മാമാങ്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന ബൃഹത്തായ നദീതട ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറി തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്‌. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്താണ് തിരുനാവായ സ്ഥിതി ചെയ്യുന്നത്.. മാഘ മാസത്തിലെ മകം നാളിലെ ഉത്സവം ആണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്. ഇത് ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം)[1] ഉള്ള ഒരു ആഘോഷമായാണ്‌ നടത്തിവരുന്നത്. പ്രാചീനഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ ഇവിടെ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് പ്രദർശനങ്ങൾ വൻ വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, വാണിജ്യമേളകൾ എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന സമരങ്ങൾ ചരിത്രപ്രസിദ്ധമാണ്‌. ഇതു മൂലം കാലക്രമത്തിൽ ചാവേർ പോരാട്ടം മാമാങ്കത്തിലെ പ്രധാന സംഭവമായിത്തീർന്നു. ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. [2] ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ - സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്യുന്നതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി മാറി.


ഉള്ളടക്കം

ചരിത്രം[തിരുത്തുക]

മാമാങ്കത്തിന്റെ ആരംഭത്തിനെ കുറിച്ച് ചരിത്രഗവേഷകരിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പലയിടങ്ങളിലും ചരിത്രവും ഐതിഹ്യവും കൂടിക്കലർന്നു കിടക്കുന്നു.

  • ക്രി.വ. ആദിശതകങ്ങളിൽ കേരളം ഭരിച്ചിരുന്ന രാജാക്കന്മാർ ബുദ്ധമതാനുയായികളായിരുന്നു. അവർ അഘോഷിച്ചിരുന്ന ആഘോഷം സ്വാഭാവികമായും ബുദ്ധമതത്തിനോട് ബന്ധപ്പെട്ടതായിരിക്കണം. മാമാങ്കത്തിന്‌ തൈപ്പൂയത്തിലുള്ള പ്രത്യേകത ശ്രദ്ധേയമാകുന്നത് അതുകൊണ്ടാണ്‌. മാമാങ്കം മാത്രമല്ല, തൈപ്പൂയവും തിരുനാവായിൽ മാമാങ്കം പോലെ ആഘോഷിച്ചിരുന്നു. ഇത് ഒരു വാർഷികച്ചടങ്ങ് ആയിരുന്നു. എന്നാൽ പന്ത്രണ്ട് വർഷങ്ങൾ കൂടുമ്പോൾ നടന്നിരുന്ന മാമാങ്കത്തൈപ്പൂയം കൂടുതൽ ശ്രേഷ്ഠവും അത്യാകർഷകവുമായിരുന്നു. മാമാങ്കത്തിനുള്ള മുഴുവൻ ചടങ്ങുകളും തൈപ്പൂയത്തിനുണ്ട്. മഹാ കശ്യപനേയും ആയിരം ശിഷ്യന്മാരേയും ബുദ്ധമതത്തിലേക്ക് ചേർക്കാൻ ശ്രീബുദ്ധൻ തിരഞ്ഞെടുത്തതും പൂയം നക്ഷത്രമാണ്‌. മഹാ കശ്യപന്റെ ബുദ്ധമതാനുചരണത്തെ ആഘോഷമാക്കിയ ബുദ്ധമതക്കാൽ പുഷ്യ നക്ഷത്രവും പൂർണ്ണിമയും ഒന്നു ചേരുന്ന ദിവസം ഉത്സവമായി ആഘോഷിച്ചുവരുന്നു. ഇത് മാമാങ്കം നടക്കുന്ന നാളിലാണ്‌ എന്നത് ശ്രദ്ധേയമാണ്‌. ഇതേ കാരണത്താൽ തന്നെയാണ്‌ അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ചതും പൂയം നക്ഷത്രത്തിലായത്. [2]
  • ബുദ്ധന്റെ ജനനത്തെ അനുസ്മരിച്ച് ഹീനയാന ബൗദ്ധർക്കിടയിലെ മുതിർന്നവരുടെ ഒരു ആഘോഷമായിരുന്നു മാമാങ്കം. മുപ്പതു ദിവസങ്ങൾ നീണ്ടു നിന്നിരുന്ന മാമാങ്കത്തിൽ കേരളത്തിലെ പ്രധാന 18 സംഘങ്ങളുടെ പരമാധികാരികൾ പങ്കെടുത്തിരുന്നു. പാലിയിൽ തേര / തേരവാദിൻ എന്നും മലയാളത്തിൽ തേവർ എന്നും ഇവർ അറിയപ്പെട്ടിരുന്നു. ശകവർഷത്തിലെ മാഘ മാസത്തിൽ; തുല്യ മലയാള മാസമായ മകരത്തിൽ നടത്തുന്ന ഉത്സവം എന്ന് അർത്ഥം വരുന്ന മാഘമകരങ്കം(മാഘ-മകര-അങ്കം) എന്ന വാക്കിന്റെ സംസ്കൃതവൽക്കരണം നിമിത്തം മാമാങ്കം/മഹാമഹം തുടങ്ങിയ ഉഭയാർത്ഥങ്ങൾ നൽകപ്പെട്ടു. പിൽക്കാലത്ത് ബ്രാഹ്മണവൽക്കരണത്തിന്റെ ഫലമായി ക്ഷത്രിയരായി അവരോധിക്കപ്പെട്ട നാട്ടുരാജാക്കന്മാരുടെ ശക്തി തെളിയിക്കലും ബുദ്ധ സംന്യാസിമാരെ പീഡിപ്പിക്കലും മറ്റും ആഘോഷമാക്കിയ വൻ സൈനിക സമ്മേളനമായി അധഃപതിച്ചു [3].

