മലയാള മനോരമ ദിനപ്പത്രം
| മലയാള മനോരമ | |
|---|---|
| തരം | ദിനപ്പത്രം |
| ഫോർമാറ്റ് | Broadsheet |
|
|
|
| ഉടമസ്ഥത | മലയാള മനോരമ ഗ്രൂപ്പ് |
| പത്രാധിപർ | മാമ്മൻ മാത്യു |
| സ്ഥാപിതം | 1888 |
| ഭാഷ | മലയാളം |
| ആസ്ഥാനം | കോട്ടയം |
|
|
|
| വെബ്സൈറ്റ്: manoramaonline.com | |
മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ ദിനപ്പത്രങ്ങളിലൊന്നാണ് മലയാള മനോരമ (Malayala Manorama). വായനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രചാരമേറിയ മലയാളപത്രവും ഇന്ത്യയിലാകമാനമുള്ള കണക്കെടുത്താൽ പ്രചാരമേറിയ നാലാമത്തെ പത്രവുമാണ് മലയാളമനോരമ.[1][൧] കോട്ടയം ആസ്ഥാനമായ മലയാള മനോരമ കമ്പനിയാണ് പത്രത്തിന്റെ പ്രസാധകർ.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
കോട്ടയം സി.എം.എസ് ഹൈസ്കൂളിൽ അസിസ്റ്റന്റ് മലയാളം മുൻഷിയായി പ്രവർത്തിച്ചിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിള തന്റെ ചിരകാല സ്വപ്നമായിരുന്ന ഒരു പത്ര പ്രസിദ്ധീകരണം തുടങ്ങുവാനായി നൂറു രൂപ വീതം നൂറോഹരികളായി പതിനായിരം രൂപ അധികൃത മൂലധനമുള്ള ഒരു ഏകീകൃത മൂലധന സ്ഥാപനം (ജോയിന്റ് സ്റ്റോക്ക് കമ്പനി) രൂപീകരിക്കുന്നതാണ് മനോരമയുടെ പിറവിയുടെ ആദ്യഘട്ടം.[2] 1888 മാർച്ച് 14-ന് മലയാള മനോരമ കമ്പനി രജിസ്റ്റർ ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായാണ് പ്രസിദ്ധീകരണ രംഗത്തേക്ക് ഇത്തരം ഒരു സ്ഥാപനം കടന്നുവരുന്നത്. വറുഗീസ് മാപ്പിള തന്നെയായിരുന്നു സ്ഥാപക പത്രാധിപർ. 1890 മാർച്ച് 22-ന് കോട്ടയത്തു നിന്ന് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു. കേരളവർമ്മ വലിയകോയിത്തമ്പുരാനാണ് ഈ പേര് നിർദ്ദേശിച്ചത്. രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ ആദർശമുദ്രയായി ഉപയോഗിക്കുവാൻ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് അനുവാദം നൽകി.[2] തുടക്കത്തിൽ സാഹിത്യത്തിനു പ്രാമുഖ്യം നൽകുന്ന പ്രതിവാരപ്പതിപ്പായാണ് മനോരമ പുറത്തു വന്നത്.
1904 ജൂലൈ-6ന് വറുഗീസ് മാപ്പിള മരണമടഞ്ഞതിനെ തുടർന്ന് കെ.സി. മാമ്മൻ മാപ്പിള പത്രാധിപത്യം ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ മനോരമയുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വന്നു. തിരുവിതാംകൂറിൽ ശക്തിപ്രാപിച്ചു തുടങ്ങിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മനോരമ പ്രാധാന്യം നൽകി. 1928 ജൂലൈ 2 മുതൽ മനോരമ ദിനപ്പത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നാൽ പത്രവും അതിന്റെ പത്രാധിപരും അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ അപ്രീതിയ്ക്കു കാരണമാവുകയും 1938 സെപ്റ്റംബർ 9-ന് സർക്കാർ മനോരമയുടെ പ്രസ് അടച്ചു പൂട്ടി മുദ്ര വെയ്കുകയും പത്രാധിപരായ കെ.സി. മാമ്മൻ മാപ്പിളയെ ജയിലിലടക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന് മനോരമ നൽകിയ പിന്തുണയും ജനാധിപത്യഭരണത്തിനു വേണ്ടിയുള്ള ആശയപ്രചരണവുമാണ്[3]ദിവാനെ ക്രുദ്ധനാക്കിയതെന്ന് കരുതപ്പെടുന്നു.
