ങളുള്ളത്.
അത് പോലെ എണ്ണ ചാലുകള്‍ എന്നാല്‍ എണ്ണയുടെ ഉറവിടങ്ങളായ ശിലകളാണ്, ഇവയിലുള്ള ഹൈഡ്രോകാര്‍ബണുകള്‍ സ്വാഭാവിക എണ്ണ രൂപീകരണത്തിന് സഹായകമായ ഉന്നത മര്‍ദ്ദത്തിനോ തപീകരണത്തിനോ വിധേയമാവാത്തവയാണ്. സാങ്കേതികമായി പറഞ്ഞാല്‍ ഇത്തരം എണ്ണചാലുകളില്‍ സ്വാഭാവിക എണ്ണയില്ല എന്നുതന്നെ പറയാം, മറിച്ച് ഇവ കളിമണ്ണുകളാല്‍ രൂപപ്പെട്ട കഠിന്യമേറിയ ശിലകളാണ് ഇവയില്‍ മെഴുകിന് സമാനമായ കെറോജീന്‍ അടങ്ങിയിരിക്കും. ഇവയിലുള്ള കെറോജീനെ പ്രകൃതി പ്രവര്‍ത്തനങ്ങളെ അനുസ്മരിപ്പിക്കും വിധം മര്‍ദ്ദത്തിനും താപത്തിനും വിധേയമാക്കി സ്വാഭാവിക എണ്ണയാക്കി മാറ്റാം. ഈ വിധ്യ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ അറിവുള്ളതാണ്. 1694 ലെ ബ്രിട്ടീഷ് ക്രൗണ്‍ പേറ്റന്റ് നമ്പര്‍ 330 ഇതിന് പേറ്റന്റ നല്‍കിയതും കാണാം. എണ്ണ ചാലുകള്‍ ലോകത്തില്‍ വിവിധ രാജ്യങ്ങളില്‍ കണ്ട് വരുന്നുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലാണ് ഇവയുടെ ഏറ്റവും വലിയ നിക്ഷേപം ഉള്ളത്.
[തിരുത്തുക] അജൈവ ഉറവിടം
റഷ്യയിലെ ഒരു പറ്റം ഭൂമിശാസ്ത്രകാരന്മാര്‍ ഇവയുടെ ജൈവീകമല്ലാത്ത ഉറവിടത്തെ പിന്താങ്ങുന്നുണ്ട്. ഇവരുടെ വാദപ്രകാരം ഹൈഡ്രോകാര്‍ബണുകള്‍ ജൈവാവശിഷ്ടങ്ങളില്‍ നിന്നുണ്ടായവയല്ല മറിച്ച് അവ ഭൗമാന്തര്‍ഭാഗത്ത പ്രകൃത്യാ ഉള്ളവയാണ് എന്നായിരുന്നു. 1950 കളില്‍ നികോളായ് കുഡ്റിയത്സെവിനെ പിന്‍പറ്റി തോമസ് ഗോള്‍ഡ് പാശ്ചാത്യലോകത്ത് വാദങ്ങള്‍ നടത്തിയിരുന്നു.]
ഇവയുടെ ഉറവിടം അജൈവീകമാണ് എന്ന വാദത്തിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഇന്ന് നിലവിലുള്ള എല്ലാ നിക്ഷേപങ്ങളും ജൈവീകമായ ഉറവിടമുള്ളവയുമാണ്. ഇങ്ങനെയുള്ള വാദത്തെ പിന്തുണക്കുന്ന എന്തെങ്കിലും ഭൗമശാസ്ത്രകാരന്മാര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുമില്ല.
[തിരുത്തുക] വര്‍ഗ്ഗീകരണം
ഇന്നത്തെ പെട്രോളിയം വ്യവസായം സ്വാഭാവിക എണ്ണയെ ഭൂമേഘലക്കനുസരിച്ചും (ഉദാ: പശ്ചിമ ടെക്സാസ്, ബ്രെന്റ്, ഒമാന്‍), എ.പി.ഐ ഗുരുത്വാകര്‍ഷണം (സാന്ദ്രത അളക്കാനുള്ള വ്യാവസായിക ഏകകം), അടങ്ങിയിരിക്കുന്ന സള്‍ഫറിന്റെ അളവ് തുടങ്ങിയവയനുസരിച്ചും തരംതിരിച്ചിരിട്ടുണ്ട്. ഉയര്‍ന്ന സാന്ദ്രതയാണെങ്കില്‍ ഘന എണ്ണ എന്നും കുറഞ്ഞ സാന്ദ്രതായണെങ്കില്‍ ലഘു എണ്ണയുമാണ്, അത് പോലെ കുറഞ്ഞ സള്‍ഫറിന്റെ സാന്നിദ്ധ്യം മാധുര്യം എന്നും കൂടിയ അളവ് അംളത്വമുള്ളത് എന്നു വിക്ഷിച്ചിട്ടുണ്ട്.