കേരളം ഭരിച്ചിരുന്ന പെരുമാൾമാരുടെ ഭരണകാലാവധി പന്ത്രണ്ട് വർഷമായിരുന്നു. പന്ത്രണ്ട് വർഷത്തിനു ശേഷം തിരുനാവായ മണൽപ്പുറത്ത് അവർ സമ്മേളിച്ച് പുതിയ പെരുമാളിനെ തിരഞ്ഞെടുക്കും. ഈ ഉത്സവം മാമാങ്കനാളിലായിത്തീർന്നതായിരിക്കണം. ഈ സമ്മേളനം ഒരു വലിയ വാണിജ്യ ഉത്സവവുമായിരുന്നു. മാമാങ്കം ഒരുപാട് ആഘോഷത്തോടെയും പൊലിപ്പോടെയും കൊണ്ടാടിയിരുന്നു. കേരളത്തിലെ ഇതര പ്രദേശങ്ങൾ, തമിഴ്‌നാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാത്രമല്ല പുറം‌രാജ്യങ്ങളിൽ നിന്നുപോലും പൊന്നാനി തുറമുഖം വഴികച്ചവടസംഘങ്ങളും കലാകാരന്മാരും വന്നെത്തിയിരുന്ന ഒരു മേള. പുറം രാജ്യങ്ങളിൽ നിന്നുള്ള കച്ചവടക്കാർ കപ്പലുകളിലും വലിയ കെട്ടുവള്ളങ്ങളിലും പൊന്നാനി തുറമുഖം വഴി തിരുനാവായയിലേക്ക് വന്നിരുന്നു.

  • വാണിജ്യ പ്രാധാന്യത്തോടൊപ്പം ഇത് നടത്തുവാനുള്ള അവകാശവും വളരെ വിലപ്പെട്ടതായി. പിന്നീട് ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തോടെ വള്ളുവക്കോനാതിരിയും (വെള്ളാട്ടിരി) സാമൂതിരിയും മാമാങ്കത്തിനുള്ള അവകാശം നേടാനായി തിരുനാവായയിൽ യുദ്ധങ്ങൾ നടത്തി. അതിനുശേഷമുള്ള ആദ്യ മാമാങ്കം ക്രി.വ. 1101-ല് ആയിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ആ വർഷമാണ് സാമൂതിരി വെള്ളാട്ടിരിയെ തോല്പിച്ചത്. [4]

വെള്ളാട്ടിരി യാണ് ആദ്യകാലത്തു മാമാങ്കത്തിൽ നിലപടു നിന്നിരുന്നത് എന്നും, പിന്നീട് ശക്തനായ സാമൂതിരി മാമാങ്കത്തിന്റെ അദ്ധ്യക്ഷസ്ഥാനം പിടിച്ചെടുത്തതാണെന്നു പറയുന്നു. ഈ മത്സരത്തിന് പല്ലവ-ചാലൂക്യ കിടമത്സരങ്ങളുമായി അടുത്ത ബന്ധമുണ്ടാകമെന്നും പറയുന്നു. [5]