കോട്ടയത്തെ മുദ്രണാലയം അടച്ചു പൂട്ടപ്പെട്ടെങ്കിലും അടുത്ത പ്രവൃത്തിദിനമായ സെപ്തംബർ 13 മുതൽ കൊച്ചി രാജ്യത്തിൽ ഉൾപ്പെട്ട കുന്നംകുളത്തു നിന്നും പത്രം അച്ചടിച്ച് തിരുവിതാംകൂറിൽ കൂടി വിതരണം ചെയ്യുവാൻ സാധിച്ചെങ്കിലും അധികകാലം ഈ നിലയിൽ തുടരാനായില്ല. തിരുവിതാംകൂറിൽ മനോരമയുടെ വിതരണം ദുഷ്കരമാകുകയും പരസ്യങ്ങൾ നിലയ്ക്കുകയും സാമ്പത്തിക ബാദ്ധ്യത ഏറുകയും ചെയ്തതിനാൽ ഒൻപതുമാസത്തിനു ശേഷം കുന്നംകുളത്ത് നിന്നുമുള്ള പ്രസിദ്ധീകരണവും ഇല്ലാതായി. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം 1947 നവംബർ 29-നാണ് മനോരമയുടെ പ്രസിദ്ധീകരണം പുനരാരംഭിക്കപ്പെട്ടത്.
രണ്ടാം വരവിൽ മനോരമ വൻമുന്നേറ്റമാണ് നടത്തിയത്. 1953 ഡിസംബർ 31-ന് മരണമടയുന്നതു വരെ കെ.സി. മാമ്മൻ മാപ്പിളയായിരുന്നു മുഖ്യ പത്രാധിപർ. 1954 മുതൽ 1973 വരെ കെ.എം. ചെറിയാനും 1973 മുതൽ 2010 വരെ കെ.എം. മാത്യുവും മുഖ്യ പത്രാധിപരായിരുന്നു. ഇക്കാലയളവിൽ കേരളത്തിലെ പത്രസ്ഥാപനങ്ങളുടെ കേന്ദ്രമായ കോട്ടയത്തിനപ്പുറത്തേക്ക് മനോരമയുടെ പ്രചാരം വളർന്നു. 1966-ൽ കോഴിക്കോട് ആസ്ഥാനമാക്കി മലബാർ പതിപ്പ് പുറത്തിറങ്ങിയതോടെയാണ് പത്രത്തിന്റെ വളർച്ച ദ്രുതഗതിയിലായത്. 1980കളിൽ പ്രചാരം അടിക്കടി ഉയർന്നു. 1997 നവംബറിൽ പത്രം പൂർണ്ണമായും കമ്പ്യൂട്ടർവത്കരിച്ചു. ഇന്ന് കേരളത്തിനകത്ത് കോട്ടയം, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, കണ്ണൂർ, മലപ്പുറം, പത്തനംതിട്ട കേരളത്തിനു പുറത്ത് ചെന്നൈ, ബാംഗ്ലൂർ, മുംബൈ, ന്യൂ ഡെൽഹി, മംഗലാപുരം, ബഹ്‌റൈൻ , ദുബായ്, എന്നിങ്ങനെ 17 കേന്ദ്രങ്ങളിൽ നിന്നും മനോരമ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മാമ്മൻ മാത്യുവാണ് ഇപ്പോഴത്തെ മുഖ്യപത്രാധിപർ
[തിരുത്തുക] പ്രചാരം
ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങളുടെ പ്രചാരമളക്കുന്ന സ്ഥാപനമായ ഏ.ബി.സി.-യുടെ 2010 ജൂലൈ-ഡിസംബർ കാലത്തെ കണക്കുകൾ പ്രകാരം മലയാള മനോരമയുടെ 19 ലക്ഷത്തിലധികം കോപ്പികൾ പ്രതിദിനം വിറ്റഴിയുന്നുണ്ട്.[4] ഐ.ആർ.എസ് (ഇന്ത്യൻ റീഡർഷിപ്പ് സർവേ) 2011 രണ്ടാം പാദം പ്രകാരം 99.62ലക്ഷം പേർ വായനക്കാർ മനോരമ ദിനപ്പത്രത്തിനുണ്ട്.[1]
[തിരുത്തുക] എഡിഷനുകൾ
ഇന്ത്യയിൽ
കേരളത്തിൽ
കേരളത്തിന് വെളിയിൽ
അറേബ്യൻ നാടുകളിൽ
[തിരുത്തുക] ഉള്ളടക്കം
കാർട്ടൂണുകളും മുഖപ്രസംഗവുമൊഴികെ കാലാകാലങ്ങളിൽ വ്യത്യസ്തമായ ഉള്ളടക്കമാണ് മനോരമ സ്വീകരിക്കുന്നത്[അവലംബം ആവശ്യമാണ്]. ജനപ്രിയതയ്ക്കാണ് ഉള്ളടക്കത്തിന്റെ കാര്യമെടുക്കുമ്പോൾ ഈ പത്രം മുൻതൂക്കം നൽകുന്നത്[അവലംബം ആവശ്യമാണ്]. ഉദാഹരണത്തിന് പത്രത്തിന്റെ ആരംഭകാലം മുതൽ 1990കൾ വരെ സാഹിത്യത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ പുതുതലമുറയിൽ സാഹിത്യതൽപരർ കുറവായതിനാൽ ഇപ്പോൾ മനോരമയിൽ സാഹിത്യ വിഷയങ്ങളുടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്[അവലംബം ആവശ്യമാണ്]. സിനിമ, ഫാഷൻ തുടങ്ങിയ മേഖലകളിലുള്ള വാർത്തകൾക്കും പംക്തികൾക്കും പ്രാധാന്യമേറിയിട്ടുമുണ്ട്[അവലംബം ആവശ്യമാണ്].
[തിരുത്തുക] എഡിറ്റോറിയൽ പേജ്
മുഖപ്രസംഗവും വ്യത്യസ്ത വീക്ഷണ വിചാരങ്ങളും അവതരിപ്പിക്കപ്പെടുന്ന ഈ പേജ് മനോരമയിൽ 'കാഴ്ചപ്പാട്' പേജാണ്. മുഖപ്രസംഗത്തിലൊഴികെ മറ്റെല്ലാ മേഖലകളിലും ഏറ്റവും വ്യത്യസ്തമായ എഡിറ്റോറിയൽ പേജാണ് മനോരമയുടേത്.[അവലംബം ആവശ്യമാണ്] തിങ്കളാഴ്ചകളിൽ പ്രത്യക്ഷപ്പെടുന്ന 'ആഴ്ചക്കുറിപ്പുകൾ', ആഴ്ചയിലൊരിക്കലുള്ള മിഡിൽപീസ് കോളം 'തരംഗങ്ങളിൽ' എന്നിവയാണ് കാഴ്ചപ്പാടു പേജിൽ വർഷങ്ങളായി നിലനിൽക്കുന്ന കോളങ്ങൾ.
[തിരുത്തുക] പഠിപ്പുര
വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിക്കുന്ന പംക്തിയാണ് പഠിപ്പുര. ആഴ്ചയിൽ മൂന്നു ദിവസം (തിങ്കൾ,ബുധൻ,വെള്ളി) ഇതു പുറത്തിറക്കുന്നു.
