കാറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൗമോപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനമാണ് കാറ്റ്.മര്‍ദ്ദം കൂടിയ മേഖലയില്‍നിന്നും മര്‍ദ്ദം കുറഞ്ഞ മേഖലയിലേയ്ക്കാണ് കാറ്റിന്റെ പ്രവാഹം. വായുവിന്റെയോ മറ്റ് വാതകങ്ങളുടെയോ ഒഴുക്കിനെയാണ് കാറ്റ് എന്ന് പറയുന്നത്. സൂര്യനില്‍ നിന്നുള്ള ചൂട് കാരണം വായുവിന് ചൂട് പിടിക്കുന്നു ഇങ്ങനെ ചൂട് പിടിച്ച വയു ഉയര്‍ന്ന് പൊങ്ങുകയും ആ സ്ഥാനത്തേക്ക് തണുത്ത വായു ഒഴുകിയെത്തുകയും ചെയ്യുന്നതാണ് കാറ്റിന്റെ അടിസ്ഥാനം. കൃത്രിമമായി പങ്കകള്‍ ഉപയോഗിച്ചും കാറ്റുണ്ടാക്കാം, ഇതിന് മറ്റ് രീതികളിലുള്ള ഊര്‍ജ്ജം ആവശ്യമാണ്.
ഭൗമോപരിതലത്തിലെ വായു വ്യത്യസ്തമായ രീതിയില്‍ ചൂടാവുകയും തണുക്കുകയും ചെയ്യുമ്പോഴാണ് കാറ്റ് ഉണ്ടാകുന്നത്.സാന്ദ്രതയേറിയ ചൂടുവായു മുകളിലേയ്ക്ക് പൊങ്ങുകയും തല്‍സ്ഥാനത്ത് തണുത്ത വായു പ്രവേശിയ്ക്കുകയും ചെയ്യുന്നു.ഇപ്രകാരം കാറ്റ് ഉണ്ടാകുന്നു.കാറ്റിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ താഴേപറയുന്നവയാണ്.
- ദൈനംദിനതാപനിലയിലുള്ള വ്യത്യാസം
- കുറഞ്ഞനിരക്കിലുള്ള മഴ(200-250മിമീ)
- കൂടുതല്‍ ബാഷ്പീകരണം
- സസ്യലതാദികളുടെ അഭാവം
- അവസാദ വസ്തുക്കളുടെ ലഭ്യത
ഉള്ളടക്കം |
[തിരുത്തുക] കാറ്റിന്റെ പ്രവര്‍ത്തനങ്ങള്‍
കാറ്റ് മുന്നോട്ടാണ് ചലിയ്ക്കുന്നത്.മുകളിലേയ്കും താഴേയ്ക്കുമുള്ള കാറ്റിന്റെ ചലനം നിമിത്തം ചുഴലി രൂപപ്പെടുന്നു.ഭൗമോപരിതലത്തിനുതൊട്ടുമുകളിലുള്ള നിശ്ചലമായ വായു കണപ്പെടുന്ന മേഖലയെ സോണ്‍ ഓഫ് ഡെഡ് എയര്‍ എന്ന് വിളിയ്ക്കുന്നു.ഈ മേഖലയുടെ ഘനത്തെ നിര്‍ണ്ണയിയ്ക്കുന്ന ഘടകങ്ങള്‍ അവസാദകണികകളുടെ ഭാരവും ഭൗമോപരിതലത്തിന്റെ സവിശേഷതയും ആണ്.അവസാദകണികകളെ ചലിപ്പിയ്ക്കാന്‍ ഏകദേശം 11മൈല്‍സ്/മണിക്കൂറിലുള്ള കാറ്റിന് സാധിയ്ക്കുന്നു എന്ന കാരണത്താല്‍ മരുഭൂമിയില്‍ കാറ്റിന്റെ ചലനം ശക്തവും സജീവവും ആണ്.
[തിരുത്തുക] ദ്രവിയ്ക്കല്‍ പ്രക്രിയ
പ്രധാനമായും രണ്ട് പ്രവര്‍ത്തനങ്ങളിലൂടേയഅണ് ഈ പ്രക്രിയ നടക്കുന്നത്.
