ഇന്ത്യൻ റെയിൽവേ
| ഇന്ത്യൻ റെയിൽവേ |
|
|---|---|
| തലസ്ഥാനം | ന്യൂഡൽഹി |
| റെയിൽവേ മന്ത്രി | ദിനേശ് ത്രിവേദി |
| നീളം | 63,140 കിലോമീറ്റർ |
| തുടക്കം | 1853 |
| ഗേജ് | ബ്രോഡ് ഗേജ്, മീറ്റർ ഗേജ്, നാരോ ഗേജ് |
| വരുമാനം | |
| വെബ് സൈറ്റ് | http://www.indianrailways.gov.in |
ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത് , ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഈ റെയിൽപ്പാതയിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.
ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853 ലാണ്[1].
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1844 ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഹാർഡിങ്ങ് (Lord Hardinge) ഇന്ത്യയിൽ തീവണ്ടിഗതാഗതം സ്ഥാപിക്കാൻ സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിന്റെ ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ പണം മുടക്കാൻ തയ്യാറായി. ഇങ്ങനെയാണ് ഇന്ത്യയിൽ തീവണ്ടിഗതാഗതം എന്ന ഒരുപുതിയ മേഖല ഉണ്ടായത്. 1851 ഡിസംബർ 12 ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്. റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്[2]. ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ16 ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടി ഓടിത്തുടങ്ങി[1]. അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി. ലോർഡ് ഫാക്ൿലാന്റ് എന്ന 2-4-0 എഞ്ചിനാണ് ഈ തീവണ്ടിയിൽ ഘടിപ്പിച്ചിരുന്നത്[3]. ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം ആയിരുന്നു യാത്രാദൂരം. സാഹിബ്, സിന്ധ്, സുൽത്താൻ എന്നിങ്ങനെയായിരുന്നു അന്ന് ഉപയോഗിച്ച തീവണ്ടി എഞ്ചിനുകളുടെ പേരുകൾ[അവലംബം ആവശ്യമാണ്]. ഏതാണ്ട് ഒരു വർഷത്തിനു ശേഷം കൽക്കത്തയിലും തീവണ്ടിഗതാഗതം ആരംഭിച്ചു. 1854 ഓഗസ്റ്റ് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി ഓടാൻ തുടങ്ങി. 1856-ൽ മദ്രാസ് റെയിൽവേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു.[3].
തുടർന്നും സ്വകാര്യ സംരംഭകരുടെ ഉടമസ്ഥതയിലുള്ള പുതിയ തീവണ്ടിക്കമ്പനികളെ ഇന്ത്യയിൽ മുതൽ മുടക്കാൻ ബ്രിട്ടീഷ് സർക്കാർ പ്രോത്സാഹിപ്പിച്ചു തുടങ്ങി. ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ഭാവിയിൽ കമ്പനിയുടെ ഉടമസ്ഥത സർക്കാരിനു കൈമാറണം. എന്നാൽ കമ്പനിയുടെ പ്രവർത്തനം സ്വകാര്യകമ്പനിയുടെ നിയന്ത്രണത്തിൽ തന്നെയായിരിക്കുകയും ചെയ്യും എന്ന മറ്റൊരു നിബന്ധനകൂടി ബ്രിട്ടീഷ് സർക്കാർ വച്ചിരുന്നു.
1870-ൽ ഇന്ത്യയിലെ പ്രധാന തുറമുഖനഗരങ്ങളായ ബോംബേയും കൽക്കത്തയും തീവണ്ടിപ്പാതയാൽ ബന്ധിപ്പിക്കപ്പെട്ടു[3]. 1880 ആയപ്പോൾ ഇന്ത്യയിലെ തീവണ്ടിപ്പാതയുടെ മൊത്തം നീളം ഏകദേശം 14,500 കിലോമീറ്ററായി. തുറമുഖപട്ടണങ്ങളായ ബോംബെ, മദ്രാസ്, കൽക്കട്ട എന്നിവിടങ്ങളിൽ നിന്നും അകത്തേക്ക് പടർന്നു കിടക്കുന്ന രീതിയിലായിരുന്നു അന്നത്തെ തീവണ്ടിപ്പാതയുടെ രൂപം. ചരക്കുഗതാഗതത്തിനായിരുന്നു പ്രാമുഖ്യം. 1895 ആയപ്പോൾ ഇന്ത്യയിൽ തീവണ്ടി എഞ്ചിനുകൾ നിർമ്മിക്കുവാൻ തുടങ്ങി. തുടർന്നു ഇന്ത്യയിൽ അന്ന് നിലനിന്നിരുന്ന നാട്ടുരാജ്യങ്ങൾ സ്വന്തമായി തീവണ്ടിപ്പാതകൾ നിർമ്മിക്കുകയും അങ്ങനെ ഇപ്പോഴത്തെ അസം, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് തീവണ്ടിഗതാഗതം ഉണ്ടാവുകയും ചെയ്തു. 1901 ൽ റെയിൽവേ ബോർഡ് നിലവിൽ വന്നു പക്ഷെ തീരുമാനങ്ങളെടുക്കുവാനുള്ള അധികാരം വൈസ്രോയിയായിരുന്ന ലോർഡ് കർസനു മാത്രമായിരുന്നു. വാണിജ്യവ്യവസായവകുപ്പിനു കീഴിലായിരുന്നു റെയിൽവേ ബോർഡിന്റെ പ്രവർത്തനം. മൂന്ന് അംഗങ്ങളുണ്ടായിരുന്നു അന്നത്തെ റയിൽവേ ബോർഡിൽ. 1907 ആയപ്പോൾ എല്ലാ തീവണ്ടിക്കമ്പനികളും സർക്കാർ ഏറ്റെടുത്തു.
ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർ തങ്ങളുടെ യുദ്ധാവശ്യങ്ങൾക്കായി ഇന്ത്യക്ക് പുറത്തേക്കു ബന്ധപ്പെടുത്തിയും ഈ റെയിൽവേയെ ഉപയോഗിക്കാൻ തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ഇന്ത്യയിലെ തീവണ്ടിഗതാഗത മേഖല വളരെ ദയനീയസ്ഥിതിയിലായി. 1920 ൽ സർക്കാർ തീവണ്ടി ഗതാഗതമേഖല ഏറ്റെടുക്കുകയും, റെയിൽവേ വഴിയുള്ള വരുമാനത്തെ മറ്റു സർക്കാർ വരുമാന മേഖലകളിൽ നിന്നു വേർപെടുത്തി ഒരു പ്രത്യേക മേഖലയാക്കുകയും ചെയ്തു. ഈ സമ്പ്രദായം ഇന്നും നിലനിൽക്കുന്നു. ഇന്ത്യയിൽ ഇതിനായി റെയിൽവേ ബജറ്റ് ഉണ്ട്.
1936-ലാണ് ഇന്ത്യയിൽ എയർ കണ്ടീഷൻ ചെയ്ത വണ്ടികൾ ഓടിത്തുടങ്ങിയത്[3].
രണ്ടാം ലോകമഹായുദ്ധം ഇന്ത്യൽ റെയിൽവേയുടെ ഘടന തന്നെ മാറ്റിക്കളഞ്ഞുവെന്നു പറയാം. മിക്കവാറും എല്ലാ തീവണ്ടികളും മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് തിരിച്ചുവിടപ്പെട്ടു. റെയിൽ വേയുടെ പണിപ്പുരകൾ അക്കാലത്ത് ആയുധനിർമ്മാണശാലകളാക്കി മാറ്റുകപോലുമുണ്ടായി.
1947 ൽ സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇന്ത്യയിൽ ഏകദേശം 42 വ്യത്യസ്ത തീവണ്ടി ശൃംഖലകളുണ്ടായിരുന്നു . 1951 ൽ ഇവയെയെല്ലാം സംയോജിപ്പിച്ച് ഒറ്റ ശൃംഖലയാക്കുകയും, ‘ ഇന്ത്യൻ റെയിൽവേ ’ എന്നു അതിന് നാമകരണം ചെയ്യുകയും ചെയ്തു. ഇതോടൊപ്പം നിലവിലുള്ള ഭരണസംവിധാനങ്ങൾ പുനക്രമീകരിച്ച് ഇന്ത്യൻ റെയിൽവേയെ പ്രത്യേക സോണുകൾ അഥവാ മേഖലകൾ ആക്കി തിരിക്കുവാനുള്ള തീരുമാനവും ഉണ്ടായി. 1952 ൽ ആറ് റെയിൽവേ മേഖലകൾ നിലവിൽ വന്നു. 1985 ആയപ്പോഴേക്കും ആവി എഞ്ചിനുകൾ പാടെ ഉപയോഗത്തിലില്ലാതായി. അതിനുപകരം ഡീസൽ, ഇലക്ട്രിക്ക് എഞ്ചിനുകൾ ഉപയോഗിച്ചു തുടങ്ങി. 1995 ആയപ്പോഴേക്ക് സീറ്റ് റിസർവേഷൻ തുടങ്ങിയ ജോലികൾ പൂർണമായും കമ്പ്യൂട്ടർ വൽക്കരിക്കപ്പെട്ടു.
