വൈദ്യുതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോദിതകണങ്ങളുടെ ചലനഫലമായുണ്ടാകുന്ന ഊര്‍ജ്ജപ്രവാഹം എന്നാണ് വൈദ്യുതി എന്ന പദത്തിന്റെ സാമാന്യവിവക്ഷ. എന്നാല്‍, വൈദ്യുതചോദന, വൈദ്യുതമര്‍ദ്ദം, വൈദ്യുതപ്രവാഹം, വൈദ്യുതമണ്ഡലം തുടങ്ങി, ഒന്നിലധികം പ്രതിഭാസങ്ങളെ സൂചിപ്പിക്കുവാന്‍ ഈ പദം ഉപയോഗിച്ചുവരുന്നു.[1]
പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും ഉള്ള കേവലഗുണമാണ് വൈദ്യുതചോദന. വൈദ്യുതപരമായി ചോദിതമായ അടിസ്ഥാനകണങ്ങള്‍ ചലിക്കുമ്പോള്‍, അവയില്‍ നിന്ന് , വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉത്സര്‍ജ്ജിക്കുന്നു. ഇവ തരംഗരൂപിയായ ഊര്‍ജ്ജമാണ്; ഒരു വൈദ്യുതചാലകത്തിലൂടെ ഇവയെ നയിക്കാന്‍ കഴിയും. മാത്രവുമല്ല, ഇവയ്ക്ക് എതെങ്കിലും ഒരു മാദ്ധ്യമത്തിന്റെ സഹായമില്ലാതെ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കാനും, കഴിയും. ഈ വൈദ്യുതോര്‍ജ്ജത്തെയാണ് സാധാരണ വൈദ്യുതി എന്നു പറയുന്നത്.[2]
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] പുരാതനകാലം
- ക്രിസ്തുവിനു മുന്‍പ് ആറാം നൂറ്റാണ്ടില്‍, മൈലീറ്റസ് എന്ന പുരാതന നഗരത്തില്‍ ജീവിച്ചിരുന്ന തേലീസ് എന്ന പണ്ഡിതന്‍ പുരാതന യവനര്‍ക്ക് മരക്കറ ഉറഞ്ഞുശിലാരുപമായ ആംബര്‍ പോലെയുള്ള വസ്തുക്കള്‍, കമ്പിളിയില്‍ ഉരസുമ്പോള്‍ അവയ്ക്ക് തലമുടിപോലെ, ചില ചെറിയവസ്തുക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അറിയാമായിരുന്നു എന്ന് രേഖപ്പെടുത്തുയിട്ടുണ്ട്.[3]
- ക്രിസ്തുവിനു മുന്‍പ് മുന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന, ഗാല്‍വനിക് സെല്ലിനോടു സാദൃശ്യമുള്ള ബാഗ്ദാദ് ബാറ്ററി എന്നറിയപ്പെടുന്ന ഒരുപകരണം1938ല്‍ ബാഗ്ദാദില്‍നിന്ന് കണ്ടെടുത്തു. അത്, വൈദ്യുതലേപനത്തിന് (Electroplating) ഉപയോഗിച്ചിരുന്നതാവാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. [3]
[തിരുത്തുക] ആധുനിക കാലം
- ക്രിസ്തുവിനു പിന്‍പ് 1550 - ജിരൊലാമോ കര്‍ദാനോ എന്ന ഇറ്റലിക്കാരന്, വൈദ്യുത-കാന്തബലങ്ങളെ വേര്‍തിരിച്ചറിയുന്നു.[4]
- ക്രി.പി. 1600 - വില്യം ഗില്‍ബര്‍ട്ട് എന്ന ഇംഗ്ലീഷുശാസ്ത്രജ്ഞന്‍ വൈദ്യുത-കാന്ത പ്രതിഭാസങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കുന്നു.ഭൗമകാന്തികതയെപ്പറ്റിയും, വൈദ്യുതചോദനയെപ്പറ്റിയും പുതിയ വിവരങ്ങള്‍ കണ്ടെത്തുന്നു.[4]
