വള്ളുവനാട്
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. ഇന്നത്തെ പെരിന്തൽമണ്ണ, മണ്ണാർക്കാട്, ഒറ്റപ്പാലം, എന്നീ താലൂക്കുകളും, പൊന്നാനി, തിരൂർ, ഏറനാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് പഴയ വള്ളുവനാട് രാജ്യം. രണ്ടാം ചേരസാമ്രാജ്യത്തോളം തന്നെ ചരിത്രമുള്ള വള്ളുവനാടിന് വല്ലഭക്ഷോണീ എന്ന സംസ്കൃത നാമമുണ്ട്. പത്താം ശതകത്തിൽ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിന്റെ സ്ഥാപകൻ. ഈ രാജവംശം ആറങ്ങോട്ടുസ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്. വള്ളുവനാട്ടുരാജാവിന് വള്ളുവക്കോനാതിരി, വെള്ളാട്ടിരി, ആറങ്ങോട്ട് ഉടയവർ, വല്ലഭൻ എന്നീപേരുകൾ ഉണ്ട്. ഇവരുടെ കുടുംബത്തിലെ പുരുഷപ്രജകളെ വള്ളോടിമാർ എന്നു വിളിക്കുന്നു.
വള്ളുവനാടിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം (ഇന്നത്തെ അങ്ങാടിപ്പുറം) ആയിരുന്നു. ഇവിടത്തെ തിരുമാന്ധാംകുന്നു ഭവഗതി വള്ളുവക്കോനാതിരിമാരുടെ ഭരദേവതയായിരുന്നു. തിരുനാവായയിൽ നടത്തിവന്ന മാമാങ്കത്തിന്റെ രക്ഷാധികാരസ്ഥാനം തുടക്കത്തിൽ വള്ളുവക്കോനാതിരിക്കായിരുന്നു. പിന്നീട് ഒരു യുദ്ധത്തിലൂടെ സാമൂതിരി അത് കൈക്കലാക്കി.
മൈസൂറിന്റെ ആക്രമണകാലത്ത് അട്ടപ്പാടി താഴ്‌വരയും ഇന്നതെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ ഈ രാജ്യത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നുള്ളൂ. ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് വള്ളുവനാട്ടുരാജാവ് തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. മലബാർ ബ്രിട്ടീഷ് അധീനതിയിൽ ആയപ്പോൾ വള്ളുവനാട്ടു രാജാവ് അടുത്തൂൺ വാങ്ങി വിരമിച്ചു.