[തിരുത്തുക] ഡിഫ്ലാഷന്‍
വരണ്ട അവസാദകണികകള്‍ മാറ്റം ചെയ്യപ്പെടുന്ന ഈ പ്രക്രിയയില്‍ മണല്‍ത്തരികളേയും മറ്റ് പദാര്‍ത്ഥങ്ങളേയും വഹിച്ചുപോകുന്നു.ഈ കാറ്റാണ് മണല്‍കാറ്റ്.അവസാദകണികകള്‍ മാറ്റപ്പെടുന്നകാരണം വലിയ പാറക്കഷ്ണങ്ങള്‍ ഒരിടത്ത് കൂടുന്നു.ഇപ്രകാരം രൂപം കൊള്ളുന്ന പ്രദേശത്തെ ഡസേര്‍ട്ട് പേവ്മെന്റ്സ് എന്ന് പറയുന്നു.ഈ പ്രവര്‍ത്തനഫലമായി തടാകങ്ങളും രൂപപ്പെടുന്നുണ്ട്.
[തിരുത്തുക] അബ്‌രാഷന്‍
കാറ്റ് വഹിച്ചുകൊണ്ടുപോകുന്ന അവസാദകണങ്ങള്‍ പരസ്പരം കൂട്ടിമുട്ടുകയും അങ്ങനെ ദ്രവീകരണപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.ഭൗമോപരിതലത്തില്‍ നിന്നും ഏകദേശം 30-60സെ.മീ ഉയരത്തിലാണ് ഇത് കാര്യക്ഷമമായി നടക്കുന്നത്.ഈ പ്രവര്‍ത്തനഫലമായി രൂപപ്പെടുന്ന ഭൂവിഭാഗങ്ങള്‍ താഴേ പറയും പ്രകാരമാണ്.
- കൂണ്‍ പാറ അഥവാ ഗാര
- സൂജെന്‍സ്
- യാര്‍ഡങ്ങ്സ്
[തിരുത്തുക] വഹിച്ചുകൊണ്ടുപോകല്‍
കാറ്റ് അവസാദകണികകളെ മൂന്ന് പ്രവര്‍ത്തനങ്ങള്‍ വഴിയാണ് വഹിച്ചുകൊണ്ടുപോകുന്നത്.
[തിരുത്തുക] സസ്പെന്‍ഷന്‍
വ്യാസം 0.03മി.മീല്‍ കുറവായ കണികകളേയാണ് ഈ പ്രവര്‍ത്തനം വഴി വഹിച്ചുകൊണ്ടുപോകുന്നത്.കാറ്റിന്റെ വേഗതയനുസരിച്ച് ഈ പ്രവര്‍ത്തനഗതിയ്ക്കും മാറ്റം വരുന്നു.സില്‍റ്റ് ആന്റ് ക്ലേ എന്നറിയപ്പെടുന്ന കണികകളാണ് ഇപ്രകാരം വഹിയ്ക്കപ്പെടുന്നത്.
[തിരുത്തുക] സാള്‍ട്ടേഷന്‍
കണികകളെ രണ്ട് പാളികളിലായി വഹിച്ചുകൊണ്ടുപോകുന്ന കാറ്റാണ് ഈ പ്രക്രിയ നടത്തുന്നത്.0.03മി.മീല്‍ കൂടുതല്‍ വ്യാസമുള്ള കണികകളാണ് ഇപ്രകാരം വഹിയ്ക്കപ്പെടുന്നത്.മണല്‍ത്തരികള്‍ മുന്നോട്ടുപൊങ്ങുകയും വൃത്താകൃതിയിലുള്ള പാത സൃഷ്ടിയ്ക്കപ്പെടുകയും ചെയ്യുന്നു.മണല്‍ത്തരികള്‍ താഴേയ്ക്ക് വന്ന് മറ്റൊരു മണല്‍ത്തരിയുമായി ഇടിയ്ക്കുകയും മുകളിലേയ്ക്ക് പൊങ്ങുകയും ചെയ്യുന്നു.ഏകദേശം 75%ത്തോളം തരികള്‍ ഇപ്രകാരമാണ് സഞ്ചരിയ്ക്കുന്നത്.