- ക്രി.പി. 1646 - സര്‍ തോമസ് ബ്രൗണ്‍, തന്റെ സ്യുഡോഡോക്സിയ എപീഡെമിക്ക എന്ന പുസ്തകത്തില്‍ ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി പ്രയോഗിക്കുന്നു.[4]
- ക്രി.പി. 1663 - ഓട്ടാ വോണ്‍ ഗ്യൂറിക് ട്രൈബോ ഇലക്ട്റിക് പ്രഭാവം ആധാരമാക്കി, ആദ്യത്തെ വൈദ്യുതജനിത്രം നിര്‍മ്മിക്കുന്നു.[4]
- ക്രി.പി. 1675 - റോബര്‍ട്ട് ബോയല്‍ വൈദ്യുതാകര്‍ഷണ-വികര്‍ഷണബലങ്ങള്‍ ശൂന്യപ്രദേശങ്ങളീല്‍പോലും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു കണ്ടെത്തുന്നു.[4]
- ക്രി.പി. 1729 - സ്റ്റീഫന്‍ ഗ്രേ വസ്തുക്കളെ വൈദ്യുത ചാലകങ്ങളെന്നും അചാലകങ്ങളെന്നും വേര്‍തിരിച്ചറിയുന്നു.[4]
- ക്രി.പി. 1734 - ചാള്‍സ് സിസ്റ്റണി ഡ്യൂഫേ, റസിന്യുവസ് എന്നും വിട്രിയസ് എന്നും രണ്ടു തരം വൈദ്യുതിയുണ്ടെന്നു കണ്ടെത്തുന്നു.[4] (അത് പിന്നീട് ധനചോദനയെന്നും ഋണചോദനയെന്നും വിളിക്കപ്പെട്ടു). സമാനചോദനകള്‍ വികര്‍ഷിക്കുമെന്നും വിരുദ്ധചോദനകള്‍ ആകര്‍ഷിക്കുന്നുവെന്നും കണ്ടെത്തുന്നു[5].
- ക്രി.പി. 1745 - പീറ്റര്‍ വാന്‍ മസ്കന്ബ്രെക് വൈദ്യുതചോദനകളെ വന്‍തോതില്‍ ശേഖരിക്കുവാന്‍ കഴിവുള്ള ലൈഡന്‍ ജാര് എന്ന ഒരുതരം ധാരിത്രം (Capacitor) നിര്‍മ്മിക്കുന്നു.[4]
- ക്രി.പി. 1745 - എവാള്‍ഡ് ഗ്യോര്ഗ് വോണ്‍ ക്ലിസ്റ്റ് സ്വതന്ത്രമായി ക്ലീസ്റ്റിയന് ജാര് എന്ന മറ്റൊരുതരം ധാരിത്രം നിര്‍മ്മിക്കുന്നു.[6]
- ക്രി.പി. 1747 - വില്യം വാട്സണ്‍ വൈദ്യുതോത്സര്‍ജനം (Electric Discharge), വൈദ്യുതപ്രവാഹത്തിനു സമാനമാണെന്നു കണ്ടെത്തുന്നു.[4]
- ക്രി.പി. 1752 - ബഞ്ചമിന് ഫ്രാങ്ക്ലിന്, മിന്നല്‍ ഒരു വൈദ്യുതപ്രഭാവമാണെന്നു കണ്ടെത്തുന്നു.[4]
- ക്രി.പി. 1767 - ജോസഫ് പ്രീസ്റ്റ്ലി പ്രതിലോമവര്ഗ്ഗനിയമം (Inverse-Square Law)എന്ന ആശയം അവതരിപ്പിക്കുന്നു.[7]
- ക്രി.പി. 1774 - ഗ്യോര്ജസ് ലൂയി ലെസാര്ജ് ആദ്യത്തെ വൈദ്യുതടെലഗ്രാഫ് നിര്‍മ്മിക്കുന്നു.[8]
- ക്രി.പി. 1785 - ചാള്‍സ് അഗസ്റ്റസ് ദി കൂളും വൈദ്യുതചോദനകള് തമ്മിലുള്ള പ്രതിലോമവര്ഗ്ഗനിയമത്തിന് (കൂളും നിയമം) പരീക്ഷണസാധുത നല്കുന്നു[9].
