ആന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
ആന
Rhacophorus in amplexus
Rhacophorus in amplexus
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: ജന്തുലോകം
വര്‍ഗ്ഗം: സസ്തനി
കുടുംബം: എലഫന്റോയ്‌ഡ്യ (Elephantoidea)

പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തില്‍ (Mammalia) ഉള്‍പ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തില്‍ ഇന്നു വംശനാശം നേരിടാതെ ഭൂമിയില്‍ കഴിയുന്ന ഏക ജീവിയുമാണു് ആ‍നകള്‍. ഇന്ന് ഉപയോഗത്തിലില്ലാത്ത പാക്കിഡെര്‍മാറ്റ (Pachydermata)എന്ന വര്‍ഗ്ഗത്തില്‍ പെടുത്തിയായിരുന്നു ആനയെ വര്‍ഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങള്‍ നിലവിലുണ്ട്: ആഫ്രിക്കന്‍ ബുഷ് ആന, ആഫ്രിക്കന്‍ കാട്ടാന (ഈയടുത്ത കാലം വരെ രണ്ടും ആ‍ഫ്രിക്കന്‍ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്), ഏഷ്യന്‍ ആന(ഇന്ത്യന്‍ ആന എന്നും അറിയപ്പെടും). മറ്റു വംശങ്ങള്‍ പതിനായിരം വര്‍ഷം മുന്‍പ് അവസാനിച്ച ഹിമയുഗത്തിനു ശേഷം നാമാവശേഷമായിപ്പോയി. കേരളത്തില്‍ ആനകള്‍ക്ക് വളരെയധികം വാര്‍ത്താപ്രാധാന്യമുണ്ട്.

ഉള്ളടക്കം

[തിരുത്തുക] പരിണാമം

പ്രധാന ലേഖനം: ആനകളുടെ പരിണാമം
വലിപ്പത്തിന്റെ താരതമ്യം, മനുഷ്യനുമായി

ആനകള്‍ ഉരുത്തിരിഞ്ഞത് ഏതാണ്ട് ൭൦ ദശലക്ഷം വര്ഷങ്ങള്‍ക്ക് മുന്‍പാണ്‌ എന്നാണ്‌ പരക്കെ വിശ്വസിക്കപ്പെടുന്നത്. മേല്‍ച്ചുണ്ട് രൂപാന്തരം പ്രാപിച്ചുണ്ടായ അവയവമായ തുമ്പിക്കൈ ഉള്ള ജന്തു വര്‍ഗ്ഗങ്ങള്‍ ആണ്‌ പ്രൊബോസിഡിയ.

ആനയുടെ ചാര്‍ച്ചക്കാരായി അറിയപ്പെടുന്ന മറ്റു നാമാവശേഷമായ വര്‍ഗ്ഗങ്ങള്‍ ആണ്‌ മെറിത്തീറിയം, ഡൈനോത്തീറിയം, ട്രൈലോഫണോണ്‍, പ്ലാറ്റിബിലാഡോണ്‍, ഗൊംഫോതെറിസ്, മാസ്റ്റഡോണ്‍, സ്റ്റെഗോഡോണ്‍, മാമത്ത് എന്നിവ. എന്നാല്‍ കടല്‍പ്പശുക്കള്‍ എന്നറിയപ്പെടുന്ന സിറേനിയ (Sirenia), ഹൈറാക്സ് hyrax എന്നീ ഗണങ്ങളുടെ വിദൂരപാരമ്പര്യക്കാരാണ് ആനകള്‍ എന്നും ചിലര്‍ വാദിക്കുന്നുണ്ട്. ഹൈറാക്സ് എന്ന ആ കുടുംബത്തിലുള്ള ജീവികള്‍ ആനകളെപ്പോലെത്തന്നെ വളരെ വലിപ്പമുള്ളവായിരുന്നു. അതിനാല്‍ തന്നെ ഈ മൂന്നു കുടുംബങ്ങളുടേയും ഉറവിടം ആംഫിബയസ് ഹൈറാകോയ്ഡ് (amphibious hyracoid) എന്ന ഒരേ വംശം ആണെന്നു കരുതപ്പെടുന്നു. ഈ മൃഗങ്ങള്‍ അധിക സമയവും വെള്ളത്തിനടിയിലാണു ചിലവഴിച്ചിരുന്നതെന്നും തുമ്പിക്കൈ വെള്ളത്തിനു മുകളില്‍ ഉയര്‍ത്തിയാണ് അവ ശ്വസിച്ചിരുന്നത് എന്നും ചില ശാസ്ത്രജ്ഞര്‍ കരുതുന്നു. പിന്നീട് ഗണങ്ങളുണ്ടായതായിരുന്നിരിക്കണം. അവയില്‍ ചിലതാണ് മാമോത്ത്, സ്റ്റെഗോഡന്‍, ഡൈനോതെറിയം എന്നിവ.[1]

പ്രാചീനകാലത്ത്, ഏതാണ്ട് ക്രി.മു. 3000 വരെ, ഒരു പശുക്കിടാവിന്റേയോ, ഒരു വലിയ പന്നിയുടേയോ വലിപ്പമുള്ള ആനകള്‍ ക്രേറ്റ് ദ്വീപുകളില്‍ ഉണ്ടായിരുന്നതായി ഫോസില്‍ തെളിവുകളുണ്ട്. അതുപോലെ പോത്തിനോളം വലിപ്പമുള്ള കല്ലാന എന്ന ആനകള്‍, കേരളത്തിലെ‍ അഗസ്ത്യമലയിലും ആനമലയിലും ഉണ്ടെന്നു പ്രദേശത്തെ ആദിവാസികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. [അവലംബം ആവശ്യമാണ്]

[തിരുത്തുക] ചരിത്രത്തില്‍

ഈജിപ്തില്‍ ക്രി. മു. 5000 ത്തിലും മറ്റും ആനകളെ വേട്ടയാടി പിടിച്ച് വളര്‍ത്തിയിരുന്നതായി നൈല്‍ നദി തട സംസ്കാര ശിലാ ലിഖിതങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യിലും സിന്ധു നദീതട സംസ്കാരംനിലനിന്നിരുന്ന കാലത്തും ആനകളുമായി സമ്പര്‍ക്കമുണ്ടായിരുന്നു.[1] പിന്നീട് വന്ന രാജ്യങ്ങളുടെ കരസൈന്യം ആനകളെ ഉപയോഗിക്കുമായിരുന്നു, അത് കണ്ട്പേര്‍ഷ്യന്‍ സാമ്രാജ്യവും ഉപയോഗിച്ച് തുടങ്ങി. പോറസ്സ് രാജാവിനെതിരായുള്ള യുദ്ധത്തില്‍ മഹാനായ അലക്സാണ്ടര്‍ക്ക് ആനകളില്‍ നിന്നാണ്‌ കനത്ത നാശ നഷ്ടം ഉണ്ടായത്. അദ്ദേഹത്തിന്റെ യോദ്ധാക്കള്‍ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു. അത്യന്തം വിനാശകാരികളായ ഈ ആനകളാണ്‌ അലക്സാണ്ടറുടെ സൈന്യത്തെ പിന്തിരിപ്പിക്കാന്‍ കാരണം. അതിനുശേഷം അദ്ദേഹത്തിന്‌ തിരിച്ചു പോവേണ്ടതായി വന്നു. പിന്നീട് ഒരു യുദ്ധത്തില്‍ ഒരു ആനയെ ആക്രമിക്കുന്നതിനിടക്ക് അദ്ദേഹത്തിന്‌ സാരമായമുറിവേറ്റിരുന്നു.

ആനയുടെ കാല്‍പ്പാടുകള്‍ (അളക്കാനായി ചക്രത്തിന്റെ പാടുകളും)

ആനകളെ ഉപയോഗിക്കുന്നത് വളരെ പ്രയോജനപരം എന്ന് കണ്ടതിനെത്തുടര്‍ന്ന് ഹെല്ലനിക കരസൈന്യവും ആനകളെ ഉപയോഗിച്ച് തുടങ്ങി (ഇത് ശ്രദ്ധിക്കപ്പെട്ടത് ടോളമിയുടേയും സെലൂക്കിഡ് ഡയഡോക്കൈ സാമ്രാജ്യങ്ങളിലാണ്) . കാര്‍ത്തജീനിയന്‍ ജനറല്‍ ഹാനിബാള്‍ റോമാക്കാരുമായുള്ള യുദ്ധത്തിനായി ആനകളെ ആല്‍പ്പ്സിനപ്പുറം‌ കൊണ്ട് വന്നു. ഹാനിബാളിന്റെ കുതിരപ്പട വളരെ ശക്തമായിരുന്നതിനാല്‍ ആനകളെ അധികം ഉപയോഗിക്കേണ്ടിയും വന്നില്ല. അദ്ദേഹത്തിന്‌ സ്വന്തം ആനകളെകൊണ്ട് നാശനഷ്ടമുണ്ടാവുകയും ചെയ്തു. അദ്ദേഹം ഇന്ന് നാമാവശേഷമായ ഒരു ആഫ്രിക്കന്‍ വംശമായ വടക്കേ ആഫ്രിക്കയിലെ കാട്ടാനകളെയാണ് കൊണ്ട് വന്നിരിക്കാന്‍ സാധ്യത. ഈ അനുമാനത്തിന് കാരണം ഈ ആനകള്‍ ദക്ഷിണാഫ്രിക്കന്‍ ആനകളേക്കാള്‍ ചെറുതാണെന്നതും മെരുക്കാന്‍ എളുപ്പമാണെന്നും ഉള്ളതാണ്. വലിയ ആനകള്‍ കാലാള്‍പ്പടയ്ക്ക് വ്യാപകമായ നാശമുണ്ടാക്കുമെന്നതും കുതിരകള്‍ക്ക് ഈ ആനകളെ പേടിയാണെന്നതും വലിപ്പം കുറഞ്ഞ ഈ ഗണത്തെ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ കാരണമായിരിരുന്നിരിക്കാം.

ക്രി.മു 305 ല്‍ സെലൂക്കസ് നികേറ്റര്‍ എന്ന യവന സാമ്രാട്ട് മൗര്യ സാമ്രാജ്യത്തിലേയ്ക്ക് കടന്നുകയറി. എന്നാല്‍ ചന്ദ്രഗുപ്തന്‍ ശക്തമായ പ്രതിരോധം ഒരുക്കിയതിനാല്‍ രണ്ടു വര്‍ഷക്കാലം കാര്യമായ ലാഭമൊന്നും സെലൂക്കസിന് ഉണ്ടായില്ല എന്നു മാത്രമല്ല, അവസാനം സന്ധിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതനായിത്തീരുകയും മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. ക്രി.മു. 303-ല്‍ എഴുതപ്പെട്ട ഈ സന്ധിയനുസരിച്ച് ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്ന അന്നത്തെ കാംബോജം(യവന ഭാഷയില്‍ പാരോപാമിസദേ Paropamisadae), ഗാന്ധാരം(ഇന്നത്തെ കാണ്ഡഹാര്‍ യവന ഭാഷയില്‍ അരാക്കോസിയ Arachosia), ബലൂചിസ്ഥാന്‍(ഗെദ്രോസിയ gedrosia)എന്നിവ ചേര്‍ന്ന വലിയ ഒരു ഭൂപ്രദേശം മഗധയോട് ചേര്‍ക്കപ്പെട്ടു. 500 ആനകളെയാണ് പകരമെന്നോണം സെലൂക്കസ് കൊണ്ടുപോയത്. ഈ ആനകള്‍ ഹെല്ലനിക രാജാക്കന്മാര ഇപ്സുസ് യുദ്ധത്തില്‍ തോല്പിക്കാന്‍ നിര്‍ണ്ണായക സ്വാധീനമായിരുന്നു.

ഭാരതത്തിലും സയ‌മിലും (തായ്‌ലന്‍ഡിന്റെപഴയ പേര്), ദക്ഷിണേഷ്യയില്‍ ഏതാണ്ട് മുഴുവനായും ആനകളെ വിവിധ ജോലികള്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ച് മരങ്ങള്‍ പിഴുതെടുക്കാനും തടിപിടിക്കാനും കുറ്റവാളികളെ ചവുട്ടിക്കൊല്ലാനും ഒക്കെയായി.

സഫാരി മാതൃകയില്‍ വേട്ട നടത്താനും ആനകളെ ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ചും ഭാരതീയമായ രീതിയായ ഷിക്കാര്‍ (മുഖ്യമായും കടുവകളില്‍). രാജകീയ സവാരികളിലും ആനകളെയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് മതപരമായ ചടങ്ങുകള്‍ക്കും, ഗതാഗതത്തിനും, വിനോദത്തിനും ആനകളെ ഉപയോഗിക്കുന്നു. സര്‍ക്കസ്സിലും ആനകളെ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു.

[തിരുത്തുക] ജന്തുശാസ്ത്രം

[തിരുത്തുക] പ്രത്യേകതകള്‍

ആനകള്‍ സസ്തനികളാണ്. കരയില്‍ ജീവിക്കുന്ന ജീവികളില്‍ ഏറ്റവും വലുതും ആനയാണ്.ഒരു ശരാശരി മനുഷ്യന്റെ 85 മടങ്ങ് ശരീരഭാരം ഉണ്ട് ആനക്ക്. 3.5 അടിയിലും ഉയരവും ഉണ്ടാകും. 1956-ല്‍ അങ്കോളയില്‍ വെടിവച്ച് കൊല്ലപ്പെട്ട ഒരാനയാണ് ഇതുവരെ ജീവിച്ചിരുന്നതില്‍ ഏറ്റവും ഭാരമുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. 12,000 കിലോഗ്രാം (26,400 പൗണ്ട്) തൂക്കമുള്ള ഒരു ആണാനയായിരുന്നു അത്.[2]. 22 മാസമാണ് ആനയുടെ ഗര്‍ഭകാലം. ഇതു കരയിലെ ജീവികളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. ജനനസമയത്ത് ഒരു ആനക്കുട്ടിക്ക് 120 കിലോഗ്രാം ( 265 പൗണ്ട്) ഭാരമുണ്ടാകാറുണ്ട്. ആനകള്‍ 70 വയസ്സ് വരെയും അതിനു ‍മുകളിലും ജീവിക്കാറുണ്ട്.

[തിരുത്തുക] വകഭേദങ്ങള്‍

ഇടതു നിന്ന് വലത്തേക്ക് - ആഫ്രിക്കന്‍ സവാന ആനയും Loxodonta africana(ജനനം 1969) ഏഷ്യന്‍ ആനയും Elephas maximus (ജനനം 1970) ഒരു ഇംഗ്ലീഷ് മൃഗശാലയില്‍.

ആഫ്രിക്കന്‍ ആനകളും ഏഷ്യന്‍ ആനകളും രണ്ട് വ്യത്യസ്ഥ വംശങ്ങളാണ്. ഏഷ്യന്‍ ആനകളേക്കാള്‍ വലിപ്പം കൂടിയവയാണ് ആഫ്രിക്കന്‍ ആനകള്‍ (4 മീറ്ററോളം പൊക്കവും 7500 കിലോഗ്രാം ഭാരവും). ആഫ്രിക്കന്‍ ആനകളുടെ ചെവിയും വലുതായിരിക്കും. ആഫ്രിക്കന്‍ ആനകളില്‍ ആണാനയ്ക്കും പെണ്ണാനയ്ക്കും വലിയ കൊമ്പുകള്‍ ഉണ്ടാകും, എന്നാല്‍ ഏഷ്യന്‍ ആനകളില്‍ ഇവ രണ്ടിന്റേയും കൊമ്പുകള്‍ ചെറുതായിരിക്കും. മിക്ക ഏഷ്യന്‍ പിടിയാനകള്‍ക്കും (പെണ്ണാന) കൊമ്പേ ഉണ്ടാകാറില്ല. ആഫ്രിക്കന്‍ ആനകളുടെ നടുവ് കുഴിഞ്ഞതും, നെറ്റി പരന്നതും, തുമ്പിക്കൈ‍യുടെ അഗ്രം വിരല്‍ പോലെ രണ്ടായി പിളര്‍ന്നതുമാണ്. എന്നാല്‍ ഏഷ്യന്‍ ആനകളുടെ നടു പുറത്തേക്ക് വളഞ്ഞതും, നെറ്റിയില്‍ രണ്ട് മുഴ ഉള്ളതും, തുമ്പിക്കൈയുടെ അഗ്രം ഒറ്റവിരല്‍ പോലെയുമാണ്.

[തിരുത്തുക] ആഫ്രിക്കന്‍ ആന

ആഫ്രിക്കന്‍ ആന - ഏഷ്യന്‍ ആനകളെ അപേക്ഷിച്ച് വലുതാണിവ
പ്രധാന ലേഖനം: ആഫ്രിക്കന്‍ ആന

ലോക്സൊഡൊന്റ (Loxodonta) എന്ന ജനുസ്സില്‍പ്പെട്ട എല്ലാ സസ്തനികളും ആഫ്രിക്കന്‍ ആനകള്‍ എന്ന ഒറ്റപ്പേരില്‍ ആണ് അറിയപ്പെടുന്നത്. എന്നാല്‍ അടുത്ത കാലത്ത് നടന്ന ജനിതകപഠനങ്ങള്‍ കാണിക്കുന്നത് ഇവ രണ്ട് വ്യത്യസ്തസ്പീഷീസ് എന്നതാണ്*[2]; സവാനയും(ലോക്സോഡൊന്റ ആഫ്രിക്കാന Loxodonta africana) കാട്ടാനയും{ലോക്സോഡൊന്റ സൈക്ലോറ്റിസ് ; Loxodonta cyclotis). അന്യം നിന്ന് പോകുന്ന ഒരൊറ്റ വംശമായി കരുതാതെ ഇവരെ രണ്ട് വംശമായി കരുതുമ്പോള്‍ ഇതില്‍ ഏത് വംശമാണ് കൂടുതല്‍ അപകടാവസ്ഥയില്‍ ഉള്ളതെന്ന് മനസ്സിലാക്കാനും അവക്ക് കൂടുതല്‍ സംരക്ഷണം ഏര്‍പ്പെടുത്താനും കഴിയുന്നു. എന്നു മാത്രമല്ല, കാട്ടാനകളേയും സവാന ആനകളേയും ഇണ ചേര്‍ത്ത് പുതിയ വര്‍ഗ്ഗം ഉണ്ടാക്കാന്‍ സാധിക്കും. പക്ഷെ ഇവ രണ്ടും രണ്ട് സ്ഥലങ്ങളില്‍ അധിവസിക്കുന്നതിനാല്‍ ഇത് സ്വാഭാവികമായി സംഭവിക്കാനുള്ള സാധ്യത കുറവാണ്.ആഫ്രിക്കന്‍ ആനകള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ , ലോക്സൊഡൊന്റ അവയുടെ കുറഞ്ഞ് വരുന്ന എണ്ണം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇന്ന് ഏതാണ്ട് ആറ് ലക്ഷം ആഫ്രിക്കന്‍ ആനകള്‍ ആണ് ലോകത്തുള്ളതെന്നാണ് കണക്ക്. [3] [3].