[തിരുത്തുക] സേവനങ്ങൾ
[തിരുത്തുക] യാത്രാ സേവനങ്ങൾ
ഇന്ത്യൻ റെയിൽവെ വഴി 8,702 തീവണ്ടികളിലായി ഏകദേശം 5000 കോടി യാത്രക്കാർ, 27 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി (ഡൽഹി, പോണ്ടിച്ചേരി, ചണ്ഡീഗഢ്), ഓരോവർഷവും യാത്ര ചെയ്യുന്നു. ഒരു സാധാരണ യാത്രാ തീവണ്ടിയിൽ 18 കോച്ചുകളുണ്ടാവും(coach), ചില പ്രത്യേക തീവണ്ടികളിൽ 24 കോച്ചുകളുണ്ടാവും. ഓരോ കോച്ചും 18 തൊട്ട് 72 യാത്രക്കാരെ വരെ ഉൾക്കൊള്ളും. യാത്രാ സൗകര്യവും ഘടനയും അനുസരിച്ച് കോച്ചുകളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് (സ്ല്ലീപ്പർ ക്ലാസ്, ശീതീകരിച്ചവ എന്നിങ്ങനെ). കൂടുതൽ സൗകര്യമുള്ള കോച്ചുകളിൽ യാത്രാനിരക്കും കൂടുതലായിരിക്കും. ഒരു സാധാരണ യാത്രാതീവണ്ടിയിൽ മൂന്ന് തൊട്ട് അഞ്ച് വരെ ശീതീകരിച്ച കോച്ചുകളുണ്ടാവും.
[തിരുത്തുക] നഗരപ്രാന്ത തീവണ്ടി സർവീസുകൾ
മിക്ക നഗരങ്ങളിലും നഗരപ്രാന്ത തീവണ്ടിസർവീസുകൾ (Suburban Railway) നിലവിലുണ്ട്. നഗരത്തിൽ സ്ഥിരം ജോലിക്കും മറ്റാവശ്യങ്ങൾക്കും വന്നു പോവുന്നവരാണ് ഈ സേവനത്തിന്റെ ഉപഭോക്താക്കൾ. നഗരപ്രാന്തപ്രദേശങ്ങളിൽ ജീവിക്കുന്നവരും എന്നാൽ സ്ഥിരം നഗരത്തിൽ വന്നു മടങ്ങേണ്ടിയവരുമായ അനേകം ആൾക്കാരുണ്ട് ഇവർക്ക് വളരെ പ്രയോജനകരമാണ് നഗരപ്രാന്ത തീവണ്ടികളുടെ സേവനം. നഗരപ്രാന്ത തീവണ്ടികൾ ബോംബെ (ഇപ്പോൾ മുംബൈ), മദ്രാസ് (ഇപ്പോൾ ചെന്നൈ), കൽക്കട്ട, ഡൽഹി, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളിലുണ്ട്.
ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ ഇത്തരം തീവണ്ടികൾക്ക് പ്രത്യേക പാതകളില്ല, ദീർഘദൂര തീവണ്ടികൾ ഓടുന്ന പാതകളിലൂടെ തന്നെ ഇവയും ഓടുന്നു. ന്യൂഡൽഹി, ചെന്നൈ, കൽക്കട്ട എന്നിവിടങ്ങളിൽ നഗരപ്രാന്തതീവണ്ടികൾക്കായി മെട്രോ തീവണ്ടി ശൃംഖലകളുണ്ട്, ഡെൽഹി മെട്രോ, ചെന്നൈ എം.ടി.ആർ.എസ് (Chennai MTRS), കൽക്കട്ട മെട്രോ എന്നിങ്ങനെ
[തിരുത്തുക] ചരക്കു തീവണ്ടികൾ
ചരക്കുതീവണ്ടി സർവീസുകളാണ് ഇന്ത്യൻ റെയിൽവേയ്ക്കു കൂടുതൽ ലാഭകരം. ഇന്ത്യൻ റെയിൽവേയുടെ വരുമാനത്തിന്റെ 70 ശതമാനവും ഈ മേഖലയിൽ നിന്നാണ്. കാർഷിക ഉല്പന്നങ്ങൾ, പാല്‍, പെട്രോളിയം ഉല്പന്നങ്ങള്‍, വാഹനങ്ങൾ തുടങ്ങി അനേകം സാധനങ്ങൾ തീവണ്ടി മാർഗ്ഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നുണ്ട്.