- ക്രി.പി. 1791 - ലിയൂജീ ഗില്വാനി ജൈവവൈദ്യുതി കണ്ടെത്തുന്നു. [10] [11]
- ക്രി.പി. 1800 - അലെസ്സാന്ദ്രോ വോള്‍ട്ടാ ആദ്യത്തെ ബാറ്ററി - വോള്‍ട്ടാസെല്‍ - നിര്‍മിക്കുന്നു.[4]
- ക്രി.പി. 1800 - വില്യം നിക്കോള്‍സണ്‍, ആന്തണി കാര്‍ളൈല്‍ എന്നീ ശാസ്ത്രജ്ഞര്‍ വൈദ്യുതവിശ്ലേഷണം (Electrolysis) കൊണ്ട് ജലം, ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിക്കുന്നു. [12]
- ക്രി.പി. 1802 - ജിയാന്‍ ഡൊമെനിക്കോ റൊമാനോസി കാന്തികപ്രഭാവവും വൈദ്യുതിയും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തുന്നു.[13]
- ക്രി.പി. 1820 - ഹാന്‍സ് ക്രിസ്റ്റന്‍ ഏര്‍സ്റ്റഡ് വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിന് കാന്തമണ്ഡലം സൃഷ്ടിക്കാമെന്നു കണ്ടെത്തുന്നു.[14]
- ക്രി.പി. 1820 - ആന്ദ്രേ-മാരീ ആമ്പിയര്‍ വൈദ്യുതീപ്രവാഹം സംബന്ധിക്കുന്ന ആമ്പിയര്‍ നിയമം അവതരിപ്പിക്കുന്നു.[15]
- ക്രി.പി. 1820 - യൂഹാന്‍ സലോമൊ ക്രിസ്റ്റോഫ് ഷ്വീഗര്‍ ആദ്യത്തെ ഗാല്‍വനോമീറ്റര്‍ നിര്‍മ്മിക്കുന്നു.[16]
- ക്രി.പി. 1825 - വില്യം സ്റ്റര്ജന് വൈദ്യുതകാന്തം (Electromagnets) നിര്‍മ്മിക്കുന്നു.[17]
- ക്രി.പി. 1826 - ഗീയോര്ഗ് സീമോന്‍ ഓം പ്രശസ്തമായ ഓം നിയമം അവതരിപ്പിക്കുന്നു. [18]
- ക്രി.പി. 1829 - ഫ്രാന്‍ചെസ്കൊ സാന്റെഡെച്ചി സംവൃതപഥങ്ങളില് (Closed Circuits), പിന്‍വലിയുന്ന ഒരു കാന്തം വൈദ്യുതി ജനിപ്പിക്കുന്നു എന്നു കണ്ടെത്തുന്നു. [19]
- ക്രി.പി. 1831 - മൈക്കിള്‍ ഫാരഡെ വൈദ്യുതകാന്തപ്രേരണതത്വങ്ങള്‍ പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നു.[20]
- ക്രി.പി. 1833 - ഹൈന്റീച്ച് ഫ്രീദ്റീച്ച് ഈമീല്‍ ലെന്‍സ്, ലെന്‍സ് നിയമം വികസിപ്പിക്കുന്നു. [21]
- ക്രി.പി. 1835 - ജോസഫ് ഹെന്റി, സ്വപ്രേരണം (Self-Inductance) കണ്ടെത്തുന്നു, വൈദ്യുത റിലേ (Relay) നിര്‍മ്മിക്കുന്നു. [22]
- ക്രി.പി. 1840 - ജയിംസ് പ്രിസ്കൊട് ജൂള്‍, പ്രശസ്തമായ ജൂള്‍ നിയമം (അഥവാ ജൂള്‍-ലെന്‍സ് നിയമം) കണ്ടെത്തുന്നു.[23]
- ക്രി.പി. 1865 - ജയിംസ് ക്ലാര്‍ക്സ് മാര്‍ക്സ് വെല്‍, വൈദ്യുതകാതമണ്ഡലങ്ങളേപ്പറ്റി സൂത്രവാക്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. [24]
- ക്രി.പി. 1881 - നിക്കോളാ ടെസ്ലാ , പ്രത്യാവര്‍ത്തിവൈദ്യുതധാരയില്‍ (Alternating Current) പ്രവര്‍ത്തിക്കുന്ന വിവിധ വൈദ്യുത-ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നു. [25]