പെട്രോളിയം ലഭിക്കുന്ന സ്ഥലം പ്രധാന്യമുള്ളതാണ് കാരണം അത് ഇതിന്റെ കൊണ്ട്പോകാനുള്ള ചിലവ് വര്‍ദ്ധിപ്പിക്കുന്നു. ലഘു സ്വാഭാവിക എണ്ണയ്ക്കാണ് കൂടുതല്‍ പ്രാമുഖ്യം എന്തെന്നാല്‍ ഇവ കൂടുതല്‍ ഗാസോലീന്‍ അടങ്ങിയതായിരിക്കും. അപ്രകാരം തന്നെ മാധുര്യ എണ്ണയാണ്‍ അംള എണ്ണയേക്കാള്‍ നല്ലത്, അംള എണ്ണയില്‍ സള്‍ഫറിന്റെ അളവ് കൂടുതലായിരിക്കും, സള്‍ഫര്‍ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നതിനാല്‍ കൂടുതല്‍ സംസ്കരണം വേണ്ടി വരുന്നു. ഒരോ സ്വാഭാവിക എണ്ണയ്ക്കും അതിന്റേതായ തന്മാത്രാ ഗുണവിശേഷണങ്ങളായിരിക്കും ഇത് പെട്രോളിയം പരീക്ഷണശാലകളില്‍ നടത്തുന്ന സ്വാഭാവിക എണ്ണ ഗുണമേന്മാ അപഗ്രഥനം വഴി മനസിലാക്കുന്നു.
പ്രതേക മേഘലകളില്‍ നിന്നുള്ള സ്വാഭാവിക എണ്ണയുടെ താന്മാത്രാ ഗുണവിശേഷണങ്ങള്‍ രേഖപ്പെടുത്തുകയും ഇത് പ്രകാരം എണ്ണയുടെ വില നിശ്ചയിപ്പെടുത്തുകയും ചെയ്തു. ഇതാണ് ലോകമെമ്പാടും ഉപയോഗിക്കുന്നത്. അവയില്‍ ചിലതാണ്:
- പശ്ചിമ ടെക്സാസ് ഇടത്തരം, മാധുര്യമയമുള്ള, ലഘു എണ്ണ.
- ബ്രെന്റ് മിശ്രിതം, കിഴക്കന്‍ ഷെട്‌ലാന്‍ഡ് ബേസിനിലുള്ള ബ്രെന്റ്, നിനിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളത്.
- ദുബൈ-ഒമാന്‍, മധ്യപൗരസ്ത്യനാടുകളില്‍ നിന്നുള്ളവ.
- ടാപിസ്, മലേഷ്യ
- മിനാസ്, ഇന്തോനേഷ്യ
- ഒപെക് ആധാരം, ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള് പെട്രോളിയം മിശിതത്തിന്റെ പിണ്ഡത്തിന്റെ ശരാശരി.
ഒരോ വര്‍ഷം കഴിയുന്തോറും ഇത്തരം മാനദണ്ഡങ്ങളുടെ നിലവാരം താഴ്ന്നുകൊണ്ടിരിക്കുകയാണ്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള എണ്ണകള്‍ സമിശ്രമാക്കപ്പെടുകയും, വിവിധ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
[തിരുത്തുക] പെട്രോളിയം വ്യവസായം
പെട്രോളിയം വ്യവസായം എന്നാല്‍ അവയുടെ പര്യവേക്ഷണം, ഉല്‍ഖനനം, സംസ്കരണം, കൈമാറ്റം (എണ്ണ സംഭരണി ട്രക്കുകള്‍, കുഴല്‍ ശൃഖല തുടങ്ങിയവ വഴി), പെട്രോളിയം ഉല്പന്നങ്ങളുടെ വിപണനം എന്നിവയാണ്. ഈ മേഖലയുടെ ഏറ്റവും പ്രധാനപ്പെട്ട ഉല്പന്നം ഗാസോലീന്‍ അഥവാ പെട്രോള്‍ ആണ്. മറ്റു പല രാസ ഉല്പന്നങ്ങളുടെയും അസംസ്കൃതവസ്തുവാണ് പെട്രോള്‍, ഔഷധങ്ങള്‍, ലായകങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, പ്ലസ്റ്റിക്കുകള്‍ മുതലായവ.
