ദേശിങ്ങനാട് സ്വരൂപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിൽക്കാലത്തു് പ്രാമുഖ്യം നേടിയ വേണാട്ടു രാജവംശത്തിന്റെ ആദ്യ കാല പിരിവുകളിലെ പ്രധാനപ്പെട്ട ഒരു മൂലശാഖയായിരുന്നു ദേശിങ്ങനാട്ടു സ്വരൂപം. കൊല്ലവും സമീപ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്ന ഇത് 1746-ൽ വിശാല തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായി.

വേണാട്ടു രാജാക്കൻമാരുടെ ആദ്യ കാലത്തെ ആസ്ഥാനം കൊല്ലത്തായിരുന്നു. പതിഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ വംശം രണ്ടായി പിരിഞ്ഞു. ഇവരിൽ തൃപ്പാപ്പൂർ മൂപ്പനായ (തൃപ്പാപ്പൂർ മൂപ്പിൽ നായർ ) വേണാട്ടിലെ ഇളയ രാജാവ് തിരുവിതാംകോട് എന്ന സ്ഥലത്ത് ഒരു കൊട്ടാരം നിർമ്മിച്ച് അവിടേക്ക് താമസം മാറ്റി. ഈ ശാഖ തൃപ്പാപ്പുർ സ്വരൂപം എന്നാണു് അറിയപ്പെട്ടിരുന്നതു്. അവശേഷിച്ച കൊല്ലം ശാഖ ദേശിങ്ങനാട് സ്വരൂപം എന്നും അറിയപ്പെട്ടു. ആറ്റിങ്ങലിനും കൊട്ടാരക്കരയ്ക്കും ഇടയ്ക്കുള്ള ഭൂവിഭാഗം ഉൾപ്പെട്ട ദേശിങ്ങനാടിന്റെ ആസ്ഥാനം കൊല്ലം പട്ടണമായിരുന്നു.[1]

കൊല്ലം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ജയസിംഹൻ എന്ന രാജാവിനോടുള്ള ആദര സൂചകമായിട്ടാണ് ജയസിംഹനാട് എന്ന പേർ വന്നതെന്നും, പിൽക്കാലത്ത് അത് ദേശിങ്ങനാടെന്ന് ആയതാണെന്നും പറയപ്പെടുന്നു. മലയാള രേഖകളിൽ ചേതങ്ങനാടെന്നും സംസ്‌കൃത കൃതികളിൽ ജയസിംഹനാട് എന്നും ഈ രാജ്യം അറിയപ്പെട്ടു.

കൊല്ലത്തു് എത്തിപ്പെട്ട പോട്ടുഗീസുകാരും ഡച്ചുകാരുമായി കരാറുകളും ഇടപാടുകളും നടത്തിയിരുന്നത് ദേശിങ്ങനാട്ടു രാജാക്കന്മാരുമായിട്ടായിരുന്നു[1].

1731-ൽ കൊല്ലം രാജാവു് കായംകുളം രാജകുഡുംബത്തിൽ നിന്നും പിന്മുറക്കാരായി ദത്തെടുക്കുകയുണ്ടായി. അക്കാലത്ത് തിരുവിതാംകൂറുമായി ദൃഢ ശത്രുതയിൽ ആയിരുന്നു കായംകുളം കൊട്ടാരം. പ്രകോപിതനായ മാർത്താണ്ഡ വർമ്മ കൊല്ലം ആക്രമിച്ചു രാജാവിനെ തടവിൽ പിടിച്ചു. തടവിൽ നിന്നു രക്ഷപ്പെട്ട കൊല്ലം രാജാവ് കായംകുളം രാജാവിനോടു ചേർന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ദേശിങ്ങനാട് കായംകുളം രാജാവ് ഏറ്റെടുത്തു.[1]

1746-ൽ മാർത്താണ്ഡ വർമ്മ കായംകുളവും കൊല്ലവും പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേർത്തപ്പോൾ ദേശിങ്ങനാടും തിരുവിതാംകൂറിന്റെ ഭാഗമായി മാറി. അതോടെ ഒരു രാജവംശം എന്ന നിലയിൽ ദേശിങ്ങനാടിന്റെ അസ്തിത്വം ഇല്ലാതായി[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 എ. ശ്രീധരമേനോൻ (1990) [1967]. കേരളചരിത്രം (Translation of A survey of Kerala History - By same author). അച്ചടി: ഇന്ത്യാ പ്രസ്സ്, കോട്ടയം(P29 1256 04 10)(S5624 B1225 74/90-91 10-5000). കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം.
"https://ml.wikipedia.org/w/index.php?title=ദേശിങ്ങനാട്_സ്വരൂപം&oldid=3724945" എന്ന താളിൽനിന്ന് ശേഖരിച്ചത്