- ക്രി.പി. 1887 - ഹൈന്റീഷ് റൂദോള്ഫ് ഹെര്‍ട്സ്, വൈദ്യുതകാന്തതരംഗങ്ങളുടെ (റേഡിയോ തരംഗങ്ങള്‍) അസ്തിത്വം തെളിയിക്കുന്നു.[26]
- ക്രി.പി. 1897 - ജോസഫ് ജോണ്‍ തോംസണ്‍, ഇലക്ട്രോണ്‍ കണ്ടെത്തുന്നു. [27]
- ക്രി.പി. 1897 - ഹൈക്ക കാമര്‍ലിങ് ഓനസ്, അതിചാലകത (Super Conductivity) കണ്ടെത്തുന്നു.[28]
[തിരുത്തുക] എന്താണ് വൈദ്യുതി
ഒരു അണുവില്‍ (ആംഗലേയം: Atom) ന്യൂട്രോണും, പ്രോട്ടോണും, ഇലക്ടോണും ഉണ്ടാവും, അണുവിന്റെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രോട്ടോണിനേയും, ന്യൂട്രോണിനേയും ഇലക്ടോണുകള്‍ താന്താങ്ങളുടെ പാതയിലൂടെ ചുറ്റിക്കൊണ്ടിരിക്കും. പ്രോട്ടോണിന് ധന ഗുണവും(+ve charge), ഇലക്ട്രോണിന് ഋണഗുണവും(-ve charge) ഉണ്ടാവും. ന്യൂട്രോണ്‍ ഗുണരഹിതമാണ്. ധനഗുണവും ഋണഗുണവും ആകര്‍ഷിക്കുമെങ്കിലും ഒരേ ഇനം ചാര്‍ജുകള്‍ വികര്‍ഷിക്കും. കണത്തിന്റെ കേന്ദ്രത്തോടു ചേര്‍ന്നുള്ള പാതയിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രോണുകളെ പ്രോട്ടോണുകള്‍ നന്നായി ആകര്‍ഷിക്കുമെങ്കിലും പുറത്തെ പഥങ്ങളിലൂടെ ഉള്ളവയെ അങ്ങിനെ ആകണമെന്നില്ല.
സ്വര്‍ണ്ണം, ചെമ്പ്, വെള്ളി മുതലായ വലിയ അണുക്കളുള്ള മൂലകങ്ങളില്‍ പുറത്തുള്ള പഥങ്ങളിലെ ഇലക്ട്രോണുകളിലെ ആകര്‍ഷണബലം തീര്‍ത്തും ബലം കുറഞ്ഞതാവും. ഇത്തരം ലോഹങ്ങളിലെ രണ്ട് അണുക്കള്‍ അടുത്താണെങ്കില്‍ ഏറ്റവും പുറത്തെ ഇലക്ട്രോണുകളെ ഇരു കേന്ദ്രങ്ങളും ഒരുപോലെ ആകര്‍ഷിക്കും ഫലത്തില്‍ ആ ഇലക്ട്രോണുകള്‍ യാതൊരു അണുകേന്ദ്രങ്ങളുടേയും ആകര്‍ഷണവലയത്തില്‍ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം മൂലകങ്ങളില്‍ കോടാനുകോടി അനാഥ ഇലക്ട്രോണുകള്‍, ഇവയെ സ്വതന്ത്ര ഇലക്ട്രോണുകള്‍ എന്നും വിളിക്കുന്നു. ഇത്തരം മൂലകങ്ങളില്‍ തുല്യ എണ്ണം ഇലക്ട്രോണുകള്‍ എല്ലാ ദിശയിലേക്കും ചലിച്ചുകൊണ്ടിരിക്കും അതായത് അല്പം കൂടുതല്‍ ആകര്‍ഷണബലം കാണിക്കുന്ന കേന്ദ്രങ്ങളുടെ സമീപത്തേക്ക്. ഈ സ്വതന്ത്ര ഇലക്ട്രോണുകളെ ഏതെങ്കിലും പ്രത്യേക ദിശയിലേക്കു ചലിപ്പിക്കുന്നതിനെ വൈദ്യുതി എന്നു പറയുന്നു.
[തിരുത്തുക] അചേതന വൈദ്യുതി
കമ്പിളിയില്‍ അഭ്രം(മൈക്ക) പോലുള്ള വസ്തുക്കള്‍ ഉരസുമ്പോള്‍ അവയിലെ ഇലക്ട്രോണുകള്‍ കമ്പിളിയിലേക്ക് കുടിയേറുന്നു. തത്ഫലമായി അഭ്രത്തില്‍ മുഴവനായി ധനചാര്‍ജ്ജ് അനുഭവപ്പെടുകയും അനാഥ ഇലക്ട്രോണുകളുള്ള വസ്തുക്കളെ അവ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ട അഭ്രത്തിലനുഭവപ്പെട്ട വൈദ്യുതിയെ അചേതന വൈദ്യുതി അഥവാ സ്ഥിത വൈദ്യുതി(Static electricity) എന്നു വിളിക്കുന്നു.