[തിരുത്തുക] ക്രീപ്
ഏറ്റവും വേഗത കുറഞ്ഞ വഹിച്ചുകൊണ്ടുപോകല്‍ പ്രക്രിയയാണ് ഇത്.വലിയ അവസാദകണികകളഅണ് ഇതില്‍ പ്രധാനമായും സഞ്ചരിയ്ക്കപ്പെടുന്നത്.
[തിരുത്തുക] നിക്ഷേപം
കറ്റിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന നിക്ഷേപങ്ങളെ എയോളിയന്‍ നിക്ഷേപങ്ങള്‍ എന്നാണ് പറയുന്നത്.കാറ്റിന്റെ വേഗതയ്ക്കനുസരിച്ച് നിക്ഷേപത്തിന്റെ തോതും വ്യത്യാസപ്പെടുന്നു.കാറ്റിന്റെ ശക്തി കുറയുമ്പോള്‍ ഭാരമേറിയ കണികകളാണ് നിക്ഷേപിയ്ക്കപ്പെടുന്നത്.കാറ്റിന്റെ നിക്ഷേപം ഒരു വേര്‍തിരിയ്ക്കല്‍ പ്രക്രിയ കൂടിയാണ്.നിക്ഷേപത്തെ പ്രധാനമായും ലയസ്,മണല്‍കുന്നുകള്‍ എന്നിങ്ങനെ രണ്ടായി തിരിയ്ക്കാം.
[തിരുത്തുക] ലയസ് നിക്ഷേപങ്ങള്‍
കാറ്റ് വഹിച്ചുകൊണ്ടുപോകുന്ന പൊടിപടലങ്ങള്‍ കിലോമീറ്ററുകള്‍ക്കുശേഷം നിക്ഷേപിയ്ക്കപ്പെടുന്നു.ഇതില്‍ പ്രധാനമായും കളിമണ്‍പൊടിയും സില്‍റ്റും കാണാം.ഓറഞ്ച് അഥവാ തവിട്ടുനിറത്തിലാണ് നിക്ഷേപങ്ങള്‍ കാണപ്പെടുന്നത്.ഈ നിക്ഷേപങ്ങള്‍ ഫലഭൂയിഷ്ഠമാണ്.
[തിരുത്തുക] മണല്‍ക്കുന്നുകള്‍
കാറ്റിന്റെ വിശേഷപ്പെട്ട നിക്ഷേപമാണിത്.വരണ്ടപ്രദേശങ്ങളിലും നദീതടങ്ങളിലും സമുദ്രതീരത്തും ഇവ വ്യാപിച്ച് കിടക്കുന്നു.ഏതുപ്രകാരമുള്ള തടസ്സത്തിനുമുന്നിലും പിന്നിലും കാറ്റിന്റെ വേഗത കുറവായിരിയ്ക്കും.ഈ ഭാഗമാണ് കാറ്റിന്റെ നിഴല്‍ പ്രദേശം.ഇപ്രകാരം തടസ്സങ്ങള്‍ നിമിത്തം മണല്‍ക്കുന്നുകള്‍ രൂപപ്പെടുന്നു.മണല്‍ക്കുന്നുകളുടെ രൂപീകരണം 3ഘടകങ്ങളെ ആശ്രയിച്ച്ചിരിയ്ക്കുന്നു.