പന്ത്രണ്ടു വർഷം വീതം ആവർത്തിച്ചു നടന്നിരുന്ന പെരുമാൾ ഭരണത്തിൽ തിരുനാവാ മണൽ പുറത്തു കൂടാറുള്ള നാട്ടുക്കൂട്ടത്തിന്റെയും, ഭരണമാറ്റത്തിന്റെയും ഓർമ്മക്കായി ഏർപ്പെടുത്തിയതാകാമെന്നാണ്‘ പണിക്കശ്ശേരി മറ്റൊരിടത്ത് അവകാശപ്പെടുന്നത് [6] അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തിൽ ക്രി.വ. ആദ്യശതകങ്ങളിൽ കേരളം വാണിരുന്ന രാജാക്കന്മാർ ബുദ്ധമത വിശ്വാസികളയിരുന്നതിനാൽ മാമാങ്കവും ബുദ്ധമതത്തോട് ബന്ധപ്പെട്ടിരിക്കാനാണ്‌ വഴി. മാമാങ്കത്തിൽ തൈപ്പൂയത്തിനുള്ള പ്രാധാന്യവും അതിന്‌ ബുദ്ധമതത്തിനോടുള്ള അടുത്ത ബന്ധവും ഇതിന്‌ തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

  • ഭാരതത്തിൽ പലയിടങ്ങളിലും ഇപ്രകാരം 12 വർഷത്തിൽ ഒരിക്കൽ (കുംഭാഭിഷേകം ഓർക്കുക) നടത്താറുണ്ടെന്നും, ബുദ്ധമതകാരുടെ മാർഗ്ഗോത്സവമായി ഇതിന് ബന്ധമുണ്ടെന്നുമാണ് കൃഷ്ണയ്യർ പറയുന്നത്.[7]

രണ്ടാം ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം രാജ്യം ചെറിയ രാജാക്കന്മാരുടെ കീഴിലായി. കുലശേഖര പെരുമാക്കന്മാരുടെ അനന്തരവന്മാരായ കൊച്ചി രാജ്യകുടുംബത്തിനാണ്‌ മാമാങ്കം നടത്തുവാനുള്ള അവകാശം ലഭിച്ചത്. അവരിലാണ്‌ കോയിലധികാരി എന്ന സ്ഥാനം നിക്ഷിപ്തമായത്. കുറച്ചുകാലം അവരുടെ സം‌രക്ഷണയിൽ മാമാങ്കം നടത്തുകയുണ്ടായി. എന്നാൽ തുടർച്ചയായ യുദ്ധങ്ങളിൽ കൊച്ചിക്ക് ക്ഷീണം അനുഭവപ്പെട്ടപ്പോൾ കരാറടിസ്ഥാനത്തിൽ അധികാരം വള്ളുവക്കോനാതിരിക്ക് കൈമാറി. കൊച്ചീ രാജാക്കന്മാർ അവരുടെ പരദേവതമാരെ പ്രതിഷ്ടിച്ചിട്ടുള്ള വന്നേരി ചിത്രകൂടത്തിൽ വച്ച് കിരീടം ധരിച്ചു വന്നാൽ നിലപാട് നിൽക്കാൻ മാമാങ്കത്തിലെ മണിത്തറ ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു ഉടമ്പടി. 1164 ൽ കൊച്ചിയിലെ ഗോദവർമ്മ രാജാവ് കിരീടം വച്ച് വന്നപ്പോൾ മാമാങ്കത്തിലെ നിലപാട് സ്ഥാനം ഒഴിഞ്ഞുകൊടുത്തതായും രേഖകൾ ഉണ്ട് [2]

13 ആം ശതകത്തിന്റെ അന്ത്യത്തിൽ‍ തിരുമലശ്ശേരി നമ്പൂതിരിയൂടേയും കോഴിക്കോട് കോയയുടേയും കല്പകശ്ശേരി തമ്പ്രാക്കളുടേയും മറ്റും സഹായത്തോടെ വള്ളുവക്കോനാതിരി (വെള്ളാട്ടിരി) യെ തോല്പിച്ച് മാമാങ്കം നടത്തുവാനുള്ള അവകാശം സാമൂതിരി സ്വന്തമാക്കി. ഉടമ്പടി അപ്പോഴും പ്രാബല്യത്തിലിരുന്നതിനാൽ വന്നേരി പ്രദേശം സാമൂതിരി പിടിച്ചടക്കുകയും അത് ഒരിക്കലും കൈവിട്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. [2]

ചാവേറുകൾ[തിരുത്തുക]