[തിരുത്തുക] കാന്തികബലം ഉപയോഗിച്ചുള്ള വൈദ്യുതി
ഇടത്തുനിന്നു വലത്തോട്ടുള്ള കാന്തിക ക്ഷേത്രത്തിലൂടേ വിലങ്ങനെ ഒരു ചാലകം ചലിക്കുമ്പോള്‍ അവയില്‍ ലോറന്‍സ് ബലം എന്ന ബലം പ്രയോഗിക്കപ്പെടുന്നു. ഈ ബലം ചാലകത്തിലെ സ്വതന്ത്ര ഇലക്ട്രോണുകളെ ചാലകത്തിനും കാന്തികക്ഷേത്രത്തിനും ലംബമായി ചലിപ്പിക്കാന്‍ പ്രാപ്തമാണ്. അങ്ങിനെയുണ്ടാകുന്ന ഇലക്ട്രോണ്‍ പ്രവാഹത്തെ മറ്റൊരു ചാലകം ഉപയോഗിച്ച് പിടിച്ചെടുക്കയാണ് കാന്തികബലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ചെയ്യുന്നത്.
ഡൈനാമോ, ജനറേറ്റര്‍ മുതലായ ഉപകരണങ്ങളെല്ലാം ഇത്തരത്തിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. സാധാരണ യാന്ത്രികോര്‍ജ്ജത്തെ ആണ് ഇത്തരത്തില്‍ വൈദ്യുതോര്‍ജ്ജം ആക്കി മാറ്റുന്നത്. ജലവൈദ്യുത പദ്ധതികള്‍, തിരമാലയില്‍ നിന്നും, കാറ്റില്‍ നിന്നുമുത്പാദിപ്പിക്കുന്ന വൈദ്യുതി മുതലായവയെല്ലാം ഇത്തരത്തിലാണ് ഊര്‍ജ്ജ രൂപാന്തരണം നിര്‍വഹിക്കുന്നത്.
[തിരുത്തുക] വൈദ്യുതി - വിവിധ സങ്കേതങ്ങള്‍
വൈദ്യുതി എന്ന വാക്ക് സാധാരണയായി താഴെപ്പറയുന്ന പരസ്പരബന്ധമുള്ള കൂടുതല്‍ കൃത്യമായ സങ്കേതങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്.
- വൈദ്യുത ചാര്‍ജ് (ആംഗലേയം: Electric charge) - ഉപ ആറ്റോമിക കണങ്ങളില്‍ അടങ്ങിയിട്ടുള്ള അടിസ്ഥാനപരമായ ഒരു ഗുണം. ഈ ഗുണമാണ് ആ കണങ്ങളുടെ വിദ്യുത്കാന്തിക പ്രതിപ്രവര്‍ത്തനങ്ങളെ നിശ്ചയിക്കുന്നത്. ചാര്‍ജ് ചെയ്യപ്പെട്ട വസ്തുക്കള്‍ വൈദ്യുത കാന്തിക ക്ഷേത്രത്താല്‍ ഉത്തേജിക്കപ്പെടുകയും കൂടതെ അവ വിദ്യുത്കാന്തിക തരംഗങ്ങളെ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
- വൈദ്യുത പൊട്ടെന്‍ഷ്യല്‍ (വോള്‍ട്ടത എന്ന് സാധാരണയായി പറയുന്നു) - ഒരു സ്ഥിത വൈദ്യുതക്ഷേത്രത്തിലുള്ള (ആംഗലേയം: static electric field) ഊര്‍ജ്ജത്തിന്റെ അളവാണ് ഇത്.
- വൈദ്യുത ധാര (ആംഗലേയം: Electric current) - വൈദ്യുത ചാര്‍ജ് വഹിക്കുന്ന കണങ്ങളുടെ ഒഴുക്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
- വൈദ്യുത ക്ഷേത്രം (ആംഗലേയം: Electric field) - വൈദ്യുത ചാര്‍ജ് അതിന്റെ പരിധിയില്‍ വരുന്ന ചാര്‍ജുള്ള കണികകളില്‍ ചെലുത്തുന്ന ബലത്തെ സൂചിപ്പിക്കുന്നു.
- വൈദ്യുതോര്‍ജ്ജം (ആംഗലേയം: Electrical energy) - വൈദ്യുത ചാര്‍ജിന്റെ ഒഴുക്കു മൂലം ലഭ്യമാകുന്ന ഊര്‍ജ്ജരൂപം.