- കാറ്റിന്റെ ശക്തി
- മണലിന്റെ ലഭ്യത
- തടസ്സത്തിന്റെ പ്രകൃതി
മണല്‍ക്കുന്നുകളുടെ പ്രവര്‍ത്തനം അനുസരിച്ച് സജീവമായവ എന്നും നിര്‍ജീവമായവ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്.സജീവമായവ സമയം മാറുന്നതിനനുസരിച്ച് ആകൃതിയ്ക്കും പ്രകൃതിയ്ക്കും വ്യത്യാസം വരുത്തുന്നു.എന്നാല്‍ നിര്‍ജീവമായവ ഒരിയ്ക്കല്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ യാതൊരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാതെ യാതൊരു മാറ്റവും ഇല്ലാതെ സ്ഥിതിചെയ്യുന്നു.മണല്‍ക്കുന്നുകളെ വീണ്ടും ബാര്‍ക്കന്‍സ്,ലോന്‍ജിറ്റ്യൂഡിനല്‍ ഡ്യൂണ്‍സ്,പരാബൊളിക് ഡ്യൂണ്‍സ് എന്നിങ്ങനേയും തിരിച്ചിരിയ്ക്കുന്നു.
[തിരുത്തുക] വ്യത്യസ്തതരം കാറ്റുകള്‍
ഭൂഭ്രമണം,ഭൂപ്രകൃതിഎന്നിവയ്ക്കനുസരിച്ച്കാറ്റിന്റെഗതിയിലുംദിശയിലുംവ്യതിയാനമുണ്ടാകുന്നു.കാറ്റുകളെസ്ഥിരവതങ്ങള്‍,കാലികവാതങ്ങള്‍,അസ്ഥിരവാതങ്ങള്‍,ചക്രവാതങ്ങള്‍,പ്രാദേശികവാതങ്ങള്‍ എന്നിങ്ങനെ തരംതിരിയ്ക്കാറുണ്ട്.
[തിരുത്തുക] സ്ഥിരവാതങ്ങള്‍
ഒരു നിശ്ചിതദിശയിലേയ്ക്ക് മാത്രം വര്‍ഷം മുഴുവനും തുടര്‍ച്ചയായി വീശുന്നവയാണ് സ്ഥിരവാതങ്ങള്‍. ഇവയെ വീണ്ടും പശ്ചിമവാതങ്ങള്‍, വാണിജ്യവാതങ്ങള്‍, ധ്രുവീയവാതങ്ങള്‍ എന്നിങ്ങനെ തിരിയ്ക്കാം.ഏറ്റവും അധികം സ്ഥിരതയോടെ വീശുന്നവയാണ് വാണിജ്യവാതങ്ങള്‍.കിഴക്കുദിശയില്‍ ധ്രുവങ്ങളില്‍നിന്നും വീശുന്ന അതിശക്തമായ കാറ്റുകളാണ് ധ്രുവീയവാതങ്ങള്‍. ഉത്തരാര്‍ദ്ധഗോളത്തില്‍ തെക്കുപടിഞ്ഞാറുനിന്നും ദക്ഷിണാര്‍ദ്ധഗോളത്തില്‍ വടക്കുപടിഞ്ഞാറുനിന്നുമാണ് പശ്ചിമവാതങ്ങള്‍ വീശുന്നത്.
[തിരുത്തുക] പശ്ചിമവാതങ്ങള്‍
ദക്ഷിണ അക്ഷാംശം40ഡിഗ്രിയ്ക്കും 65ഡിഗ്രിയ്ക്കും ഇടയില്‍ ഈ കാറ്റ് വീശുന്നത് ശക്തമാണ്.തന്മൂലം നാവികര്‍ ദക്ഷിണ അക്ഷാംശം35-45ഡിഗ്രിയ്ക്ക് ഇടയില്‍ വീശുന്ന കാറ്റിന് അലറുന്ന നാല്പതുകള്‍ എന്ന് പറയുന്നു.45-55ഡിഗ്രിയ്ക്ക് ഇടയില്‍ ഉള്ള കാറ്റിനെ ആര്‍ത്തലയ്ക്കുന്ന അന്‍പതുകള്‍ എന്നും55-65ഡിഗ്രിയ്ക്ക് ഇടയില്‍ ഉള്ളതിനെ അലമുറയിടുന്ന അറുപതുകള്‍ എന്നും പറയുന്നു.