[തിരുത്തുക] കാർട്ടൂണുകൾ
ഒന്നാം പേജിലെ 'കുഞ്ചുക്കുറുപ്പ്', നാലാം പേജിൽ പതിവായിവരുന്ന 'പൊന്നമ്മ സൂപ്രണ്ട്' എന്നിവയാണ് മനോരമയിലെ പ്രധാന കാർട്ടൂണുകൾ. കുഞ്ചുക്കുറുപ്പിൽ ഏതുവിഷയവും അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പൊന്നമ്മ സൂപ്രണ്ട് സർക്കാർ ഉദ്യോഗവുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങൾ നർമ്മഭാവനയിൽ അവതരിപ്പിക്കുന്നു. ഇവയ്ക്കു പുറമേ 'വാരഫലം' എന്ന പേരിലും ഇടയ്ക്കിടെ കാർട്ടൂണുകൾ വരാറുണ്ട്.
[തിരുത്തുക] മനോരമ ഓൺലൈൻ
മലയാള മനോരമ പത്രത്തിന്റെ ഇന്റർനെറ്റ് പതിപ്പാണ് മനോരമ ഓൺലൈൻ. വാർത്തകൾക്കു പുറമേ, ഇ-മെയിൽ, ചാറ്റിങ് തുടങ്ങിയ സേവനങ്ങളും ലഭ്യമായ പോർട്ടലാണിത്. ക്യാംപസ് ലൈൻ,ഷീ തുടങ്ങിയ മിനി സൈറ്റുകൾ, ഫോട്ടോ ഗാലറി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുമുണ്ട്.
[തിരുത്തുക] മറ്റ് പ്രസിദ്ധീകരണങ്ങൾ
ഭാഷാപോഷിണി, മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ആരോഗ്യം, വനിത, തൊഴിൽ വീഥി, കർഷകശ്രീ, വീട്, സമ്പാദ്യം, ഫാസ്‌റ്റ് ട്രാക്ക്, മനോരമ വാർഷികപ്പതിപ്പ്, ബാലരമ, കളിക്കുടുക്ക, ബാലരമ ഡൈജസ്‌റ്റ്, ബാലരമ അമർചിത്രകഥ, മനോരമ ഇയർബുക്ക് (മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളിൽ) ദി വീക്ക്(ഇംഗ്ലീഷ്), മാജിക് പോട്ട്(ഇംഗ്ലീഷ്), ദി മാൻ(ഇംഗ്ലീഷ്), വനിത(ഹിന്ദി) തുടങ്ങി നാല്പതിലധികം പ്രസിദ്ധീകരണങ്ങൾ മനോരമ മനോരമയ്ക്കുണ്ട്.[3]
[തിരുത്തുക] കുറിപ്പുകൾ
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 "IRS 2011 Q2 Topline Findings" (ഇംഗ്ലീഷ് ഭാഷയിൽ) (pdf). ഇന്ത്യൻ റീഡർഷിപ്പ് സർവേ. ഹംസ റിസർച്ച്. p. 5. http://www.hansaresearch.com/IRS%202011%20Q2%20Toplines.pdf, ശേഖരിച്ചത്: 22 ഒക്ടോബർ 2011. "Top 10 Publications"
- ↑ 2.0 2.1 മനോരമയുടെ കഥ, കെ.ആർ.ചുമ്മാർ, മലയാള മനോരമ ശതാബ്ദിപ്പതിപ്പ്, 1988
- ↑ 3.0 3.1 കേരളം-മാധ്യമങ്ങൾ, മലയാള മനോരമ, മനോരമ ഇയർബുക്ക് 2011
- ↑ "മനോരമ പ്രസിദ്ധീകരണങ്ങളുടെ 2010 ജൂലൈ-ഡിസംബർ കാലത്തെ പ്രചാര കണക്കുകൾ". മനോരമ ഓൺലൈൻ. http://www.manoramaonline.com/portal/htmls/MediaKit/Circulation.htm, ശേഖരിച്ചത്: 2011 ഒക്ടോബർ 15.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
| മലയാള ദിനപ്പത്രങ്ങൾ | |
|---|---|
| മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ് | സിറാജ് | ജനയുഗം |
|