[തിരുത്തുക] തീവണ്ടി നിർമ്മാണം
തങ്ങൾക്കാവശ്യമുള്ള മിക്കവാറും ഘടകങ്ങൾ ഇന്ത്യൻ റെയിൽവേ സ്വന്തം നിർമ്മാണശാലകളിലാണ് ഉണ്ടാക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ നിർമ്മാണശാലകൾ റെയിൽവേ മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. താഴെപ്പറയുന്നവയാണ് ഇന്ത്യൻ റെയിൽവേയുടെ
നിർമ്മാണശാലകൾ -
- ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്- ചിത്തരഞ്ജൻ
- ഡീസൽ ലോക്കോമോട്ടീവ് വർക്സ്- വാരണാസി
- ഇന്റഗ്രൽ കോച്ച് ഫാക്ടറി - പേരാമ്പൂർ
- റെയിൽ കോച്ച് ഫാക്ടറി - കപൂർത്തല
- റെയിൽ വീൽ ഫാക്ടറി - യെലഹാങ്ക
- ഡീസൽ മോഡേണൈസേഷൻ വർക്സ് - പട്യാല
[തിരുത്തുക] ഇന്ത്യൻ റെയിൽവേയുടെ പ്രശ്നങ്ങൾ
കൃത്യനിഷ്ഠതയില്ലായ്മയും വൃത്തിക്കുറവുമാണ് ഇന്ത്യൻ റെയിൽവേ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ, പല വിദേശരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷിതത്വവും തുലോം കുറവാണ്. തിരക്കാണ് ഇന്ത്യൻ റെയിൽവേയുടെ പ്രധാന തലവേദന, അവധിസമയങ്ങളിലും, വാരാന്ത്യങ്ങളിലും തീവണ്ടികളിൽ വൻ തിരക്കായിരിക്കും, അനുവദനീയമായ പരിധിയിൽ കൂടുതൽ ആളുകളേയും വഹിച്ചുകൊണ്ടാവും വണ്ടികളുടെ യാത്ര. യാത്രാക്കൂലി നൽകാതെ യാത്രചെയ്യുന്നവരും കുറവല്ല.
[തിരുത്തുക] ഇന്ത്യൻ റെയിൽവേയുടെ ഘടന
ഇന്ത്യൻ റെയിൽവേ ഇന്ത്യൻ സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്. റെയിൽവേയ്ക്കു വേണ്ടി ഒരു പ്രത്യേക വകുപ്പു തന്നെയുണ്ട് സർക്കാരിൽ. റെയിൽവേ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ തലവൻ മമത ബാനർജിയാണ്. മുനിയപ്പ, ഇ. അഹമ്മദ് എന്നീ രണ്ടു സഹമന്ത്രിമാരുമുണ്ട്. റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഒരു റയിൽവേ ബോർഡുണ്ട്. ഈ ബോർഡിൽ ആറ് അംഗങ്ങളും ഒരു ചെയർമാനുമുണ്ട്. ആകെയുള്ള പതിനാറു റെയിൽവേ മേഖലകളിലോരോന്നിനും തലവനായി ഓരോ ജനറൽ മാനേജർ വീതമുണ്ട്.
ഓരോ റയിൽവേ മേഖലയും വീണ്ടും ചെറു ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ട്. റെയിൽവേ മേഖലയുടെ ഈ ഡിവിഷനുകൾ ഡിവിഷണൽ റെയിൽവേ മാനേജർ - ഡി.ആർ.എം (Divisional Railway Manager) എന്ന ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാണ് . ഓരോ ഡിവിഷനിലും എഞ്ചിനീയറിങ്ങ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിഗ്നൽ, വാർത്താവിനിമയം, അക്കൌണ്ട്സ്, വാണിജ്യം, സുരക്ഷിതത്വം, എന്നിങ്ങനെ പല വിഭാഗങ്ങളുമുണ്ട്.
ഓരോ ഡിവിഷനിലും കുറെ സ്റ്റേഷനുകളുണ്ടാവും, സ്റ്റേഷൻ മാസ്റ്റർ എന്ന ഉദ്യോഗസ്ഥനാണ് ഓരോ റെയിൽവേ സ്റ്റേഷന്റെയും അധികാരി.