[തിരുത്തുക] കാലികവാതങ്ങള്‍
ൠതുഭേദങ്ങള്‍ക്കനുസരിച്ച് ദിശയ്ക്ക് മാറ്റം സംഭവിയ്ക്കുന്നവയാണ് കാലികവാതങ്ങള്‍, മണ്‍സൂണ്‍ കാറ്റുകള്‍, കരക്കാറ്റ്, കടല്‍ക്കാറ്റ്, പര്‍വ്വതക്കാറ്റുകള്‍, താഴ്‌വരകാറ്റുകള്‍ ഇവയെല്ലാം കാലികവാതങ്ങളാണ്.പകല്‍സമയത്ത് കടലില്‍നിന്നും കരയിലേയ്ക്ക് വീശുന്നവയാണ് കടല്‍ക്കാറ്റ്.കരക്കാറ്റാവട്ടെ രാത്രിയില്‍ കരയില്‍നിന്നും കടലിലേയ്ക്ക് വീശുന്നവയാണ്.പകല്‍സമയത്ത് പര്‍വതച്ചെരുവുകളിലൂടെ മുകളിലേയ്ക്ക് വീശുന്നതാണ് താഴ്‌വരക്കാറ്റ്.രാത്രിയില്‍ പര്‍വ്വത്ച്ചെരുവുകളിലൂടെ താഴേയ്ക്ക് വീശുന്നവയാണ് പര്‍വ്വതക്കാറ്റ്.
[തിരുത്തുക] പ്രാദേശികവാതങ്ങള്‍
വളരേ ചെറിയ പ്രദേശത്തെ മാത്രം ബാധിക്കുന്നവയാണ് പ്രാദേശികവാതങ്ങള്‍.പ്രാദേശികമായുണ്ടാവുന്ന താപ-മര്‍ദ്ദ വ്യതിയാനങ്ങളഅണ് ഇതിനു നിദാനം.ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന പ്രധാന പ്രാദേശികവാതങ്ങള്‍ താഴെ പറയുന്നവയാണ്
[തിരുത്തുക] അസ്ഥിരവാതങ്ങള്‍
സ്ഥലകാലക്രമങ്ങളില്ലാതെ രൂപം കൊള്ളുന്നവയാണ് അസ്ഥിരവാതങ്ങള്‍.ഇത്തരം കാറ്റുകള്‍ക്ക് ചക്രവാതം,പ്രതിചക്രവാതം ഇവ ഉദാഹരണങ്ങളാണ്.
[തിരുത്തുക] ചക്രവാതം
അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറവ് മര്‍ദ്ദവും അതിനു ചുറ്റും ഉയര്‍ന്ന മര്‍ദ്ദവും അനുഭവപ്പെടുമ്പോഴാണ് ചക്രവാതം രൂപം കൊള്ളുന്നത്.തത്‌ഫലമായി കുറഞ്ഞ മര്‍ദ്ദം അനുഭവപ്പെടുന്ന സ്ഥലത്തുനിന്നും ചുറ്റുപാടിലേയ്ക്ക് വീശിയടിയ്ക്കുന്നു.ഇവ ഉത്തരാര്‍ദ്ധഗോളത്തില്‍ എതിര്‍ഘടികാരദിശയിലും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഘടികാരദിശയിലും വീശുന്നു.
[തിരുത്തുക] പ്രാദേശിക ചക്രവാതങ്ങള്‍
ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ സമുദ്രങ്ങളില്‍ പ്രാദേശികമായി ചക്രവാതങ്ങള്‍ ഉടലെടുക്കാറുണ്ട്.മെക്സിക്കോയിലും വെസ്റ്റിന്റീസിലും ഉണ്ടാകുന്ന ചക്രവാതം ഹറികെയിന്‍ എന്നറിയപ്പെടുന്നു.ദക്ഷിണ ചൈനാക്കടലില്‍ രൂപം കൊള്ളുന്നവയെ ടൈഫൂണ്‍ എന്നും ദക്ഷിണ പസഫിക് സമുദ്രത്തില്‍ രൂപം കൊള്ളുന്നവ വില്ലി-വില്ലീസ് എന്നും എന്നറിയപ്പെടുന്നു.