മാമാങ്കത്തിന്റെ അധീശത്വം അന്നത്തെ നിലയിൽ രാഷ്ട്രതന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു. തന്റെ കയ്യിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ആ അംഗീകാരം തിരിച്ച് പിടിക്കാൻ വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരി ശക്തനായതിനാൽ നേർക്കു നേർ യുദ്ധം അസാധ്യമായിരുന്നു. കിഴക്കൻ പ്രദേശത്തിന്റെ അധിപനായിരുന്ന വെള്ളാട്ടിരിക്ക് പൊന്നാനി ഭാഗത്ത് അല്പം സ്വാധീനം ആവശ്യമായിരുന്നു. ഇതിനായി തിരുമന്ധാംകുന്ന് ദേവിയെ പ്രാർത്ഥിച്ചപ്പോൾ ചാവേറുകളായി പൊന്നാനിവായ്ക്കൽ മാമങ്കത്തിന് പോയി ചാവേറുകളായി വെട്ടി മരിക്കാനായിരുന്നു ലഭിച്ച അരുളപ്പാട്.അങ്ങനെ വള്ളുവക്കോനാതിരി മരണംവരേയും പോരാടാൻ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരാണ് ചാവേറുകൾ.[8] വെള്ളാട്ടിരി പ്രധാനമായും നാലു നാടുവാഴി നായർ കുടുംബങ്ങളെയാണ് ചാവേറിന്റെ നേതൃത്വം ഏല്പ്പിച്ചിരുന്നത് ഇത് 1. ചന്ദ്രാട്ട് പണിക്കർ 2. പുതുമന പണിക്കർ 3. കോക്കാട്ട് പണിക്കർ 4. വേർക്കോട്ട് പണിക്കർ എന്നിവരായിരുന്നു.ഇവരുടെയെല്ലാം ബന്ധുക്കൾ മുൻ യുദ്ധങ്ങളിൽ സാമൂതിരിയാൽ കൊല്ലപ്പെട്ടതാകവഴി കുടിപ്പക മനസ്സിൽ കൊണ്ടു നടക്കുന്നവരുമായിരുന്നു. ഇവർ ചരിത്രത്തിലെ തന്നെ ആദ്യത്തെ ചാവേർ പോരാളികളാണ്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ നിലപാടു തറയിൽ നിന്ന് (പിന്നീട് ചാവേർത്തറ) ഇവർ പ്രാർത്ഥനയോടെ പുറപ്പെടുന്നു. മാമാങ്കത്തിനിടയിൽ ‍വാകയൂരിലെ ആൽത്തറയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ മണിത്തറയിൽ(നിലപാടുതറ) നാടുവാഴിയായ സാമൂതിരി യുദ്ധസന്നദ്ധനായി എഴുന്നള്ളുമായിരുന്നതാണവരുടെ ലക്ഷ്യം. ഈ ചാവേറുകൾ കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലുള്ള സാമൂതിരിയെ ആയുധവുമായി ആക്രമിച്ച് വധിക്കാൻ ശ്രമിക്കും. എന്നാൽ ചാവേറുകളെ അയക്കുന്ന പാരമ്പര്യമുണ്ടായിരുന്ന നാനൂറ് വർഷങ്ങളോളം കാലത്തിലും ഒരു ചാവേറിനു പോലും സാമൂതിരിയെ വധിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 1695-ലെ മാമാങ്കത്തിൽ ചന്ദ്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും ചെയ്തു. സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെട്ടു എന്നും പറയപ്പെടുന്നു. നിരവധി സൈനികരെയെല്ലാം വധിച്ചാണ് ചന്തുണ്ണി അവിടെവരെയെത്തിയത്. എന്നാൽ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരൻ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പറഞ്ഞുവരുന്നുണ്ട്. ഇത് 1755 -ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് പതിനാറ് വയസ്സേ ഉണ്ടാ‍യിരുന്നുള്ളുവെന്നും പലകഥകളിലും പരാമർശിക്കുന്നുണ്ട്.[2] ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം നിലച്ചുപോയ മാമാങ്കം ഇന്ന് ഒരു ചടങ്ങുമാത്രമായി അവശേഷിക്കുന്നു. 16000 സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു.പതിനേഴാം നൂറ്റാണ്ടിൽ അന്നത്തെ സാമൂതിരി രാജാവ് 12 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിന്റെ അവസാനത്തിൽ ആർക്കുവേണമെങ്കിലും സാമൂതിരിയെ കൊല്ലാൻ ശ്രമിക്കാം എന്നും ഇത് നിയമപരമാണെന്നും സാമൂതിരി വിധിച്ചു. സാമൂതിരി തന്റെ ഭടന്മാരാൽ ചുറ്റപ്പെട്ട് ജനമദ്ധ്യത്തിൽ ഒരു ഉയർന്ന വേദിയിൽ ഇരിക്കുമായിരുന്നു