ഇതിനു പുറമേ ഇന്ത്യൻ റെയിൽവേയ്ക്ക് ആറു നിർമ്മാണശാലകളുണ്ട്. ഒരോന്നിനും തലവനായി ഓരോ ജനറൽ മാനേജരുണ്ടാവും. താഴെപ്പറയുന്നവയാണ് നിർമ്മാണശാലകൾ -
- ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് - ചിത്തരഞ്ജൻ
- ഡീസൽ ലോക്കോമോട്ടീവ് വർക്സ് - വാരണാസി
- ഇന്റഗ്രൽ കോച്ച് ഫാക്ടറി - പേരാമ്പൂർ
- റെയിൽ കോച്ച് ഫാക്ടറി - കപൂർത്തല
- റെയിൽ വീൽ ഫാക്ടറി - യെലഹാങ്ക
- ഡീസൽ മോഡേണൈസേഷൻ വർക്സ് - പട്യാല
ഇനിയുള്ളത് സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷൻ - കോർ (Central Organization for Railway Electrification - CORE) ആണ്. ഒരു ജനറൽ മാനേജരുടെ കീഴിലാണ് കോർ പ്രവർത്തിക്കുന്നത്. അലഹബാദ് ആണ് കോറിന്റെ ആസ്ഥാനം. ഇന്ത്യൻ റെയിൽവേയുടെ വൈദ്യുതീകരണമാണ് ഈ വിഭാഗത്തിന്റെ ജോലി
ഇവയ്ക്കൊക്കെ പുറമെ റെയിൽവേ മന്ത്രാലയത്തിന്റെ കീഴിൽ നിരവധി പൊതുമേഖലാ സംരംഭങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു.
- ഇന്ത്യൻ റെയിൽവേയ്‌സ് കേറ്ററിങ്ങ് ആൻഡ് ടൂറിസം കോർപ്പറേഷൻ
- കൊങ്കൺ റെയിൽവേ കോർപ്പറേഷൻ
- ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ
- റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ (റെയിൽവേ വാർത്താവിനിമയ ശൃംഖല)
- ആർ.ഐ.റ്റി.ഇ.എസ് ലിമിറ്റഡ് (RITES Ltd.)
- ഐ.ആർ.സി.ഒ.എൻ(IRCON) ലിമിറ്റഡ് (നിർമ്മാണ വിഭാഗം)
- റെയിൽ വികാസ് നിഗം ലിമിറ്റഡ്
- റെയിൽ വേ ഡിസൈൻ ആൻഡ് സ്റ്റാൻഡാർഡ്സ് ഓർഗനൈസേഷന് (RDSO)
[തിരുത്തുക] റെയിൽവേ മേഖലകൾ
കാര്യനിർവഹണത്തിനു വേണ്ടി ഇന്ത്യൻ റെയിൽവേയെ പതിനേഴ്(17) മേഘലകളായി തിരിച്ചിട്ടുണ്ട്.ഓരോ റെയിൽവേ മേഘലയേയും ചെറു വിഭാഗങ്ങൾ അഥവാ റെയിൽവേ ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്. ഇങ്ങനെ ആകെ 67 റെയിൽവേ ഡിവിഷനുകളുണ്ട്. അവ താഴെ കൊടുത്തിരിക്കുന്നു
†കൊങ്കൺ റെയിൽവെ ഒരു പ്രത്യേക വിഭാഗമായാണ് കണക്കാക്കപ്പെടുന്നത്. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം നാവി മുംബൈയിലുള്ള ബിലാപൂർ സിബിഡി എന്ന സ്ഥലത്താണ്.
[തിരുത്തുക] റെയിൽ മ്യൂസിയം
ഡൽഹിക്കടുത്ത് സഫ്ദർ ജങ് റെയിൽവേസ്റ്റേഷനോടു ചേർന്ന് ഒരു റെയിൽ മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ആദ്യകാലത്തെ വിവിധതരം എഞ്ചിനുകളും ബോഗികളും മറ്റും പ്രദർശിപ്പിച്ചിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 http://pib.nic.in/feature/feyr2000/ffeb2000/f020220002.html (ശേഖരിച്ചത് 2009 മാർച്ച് 23)
- ↑ http://www.hinduonnet.com/2002/08/10/stories/2002081000040800.htm (ശേഖരിച്ചത് 2009 മാർച്ച് 23)
- ↑ 3.0 3.1 3.2 3.3 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. താളുകൾ. 112-114.
- ↑ http://www.mtp.indianrailways.gov.in/index.jsp?lang=0
- ↑ http://articles.timesofindia.indiatimes.com/2010-12-29/india/28264643_1_metro-railway-kolkata-metro-foundation-stone
[തിരുത്തുക] മറ്റ് വിവരങ്ങൾ
- ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ് സൈറ്റ്
- റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ്
- ഇന്ത്യയിലെ റെയിൽവേ ഭൂപടം