[തിരുത്തുക] ആഫ്രിക്കന്‍ സവേന ആനകള്‍ (ബുഷ് ആനകള്‍)

ലോക്സൊഡൊന്റ ആഫ്രിക്കാനാ (Loxodonta africana) എന്ന ഈ വര്‍ഗ്ഗമാണ്‌ ആനകളില്‍ വച്ച് ഏറ്റവും വലുത്. കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ ജീവികളും ഇവ തന്നെ. പതിമൂന്ന് അടി (നാല് മീറ്റര്‍) പൊക്കവും ഏഴായിരം കിലോ ഭാരവും ഉണ്ടാകും. ഒരു ആ‍ണാനയ്ക്കു ശരാശരി മൂന്ന് മീറ്റര്‍ (പത്ത് അടി) പൊക്കവും അയ്യായിരത്തിനും ആറായിരത്തിനും (കിലോ) ഇടയ്ക്കു ഭാരവും ഉണ്ടാകും. പെണ്ണാനകള്‍ ആണാനകളേക്കാള്‍ ചെറുതായിരിക്കും. സവേന ആനകള്‍ അധികവും തുറസായ സ്ഥലങ്ങളിലും ചതുപ്പുകളുടേയും തടാകങ്ങളുടേയും കരയിലുമാണ് കാണപ്പെടുന്നത്. ആഫ്രിക്ക എമ്പാടും തെക്കന്‍ സഹാറ മരുഭൂമിയും ഇവരുടെ ആവാസ കേന്ദ്രങ്ങള്‍ ആണ്.

[തിരുത്തുക] ആഫ്രിക്കന്‍ കാട്ടാന
ലോക്സോഡോണ്ടാ സൈക്ലോട്ടിസ് എന്ന കുഞ്ഞന്‍ ആന

Loxodonta cyclotis എന്നു തരംതിരിക്കപ്പെട്ട, കുഞ്ഞന്‍ ആന എന്ന ഇത്, ആഫിക്കന്‍ വനാന്തരങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. വലിപ്പക്കുറവു മൂലം പിഗ്മി ആനകള്‍ എന്നും വിളിക്കപ്പെടുന്നു. സവാന ആനകളെ അപേക്ഷിച്ചു ചെവികള്‍ ചെറുതും ഉരുണ്ടതുമാണ്. കൊമ്പുകള്‍ ചെറുതും നേരെയുള്ളതും ആണെന്ന് മാത്രമല്ല വായില്‍ നിന്ന് അധികം പുറത്തേക്ക് വരാത്ത തരത്തിലുമായിരിക്കും. ആഫിക്കന്‍ കാട്ടാനകള്‍ക്ക് ഏറ്റവും കൂടിയാല്‍ 4,500 കിലോ (10,000 പൗണ്ട്) ഭാരവും മൂന്ന് മീറ്റര്‍ (പത്ത് അടി) പൊക്കവും ഉണ്ടായിരിക്കും. എങ്കിലും സാധാരണയായി ഇവ രണ്ടര മീറ്ററില്‍ (8 അടി) അധികം പൊക്കം വക്കാറില്ല. മധ്യ ആഫ്രിക്കയിലും പടിഞ്ഞാറന്‍ ആഫിക്കയിലും ഉള്ള മഴക്കാടുകളിലാണ് കാട്ടാനകളെ കാണപ്പെടുന്നത്. ചിലപ്പോള്‍ ഇവരുടെ അധിവാസം‍ കാടിന്റെ അരികില്‍ വരെ എത്തുകയും, തത്‌ഫലമായി സവാന ആനകളുടെ ആവാസമേഖലയില്‍‍ അതിക്രമിച്ച് കടക്കുകയും ചെയ്യും. പഠനത്തിനു പ്രതികൂലമായ അന്തരീക്ഷമാണ് ആഫിക്കയില്‍ ഉള്ളത് എന്നതിനാല്‍ സവാനകളേക്കാള്‍ വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമേ ആഫിക്കന്‍ കാട്ടാനകളെക്കുറിച്ച് ലഭ്യാമായിട്ടുള്ളൂ.

[തിരുത്തുക] ഏഷ്യന്‍ ആന

ഏഷ്യന്‍ ആനകളുടെ ആവാസ വുവസ്ഥ

എലഫസ് മാക്സിമസ് (Elephas maximus) എന്ന ഏഷ്യന്‍ ആനകള്‍ (ഇന്ത്യന്‍ ആനകള്‍ എന്നും അറിയപ്പെടുന്നു) ആഫ്രിക്കന്‍ ആനകളുടെ എണ്ണത്തിന്റെ പത്തിലൊന്നിലും കുറവ്, അതായത് ഏകദേശം നാല്‍പ്പതിനായിരം എണ്ണമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഏഷ്യന്‍ ആനകള്‍ക്ക് നിരവധി ഉപ‌ഗണങ്ങള്‍ (Subspecies) ഉണ്ട്. പൊതുവില്‍ ഏഷ്യന്‍ ആനകള്‍, ആഫ്രിക്കന്‍ ബുഷ് ആനകളേക്കാള്‍ ചെറുതായിരിക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളവയെപ്പോലെ ചെറിയ ചെവികള്‍ ഉള്ള ഈ ആനകളില്‍ ആണാനകള്‍ക്കു മാത്രമാണ് കൊമ്പുകള്‍ ഉണ്ടാകുക‌. ആഫ്രിക്കന്‍ ആനകള്‍ക്കില്ലാത്ത ഒരു പ്രത്യേകതയായ വെളുത്ത പാടുകളും ഏഷ്യന്‍ ആനകളെ ആഫ്രിക്കന്‍ ആനകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായകമാണ്. ജീവിച്ചിരിക്കുന്ന നാല് ഇനങ്ങള്‍ (subspecies) ഉണ്ട്; അവ താഴെ പറയുന്നവയാണ്.

[തിരുത്തുക] ശ്രീലങ്കന്‍ ആനകള്‍
ശ്രീലങ്കന്‍ ആനകള്‍

ശ്രീലങ്കന്‍‍ ദ്വീപില്‍ മാത്രം കാണപ്പെടുന്നു. ഇവ ഏഷ്യന്‍ ആനകളില്‍ ആദ്യ കീഴ്‌ഗണം ശ്രീലങ്കന്‍ ഏഷ്യന്‍ ആനകള്‍ (Elephas maximus maximus) എന്നയിനമാണ്. ശ്രീലങ്കന്‍ ആനകളാണ് ഇന്നു നിലനില്‍ക്കുന്ന ഏഷ്യന്‍ ആനകളില്‍ ഏറ്റവും വലുത്. മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ ശ്രീലങ്കന്‍‍ ആനകളേ ലോകത്തുള്ളൂ എന്നു വിശ്വസിക്കപ്പെടുന്നു. വലിയ ആണാനകള്‍ക്ക് 12,000 പൗണ്ട് ഭാരവും പതിനൊന്ന് അടി പൊക്കവും ഉണ്ടാകാറുണ്ട്. ഇത് എപ്പോഴും സ്ഥിരമായിരിക്കും. ശ്രീലങ്കന്‍‍ ആനകള്‍ക്ക് തലയിലെ മുഴകള്‍ വളരെ വലുതായിരിക്കും. കൂടാതെ, തൊലിയില്‍ ഉണ്ടാകുന്ന വെളുത്ത പാടുകള്‍ ഏഷ്യന്‍ ആനകളില്‍ ഏറ്റവും കൂടുതല്‍ ഈ ആനകള്‍ക്കാണ് ഉണ്ടാകുക. സാധാരണ ഇവയുടെ ചെവികള്‍, മുഖം, തുമ്പിക്കൈ, വയര്‍ എന്നീ ഭാഗങ്ങളില്‍ വളരെ കൂടുതലായി ഇളം ചുവപ്പു നിറത്തിലുള്ള പാടുകള്‍ കാണാറുണ്ട്. [4].

ശ്രീളങ്കന്‍ ആനകള്‍ക്ക് കൊമ്പുകള്‍ വിരളമായേ കണ്ടുവരുന്നുള്ളൂ. ശ്രീലങ്കന്‍ ആണാനകളിലെ 7 ശതമാനത്തിനു മാത്രമേ കൊമ്പുകളുള്ളൂ. നേരെ മറിച്ച് ദക്ഷിണേന്ത്യയിലെ ആണാനകളില്‍ 80 ശതമാനത്തിനും കൊമ്പുകളുണ്ട്. ആദ്യകാലത്ത് ശ്രീളങ്കന്‍ ദ്വീപിലെ മുഴുവന്‍ പ്രദേശങ്ങളിലും ആനക്കൂട്ടങ്ങളെ കണ്ടിരുന്നു. എന്നാല്‍ തേയില റബ്ബര്‍ തുടങ്ങിയ തോട്ടവിളകളുടെ ആവിര്‍ഭാവത്തോടെ ആനകള്‍, ദ്വീപിന്റെ വടക്കും, കിഴക്കും ഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങി[4]‌.

[തിരുത്തുക] ഇന്ത്യന്‍ ആനകള്‍
ഒരു ഏഷ്യന്‍ ആന.

ഏഷ്യന്‍ ആനകളിലെ മറ്റൊരു ഉപഗണമാണിത്. ഇന്ത്യന്‍ ആനകള്‍ (Elephas maximus indicus) ആണ് ഏഷ്യന്‍ ആനകളില്‍ വളരെ കൂടുതലായി കാണപ്പെടുന്ന ഗണം. മുപ്പത്തിയാറായിരത്തോളം എണ്ണം ഇന്ത്യന്‍ ആനകള്‍ ഇന്നു ജീവിച്ചിരുപ്പുണ്ടെന്നു കരുതപ്പെടുന്നു. ഇവ കടുത്ത ചാരനിറമുള്ളതും, വെള്ളപ്പാടുകള്‍ ചെവിയിലും തുമ്പിക്കൈയിലും മാത്രമുള്ളതുമായിരിക്കും. 11,000 പൗണ്ട് മാത്രമേ സാധാരണ ഭാരമുണ്ടാകാറുള്ളുവെങ്കിലും ശ്രീലങ്കന്‍ ആനകളുടെയത്ര പൊക്കം ഇന്ത്യന്‍ ആനകള്‍ക്കും ഉണ്ടാകും. ഈ ആനകള്‍ ഇന്ത്യ,മ്യാന്മര്‍ തുടങ്ങിയ പതിനൊന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്നു. ഭക്ഷണം യഥേഷ്ടം കിട്ടുന്നതു കാരണം മഴക്കാടുകളിലും പുല്‍മേടുകളിലും, ഇവ രണ്ടിനുമിടയിലുള്ള സ്ഥലങ്ങളിലും കഴിയാന്‍ ഇഷ്ടപ്പെടുന്നു.

[തിരുത്തുക] സുമാത്രന്‍ ഏഷ്യന്‍ ആനകള്‍

ഇന്തോനേഷ്യയിലെ സുമാത്ര എന്ന ദ്വീപിലെ കാടുകളില്‍ മാത്രം കണ്ടുവരുന്ന ഇവയാണ് (Elephas maximus sumatranus) ഏഷ്യന്‍ ആനകളില്‍ രണ്ടാമത് ഏറ്റവും ചെറുത് . മുപ്പത്തിമൂവായിരത്തിനും അന്‍പത്തിമൂവായിരത്തിനും ഇടയില്‍ സുമാത്രന്‍ ആനകള്‍ ഭൂമിയില്‍ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ഇളം ചാരനിറമുള്ള ഈ ആനകള്‍ക്ക് വെള്ള പാടുകള്‍ മറ്റ് ഏഷ്യന്‍ ആനകളേക്കാല്‍ വളരെക്കുറവ് മാത്രമാണ് ഉണ്ടാകുക; മിക്കവാറും ചെവിയില്‍ മാത്രം. പ്രായപൂര്‍ത്തിയായ സുമാത്രന്‍ ആനകള്‍ക്ക് പത്തടി പൊക്കം (മൂന്ന് മീറ്റര്‍) മാത്രമേ ഉണ്ടാകൂ. ഭാരം ഏകദേശം 4000 കിലോ ഗ്രാം.

[തിരുത്തുക] ബോര്‍ണിയോ പിഗ്മി ആനകള്‍

ബോര്‍ണിയോ പിഗ്മി ആനകള്‍ (Elephas maximus borneensis) എന്ന് പേരിലുള്ള ഈ ആനകള്‍ ബോര്‍ണിയോ ദ്വീപില്‍ കാണപ്പെടുന്നു. 2003-ലാണ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഡി.എന്‍.എ പരിശോധന വഴി ഇതിനെ ഏഷ്യന്‍ ആനകളുടെ മറ്റൊരു ഇനമായി തിരിച്ചറിഞ്ഞത്. ഇവ ഇതര ഏഷ്യന്‍ ആനകളേക്കാള്‍ ചെറുതും ഇണക്കമുള്ളതും ആയിരിക്കും. വലിയ ചെവികളും നീളം കൂടിയ വാലും നേരെയുള്ള കൊമ്പുകളും ഈ ആനകളുടെ പ്രത്യേകതകളാണ്. ജനിതകപരമായി ഏഷ്യന്‍ ആനകളില്‍ ഏറ്റവും വ്യത്യസ്തതപുലര്‍ത്തുന്ന ഈ ഇനം, പുതിയ ഗവേഷണങ്ങള്‍ പ്രകാരം ജാവാ ദ്വീപില്‍ പണ്ട് ജീവിച്ചിരുന്ന ഏഷ്യന്‍ ആനയാണെന്നാണ് പറയപ്പെടുന്നത്. മനുഷ്യരായിരിക്കണം ഇവയെ ബോര്‍ണിയോ ദ്വീപിലെത്തിച്ചത്.

ഇവയെ കൂടാതെ ചൈനയില്‍ ഉണ്ടായിരുന്ന ഇളം പിങ്ക് നിറത്തിലുള്ള കൊമ്പുകളോടുകൂടിയ ചൈനീസ് ആന (Elephus maximus rubridens), സിറിയ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലുണ്ടായിരുന്ന, ഏഷ്യന്‍ ആനകളിലെ ഏറ്റവും വലിയ ഇനമായിരുന്ന, സിറിയന്‍ ആന ((Elephus maximus asurus) എന്നീ ഇനങ്ങള്‍ മനുഷ്യരുടെ ഇടപെടലുകള്‍കൊണ്ട് അന്യംനിന്ന ഏഷ്യന്‍ ആനകളിലെ ഇനങ്ങളാണ്.

[തിരുത്തുക] മിശ്രവര്‍ഗ്ഗങ്ങള്‍

പ്രധാന ലേഖനം: മോട്ടി

ഒരു സ്ഥലത്ത് രണ്ട് വ്യത്യസ്ത തരം ആനകള്‍ ഇല്ലാത്തതിനാല്‍ വളര്‍ത്തുമൃഗങ്ങളുടേതു പോലെ മിശ്ര വര്‍ഗ്ഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. എങ്കിലും അപൂര്‍വ്വമായെങ്കിലും ഉണ്ടാകാറുണ്ട്. മൃഗശാലകള്‍, സര്‍ക്കസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഇതിന്‌ സാധ്യതയുണ്ടാവുക. 1978-ല്‍ ചെസ്റ്റെര്‍ മൃഗശാലയില്‍ ഒരു ആഫ്രിക്കന്‍ ആനയ്ക്ക് ഒരു ഏഷ്യന്‍ പിടിയാനയില്‍ കുട്ടി ജനിച്ചതാണ് രേഖപ്പെടുത്തിയിട്ടുള്ള ഒരു സം‌ഭവം.

[തിരുത്തുക] ശരീരപ്രകൃതി

[തിരുത്തുക] തുമ്പിക്കൈ

തുമ്പിക്കൈ പല ആവശ്യങ്ങള്‍ക്ക് ആന ഉപയോഗിക്കാറുണ്ട്. ആന കണ്ണ് തുടയ്ക്കുന്നതാണ് ഇത്.

തുമ്പിക്കൈ മേല്‍ച്ചുണ്ടും മൂക്കും കൂടിച്ചേര്‍ന്ന ഒരു അവയവമാണ്. നീളത്തില്‍ ഉള്ള ഇത് ആനയുടെ എറ്റവും സവിശേഷമായ അവയവമാണ്. ആഫ്രിക്കന്‍ ആനകള്‍ക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരല്‍ പോലെ രണ്ട് അറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ആനയ്ക്ക് തുമ്പിക്കൈയില്‍ നാല്‍പ്പതിനായിരത്തില്പരം പേശികള്‍ ഉണ്ടാകുമെന്നാണ് ജീവശാസ്ത്രജ്ഞര്‍ പറയുന്നത്[5]. ഇത് ആനയെ ചെറിയ പുല്‍നാമുകള്‍ മുതല്‍ വലിയ ഭാരമുള്ള മരങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ സഹായി‍കുന്നു.

വെള്ളം കുടിക്കാനായും ആ‍ന തുമ്പിക്കൈ ഉപയോഗിക്കുന്നു. ആനകള്‍ തുമ്പിക്കൈയില്‍ പതിനാലില്‍പ്പരം ലിറ്റര്‍ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട്. ഈ തുമ്പിക്കൈ സാമൂഹികജീവിതത്തിലും ആന ഉപയോഗപ്പെടുന്നു. പരിചയമുള്ള ആനകള്‍ തമ്മില്‍ മനുഷ്യര്‍ കൈകൊടുക്കുന്നതുപോലെ തുമ്പിക്കൈ കുരുക്കിയാണ് പരിചയം കാണിക്കാറുള്ളത്. ആനകള്‍ തമ്മില്‍ അടികൂടുമ്പോഴും, ശാരീരികമായി ബന്ധപ്പെടുമ്പോഴും, സ്വന്തം മേല്‍ക്കോയ്മ കാണിക്കുമ്പോഴും തുമ്പിക്കൈ ഉപയോഗിക്കുന്നു. (തുമ്പിക്കൈ ഉയര്‍ത്തി ചിന്നം വിളിക്കുന്നത് ഒരു താക്കീതോ പേടിപ്പെടുത്തലോ ആകാം. തുമ്പിക്കൈ താഴ്ത്തി പിടിക്കുന്നത് പരാജയം സമ്മതിച്ച് കൊടുക്കലുമാകാം). മറ്റ് ആനകളുമയി വഴക്കുണ്ടകുമ്പോള്‍ സ്വയരക്ഷയ്ക്ക് ആനകള്‍ തുമ്പിക്കൈ കൊണ്ട് അടിക്കുകയും ചുറ്റിപ്പിടിച്ച് വലിച്ചെറിയാന്‍ ശ്രമിക്കുകയും ചെയ്യും.