പല വ്യവസാങ്ങള്‍ക്കും ഒഴിച്ച് കൂടാനാവത്തതാണ് പെട്രോളിയം, വ്യവസായിക ജനപദങ്ങളുടെ നിലനില്പിനും ഇത് വളരെ ആവശ്യമാണ്, അത് കൊണ്ട് തന്നെ പല രാജ്യങ്ങളെയും ഇത് വളരെയധികം ബാധിക്കുന്ന കാര്യവുമാണ്. ലോകത്തിന്റെ ഊര്‍ജ്ജാവശ്യങ്ങളുടെ വലിയൊരു പങ്ക് എണ്ണ വഹിക്കുന്നു. ഏറ്റവും കുറഞ്ഞ 32% യൂറോപ്പ്, ഏഷ്യ തുടങ്ങി, 53% വരെ ഉപയോഗിക്കുന്ന മധ്യപൗരസ്ത്യരാജ്യങ്ങള്‍ വരെ. മറ്റുള്ള മേഖലകളുടെ പങ്ക് ഇപ്രകാരമാണ്. ദക്ഷിണ-മധ്യ അമേരിക്ക (44%), ആഫ്രിക്ക (41%), ഉത്തര അമേരിക്ക (40%). ലോകം മൊത്തത്തില്‍ 30 ബില്യണ്‍ വീപ്പകള്‍ (4.8 ക്യുബിക് കി.മീറ്റര്‍) ഒരു വര്‍ഷം ഉപയോഗിക്കുന്നു, വികസിത രാജ്യങ്ങളിലാണ് ഇവയുടെ ഏറ്റവു വലിയ ഉപഭോഗം നടക്കുന്നത്. 2004 ഉപയോഗിക്കപ്പെട്ട എണ്ണയുടെ 24% അമേരിക്കന്‍ ഐക്യനാടുകളാണ്. മൂല്യത്തിന്റെ കാര്യത്തില്‍ പെട്രോളിയം വ്യവസായം ലോകത്തില്‍ ഏറ്റവും വലുതാണ്.
[തിരുത്തുക] പെട്രോളിയം പര്യവേക്ഷണം
[തിരുത്തുക] ഉല്‍ഖനനം
എണ്ണ പാടങ്ങള്ളിലുള്ള എണ്ണ കിണറുകള്‍ വഴിയുള്ള ഉല്‍ഖനനമാണ് സാധാരണമായ രീതി. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടെയും ഹൈഡ്രോകാര്‍ബണുകളുടെ വര്‍ദ്ധിച്ച ആവശ്യവും എണ്ണയുടെയും വാതകത്തിന്റെയും ഫലപ്രദമായ തരത്തിലുള്ള പര്യവേക്ഷണത്തിന് ഹേതുവായിട്ടുണ്ട്. ഭൗമാന്തര്‍ഭാഗത്ത് നിലനില്‍ക്കുന്ന മര്‍ദ്ദത്തിന്റെ സഹായത്തോടെ ഉല്‍ഖനനം ചെയ്തെടുക്കുന്നതാണ് പ്രാഥമിക രീതി, ഇതുവഴി ഏകദേശം നിലവിലുള്ള 20% എണ്ണയും പുറത്തെടുക്കാം. മര്‍ദ്ദത്തിന്റെ ഉറവിടം വിവധങ്ങളാകാം, എണ്ണയുടെ അടിയില്‍ കിടക്കുന്നു ജലത്തിന്റെ മര്‍ദ്ദം ഇങ്ങനെയുള്ളതിനെ ജലനിയത്രിത നിക്ഷേപം എന്നും, എണ്ണയുടെ മുകളില്‍ കാണപ്പെടുന്ന വാതകം ചെലുത്തുന്ന മര്‍ദ്ദമാണെങ്കില്‍ വാതകനിയത്രിതം എന്നും പറയുന്നു. ഇങ്ങനെയുള്ള മര്‍ദ്ദത്തിന്റെ സഹായത്തോടെ എണ്ണ ഖനനം നടത്തുമ്പോള്‍ മര്‍ദ്ദം കുറഞ്ഞ് ഒരു ഘട്ടം കഴിഞ്ഞാല്‍ മര്‍ദ്ദത്തിന് എണ്ണയെ ഉപരിതലത്തില്‍ എത്തിക്കാന്‍ കഴിയാതെ വരുന്നു, ശേഷമുള്ള രണ്ടാം ഘട്ടത്തില്‍ 5 മുതല്‍ 10 % വരെ എണ്ണ പുറത്തെടുക്കാം. ജലനിയന്ത്രിത നിക്ഷേപങ്ങളില്‍ ജലം എണ്ണക്കടിയിലേക്ക് കടത്തിവിട്ടും, വാതകനിയന്ത്രിത