- വിദ്യുച്ഛക്തി (ആംഗലേയം: Electric power) - പ്രകാശം, താപം, യാന്ത്രികം മുതലായ ഊര്‍ജ്ജത്തിന്റെ മറ്റു രൂപങ്ങളിലേക്കും തിരിച്ചും വൈദ്യുതോര്‍ജ്ജം മാറ്റപ്പെടുന്നതിന്റെ നിരക്ക്.
[തിരുത്തുക] സുരക്ഷ
വൈദ്യുതോര്‍ജ്ജം സ്വതവേ അപകടസാദ്ധ്യത കൂടുതലുള്ള ഒരു ഊര്‍ജ്ജരൂപമാണ്. അപകടങ്ങള്‍ സംഭവിക്കാതിരിക്കാനെടുക്കുന്ന ഉപായങ്ങളെയാണ് വൈദ്യുതസുരക്ഷ എന്നു പറയുന്നത്. അപകടത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളും പ്രവൃത്തികളും മുന്‍കൂട്ടിത്തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് സമാന്യനടപടി. കര്‍ശന നിയമങ്ങളും നിര്‍ദ്ദേശങ്ങളും അതിനാവശ്യമാണ്.
[തിരുത്തുക] കൂടുതല്‍ അറിവിന്
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- http://www.bibliomania.com/2/9/72/119/21387/1/frameset.html
- http://www.telesensoryview.com/steverosecom/Articles/UnderstandingBasicElectri.html
[തിരുത്തുക] അവലംബം
- ↑ എന്താണ് വൈദ്യുതി?; വില്യം ജെ. ബീറ്റി
- ↑ എന്താണ് വൈദ്യുതി ?; വില്യം ജെ, ബീറ്റി രണ്ടാം ഖണ്ഡിക നോക്കുക
- ↑ 3.0 3.1 എന്‍സൈക്ലോപ്പിഡിയ-2: ഇലക്ടിസിറ്റി ഹിസ്റ്ററി
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 ഇലക്ട്രിസിറ്റി ഫോറം വെബ്സൈറ്റ്
- ↑ പോള്‍ ജെ. ബ്രൂസ്
- ↑ അമേസിന്‍സ് വെബ്സൈറ്റ്
- ↑ ഹിസ്റ്ററി ഓഫ് ഇക്കണോമിക് തോട്ട് - പ്രീസ്റ്റ്ലീ പേജ്
- ↑ ഓണ്‍പീഡിയ വെബ്സൈറ്റ്
- ↑ ജിയോസിറ്റി-കൂളം പേജ്
- ↑ വോള്‍ഫാം വെബ്സൈറ്റ്
- ↑ വേള്‍ഡ് വൈഡ് സ്കൂള്‍ വെബ്സൈറ്റ്]
- ↑ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി വെബ് പേജ്
- ↑ റൊമാനോസി
- ↑ എന്‍.എന്‍.ഡി.ബി.വെബ്സൈറ്റ്
- ↑ ആമ്പിയര്‍
- ↑ നേഷന്‍ മാസ്റ്റര്‍ എന്‍സൈക്‍ളൊപീഡിയ
- ↑ എബൗട്ട് . കോം
- ↑ എനര്‍ജി ക്വസ്റ്റ് സൈറ്റ്
- ↑ കാതോലിക് എന്‍സൈക്‍ളോപീഡിയ
- ↑ ഐഡിയാ ഫൈന്‍ഡര്‍
- ↑ നേഷന്‍ മാസ്റ്റര്‍ എന്‍സൈക്‍ളോപീഡിയ
- ↑ ഗ്രേറ്റ് അമേരിക്കന്‍ ഫിസിസിസ്റ്റ്സ്
- ↑ ആള്‍ ബയോഗ്രഫീസ് - ജയിംസ് പ്രിസ്കൊട് ജൂള്‍ (ഖണ്ഡിക-9)
- ↑ സാഗ്രെബ് യൂണിവേഴ്സിറ്റി സൈറ്റ്
- ↑ ടെസ്ലാ പേജ് (ഖണ്ഡിക-7)
- ↑ ഹെര്‍ട്സ് പേജ്
- ↑ ഇലക്ടോണ്‍ പേജ്
- ↑ സൂപ്പര്‍ കണ്‍റ്റക്റ്റിവിറ്റ്യ് പേജ്