മണം പിടിക്കുവാനും ആനകള്‍ തുമ്പിക്കൈ ആണ് ഉപയോഗിക്കാറ്. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് മണം പിടിച്ച് ആനകള്‍ കൂട്ടുകാരേയും ശത്രുക്കളേയും ഭക്ഷണമുള്ള സ്ഥലങ്ങളേയും മനസ്സിലാക്കുന്നു.

[തിരുത്തുക] കൊമ്പ്

പ്രധാന ലേഖനം: ആനക്കൊമ്പ്

ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലാണ് ആനക്കൊമ്പ്. ഇത് ജീവിതാവസാനം വരെ വളര്‍ന്നുകൊണ്ടേയിരിക്കും. വലിയ ഒരു ആനയുടെ കൊമ്പ് വര്‍ഷത്തില്‍ ഏഴ് ഇഞ്ച് വരെ വളരും. കൊമ്പ് ആനകള്‍ക്ക് വളരെ ഉപയോഗമുള്ള ഒന്നാണ്: മണ്ണ് കുഴിച്ച് വെള്ളമെടുക്കാനും, വേരുകള്‍ ധാതുലവണങ്ങള്‍ എന്നിവ മണ്ണില്‍ നിന്ന് കുഴിച്ചെടുക്കാനും, മരങ്ങളുടെ തൊലി പൊളിച്ചെടുത്ത് കഴിക്കാനും, ചില മരങ്ങള്‍ (ബോബാബ്) തുരന്ന് അകത്തുള്ള പള്‍പ്പ് ഭക്ഷിക്കാനും മാര്‍ഗ്ഗതടസ്സമുണ്ടാക്കുന്ന മരങ്ങളും മരച്ചില്ലകളും മാറ്റാനുമൊക്കെ ഈ കൊമ്പുകള്‍ ഉപയോഗിക്കുന്നു. കൂടാതെ, മരങ്ങളില്‍ സ്വന്തം അധീശപ്രദേശം അടയാളപ്പെടുത്താനും ആയുധമാക്കി ഉപയോഗിക്കാനും വരെ ആനകള്‍ കൊമ്പുകളെ ഉപയോഗപ്പെടുത്തുന്നു.

റഷ്യയിലെ ഇവാന്‍ മുന്നാമന്‍ രാജാവിന്റെ സിംഹാസനം- ആനക്കൊമ്പ് കോണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

മനുഷ്യരില്‍ ഇടതുകൈയ്യന്മാരും വലതുകൈയ്യന്മാരും ഉള്ളതുപോലെ, ആനകള്‍ക്ക് ഒരു വശത്തുള്ള കൊമ്പിന് സ്വാധീനം കൂടുതലുണ്ടാകും. രണ്ട് കൊമ്പുകളില്‍ വച്ച് പ്രബലമായ കൊമ്പ് (master tusk), ചെറുതും ഉപയോഗം മൂലം അറ്റം കൂടുതല്‍ ഉരുണ്ടതുമായിരിക്കും. ആഫ്രിക്കന്‍ ആനകളില്‍ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകള്‍ ഉണ്ടാകും. ഇവയ്ക്ക് പത്തടി (മൂന്ന് മീറ്റര്‍) നീളവും 90 കിലോഗ്രാം തൂക്കവും ഉണ്ടാകും. എന്നാല്‍ ഏഷ്യന്‍ വിഭാഗങ്ങളില്‍ ആണാനയ്ക്ക് മാത്രമാണ് കൊമ്പുണ്ടാകുക. പെണ്ണാനകളില്‍ ചിലതിനു ചെറിയ കൊമ്പുണ്ടാകുമെങ്കിലും പൊതുവില്‍ പെണ്ണാനയ്ക്കു കൊമ്പുകള്‍ ഉണ്ടാകാറില്ല. ഏഷ്യന്‍ ആനകള്‍ക്ക് ആഫ്രിക്കന്‍ ആനകള്‍ക്കുള്ളതിന്റെ അത്രയും വലിപ്പമുള്ള കൊമ്പുകള്‍ ഉണ്ടായേക്കാമെങ്കിലും, അവ വണ്ണത്തിലും ഭാരത്തിലും ചെറുതായിരിക്കും. ഇതേവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഭാരമുള്ള കൊമ്പ് 39 കിലോ ആണ്. ആനക്കൊമ്പിന്റെ മുഖ്യമായ ഘടകം കാത്സ്യം ഫോസ്ഫേറ്റ് എന്ന ലവണമാണ്. ജീവനുള്ള കോശം ആണെന്നതിനാല്‍ അതു മറ്റു ലവണങ്ങളേക്കള്‍ (പാറ പോലുള്ള) ലോലമായിരിക്കും.

ആനക്കൊമ്പ് ശില്‍പ്പങ്ങളുണ്ടാക്കാന്‍ ധാരാളമായി ഉപയോഗിച്ചു വരുന്നു. പണ്ടുകാലം മുതല്‍ക്കേ ആനക്കൊമ്പിനു വേണ്ടി ആനകളെ കൊന്നിരുന്നതാണ് ഇന്ന് അനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിന്റെ മുഖ്യകാരണം. ഇന്ന് ആനക്കൊമ്പ് വില്പന നിയമപരമായി നിഷിദ്മാണ്‌. എങ്കിലും അനധികൃതമായി ആനക്കൊമ്പ് വില്പന ഗണ്യമായ തോതില്‍ നടക്കുന്നുണ്ട്. [6]

ചില നാമാവശേഷമായ ഗണങ്ങള്‍ക്ക് ആനക്കൊമ്പ് കീഴ്ത്താടിയില്‍ ആണ് ഉണ്ടായിരുന്നത് (ഉദാ: ടെട്രാബെലോണ്‍), ചിലവയ്ക്ക് കീഴ്ത്താടിക്ക് പകരമായും (ഉദാ: ഡിനോതെറിയം).

[തിരുത്തുക] പല്ലുകള്‍

ആനയുടെ പല്ല്

ആനകളുടെ പല്ലുകള്‍ മറ്റു സസ്തനികളുടേതില്‍ നിന്നും വളരെ വ്യത്യസ്ഥമാണ്. ആനയുടെ വായില്‍ ഒന്നര വയസ്സില്‍ പല്ലുകള്‍ പ്രത്യക്ഷപ്പെടും, രണ്ടര വയസ്സോടെ ഇവ കൊഴിയാന്‍ തുടങ്ങുകയും ആറു വയസ്സോടെ രണ്ടാമത്തെ ഗണം പല്ലുകള്‍ വരികയും ചെയ്യും. പിന്നീട് ൨൫ മത്തെ വയസ്സില്‍ മൂന്നമത്തെ ദന്ത നിരകള്‍ പ്രത്യക്ഷപ്പെടുന്നു, ൫൦ആമത്തെ വയസ്സില്‍ നാലാമത്തേതും, നൂറാമത്തെ വയസ്സില് അഞ്ചാമത്തേതുമായ ദന്തനിരകള്‍ വളരുന്നു. ഇതിനാല്‍ ആനകളുടെ പല്ലു നോക്കി അവയുടെ പ്രായം കണ്ടു പിടിക്കാവുന്നതാണ്‌.

ജീവിതകാലത്ത് ആനകള്‍ക്ക് 28 ഒരേ സമയത്ത് പല്ലുകള്‍ ഉണ്ടാകാം. അവ താഴെ പററയുന്നവയാണ്‌:

  • മുകളിലുള്ള രണ്ടു പല്ലുകള്‍ (ഉളിപ്പല്ലുകള്‍): ഇവയാണ് കൊമ്പുകളായി വരുന്നത്.
  • കൊമ്പുകളുടെ പാല്‍പ്പല്ലുകള്‍.
  • പന്ത്രണ്ട് ചെറിയ അണപ്പല്ലുകള്‍‍, താടിയുടെ രണ്ടു വശങ്ങളിലും മുകളിലും താഴെയുമായി മൂന്നെണ്ണം വീതം.
  • പന്ത്രണ്ട് അണപ്പല്ലുകള്‍, താടിയുടെ ഇരു വശങ്ങളില്‍ മുകളിലും താഴെയുമായി മൂന്നെണ്ണം വീതം.

ഒരു വലിയ അണപ്പല്ലിന്‌ ഒരടി നീളവും ൨.൫ ഇഞ്ച് നീളവും ൪ കിലോഗ്രാം തൂക്കവും ഉണ്ടാകാം.

ഇതര സസ്തനികള്‍ക്ക് പാല്‍പ്പല്ലുകള്‍ വളര്‍ന്നുവന്ന് ക്രമേണ അതിനുപകരം സ്ഥിരമായ പല്ലുകള്‍ ഉണ്ടാകുകയാണ് ചെയ്യുക. ഇത് രണ്ടോ മൂന്നോ പ്രാവശ്യം മാത്രം ഉണ്ടാകുകയുള്ളൂ. എന്നാല്‍ ആനകള്‍ക്ക് ഒരു വര്‍ഷത്തിനു ശേഷം ആനക്കൊമ്പ് സ്ഥിരമാകുമെങ്കിലും മറ്റുപല്ലുകള്‍ അഞ്ച് തവണ ആനയുടെ ജീവിത്തതില്‍ പുതുതായി മുളക്കും. ആനയുടെ പല്ലുകള്‍ താഴെനിന്നു മുകളിലേക്ക് വളരുകയല്ല ചെയ്യാറ്. മറിച്ച് അവ പിറകില്‍ നിന്ന് വളര്‍ന്ന് നിരങ്ങി നീങ്ങി മുന്നിലെത്തുകയാണ് ചെയ്യുന്നത്. മുന്നിലെ പല്ലുകള്‍ തേഞ്ഞ് തീരുകയും കൊഴിഞ്ഞ് പോകുകയും ചെയ്യുമ്പോഴേക്കും പുതിയ പല്ലുകള്‍ അവയുടെ സ്ഥാനം പിടിച്ചിട്ടുണ്ടാകും. വളരെ പ്രായമാകുമ്പോഴേക്കും ആനകളുടെ ശേഷിക്കുന്ന പല്ലുകള്‍ ചെറിയ കുറ്റികള്‍ പോലെ ആയിട്ടുണ്ടാകുമെന്നതിനാല്‍ അധികം ചവച്ചരയ്ക്കേണ്ടാത്ത മൃദുവായ ഭഷണമാണ് ആന കഴിക്കുക. അവസാനകാലത്തിലെത്തിയ ആനകള്‍ ചെറിയ നനുനനുത്ത പുല്ലുകള്‍ ഉണ്ടാകുന്ന ചതുപ്പ് നിലങ്ങളിലാണ് ഇക്കാരണത്താല്‍ കാണപ്പെടുന്നത്. അവസാനം ഈ പല്ലുകളും കൊഴിഞ്ഞ് പോകുന്നതോടുകൂടി ആനയ്ക്ക് ഒന്നും കഴിക്കാന്‍ വയ്യാതെ വരികയും തത്ഫലമായി പട്ടിണി കിടന്ന് മരിക്കുകയും ചെയ്യുന്നു. ഇന്ന് ആനകളുടെ ആവാസവ്യവസ്ഥ ചുരുങ്ങി ചുരുങ്ങി വരുന്നതിനാല്‍ ഭക്ഷണത്തിന്റെ കുറവ് മൂലം ചെറുപ്പത്തിലേ ആനകള്‍ പട്ടിണി കിടന്നു മരിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കീഴ്ത്താടിയില്‍ ഉണ്ടാകുന്ന കൊമ്പുകള്‍ക്ക് രണ്ടാം ഉളിപ്പല്ലുകള്‍ എന്നും പേരുണ്ട്. ദിനോസറുകളുടെ കാലത്തെ ഡിനോതേറിയം എന്ന ഗണത്തിനും ചില മാസ്റ്റോഡോണ്‍ എന്ന ഗണങ്ങള്‍ക്കും ഇവ വളരെ വലുതായി വരാറുണ്ടായിരുന്നു. പക്ഷെ ഇന്നത്തെക്കാലത്ത് ഈ കൊമ്പുകള്‍ക്ക് തത്സ്ഥാനീയനായ പാല്പല്ല് ഉണ്ട് എങ്കിലും വളരുന്നതിനുമുന്നേ തന്നെ കൊഴിയുന്നതായി കാണപ്പെടുന്നു.

[തിരുത്തുക] ത്വക്ക്

ആനയുടെ ത്വക്ക്

ആനകള്‍ പാക്കിഡേര്‍മ്സ് എന്നും അറിയപ്പെടാറുണ്ട്, അര്‍ത്ഥം: കട്ടിയുള്ള തൊലിയുള്ള മൃഗങ്ങള്‍. ശരീരത്തില്‍ മിക്കയിടങ്ങളിലും ആനയുടെ ത്വക്കിന് എതാണ്ട് രണ്ടര സെന്റീമീറ്റര്‍ കട്ടിയുണ്ടാകും. എന്നാല്‍ വായ്ക്കു ചുറ്റുമുള്ളതും ചെവിക്കകത്തുമുള്ളതുമായ തൊലി വളരെ കട്ടികുറഞ്ഞതായിരിക്കും. ഏഷ്യന്‍ ആനകളുടെ ത്വക്കില്‍ ആഫ്രിക്കന്‍ ആനകള്‍ക്കുള്ളതിനേക്കാള്‍ അധികം രോമങ്ങളുണ്ടാകും. ഇത് കുട്ടിയാനകളിലാണ് കൂടുതലായി തിരിച്ചറിയാന്‍ കഴിയുക. ഏഷ്യന്‍ കുട്ടിയാനകള്‍ക്ക് ശരീരമാസകലം തവിട്ടു നിറത്തിലുള്ള കട്ടിരോമങ്ങളാണ്. പ്രായമാകുന്തോറും ഇവ കുറയുകയും നിറം കറുപ്പായി മാറുകയും ചെയ്യും. എങ്കിലും ശരീരത്തിലും വാലിലും ഉള്ള രോമങ്ങള്‍ നില നില്‍ക്കും.

ആനകള്‍ക്ക് കടുത്ത ചാരനിറമാണെങ്കിലും, ദേഹം മുഴുവന്‍ മണ്ണു‌ വാരിയിടുന്നതു കാരണം തവിട്ട് അല്ലെങ്കില്‍ ചുവപ്പ് നിറമാണ് തോന്നിക്കുക. മേലാസകലം പൂഴി വാരിയിടുന്നത് ആനകളുടെ സഹജസ്വഭാവമാണ്. ഇതു സാമൂഹികജീവിതത്തിന് ആവശ്യമാണെന്ന് മാത്രമല്ല, ഈ പൊടിയും മണ്ണും ആനയെ സൂര്യതാപത്തില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ത്വക്കിനു കട്ടിയുണ്ടെങ്കിലും സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും പ്രാണികളുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ പൊടിവാരിയിടല്‍ ആവശ്യമായി വരുന്നു.

ഓരോ കുളിക്കു ശേഷവും ആന മണ്ണ് ദേഹത്തു വാരിയിടുന്നത് ആവര്‍ത്തിക്കും. ആനയ്ക്ക് സ്വേദഗ്രന്ധികള്‍ വളരെക്കുറവായതിനാല്‍ ശരീരതാപനില നിയന്ത്രി‍ക്കുക ബുദ്ധിമുട്ടാണ്. ഇതിനായി ദിനംമുഴുവന്‍ പ്രയത്നിക്കേണ്ടി വരുന്നു. ശരീരത്തിന്റെ വലിപ്പവും ത്വക്കിന്റെ പ്രതലവും തമ്മിലുള്ള അനുപാതം ആനയ്ക്ക് മനുഷ്യരുടേതിനേക്കാള്‍ വളരെ കൂടുതലാണ്. കാലില്‍ നഖത്തിനടുത്തായി സ്വേദഗ്രന്ധികള്‍ ഉള്ളതിനാല്‍ ആന കാലുകള്‍ ഉയര്‍ത്തിപ്പിടിക്കാറുമുണ്ട്.

[തിരുത്തുക] കാലുകളും പാദങ്ങളും

കാലുകള്‍ ഉപയോഗിച്ച് ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉടയ്ക്കുവാനും സാധിക്കും

വളരെ വലിപ്പം കൂടിയ തൂണുകള്‍ പോലെയാണ് ആനയുടെ കാലുകള്‍. കാലുകള്‍ നേരെയുള്ളവയായതിനാല്‍ ആനയ്ക്ക് നില്‍ക്കാന്‍ ആയാസപ്പെടേണ്ടി വരാറില്ല. ഇക്കാരണത്താല്‍ ആനകള്‍ക്ക് തുടര്‍ച്ചയായി ഏറെനേരം ക്ഷീണമില്ലാതെ നില്‍ക്കാന്‍ കഴിയും. ആഫ്രിക്കന്‍ ആനകള്‍ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് കിടക്കാറുള്ളൂ. എന്നാല്‍ ഏഷ്യന്‍ ആനകള്‍ ഇടയ്ക്കിടക്ക് കിടക്കാറുണ്ട്.

ആനയുടെ കാല്‍പ്പാദങ്ങള്‍ക്ക് ഏകദേശം വൃത്താകൃതിയാണ്. ആഫ്രിക്കന്‍ സവാന ആനകള്‍ക്ക് പിന്‍‌കാലുകളില്‍ മൂന്നു വീതവും മുന്‍‌കാലുകളില്‍ നാലു വീതവും നഖങ്ങള്‍ ഉണ്ടാകും. ആഫ്രിക്കന്‍ കാട്ടാനകള്‍ക്കും, ഏഷ്യന്‍ ആനകള്‍ക്കും പിന്നില്‍ നാലു വീതവും മുന്നില്‍ അഞ്ചു വീതവും ആണ് നഖങ്ങള്‍ ഉണ്ടാകുക. പാദങ്ങളുടെ എല്ലുകള്‍‍ക്കുള്ളിലുള്ള വളരെ കട്ടിയുള്ളതും ജെലാറ്റിന്‍ പോലുള്ളതുമായ കൊഴുപ്പ് മെത്ത പോലെ പ്രവര്‍ത്തിച്ച് ആഘാതങ്ങള്‍ താങ്ങാന്‍ സഹായിക്കുന്നു. ആനയുടെ ഭാരം കാരണം പാദങ്ങള്‍ക്ക് വീ‍തി കൂടുതലായിരിക്കും. ഭാരമില്ലാത്ത അവസ്ഥയില്‍ പാദങ്ങള്‍ക്ക് വീതി കാലിന്റേതിന് തുല്യമായിരിക്കും. കാല്‍ പൊക്കുമ്പോള്‍ പാദങ്ങള്‍ ചെറുതാകുമെന്നതിനാല്‍ ചളിയില്‍ പൂണ്ട് പോയാലും കാല് എളുപ്പം തിരിച്ചെടുക്കാന്‍ സാധിക്കും.