നിക്ഷേപങ്ങളില്‍ മുകളിലുള്ള വാതക പാളിയിലേക്ക് വാതകം കടത്തിവിട്ടും വീണ്ടും മര്‍ര്‍ദ്ദം നിലനിര്‍ത്താന്‍ സാധിക്കും. ഇങ്ങനെ രണ്ടാം ഘട്ടത്തിലൂടെയുള്ള ഉല്‍ഖനനവും ഫലപ്രദമാകതെ വരുമ്പോള്‍ എണ്ണയുടെ വിസ്കോസിറ്റി കുറച്ച്കൊണ്ട് കൂടുതല്‍ എണ്ണ പുറത്തെത്തിക്കാനുള്ള മൂന്നാം ഘട്ടത്തിലേക്ക് നടക്കുന്നു, താപം പ്രവഹിപ്പിക്കുക, എണ്ണയുടെ പ്രതലബലം വര്‍ദ്ധിപ്പിക്കാനുള്ള വസ്തുക്കള്‍ പ്രയോഗിക്കുക, കാര്‍ബണ്‍ഡൈഓക്സൈഡ് പോലെയുള്ള വാതകങ്ങള്‍ ശക്തിയായി പ്രവഹിപ്പിക്കുക എന്നിവ ഈ ഘട്ടത്തില്‍ നടത്തുന്നു.
[തിരുത്തുക] മറ്റ് മാര്‍ഗ്ഗങ്ങള്‍
2003 മുതല്‍ എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവ് മറ്റു എണ്ണയുല്പാദനത്തിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിന് പ്രാധാന്യം നല്‍കി. പ്രധാനപ്പെട്ട മറ്റ് മാര്‍ഗ്ഗങ്ങള്‍ എണ്ണ ചാലുകള്‍, എണ്ണ മണലുകള്‍ എന്നിവയില്‍ നിന്നുള്ള എണ്ണ ഉല്പാദനമാണ്. ഇവ വലിയ അളവില്‍ ഭൂമിയില്‍ കാണപ്പെടുന്നുമുണ്ട്, ഇവയില്‍ നിന്ന് ചിലവ് കുറഞ്ഞരീതിയില്‍ പരിസ്ഥിതിയെ കളങ്കപ്പെടുത്താതെയുള്ള ഉല്പാദനം വെല്ലുവിളിയുയര്‍ത്തുന്നതാണ്.
രാസപക്രിയയിലൂടെ മീഥെയ്നിനേയൊ കല്‍ക്കരിയേയൊ എണ്ണയില്‍ കണ്ടുവരുന്ന ഹൈഡ്രോകാര്‍ബണുകള്ളാക്കി മാറ്റാം. ഇതില്‍ ഏറ്റവും പ്രശസ്തമായത് ഫിഷര്‍-ട്രോപ്ഷ് പ്രക്രിയയാണ്. 1920 കളില്‍ ജര്‍മ്മനിയില്‍ ഉപയോഗിച്ചിരുന്ന വിദ്യയാണിത്, രണ്ടാം ലോകമഹായുദ്ധ സമയത്ത് പെട്രോളിയം ഇറക്കുമതി നിഷേധിക്കപ്പെട്ട സമയത്ത് ജര്‍മ്മനിയിലെ നാസി സര്‍ക്കാര്‍ ഈ വിദ്യ ഉപയോഗിച്ചിരുന്നു. ഇത് അറിയപ്പെട്ടത് ബധല്‍ എണ്ണ (ജര്‍മ്മന്‍: Ersatz, ഇംഗ്ലീഷ്: substitute) എന്നയിരുന്നു.രണ്ടാം ലോകമഹായുദ്ധസമയത്ത് ഈ വിദ്യയുപയോഗിച്ച് ആവശ്യമുള്ള എണ്ണയുടെ ഏതാണ്ട് പകുതിയോളം ജര്‍മ്മനിക്ക് ലഭിച്ചിരുന്നു. പക്ഷെ താരതമ്യേന സുലഭമായി എണ്ണ ലഭിക്കുമായിരുന്ന അക്കാലത്ത് ഈ വിദ്യ ഒരു അറ്റകൈ പ്രയോഗമായാണ് ജര്‍മ്മനി ഉപയോഗിച്ചിരുന്നത്. വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന എണ്ണവില ഇക്കാലത്ത് ഈ പ്രക്രിയക്ക് വേണ്ടി വരുന്ന ചിലവ് താരതമ്യേന കുറഞ്ഞ് വരുകയാണ്.