വലുപ്പം മൂലമോ വരുത്തിയ നാശനഷ്ടം മൂലമോ ശ്രദ്ധേയമായ ചക്രവാതങ്ങള്‍
- അലന്‍
- ഇസബെല്‍
- ഇവാന്‍
- എമിലി
- കത്രീന
- റീത്ത
- വില്‍മ തുടങ്ങിയവയാണ്.
[തിരുത്തുക] പ്രതിചക്രവാതം
കേന്ദ്രഭാഗത്ത് ഉയര്‍ന്ന മര്‍ദ്ദവും ചുറ്റും കുറവ് മര്‍ദ്ദവും അനുഭവപ്പെടുമ്പോള്‍ കേന്ദ്രത്തില്‍ നിന്നും പുറത്തേയ്ക്ക് വീശിയടിയ്ക്കുന്ന കാറ്റാണ് പ്രതിചക്രവാതം.ഇവ ഉത്തരാര്‍ദ്ധഗോളത്തില്‍ ഘടികാരദിശയിലും ദക്ഷിണാര്‍ദ്ധഗോളത്തില്‍ എതിര്‍ഘടികാരദിഅയിലും വീശുന്നു.
[തിരുത്തുക] ഹിപാലസ്
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റുകളാണിവ.ചെങ്കടലില്‍ നിന്നും ഭാരതത്തിലേയ്ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ വഴി കണ്ടെത്തിയ ഗ്രീക് നാവികനായ ഹിപാലസ് ആണ് ഈ കാറ്റിനെ തിരിച്ചറിഞ്ഞത്.
അന്തരീക്ഷമര്‍ദ്ദം അളക്കാനുപയോഗിയ്ക്കുന്ന ബാരോമീറ്റര്‍ ആണ് കാറ്റിന്റെ തീവ്രതയെ കാണിയ്ക്കുന്നത്.ബാരോമീറ്റര്‍ നിരപ്പുയരുന്നത് പ്രസന്നമായ കാലാവസ്ഥയെ സൂചിപ്പിയ്ക്കുന്നു.എന്നാല്‍ നിരപ്പ് പെട്ടെന്ന് താഴുന്നത് ആസന്നമായ കൊടുങ്കാറ്റിന്റെ സൂചയാണെന്ന് പറയപ്പെടുന്നു.
[തിരുത്തുക] ഫെറല്‍ നിയമം
അമേരിയ്ക്കന്‍ കാലാവസ്ഥാശാസ്ത്രഞ്ജനായ വില്യം ഫെഡറല്‍ കാറ്റുകളുടെ ദിശയെ സംബന്ധിച്ച് ആവിഷ്കരിച്ച നിയമമാണിത്.ഉത്തരാര്‍ദ്ധഗോളത്തില്‍ കാറ്റിന്റെ ഗതി അതിന്റെ സഞ്ചാരദിശയുടെ വലതുവശത്തേയ്ക്കും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഇടതുവശത്തേയ്ക്കും വളയുന്നു എന്നാണീ നിയമം പറയുന്നത്.
[തിരുത്തുക] സ്കെയിലുകള്‍
ടൊറ്ണാഡോയുടെ തീവ്രത അളക്കാന്‍ ഫ്യൂജിതാസ്കെയില്‍ ഉപയോഗിയ്ക്കുന്നു.1970കളിലാണ് ഇത് വികസിപ്പിച്ചെടുത്തത്.F0,F1,F2,F3,F4,F5 എന്നീ കാറ്റഗറികളിലാണ് ഇതില്‍ അടയാളപ്പെടുത്തുന്നത്.F0തീവ്രത കുറഞ്ഞതിനേയും F5തീവ്രത കൂടിയതിനേയും സൂചിപ്പിയ്ക്കുന്നു.2007ഫെബ്രുവരി മുതല്‍ ഫ്യൂജിതാസ്കെയിലിന്റെ പരിഷ്കരിച്ച രൂപം ഉപയോഗിച്ചുവരുന്നു.മറ്റൊരു സ്കെയില്‍ ടോറോ സ്കെയില്‍ ആണ്.T0മുതല്‍ T11 വരെ ആണ് ഇതില്‍ ടൊര്‍ണാഡോകളെ വേര്‍തിരിച്ചിരിയ്ക്കുന്നത്.