ആനയ്ക്ക് നന്നായി നീന്താനും കയറ്റങ്ങള്‍ കേറാനും കഴിയുമെങ്കിലും തുള്ളാനോ ചാടാനോ പെട്ടെന്ന് ഓടുമ്പോള്‍ നല്ല വേഗം ആര്‍ജ്ജിക്കാനോ കഴിയില്ല. ഏറ്റവും വേഗത്തിലോടുന്ന മനുഷ്യനേക്കാളും വേഗത്തില്‍ ഓടാന്‍ ആനയ്ക്കു കഴിയുമെങ്കിലും ഒരേ വേഗതയില്‍ ഓടാനേ ആനകള്‍ക്ക് കഴിയൂ; വേഗം ഇഷ്ടം പോലെ കുറയ്ക്കാനോ കൂട്ടാനോ കഴിയില്ല. ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങള്‍ വളരെ കുറവാണ്.

സാധാരണ വേഗത്തില്‍ സഞ്ചരിക്കുന്ന ആനകള്‍ രണ്ടു മുതല്‍ നാലു മൈലുകള്‍ വരെ (മൂന്നു തൊട്ട് ആറു കിലോമീറ്റര്‍ ) മണിക്കൂറില്‍ വേഗം ആര്‍ജ്ജിക്കാറുണ്ട്. പക്ഷെ ഓടുന്ന സമയത്ത് ആനയ്ക്ക് മണിക്കൂറില്‍ ഇരുപത്തിനാല് മൈല്‍ (നാല്‍പ്പത് കിലോമീറ്റര്‍) വരെ വേഗം ഉണ്ടാകും.

[തിരുത്തുക] ചെവികള്‍

ആഫ്രിക്കന്‍ സവാന ആന ചെവി വട്ടം പിടിച്ച് ശ്രദ്ധിക്കുന്നു

വലിയ ചെവികള്‍ ശരീരതാപനില ക്രമീകരിക്കുന്നതിന്‍ ആനയെ സഹായി‍ക്കുന്നു. ആനയുടെ ചെവികള്‍ക്ക് വളരെ കട്ടികുറവാണ്. എല്ലുകള്‍ ഇതില്‍ ഉണ്ടാവില്ല. എന്നാല്‍ വളരെയധികം ധമനികളും ഞരമ്പുകളും ചെവികളിലുണ്ട്. ആന ചെവി വീശുന്‍പോള്‍ ഉണ്ടാകുന്ന കാറ്റ് ആനയുടെ ഞരമ്പുകളില്‍ കൂടി ഓടിക്കൊണ്ടിരിക്കുന്ന രക്തത്തിനെ തണുപ്പിക്കും. ഈ തണുത്ത രക്തം പിന്നീട് തിരിച്ച് ശരീരത്തിലേക്കൊഴുകി ശരീരം തണുപ്പിക്കും. ചെവിയിലേക്ക് വരുന്ന ചുടുരക്തത്തിന്റെ താപനില പത്ത് ഡിഗ്രീ ഫാരന്‍‌ഹീറ്റോളം കുറയ്ക്കാന്‍ ഈ ചെവിയാട്ടല്‍ സഹായി‍ക്കും. ആഫ്രിക്കന്‍ ആനകള്‍ക്കും ഏഷ്യന്‍ ആനകള്‍ക്കും ചെവിയുടെ വലിപ്പത്തില്‍ പ്രകടമായ വ്യത്യാസം ഉണ്ടാകാന്‍ കാരണം അവര്‍ അധിവസിക്കുന്ന പ്രദേശത്തെ താപനിലയിലുള്ള വ്യത്യാസമാണ്. ഭൂമധ്യരേഖയ്ക്കു തൊട്ടുകിടക്കുന്ന ആഫ്രിക്കയില്‍ ചൂടു കുടുതലും, വടക്കോട്ട് നീങ്ങി സ്ഥിതി ചെയ്യുന്ന ഏഷ്യയില്‍ താരതമ്യേന ചൂട് കുറവാ‍യതുമാണ് ചെവിയുടെ വലിപ്പവ്യത്യാസത്തിന് കാരണമായി കരുതപ്പെടുന്നത്.

ദേഷ്യം പ്രകടിപ്പിക്കുമ്പോഴും ഇണ ചേരുമ്പോഴും ആന ചെവികള്‍ ഉപയോഗപ്പെടുത്താറുണ്ട്. ആനയ്ക്കു മറ്റൊരാനയെ പേടിപ്പിക്കണമെന്നുണ്ടെങ്കില്‍ ചെവി വ്യാപിപ്പിച്ച് ശരീരത്തിനെ വലുതാക്കി കാണിക്കാന്‍ ശ്രമിക്കും. ഇണ ചേരുന്ന മാസങ്ങളില്‍ ആന തന്റെ കണ്ണിനു പിന്നിലുള്ള ഗ്രന്ധിയില്‍ നിന്ന് പ്രത്യേകതരം മണം പുറപ്പെടുവിക്കും. ഈ മണം ദൂരപ്രദേശങ്ങളിലേക്കെത്തിക്കാന്‍ ആന ചെവികള്‍ ഉപയോഗിക്കാറുണ്ടെന്ന് ജോയസീ പൂള്‍ എന്ന പ്രശസ്ത ആനഗവേഷകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

[തിരുത്തുക] നാവ്

നാവ് മാംസളമണ്‌. വായില്‍ നിന്നും പഉറത്തേക്ക് നീട്ടുവാന്‍ കഴിയും. ഭക്ഷണം നാവിന്റെ ഉപരിതലത്തില്‍ നിന്ന് വളച്ച് വശങ്ങളിലേക്ക് ഒതുക്കി പല്ലുകള്‍ക്കിടയിലേക്ക് കൊണ്‍റ്റു പോകുന്നു. നാവിന്റെ നിറം ഇളം ചുവപ്പ് കലര്‍ന്ന് പിങ്ക് നിറമാണ്‌. അസുഖം ഉള്ള ആനകളുടെ നാവിന്റെ നിറം വ്യത്യാസപ്പെട്റ്റിരിക്കും

[തിരുത്തുക] മറ്റു അവയവങ്ങള്‍

[തിരുത്തുക] ആമാശയം

ആമാശയത്തിന്‌ ഒരു അറയേ ഉള്ളൂ. കുടല്‍ ൧൭൦ അടിയോളം നീണ്ടതാണ്‌. പിത്ത സഞ്ചി ഇല്ല. കരള്‍ വളരെ വലുതാണ്‌

[തിരുത്തുക] ഹൃദയം

മനുഷ്യനടക്കമുള്ള മറ്റു സസ്തനികളെപ്പോലെ ആനയ്ക്കും നാലറകളുള്ള ഹൃദയമാണുള്ളത്.

[തിരുത്തുക] വൃഷണങ്ങള്‍

രണ്ട് വൃഷണങ്ങള്‍ ഉണ്ട്. വൃഷണസഞ്ചിയിലല്ലാതെ ശരീരാശയത്തിനുള്ളില്‍ വൃഷണങ്ങള്‍ കാണപ്പെടുന്ന അപൂര്‍വം സസ്തനികളിലൊന്നാണ് ആന. കരയില്‍ ജീവിക്കുന്ന സസ്തനികളില്‍ ആനക്കുപുറമേ ഈ പ്രത്യേകതയുള്ളത് ആരമഡില്ലോ, സ്ലോത്ത്, കണ്ടാമൃഗം എന്നിവക്കും മുട്ടയിടുന്ന സസ്തനികള്‍ക്കും മാത്രമാണ്. താഴ്ന്ന ശരീരോഷ്മാവാണ് ഈ സസ്തനികളുടെയെല്ലാം പ്രത്യേകത.[7]

[തിരുത്തുക] ലൈംഗികാവയവം

ആണാനയുടെ ലിംഗത്തെ കണ (Penis) എന്നും വിളിക്കുന്നു. നാലര അടിയോളം നീളവും ഏഴ് കിലോഗ്രാം തൂക്കവും ഉണ്ടാകും. പിടിയാനകളുടെ യോനി ഈറ്റം എന്നാണ്‌ പറയുന്നത്. ഇത് പിന്‍‌കാലുകള്‍ക്കിടയിലായി കാണപ്പെടുന്നു. മുലക്കാമ്പുകള്‍ മുന്‍‌കാലുകള്‍ക്കിടയിലായും കാണാം.

[തിരുത്തുക] ഭക്ഷണം

പുന്നത്തൂര്‍ കോട്ടയിലെ ആന വളര്‍ത്ത് കേന്ദ്രം, ആനക്ക് ഭക്ഷണമായി തെങ്ങ്, പന എന്നിവയുടെ ഓലകള്‍ ആണ് ഇവിടെ കൊടുക്കുന്നത്
പനയോലയും കൊമ്പില്‍ താങ്ങിയെടുത്തു വരുന്ന ആന

ആനകള്‍ സസ്യഭുക്കുകളാണ്. ദിവസത്തില്‍ പതിനാറു മണിക്കൂറോളം ആനകള്‍ ഭക്ഷണം കഴിക്കാനായി ചിലവഴിക്കും. ഇവരുടെ ഭക്ഷണത്തില്‍ അന്‍പത് ശതമാനത്തോളം പുല്ല് വര്‍ഗ്ഗമാണ്. കൂടാതെ ഇലകള്‍, മുള, ചില്ലകള്‍, വേരുകള്‍, പഴങ്ങള്‍, വിത്തുകള്‍, പൂക്കള്‍ എന്നിവയും ആന കഴിക്കും. കഴിക്കുന്നതില്‍ നാല്‍പ്പത് ശതമാണത്തോളം മാത്രമേ ദഹിക്കുകയുള്ളൂ. ദഹനപ്രക്രിയയിലുള്ള ഈ അപാകതമൂലം ആനകള്‍ക്കു ഭക്ഷണത്തിന്റെ അളവു കൂട്ടേണ്ടി വരുന്നു. ഒരു മുതിര്‍ന്ന ആന ദിവസേന ഏകദേശം 140–270 കിലോഗ്രാം ഭക്ഷണം കഴിക്കും. ഇതില്‍ അറുപത് ശതമാനം ഭക്ഷണവും ദഹിക്കാതെ പുറത്തു പോകും.

[തിരുത്തുക] സാമൂഹിക സ്വഭാവം

പ്രധാന ലേഖനം: ആനക്കൂട്ടങ്ങള്‍

വളരെ ചിട്ടയായ സാമൂഹിക ജീവിതമാണ് ആനകളുടേത്. കൊമ്പനാനകളുടേയും പിടിയാനകളുടേയും സാമൂഹിക ജീവിതം വ്യത്യസ്തമാണ്. പിടിയാനകള്‍ അവരുടെ മുഴുവന്‍ ജീവിതവും വളരെ അടുത്ത കുടുംബാംഗങ്ങളുടെ കൂടെയായിരിക്കും ചിലവഴിക്കുക. ഈ കൂട്ടത്തിനെ നയിക്കുന്നത് കൂട്ടത്തിലെ മുതിര്‍ന്ന പിടിയാനയായിരിക്കും (matriarch). എന്നാല്‍ ആണാനകള്‍ അധികവും ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുക.

പിടിയാനയുടെ സാമൂഹികചക്രം സ്വന്തം കുടുംബാംഗങ്ങളില്‍ അവസാനിക്കുന്നില്ല. മറ്റ് കൂട്ടങ്ങളിലുള്ള ആണാനകളെ നേരിടുന്നത് കൂടാതെ മറ്റ് കുടുംബക്കാരുമായും, മറ്റ് കുലങ്ങളുമായും മറ്റ് കൂട്ടങ്ങളിലെ ആനകളുമായും ഇടപെടുകയും വേണം പെണ്ണാനകള്‍ക്ക്. വളരെ അടുത്ത കുടുബാംഗങ്ങള്‍ എന്നത് അഞ്ച് മുതല്‍ പതിനഞ്ച് വരെ മുതിര്‍ന്ന ആനകളും, പിന്നെ കുറേ കുട്ടിയാനകളും ചേര്‍ന്നതാണ്. ഈ സംഘം വളരെ വലുതാകുമ്പോള്‍, കൂട്ടത്തിലെ മുതിര്‍ന്ന പെണ്ണാനകള്‍ കൂട്ടത്തില്‍ നിന്ന് പിരിഞ്ഞ് പോകുകയും വേറെ കൂട്ടമുണ്ടാക്കുകയും ചെയ്യും. എന്നാലും ആ പ്രദേശത്തുള്ള കൂട്ടങ്ങളില്‍ ഏതിലൊല്ലെ സ്വന്തക്കാരുണ്ടെന്ന് ആനകള്‍ക്ക് ബോധ്യമുണ്ടാകും. സാധാരണയായി വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആനക്കൂട്ടങ്ങള്‍ വളരെക്കുറച്ചേ ബന്ധപ്പെടാറുള്ളൂ. എന്നാല്‍ വെള്ളത്തിന്റേയും ഭക്ഷണത്തിന്റേയും ദൌര്‍ലഭ്യം മൂലം ഒരേ സ്ഥലങ്ങളിലേക്കു വരേണ്ടി വരുമ്പോള്‍ ആനക്കൂട്ടങ്ങള്‍ അടുത്തു പ്രവര്‍ത്തിക്കുന്നതും കാണാം.

ഒരു ആനക്കൂട്ടത്തില്‍ ആനക്കുട്ടിയെ സം‍രക്ഷിക്കുന്നു

കൊമ്പനാനകളുടെ ജീവിതം വളരെ വ്യത്യസ്തമാണ്. ആണാനകള്‍ വലുതാകുന്നതോടെ സ്വന്തം കൂട്ടത്തില്‍ നിന്ന് അകലാന്‍ തുടങ്ങുകയും, പിന്നെ മണിക്കൂറുകളോളമോ ദിവസങ്ങളോളമോ സ്വന്തം കൂട്ടത്തില്‍ നിന്നു മാറിനില്‍ക്കുകയും ചെയ്യും. തുടര്‍ന്നു ദിവസങ്ങള്‍ മാസങ്ങളാകുകയും, ഏകദേശം പതിനാല് വയസ്സാകുന്നതോടു കൂടി കൂട്ടത്തില്‍നിന്നു പൂര്‍ണ്ണമായും അകന്ന് സ്വന്തമായി ഭക്ഷണം തേടിപ്പിടിക്കുകയും ചെയ്യും. ഒറ്റയ്ക്കാണ് അധികവും ജീവിക്കുക എങ്കിലും ആണാനകള്‍ മറ്റ് ആണാനകളുമായി അധികം അടുത്തതല്ലാത്ത ബന്ധങ്ങളുണ്ടാക്കും. “ബ്രഹ്മചാരി കൂട്ടങ്ങള്‍” എന്നാണ് ഇവ അറിയപ്പെടുന്നത്. സ്വന്തം മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി ആണാനകള്‍, പെണ്ണാനകളേക്കാള്‍ കൂടുതല്‍ സമയം ചിലവഴിക്കും. ഇതില്‍ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുന്ന ആണാനകള്‍ക്ക് മാത്രമേ പെണ്ണാനകളുമായി ഇണ ചേരാന്‍ സാധിക്കുകയുള്ളൂ. ശക്തി കുറഞ്ഞ ആനകള്‍ക്ക് സ്വന്തം അവസരം വരാനായി കാത്തിരിക്കേണ്ടി വരും. നാല്‍പ്പതിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള ആണാനകളാണ് കൂടുതലായി ഇണ ചേരുന്നത്. വളരെ ആപല്‍ക്കരമായ ഒരു യുദ്ധമാണ് ആനകള്‍ തമ്മില്‍ നടത്തുന്നതെന്ന് തോന്നാമെങ്കിലും അവര്‍ പരസ്പരം വളരെക്കുറച്ചു മുറിവുകളേ ഏല്‍പ്പിക്കാറുള്ളൂ. ചിന്നം വിളിച്ചും സ്വന്തം ചെവി വിരിച്ച് ദേഷ്യം കാണിച്ചുമൊക്കെയാണ് അധികവും ആനകള്‍ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കാറ്. ചെറുതും, പ്രായം കുറഞ്ഞതും, ധൈര്യമില്ലാ‍ത്തതുമായ ആനകള്‍ ഇത്തരം അടയാളങ്ങള്‍ കാണുമ്പോള്‍ തന്നെ പിന്മാറും. എന്നാല്‍ ഇണ ചേരുന്ന കാലഘട്ടങ്ങളില്‍ ഉണ്ടാകുന്ന വഴക്കുകള്‍ വാശിയേറിയതാകുകയും ചിലപ്പോള്‍ ആനകള്‍ക്കു മുറിവേല്‍ക്കുകയും ചെയ്യും. മദപ്പാടുകാലം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍ ആണാനകള്‍ കാണുന്ന എല്ലാ ആണാനകളുമായും പൊരുതുകയും പെണ്ണാനകളുടെ ഇടയില്‍ ഇണയെ തേടുകയും ചെയ്യും.