നിലവില്‍ ലോകത്ത് രണ്ട് രാജ്യങ്ങള്‍ ഈ വിദ്യ വാണിജ്യപരമായി ഉപയോഗിക്കുന്നുണ്ട്, മലേഷ്യയിലെ ബിന്റുലുവിലുള്ള ഷെല്‍ ഒയില്‍ എന്ന കമ്പനി പ്രകൃതിവാതകം ഉപയോഗിച്ചു കുറഞ്ഞ സള്‍ഫര്‍ അടങ്ങിയ ഡീസല്‍ ഉല്പാദിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ സാസോള്‍ കല്‍ക്കരി ഉപയോഗിച്ച് കൃത്രിമമായി വിവിധതരത്തിലുള്ള പെട്രോളിയം ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു.
ദക്ഷിണാഫ്രിക്കയിലെ സാസോള്‍ കമ്പനി ഇങ്ങനെ രാജ്യത്തിന് ആവശ്യമുള്ള ഡീസലിന്റെ നല്ലൊരു ഭാഗം ഉല്പാദിപ്പിക്കുന്നു. ഈ പ്രക്രിയ കുറഞ്ഞ സള്‍ഫറുള്ള ഡീസല്‍ നല്‍കുന്നുവെങ്കിലും ഇത് വലിയ അളവില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറത്ത് വിടുന്നുണ്ട്. 1930 കളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രചാരത്തിലിരുന്ന മറ്റൊരു രീതിയാണ് കാരിക്ക് പ്രക്രിയ. ഇതില്‍ വായുവിന്റെ അഭാവത്തില്‍ കല്‍ക്കരിയില്‍ കുറഞ്ഞ കണ്ണികളുള്ള ഹൈഡ്രോകാര്‍ബണുകളെ സ്വേദീകരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
എണ്ണ ചാലുകളില്‍ ഖനനം നടത്തി നൂതന മാര്‍ഗങ്ങളിലൂടെയുള്ള സംസ്കരണം വഴിയും എണ്ണ ഉല്പാദനം സാധ്യമാണ്.
ബെക്കന്‍ രൂപവല്‍ക്കരണം പോലെയുള്ള പാരമ്പര്യേതര നിക്ഷേപങ്ങളില്‍ നിന്നും എണ്ണ ഖനനം ചെയ്തെടുക്കാവുന്നതാണ്. ഇത്തരം രൂപവല്‍ക്കരണങ്ങള്‍ ഉപരിതലത്തില്‍ നിന്നും ഏകദേശം 2 മൈലുകളോളം (3 കി.മീറ്റര്‍) താഴെയായിരിക്കും, ഏതാനും മീറ്ററുകള്‍ മാത്രമായിരിക്കും ഇവയുടെ കനം, ആയിരക്കണക്കിന് ചതുരശ്രമൈലുകളോളം ഇവ വ്യാപിച്ച് കിടക്കുന്നുണ്ടാകും. ഇവയില്‍ വളരെ പരിമിതമായ ഖനന സാധ്യതകള്‍ മാത്രമേ ഇവയില്‍ ഉണ്ടാവുകയുള്ളു. എല്‍മ് കോലീ എണ്ണപാടത്തില്‍ ഇങ്ങനെ വിലങ്ങനെ ഒരുപാട് തുരക്കല്‍ വേണ്ടി വന്നിട്ടുണ്ട്.