ഹരികെയിനുകളുടെ തീവ്രത അളക്കാന്‍ സാഫിര്‍-സിംപ്സണ്‍ സ്കെയില്‍ ഉപയോഗിയ്ക്കുന്നു.ഈ സമ്പ്രദായത്തില്‍ 1മുതല്‍5വരെ കാറ്റഗറികളിലാണ് ഇത് തിരിച്ചിരിയ്ക്കുന്നത്.
[തിരുത്തുക] കാറ്റുകള്‍ അന്യഗ്രഹങ്ങളില്‍
ബുധനൊഴികേയുള്ള ഗ്രഹങ്ങളിലെല്ലാം കാറ്റുകള്‍ ചക്രവാതരൂപത്തില്‍ വീശാറുണ്ട്.
[തിരുത്തുക] ഗ്രേറ്റ് റെഡ് സ്പോട്ട്
അറിയപ്പെടുന്ന ഏറ്റവും വലിയ പ്രതിചക്രവാതമാണ് ഇത്.വ്യാഴത്തിലാണ് ഇത് ഉണ്ടാകുന്നത്.വാതകഗ്രഹമായ വ്യാഴത്തിലെ ഉയര്‍ന്ന വാതകമര്‍ദ്ദമാണ് ഇതിനുനിദാനം.മണിക്കൂറില്‍ 560കിലോമീറ്ററോളം വേഗതയിലാണ് ഇത് വീശുന്നത്.
[തിരുത്തുക] ലിറ്റില്‍ റെഡ് സ്പോട്ട്
വ്യാഴത്തില്‍ ഗ്രേറ്റ് റെഡ് സ്പോട്ടിനു സമീപമായുള്ള ഉയര്‍ന്നമര്‍ദ്ദ മേഖലയാണ് ഇത്.മണിക്കൂറില്‍ 500കിലോമീറ്ററോളം വേഗതയില്‍ കാറ്റ് വീശുന്ന ഈ മേഖലയ്ക്ക് ഗ്രേറ്റ് റെഡ് സ്പോട്ടിന്റെ പകുതിയോളം വലിപ്പമാണുള്ളത്.
[തിരുത്തുക] ഡ്രാഗണ്‍ സ്റ്റോം
ശനി ഗ്രഹത്തില്‍ വീശുന്ന കൊടുങ്കാറ്റുകളാണിവ.ഇവ സജീവമാകുന്ന നേരം വന്‍തോതില്‍ റേഡിയോ വികിരണങ്ങള്‍ ഉണ്ടാകാറുണ്ട്.
[തിരുത്തുക] ഗ്രേറ്റ് വൈറ്റ് സ്പോട്ട്
ശനിഗ്രഹത്തിന്റെ ഉത്തരാര്‍ദ്ധഗോളത്തില്‍ പ്രത്യക്ഷപ്പെടുന്ന കൊടുങ്കാറ്റുകളാണിവ.സാധാരണയായി 28വര്‍ഷം കൂടുമ്പോഴാണ് ഇത് ഉണ്ടാകുന്നത്.
[തിരുത്തുക] ഗ്രേറ്റ് ഡാര്‍ക് സ്പോട്ട്
നെപ്റ്റ്യൂണ്‍ ഗ്രഹത്തില്‍ കണ്ടെത്തിയ കൊടുങ്കാറ്റുകളാണിവ.ഏതാണ്ട് ഭൂമിയോളം വലുപ്പമുള്ള പ്രതിചക്രവാത മേഖലയാണിത്.മണിക്കൂറില്‍ 2,400കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്ന ഈ മേഖലയാണ് ഏറ്റവും ശക്തമായ കാറ്റുള്ള പ്രദേശം
[തിരുത്തുക] അവലംബം
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികള്‍
- മനോരമ പഠിപ്പുര Internet Edition.
- Microsoft Encarta Reference Library
- ശാസ്ത്രകേരളം ലക്കം 2006 ജനുവരി