[തിരുത്തുക] സ്വവര്‍ഗ്ഗരതി

ആഫ്രിക്കന്‍ ആനകളും ഏഷ്യന്‍ ആനകളും സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടാറുണ്ട്. ഈ സ്നേഹപ്രകടനം സാധാരണയായി ചുംബനം നല്‍കിയും, തുമ്പിക്കൈ കോര്‍ത്തും, തുമ്പിക്കൈ മറ്റേയാനയുടെ വായില്‍ വച്ചും ഒക്കെയാണ് ചെയ്യാറുള്ളത്. സാധാരണ ഇണ ചേരല്‍ പോലെത്തന്നെ തുമ്പിക്കൈ മറ്റേയാനയുടെ പിറകില്‍ വച്ചും കൊമ്പുകൊണ്ട് ഇണയെ തള്ളിയുമാണ് സ്വവരഗ്ഗലീലകളിലും ഏര്‍പ്പെടുന്നത്. കുറച്ചുനേരം മാത്രം ഉണ്ടാകുന്ന ഇണചേരലിനെപ്പോലെയല്ലാതെ, സ്വഗര്‍ഗ്ഗരതി‍ ആണാനകള്‍ ഒരു മുതിര്‍ന്ന ആനയും, ഒന്നോ രണ്ടോ ചെറിയ ആനകളും ചേരുന്ന ഒരു സംഘമായാണ് ചെയ്യാറ്. ആണാനകളിലും പെണ്ണാനകളിലും സ്വവര്‍ഗ്ഗരതി സാധാരണമാണ്. മനുഷ്യര്‍ വളര്‍ത്തുന്ന ഏഷ്യന്‍ ആനകളിലെ‍ ലൈംഗീകരീതികളില്‍ നാല്‍പ്പത്തിയഞ്ച് ശതമാനവും സ്വഗര്‍ഗ്ഗരതി ആണ്.[8]

[തിരുത്തുക] ആശയവിനിമയം

മനുഷ്യനു കേള്‍ക്കാന്‍ സാധിക്കാത്ത അത്ര താഴ്ന ആവൃത്തിയിലുള്ള ഇന്‍ഫ്രാസൗണ്ട് പുറപ്പെടുവിച്ചും ശ്രവിച്ചുമാണ് ആനകള്‍ ആശയവിനിമയം നടത്തുന്നത്. ആനകള്‍ പുറപ്പെടുവിക്കുന്ന ഈ ശബ്ദം വായുവിലൂടെ‍ സഞ്ചരിക്കുന്നതിനേക്കാള്‍ വേഗതയില്‍ ഭൌമോപരിതലത്തില്‍ ‍കൂടി സഞ്ചരിക്കും. ചെണ്ടയുടെ തല പോലെയുള്ള കാല്‍പ്പാദങ്ങള്‍ ഉള്ളതിനാല്‍ ഭൂമിക്കടിയിലൂടെയുള്ള ഈ ശബ്ദം കാലില്‍ക്കൂടിയും തുമ്പിക്കൈയ്യില്‍ കൂടിയും ശ്രവിക്കാന്‍ ആനക്കു കഴിയും. നന്നായി കേള്‍ക്കാനായി ആനക്കൂട്ടം മുഴുവനും മുന്‍‌കാലുകളില്‍ ഒന്ന് പൊക്കി ശബ്ദത്തിന്റെ ദിശയിലേക്ക് നോക്കി നില്‍ക്കും, അല്ലെങ്കില്‍ തുമ്പിക്കൈ നിലം തൊടീച്ച് നില്‍ക്കും. ഒരു കാല്‍ ഉയര്‍ത്തുമ്പോള്‍ മറ്റ് കാലുകള്‍ കൂടുതല്‍ ഭാരം വരികയും, നിലത്ത് കൂടുതല്‍ ദൃഢമായി അമരുകയും ചെയ്യുമെന്നതിനാലാണ്‍ ഇപ്രകാരം ചെയ്യുന്നത്. ഇതര സ്രോതസ്സുകളില്‍ നിന്നുള്ള ഇന്‍ഫ്രാസൗണ്ട് സ്വീകരിച്ച് വഴികണ്ട് പിടിക്കാനും ആന ഈ കഴിവ് ഉപയോഗിക്കുന്നു. എലിഫന്റ് ലിസണിങ്ങ് പ്രോജക്റ്റ് (Elephant Listening Project) എന്ന പദ്ധതിയിലെ കാത്തി പെയ്ന്‍ ആനകളുടെ ഇന്‍ഫ്രാസൗണ്ട് ആശയവിനിമയത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട് [9]. തന്റെ സൈലന്റ് തണ്ടര്‍ എന്ന പുസ്തകത്തില്‍ ആനകളുടെ ആശയവിനിമയത്തെപ്പറ്റി കാത്തി വിവരിച്ചിട്ടുണ്ട്. ഈ പഠനങ്ങള്‍ ഇന്നും ശൈശവാവസ്ഥയില്‍ തന്നെയാണെങ്കിലും പല സംശയങ്ങളും ദുരീകരിക്കാന്‍ സഹായിച്ചിട്ടുണ്ട്. എങ്ങിനെ ദൂരെയുള്ള ഇണകളെ ആന കണ്ടെത്തുന്നുവെന്നും വലിയൊരു സ്ഥലത്ത് ജീവിക്കുന്ന കൂട്ടങ്ങളെ ആനകള്‍‍ എങ്ങിനെ പരിപാലിപ്പിക്കുന്നുണ്ടെന്നും പ്രസ്തുത പഠനങ്ങളിലൂടെയാണ്‍ തെളിയിക്കപ്പെട്ടത്.

[തിരുത്തുക] പ്രത്യുത്പാദനം, ആനക്കുട്ടികള്‍, ആനക്കുട്ടി പരിപാലനം

[തിരുത്തുക] പ്രത്യുത്പാദനം

പിടിയാനകള്‍ (പെണ്ണാനകള്‍) ഒന്‍പതു വയസിനും പന്ത്രണ്ടു വയസ്സിനുമിടയില്‍ പൂര്‍ണലൈംഗീകവളര്‍ച്ച പ്രാപിക്കുന്നു. സാധാരണയായി പതിമൂന്നാം വയസ്സില്‍ ആദ്യത്തെ ഗര്‍ഭം ധരിക്കന്ന ആനയ്ക്ക് അന്‍പത്തിഅഞ്ച് മുതല്‍ അറുപത് വയസ്സ് വരെ പ്രസവിക്കാനുള്ള ശേഷിയുണ്ടാകും. ഓരോ അഞ്ചു വര്‍ഷത്തിലും പിടിയാനകള്‍ ഗര്‍ഭം ധരിക്കാറുണ്ട്. സസ്തനികളില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭകാലം ആനയുടേതാണ് (630-660 ദിനങ്ങള്‍). ഒരു പ്രസവത്തില്‍ ഒരാനക്കുട്ടിയാണ് സാധാരണ ഉണ്ടാകാറുള്ളത്. ഇരട്ടക്കുട്ടികള്‍ വളരെ അപൂര്‍വമാണ്. പ്രസവം അഞ്ച് മിനുട്ട് മുതല്‍ അറുപത് മണിക്കൂര്‍ വരെ നീണ്ടേക്കാം. ശരാശരി സമയം പതിനൊന്ന് മണിക്കൂറാണ്. ജനിക്കുമ്പോള്‍ ആനക്കുട്ടികള്‍ക്ക് 90–115 കിലോഗ്രാം ഭാരമുണ്ടാകും. കുട്ടിയാ‍നകള്‍ക്ക് ഓരോ ദിവസവും ഓരോ കിലോ (2–2.5 പൗണ്ട്)ഭാരം വര്‍ദ്ധിക്കും. വനങ്ങളില്‍ ജനിക്കുന്ന ആനക്കുട്ടികളെ സംരക്ഷിക്കാന്‍ കൂട്ടത്തിലെ മുതിര്‍ന്ന പിടിയാനകളും കൂടും. കുട്ടിയാനകളെ ജനനം മുതല്‍ വളര്‍ത്തുന്നത് കുടുംബത്തിലെ മുഴുവന്‍ പിടിയാനകളും ചേര്‍ന്നാണ്.

[തിരുത്തുക] മാതൃത്വവും ശിശുപരിപാലനവും

  • ജനിച്ചയുടനെ കുട്ടിയാന ഉണ്ടാക്കുന്ന ആദ്യ ശബ്ദം തുമ്മല്‍ അഥവാ മൂക്ക് ചീറ്റല്‍ എന്ന തരത്തിലുള്ളതാണ്, ഇത് ആനയുടെ തുമ്പിക്കൈയിലുള്ള ദ്രാവകങ്ങള്‍ കളയുവാനാണ്. (നാട്ടാനകളില്‍ ജനിക്കുന്ന കുട്ടികള്‍ ജനിച്ചയുടനെയുള്ള, അതിനെ പരിപാലിക്കുന്നവര്‍ ഒന്ന് രണ്ട് മിനുറ്റുകളില്‍ തന്നെ ഇങ്ങനെ ഏതെങ്കിലും ശബ്ദം ഉണ്ടാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം ഉണ്ടാക്കുന്ന ശബ്ദം എങ്ങിനെ ഉള്ളതായാലും, അതിനോട് അതിന്റെ അമ്മയാന വളരെ ഉത്സാഹത്തോടും അദ്ഭുതത്തോടും കൂടി പ്രതികരിക്കും.)
  • ജനിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ കുട്ടിയാന അമ്മയാനയുടെ സഹായത്തോട് കൂടി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാകും. ഒരു താങ്ങിനായി കുട്ടിയാന അമ്മയോട് ചേര്‍ന്ന് തന്നെ നില്‍ക്കും.
  • ഒരു മണിക്കൂറിനുള്ളില്‍ തന്നെ കുട്ടിയാന പരസഹായമില്ലാതെ നില്‍ക്കാന്‍ പ്രാപ്തനാകും. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അമ്മയുടെ പിറകേ, പതുക്കെ സഞ്ചരിക്കുന്ന ആനക്കൂട്ടത്തില്‍ ചേര്‍ന്ന് നടക്കാനാകും.
  • മറ്റ് സസ്തനികളില്‍ നിന്ന് വിഭിന്നമായി, ആനകള്‍ക്ക് ഒരു ജോഡി സ്തനങ്ങള്‍ ആണുണ്ടാകുക. മുന്‍‌കാലുകളുടെ ഇടയിലാണ് ഇവയുടെ സ്ഥാ‍നം. ജനിച്ചയുടനെ ആനക്കുട്ടിക്ക് മൂന്നടിയോളം(തൊണ്ണൂറ് സെന്റീമീറ്റര്‍) ഉയരം ഉണ്ടാകും. അമ്മയുടെ മുലക്കണ്ണുകളില്‍ എത്താന്‍ ഈ ഉയരം മതിയാകും.
  • കുട്ടിയാന വായ കൊണ്ടാണ് മുല കുടിക്കുക, തുമ്പിക്കൈ കൊണ്ടല്ല, തുമ്പിക്കൈയിലെ മസ്സിലുകള്‍ ഉറയ്ക്കാത്തതിനാലാണ് ഇത്. മുലകുടിക്കുമ്പോള്‍, കുടിക്കാന്‍ എളുപ്പത്തിനായി സ്വന്തം തുമ്പിക്കൈ നെറ്റിയില്‍ വച്ച് വായുടെ മുന്നിലെ പ്രതിബന്ധം ഒഴിവാക്കും.
  • കുട്ടിയാനകള്‍ കുറച്ച് മിനുറ്റുകള്‍ മാത്രമേ തുടര്‍ച്ചയായി മുലകുടിക്കുകയുള്ളൂ. എന്നാല്‍ ഇങ്ങനെ ദിവസത്തില്‍ പല തവണ കുട്ടിയാന മുലകുടിക്കും. ഒരു ദിവസം പതിനൊന്ന് ലിറ്റര്‍ (3 ഗാലന്‍) പാല്‍ വരെ കുടിക്കും.
  • രണ്ടു വര്‍ഷത്തേക്കോ അതിനും മുകളിലേക്കോ ഈ മുലകുടി തുടരും. അമ്മ ആന മുലയൂട്ടല്‍ നിര്‍ത്തുക പാലിന്റെ അളവ് കുറയുമ്പോഴോ കൂട്ടത്തില്‍ മറ്റ് കുട്ടിയാനകള്‍ വരുമ്പോഴോ ആയിരിക്കും.
  • കുട്ടിയാനകള്‍ മുതിര്‍ന്നവരെ കണ്ടു പഠിക്കുകയാണു ചെയ്യുക. ജന്മവാസന ആനകള്‍ക്ക് കുറവായിരിക്കും. ഉദാഹരണത്തിന്, സ്വന്തം തുമ്പിക്കൈ ആന ഉപയോഗിക്കാന്‍ പഠിക്കുന്നത് മുതിര്‍ന്ന ആനകള്‍ ഉപയോഗിക്കുന്നത് കണ്ടിട്ടാണ്.
  • തുമ്പിക്കൈ വരുതിയിലാക്കുന്ന വിദ്യ പഠിക്കാന്‍ ആനകള്‍ മാസങ്ങള്‍ എടുക്കും. ആന തലകുലുക്കുമ്പോള്‍ തുമ്പൈക്കൈ അനങ്ങുന്നത് ശ്രദ്ധിച്ചാല്‍ ആന തുമ്പികൈ ഉപയോഗിക്കാന്‍ പഠിച്ചോ എന്ന് മനസ്സിലാക്കാം. തുമ്പിക്കൈയിലെ മസ്സിലുകള്‍ ഉറച്ചില്ലെങ്കില്‍ ആന തലയാട്ടുമ്പോള്‍, തുമ്പൈക്കൈ തൂക്കിയിട്ട വസ്ത്രം കാറ്റത്താടുന്നത് പോലെ ആടും.

[തിരുത്തുക] കുട്ടിയാനകള്‍

കുട്ടികളെ മുലയൂട്ടുന്നതും വളര്‍ത്തുന്നതുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു ആനകളുടെ സാമൂഹികജീവിതം. പതിമൂന്ന് വയസ്സാകുന്നതോട് കൂടി പിടിയാനകള്‍ ശാരീരികമായി ബന്ധപ്പെടാന്‍ തയ്യാറാവുകയും, ആകര്‍ഷണീയമായ ഒരു കൊമ്പനാനയെ തിരയുകയും ചെയ്യും. പിടിയാനകള്‍ ആരോഗ്യം കൂടിയതും, വലിപ്പം കൂടിയതും, അതിലുമുപരി പ്രായം കൂടിയതുമായ കൊമ്പനാനകളുമായാണ് ഇണചേരാന്‍ ഇഷ്ടപ്പെടുക. ഇത് സ്വന്തം കുട്ടി, കൂടുതല്‍ കാലം ജീവിക്കാനുള്ള സാധ്യത‍ കൂട്ടുമെന്ന് ആനകള്‍ കരുതുന്നു.

ഇരുപത്തി രണ്ട് മാസത്തെ ഗര്‍ഭകാലത്തിനു ശേഷം, പിടിയാന ഇരുന്നൂറ്റി അന്‍പത് പൗണ്ട് ഭാരവും രണ്ടര അടി ഉയരവും ഉള്ള ആനക്കുട്ടിയെ പ്രസവിക്കും. ആനകളുടെ കുട്ടിക്കാലം വളരെ കൂടുതലാണ്. ഈ കുട്ടിക്കാലം കഴിഞ്ഞും ജീവിക്കാനുള്ള സാധ്യത ആനകള്‍ക്ക് മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് കുറവാണ്. അതിനാല്‍, അവര്‍ക്ക് അവര്‍ പഠിക്കേണ്ട കാര്യങ്ങള്‍ പഠിക്കാന്‍ മുതിര്‍ന്നവരെ ആശ്രയിച്ചേ മതിയാകൂ. മുതിര്‍ന്നവരുടെ അറിവും വിവരവും കൈമാറി കിട്ടുന്നത് ആനയുടെ അതിജീവനത്തിന് സഹായകരമാകുന്നു. ഇന്ന് മനുഷ്യര്‍ വനം കയ്യേറ്റവും, ആനകളുടെ ആവാസവ്യവസ്ഥതകള്‍ ഇല്ലായ്മ ചെയ്യുന്നതും കാരണം ആനകള്‍ ചെറുപ്പത്തിലേ കൊല്ലപ്പെടുന്നതിനാല്‍ കുട്ടിയാനകള്‍ക്ക് ലഭിക്കേണ്ട മേല്‍പ്പറഞ്ഞ പഠനം കിട്ടാതാവുന്ന ഒരു സ്ഥിതിവിശേഷമാണുള്ളത്.

കുട്ടിയാനകളെ പരിപാലിക്കാന്‍ ആനക്കുടുംബത്തിലെ എല്ലാ പിടിയാനകളും ഒത്ത് ചേരും. ആനക്കൂട്ടത്തിലെ എല്ലാ ആനകളും ബന്ധുക്കളായതിനാല്‍ ആനയെ പരിപാലിക്കാന്‍ ആയകളുടെ ഒരു കുറവും ഉണ്ടാകാറില്ല. പൊതുവേ പറഞ്ഞാല്‍, പുതുതായി വന്ന അംഗം ഈ കൂട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കും. ജനിച്ചയുടെനെ മുതിര്‍ന്ന ആനകള്‍ കുട്ടിയാനയുടെ ചുറ്റുംകൂടി അതിനെ തങ്ങളുടെ തുമ്പിക്കൈ കൊണ്ട് തൊട്ടും തലോടിയും സ്നേഹമറിയിക്കും. ജനിച്ചയുടെനേയുള്ള കുട്ടിയാനകള്‍ക്ക് കണ്ണ് കാണില്ലെന്നതിനാല്‍ തുമ്പിക്കൈ കൊണ്ട് തൊട്ടാണ് തനിക്ക് ചുറ്റുമുള്ള ലോകം ഈ ആന മനസ്സിലാക്കുക.

[തിരുത്തുക] വളര്‍ത്തമ്മമാര്‍

ആനയുടെ മദഗ്രന്ഥി

കുട്ടി ജനിച്ച് കുറേക്കാലത്തിന് ശേഷം അമ്മയ്ക്ക് കുട്ടിയെ പരിപാലിക്കാനുള്ള താത്പര്യം കുറഞ്ഞ് വരികയും, കുട്ടികളെ മുഴുവന്‍ സമയം പരിപാലിക്കാനായി കൂട്ടത്തിലെ മറ്റ്ചില ആനകളെ ചുമതലപ്പെടുത്തുകയും ചെയ്യും. സിന്തിയ മോസ് എന്ന പ്രശസ്തയായ ഗവേഷക പറയുന്നത് ഈ വളര്‍ത്തമ്മമാര്‍ ആനക്കുട്ടിപരിപാലനത്തിന്റെ എല്ലാ വശങ്ങളിലും സഹായിക്കും എന്നാണ്.[അവലംബം ആവശ്യമാണ്]ആനക്കൂട്ടം സഞ്ചരിക്കുമ്പോള്‍‍, ഇവര്‍ ഈ കുട്ടിയാനയുടെ കൂടെ നടന്ന്, ഈ ആനകള്‍ എവിടെയെങ്കിലും കുടുങ്ങിയാലോ ചളിയില്‍ പൂണ്ട് പോയാലോ അവയെ സഹായിക്കും. എത്ര വളര്‍ത്തമ്മമാര്‍ ഈ കുട്ടിക്ക് ഉണ്ടാകുന്നുവോ അത്രകണ്ട് അധികസമയം അമ്മയ്ക്ക് ഭക്ഷണം തേടാന്‍ കൂടുതലായി കിട്ടും. കുട്ടിക്ക് പാല്‍ കൊടുക്കുവാനായി ആനകള്‍ ഭക്ഷണം കൂടുതലായി കഴിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ എത്ര കൂടുതല്‍ വളര്‍ത്തമ്മമാരുണ്ടോ അത്ര കൂടുതലായിരിക്കും ഈ കുട്ടിയാന ജീവിക്കാനുള്ള സാധ്യതകള്‍.