അടുത്തകാലത്ത് നിലവില്‍ വന്ന തെമല്‍ ഡീപോളിമറൈസേഷന്‍ (TDP) എന്ന പ്രക്രിയ സങ്കീര്‍ണ്ണ ജൈവവസ്തുക്കളെ ലഘു സ്വാഭാവിക എണ്ണയായുള്ള രൂപാന്തരണത്തിന് സഹായിക്കുന്നു. താപത്തിന്റെയും മര്‍ദ്ദത്തിന്റെയും സഹായത്താല്‍ ഹൈഡ്രജന്റെയും ഒക്സിജന്റെയും കാര്‍ബണിന്റെയും നീണ്ട കണ്ണികള്‍ ഹ്രസ്വ കണ്ണികളായുള്ള ഹൈഡ്രോകാര്‍ബണുകളായി വിഘടിപ്പിക്കുന്നു. ഇത് അശ്മക ഇന്ധങ്ങള്‍ രൂപപ്പെടുന്ന ഭൗമ പ്രക്രിയകള്‍ക്ക് സമാനമാണ്. സൈദ്ധാന്തികമായി ഏത് ജൈവാവശിഷ്ടങ്ങളെയും ഇതുവഴി പെട്രോളിയത്തിന് സമാനമാക്കി മാറ്റാം.
[തിരുത്തുക] ചരിത്രം
ലോക ചരിത്രപ്രകാരം പെട്രോളിയം ലോകത്തിന് ആധുനിക ലോകത്തിന് മാത്രം അറിയുന്ന വസ്തുവല്ല. ഹെറോദോതസിന്റെ വിവണം ദൊയൊദൊറസ് സിസലസ് സ്ഥിരീകരിക്കുന്നതനുസരിച്ച് ബാബിലോണിലെ മതിലുകളും ഗോപുരങ്ങളും നിര്‍മ്മിക്കാന്‍ അസ്ഫാള്‍ട്ട് ഉപയോഗിച്ചിരുന്നു; ബാബിലോണിന് സമീപമുള്ള അര്‍ദേരിക്കക്ക് സമീപം എണ്ണ കുഴികളുണ്ടായിരുന്നു. ഉയര്‍ന്ന അളവില്‍ ഇവ നദീതീരങ്ങളിലും മറ്റും ഇവ കാണപ്പെടുകയും ചെയ്തിരുന്നു. പുരാതന പേര്‍ഷ്യയിലെ സമൂഹത്തിലെ മുകള്‍തട്ടുകാര്‍ ഔഷധങ്ങള്‍ക്കും വിളക്ക് കൊളുത്താനും പെട്രോളിയം ഉപയോഗിച്ചിരുന്നു.
[തിരുത്തുക] ഉപയോഗങ്ങള്‍
[തിരുത്തുക] ഇന്ധനം
പെട്രോളിയത്തിന്‍റെ എല്ലാ ഡിസ്റ്റിലേഷനകളും ഇന്ധനമാണ്. കിട്ടുന്ന ഇന്ധനങ്ങള്‍ ഇവയാണ്
- എഥെയ്ന്‍ and other short-chain alkanes
- ഡീസല്‍ ഇന്ധനം (പെട്രോഡീസല്‍)
- ഇന്ധനം എണ്ണs
- ഗ്യാസോലിന്‍ (പെട്രോള്‍)
- ജെറ്റ് ഇന്ധനം
- മണ്ണെണ്ണ
- ദ്രവീകൃത പെട്രോണിയം വാതകം (LPG)
- പ്രകൃതി വാതകം
[തിരുത്തുക] പെട്രോളിയം-രാജ്യം
[തിരുത്തുക] ഉപഭോഗം
2006 ലെ എണ്ണ ഉപഭോഗം പ്രതിദിനം ആയിരം വീപ്പ, ആയിരം ക്യുബിക്ക് മീറ്റര്‍ എന്നീ അളവുകളില്‍ കാണിച്ചിരിക്കുന്നു.[8][9][10]
| Consuming Nation 2006 | (1000 bbl/day) | (1000 m3/day) | population in millions | bbl/year per capita |
|---|---|---|---|---|
| അമേരിക്കന്‍ ഐക്യനാടുകള്‍ 1 | 20,687.42 | 3,289.0 | 304 | 24.8 |
| ചൈന | 7,201.28 | 1,144.9 | 1369 | 1.9 |
| ജപ്പാന്‍ 2 | 5,197.70 | 826.4 | 128 | 14.8 |
| റഷ്യ 1 | 2,810.76 | 446.9 | 142 | 7.2 |
| ജര്‍മനി 2 | 2,691.81 | 428.0 | 82 | 12 |
| ഇന്ത്യ 2 | 2,571.90 | 408.9 | 1201 | 0.8 |
| കാനഡ | 2,296.66 | 365.1 | 32[11] | 26.5 |
| ബ്രസീല്‍ | 2,216.84 | 352.4 | 187 | 4.3 |
| ദക്ഷിണ കൊറിയ 2 | 2,179.90 | 346.6 | 49[12] | 16.3 |
| സൌദി അറേബ്യ (OPEC) | 2,139.42 | 340.1 | 27[13] | 28.9 |
| മെക്സിക്കോ 1 | 2,077.51 | 330.3 | 107 | 7.1 |
| ഫ്രാന്‍സ് 2 | 1,981.18 | 315.0 | 61[14] | 11.9 |
| United Kingdom 1 | 1,812.01 | 288.1 | 61[15] | 10.9 |
| ഇറ്റലി 2 | 1,742.58 | 277.0 | 58[16] | 10.9 |
| ഇറാന്‍ (OPEC) | 1,679.20 | 267.0 | 68[17] | 8.9 |