ചാവേറുകളുകളെക്കുറിച്ച് രേഖകളില് എഴുതി വയ്ക്കുമായിരുന്നു. അത്തരത്തില് ഉള്ള ഒരു രേഖ: [9]

“മാമങ്ക തൈപ്പുയത്തിന്നാള് നെലപാടുനിന്നുരുളുന്നതിന്റെ മുമ്പെ വന്നു മരിച്ച ചാവെര് പെര് അഞ്ച്
ആന പൊന്നണിഞ്ഞ ദിവസം അസ്തമിച്ച പുലര്കാലെ വട്ടമണ്ണ കണ്ടര് മേനൊരും കൂട്ടവും വന്നു മരിച്ചപെര് പതിനൊന്ന്
വെട്ടെ പണിക്കരും കൂട്ടവും മുന്നാം ദിവസം വന്നു, മരിച്ചപെര് പന്ത്രണ്ട്.
നാള് നാലില് വാകയൂരില് വന്നു മരിച്ചപെര് എട്ട്
കളത്തില് ഇട്ടിക്കരുണാകരമെനൊന് ഇരിക്കുന്നെടത്തു പിടിച്ചുകെട്ടി വാകയൂര് കൊണ്ടുപോയി കൊന്ന ചാവെര് ഒന്ന്.
മകത്തുന്നാള് കുടിതൊഴുന്ന ദിവസം നിലപാടുനേരത്തു വായയൂരെ താഴത്ത്യ് നുന്നു പിടിച്ച് അഴിയൊടു കെട്ടിയിട്ട് നെലപാട് കഴിഞ്ഞ് എഴുന്നള്ളിയതിന്റെ ശേഷം വാകയൂര താഴത്തിറക്കി വെട്ടിക്കളഞ്ഞ ചാവെര് നാല്
ആകെ ചാവെര് അന്പത്തിഅഞ്ച്, പുതിയങ്ങാടിയില് നിന്നു കൊണ്ടുവന്ന വെളിച്ചെണ്ണ ചൊതന ആയിരത്തി ഒരുനീറ്റി മൂന്നേ മുക്കാല്

ഇത്തരത്തില് മറ്റു കണക്കുകളുടെ ഇടയ്ക്ക് നിസ്സാരമായി കാണുന്ന തരത്തിലാണ് ചാവേറുകളെ പറ്റി എഴുതിയിരിക്കുന്നത്. ഇവരുടെ ബാഹുല്യം നിമിത്തം പ്രാധാന്യം നഷടപ്പെട്ടതാവാം കാരണം

ചടങ്ങുകൾ[തിരുത്തുക]

കൊല്ലവർഷം 858-ല് നടക്കുന്ന മാമാങ്കത്തെപ്പറ്റിയാണ്‌ പൂർണ്ണമായി ലഭിക്കുന്ന രേഖ. അതിനെ ആസ്പദമാക്കിയാൽ എല്ലാ വർഷവും ഏതാണ്ട് ഒരുപോലത്തെ ചടങ്ങുകൾ തന്നെയായിരുന്നു എന്നനുമാനിക്കാം. വാകയൂർ തൃക്കാവിൽ കോവിലകങ്ങളുടെ പണിക്കരും ഏറനാട്ടീളം കൂറുനമ്പ്യാതീരിയുടെ പണിക്കരും ചേർന്ന് ഊരാളി നായന്മാർ എത്തുന്നതിന് എഴുതുന്ന തിരുവെഴുത്തുകൾ അയക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുകയായി. മാമാങ്കത്തിന് തക്ക സമയത്ത് എത്തിച്ചേരണം എന്ന് കാണിച്ചുള്ളതാണീ എഴുത്തുകൾ. മാമങ്ക നടത്തിപ്പിനാവശ്യമായ കാര്യക്കാർക്കും പങ്കെടുക്കുന്നതിനും എഴുഥുകൾ അയക്കുന്നു. കോവിലകങ്ങൾ പണിയുകയും, പന്തലുകൾ കെട്ടുകയും നിലവാടുതറ എന്നിവയൊരുക്കലെല്ലാം കാലേ കൂട്ടിത്തന്നെ ചെയ്തു വയ്ക്കുന്നു. ഇങ്ങനെ ആഡംബര പ്രമാണമായതും ആവശ്യമുള്ളതുമായ ഒരുപാടു കാര്യങ്ങൾ മാമങ്കത്തിനു മുൻപായി ചെയ്തു തീർക്കുന്നു.