[തിരുത്തുക] മദപ്പാട്

സ്റ്റീവ് ഹിറാനോ ടൈക്ക് എന്ന ആന ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനെ വേലിക്ക് പിന്നില്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിക്കുന്നു.

മുതിര്‍ന്ന കൊമ്പനാനകള്‍ കൊല്ലത്തിലൊരിക്കലായി മദപ്പാട് എന്ന ഒരു അവസ്ഥയിലെത്തുന്നു. വളരെ ഉത്തേജിതമായ അല്ലെങ്കില്‍ ദേഷ്യം പിടിച്ച മട്ടിലുള്ള പെരുമാറ്റവും തലയുടെ വശത്തുള്ള ഗ്രന്ധിയില്‍ നിന്ന് വരുന്ന കട്ടിയുള്ള ടാര്‍ പോലെയുള്ള ഒരു ദ്രാവകത്തിന്റെ ഒഴുക്കുമാണ് മദപ്പാടിന്റെ ലക്ഷണങ്ങള്‍. ലൈംഗികമായ ഉത്തേജനവും തന്റെ മേല്‍ക്കോയ്മ തെളിയിക്കാനുമുള്ള ശ്രമവും ആണ് ഈ മദപ്പാട് ഉണ്ടാകാനുള്ള കാരണം. [അവലംബം ആവശ്യമാണ്]മദമിളകിയ ആന, നാട്ടാനയായാലും കാട്ടാനയായാലും മനുഷ്യര്‍ക്ക് വളരെ അപകടകാരിയാണ്. ഇന്ത്യയില്‍ മദപ്പാടുള്ള സമയത്ത് നാട്ടാനകളെ ഭക്ഷണവും വെള്ളവും നല്‍കാതെ ദിവസങ്ങളോളം കെട്ടിയിടും. കുറേ കഴിയുമ്പോള്‍ മദപ്പാട് നില്‍ക്കും.

മദപ്പാട് സമയത്ത് ആനകളില്‍ പ്രത്യുത്പാദന ഹോര്‍മോണുകള്‍ വളരെയധികം ഉണ്ടാകുന്നു. ടെസ്റ്റ്രോസ്റ്റെറോണ്‍ നില എന്നറിയപ്പെടുന്ന ഈ സമയത്ത് സാധാരണ ആനകള്‍ക്കുണ്ടാകുന്നതിനേക്കാളും അറുപത് ഇരട്ടി ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. എങ്കിലും ഈ ഹോര്‍മോണുകള്‍ കൂടുന്നതാണോ മദപ്പാടുണ്ടാക്കുന്ന ഒരേയൊരു കാരണം എന്നത് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഇത് പഠിക്കാനുള്ള ശ്രമങ്ങള്‍ ഈ സമയത്ത് ആനകള്‍ വളരെ അപകടകാരികളാണെന്നതും മനുഷ്യരെ കൊന്നൊടുക്കാന്‍ സാധ്യത വളരെക്കൂടുതല്‍ ആണെന്നതും കാരണം ഫലവത്താവാറില്ല. അതുപോലെ മദഗ്രന്ധിപൊട്ടിയൊലിക്കുന്ന ദ്രാവകത്തില്‍ എന്താണുള്ളതെന്നും ഇതു വരെ കണ്ട് പിടിക്കപ്പെട്ടിട്ടില്ല, അതിനെപ്പറ്റി പഠിക്കാന്‍ അത് ശേഖരിക്കുക എളുപ്പമല്ല.

ചിറക്കടവ് ദേവസ്വത്തിന്റെ നീലകണ്ഠന്‍ എന്ന ആന മദപ്പാടില്‍ നില്‍ക്കെ ചങ്ങല വലിച്ചുപൊട്ടിക്കാന്‍ ശ്രമിക്കുന്നു.

പിടിയാനകളുടെ ആര്‍ത്തവചക്രം സ്ഥിരമായി ഒരു സമയത്ത് വരണമെന്നില്ല എന്നതിനാല്‍ മദം ലൈംഗികത്വര മൂലം ഉണ്ടാകുന്നതാണെന്നും വിശ്വസിക്കുക വയ്യ. കൂടാതെ മദമിളകിയ കൊമ്പനാനകള്‍ പിടിയാനകള്‍ക്ക് ഇണചേരാനുള്ള സമയമാണോ അല്ലയോ എന്ന് നോക്കാതെ തന്നെ അവരെ ആക്രമിക്കാറുണ്ട്.

ഇംഗ്ലീഷില്‍ മദപ്പാടിന് ‘മസ്ത്’ എന്നാണ് പറയുക. ഉറുദുവിലെ ‘മസ്റ്റ്’ എന്ന വാക്കില്‍ നിന്ന് (‘മത്ത് പിടിച്ച’എന്നര്‍ത്ഥമുള്ള ഒരു പേര്‍ഷ്യന്‍ വാക്കില്‍ നിന്ന്) ഹിന്ദിയില്‍ എത്തിയ മസ്ത് എന്ന് വാക്കാണിതിന്റെ ഉത്ഭവം. [10]

ചാനല്‍ 5 എന്ന ബ്രിട്ടീഷ് ടെലിവിഷന്‍ പരിപാടി "The Dark Side of Elephants" (മാര്‍ച്ച് 20, 2006) ഇങ്ങനെ പറയുകയുണ്ടായി.

  • മദഗ്രന്ധികള്‍ നീരു വച്ച് വീര്‍ക്കുന്നത് കാരണം ആ ഗ്രന്ധി ആനയുടെ കണ്ണുകളില്‍ സമ്മര്‍ദം ഉണ്ടാക്കുകയും അത് ആനയ്ക്ക് കഠിനമായ പല്ലുവേദന പോലത്തെ വല്ലാത്ത വേദന ഉണ്ടാക്കുകയും ചെയ്യും. ഈ വേദന കാരണം ആനകള്‍ തങ്ങളുടെ കൊമ്പുകള്‍ മണ്ണില്‍ കുത്തിയിറക്കാന്‍ ശ്രമിക്കും.
  • മദം പൊട്ടിയൊലിക്കുന്ന നീരില്‍ കെറ്റോണും ആല്‍ഡെഹൈഡും ആണ് മുഖ്യമായും ഉണ്ടാകുക. ഇതിന് വളരെ മോശമായ കയ്പ്പ് രുചിയാണുള്ളത്.

[തിരുത്തുക] ഒറ്റയാന്‍

പ്രധാന ലേഖനം: ഒറ്റയാന്‍

കൂട്ടം കൂടി നടക്കാതെ ഒറ്റയ്ക്ക് നടന്ന്, അക്രമവാസന കാണിക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്യുന്ന കാട്ടാനയെയാണ് ഒറ്റയാന്‍ എന്ന് വിളിക്കുന്നത്. ഇംഗ്ലീഷില്‍ ഈ ആനയെ Rogue elephant എന്ന് വിളിക്കും. ഹൊറ അളിയ എന്ന സിംഹള വാക്കിന്റെ പദാനുപദ തര്‍ജ്ജമയാണ് ഈ ഇംഗ്ലീഷ് വാക്ക്.

[തിരുത്തുക] ആനപിടുത്തവും പരിപാലനവും

കാട്ടാനകളെ പിടിക്കുന്നതും പരിശീലിപ്പിച്ച് പരിപാലിക്കുന്നതുമാണ്‌ ആനപിടുത്തം കൊണ്ടുദ്ദേശിക്കുന്നത്. കാട്ടില്‍ ഒറ്റക്കോ കൂട്ടാമായോ അലയുന്ന ആനകളെ മനുഷ്യന്‍ അവന്റെ ആവശ്യങ്ങള്‍ക്കായി പിടിക്കാറുണ്ട്. വനത്തിലെ എതെങ്കിലും ഒരു സ്ഥലത്ത് ഒരു വലിയ കുഴി കുഴിക്കുന്നു. വാരിക്കുഴി എന്നാണ്‌ ഇതറിയപ്പെടുന്നത്. പിന്നീട് ഇലകളും, കമ്പുകളും മറ്റും ഉപയോഗിച്ച് ഈ കുഴിയുടെ ഉപരിതലം മാത്രം മൂടും. ആനകള്‍ സഞ്ചരിക്കുന്ന സ്ഥലത്തായിരിക്കും ഇത്തരം കുഴികള്‍ കുഴിക്കുക. ആനകള്‍ വരുമ്പോള്‍ അത് ഈ കുഴിയില്‍ വീഴുന്നു. ആനയെ പിന്നീട് മനുഷ്യന്‍ മറ്റൊരു നാട്ടാനയുടെയോ മറ്റോ സഹായത്താല്‍ കുഴിയില്‍ നിന്നും കരയിലേക്ക് കയറ്റുന്നു. ഇത്തരത്തില്‍ സഹായിക്കാന്‍ ഉപയോഗിക്കുന്ന നാട്ടാനയെ താപ്പാന എന്നു വിളിക്കും. പിന്നീട് പിടിക്കപ്പെട്ട ആനയെ മരക്കൂടുകള്‍ക്കുള്ളില്‍ തളക്കുന്നു. ഏതാനും ദിവസങ്ങള്‍ ഇങ്ങനെ ഇടും. അതിനു ശേഷം അതിനെ മെരുക്കിയെടുക്കുന്നു.

[തിരുത്തുക] ആനയെ ഇണക്കല്‍

ആനയെ മെരുക്കിയെടുക്കല്‍ മാസങ്ങള്‍ നീണ്ട പ്രവൃത്തിയാണ്‌. കേരളത്തില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി ആനപിടുത്തത്തിനും ആനമെരുക്കലിനും പ്രസിദ്ധമാണ്‌.

സിന്ധു നദിതട സംസ്കാര കാലഘട്ടത്തില്‍ കാണപ്പെട്ട മുദ്രകള്‍ കാണിക്കുന്നത് പുരാതന ഭാരതത്തിലാണ് ആനകളെ ആ‍ദ്യം മെരുക്കി വളര്‍ത്ത് മൃഗമാക്കിയതെന്നാണ്. [11] മദപ്പാട് കാലത്ത് ആനകളെ നിയന്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല അപകടകരവുമാണ്. അതിനാല്‍ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ആനകള്‍ അധികവും പിടിയാനകളായിരുന്നു. പക്ഷെ പിടിയാനകള്‍ കൊമ്പനാനകളെക്കണ്ടാല്‍ തിരിഞ്ഞോടുമെന്നതിനാല്‍ യുദ്ധങ്ങളില്‍ കൊമ്പനാനകളെയാണ് ഉപയോഗിക്കാറുണ്ടായിരുന്നത്. കാട്ടാനകളെ കാട്ടില്‍ നിന്ന് പിടിച്ച് മെരുക്കിയെടുക്കുന്നതാണ് നാട്ടാനയ്ക്കുണ്ടാകുന്ന കുട്ടിയെ വളര്‍ത്തിയെടുക്കുന്നതിലും ലാഭകരം. (ഇതും കാണുക elephant "crushing").

വേനല്‍ക്കാലത്ത് ആനകളുടെ ശരീരത്തിന്റെ താപനില ഉയരാതെ നോക്കേണ്ടതുണ്ട്. ഒരു കാക്കക്കുളിക്കുള്ള ശ്രമത്തിലാണ്‌ഐഇ ആന

ആഫ്രിക്കന്‍ ആനകളെ മെരുക്കാന്‍ പറ്റില്ലെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. പക്ഷെ ചിലര്‍ ഏഷ്യന്‍ ആനകളുടെ പാപ്പാന്മാരെ ശ്രീലങ്കയില്‍ നിന്ന് ആഫ്രിക്കയിലേക്ക് കൊണ്ടുപോയി മെരുക്കാന്‍ ശ്രമിച്ച് വിജയിച്ചിരുന്നു. ബോട്ട്സ്വാനയില്‍ ഉട്ടും കൊറിയ ആഫ്രിക്കന്‍ ആനകളേയും ഗാബോറോണിന് അടുത്തുള്ള മെരുക്കിയെടുത്ത പല കുട്ടിയാനകളേയും നോക്കുന്ന ജോലി ചെയ്യുന്നു. ഏഷ്യന്‍ ആനകളേക്കാള്‍ ശുണ്ഠി കൂടുതലാണ് ആഫ്രിക്കന്‍ ആനകള്‍ക്ക്, എന്നാല്‍ അനുസരിപ്പിക്കാന്‍ കൂടുതല്‍ എളുപ്പം ആഫ്രിക്കന്മാരെയാണ്. പെട്ടെന്ന് ശുണ്ഠിപിടിക്കുന്ന പ്രകൃതമായതിനാല്‍ ആഫ്രിക്കന്‍ ആനകളെ മെരുക്കുന്ന് രീതി ഏഷ്യന്‍ ആനകളെ മെരുക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമാണ്. മാത്രവുമല്ല ഇവയെ ചെറുപ്പം മുതല്‍ പരിശീലിപ്പിക്കേണ്ടതുണ്ട് എന്നതിനാല്‍ കൊറീയ അനാഥരായ കുട്ടിയാനകളെയാണ് പരിശീലിപ്പിച്ചത്. ആഫ്രിക്കന്‍ ആനകളെ ഇപ്പോള്‍ സഫാരികള്‍ക്ക് ഉപയോഗിക്കാറുണ്ട്. ഇത് കൂടാതെ, കൊറീയയുടെ ആനകളെ‍ വിനോദസഞ്ചാരികളെ രസിപ്പിക്കാനും തടിപിടിക്കാനും ഉപയോഗിച്ചുവരുന്നു.

ആനകള്‍ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദര്‍ശിപ്പിച്ചുവരുന്നു. മൃഗശാലകളില്‍ പ്രദര്‍ശിപ്പിക്കുന്നത് വിവാദമായിട്ടുമുണ്ട്. മൃഗസംരക്ഷണപ്രവര്‍ത്തകര്‍ പറയുന്നത് മൃഗശാ‍ലകളിലെ ആനകള്‍ "ശാരീരികമായ പീഢനങ്ങളും, സാമൂഹികജീവിതത്തിന്റെ നഷ്ടപ്പെടലും, വികാരപരമായ നഷ്ടപ്പെടലും, പ്രായം തികയാതെയുള്ള മരണങ്ങളും സഹിക്കേണ്ടി വരുന്നു" എന്നാണ്. [5] എന്നാല്‍ മൃഗശാല അധികൃതര്‍ എതിര്‍വാദം ഉന്നയിക്കുന്നത് ആ‍നകലെ പരിപാലിക്കുന്നതിന്റെ എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ആനകളുടെ ചുരുങ്ങിയ ആവശ്യങ്ങളായ ചുരുങ്ങിയ സ്ഥലപരിമിതി, കൂട്ടിന്റെ രുപകല്‍പ്പന, പോഷകാഹാരം, പ്രജനനം, വൈദ്യസഹായം എന്നിവയെല്ലാം ഉറപ്പ് വരുത്തുണ്ടെന്നുമാണ്.

ഗുരുവായൂരിനടുത്തുള്ള പുന്നത്തൂര്‍ ആനക്കോട്ടയില്‍ നിന്ന് ഒരു ദൃശ്യം

ആനകളെമെരുക്കാന്‍ ഭാരതത്തില്‍ ഉപയോഗിക്കുന്ന മറ്റൊരു വിദ്യ ശാരീരികമോ ക്രൂരമോ അല്ലാതെയുള്ള മാനസികമായ ഒന്നാണ്. കീഴക്കൊടുത്തിരിക്കുന്നത് ഒരു വാര്‍ത്താപത്രികയില്‍ നിന്നെടുത്തതാണ്: ആന ചെറുതായിരിക്കുമ്പോള്‍ മുതല്‍ ആനയെ ചില സമയങ്ങളില്‍ വടം വച്ച് മരത്തിനോട് ചേര്‍ത്ത് കെട്ടും. കുട്ടിയാന രക്ഷപ്പെടാന്‍ പരമാവധി ശ്രമിക്കും, പക്ഷെ ഈ വടം മുറുകുക മാത്രം ചെയ്യും. അവസാനം ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റില്ല എന്ന് മനസ്സിലാക്കി ഈ ആന ഇതിനായുള്ള ശ്രമം നിര്‍ത്തും. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആന വലുതാകുകയും നേരത്തേയുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം ഭാരവും ശക്തിയും വയ്ക്കുകയും ചെയ്യും. എന്നാലും ആനപരിശീലകന്‍ ആനയെ ഈ വടം കൊണ്ട് തന്നെ ബന്ധിപ്പിക്കുന്നത് തുടരും. ഈ വടം പൊട്ടിക്കാനാവില്ല എന്ന ധാരണ മനസ്സിലുള്ള ആന ഒരിക്കലും അതിന് ശ്രമിക്കില്ല. ഇങ്ങനെ ഈ ആന ജീവിതകാലം മുഴുവന്‍ അടിമയാക്കപ്പെടുന്നു. ഈ ചിന്ത മനസ്സില്‍ നിന്ന് കളഞ്ഞാല്‍മാത്രമേ ആനയ്ക്ക് ഈ കെണിയില്‍ നിന്ന്‍ രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ.