ഉറവിടം: US Energy Information Administration
[തിരുത്തുക] ഉല്പാദനം
| # | Producing Nation | 103bbl/d (2006) | 103bbl/d (2007) |
|---|---|---|---|
| 1 | സൗദി അറേബ്യ (ഒപെക്) | 10,665 | 10,234 |
| 2 | റഷ്യ 1 | 9,677 | 9,876 |
| 3 | അമേരിക്കന്‍ ഐക്യനാടുകള്‍ 1 | 8,331 | 8,481 |
| 4 | ഇറാന്‍ (OPEC) | 4,148 | 4,043 |
| 5 | ചൈന | 3,845 | 3,901 |
| 6 | മെക്സിക്കൊ 1 | 3,707 | 3,501 |
| 7 | കാനഡ 2 | 3,288 | 3,358 |
| 8 | അറബ് ഐക്യ എമിറേറ്റുകള്‍ (OPEC) | 2,945 | 2,948 |
| 9 | വെനിന്‍സ്വെല (OPEC) 1 | 2,803 | 2,667 |
| 10 | കുവൈത്ത് (OPEC) | 2,675 | 2,613 |
| 11 | നോര്‍വെ 1 | 2,786 | 2,565 |
| 12 | നൈജീരിയ (OPEC) | 2,443 | 2,352 |
| 13 | ബ്രസീല്‍ | 2,166 | 2,279 |
| 14 | അള്‍ജീരിയ (OPEC) | 2,122 | 2,173 |
| 15 | ഇറാഖ് (OPEC) 3 | 2,008 | 2,094 |
| 16 | ലിബിയ (OPEC) | 1,809 | 1,845 |
| 17 | അംഗോള (OPEC) | 1,435 | 1,769 |
| 18 | United Kingdom | 1,689 | 1,690 |
| 19 | കസാഖിസ്ഥാന്‍ | 1,388 | 1,445 |
| 20 | ഖത്തര്‍ (OPEC) | 1,141 | 1,136 |
| 21 | ഇന്തോനേഷ്യ | 1,102 | 1,044 |
| 22 | ഇന്ത്യ | 854 | 881 |
| 23 | അസെര്‍ബൈജാന്‍ | 648 | 850 |
| 24 | അര്‍ജെന്റീന | 802 | 791 |
| 25 | ഒമാന്‍ | 743 | 714 |
| 26 | മലേഷ്യ | 729 | 703 |
| 27 | ഈജിപ്ത് | 667 | 664 |
| 28 | ഓസ്ട്രേലിയ | 552 | 595 |
| 29 | കൊളംബിയ | 544 | 543 |
| 30 | ഇക്വഡോര്‍ (OPEC) | 536 | 512 |
| 31 | സുഡാന്‍ | 380 | 466 |
| 32 | സിറിയ | 449 | 446 |
| 33 | Equatorial Guinea | 386 | 400 |
| 34 | യമന്‍ | 377 | 361 |
| 35 | വിയറ്റ്നാം | 362 | 352 |
| 36 | തായ്‌ലാന്‍ഡ് | 334 | 349 |
| 37 | ഡെന്മാര്‍ക്ക് | 344 | 314 |
| 38 | Congo | 247 | 250 |
| 39 | Gabon | 237 | 244 |
| 40 | ദക്ഷിണാഫ്രിക്ക | 204 | 199 |
ഉറവിടം: U.S. Energy Information Administration
[തിരുത്തുക] കയറ്റുമതി
In order of net exports in 2006 in thousand bbl/d and thousand m³/d:
| # | Exporting Nation (2006) | (103bbl/d) | (103m3/d) |
|---|---|---|---|
| 1 | Saudi Arabia (OPEC) | 8,651 | 1,376 |
| 2 | Russia 1 | 6,565 | 1,044 |
| 3 | Norway 1 | 2,542 | 404 |
| 4 | Iran (OPEC) | 2,519 | 401 |
| 5 | United Arab Emirates (OPEC) | 2,515 | 400 |
| 6 | Venezuela (OPEC) 1 | 2,203 | 350 |
| 7 | Kuwait (OPEC) | 2,150 | 342 |
| 8 | Nigeria (OPEC) | 2,146 | 341 |
| 9 | Algeria (OPEC) 1 | 1,847 | 297 |
| 10 | Mexico 1 | 1,676 | 266 |
| 11 | Libya (OPEC) 1 | 1,525 | 242 |
| 12 | Iraq (OPEC) | 1,438 | 229 |
| 13 | Angola (OPEC) | 1,363 | 217 |
| 14 | Kazakhstan | 1,114 | 177 |
| 15 | Canada 2 | 1,071 | 170 |