നിളാനദിയുടെ തെക്കേക്കരയും വടക്കേക്കര കൂരിയാൽക്കലും അവിടന്നു അര നാഴിക പടിഞ്ഞാറു മാറി ഉയർന്ന സ്ഥലത്തായി തറകൾ പലതൂം പണിയുന്നു. ഇതിൽ പ്രധാന നിലപടു തറയ്ക്ക് നാല്പത് അടിയോളം ഉണ്ടാകും, ഇവിടെയാണ്‌ സാമൂതിരി നിൽക്കുക. മറ്റുള്ളവ ഇളംകൂർ തമ്പുരാന്മാർക്ക് ഉള്ളതാണ്. പൊന്നും വെള്ളിയും കെട്ടിയ പലിചയുള്ള പ്രമാണിമാരായ അകമ്പടി ജനത്തെ ഏർപ്പാടാക്കുന്നു.

മറ്റൊരു ഭാഗത്ത് കമ്പവെടിയും ചെറിയ കപ്പൽ പടയും തയ്യാറെടുക്കുന്നു. തോക്കുകളും മറ്റും വെടിക്കോപ്പ് നിറച്ച് സജ്ജമാക്കി വയ്ക്കുന്നു. വെടിവെയ്ക്കുന്നതു കൂടുതലും മേത്തന്മാരായിരുന്നു. സാമൂതിരിപ്പാടിന് മാമാങ്കക്കാലത്ത് അണിയാനുള്ള തിരുവാഭരണങ്ങളും ആനയെ അലങ്കരിക്കാനുള്ള (ആന പൊന്നണിയുക) ആഭരണങ്ങളും മറ്റും വാകയൂർ കോവിലകത്തേക്കു കൊടുത്തയക്കുന്നതോടെ തയ്യാറെടുപ്പു ചടങ്ങുകൾ പൂർത്തിയാവുന്നു.