[തിരുത്തുക] പരിസ്ഥിതിക്കുള്ള ഉപകാരങ്ങള്‍

നെറ്റിപ്പട്ടം കെട്ടിയ ആ‍ന

ആനകളുടെ ഇരതേടല്‍ ഇപ്രകാരങ്ങളില്‍ പ്രകൃതിക്ക് സഹായകരമാണ്:-

  • ഇലകള്‍ കഴിക്കാന്‍ മരങ്ങള്‍ പിഴുതിടുകയും, ചില്ലകള്‍ ഒടിച്ചിടുകയും, വേരുകള്‍ പറിച്ചെടുക്കുകയും വഴി പുതിയ ചെടികള്‍ വളരാന്‍ ആനകള്‍ സൗകര്യമൊരുക്കുന്നു. ഇത് ആനകള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഭാവിയില്‍ സഹായകരമാകും.
  • ആനകള്‍ മറ്റ് ജീവികള്‍ക്ക് കടന്ന് ചെല്ലാനാ‍കാത്ത ഇടങ്ങളിലേക്ക് വരെ കടന്ന് ചെന്ന്‍ അങ്ങോട്ടേക്ക് വഴി ഉണ്ടാക്കുന്നു. പല തലമുറകള്‍ ഈ വഴിയേ സഞ്ചരിക്കുമ്പോല്‍ ഇത് എല്ലാവര്‍ക്കും ഉപയോഗപ്രദമായ ഒരു പാത ആയി മാറുന്നു. ഇപ്രകാരം ഉള്ള പല പാതകളും മനുഷ്യര്‍ പിന്നീട് റോഡുകളാക്കി മാറ്റിയിട്ടുണ്ട്.
  • വരള്‍ച്ചക്കാലത്ത് ആന മണ്ണില്‍ കുഴിച്ച് വെള്ളമെടുക്കും. ഇത് ഒരു പക്ഷെ ആ മേഖലയിലെ ആകെയുള്ള വെള്ളസ്രോതസ്സായി മാറാന്‍ സാധ്യതയുണ്ട്.
  • ആനകളെ മറ്റ് പല ജീവികളും ആശ്രയിക്കാറുണ്ട്. ഉദാഹരണത്തിന്, ചിതലുകള്‍ ആനപ്പിണ്ടം ഭക്ഷിക്കുകയും, ആനപ്പിണ്ടങ്ങളുടെ ചുറ്റും ചിതല്‍പ്പുറ്റ് ഉണ്ടാക്കുകയും ചെയ്യും.

[തിരുത്തുക] വംശനാശഭീഷണി

കേരളത്തില്‍ ആനകളെ ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിനും മറ്റും ധാരാളമായി ഉപയോഗിച്ചു വരുന്നു

ഇന്നു ലോകം മുഴുവന്‍ ആന ഒരു സംരക്ഷിതമൃഗമാണ്. ആനകളെ പിടിക്കുന്നതിനും, വളര്‍ത്തുന്നതിനും, ആനക്കൊമ്പ് പോലെയുള്ള വസ്തുക്കള്‍ വ്യാപാരം ചെയ്യുന്നതിനും വിലക്കുകള്‍ നിലവിലുണ്ട്. മനുഷ്യര്‍ വന്‍‌തോതില്‍ കൊന്നൊടുക്കുന്നത് കാരണം ആനകള്‍ ഇന്നു വംശനാശ ഭീഷണിയിലാണ്. വംശനാശഭീഷണി കാരണം ആനകളെ ഭാവിയിലെ ദിനോസറുകള്‍ എന്ന് വിളിക്കാറുണ്ട്. മുപ്പതുലക്ഷം ആഫ്രിക്കന്‍ ആനകള്‍ 1970-ല്‍ ഉണ്ടായിരുന്നത്, 1989-ല്‍ ആറ്‌ ലക്ഷമായും പിന്നീട് 2,00,072 ആയി 2000-ലും ചുരുങ്ങുകയുണ്ടായി. 2003-ല്‍ ഏകദേശം 40,000-നും 60,000-നും ഇടയില്‍ ആണ് ആഫ്രിക്കന്‍ ആനകള്‍ ഉണ്ടായിരുന്നതെന്നാണ് കണക്ക് [12]. ഏഷ്യയില്‍ ആനയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം കാരണം പ്രതിവര്‍ഷം ഏകദേശം നൂറ്റിഅന്‍പത് ആനകളും നൂറോളം മനുഷ്യരും കൊല്ലപ്പെടുന്നു[13].

ആനക്കൊമ്പ് കച്ചവടം മൂലമുള്ള വംശനാശ ഭീഷണിയാണ്‌ പ്രധാനം. ആനയുടെ ആവാസവ്യവസ്ഥയില്‍ ഉണ്ടാകുന്ന കുറവ്, മനുഷ്യര്‍ കാട്ടിലേക്ക് കയറുന്നത് മൂലം അവരുമായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നത് തുടങ്ങിയവയാണ്‌ മറ്റു ഭീഷണികള്‍. ആഫ്രിക്കന്‍ ആനകള് കൊമ്പിനുവേണ്ടിയാണ്‌ കൂടുതലും കൊല്ലപ്പെടുന്നതെങ്കില്‍ ഏഷ്യന്‍ ആനകളുടെ മരണത്തിന് മുഖ്യമായും ഹേതുവാകുന്നത് ആവാസവ്യവസ്ഥിതിയില്‍ ഉണ്ടാകുന്ന കുറവ് ആണ്. [6]

വലിപ്പം കൂടിയ, കൂടുതല്‍ കാലം ജീവിക്കുന്ന, പതുക്കെ വളരുന്ന ആനകള്‍ മറ്റ് മൃഗങ്ങളേക്കാള്‍ കൂടുതായി വേട്ടയാടപ്പെടുന്നു. വേട്ടയാടപ്പെടുമ്പോള്‍ ഇവയ്ക്ക് വലിപ്പം കാരണം ഒളിക്കാന്‍ കഴിയില്ല. വലിപ്പം കൂടിയ ആനകളെപ്പോലുള്ള ജീവികള്‍ കൊല്ലപ്പെടുന്നതോട് കൂടി ചെറിയ സസ്യഭുക്കുകളുടെ എണ്ണം വളരെ കൂടുകയും ഇത് ചെടികളും മരങ്ങളും പുല്‍വര്‍ഗ്ഗങ്ങളും തിന്ന് മുടിക്കുകയും ചെയ്യും. [7]

എന്നാല്‍ ഇങ്ങനെയുള്ള വംശനാശ ഭീഷണികള്‍ ഒക്കെ ഉണ്ടായിട്ടും, ചില ശാസ്ത്രജ്ഞന്മാര്‍ ആനകളുടെ സംഖ്യ കൂടുകയാണ് ചെയ്യുന്നതെന്ന് വാദിക്കുന്നു. തെളിവിനായി ആഫ്രിക്കയില്‍ ആനകളുടെ സംഖ്യ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടക്ക് കൂടുകയാണ് ചെയ്തതെന്ന കാനേഷുമാരി അവര്‍ നിരത്തുന്നു. ആഫ്രിക്കയിലെ ബോട്സ്വാനയില്‍ ആനകളുടെ സംഖ്യ ക്രമാതീതമായി ഉയര്‍ന്നിട്ടാണുള്ളതെന്നും ഈ കാനേഷുമാരി സാക്ഷ്യപ്പെടുത്തുന്നു. [14] [15]

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്നതില്‍നിന്ന് പത്തിലൊന്നായി കുറഞ്ഞിട്ടുണ്ടെങ്കിലും, ആനകളുടെ എണ്ണം കഴിഞ്ഞ വ്യാഴവട്ടക്കാലത്തിനിടയ്ക്ക് അധികം വ്യതിചലിച്ചിട്ടില്ല. ആഫ്രിക്കയിലെ ചില സ്ഥലങ്ങളില്‍ ആനകള്‍ വളരെക്കൂടുതലായി കാണപ്പെടുന്നു, പക്ഷെ അധികം സ്ഥലങ്ങളും അങ്ങിനെയല്ല. 2002-ല്‍ 4.6 ലക്ഷത്തിനും 5.6 ലക്ഷത്തിനും ഇടയില്‍ ആനകള്‍ ഉണ്ടെന്ന് കണ്ടെത്തിയ ഗവേഷകര്‍ 1998-ല്‍ 3.6 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലായിരുന്നു എന്നാണ്‌ കണ്ടെത്തിയിത്. അതായത് ആനകള്‍ടെ ജനസംഖ്യ കൂടിയിരിക്കുന്നു. 2002-ല്‍ നടത്തിയ പഠനത്തില്‍, നേരത്തേ പഠിച്ചതിനേക്കാള്‍ വലിയ മേഖല പഠനത്തിന് വിധേയമാക്കിയതുകാരണമാകാം ഈ തെറ്റ് കടന്നുകൂടിയത് എന്നു കരുതുന്നു. അല്ലെങ്കില്‍ മറ്റു കാരണങ്ങളും ഉണ്ടാകാം [16]. ഈ വളര്‍ച്ച ഇപ്പോഴില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. [17] [18] ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് ഒരു സമ്പൂര്‍ണ്ണ വിവരണം "comprehensive African Elephant Status Report (AESR)" രണ്ടായിരത്തി ആറില്‍ പ്രസിദ്ധീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

[തിരുത്തുക] ജനിതകമാറ്റങ്ങള്‍

നിയമപരമായും അല്ലാതെയും കൊന്നൊടുക്കുന്നത് മൂലം ആനകളില്‍ ജനിതകമായ് മാറ്റങ്ങള്‍ ഉണ്ടാകാന്‍ വരെ ഇടയാകുന്നുണ്ട്. ആഫ്രിക്കന്‍ ആനക്കൊമ്പ് വേട്ടക്കാര്‍ കൊമ്പുള്ള ആനകളെ മാത്രം കൊന്നൊടുക്കിയതു മൂലം കൊമ്പില്ലാത്ത ആനകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. ഇത് പിടിയാനകള്‍ക്ക് ഇണചേരാന്‍ കൊമ്പില്ലാത്ത ആനകള്‍ മാത്രം ലഭ്യമായ ഒരു അവസ്ഥ ഉണ്ടാക്കി. ഇങ്ങനെ കൊമ്പില്ലാത്ത ആനകളുടെ ജീനുകള്‍ മാത്രം കൈമാറിപ്പോകുന്നത് കാരണം പുതുതായി ജനിക്കുന്ന ആണാനകള്‍ക്കും കൊമ്പുണ്ടാകാനുള്ള സാധ്യതള്‍ വളരെ കുറഞ്ഞു. 1930-ല്‍ വെറും ഒരു ശതമാനം മാത്രമുണ്ടായിരുന്ന ഈ വിഭാഗം ഇപ്പോള്‍ മുപ്പത് ശതമാനത്തോളമായി ഉയര്‍ന്നു. ഒരുകാ‍ലത്ത് വളരെ അപൂര്‍വ്വമായിരുന്ന ആണാ‍നയ്ക്ക് കൊമ്പുണ്ടാകാതിരിക്കുക എന്ന ജനിതകവൈകല്യം ഇപ്പോള്‍ വളരെ വ്യാപകമായി കാണപ്പെടുന്നു.

ഈ സ്ഥിതിവിശേഷം തുടരുകയാണെങ്കില്‍ കൊമ്പ് ഇല്ലാത്ത ആനകള്‍ മാത്രം ബാക്കി വരുന്ന ഒരു അവസ്ഥ ഉണ്ടാകും. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടുണ്ടാകേണ്ട ഒരു മാറ്റമാണ് ഇങ്ങനെ മനുഷ്യര്‍ ഇടപെടല്‍ മൂലം വളരെ പെട്ടെന്ന് സംഭവിക്കുന്നത്. കൊമ്പില്ലാത്ത ആനകള്‍ പരിസ്ഥിതിക്കും ആനകള്‍ക്ക് തന്നെയും ഉണ്ടാക്കാന്‍ പോകുന്ന സ്വാധീനം ഭയങ്കരമായിരിക്കും. ആനകള്‍ കൊമ്പ് മണ്ണില്‍ പലതും കുഴിച്ചെടുക്കാനും, ചെടികള്‍ പറിച്ചെറിയാനും, ഇണചേരാനുള്ള അവകാശത്തിനായി വഴക്കിടുമ്പോള്‍ കോര്‍ക്കാനും ഒക്കെ കൊമ്പ് ഉപയോഗിക്കാറുണ്ട്. കൊമ്പില്ലാതെ വരുന്ന ഒരു അവസ്ഥയില്‍ ആനകളുടെ സ്വഭാവം തന്നെ വളരെയധികം മാറിപ്പോകും.[19]

[തിരുത്തുക] ദേശീയോദ്യാനങ്ങള്‍

ആനകള്‍ക്കായി ഒരു ദേശീയോദ്യാനം തയ്യാറാക്കുന്നതിന് തടസ്സങ്ങള്‍ ഒരുപാടുണ്ട്. ഉദാഹരണമായി, ആനകള്‍ വളരെ വിശാലമായ ഭൂപ്രദേശത്ത് വസിക്കുന്നവരാണ്, ഇവരെ‍ ദേശീയോദ്യാനത്തിന്റെ അതിരുകള്‍ക്കുള്ളില്‍ തളച്ചിടാനാകില്ല. എങ്കിലും മിക്ക ഉദ്യാനങ്ങള്‍ക്കും മനുഷ്യനിര്‍മ്മിതമായ അതിരുകളാണ് (രാജ്യത്തിന്റെ അതിര്‍ത്തി) ഉണ്ടാകുക. അതിര്‍ത്തിയില്‍ ഒരു മതില്‍ ഉയര്‍ത്തിക്കഴിഞ്ഞപ്പോള്‍‍, അധിക മൃഗങ്ങളും അവയുടെ ശൈത്യകാല മേച്ചില്‍പ്പുറങ്ങളില്‍ നിന്നും വസന്തകാല പാലൂട്ടല്‍മേഖലകളില്‍ നിന്നും പൂര്‍ണ്ണമായും അകന്നു. ഇക്കാരണത്താല്‍ പല മൃഗങ്ങളും മരിച്ചു. എന്നാല്‍ ആനകളെപ്പോലെ മറ്റ് ചില മൃഗങ്ങള്‍ ഈ വേലികളെ ചവുട്ടി മെതിച്ചുകൊണ്ടിരുന്നു. കൃഷി നശിപ്പിക്കുന്ന മൃഗങ്ങള്‍ എന്നൊരു ചീത്തപ്പേര് ആനകള്‍ ഇങ്ങനെ നേടിയെടുത്തു. ഉദ്യാനങ്ങളില്‍ ആനകള്‍ വിഹരിക്കുന്നത് കൂടുത്തോറും, കൃഷിക്കാര്‍ ഇവരെ വെടി വച്ചുകൊല്ലാനുള്ള സാധ്യതകളും‍ കൂട്ടി. ചെറിയ മേഖലകളിലേക്ക് ചുരുങ്ങുന്തോറും ആനകള്‍ അവിടത്തെ പരിതസ്ഥിതിക്ക് കൂടുതല്‍ ആഘാതം ഏല്‍പ്പിക്കും. ഇന്നും ഈ ഉദ്യാനങ്ങളെപ്പറ്റി ചുറ്റിപ്പറ്റി ഒരുപാട് പ്രശ്നങ്ങളുണ്ടെങ്കിലും, ഈ ഉദ്യാനങ്ങള്‍ വേണോ എന്ന് കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാന്‍ വഴിയില്ല. പ്രകൃതിയേയും പരിസ്ഥിതിയേയും ശാസ്ത്രജ്ഞര്‍ കൂടുതായി മനസ്സിലാക്കിതോട് കൂടി, ഈ ഉദ്യാനങ്ങള്‍ ആനകള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ഒരേ ഒരു സ്ഥലമാണെന്ന് വ്യക്തമായി.

ആഫ്രിക്കയിലെ ആദ്യ ഔദ്യോഗിക ദേശീയോദ്യാനം പിന്നീട് ലോകത്തിലെ ഏറ്റവും പ്രശസ്തവും വിജയകരവുമായ ദേശീയോദ്യാനമായി മാറി. ദക്ഷിണാഫ്രിക്കയിലെ ക്രുഗര്‍ ദേശീയോദ്യാനം വളരെ എതിര്‍പ്പുകള്‍ക്ക് ശേഷമാണ് 1898-ല്‍ ഒരു ദേശീയോദ്യാനമായത് (മുന്‍പ് ഇത് സാബി റിസര്‍വ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്). പലതവണ അറിയിപ്പ് ഉണ്ടാകുകയും പിന്നീടത് പിന്‍‌വലിച്ചും ഒക്കെയായി 1926-ലാണ്‌ സാബി റിസര്‍വിന് ഇപ്പോഴുള്ള പേരു കൊടുത്ത് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. ക്രുഗര്‍ ദേശീയോദ്യാനത്തില്‍ ആനകള്‍ വളരെയധികം കൂടുതലായതിന്റെ പ്രശ്നങ്ങളും ഉണ്ടാവുകയുണ്ടായി. ഇത് ഈ ഉദ്യാനത്തിലെ മറ്റ് മൃഗങ്ങളെ ബാധിക്കുകയും ചെയ്തു. തല്‍ഫലമായി ദക്ഷിണാഫ്രിക്ക, 1967-നും 1994-നും ഇടയില്‍ 14,562 ആനകളെ കൂട്ടക്കൊല ചെയ്തു. പ്രാദേശികവും ലോകമെമ്പാടുനിന്നുമുള്ള എതിര്‍പ്പുകള്‍ കാരണം 1995-ല്‍ ഈ കുരുതി നിര്‍ത്തി വയ്ക്കേണ്ടി വന്നു. യാതൊന്നും ചെയ്തില്ലെങ്കില്‍ തന്നെയും ക്രുഗര്‍ ദേശീയോദ്യാനത്തിലെ ആനകളുടെ എണ്ണം രണ്ടായിരത്തി ഇരുപതില്‍ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി, അതായത് 34,000 വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. [20]