ഉറവിടം: US Energy Information Administration
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Hyne, Norman J. (2001). Nontechnical Guide to Petroleum Geology, Exploration, Drilling, and Production. PennWell Corporation. pp. 1-4. ISBN 087814823X.
- ↑ IEA Key World Energy Statistics
- ↑ "Crude oil is made into different fuels"
- ↑ EIA reserves estimates
- ↑ CERA report on total world oil
- ↑ Heat of Combustion of Fuels
- ↑ Keith A. Kvenvolden “Organic geochemistry – A retrospective of its first 70 years” Organic Geochemistry 37 (2006) 1–11. DOI:10.1016/j.orggeochem.2005.09.001
- ↑ U.S. Energy Information Administration. Excel file RecentPetroleumConsumptionBarrelsperDay.xls from web page http://tonto.eia.doe.gov/dnav/pet/pet_pri_wco_k_w.htm (direct link: http://www.eia.doe.gov/emeu/international/RecentPetroleumConsumptionBarrelsperDay.xls) "Table Posted: November 7, 2008"
- ↑ From DSW-Datareport 2006 ("Deutsche Stiftung Weltbevölkerung")
- ↑ One cubic metre of oil is equivalent to 6.28981077 barrels of oil
- ↑ Beauchesne, Eric (2007-03-13). We are 31,612,897. National Post. ശേഖരിച്ചത് 2008-11-11.
- ↑ IndexMundi. South Korea Population - Demographics. "48,846,823" ... "July 2006 est." Retrieved 2008-11-11
- ↑ Sources vary: 24,600,000 from UNHCR / Refworld / The Worst of the Worst 2006 - Saudi Arabia. United Nations High Commissioner for Refugees. ശേഖരിച്ചത് 2008-11-11.; while IndexMundi listed a July 2006 estimate of 27,019,73: Saudi Arabia Population - Demographics. IndexMundi. ശേഖരിച്ചത് 2008-11-11.
- ↑ IndexMundi. France Population - Demographics. "60,876,136" ... "July 2006 est." Retrieved 2008-11-11
- ↑ IndexMundi. United Kingdom Population - Demographics. "60,609,153" ... "July 2006 est." Retrieved 2008-11-11
- ↑ IndexMundi. Italy Population - Demographics. "58,133,509" ... "July 2006 est." Retrieved 2008-11-11
- ↑ IndexMundi. Iran Population - Demographics. "68,688,433" ... "July 2006 est." Retrieved 2008-11-11
- ↑ http://www.eia.doe.gov/emeu/aer/pdf/pages/sec11_10.pdf
[തിരുത്തുക] പുറം കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- US Energy Information Administration
- US Department of Energy EIA - World supply and consumption
- American Petroleum Institute - the trade association of the US oil industry.
- Oil survey - OECD International Energy Agency