ഭാരതപ്പുഴയുടെ വടക്കേക്കരയാണ് വിഖ്യാതമായ തിരുനാവായ ക്ഷേത്രം ക്ഷേത്രത്തിന് പടിഞ്ഞാറേ നടയിൽ പടിഞ്ഞാറോട്ട് 4 കി.മീ. ദൂരത്താണ് വാകയൂർ കോവിലകം സ്ഥിതിചെയ്യുന്നു. അങ്ങോട്ടു പോകുന്ന പ്രധാനവഴിയിലാണ് കൂരിയാലും ആൽത്തറയും, കുറച്ച് പടിഞ്ഞാറ് മാറി നിലപാടു തറയും മണിക്കിണറുകളും മറ്റും. അടുത്തായി തമ്പുരാട്ടിമാർക്ക് മാമാങ്കം കാണാനുള്ള കോവിലകങ്ങളും ക്ഷേത്രത്തിനു മുൻഭാഗത്ത് ഇടതുവശത്ത് മൂന്നും നാലും അഞ്ചും കൂർ തമ്പുരാക്കന്മാർക്കുമുള്ള കൊട്ടാരങ്ങളും മന്ത്രിമന്ദിരങ്ങളും പണികഴിപ്പിച്ചിരുന്നു. മകരമാസത്തിലെ പുണർതം നാളിലാണ് സാമൂതിരി വാകയൂർ കോവിലകത്തേയ്ക്ക് എഴുന്നള്ളുന്നത്. അടുത്ത ദിവസം പൂയ്യത്തുന്നാൾ മാമാങ്കം ആരംഭിക്കുന്നു. പൂയ ദിവസം രാവിലെയുള്ള തിരുകൃത്യങ്ങൾക്കു ശേഷം സാമൂതിരി വൻ‍പിച്ച അകമ്പടിയോടെ ക്ഷേത്രദർശനത്തിന് എഴുന്നള്ളുന്നു. നടന്നോ, പല്ലക്കിലോ ആനപ്പുറത്തോ ആയിരിക്കും വരിക. പിറകിലായി ചേരമാൻ വാൾ എഴുന്നള്ളത്തും ഉണ്ടായിരിക്കും. ഈ ഘോഷയാത്ര മണിത്തറയുടെ താഴെയെത്തിയാൽ തമ്പുരാൻ മണിത്തറയുടെ താഴെത്തറയിൽ കയറി നിൽക്കുന്നു. തുടർന്ന് ഉടവാളും പിടിച്ച് മണിത്തറയിൽ കയറി നിന്ന്, വാളിളക്കി കിഴക്കോട്ട് തിരിഞ്ഞ് ക്ഷേത്രത്തിലേക്ക് നോക്കി ദേവനെ തൃക്കൈകൂപ്പുന്നു. വെള്ളിയും പൊന്നും കെട്ടിച്ച പലിചപിടിച്ച അകമ്പടിജനം പലിചയിളക്കി അകമ്പടി പ്രഖ്യാപിക്കുന്നത് ഇപ്പോഴാണ്. ഈ സമയങ്ങൾ മുതൽ തമ്പുരാനെ ആക്രമിക്കാൻ ചാവേറുകൾ വന്നുകൊണ്ടിരിക്കും. വടക്കെക്കരയിൽ നിന്ന് വെടി മുഴങ്ങുമ്പോൾ തെക്കേക്കരയിൽ ഏറാൾപ്പാട് നിലപാടുതറയിലേയ്ക്ക് കയറുന്നു. അതിനുശേഷം രണ്ടു വെടി ശബ്ദം കേട്ടാൽ തമ്പുരാൻ മണിത്തറയിൽ നിന്ന് ഇറങ്ങി പുഴമദ്ധ്യത്തിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള നീരാട്ടു പന്തലിലേയ്ക്ക് നീങ്ങി, കുളി കഴിഞ്ഞ് സന്ധ്യാവന്ദനത്തിനു ശേഷം വൈകുന്നേരം വാകയൂറിലേയ്ക്ക് എഴുന്നള്ളുന്നു. ആയില്യം നാൾ ഉടുപ്പും തൊപ്പിയും ധരിച്ചാണ് ഘോഷയാത്ര. ഇത്തരം ഘോഷയാത്രകൾ തുടർച്ചയായി പത്തൊൻപതു ദിവസം നടക്കുന്നു. ഇരുപതാം ദിവസം രേവതി നാളാണ് ആന പൊന്നണിയുന്നത്. ആന പൊന്നണിഞ്ഞാൻ പൊന്നിൻ കുന്നുപോലിരിക്കുമത്രേ. തുടർന്ന് തിരുവാതിര ഉൾപ്പെടെ ഏഴുദിവസം പൊന്നണിഞ്ഞ ആനക്കൊപ്പമാണ് ഘോഷയാത്ര. ആർഭാടപൂർവ്വമായ് ഇത്തരം ഘോഷയാത്രകളിൽ അൻപതിനായിരത്തിലധികം ജനം പങ്കെടുക്കുമായിരുന്നു. പുണർതത്തിനു മുൻപ് നാലു ദിവസം കൊണ്ട് മാമാങ്കം അവസാനിക്കുന്നു. ഈ ദിവസങ്ങളിൽ ഘോഷയാത്ര ഉണ്ടാകാറില്ല. നിലപാടുതറയിൽ നിലകൊള്ളുന്ന രീതി പക്ഷേ എല്ലാ ദിവസവും ഉണ്ടാകാറുണ്ട്. മാമാങ്കത്തിന് അദ്ധ്യക്ഷം വഹിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവസാന നാലു നാളുകളിൽ കപ്പൽ പടകളുടെ പ്രകടനം ഉണ്ടാകും. കമ്പവെടിക്കെട്ടും ഈ ദിവസങ്ങളിലാണ്.

മകത്തുന്നാൾ മാമാങ്കം അവസാനിക്കുന്നു, ഇതിനുശേഷം സാമൂതിരി പൊന്നാനി തിരുക്കോവിലിലേയ്ക്ക് എഴുന്നള്ളുന്നു. അതോടെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കോത്സവം അവസാനിക്കുകയായി [10]

അവസാനം[തിരുത്തുക]

മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി മലബാർ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കവും അവസാനിച്ചു. സാമൂതിരിക്കും കോനാതിരിക്കും ഒരുപോലെ അധികാരം നഷ്ടപ്പെട്ടതായിരുന്നത്രേ കാരണം. 1766-ൽ ആണ് അവസാന മാമാങ്കം നടന്നത്.[11]

ശേഷിപ്പുകൾ[തിരുത്തുക]

ഇന്നും തിരുനാവായ പ്രദേശത്ത് മാമാങ്കത്തിന്റെ സ്മാരകങ്ങൾ നിലനിൽക്കുന്നുണ്ട്. നിലപാടുതറ, മരുന്നറ, ചാവേർ പോരാളികളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണർ, ജീവൻ പോകാത്ത ചാവേറുകളെ പട്ടിണിക്കിട്ട് വധിച്ചിരുന്ന പട്ടിണിത്തറ മുതലായവ ഇന്നുമുണ്ട്. പല തുരങ്കങ്ങളും പ്രദേശത്തുകാണാം. 1990-കളിൽ മാമാങ്കത്തറക്കും മണിക്കിണറിനുമിടക്ക് ഒരു പ്രധാന തുരങ്കം കണ്ടെത്തിയിരുന്നു. നിലപാടുതറയിൽ ചാവേറെത്തിയതിനുശേഷം അക്കാലത്തെ സാമൂതിരി പിന്നീടെന്നെങ്കിലും അത്തരമൊരു സന്ദർഭം ഉണ്ടാകുകയാണെങ്കിൽ രക്ഷപെടാനായി നിർമ്മിച്ചതാണത് എന്ന് കരുതുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു മുന്നിലായി ചാവേറുകളെ യാത്രയാക്കാനായി ഉപയോഗിച്ചിരുന്ന ചാവേർത്തറയും ഇന്നും നിലനിൽക്കുന്നു. ഇവിടെത്തന്നെയുള്ള അൽപ്പാകുളത്തിലാണത്രേ ചാവേറുകൾ കുളിച്ചിരുന്നത്. മാമാങ്കസമയത്ത് പരിക്കേൽക്കേണ്ടിവരുന്ന സാമൂതിരി ഭടന്മാരുടെ ചികിത്സക്കായി സ്ഥാപിച്ച ചങ്ങമ്പള്ളിക്കളരിയും ഇന്നുമുണ്ട്.

കേരളത്തിൽ പലപ്പോഴും ഒരു വാണിജ്യമേള എന്ന നിലയിൽ മാമാങ്കത്തെ പുനരുജ്ജീവിപ്പിക്കണമെന്ന വാദം ഉയരാറുണ്ടെങ്കിലും പൂർണ്ണമായ തോതിൽ സാദ്ധ്യമായിട്ടില്ല. 1999-ൽ മാമാങ്കം അക്കാലത്തെ ഭരണകൂടത്തിന്റെ നേതൃത്തിൽ സംഘടിപ്പിച്ചിരുന്നു.

കൂടുതൽ അറിവിന്[തിരുത്തുക]

  • മലബാർ മാനുവൽ - വില്യം ലോഗൻ
  • മാമാങ്കം നൂറ്റാണ്ടുകളിലൂടെ - വേലായുധൻ പണിക്കശേരി

അവലംബം[തിരുത്തുക]

  1. http://www.prokerala.com/kerala/history/mamankam.htm
  2. 2.0 2.1 2.2 2.3 2.4 വേലായുധൻ, പണിക്കശ്ശേരി. സഞ്ചാരികൾ കണ്ട കേരളം (in മലയാളം) (2001 ed.). കോട്ടയം: കറൻറ് ബുക്സ്. p. 434. ISBN 81-240-1053-6. 
  3. എസ്. എൻ. സദാശിവൻ; എ സോഷ്യൽ ഹിസ്റ്ററി ഒഫ് ഇൻഡ്യ; ISBN 81-7648-170-X പുറം 140-41
  4. കൃഷ്ണയ്യർ 1938 - പ്രതിപധിച്ചിരിക്കുന്നത്-എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
  5. പി.സി.എം. രാജ. 1982- പ്രതിപാദിച്ചിരിക്കുന്നത്-എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
  6. പണിക്കശ്ശേരി ,1978- പ്രതിപധിച്ചിരിക്കുന്നത്-എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
  7. കൃഷ്ണയ്യർ കെ.വി.1938; പ്രതിപാദിച്ചിരിക്കുന്നത്-എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
  8. http://www.calicutnet.com/mycalicut/mamankam_festival.htm
  9. എം.എന്. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്, ഏട് 97 വള്ളത്തോള് വിദ്യാപീഠം, ശുകപുരം, കേരള.
  10. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏടുകൾ 96-108, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
  11. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏട് 99; വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
"http://ml.wikipedia.org/w/index.php?title=മാമാങ്കം&oldid=1689787" എന്ന താളിൽനിന്നു ശേഖരിച്ചത്