[തിരുത്തുക] പ്രശസ്തരായ ആനകള്‍

ഏഷ്യാഡ് അപ്പു - ഒമ്പതാം ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നം
  • ജമ്പോ എന്ന സര്‍ക്കസ്സ് ആന ‘വലുത്’ എന്ന വാക്കിന്റെ പര്യായമായി ഇംഗ്ലീഷില്‍ ചേര്‍ക്കപ്പെട്ടു. ബോയിങ്ങിന്റെ ജമ്പോ ജറ്റ് എന്ന പേര്‌ ഉദാഹരണമാണ്
  • 1982-ല്‍ ദില്ലിയില്‍ നടന്ന ഒന്‍പതാമത് ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം “അപ്പു” എന്ന കുട്ടിയാനയായിരുന്നു. കേരളത്തില്‍ നിന്നുള്ള കുട്ടിനാരായണന്‍ എന്ന ആനയായിരുന്നു അപ്പുവായി ഗെയിംസ് വേദികളില്‍ നിറഞ്ഞത്. “ഏഷ്യാഡ് അപ്പു” എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ ആന 2005 മേയ് 14-നു ചരിഞ്ഞു.
  • ഗുരുവായൂര്‍ കേശവന്‍ കേരളത്തില്‍ ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തനായ ആന. ഗുരുവായൂര്‍ കേശവന്‍ എന്ന പേരില്‍ പില്‍ക്കാലത്ത് ഈ ആനയെകുറിച്ച് ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.
  • തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കേരളത്തിലെ തൃശ്ശൂരിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലുള്ള ഈ ആന ഇന്ന കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും തലയെടുപ്പൂള്ളവനായി അറിയപ്പെടുന്നു. കണ്ടമ്പുള്ളീ ബാലനാരായണന്‍ (അവസാനകാലത്ത് നാണുഎഴുത്തശ്ശന്‍ ശിവശങ്കരന്‍ എന്നായിരുന്നു അറിയപ്പെട്ടത്) എന്ന ആന ചരിഞ്ഞതോടെ ആണ് തെച്ചിക്കോട്ടുകാ‍വ് ഈ സ്ഥാനം കയ്യടക്കിയത്.ഉയര്‍ന്ന മസ്തകവും അഴകൊത്ത ഉടലും ഉള്ള ഇവനു ഉത്സവസീസണുകളില്‍ ആവശ്യക്കാര്‍ ഏറെയാണ്. പലയിടത്തും റെക്കോര്‍ഡ് തുകയ്ക്കാണ് ഏക്കം.
  • ഗുരുവായൂര്‍ പത്മനാഭന്‍ കേരളത്തിലെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയായുള്ള ആന. ഒരു ഉത്സവത്തിനു കേരളത്തില്‍ ഒരു ആനക്ക് കിട്ടാവുന്നതില്‍ ഏറ്റവും കൂടുതല്‍ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്. നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ചാണ് ഈ ആനക്ക് രണ്ടുലക്ഷത്തില്‍പരം രൂപ ഏക്കത്തുക ലഭിച്ചത്.
  • കേരളത്തിലെ ജീവിച്ചിരിക്കുന്നവരിൽ പ്രശസ്തരായ ചില ആനകൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ,ഗുരുവായൂർ പത്മനാഭൻ,തിരുവമ്പാടി ശിവസുന്ദർ,പാമ്പാടി രാജൻ, മംഗലാംകുന്ന് അയ്യപ്പൻ, മംഗലാംകുന്ന് കർണ്ണൻ,ഗുരുവായൂർ വലിയകേശവൻ, നാണു എഴുത്തശ്ശൻ ശ്രീനിവാസൻ,ചെർപ്പുളശ്ശേരി പാർത്ഥൻ.
  • ഡമ്പോ എന്ന ആന, വാള്‍ട് ഡിസ്നി കമ്പനിയുടെ ഒരു സിനിമയിലെ കേന്ദ്രകഥാപാത്രമായ പറക്കാന്‍ കഴിയുന്ന ഒരു ആനയാണ്.
  • ടഫ്റ്റ്സ് യൂണിവേര്‍സിറ്റിയുടെ ചിഹ്നം ജമ്പോ എന്ന ആനയാണ്.
  • അലബാമ യൂനിവേര്‍സിറ്റിയുടെ Crimson Tide ചിഹ്നം "Big Al." എന്ന് പേരുള്ള ഒരാനയാണ്. ഈ പേര് എഴുപതുകളുടെ അന്ത്യത്തില്‍ ക്യാമ്പസ്സില്‍ നടത്തിയ ഒരു മത്സരം വഴി തിരഞ്ഞെടുത്തതാണ്.
  • ഓക്ക്‍ലാന്‍ഡ് അത്‌ലെറ്റിക്സിന്റെ ചിഹ്നം ഒരു വെളുത്ത ആനയാണ്. ന്യൂയോര്‍ക്ക് ജയന്റ്സിന്റെ മാനേജര്‍ ജോണ്‍ മക്‍ഗ്രോ പത്രപ്രവര്‍ത്തകരോട്, പുതിയ ടീമിന് പണം മുടക്കിക്കൊണ്ടിരുന്ന ഫിലാഡെല്‍ഫിയ വ്യവസായി ബെന്‍‌ജമില്‍ ഷൈബിന്റെ കയ്യില്‍ “ഒരു വെളുത്ത ആന” ഉണ്ടെന്ന് പറയുന്നതോടെയാണ് ഈ ആശയം ഉണ്ടായത്. കോണീ മാക്ക് അങ്ങിനെ വെളുത്ത ആനയെ തന്റെ ടീമിന്റെ ചിഹ്നമാക്കി. പിന്നീട് ഈ ആന പല നിറങ്ങള്‍ സ്വീകരിക്കുകയും ചെയ്തു, ഇപ്പോള്‍ ഈ ആനയുടെ നിറമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് കാട്ടുപച്ചയാണ്. ടീമിന്റെ ചിഹ്നത്തിനെ ചുരുക്കി സ്റ്റോമ്പര്‍ എന്ന് വിളിക്കപ്പെടുന്നു.
  • തായ് ആന ഗാനമേള എന്ന പേരില്‍ സംഗീതോപകരണങ്ങള്‍ വായിക്കുന്ന ആനകളുടെ ഒരു സംഘം ലാം‌പാങ്ങ് എന്നയിടത്തുള്ള ദേശീയ ആന സ്ഥാപനത്തില്‍ നിലവിലുണ്ട്.
  • ജോസഫ് മെറിക്ക് എന്ന വിക്റ്റോറിയന്‍ ഇംഗ്ലണ്ടിലുണ്ടായിരുന്ന ബ്രിട്ടിഷ് മനുഷ്യനെ തനിക്ക് ഉണ്ടായിരുന്ന വൈകൃതങ്ങള്‍ കാരണം “ആന മനുഷ്യന്‍” എന്നാണ് വിളിച്ചിരുന്നത്.
  • അമേരിക്കന്‍ സംഗീത കൂട്ടമായ “വൈറ്റ് സ്റ്റ്‌റൈപ്പ്സിന്റെ” നാലാമത്തെ ആല്‍ബത്തിന് ആന എന്നാണ് പേരിട്ടിരുന്നത്. ഇതിന് കാരണം ഇവരുടെ മുഖ്യഗായകന്‍ ജാക്ക് വൈറ്റിന്റെ ആനപ്രേമമാണ്, ആനകള്‍ക്ക് തമ്മിലുള്ള അടുപ്പവും സ്നേഹവും ജാക്ക് വൈറ്റിനെ അതിശയിപ്പിച്ചിരുന്നു. ഈ ആല്‍ബം റോള്ളിങ്ങ് സ്റ്റോണ്‍ മാസികയുടെ “എക്കാലത്തേയും മികച്ച അഞ്ഞൂറ് ആല്‍ബങ്ങളില്‍” മുന്നൂറ്റി തൊണ്ണൂറാം സ്ഥാനത്തെത്തുകയുണ്ടായി.

[തിരുത്തുക] സംസ്കാരം

ശ്രീലങ്കയിലെ കാന്‍ഡിയിലുള്ള എസല്‍ പെരഹെര എന്ന ഉത്സവം
തൃശ്ശൂര്‍ പൂരത്തില്‍ തിടമ്പ് എഴുന്നെള്ളിക്കുന്ന ഒരാന

[തിരുത്തുക] രാഷ്ട്രീയം

പ്രമാണം:Keralaseal.gif
കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ രണ്ടാനകള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു
ഭാരതത്തില്‍ തിരഞ്ഞെടുപ്പ് വേളയില്‍ എത്തിച്ചേരാന്‍ ദുഷ്കരമായ പ്രദേശങ്ങളിലേക്ക്‍ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ആനപ്പുറത്ത് കൊണ്ടുപോകുന്നതിനെപ്പറ്റി ഈ പത്രവാര്‍ത്തയില്‍ വായിക്കാം.
  • പോറസ് എന്ന ഭാരതത്തിലെ രാജാവിനെ അല‍ക്സാണ്ടര്‍ തോല്‍പ്പിച്ചതിനു ശേഷം യുദ്ധത്തില്‍ പിടിക്കപ്പെട്ട ആനകള്‍ തങ്ങളുടെ പ്രതാപത്തിന്റെ ചിഹ്നങ്ങളായി അവര്‍ക്ക്, അവയെ സെലുസിഡ് ഡയഡോക്ക് സാമ്രാജ്യത്തിന്റെ അടയാളമായി നാണയങ്ങളിലും മറ്റും ഉപയോഗിക്കാന്‍ തുടങ്ങി.
  • ആന, പ്രത്യേകിച്ചും വെളുത്ത ആന (ബുദ്ധമത്തിലെ ഒരു ചിഹ്നമാണ്‌ വെളുത്ത ആന), രാജകീയ അധികാരത്തിന്റേയും ശക്തിയുടേയും പ്രതാപത്തിന്റേയും ചിഹ്നമാണ് ഏഷ്യയില്‍. ലോസ് {{Fact}രാജധാനിയുടെ കൊടിയില്‍ ആന ഉണ്ടായിരുന്നു (ഒരു കുടയെ താങ്ങി നിര്‍ത്തിയ മൂന്ന് ആനകള്‍ 1975-ല്‍ ജനാധിപത്യം വരുന്നത് വരെ). ഇന്തോചൈനയും തായ് രാജ്യങ്ങളും ഒന്നോ അതിലധിമോ വെളുത്ത ആനകളെ ഇതുപോലെ കൊടിയില്‍ പ്രതീകമായി വയ്ക്കാറുണ്ടായിരുന്നു.
  • അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചിഹ്നവും ഒരാനയാണ്, 1874-ഇല്‍ ഹാര്‍പ്പേര്‍സ് വീക്കിലി യിലെ തോമസ് നാസ്റ്റ് ഒരു ഏഷ്യന്‍ ആനയുടെ കാര്‍ട്ടൂണ്‍ വരച്ചതോടെയാണ് അവര്‍ ഈ ആനയെ അവരുടെ ചിഹ്നമാക്കിയത് (നാസ്റ്റ് തന്നെയാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ചിഹ്നമായി ഒരു കഴുതയെ വരച്ച് കൊടുത്തതും);
  • ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയകക്ഷിയായ ബഹുജന്‍ സമാജ് പാര്‍ട്ടിയുടേയും, ആസ്സാം സംസ്ഥാനത്തിലെ പ്രാദേശിക കക്ഷിയായ അസം ഗണപരിഷത്തിന്റേയും തിരഞ്ഞെടുപ്പ് ചിഹ്നമാണ്‌ ആന.

[തിരുത്തുക] ആനയുമായി ബന്ധപ്പെട്ട ചൊല്ലുകള്‍

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:
  • കാട്ടിലെ തടി തേവരുടെ ആന - വലിയെടോ... വലി.
  • ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാന്‍ വാ പൊളിച്ചാലോ?
  • നിത്യാഭ്യാസി ആനയെ എടുക്കും.
  • ആനവായില്‍ അമ്പഴങ്ങ.
  • അടിതെറ്റിയാല്‍ ആനയും വീഴും.
  • ആനച്ചോറ് കൊലച്ചോറ്.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. "ആനയെപ്പറ്റി ആമുഖം- ഉണ്ണിനമ്പൂതിരി", മലയാള മനോരമ ഓണ്‍ലൈന്‍, 2007-04-10. ശേഖരിച്ചത് 2007-04-10. (മലയാളം) 
  2. Sanparks - South African National Parks official website
  3. African elephants: World's largest terrestrial mammal still under threat -Global Species Programme
  4. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 294. 
  5. http://www.upali.ch/trunk_en.html What does the trunk consist of?
  6. മനേകാ ഗാന്ധി, ടൈംസ് ഓഫ് ഇന്ത്യ. ഞായര്‍ പതിപ്പ്
  7. http://www.uwyo.edu/wjm/Repro/spermat.htm
  8. Bruce Bagemihl, Biological Exuberance: Animal Homosexuality and Natural Diversity, St. Martin's Press, 1999; pp.427-430
  9. Elephant Listening Project
  10. മദപ്പാടിനെക്കുറിച്ചുള്ള സംശയങ്ങള്‍
  11. "ആനയെപ്പറ്റി ആമുഖം- ഉണ്ണിനമ്പൂതിരി", മലയാള മനോരമ ഓണ്‍ലൈന്‍, 2007-04-10. ശേഖരിച്ചത് 2007-04-10. (മലയാളം) 
  12. WWF-UK: Elephants; David Sheldrick Wildlife Trust; IUCN – The World Conservation Union
  13. Smithsonian National Zoological Park
  14. TED Case Studies ELEPHANT POPULATION IN BOTSWANA. ( A case against the complete ban of ivory trade). “"Although in the past Botswana has experienced major population reductions of some species, elephants have been an exception and have been on the increase in northern part of Botswana."”
  15. IUCN's African Elephant Status Report 2002, page 17:
  16. [http://iucn.org/themes/ssc/sgs/afesg/pachy/pachy40.html
  17. http://iucn.org/themes/ssc/sgs/afesg/pachy/pachy40.html]
  18. The Learning Kingdom
  19. Associated Press, "ദഷിണാഫ്രിക്കന്‍ ആനകളെ കൊന്നൊടുന്നുന്നത് വന്യജീവിസ്നേഹികളെ തമ്മിലടിപ്പിക്കുന്നു: ക്രമാതീതമായി ജനസംഖ്യാവര്‍ദ്ധന ഉണ്ടാകുമ്പോള്‍ എന്ത് ചെയ്യും?", MSNBC, 2005-11-28

[തിരുത്തുക] കുറിപ്പുകള്‍

  • ^ ഇരുപത്താം നൂറ്റാണ്ടിന്റെ അവസാ‍നം വരെ, ശാസ്ത്രജ്ഞര്‍ ആഫിക്കന്‍ ആനകള്‍ Loxodonta africana എന്ന ഒരേ ഒരു ഗണമേ ഉള്ളുവെന്ന് വിശ്വസിച്ചിരുന്നു. ഇവയ്ക്ക് രണ്ട് കീഴ് ഗണങ്ങള്‍ ഉണ്ട് എന്നതും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്ന ഡി.എന്‍.എ വിശകലനം ഈ രണ്ട് കീഴ് ഗണങ്ങളേയും രണ്ട് ഗണങ്ങളായി തന്നെ കണക്ക് കൂട്ടേണ്ടതുണ്ടെന്ന് തെളിയിച്ചു.
  • ^ ചിലര്‍ വിശ്വസിക്കുന്നത് ഇത് വളരെ സ്ഥിരമായ ഒരു ജനസംഖ്യ ആണെന്നും ഇതിനി കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇവ സംരക്ഷിക്കപ്പെടണ്ട അവസ്ഥ ഇല്ലെന്നുമാണ്. മറ്റുള്ളവര്‍ ഈ വാദത്തെ എതിര്‍ത്ത് കൊണ്ട് പറയുന്നത് ആനകളുടെ കൂട്ടം ചിലയിടങ്ങളില്‍ മാത്രമാണ് വളരെയധികം കാണപ്പെടുന്നതും, ഇവരുടെ മൊത്തത്തിലുള്ള എണ്ണം കഴിഞ്ഞ കുറേക്കാലം കൊണ്ട് വളരെയധികം കുറഞ്ഞിട്ടുമുണ്ടെന്നതുമാണ്. 1979-ല്‍ 13 ലക്ഷം ആഫ്രിക്കന്‍ ആനകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ അതിന്റെ പകുതി പോലുമില്ല എന്നത് അവര്‍ തെളിവായി നിരത്തുന്നു. ഇത് ആനയുടെ ആവാസവ്യവസ്ഥിതി ഇല്ലാതായിക്കൊണ്ടിരിക്കുന്നതുകൊണ്ടും ആനവേട്ട കൊണ്ടും ഉണ്ടായ കുറവാണ്.
  • ^ ഇക്കാലത്തെ ആനകള്‍ ഈ കഴിവ് നിലനിര്‍ത്തിപ്പോരുന്നു, ഇതേ പോലെ ആണ് മണിക്കൂറോളവും അന്‍പത് കിലോമീറ്ററോളവും നീന്താന്‍ ആനകള്‍ക്ക് കഴിയും.
  • ^  ശ്രീലങ്കയിലെ പിന്നവാല എന്ന സ്ഥലത്ത് മുറിവേറ്റതും ശാരീരികമായ അസ്വാസ്ഥ്യതകളുമുള്ളതായ ആനകള്‍ക്ക് അഭയം നല്‍കുന്ന ഒരു അനാഥാലയം ഉണ്ട്. ശ്രീലങ്കന്‍‍ ആനകള്‍ നാമാവശേഷമാകാതിരിക്കാന്‍ ഈ ആലയം വലിയൊരു പങ്ക് വഹിക്കുന്നു.
  • ^  വനങ്ങള്‍ അപ്രത്യക്ഷമാകുന്നതോട് കൂടി, പരിസ്ഥിതിയില്‍ വളരെ തീവ്രമായ ആഘാതം ഉണ്ടാകുന്നു. മണ്ണിനെ ഉറപ്പാക്കി നിര്‍ത്തുവാനും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനും ചെടികള്‍ വഹിക്കുന്നത് വലിയ പങ്കാണ്. വെള്ളപ്പൊക്കവും മണ്ണൊലിപ്പും വനനശീകരണം മൂലം ഉണ്ടാകുന്നതാണ്. ആനകള്‍ക്ക് വളരെ അധികം സ്ഥലം വേണം ജീവിക്കാന്‍. കര്‍ഷകരെപ്പോലെ ഇവര്‍ പഴയ മരങ്ങള്‍ പിഴുതെറിഞ്ഞും, പഴയ ചെടികള്‍ ചവുട്ടിമെതിച്ചും പുതിയവ വളരാന്‍ വഴിയൊരുക്കുന്നു. വനങ്ങള്‍ ഇല്ലാതാകുന്നതോട് കൂടി ആനകള്‍ ഒരു ചെറിയ സ്ഥലത്തേക്ക് ചുരുങ്ങുകയും അവിടെയുള്ള ചെടികളും മരങ്ങളും കൂടി കാലക്രമേണ മുഴുവനായി‍ ഇല്ലാതാക്കുകയും ചെയ്യും.
  • ^ ഒരാന വളരാനും പ്രതുത്പാദനം ചെയ്യാനും വളരെയധികം വര്‍ഷങ്ങള്‍ എടുക്കുന്നു. ശരാശരി മുന്നൂറ് പൗണ്ട് (നൂറ്റിനാല്‍പ്പത് കിലോഗ്രാം) ഭക്ഷണം ഇവയ്ക്ക് ദിവസവും വേണം ജീവിക്കാന്‍.

[തിരുത്തുക] ഇതും കാണുക

കോന്നി ആനക്കൂട്

[തിരുത്തുക] പുറമേയ്ക്കുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%86%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം